Prabodhanm Weekly

Pages

Search

2022 ജനുവരി 14

3235

1443 ജമാദുല്‍ ആഖിര്‍ 11

വി. മുഹമ്മദലി മാസ്റ്റര്‍

വി. ഡോ. ഷഫ്‌ന മറിയം

അബ്ദുര്‍റഹ്മാന്‍ നഗറിലെ ജമാഅത്തെ ഇസ്ലാമി മുന്‍ ഏരിയ ഓര്‍ഗനൈസറും മലപ്പുറം ജില്ല അസി. സെക്രട്ടറിയുമായിരുന്ന വി. മുഹമ്മദലി മാസ്റ്റര്‍ എന്ന ഞങ്ങളുടെ ബാപ്പ അല്ലാഹുവിലേക്ക് യാത്രയായി. മാധ്യമത്തിന്റെ ആരംഭകാലത്ത് മലപ്പുറം ലേഖകനായിരുന്നു. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരിക്കെ അവിചാരിതമായി കേട്ട ഒരു പ്രഭാഷണമാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. ചെമ്മാട് ടൗണില്‍ ഒരു സംഘടനയുടെ പരിപാടി നടക്കുന്നത് കണ്ട് എന്താണിവിടെ എന്ന് സംഘാടകരില്‍ പരിചയമുള്ള ഒരാളോട് ചോദിക്കുന്നു. കുശാഗ്രബുദ്ധിയായ ഏതോ പഴയ കാല  പ്രവര്‍ത്തകനായിരിക്കണം, ടി.കെ അബ്ദുല്ല എന്നയാളുടെ പ്രസംഗമാണ്, കേട്ട് നോക്കൂ, നിങ്ങള്‍ക്ക് രസിക്കുമെന്ന് പറയുന്നു. ടി.കെയുടെ ആ രണ്ടു മണിക്കൂര്‍ പ്രഭാഷണമാണ് അദ്ദേഹത്തെ ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക്  ആകര്‍ഷിക്കുന്നത്.
അബ്ദുര്‍റഹ്മാന്‍ നഗറിന്റെ ശില്‍പിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന വി.എ ആസാദ് സാഹിബിന്റെ മകനായിരുന്ന അദ്ദേഹം ആദര്‍ശ രാഷ്ട്രീയക്കാരനായ പിതാവിനെ പിന്തുടര്‍ന്ന് ചെറുപ്പത്തിലേ പൊതു രംഗത്തുണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വരെ ആയിരുന്ന കാലത്താണ് ജമാഅത്തിലേക്കുള്ള മാറ്റം. തനിക്ക് മുമ്പിലുണ്ടായിരുന്ന മികച്ച രാഷ്ട്രീയ ഭാവി വലിച്ചെറിഞ്ഞാണ് ഇസ്ലാമിക പ്രസ്ഥാനത്തെ സ്വീകരിച്ചത്. ആദ്യമേ പ്രസ്ഥാന വഴിയിലെത്തിയ മൂത്ത ജ്യേഷ്ഠന്‍ വി. അബ്ദുര്‍റഹ്മാന്‍ മാസ്റ്ററാണ് ആ മാറ്റത്തിന് ഉള്‍പ്രേരണയായത്.
എന്തും ആഴത്തില്‍ വായിച്ചും പഠിച്ചും അറിയുന്ന പ്രകൃതമാണ് പ്രസ്ഥാനത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചത്. ചെറുപ്പകാലം മുതലേ പരന്ന വായനയുണ്ടായിരുന്നു. അക്കാലത്ത് എ.ആര്‍ നഗറിലെ പോപ്പുലര്‍ ലൈബ്രറിയുടെ സഹകാരിയും കലാസാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു. സാക്ഷരതായജ്ഞ കാലത്ത് അതിന്റെ സജീവ സഹകാരിയായിരുന്നു. പ്രസ്ഥാനത്തില്‍ സഞ്ചരിച്ചു തുടങ്ങിയ കാലത്ത് അദ്ദേഹം താമസിച്ചിരുന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ കടുത്ത ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വന്നു. നാട്ടുകാര്‍ക്ക് അദ്ദേഹം വഹാബിസം പ്രചരിപ്പിക്കാന്‍ വന്ന ഒറ്റയാള്‍ പട്ടാളമായിരുന്നു. എതിര്‍ പ്രചാരണങ്ങളെയും ഒറ്റപ്പെടുത്തലുകളെയും സ്വതസിദ്ധമായ സൗമ്യഭാവത്തോടെ നേരിട്ടു. അതുല്യമായ നീതിബോധം ബാപ്പയുടെ കൈമുതലായിരുന്നു. ആര്‍ക്കും ഒഴിവാക്കാനാകാത്ത വിധം അദ്ദേഹം നാട്ടില്‍ ഹൃദയബന്ധങ്ങള്‍ സ്ഥാപിച്ചു.
ജമാഅത്തില്‍ വന്ന ശേഷവും പഴയ രാഷ്ട്രീയ സാമൂഹിക മേഖലകളിലെ സൗഹൃദങ്ങള്‍ കാത്ത് സൂക്ഷിച്ചു. പഴയ സുഹൃത്തുക്കളുടെ രോഗ സന്ദര്‍ശനങ്ങള്‍ പലപ്പോഴും രാഷ്ട്രീയ സംവാദങ്ങളായി മാറുമായിരുന്നു. സംവാദങ്ങള്‍ക്കൊടുവില്‍ പുസ്തകങ്ങള്‍ സമ്മാനിക്കും. ആളുകളെ സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന, ആരുടെയും അഭിമാനം ഹനിക്കാതെയുള്ള സംവാദ ശൈലി പൊതു ഇടങ്ങളില്‍ ഇടപെടുന്നവര്‍ക്ക് മാതൃകയാണ്. കോണ്‍ഗ്രസ് വിട്ട് നാലു പതിറ്റാണ്ടുകള്‍ക്ക് ശേഷമായിട്ടും മരണശേഷം ഡി.സി.സി പ്രസിഡന്റടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വീട് സന്ദര്‍ശിച്ചതും വി.എം സുധീരനെപ്പോലെയുള്ളവര്‍ ഞങ്ങളെ വിളിച്ചതും വ്യക്തി ബന്ധങ്ങളിലെ ഈ തുടര്‍ച്ച മൂലമാണ്.
വീട്ടില്‍ ഇരിപ്പാവുവോളം ബാപ്പയുടെ വരുമാനത്തില്‍ വലിയൊരു സംഖ്യ പുസ്തകങ്ങള്‍ക്കായി മാത്രം ചെലവഴിച്ചു. അലമാരകളിലും മേശപ്പുറത്തും പത്തായത്തില്‍ പോലും പുസ്തകങ്ങളും മാസികകളുമാണ് ഉണ്ടായിരുന്നത്. കടമ്മനിട്ടയുടെയും മറ്റും ചൊല്ലുകവിതകള്‍ ബാപ്പാക്കേറെ പ്രിയമായിരുന്നു. മധുസൂദനന്‍ നായരുടെയും വയലാറിന്റെയും ഒ.എന്‍.വിയുടെയും കവിതകളേറെയും ഹൃദിസ്ഥമായിരുന്നു. 
പൂര്‍ണതയിലേക്കുള്ള പരിശ്രമങ്ങളായിരുന്നു ആ ജീവിതത്തിന്റെ ആകത്തുക. എപ്പോഴും അല്‍പം കൂടി ശരിയാകാനുണ്ട് എന്ന തോന്നല്‍ ബാക്കി വച്ചു. മക്കളുടെ നേട്ടങ്ങളെ അതിരുവിട്ടു പ്രോത്സാഹിപ്പിക്കുകയോ കൊട്ടിഘോഷിക്കുകയോ ചെയ്തില്ല. ആ സൂക്ഷ്മത എല്ലാ രംഗങ്ങളിലുമുണ്ടായിരുന്നു. രോഗിയായിക്കിടക്കുമ്പോള്‍ താനുപയോഗിച്ച ഒരു വാച്ചിനെ കുറിച്ച് നിരന്തരം അസ്വസ്ഥനായി കണ്ടു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ കെ. അബ്ദുസ്സലാം മൗലവി നല്‍കിയ ആ വാച്ച് മടക്കി കൊടുക്കേണ്ടതായിരുന്നു എന്ന ഒരു അസ്വസ്ഥത. അല്ലാഹു അതിന്റെ പേരില്‍ തന്നെ പിടികൂടാതിരിക്കണമെങ്കില്‍ ആ വാച്ചിന്റെ വില മൗലവിയുടെ കുടുംബത്തില്‍ എത്തിക്കണമെന്ന് മക്കളോടാവശ്യപ്പെട്ടു. മൗലവിയുടെ മരണശേഷം അവരത് ഓര്‍ത്തിരിക്കാന്‍ സാധ്യതയില്ല എന്നൊക്കെ പറഞ്ഞിട്ടും സമാധാനമുണ്ടായിരുന്നില്ല. അങ്ങനെ ഞങ്ങള്‍ ആ കുടുംബത്തെ കണ്ടെത്തുകയും ഏകദേശ വില കെട്ടി അവരെ ഏല്‍പ്പിക്കുകയും ചെയ്തു. ആ കുടുംബിനി ആദ്യം അത് സ്വീകരിക്കാന്‍ തയാറായില്ലെങ്കിലും ഇങ്ങനെയൊരു കാര്യത്തിനാണ് എന്നറിഞ്ഞപ്പോള്‍ കണ്ണീരോടെ വാങ്ങി വച്ചു. ചെറുപ്പത്തില്‍ വഴിയില്‍ നിന്നൊരു മാങ്ങയെടുത്തപ്പോള്‍ അതേ സ്ഥലത്ത് തിരിച്ചു കൊണ്ടു പോയി വെപ്പിച്ച ബാപ്പ തന്നെ ആയിരുന്നു ഞങ്ങള്‍ക്കത്.   
ഹിറാ സമ്മേളന കാലത്ത് ഏ.ആര്‍ നഗര്‍ ഏരിയാ ഓര്‍ഗനൈസറായിരുന്നു. കുന്നുംപുറം പ്രാദേശിക ജമാഅത്ത് അമീറും മലപ്പുറം വെസ്റ്റ്  ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്നിട്ടുണ്ട്.  2007-ല്‍ മലപ്പുറം ജില്ലാ ഓഫിസ് സെക്രട്ടറിയായിരിക്കുമ്പോഴാണ് അദ്ദേഹം രോഗബാധിതനാകുന്നത്. കുറച്ചു കാലം അറബി അധ്യാപക സംഘടനയായ KAMA യുടെ ഭാരവാഹിത്വം ഉണ്ടായിരുന്നു. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് സ്മാരക സമിതി സെക്രട്ടറിയായിരുന്നു.
മുജാഹിദ് സ്ഥാപക നേതാവ് മങ്കട പരിയന്തടത്തില്‍ ഉണ്ണീന്‍ മൗലവിയുടെ മകന്‍ മുഹമ്മദ് മാസ്റ്ററുടെ മകള്‍ ദയ്യിനയാണ് ഭാര്യ. മക്കള്‍: ഹഫ്‌സ മറിയം (അധ്യാപിക, എ.എ.എച്ച്.എം.എല്‍.പി സ്‌കൂള്‍ പുതിയത്ത് പുറായ), അന്‍വര്‍ ഷമീം ആസാദ് (അധ്യാപകന്‍, ജി.എച്ച്.എസ്.എസ്. പെരുവള്ളൂര്‍), ഡോ. ഷഫ്‌നമറിയം .വി (ഹോമിയോ മെഡിക്കല്‍ ഓഫിസര്‍, ചെര്‍പ്പുളശ്ശേരി), മലിക മറിയം (ഹലാലിയ മോഡസ്റ്റ് സ്റ്റോര്‍ കോഴിക്കോട്)
മരുമക്കള്‍: സലീം പാവുതൊടിക, കെ.പി നസീബ, വി.പി.എ ശാക്കിര്‍, എ.പി ഇജാസ് അലി.


തെക്കെ ഇടിവെട്ടിയകത്ത് ഖാലിദ്
നൂറ്റാണ്ടിന്‌  
സാക്ഷിയായ പ്രസ്ഥാന പ്രവര്‍ത്തകന്‍

ജമാഅത്തെ ഇസ്ലാമി അംഗവും ആദ്യകാല പ്രവര്‍ത്തകരിലൊരാളുമായ തിരൂര്‍ പൂക്കയില്‍ സ്വദേശി തെക്കെ ഇടിവെട്ടിയകത്ത് ഖാലിദ് സാഹിബ് എന്ന ബാവ ഹാജി അല്ലാഹുവിലേക്ക് യാത്രയായി. 102 വയസ്സായിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനം എന്താണെന്ന് കേരളത്തിലെ ജനങ്ങള്‍ അറിയാനും ആദര്‍ശ ലക്ഷ്യങ്ങള്‍ മനസ്സിലാക്കാനും തുടങ്ങുന്ന പ്രാരംഭ ഘട്ടത്തില്‍ തന്നെയാണ് ഖാലിദ് സാഹിബും പ്രസ്ഥാനവുമായി അടുക്കുന്നത്.
ഇടതുപക്ഷ ചിന്താഗതിക്കാരനായിരിക്കെ അന്നത്തെ തൊഴിലാളി പ്രസ്ഥാനത്തിന്റെ ലോക്കല്‍ ഭാരവാഹിത്വം നിരസിച്ചു കൊണ്ടാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നത്. കെ.സിയുടെയും ഹാജി സാഹിബിന്റെയും പ്രഭാഷണങ്ങളായിരുന്നു പ്രചോദനം.
തിരൂര്‍ റെയില്‍വേ സ്റ്റേഷന് അഭിമുഖമായുള്ള ജമാലിയ പ്രസ്സില്‍ കുറച്ചു കാലം പ്രബോധനം പ്രതിപക്ഷ പത്രമായി പ്രിന്റ് ചെയ്തിരുന്നു. അതിനോട് ചേര്‍ന്നുള്ള ബില്‍ഡിംഗിലായിരുന്നു ബീഡി തൊഴിലാളിയായി അദ്ദേഹം ജോലി ചെയ്തിരുന്നത്. 'പ്രബോധനം' പ്രിന്റ് ചെയ്ത് പുറത്ത് വെക്കുമ്പോള്‍ അതില്‍ നിന്ന് ഒരു കോപ്പി ബീഡി തൊഴിലാളികളായ അവര്‍ വായിക്കാനെടുക്കും. ഒരാള്‍ വായിക്കുകയും മറ്റുള്ളവര്‍ കേള്‍ക്കുകയുമായിരുന്നു പതിവ്. കിട്ടുന്ന കൂലിയില്‍ നിന്ന് ഒരു വിഹിതം എല്ലാവരും ചേര്‍ന്ന് വായിച്ച് കേള്‍പ്പിച്ചയാള്‍ക്ക് കൊടുക്കും. പിന്നീട് കേസരി ബീഡി എന്ന പേരില്‍ സ്വന്തമായി കമ്പനി തുടങ്ങി അതിലൂടെ കുറേ ആളുകള്‍ക്ക് ജോലി നല്‍കാനും അദ്ദേഹത്തിന് സാധിച്ചു.
വായനയിലൂടെ ഇസ്‌ലാമിക പ്രസ്ഥാനത്തെ മനസ്സിലാക്കുകയും അങ്ങനെ സജീവ ജമാഅത്ത് പ്രവര്‍ത്തകനാവുകയുമായിരുന്നു. പൂക്കയില്‍ പ്രദേശത്താണ് പ്രവര്‍ത്തനം തുടങ്ങിയത്. യാഥാസ്ഥിതിക ചിന്താഗതിക്കാരായ നാട്ടുകാരുടെ കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നു. മൂച്ചിക്കല്‍ ഇബ്‌റാഹീം സാഹിബ്, പെരുവഴിയമ്പലം മുഹമ്മദ് സാഹിബ് എന്നിവരുടെ സഹകരണത്തോടു കൂടി പൂക്കയില്‍ പ്രദേശത്ത് ഒരു ഘടകത്തിന് തുടക്കംകുറിച്ചു. വളരെയേറെ പ്രയാസങ്ങളും പ്രതിസന്ധികളും മറികടന്നാണ് ഇത് സാധിച്ചത്.
അക്കാലത്ത് എവിടെ  പ്രസ്ഥാന പരിപാടി ഉണ്ടായാലും അവിടെ എത്താനും അത് കേള്‍ക്കാനും ജോലി പോലും ഒഴിവാക്കി പോകുമായിരുന്നു. ദല്‍ഹിയില്‍  'റുക്‌നു'കള്‍ക്കായുള്ള  അഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി സഹപ്രവര്‍ത്തകര്‍ക്കൊപ്പം യാത്ര തിരിച്ചതാണ്. സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള ആവേശത്തില്‍ അസുഖം വകവെക്കാതെയായിരുന്നു യാത്ര. കോയമ്പത്തൂര്‍ എത്തിയപ്പോഴേക്കും അസുഖം മൂര്‍ച്ഛിച്ചു. കൂടെയുള്ളവര്‍ക്ക് അദ്ദേഹത്തെ വീട്ടിലേക്ക് തന്നെ തിരിച്ചയക്കേണ്ടി വന്നു.
സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തതില്‍ വിഷമം ഇടക്കെല്ലാം മക്കളോട് പറയാറുണ്ടായിരുന്നു.
സമ്പന്ന കുടുംബത്തിലാണ് ജനിച്ചതെങ്കിലും  ബീഡി തൊഴിലാളിയായിട്ടാണ് ജീവിതം കരുപ്പിടിപ്പിച്ചത്. കഠിനാധ്വാനത്തിലൂടെ ഒരു ചെറിയ കച്ചവടം തുടങ്ങി. പിന്നീട് സിറ്റി ജംഗ്ഷനില്‍ പ്രമുഖനായ  വ്യാപാരിയായി മാറുകയായിരുന്നു.
തിരൂരില്‍ ഇസ്‌ലാമിക് സെന്റര്‍(ടി.ഐ.സി) സ്‌കൂള്‍, സ്വഫാ മസ്ജിദ്, പൂക്കയില്‍ ഗൈഡന്‍സ് സെന്റര്‍ എന്നിവയുടെ നിര്‍മ്മാണത്തിലും ഖാലിദ് സാഹിബ് മുഖ്യമായ പങ്കുവഹിച്ചിട്ടുണ്ട്.
'പ്രബോധനം' വായനക്കാരിലെത്തിക്കാന്‍ കാല്‍നടയായി ബഹുദൂരം സഞ്ചരിക്കുമായിരുന്നു.
ഇടക്കാലത്ത്  കേള്‍വി കുറവും ആരോഗ്യ പ്രശ്‌നങ്ങളും കാരണം പ്രവര്‍ത്തന മേഖലയില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വന്നു.
അദ്ദേഹത്തിന് ആറ് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമാണുളളത്. ഭാര്യ ഖദീജ 9 വര്‍ഷം മുമ്പ് മരണമടഞ്ഞിരുന്നു. ബംഗളൂരുവിലെ വ്യാപാരിയായ മൂത്തമകന്‍ ഇബ്‌റാഹീംകുട്ടി ഹിറ ഫൗണ്ടേഷന്‍ ട്രസ്റ്റ് സ്ഥാപക അംഗമാണ്. രണ്ടാമത്തെ മകന്‍ മുഹമ്മദ്, മൂന്നാമത്തെ മകന്‍ അബ്ദുര്‍റഹ്മാന്‍, ഇളയ മകന്‍ അബ്ദുല്‍ മജീദ് എന്നിവര്‍ പ്രസ്ഥാന അനുഭാവികളാണ്. മൂന്നു പേരും നാട്ടില്‍ ബിസിനസ് നടത്തുന്നു. നാലാമത്തെ മകന്‍ അബൂബക്കര്‍ പൂക്കയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു.
അഞ്ചാമത്തെ മകന്‍ ഹസ്സന്‍കോയ ബംഗളൂരുവിലെ ജമാഅത്തെ ഇസ്‌ലാമിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഹിറ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ആണ്. ജമീല, സഫിയ, റുഖിയ എന്നിവരാണ് പെണ്‍മക്കള്‍.
സഫിയ പരിയാപുരം മുന്‍ ഹല്‍ഖാ നാസിമത്തും റുഖിയ ബംഗളൂരു ബാനസവാടി വനിത ഹല്‍ഖ നാസിമത്തും ആണ്.  മരുമക്കള്‍: കോയക്കുട്ടി ഹാജി,ഹംസ, അബ്ദുര്‍റഹ്മാന്‍, താഹിറ, ബീഫാത്തിമ, ഫാത്തിമ ഉമ്മുകുല്‍സു, സുലൈഖ ഷംന.

ഇബ്‌റാഹീം കുട്ടി

 

സി. അബ്ദുറഹ്മാന്‍

ഇക്കഴിഞ്ഞ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങള്‍ ഞങ്ങള്‍ ചെറിയ കുമ്പളത്തുകാര്‍ക്ക് ദുഃഖ സാന്ദ്രമായ ദിനങ്ങളായിരുന്നു. ബഹുമാനപ്പെട്ട ടി.കെ അബ്ദുല്ല സാഹിബടക്കം ഏഴ് പേരുടെ വിയോഗം ഞങ്ങള്‍ക്ക് കനത്ത ആഘാതമായി.
ജമാഅത്തെ ഇസ്‌ലാമി അംഗമായ, സ്‌നേഹപൂര്‍വം അന്ത്രു മാഷ് എന്ന് ഞങ്ങള്‍ വിളിക്കുന്ന സി. അബ്ദുറഹ്മാന്‍ സാഹിബിന്റെ വേര്‍പാടാണ് ഒടുവിലത്തേത്. ചെറിയ കുമ്പളം പ്രാദേശിക ജമാഅത്തിലെ അംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നു തന്റെ സഹധര്‍മിണി അല്ലാഹുവിലേക്ക് യാത്രയായിട്ട് ആറ് മാസം പിന്നിടുന്നതേയുള്ളു. തന്റെ പ്രിയതമയുടെ വേര്‍പാട് അന്ത്രു മാഷിന് വരുത്തിവെച്ച ദു:ഖഭാരം താങ്ങാനാവുന്നതിലേറെയായിരുന്നു. പ്രവാസികളായ തന്റെ മക്കളുടെ അടുത്തേക്ക് പോകാനിരിക്കെ വീട്ടില്‍ വെച്ച് ഒരത്യാഹിതം സംഭവിച്ചു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയായിരുന്നു. നാഥന്റെ അലംഘനീയമായ വിധിക്ക് കീഴടങ്ങി അന്ത്രു മാഷും വിട പറഞ്ഞുവെന്ന ദു:ഖവാര്‍ത്തയാണ് ഞങ്ങള്‍ക്ക് കേള്‍ക്കേണ്ടി വന്നത്.
ആരെയും വശ്യമായ പുഞ്ചിരികൊണ്ട് അഭിമുഖീകരിക്കാനുള്ള അദ്ദേഹത്തിന്റെ സിദ്ധി അപാരമായിരുന്നു.
കുറ്റ്യാടി ഇസ്‌ലാമിയ കോളജിലെ ആദ്യകാല വിദ്യാര്‍ഥിയായിരുന്നു. കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം മേപ്പയ്യൂരിലെ മദ്‌റസയില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. പിന്നീട് ചെറിയ കുമ്പളം അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയയില്‍ പ്രധാനാധ്യാപകനായി ജോലി നോക്കി. വിദ്യാര്‍ഥി കാലം തൊട്ട് മരണം വരെ ഇസ്‌ലാമിക പ്രസ്ഥാനത്തിലെ നിറസാന്നിധ്യമായിരുന്നു അന്ത്രു മാഷ്. താന്‍ മനസ്സിലാക്കിയ സത്യം മറ്റുള്ളവരിലേക്കെത്തിക്കാന്‍ കഠിനാധ്വാനം ചെയ്തു അദ്ദേഹം.
തനിക്ക് ശരിയെന്ന് ബോധ്യപ്പെട്ടത് ആരുടെ മുമ്പിലും തുറന്നു പറയാന്‍ അറച്ചു നില്‍ക്കാത്ത പ്രകൃതം. ആരെന്ത് വിമര്‍ശിച്ചാലും തന്റേതായ രീതിശാസ്ത്രമനുസരിച്ചു തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുന്നതില്‍ കണിശത പുലര്‍ത്തി.
ബസ് യാത്രക്കിടെ കണ്ടുമുട്ടുന്നവരെ ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് പരിചയപ്പെടും. യാത്രയവസാനിക്കുമ്പോഴേക്ക് അവരിരുവരും പിരിയാനാവാത്ത വിധം കൂട്ടുകാരായിത്തീര്‍ന്നിരിക്കും. മേല്‍വിലാസവും ഫോണ്‍ നമ്പറും വാങ്ങി നിരന്തരം വിളിച്ചു ബന്ധം പുതുക്കിക്കൊണ്ടിരിക്കും. വിശേഷ ദിവസങ്ങളില്‍ അവരെ വീട്ടിലേക്ക് വിളിച്ചു വരുത്തി സ്‌നേഹോഷ്മളമായി സല്‍ക്കരിക്കും. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മുതല്‍ സമൂഹത്തിലെ താഴെക്കിടയിലുള്ളവര്‍ വരെ അന്ത്രു മാഷിന്റെ സുഹൃദ് വലയത്തിലുണ്ടാവും.
ബസ് യാത്രക്കിടെ ഒരിക്കല്‍ ആരോ അന്ത്രു മാഷെ പോക്കറ്റടിച്ചു. ട്രൗസറിന്റെ കീശ മുറിച്ചു കളഞ്ഞത് ബസിറങ്ങിയപ്പോഴാണ് കാണുന്നത്. ലഘുലേഖയുള്‍ക്കൊള്ളുന്ന കവറാണ് പോക്കറ്റടിക്കാര്‍ കൊണ്ടുപോയത്. ഒരു നൂറ് രൂപയുടെ നോട്ട് കൂടി അതില്‍ വെക്കേണ്ടതായിരുന്നു; പാവം പോക്കറ്റടിക്കാരന്‍ നിരാശനാവുമല്ലോ എന്ന് പറഞ്ഞു അന്ത്രു മാഷ് ചിരിച്ചു.
കഴിഞ്ഞ പ്രളയകാലത്ത് മലയോര പ്രദേശമായ ചക്കിട്ടപാറക്കാരനായ ഒരു ചെറുപ്പക്കാരനെ അന്ത്രു മാഷ് പരിചയപ്പെട്ടു. കിടന്നുറങ്ങാന്‍ കൂര പോലുമില്ലാത്ത, ചില ശാരീരിക പ്രയാസങ്ങളനുഭവിക്കുന്ന യുവാവ്. അവന്റെ പ്രയാസങ്ങളൊക്കെ ചോദിച്ചറിഞ്ഞു. ഒട്ടും താമസിച്ചില്ല. സംഘടനാ ചട്ടവട്ടങ്ങളൊന്നും നോക്കാതെ സ്വന്തമായി തീരുമാനമെടുത്തു. ഇസ്മാഈലെന്ന ഈ ചെറുപ്പക്കാരനൊരു വീടു വേണം. പലരെയും സമീപിച്ചു സംഖ്യ സംഭരിച്ചു. രണ്ടു വര്‍ഷം കൊണ്ട് ഒരു വൃത്തിയുള്ള കൊച്ചു വീട് പണി കഴിപ്പിച്ചു ഇസ്മാഈലിന് ഏല്‍പ്പിച്ചു കൊടുത്തു. ചെറുപ്പത്തിലേ ബാപ്പ മരിച്ചു അനാഥനായിത്തീര്‍ന്ന തനിക്ക് പിതാവിന്റെ സ്‌നേഹവും വാത്സല്യവും സംരക്ഷണവുമാണ് അന്ത്രു മാഷ് നല്‍കിയതെന്ന് ഇടറുന്ന സ്വരത്തില്‍ അനുസ്മരണ യോഗത്തില്‍ ഇസ്മാഈല്‍ പറഞ്ഞു. ചക്കിട്ടപാറയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു യൂനിറ്റു രൂപികരിക്കപ്പെടാന്‍ ഇത് ഇടയാക്കി.യൂനിറ്റിന്റെ ഭാരവാഹിയായി ഇസ്മാഈല്‍ പ്രവര്‍ത്തിച്ചുവരുന്നു.
അന്ത്രു മാഷിന് മക്കളായി അഞ്ച് പേരുണ്ട്; ഒരു മകളടക്കം. പ്രസ്ഥാനത്തിന്റെ വഴിയിലൂടെ ബാപ്പയെ പിന്തുടര്‍ന്നു കൊണ്ട് അവരുണ്ട്.


എന്‍. ഖാലിദ്, ചെറിയകുമ്പളം

 

പി.അബു മാസ്റ്റര്‍

മാതൃകാധ്യാപകനും മത വിദ്യാഭ്യാസ രംഗങ്ങളിലെ ഊര്‍ജ്ജസ്വലനുമായിരുന്ന തിരൂര്‍ക്കാട് ഓരോടംപാലം ഭാഗത്തെ അബു മാസ്റ്റര്‍(73) അല്ലാഹുവിലേക്ക് യാത്രയായി. തിരൂര്‍ക്കാട് എ.എം സ്‌കൂള്‍, അല്‍ മദ്‌റസത്തുല്‍ ഇലാഹിയ, പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജ് എന്നീ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം നേടിയശേഷം അങ്ങാടിപ്പുറം തരകന്‍ ഹൈസ്‌കൂളില്‍ അറബി അധ്യാപകനായി.
തിരൂര്‍ക്കാട് ഇലാഹിയ കോളേജ്, യത്തീംഖാന, അല്‍ മദ്‌റസത്തുല്‍ ഇലാഹിയ എന്നീ സ്ഥാപനങ്ങളുടെ നടത്തിപ്പിലും വളര്‍ച്ചയിലും ശ്രദ്ധേയമായ പങ്കുവഹിച്ച അദ്ദേഹം നുസ്രത്തുല്‍ ഇസ്‌ലാം ട്രസ്റ്റ്, നുസ്രത്തുല്‍ ഇസ്‌ലാം അസോസിയേഷന്‍ എന്നിവയില്‍ അംഗമായിരുന്നു. പ്രാദേശിക മദ്‌റസകളില്‍ അത്യാവശ്യഘട്ടങ്ങളില്‍ ക്ലാസെടുക്കാനും കുട്ടികളില്‍ ആരാധനാ നിഷ്ഠയും ധാര്‍മികബോധവും വളര്‍ത്താനും ശ്രമിച്ചു. ഓരോടം പാലം പ്രദേശത്ത് ബിലാല്‍ മസ്ജിദ്, ബിലാല്‍ മദ്‌റസ എന്നിവയുടെ സ്ഥാപനത്തിനു മുന്‍കൈയെടുത്ത അദ്ദേഹം ഒരു ഘട്ടത്തില്‍ തന്റെ വീടുപോലും മദ്‌റസ ക്ലാസ് നടത്താന്‍ സൗകര്യപ്പെടുത്തി കൊടുത്തിരുന്നു. ഹല്‍ഖ സെക്രട്ടറി, ഖജാന്‍ജി എന്നീ സ്ഥാനങ്ങളും ജമാഅത്ത് മുന്‍കൈയെടുത്ത് സ്ഥാപിച്ച ബിലാല്‍ മസ്ജിദിന്റെ സെക്രട്ടറി, ഖജാന്‍ജി എന്നീ പദവികളും വഹിച്ചിരുന്നു.
ശാരീരിക അസ്വസ്ഥതകളനുഭവപ്പെട്ടിരുന്ന ഘട്ടങ്ങളില്‍ പോലും പ്രസ്ഥാനത്തിന്റെ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളിലും മറ്റും സജീവമായിരുന്നു. പ്രസ്ഥാനത്തിന്റെയും പ്രസ്ഥാനത്തോട് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും പൊതുപരിപാടികളും വാര്‍ഷിക കൂട്ടായ്മകളും വിജയിപ്പിക്കുന്നതില്‍ ശുഷ്‌കാന്തി കാണിച്ചു. 
ഭാര്യമാര്‍: കൊളംബന്‍ ഉമ്മുകുല്‍സു പൂക്കാട്ടിരി (ജമാഅത്തെ ഇസ്‌ലാമി വനിതാ ഹല്‍ഖാ മുന്‍ സെക്രട്ടറിയും ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ടീച്ചറും), പരേതയായ എം.ഇ ആമിന ശാന്തപുരം.
മക്കള്‍: സലീം (സബ് എന്‍ജിനീയര്‍ കെ.എസ്.ഇ.ബി പുത്തനത്താണി), സൈനുദ്ദീന്‍ ദമാം, സമീറ പനങ്ങാങ്ങര. 
മരുമക്കള്‍: മുനീറ കൂട്ടിലങ്ങാടി, ഷിഫാന പെരിന്തല്‍മണ്ണ, മുസ്‌ലിയാരകത്ത് ജമാല്‍ പനങ്ങാങ്ങര.
സഹോദരങ്ങള്‍: പി. അബ്ബാസ് (കെഎസ്ഇബി ഓവര്‍സിയര്‍ മങ്കട), സൈനബ വലമ്പൂര്‍, സുബൈദ കണ്യാല, പരേതരായ മുഹമ്മദ് എന്ന ബാപ്പുട്ടി, ഫാത്തിമ.

പി.എ.എം അബ്ദുല്‍ ഖാദര്‍ തിരൂര്‍ക്കാട്


മുഹമ്മദ് ശരീഫ് എന്ന ബാപ്പുട്ടി

മേലാറ്റൂര്‍ ഉച്ചാരക്കടവിലെ ബംഗ്‌ളാംകുന്നില്‍ താമസിക്കുന്ന കോല്‍തൊടി മുഹമ്മദ് ഷെരീഫ് എന്ന ബാപ്പുട്ടി  (ഞങ്ങളുടെ പിതാവ്) വര്‍ഷങ്ങളായി  വാര്‍ധക്യസഹജമായ പ്രയാസങ്ങള്‍ കാരണം കിടപ്പിലായിരുന്നു. ഉമ്മ മരിച്ചിട്ട് നാലു വര്‍ഷം തികയാന്‍ നാലുദിവസം ബാക്കിനില്‍ക്കെയാണ് ഉപ്പ ഞങ്ങളെ വിട്ടു പിരിഞ്ഞത്.
ഒരു സാധാരണ പാരമ്പര്യ കുടുംബത്തില്‍ ആയിരുന്നു ഉപ്പയുടെ ജനനം. മദ്‌റസാ വിദ്യാഭ്യാസം കഴിഞ്ഞു ദര്‍സ് പഠനവുമായി മുന്നോട്ടു പോകുമ്പോഴാണ് ജമാഅത്തെ ഇസ്ലാമിയുമായി ബന്ധം സ്ഥാപിക്കുന്നത്. പിന്നീടങ്ങോട്ട് കുടുംബത്തില്‍ നിന്നും നാട്ടില്‍ നിന്നും പലതരം എതിര്‍പ്പുകള്‍ ഉണ്ടായിട്ടും പ്രസ്ഥാനത്തിനു വേണ്ടി തന്റെ ജീവിതം മാറ്റിവെക്കുകയായിരുന്നു. മേലാറ്റൂര്‍ ചന്തപ്പടിയില്‍ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന്  മുന്‍നിരയില്‍ ഉണ്ടായിരുന്നു. അവിടുത്തെ മസ്ജിദും മദ്‌റസയും ഇംഗ്ലീഷ്  സ്‌കൂളും അടക്കമുള്ള സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിലും അവയുടെ വളര്‍ച്ചയിലും അദ്ദേഹത്തിന്റെ വലിയ പ്രയത്‌നങ്ങളും മേല്‍നോട്ടങ്ങളും ഉണ്ടായിട്ടുണ്ട്. ഇസ്‌ലാമികമായ, അടുക്കും ചിട്ടയുമുള്ള ജീവിതത്തിന് അദ്ദേഹത്തിന്റെ ശിക്ഷണം ഞങ്ങളെ വളരെയധികം സഹായിച്ചിട്ടുണ്ട്. മക്കളെ വളര്‍ത്തുന്ന കാര്യത്തിലും, അടുക്കളയില്‍ ഉമ്മയെ സഹായിക്കുന്നതിലും അദ്ദേഹം മാതൃകയായിരുന്നു.
ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും മക്കയിലും മറ്റും ജോലി ആവശ്യാര്‍ഥം ഒരുപാട് കാലം ജീവിച്ചത് കാരണം പല ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിയുമായിരുന്നു. ഈ ഭാഷാപരിജ്ഞാനം ദീനീ പ്രബോധനരംഗത്ത് വലിയ അളവില്‍ അദ്ദേഹം പ്രയോജനപ്പെടുത്തി. നാട്ടിലെ നാനാജാതി മതസ്ഥരില്‍ അദ്ദേഹത്തെ പരിചയമില്ലാത്തവര്‍ ചുരുക്കമായിരിക്കും.
ഞങ്ങള്‍ ഏഴ് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ്. ഹബീബ, റസിയ, റഹ്മത്തുല്ല, നൂര്‍ജഹാന്‍, സലീം, ഖൈറുന്നീസ, ശംഷാദ് ബീഗം, സുമയ്യ, ഖാത്തിമുന്നീസ.


കെ.ടി സുമയ്യ, പള്ളിക്കുത്ത്, ശാന്തപുരം

 

എ.പി മുഹമ്മദ് (അന്തമാന്‍)

കഴിഞ്ഞ ഒക്‌ടോബര്‍ 30-ന് നിര്യാതനായ എ.പി മുഹമ്മദ് സാഹിബ് ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു. അറുപതുകളില്‍ മര്‍ഹൂം പി.കെ ഇബ്‌റാഹീം മൗലവിയുടെ നേതൃത്വത്തില്‍ ദീപു സമൂഹത്തില്‍ വ്യവസ്ഥാപിതമായ ഇസ്‌ലാമിക പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്നു.  'മര്‍ക്കസുത്തഅ്‌ലീമില്‍ ഇസ്‌ലാമി' എന്ന വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചപ്പോള്‍ അതിനു ഭൂമി സംഭാവന ചെയ്തത് മുഹമ്മദ് സാഹിബും അദ്ദേഹത്തിന്റെ അമ്മാവന്‍ പുത്തൂര്‍ വാപ്പു സാഹിബുമായിരുന്നു.
അടിയന്തിരാവസ്ഥയില്‍ ജമാഅത്തെ ഇസ്‌ലാമി നിരോധിക്കപ്പെട്ടപ്പോള്‍ മറ്റു പ്രവര്‍ത്തകരോടൊപ്പം അദ്ദേഹവും സെല്ലുലാര്‍ ജയിലില്‍ കഴിച്ചുകൂട്ടിയിട്ടുണ്ട്. 1977-ല്‍ ജയില്‍ മോചിതനായ പി.കെ ഇബ്‌റാഹിം മൗലവി എം.ഇ.എസ് (മുസ്‌ലിം എജുക്കേഷന്‍ സൊസൈറ്റി, അന്തമാന്‍) രൂപീകരിച്ചപ്പോള്‍, അതിനു കീഴില്‍ സ്ഥാപിതമായ സ്‌കൂളിനു തുടക്കം കുറിച്ചതു മുഹമ്മദ് സാഹിബിന്റെ വീടിന്റെ ഒന്നാം നിലയിലായിരുന്നു. ഏതാണ്ട് രണ്ട് പതിറ്റാണ്ടുകള്‍ പ്രസ്ഥാനത്തോടൊപ്പം നിലകൊണ്ട അദ്ദേഹം ജനസേവനത്തില്‍ അതീവ തല്‍പരനായിരുന്നു.
എണ്‍തുകളിലെ രാഷ്ട്രീയ കാലുഷ്യങ്ങളും വിവാദങ്ങളുമാണ് അദ്ദേഹം പ്രസ്ഥാനവുമായി അകന്ന് നില്‍ക്കാന്‍ കാരണമായത്. പിന്നീട് അദ്ദേഹം മുജാഹിദ് സംഘടനയിലും കോണ്‍ഗ്രസ്സിലും സജീവമായി. കോണ്‍ഗ്രസ്സിന്റെ വൈസ് പ്രസിഡന്റ്, എക്‌സിക്യുട്ടീവ് മെമ്പര്‍ പദവികള്‍ വരെ വഹിച്ചു. പ്രതികൂല രാഷ്ട്രീയ സാഹചര്യത്തില്‍ എം.ഇ.എസ് സ്‌കുളിന്റെ നടത്തിപ്പില്‍ നിന്നു ജമാഅത്തു നേതൃത്വം സ്വയം ഒഴിവായതു മുതല്‍ മരണം വരെയും മുഹമ്മദ് സാഹിബ് അതിന്റെ മുഖ്യ രക്ഷാധികാരിയായിരുന്നു.
ജനപക്ഷ പ്രശ്‌നങ്ങളുയര്‍ത്തി സമരങ്ങള്‍ നടത്താനായി രൂപീകൃതമായ 'ഗ്രാം സുധാര്‍ സംഘ്' എന്ന വേദിയുടെ സ്ഥാപക പ്രസിഡന്റായിരുന്നു അദ്ദേഹം. നാടുകടത്തപ്പെട്ട മാപ്പിളമാരുടെ പിന്മുറക്കാരില്‍ കിടപ്പാടമില്ലാത്തവര്‍ക്ക് ഭൂമിയുടെ അവകാശത്തിനായി പ്രക്ഷോഭം നടത്തി. ഹട്ട്‌ബേ  ദ്വീപില്‍ നൂറിലേറെ പേര്‍ക്ക് അഞ്ചു ഏക്കര്‍ വീതം ഭൂമി പതിച്ചു നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമായത് ആ സമരത്തിന്റെ സമ്മര്‍ദ്ദ ഫലമായിരുന്നു.
2004 ഡിസംബര്‍ 26-ന് ഉണ്ടായ സുനാമിയില്‍ ഒരുപാടു കൃഷി ഭുമി വെള്ളത്തിനടിയിലായപ്പോള്‍ കര്‍ഷകര്‍ക്ക് നിയമപരമായി അര്‍ഹിക്കുന്ന നഷ്ടപരിഹാരം ലഭിക്കാനുള്ള സമരത്തിലും അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചു. സര്‍ക്കാര്‍ തീരുമാനപ്രകാരം ഭാഷാഭേദമന്യേ ഭൂമി നഷ്ടപ്പെട്ട എല്ലാ കര്‍ഷകര്‍ക്കും ഭാഗികമായ സാമ്പത്തിക സഹായം കിട്ടുകയും ചെയ്തു. സ്‌കൂളില്‍ പോയിട്ടില്ലാത്ത മുഹമ്മദ് സാഹിബ് സ്വപരിശ്രമത്താല്‍ മലയാളവും ഹിന്ദിയും പഠിച്ചു. പരന്ന വായനയും ചിന്തയുമാണ് 'സാഹില്‍ കി ഓര്‍' എന്ന ഹിന്ദി വാരിക പ്രസിദ്ധീകരിക്കാന്‍ പ്രേരിപ്പിച്ചത്. അന്തമാനിലെ മാപ്പിള ചരിത്രത്തെക്കുറിച്ച് ഹിന്ദിയില്‍ ഒരു ലഘു കൃതിയും രചിച്ചിട്ടുണ്ട്.
അമ്മാവനായ മുഹമ്മദ് സാഹിബിന്റെ വേര്‍പാട് എന്റെ സ്വകാര്യ ദു:ഖം കൂടിയാണ്. മര്‍ക്കസിലും ശാന്തപുരത്തും പഠിക്കാന്‍ പ്രോത്സാഹിപ്പിച്ചതും ഭൗതികമായ സഹായങ്ങള്‍ തന്നതും അദ്ദേഹമായിരുന്നു. എന്റെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും ഏറെ സന്തോഷവാനുമായിരുന്നു അദ്ദേഹം.

എം.ബി അബ്ദുര്‍ റഷീദ്, അന്തമാന്‍


പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും 
സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനവും നല്‍കി 
അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍
ടി.കെ ഉബൈദ്‌

ഹദീസ്‌

സഹോദരിയുടെ അവകാശങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌