2021 രാഷ്ട്രീയ നേതൃത്വത്തിന് എല്ലാം പിഴച്ച വര്‍ഷം
പോയ വര്‍ഷത്തെ അടയാളപ്പെടുത്തുന്നത് നേതൃരാഹിത്യമാണെന്ന് പറയാം. ഒരോ ഭരണകൂടത്തിനും അഭിമുഖീകരിക്കാനുണ്ടായിരുന്ന പ്രധാന പ്രശ്‌നം കോവിഡ് - 19 മഹാമാരി തന്നെയായിരുന്നു. അതിപ്പോള്‍ മൂന്നാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു. ഇത് വരെ കോവിഡ് ബാധിച്ചവര്‍ 280 ദശലക്ഷം; രോഗബാധിതരായി മരിച്ചവര്‍ 5.4 ദശലക്ഷം. സ്‌ളവോക്യ എന്ന രാഷ്ട്രത്തിലെ ജനസംഖ്യയോട് തുല്യമാണ് ഈ മരണസംഖ്യ. വേണ്ടത്ര വാക്‌സിനുകള്‍ ലഭ്യമായിരുന്നിട്ടും ഒമിക്രോണ്‍ വകഭേദത്തിന്റെ വരവോടെ ഫ്രാന്‍സില്‍ നിന്നും അമേരിക്കയില്‍ നിന്നും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ധനികരാഷ്ട്രങ്ങള്‍ സൃഷ്ടിക്കുന്ന സങ്കീര്‍ണതകള്‍ കാരണം വാക്‌സിന്‍ നിഷേധിക്കപ്പെടുന്ന രാജ്യങ്ങളാവട്ടെ മഹാമാരിയുടെ ഈ പുതിയ തരംഗത്തില്‍ തങ്ങളുടെ ദുര്‍ബല പ്രതിരോധങ്ങള്‍ തകര്‍ന്നടിയുമോ എന്ന ആശങ്കയിലുമാണ്.
ധാര്‍മികതയും നൈതികതയും ഉയര്‍ത്തിപ്പിടിക്കുന്ന നേതൃത്വത്തിന്റെ അഭാവം പ്രകടമാവുന്നത് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ മാത്രമല്ല. ലോക വ്യാപകമായി അഭയാര്‍ഥി- കുടിയേറ്റ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. സംഘര്‍ഷങ്ങളും സാമ്പത്തിക തകര്‍ച്ചയും പരിസ്ഥിതി മാറ്റവും കാരണമായി പലായനം ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്.
അഫ്ഗാനില്‍ താലിബാന്‍ അധികാരത്തിലേറിയതോടെ പതിനായിരങ്ങള്‍ ആ നാട്ടില്‍നിന്ന് പുറത്ത് കടക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. അധികപേരും എത്തിച്ചേര്‍ന്നത് അയല്‍നാടുകളായ പാകിസ്താനിലും ഇറാനിലുമാണ്. ഓടിപ്പോകുന്നവരുടെ മനസ്സില്‍ ഒരു പ്ലാനും ഉണ്ടായിരുന്നില്ല. യു. എസ് അധിനിവേശവുമായി സന്ധി ചെയ്തതിന് താലിബാന്‍ തങ്ങളെ ശിക്ഷിക്കുമോ എന്ന് ഭയന്നുള്ള ഓട്ടമായിരുന്നു അത്. മ്യാന്മറില്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന ന്യൂനപക്ഷങ്ങളില്‍ നൂറ് കണക്കിന് പേര്‍ എത്തിച്ചേര്‍ന്നത് ബംഗ്ലാദേശിലും തായ്‌ലന്റിലുമാണ്. രാഷ്ട്രീയ അസ്ഥിരതയിലേക്കും മാഫിയാ പോരിലേക്കും സാവധാനം വീണുകൊണ്ടിരിക്കുന്ന മധ്യ അമേരിക്കന്‍ രാഷ്ട്രങ്ങളില്‍നിന്ന് വലിയ ജനക്കൂട്ടങ്ങള്‍ യു.എസ് - മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് നീങ്ങുന്നത് കഴിഞ്ഞ വര്‍ഷവും തുടര്‍ന്നു.
അഭയവും കുടിയേറ്റവും നിഷേധിക്കപ്പെടുന്ന ആയിരക്കണക്കിന് മനുഷ്യരുടെ ജല ശ്മശാനം തന്നെയായിരുന്നു കഴിഞ്ഞ വര്‍ഷവും മെഡിറ്ററേനിയന്‍ കടല്‍. അതേ സമയം, യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്ക് ഇംഗ്ലീഷ് ചാനലും (English Channel) ബെലോ റഷ്യന്‍ - പോളിഷ് അതിര്‍ത്തിയും നിരവധി അഭയാര്‍ഥികളുടെ ജീവന്‍ വെച്ച് അമ്മാനമാടാനുള്ള വേദികളായും മാറി. ചൈനയിലാകട്ടെ ഉയിഗൂര്‍ വംശജര്‍ ഡിറ്റന്‍ഷന്‍ ക്യാമ്പുകളില്‍ നരകിക്കുന്നത് തുടര്‍ന്നു.
പാരിസ്ഥിതിക ദുരന്തങ്ങള്‍ നമ്മുടെ വാതില്‍ക്കല്‍ ഇടിച്ചു കയറിയ വര്‍ഷം കൂടിയാണ് 2021. പരസ്പരം വളരെ വിദൂരത്ത് കഴിയുന്ന ജര്‍മനി, ഫിലിപ്പീന്‍സ്, ആസ്‌ത്രേലിയ, ഇന്തോനേഷ്യ, ബ്രസീല്‍ തുടങ്ങിയ നാടുകളിലെല്ലാം രൗദ്ര രൂപം കൊണ്ട പ്രളയം നഗരങ്ങളെയും ചെറുപട്ടണങ്ങളെയും തകര്‍ത്തു. മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള അതിവര്‍ഷം കാരണം പല പുഴകളും ഗതിമാറിയൊഴുകി. കഴിഞ്ഞ വര്‍ഷം അന്റാര്‍ട്ടിക്കയില്‍ രേഖപ്പെടുത്തിയ ചൂട് കണക്കിലെടുക്കുമ്പോള്‍ അവിടെയുള്ള ഭീമന്‍ മഞ്ഞുമല മൂന്ന് വര്‍ഷത്തിനകം തകര്‍ന്നു വീഴുമെന്നും അത് സമുദ്രജലനിരപ്പ് അര മീറ്ററിലധികം ഉയര്‍ത്തുമെന്നുമാണ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ന്യൂയോര്‍ക്ക്, മുംബൈ, മൊമ്പാസ പോലുള്ള തീരദേശ നഗരങ്ങള്‍ക്ക് അത് ഭീഷണിയാകും. എന്നിട്ടും കഴിഞ്ഞ വര്‍ഷം ഗ്ലാസ്‌ഗോയില്‍ ചേര്‍ന്ന യു.എന്‍ പാരിസ്ഥിതിക ഉച്ചകോടി (COP 26) വലിയൊരു പരാജയമായിരുന്നു.
പ്രത്യയശാസ്ത്രങ്ങള്‍ രാഷ്ട്രത്തിന്റെ രക്ഷക്കെത്താത്ത വര്‍ഷം കൂടിയാണ് കടന്നു പോയത്. ഐഡിയോളജി വെച്ച് ഗവണ്‍മെന്റിന്റെ പ്രകടനം വിലയിരുത്താം എന്ന ചിന്ത പുനഃപരിശോധിക്കേണ്ടി വരും. എന്ത് പറയുന്നു എന്നല്ല, എന്ത് ചെയ്യുന്നു എന്നാണ് നോക്കേണ്ടത്. കോവിഡ് മഹാമാരിയോട് ഫലപ്രദമായി പ്രതികരിക്കുന്നതില്‍ അമേരിക്കയിലെ മുതലാളിത്ത വ്യവസ്ഥ പരാജയപ്പെട്ടു. വാക്‌സിനുകള്‍ ഒരുക്കി നിര്‍ത്തിയെങ്കിലും കാര്യക്ഷമമായ പരിശോധനാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനോ മെഡിക്കല്‍ സ്റ്റാഫിനെ നിലനിര്‍ത്താനോ അതിന് കഴിഞ്ഞില്ല. പിന്തുണ കിട്ടാതെ ഡോക്ടര്‍മാരും നഴ്‌സുമാരും ജോലി ഉപേക്ഷിക്കുന്ന കാഴ്ചയാണ് കാണാനുണ്ടായിരുന്നത്. അതേ സമയം കമ്യൂണിസ്റ്റ് ക്യൂബ സ്വന്തമായി വാക്‌സിന്‍ വികസിപ്പിക്കുകയും ജനസംഖ്യയുടെ 85 ശതമാനം പേര്‍ക്കും അത് ലഭ്യമാക്കുകയും ചെയ്തു. അവിടെ മരണശതമാനം 0.9; അമേരിക്കയിലത് 1.6 ശതമാനവും. ജനാധിപത്യത്തിന്റെയും പുരോഗതിയുടെയും മാതൃകയെന്ന് വിശേഷിപ്പിക്കപ്പെടാറുള്ള കനഡ വാക്‌സിന്‍ പൂഴ്ത്തിവെച്ചും വിവേചനപരമായ രാഷ്ട്രീയ നടപടികള്‍ സ്വീകരിച്ചും വലിയ അതിക്രമമാണ് കാട്ടിയത്. തെക്കനാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വര്‍ണ്ണവെറിയന്‍ വിലക്ക് ഏര്‍പ്പെടുത്തുക കൂടി ചെയ്തു ആ രാഷ്ട്രം. കോവിഡ് മരണനിരക്ക് 2.9 ശതമാനത്തില്‍ എത്തി നില്‍ക്കുമ്പോഴും ഉക്രൈനില്‍ യുദ്ധത്തിന് കോപ്പ് കൂട്ടുകയായിരുന്നു റഷ്യ.
പ്രത്യയശാസ്ത്രങ്ങള്‍ക്കും വാചകമടികള്‍ക്കുമപ്പുറം മികച്ച ഭരണത്തിന്റെ ആഗോള മാതൃക സ്ഥാപിക്കുകയായിരുന്നു കഴിഞ്ഞ വര്‍ഷവും ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്ത അഡേണ്‍. ഭരണീയര്‍ക്കും ഭരിക്കുന്നവര്‍ക്കുമിടയില്‍ ആശയ വിനിമയത്തിന് വഴികള്‍ തുറന്നു കൊണ്ട് പുതിയ വെല്ലുവിളികളോട് അവര്‍ അപ്പപ്പോള്‍ പ്രതികരിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം പൊതുവെ ലോകത്തെ ഭരിച്ച രാഷ്ട്രീയ ചിന്ത 'നമുക്കെതിരെ അവര്‍' എന്ന നരേറ്റീവ് ആണെന്ന് കാണാനാവും. അത്തരമൊരു ചിന്ത ഭരിക്കുന്ന ലോകത്ത് സഹകരണമുണ്ടാവില്ല, മത്സരമേ ഉണ്ടാവൂ. വളരെ ചെറിയ വിഭാഗത്തിന്റെ രാഷ്ട്രീയ അതിജീവനത്തിന് ഭൂരിപക്ഷ ക്ഷേമത്തെ തള്ളി മാറ്റി ഇടുങ്ങിയ ദേശീയ വികാരങ്ങള്‍ ഉദ്ദീപിപ്പിക്കപ്പെടുകയും ചെയ്തു.
(നഞ്ചല നയബോള കെനിയന്‍ രാഷ്ട്രീയ നിരീക്ഷകയും Digital Democracy, Analogue Politics എന്ന കൃതിയുടെ കര്‍ത്താവുമാണ്)
Comments