Prabodhanm Weekly

Pages

Search

2022 ജനുവരി 14

3235

1443 ജമാദുല്‍ ആഖിര്‍ 11

അറബ് വസന്ത വിപ്ലവങ്ങള്‍ക്കെതിരെ അവസാന വെടി

അബ്ദുല്‍ ഹമീദ് സ്വയ്യാം

കഴിഞ്ഞ വര്‍ഷം ആഫ്രിക്കയിലുണ്ടായ സംഭവ വികാസങ്ങളില്‍ സുപ്രധാനമായ ഒന്ന് എത്യോപ്യയിലെ ആഭ്യന്തര യുദ്ധം രൂക്ഷമായി എന്നതാണ്. അത് തലസ്ഥാന നഗരമായ അദീസ് അബാബയോളം എത്തി. 2020 നവംബറില്‍ മെക്ക്‌ലെ നഗരത്തില്‍ പട്ടാളത്തെ അഴിഞ്ഞാടാന്‍ വിട്ട എത്യോപ്യന്‍ പ്രസിഡന്റ് ആബി അഹ്മദ് കരുതിയത് ഇതോട് കൂടി തിഗ്‌റായ് വിഘടനവാദത്തിന് അന്ത്യം കുറിച്ചു എന്നായിരുന്നു. എത്യോപ്യന്‍ സൈന്യവും കൂട്ടാളികളും അവിടെ ചെയ്തു കൂട്ടിയത് മാനവികതക്കെതിരായ യുദ്ധക്കുറ്റങ്ങള്‍ തന്നെയായിരുന്നു. തിഗ്‌റായ് മേഖല നാല് ഭാഗത്ത് നിന്നും വളഞ്ഞതോടെ സമാനതകളില്ലാത്ത ക്രൂരതകളാണ് അരങ്ങേറിയത്. എന്നാല്‍ തിഗ്‌റായ് വിമോചന മുന്നണി ഏത് വിധേനയും 'അധിനിവേശകരെ' പുറത്താക്കുമെന്ന് ദൃഢനിശ്ചയം ചെയ്തിരിക്കുകയായിരുന്നു. അവര്‍ കഴിഞ്ഞ ജൂണ്‍ 23-ന് തങ്ങളടെ തലസ്ഥാനമായ മെക്ക്‌ലെ തിരിച്ചുപിടിച്ചു. എന്നല്ല എത്യോപ്യന്‍ തലസ്ഥാനമായ അദീസ് അബാബക്കെതിരെ നീങ്ങുകയും ചെയ്തു. തിഗ്‌റായ് വിമോചന മുന്നണിക്കൊപ്പം ഏഴ് ഗ്രൂപ്പുകള്‍ കൂടി ചേര്‍ന്നിരിക്കുന്നു. യുദ്ധത്തിലൂടെയോ അല്ലാതെയോ  ആബി അഹ്മദിനെ പുറത്താക്കുമെന്ന ദൃഢനിശ്ചയത്തിലാണ് അവര്‍. മുന്‍ നൈജീരിയന്‍ പ്രസിഡന്റ് ഓല്‍സഗുന്‍ ഓബാസഞ്ചുവിന്റെ നേതൃത്വത്തില്‍ ആഫ്രിക്കന്‍ യൂനിയന്‍ പ്രശ്‌നത്തില്‍ ഇടപെടുകയും പ്രസിഡന്റും വിമതരും തമ്മില്‍ ഒരു ഒത്തുതീര്‍പ്പിന് വഴിതെളിയിക്കുകയും ചെയ്തിരിക്കുകയാണ്. കരാര്‍ പ്രകാരം വിമതര്‍ യുദ്ധം നിര്‍ത്തുകയും രാഷ്ട്രീയ പരിഹാരം സ്വീകാര്യമാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. അഫാര്‍, ഉംഹറ എന്നീ പ്രവിശ്യകളില്‍നിന്ന് പിന്‍വാങ്ങി വിമതര്‍ തിഗ്‌റായ് പ്രവിശ്യയിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ്. നൈല്‍ നദിയിലെ അന്നഹ്‌ള അണക്കെട്ടുമായി ബന്ധപ്പെട്ട് ഈജിപ്ത്, സുഡാന്‍ പോലുള്ള രാജ്യങ്ങള്‍ തമ്മില്‍ ഉടലെടുത്ത തര്‍ക്കങ്ങള്‍ക്ക് 2021-ലും പരിഹാരമായില്ല.
അറബ് ലോകത്ത് രണ്ട് അട്ടിമറികളാണ് പോയവര്‍ഷം ശ്രദ്ധയാകര്‍ഷിച്ചത്. ഒന്ന് തുനീഷ്യന്‍ പ്രസിഡന്റ് ഖൈസ് സഈദ് നടത്തിയ ഭരണഘടനയുടെ അട്ടിമറിയാണ്. രണ്ടാമത്തേത് സുഡാനിലെ ഇടക്കാല ഭരണകൂടത്തിനെതിരെ അബ്ദുല്‍ ഫത്താഹ് ബുര്‍ഹാന്‍ എന്ന പട്ടാള മേധാവി നടത്തിയ അട്ടിമറിയും. കഴിഞ്ഞ ജൂലൈ 25-നാണ് തുനീഷ്യന്‍ ഭരണഘടനയെ ഖൈസ് സഈദ് പൂര്‍ണമായി അട്ടിമറിച്ചത്. നിയമനിര്‍മാണ സഭയുടെയും ജുഡീഷ്യറിയുടെയും അധികാരങ്ങള്‍ പിടിച്ചെടുത്തു എല്ലാം തന്റെ കൈകള്‍ക്കകത്ത് ഒതുക്കുകയായിരുന്നു ഖൈസ്. സര്‍വാധിപത്യ വാഴ്ചയാണ് അയാള്‍ കൊണ്ട് വരുന്നത്. അട്ടിമറിക്ക് ശേഷം ഇനിയും ശാന്തമായിട്ടില്ലാത്ത തുനീഷ്യന്‍ തെരുവുകളിലെ പ്രതിഷേധങ്ങള്‍ അയാള്‍ വകവെക്കുന്നേയില്ല. പാര്‍ലമെന്റ് മരവിപ്പിക്കുകയും പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള സകല നിയമ പരിരക്ഷകളും എടുത്തുകളയുകയും തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ പുറത്താക്കുകയും ചെയ്തിരിക്കുന്നു. അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടിരിക്കുന്നു. ചില ചാനലുകള്‍ അടച്ചുപൂട്ടുകയും പ്രതിപക്ഷത്തുള്ള ധാരാളം പേരെ ജയിലിലടക്കുകയും ചെയ്തിരിക്കുന്നു. 2022-ല്‍ പുതിയ ഭരണഘടനക്ക് വേണ്ടി ഹിതപരിശോധന നടത്തുമെന്നാണ് ഖൈസ് പറയുന്നത്. ഈജിപ്ഷ്യന്‍ ഏകാധിപതി സീസി, ഖൈസിന് ഗംഭീര സ്വീകരണമൊരുക്കിയത് വെറുതെയല്ല. കാരണമിത് അവസാനത്തെ അറബ് വസന്ത വിപ്ലവ തുരുത്തിന് നേരെയുള്ള വെടിയുതിര്‍ക്കലാണ്. പ്രതിവിപ്ലവ ശക്തികളുടെ ഗൂഢാലോചനകളെ തുനീഷ്യ അതിജീവിക്കുമെന്നാണ് നാം കണക്കു കൂട്ടിയിരുന്നത്. പക്ഷെ അട്ടിമറിക്കാരുടെ യഥാര്‍ഥ ശക്തി അളക്കുന്നതില്‍ നാം പരാജയപ്പെടുകയാണ് ചെയ്തത്.
സമാന രീതിയിലായിരുന്നു സുഡാനിലെയും അട്ടിമറി. ഒക്‌ടോബര്‍ 25-ന് അട്ടിമറി നടത്തുന്നതിന് മുമ്പ് സുഡാന്‍ ആര്‍മിയിലെ മേജര്‍ ജനറല്‍ ബുര്‍ഹാന്‍ അട്ടിമറി വിജ്ഞാനീയത്തിലെ തലതൊട്ടപ്പനായ ഈജിപ്തിലെ സീസിയെ സന്ദര്‍ശിച്ചിരുന്നു. തുനീഷ്യയിലെ ഖൈസിനെപ്പോലെ സുഡാനിലെ ബുര്‍ഹാനും സൈന്യം അധികാരം പിടിച്ചെടുത്തതായി പ്രഖ്യാപിച്ചു. ആഭ്യന്തര യുദ്ധം ഒഴിവാക്കാനും ജനാധിപത്യ പ്രക്രിയ 'ശരിയായ' രീതിയില്‍ മുന്നോട്ടു പോകാനുമാണത്രെ ഈ നടപടി. സിവില്‍ പ്രധാനമന്ത്രി അബ്ദുല്ല ഹംദൂകിനെ അദ്ദേഹത്തിന്റെ തന്നെ 'സുരക്ഷ' പരിഗണിച്ച് വീട്ടുതടങ്കലിലാക്കിയതായും പ്രഖ്യാപിച്ചു. ഈ അട്ടിമറിക്കെതിരെ സുഡാനില്‍ ദശലക്ഷങ്ങളാണ് തെരുവിലിറങ്ങിയത്. അവര്‍ തുറുങ്കിനെയും വെടിയുണ്ടയെയും ധീരമായി നേരിട്ടു. ഉടന്‍ അന്താരാഷ്ട്ര സമൂഹം ഇടപെട്ട് ബുര്‍ഹാനെ കൂച്ചുവിലങ്ങിട്ടു. അയാള്‍ക്ക് തല്‍ക്കാലത്തേക്കെങ്കിലും പിന്‍മാറുകയല്ലാതെ മാര്‍ഗമുണ്ടായിരുന്നില്ല. അങ്ങനെ ഹംദൂക് പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചെത്തി. താന്‍ രാജി വെക്കുകയാണെന്ന് ഹംദൂക് പ്രഖ്യാപിച്ചത് കാര്യങ്ങള്‍ ഒട്ടും ശുഭകരമല്ലെന്നതിന്റെ സൂചനയാണ്.
ചില അറബ് രാഷ്ട്രങ്ങള്‍ ഇസ്രായേലുമായുണ്ടാക്കിയ പലവിധ കരാറുകളാണ് പോയ വര്‍ഷത്തെ മറ്റൊരു പ്രധാന സംഭവം. ഇസ്രായേലീ പ്രമുഖര്‍ ആ നാടുകള്‍ നേരിട്ട് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇതില്‍ ഏറ്റവും അപകടം പിടിച്ചത് ഇസ്രയേല്‍ രാജ്യരക്ഷാ മന്ത്രിയും മൊറോക്കോ രാജ്യരക്ഷാ മന്ത്രിയും കഴിഞ്ഞ നവമ്പര്‍ 24-ന് ഒപ്പിട്ട സുരക്ഷാ, സൈനിക കരാറാണ്. ഇത് പ്രകാരം മൊറോക്കോക്ക് ഏറ്റവും പുതിയ ഇസ്രയേലി ആയുധങ്ങള്‍ ലഭിക്കും. സംയുക്ത സൈനികാഭ്യാസങ്ങള്‍ക്കും പരിപാടിയിട്ടിട്ടുണ്ട്. അയല്‍നാടായ അള്‍ജീരിയ മൊറോക്കോയുമായുള്ള ബന്ധങ്ങള്‍ വിഛേദിക്കാന്‍ വരെ ഇത് കാരണമായി. ഈ കരാറുകളൊക്കെ ഫലസ്തീനികളുടെ ചെലവിലായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതുമില്ലല്ലോ.
കഴിഞ്ഞ ഡിസംബര്‍ 24-ന് ലിബിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു. അത് നടന്നില്ല. അതാകട്ടെ ഒട്ടും അപ്രതീക്ഷിതവുമായിരുന്നില്ല. ഇപ്പോഴത്തെ രാഷ്ട്രീയ സങ്കീര്‍ണത വെച്ചു നോക്കിയാല്‍ സമീപഭാവിയിലൊന്നും പ്രസിഡന്റ് -പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനും സാധ്യതയില്ല. യമനിലെ യുദ്ധമുഖം കഴിഞ്ഞ വര്‍ഷം കൂടുതല്‍ വിപുലപ്പെടുകയാണുണ്ടായത്. അത് സുഊദി ഭൂപ്രദേശങ്ങളിലേക്കും എത്തിയിരിക്കുന്നു. യുദ്ധം തുടങ്ങിയിട്ട് ഏഴാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍, പ്രത്യേകിച്ച് മഅറബ്, തഇസ്, ഹദീദ തുടങ്ങിയ നഗരങ്ങളിലും ചെങ്കടല്‍ തീരപ്രദേശങ്ങളിലും കനത്ത സൈനിക വിന്യാസങ്ങള്‍ കാണാനുണ്ട്. 
(അമേരിക്കയിലെ ന്യൂജേഴ്‌സി Rutgers സര്‍വകലാശാലയില്‍ അധ്യാപകനും 'അല്‍ അറബി അല്‍ജദീദി'ല്‍ കോളമിസ്റ്റുമാണ് ലേഖകന്‍)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍
ടി.കെ ഉബൈദ്‌

ഹദീസ്‌

സഹോദരിയുടെ അവകാശങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌