ശാസ്ത്രമല്ല അവസാന വാക്ക്
2021 ഡിസംബര്‍ മാസത്തെ പ്രബോധനത്തില്‍ (ലക്കം: 3229) പ്രസിദ്ധീകരിച്ച 'ശാസ്ത്രമാണോ ആത്യന്തിക സത്യം' എന്ന ഡോ. വി.സി സയ്യൂബൂമായി സുഹൈറലി തിരുവിഴാംകുന്ന് നടത്തിയ സംഭാഷണം മികച്ചതായി. ശാസ്ത്രത്തെ കുറിച്ച് ഇന്ന് ഒട്ടു മിക്ക ആളുകള്‍ക്കുമുള്ള തെറ്റിദ്ധാരണകള്‍ നീക്കി ശരിയുടെ വെളിച്ചം പ്രസരിപ്പിക്കുന്നു ഈ അഭിമുഖം. ശാസ്ത്രത്തോടുള്ള ജനങ്ങളുടെ അഭിനിവേശം മുതലെടുത്ത്, യുക്തിബോധമില്ലാത്ത ചില നാസ്തികര്‍ പരത്തുന്ന ഇസ്ലാമോഫോബിയ ആണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്.
ഖുര്‍ആനിനെ ശരിക്കും മനസ്സിലാക്കിയിട്ടില്ലാത്ത അതിന്റെ വക്താക്കളും ഇതില്‍ ചെറിയ രീതിയിലെങ്കിലും കുറ്റക്കാരാണ്. ഖുര്‍ആന്‍ ഇറങ്ങിയ കാലത്തും പിന്നീടുമൊക്കെ അതിലെ വാക്കുകളുടെയും പ്രയോഗങ്ങളുടെയും അര്‍ഥതലങ്ങള്‍ അക്കാലത്തെ പണ്ഡിതന്മാര്‍ കണ്ടെത്തി വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ ഖുര്‍ആനിലെ ശാസ്ത്ര പരാമര്‍ശങ്ങള്‍ വിശദമാക്കാന്‍ അക്കാലത്തെ പണ്ഡിതന്മാര്‍ക്ക് സാധ്യമായിരുന്നില്ല.
ലോകാവസാനം വരെയുള്ള ജനങ്ങള്‍ക്കായി ഇറക്കിയ ഖുര്‍ആന്റെ പൊരുള്‍ മനസ്സിലാക്കുന്നതില്‍ ഓരോ കാലത്തെയും ശാസ്ത്രവികാസവും പങ്കുവഹിക്കുന്നുണ്ട്. പഴയ വിശദീകരണങ്ങളില്‍ ഒതുങ്ങി നില്‍ക്കാതെ, ഖുര്‍ആനിലെ വാക്കുകളുടെയും മറ്റും അര്‍ഥതലങ്ങള്‍ കാലാനുസൃത വ്യാഖ്യാനങ്ങള്‍ സഹിതം ജനങ്ങളിലേക്കെത്തിക്കണം. അത്തരം കഴിവുകളുള്ള നിരവധി സയ്യൂബുമാര്‍ ഇനിയും ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
ക്ലാസ് കേട്ടു കഴിഞ്ഞപ്പോള്‍ പിന്നെ സംശയങ്ങളില്ല!
ടി.എം ഹുസൈന്‍ ആരാമ്പ്രം
ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ്യയില്‍ അധ്യാപകനായിരുന്നപ്പോഴുള്ള കെ.എ ഖാസിം മൗലവിയുടെ ഓര്‍മകള്‍ (ലക്കം: 3232) വായിച്ചപ്പോള്‍ പടനിലം ജമാഅത്തെ ഇസ്ലാമിയുടെ നാസിമായിരുന്ന എന്റെ പിതാവ് ടി.എം കുഞ്ഞാമുട്ടി ഹാജി പറഞ്ഞ ഒരനുഭവം ഓര്‍മയിലെത്തുന്നു. കോഴിക്കോട് ജില്ലയിലെ മുഴു സമയ പ്രവര്‍ത്തകനായിരുന്ന കാലത്ത് മൗലവി ഇടക്കിടെ പടനിലം സന്ദര്‍ശിക്കുകയും ഞങ്ങളുടെ വീട്ടില്‍ ക്ലാസ്സുകള്‍ നടത്തുകയും ചെയ്യുമായിരുന്നു. അത്തരം ഒരു ക്ലാസ്സിലേക്ക് എന്റെ പിതാവ് നാസ്തികനായിരുന്ന ഒരു യുവ അധ്യാപകനെ ക്ഷണിച്ചപ്പോള്‍ അദ്ദേഹം തനിക്ക് ചില സംശയങ്ങള്‍ ചോദിക്കാന്‍ അവസരം തരാമെങ്കില്‍ മാത്രം യോഗത്തില്‍ പങ്കെടുക്കാമെന്ന് സമ്മതിക്കുകയും ബാപ്പ നിബന്ധന അംഗീകരിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് അദ്ദേഹം യോഗത്തില്‍ പങ്കെടുത്തു. മൗലവിയുടെ ദീര്‍ഘമായ ക്ലാസ്സ് കഴിഞ്ഞ ഉടനെ ബാപ്പ അദ്ദേഹത്തോട് 'ഇനി മാഷിന്റെ സംശയങ്ങള്‍ ചോദിക്കാം' എന്ന് പറഞ്ഞപ്പോള്‍ ക്ലാസ്സ് മുഴുവന്‍ സശ്രദ്ധം ശ്രവിച്ച മാഷ് പറഞ്ഞത് 'എന്റെ എല്ലാ സംശയങ്ങളും തീര്‍ന്നു' എന്നായിരുന്നുവത്രേ.
Comments