Prabodhanm Weekly

Pages

Search

2022 ജനുവരി 14

3235

1443 ജമാദുല്‍ ആഖിര്‍ 11

മുസ്‌ലിം സ്ത്രീകളെ അവഹേളിക്കുന്ന  ആപ്പ് വീണ്ടും 

സ്ത്രീകളുടെ അവകാശങ്ങളം അഭിമാനവും അന്തസ്സും സംരക്ഷിക്കാന്‍ മറ്റെങ്ങുമില്ലാത്തത്ര നിയമങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടാവാമെങ്കിലും അവ പ്രയോഗവത്കരിക്കാന്‍ അധികാരികളും നിയമ സംവിധാനവും യഥാസമയം ഇടപെടുന്നില്ല എന്നത് കുറച്ചൊന്നുമല്ല നമ്മുടെ നാടിനെ ലോകത്തിന് മുമ്പില്‍ നാണം കെടുത്തുന്നത്. അല്‍പം ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ പലതരം കുത്സിതവൃത്തികളില്‍ ഏര്‍പ്പെടുന്നവരെ കൈയോടെ പിടികൂടി ശിക്ഷിക്കാനും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാനും സാധിക്കുമായിരുന്നു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് അത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ ഇടയാക്കുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബുള്ളി ബായ്/ബുള്ളി ഡീല്‍സ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട അത്യന്തം വൃത്തികെട്ട, ഒരു പരിഷ്‌കൃത സമൂഹത്തിന് ഒട്ടും യോജിക്കാത്ത ആപ്പ്. ശ്രദ്ധേയമായ പല സാമൂഹിക ഇടപെടലുകളും നടത്തുന്ന മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോയും പ്രൊഫൈലും നല്‍കി അവരെ 'വില്‍പ്പന'ക്ക് വെച്ചിരിക്കുകയാണ് ഗിറ്റ് ഹബ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ ഒരു വ്യാജ വെബ് സൈറ്റില്‍. മുഖ്യധാരാ മാധ്യമങ്ങളില്‍ പലതും അതൊരു വാര്‍ത്തയാക്കിയതായി പോലും കണ്ടിട്ടില്ല. ഒരു ടീനേജറുടെ കുസൃതിയായിട്ടേ അവരതിനെ കണ്ടിട്ടുണ്ടാവുകയുള്ളൂ. മാധ്യമങ്ങള്‍ക്കതാവാം. കുനിയാന്‍ പറഞ്ഞപ്പോള്‍ ഇഴഞ്ഞു തുടങ്ങിയ മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്ന് അതേ പ്രതീക്ഷിക്കേണ്ടതുള്ളൂ. പക്ഷേ നിയമ, ഭരണനിര്‍വഹണ സംവിധാനങ്ങളും ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ കണ്ടില്ലെന്ന് നടിച്ചാലോ! ഈ അലംഭാവത്തിനെതിരെ ദല്‍ഹി വനിതാ കമീഷന്‍ കടുത്ത പ്രതികരണം നടത്തിയപ്പോഴാണ് പോലിസ് അല്‍പ്പമൊന്ന് ഉണര്‍ന്നത്. ഇതെഴുതുമ്പോള്‍ രണ്ട് പേര്‍ പിടിയിലായിട്ടുണ്ട്. അതിലൊരാള്‍ പത്തൊമ്പത്കാരിയായ ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയാണ്. മൂന്ന് സംസ്ഥാനങ്ങളിലായി അന്വേഷണം വ്യാപിപ്പിച്ചതില്‍നിന്ന് തന്നെ ആ വിദ്വേഷ പ്രചാരണ ശൃംഖലയില്‍ വേറെ പലരും ഉണ്ടായിരിക്കാനുള്ള സാധ്യത തെളിയുന്നുണ്ട്.
ഇത് ഏതെങ്കിലും വിഭാഗത്തെയല്ല മൊത്തം സ്ത്രീ സമൂഹത്തെയും അവഹേളിക്കലാണ്, അവരുടെ അഭിമാനത്തെ പിച്ചിച്ചീന്തലാണ്, അന്തസ്സോടെ ജീവിക്കാനുള്ള ഏതൊരു പൗരന്റെയും/പൗരയുടെയും ഭരണഘടനാ ദത്തമായ മൗലികാവകാശത്തെ ചോദ്യം ചെയ്യലാണ്. ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചും പൈതൃകത്തെക്കുറിച്ചും ഇത് എന്തു മാത്രം അവമതിയുണ്ടാക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ആറ് മാസം മുമ്പും മുസ്‌ലിം പെണ്‍കുട്ടികളെ ലേലത്തിന് വെച്ച ഒരു ആപ്പ് പ്രത്യക്ഷപ്പെട്ടിരുന്നു. 'സുള്ളി ഡീല്‍സ്' എന്നായിരുന്നു അതിന്റെ പേര്. ഓണ്‍ലൈന്‍ ലേലത്തിനായി എണ്‍പത് മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകളാണ് അതില്‍ കൊടുത്തിരുന്നത്. അതില്‍ എഫ്.ഐ.ആര്‍ തയാറാക്കിയിരുന്നെങ്കിലും തുടര്‍ അന്വേഷണം നടക്കുകയോ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയോ ഉണ്ടായില്ല. ഈ അനാസ്ഥയാണ് അതേ വിദ്വേഷ പ്രചാരണവുമായി വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാന്‍ ഇത്തരക്കാര്‍ക്ക് ധൈര്യം പകരുന്നത്. ആദ്യം വേണ്ടത് ഇത്തരം വിദ്വേഷ സൈറ്റുകള്‍ അടച്ചു പൂട്ടുകയാണ്. കുറ്റവാളികളുടെ പേരുവിവരങ്ങള്‍ പുറത്തുവിടുകയും അവര്‍ സമൂഹത്തില്‍ അപമാനിതരാവുകയും വേണം. ഇരകള്‍ക്ക് തങ്ങള്‍ അനുഭവിച്ച പ്രയാസങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വേണം.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ എന്തും ചെയ്യാം, എന്തും പറയാം എന്നൊരു പൊതുബോധം ആരൊക്കെയോ ചേര്‍ന്ന് സൃഷ്ടിച്ച് വിടുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചര്‍ച്ചുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അതില്‍ പെട്ടതാണ്. സംസ്ഥാന ഭരണകൂടം തങ്ങള്‍ക്ക് രക്ഷാകവചമൊരുക്കുമെന്ന് അക്രമികള്‍ക്കറിയാം. മദര്‍ തെരേസയുടെ പേരിലുള്ള ചാരിറ്റി ഫൗണ്ടേഷന് വിദേശ ധനസഹായം സ്വീകരിക്കാനുള്ള ലൈസന്‍സ് കേന്ദ്ര ഭരണകൂടം റദ്ദ് ചെയ്യുന്നതും മറ്റും അക്രമികള്‍ക്ക് കൃത്യമായ സന്ദേശം നല്‍കുന്നുണ്ട്. ഈയിടെ ചേര്‍ന്ന മതപുരോഹിതന്മാരുടെ ഒരു സമ്മേളനത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ പരസ്യമായി ഉന്മൂലന ഭീഷണിയാണ് മുഴങ്ങിയത്. ചിലര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും വിവാദത്തിന്റെ ചൂടും പുകയും അടങ്ങുന്നതോടെ കേസും തേഞ്ഞു മാഞ്ഞു പോകുമെന്ന് വിദ്വേഷ പ്രചാരകര്‍ക്കറിയാം. ഒരുപക്ഷേ ഭരിക്കുന്നവരുടെ ഇംഗിതമാവാം അവര്‍ പൂര്‍ത്തീകരിക്കുന്നത്. പിന്നെ എങ്ങനെ അവര്‍ക്കെതിരെ നടപടിയുണ്ടാവും! ജനത്തിന്റെ കണ്ണില്‍ പൊടിയിടുക മാത്രമാണ് ചെയ്യുന്നത്. 'ബുള്ളി ബായ്' പ്രശ്‌നത്തിലും അതേ നാം പ്രതീക്ഷിക്കേണ്ടതുള്ളൂ.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍
ടി.കെ ഉബൈദ്‌

ഹദീസ്‌

സഹോദരിയുടെ അവകാശങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌