Prabodhanm Weekly

Pages

Search

2022 ജനുവരി 14

3235

1443 ജമാദുല്‍ ആഖിര്‍ 11

ചരിത്രത്തെ തിരിച്ചുപിടിക്കുന്ന രാഷ്ട്രീയ പ്രതിരോധം

സമദ് കുന്നക്കാവ്

ഇന്ത്യന്‍ ദേശീയതയുടെ ചരിത്രത്തിലും കേരളത്തിന്റെ സാമൂഹിക രൂപീകരണത്തിലും ഉജ്ജ്വല പാരമ്പര്യമുള്ളവരാണ്  മുസ്ലിം സമുദായം. കേരളത്തിന്റെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളില്‍, സാമൂഹികവും സാംസ്‌കാരികവുമായ ഉണര്‍വുകളില്‍, വിദ്യാഭ്യാസ നവോത്ഥാന മുന്നേറ്റത്തില്‍ മുസ്ലിം സമൂഹം നിര്‍വഹിച്ച പങ്ക് അനിതരസാധാരണമാണ്. അതിനാല്‍ ഇസ്ലാമിന്റെ വര്‍ണോജ്ജ്വലമായ ഈ ചരിത്ര പാരമ്പര്യത്തെകൂടി ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ഇന്ത്യയുടെയും കേരളത്തിന്റെയും ചരിത്രം പൂര്‍ണമാവുകയുള്ളൂ. 'കേരള മുസ്ലിംകള്‍ നൂറ്റാണ്ടിന്റെ ചരിത്രം' എന്ന  'വചനം' ബുക്‌സ് പുറത്തിറക്കിയിരിക്കുന്ന കനപ്പെട്ട ചരിത്രഗ്രന്ഥം ഈയൊരു രാഷ്ട്രീയ ധര്‍മമാണ് നിര്‍വഹിക്കുന്നത്.
ഡോ. എം.ജി.എസ് നാരായണന്‍ ചെയര്‍മാനായും കെ.ഇ.എന്‍ ചീഫ് എഡിറ്ററായും എ.പി കുഞ്ഞാമു എഡിറ്ററായും തയാറാക്കപ്പെട്ട ഈ കൃതിയില്‍ ആവിഷ്‌കരിക്കപ്പെടുന്നത്, നിഷ്‌കാസനം ചെയ്യപ്പെട്ട ഒരു സമുദായത്തിന്റെ കൂട്ടു കര്‍തൃത്വമാണ്. സ്ഥാപനവല്‍ക്കരിക്കപ്പെട്ട ചരിത്രാഖ്യാനങ്ങളിലൂടെ വക്രീകരിക്കപ്പെട്ട സമകാലിക മുസ്ലിം സമൂഹത്തിന്റെ സമരോത്സുകമായ ഇന്നലെകളെയും അതിന്റെ ആശയപരിസരങ്ങളെയും അടയാളപ്പെടുത്തുകയാണ് ഈ ചരിത്രകൃതി ചെയ്യുന്നത്. മുസ്ലിം ചരിത്രം വിസ്മരിക്കപ്പെടുകയും മര്‍ദക ഭരണകൂടങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി പുനര്‍സൃഷ്ടിക്കപ്പെടുകയും മുസ്ലിം ഓര്‍മകളെയും ചരിത്രബോധത്തെയും പകര്‍പ്പുകളായി വെട്ടിയൊതുക്കുകയും ചെയ്യുന്ന പുതിയ കാലത്ത് മുസ്ലിം ജനതയുടെ ചരിത്രപരമായ ഇടം ആവിഷ്‌കരിക്കുന്നതിലൂടെ കലര്‍പ്പില്ലാത്ത ചരിത്രബോധമുണര്‍ത്തുകയെന്ന സക്രിയമായ ധര്‍മമാണ് ഈ പുസ്തകം നിര്‍വഹിക്കുന്നത്.
ചരിത്രം ഭൂതകാലത്തെക്കുറിച്ച കേവലം ആഖ്യാനം മാത്രമല്ല മറിച്ച്, വര്‍ത്തമാന കാലത്തിന്റെ സ്വഭാവങ്ങളും ആവശ്യങ്ങളും തിരിച്ചറിഞ്ഞുള്ള രചനാത്മക ഇടപെടല്‍ കൂടിയാണ്. ദേശവും ദേശത്തിന്റെ ഭരണകൂട സാമഗ്രികളും അധികാര പ്രയോഗങ്ങളിലൂടെയും ബലപ്രയോഗങ്ങളിലൂടെയും മുസ്ലിം ചരിത്രത്തെയും അതിന്റെ സാംസ്‌കാരിക പാരമ്പര്യങ്ങളെയും ദേശീയ വ്യവഹാരങ്ങളില്‍നിന്ന് കുടിയിറക്കിയതിന്റെ നേരറിവുകളാണ് വര്‍ത്തമാനത്തിനുള്ളത്. ഇന്ത്യന്‍ ദേശീയതയുടെ ഭാവനാ ഭൂപടങ്ങളില്‍നിന്നും ചരിത്രപരമായി നിഷ്‌കാസനം ചെയ്യപ്പെട്ടതിന്റെ സ്വത്വപ്രതിസന്ധികള്‍ ഉമിത്തീ കണക്കെ ഇന്നും അവരെ ചുട്ടുപൊള്ളിക്കുന്നു. ദേശീയതയുടെ ഇത്തരമൊരു ഭീഷണമായ ചരിത്ര ഉള്ളടക്കത്തെ പുനര്‍വായിക്കേണ്ടതും കളങ്കരഹിതമായി അപഗ്രഥിക്കേണ്ടതും ചരിത്രാഖ്യായകരുടെ കടമയായിരുന്നു. ആധുനികമായ ഏതൊരു ഭൂവിഭാഗത്തിനും സമുദായത്തിനും പാരമ്പര്യത്തുടര്‍ച്ചയും പൗരാണികതയും പകര്‍ന്നുനല്‍കി ഏകാത്മകമായൊരു സ്വത്വബോധത്തിലേക്ക് അവരെ എത്തിക്കുന്നതില്‍ ചരിത്രം വിജയിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ സംഭവിച്ചത് സവര്‍ണോന്മുഖമായ അധീശ വ്യവഹാരങ്ങളായും കോളനീകരണത്തിന്റെ ജ്ഞാനമണ്ഡലമായും ചരിത്രം വഴിമാറിപ്പോയി എന്നതാണ്.
അധികാര രൂപങ്ങളും അതിന്റെ ഉപകരണസാമഗ്രികളുമുപയോഗിച്ച് ഈ ചരിത്രകാരന്മാര്‍ വികസിപ്പിച്ചുകൊണ്ടുവന്ന പ്രത്യയശാസ്ത്ര പാഠങ്ങളില്‍നിന്ന് മുസ്ലിം സമൂഹം തമസ്‌കരിക്കപ്പെടുകയും അന്യവല്‍ക്കരിക്കപ്പെടുകയും ചെയ്തു. ദേശചരിത്രത്തിന്റെ വംശീയവും അധീശപരവുമായ ഔദ്യോഗിക ഭാഷ്യങ്ങള്‍ക്കെതിരിലുള്ള വിമതാഖ്യാനമായി വേണം 'കേരള മുസ്ലിംകള്‍, നൂറ്റാണ്ടിന്റെ ചരിത്രം' എന്ന പുസ്തകത്തെ നോക്കിക്കാണാന്‍. പ്രമാണവല്‍ക്കരിക്കപ്പെട്ട അറിവധികാരങ്ങളെ പ്രശ്‌നവല്‍ക്കരിച്ചുകൊണ്ട് മുസ്ലിം സമൂഹത്തിന് പൊതുവായൊരു പൈതൃകമുണ്ടെന്ന് ഈ പ്രത്യാഖ്യാനങ്ങള്‍ കാര്യഗൗരവത്തോടെ ഓര്‍മിപ്പിക്കുന്നു. വിഭാഗീയതകളെ നിര്‍മലമായ കണ്ണുകളിലൂടെ നോക്കിക്കാണാന്‍ പുസ്തകം നമ്മെ സജ്ജരാക്കുന്നു. അധിനിവേശവിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രാധ്യായങ്ങള്‍ക്ക് ആമുഖം രേഖപ്പെടുത്തിയവര്‍ എന്ന നിലക്ക് ദേശത്തിലും ദേശീയതയിലും നമ്മുടെ ഇടത്തെ അത് അരക്കിട്ടുറപ്പിക്കുന്നു. ഒരു നൂറ്റാണ്ട് നീണ്ടുനില്‍ക്കുന്ന മുസ്ലിം സമൂഹത്തിന്റെ വൈവിധ്യവും ചലനാത്മകവുമായ ഇന്നലെകളെ മുഴുവന്‍ ചരിത്രപരമായി കണ്ണിചേര്‍ക്കുന്നതിലൂടെ മുസ്ലിം അപരജീവിതങ്ങളുടെ ദേശീയ അവകാശം അടിവരയിടപ്പെടുകയും സാധൂകരിക്കപ്പെടുകയും ചെയ്യുന്നു.
കൊളോണിയല്‍ അധിനിവേശത്തിന്റെയും ദേശ സംസ്‌കാരങ്ങള്‍ക്കുമേലുള്ള കൈയേറ്റങ്ങളുടെയും ഫലമായി രൂപപ്പെട്ട മുസ്ലിം ന്യൂനപക്ഷങ്ങളടക്കമുള്ളവരുടെ പാര്‍ശ്വവല്‍ക്കരണത്തിന്റെ പൊള്ളുന്ന വെളിച്ചത്തില്‍ ദേശീയതയെക്കുറിച്ചുള്ള സാമ്പ്രദായിക നിര്‍വചനങ്ങള്‍ കൂടുതല്‍ പുതുക്കിപ്പണിയലുകള്‍ക്ക് വിധേയമായിട്ടുണ്ട്. ദേശീയതയെക്കുറിച്ചുളള പാരമ്പര്യ സങ്കല്‍പനങ്ങളെല്ലാം തന്നെ മൗലികമായി വ്യക്തിസ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, വൈദേശികാധിപത്യത്തില്‍ നിന്നുള്ള മോചനം തുടങ്ങിയ ശരാശരി ആശയാഭിലാഷങ്ങളാല്‍ രൂപപ്പെട്ടവയായിരുന്നുവെന്ന് പൊതുവെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കൊളോണിയലാനന്തര കാലത്തെ തിരിച്ചറിവിന്റെ ലോകത്ത് ദേശീയതാ സങ്കല്‍പനങ്ങള്‍ ലിംഗ, വര്‍ണ, വംശ ഭേദമന്യേ അപരജീവിതങ്ങളോട് താദാത്മ്യപ്പെടാന്‍ ഉദ്യമിക്കുന്നതും പ്രതിരോധത്തിന്റെ പ്രമേയം മുന്നോട്ടു വെക്കുന്നതും അധീശത്വവിരുദ്ധ വ്യവഹാരമാകാന്‍ ശ്രമിക്കുന്നവയുമാണ്. ഇത്തരം ദേശീയതാ സങ്കല്‍പനങ്ങളാകട്ടെ മുസ്ലിംകളടക്കമുള്ള അരികുജീവിതങ്ങളുടെ ദേശത്തിലും ദേശചരിത്രത്തിലുമുള്ള  ഇടത്തെ തികവാര്‍ന്ന രൂപത്തില്‍ തിരിച്ചു പിടിക്കുന്നതുമാണ്. രാഷ്ട്രീയവും സാംസ്‌കാരികവുമായ ഇത്തരം തിരിച്ചുപിടിക്കലിന്റേതായ വൈജ്ഞാനിക ഇടപെടലുകളാണ് ഈ പുസ്തകത്തിന്റെയും ഉള്ളടക്കപരമായ സവിശേഷത.
ആയിരത്തി നാനൂറിലധികം പേജുകളിലായി തയാറാക്കപ്പെട്ട ഈ പുസ്തകം ഭീഷണമായൊരു കാലത്തിന് ശേഷം മുസ്ലിം സമൂഹത്തില്‍ കാലാനുസൃതമായി രൂപപ്പെട്ട മുഴുവന്‍ പരിവര്‍ത്തനങ്ങളും കൃത്യമായി വിലയിരുത്തുന്നുണ്ട്. കേരളീയ മുസ്ലിം സമൂഹരൂപീകരണം, അവരുടെ രാഷ്ട്രീയം, വിദ്യാഭ്യാസം, മതം, സംസ്‌കാരം, സാഹിത്യം, പ്രവാസം, മുസ്ലിംകളും പുറംലോകവും തുടങ്ങിയ പന്ത്രണ്ടോളം ഉപശീര്‍ഷകങ്ങളിലായി പുസ്തകത്തിന്റെ ഉള്ളടക്കം പടര്‍ന്നുനില്‍ക്കുന്നു.
കേരളത്തിലെ മുസ്ലിം സമൂഹം അതിന്റെ സര്‍വ പൊലിവുകളോടെയും എങ്ങനെ രൂപപ്പെട്ടുവന്നുവെന്നും അതിനായുള്ള ദീര്‍ഘവും സംഘര്‍ഷപൂര്‍ണവുമായ ജീവിതാവസ്ഥ എങ്ങനെയൊക്കെയാണ് അവര്‍ താണ്ടിക്കടന്നതെന്നും അന്വേഷിക്കുന്നത് കാലിക്കറ്റ് സര്‍വകലാശാലയില്‍ ചരിത്രവിഭാഗം അധ്യക്ഷനായിരുന്ന ഡോ. വി. കുഞ്ഞാലി, ഡോ. ജാബിര്‍, എം. ഇസ്ഹാഖ് തുടങ്ങിയ എഴുത്തുകാരാണ്.
കഴിഞ്ഞ നൂറ്റാണ്ടില്‍ മുസ്ലിം സമൂഹത്തില്‍ വികസിച്ചുവന്ന മതപരവും രാഷ്ട്രീയവുമായ പ്രസ്ഥാനങ്ങള്‍, അവയുടെയൊക്കെ പ്രത്യേകതകള്‍, അവര്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍, ഊഷ്മളമായ പങ്കുവെപ്പുകള്‍, അവരുടെ മുന്‍കയ്യില്‍ നടത്തപ്പെടുന്ന സേവന പ്രവര്‍ത്തനങ്ങള്‍ ഇതൊക്കെയും  വിശദമായി പുസ്തകം പറഞ്ഞുവെക്കുന്നു. ഡോ. അബ്ദുല്ല മണിമ, പി.ടി നാസര്‍, എ.പി കുഞ്ഞാമു, എന്‍.പി ചെക്കുട്ടി എന്നിവരാണ്  ഈ സവിശേഷ പഠനങ്ങള്‍ തയാറാക്കിയിരിക്കുന്നത്.
കേരളത്തിന്റെ വികസന പാച്ചിലിന് വിസില്‍ മുഴക്കുന്ന പ്രവാസ ജീവിതത്തെക്കുറിച്ചും മുസ്ലിം ജീവിതത്തെ മതപരമായും സാംസ്‌കാരികമായും സര്‍ഗാത്മകമായും വൈജ്ഞാനികമായും നവീകരിക്കുന്നതിനെക്കുറിച്ചുമുള്ള വിപുലമായ പഠനം പുസ്തകം ചര്‍ച്ചക്കെടുക്കുന്നുണ്ട്. വി.എ കബീര്‍, ജലീല്‍ രാമന്തളി, വി. മുസഫര്‍ അഹമ്മദ് തുടങ്ങിയവരാണ് പ്രസ്തുത പഠനങ്ങള്‍ തയാറാക്കിയിരിക്കുന്നത്.
കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ ചരിത്രം മുസ്ലിം സ്ത്രീകളുടെ ഉണര്‍വിന്റെ ചരിത്രം കൂടിയാണ്. സ്ത്രീക്ക് അക്ഷരം വിലക്കപ്പെട്ട ആധുനികതയുടെ  മുസ്ലിം കാലത്തെയും പ്രീ മോഡേണ്‍ കാലത്തെ മുസ്ലിം സ്ത്രീയുടെ ചേതോഹരമായ പ്രതാപ ചരിത്രത്തെയും പുസ്തകം ശരിയാംവിധം അടയാളപ്പെടുത്തുന്നുണ്ട്. പ്രൗഢമായ പ്രബന്ധങ്ങളിലൂടെ  ഡോ. ഷംസാദ് ഹുസൈനും സദ്‌റുദ്ദീന്‍ വാഴക്കാടും ഡോ. അജ്മല്‍ മുഈനും ഈ സംവാദമണ്ഡലത്തെ കൂടുതല്‍ സജീവമാക്കുന്നു. മുസ്ലിം സര്‍ഗാത്മക ലോകത്തെക്കുറിച്ച് ആഴത്തില്‍ അന്വേഷണം നടത്തുന്നത് ഡോ. ജമീല്‍ അഹ്മദും ഡോ. മന്‍സൂര്‍ അലിയുമാണ്. മുസ്ലിം സമൂഹത്തിന്റെ  പത്രപ്രവര്‍ത്തന ചരിത്രം സമഗ്രമായി അവതരിപ്പിക്കുന്നത്  ഗവേഷകനായ അബ്ദുര്‍ുറഹ്മാന്‍ മങ്ങാടാണ്.
പുസ്തകത്തിന്റെ ഉള്ളടക്കപരമായ മറ്റൊരു പ്രത്യേകത മുസ്ലിം ജനസമാജത്തെയും അവരുടെ നാനാതരം ജീവിതാവസ്ഥകളെയും കുറിച്ചുള്ള മതേതര വിശകലനങ്ങളാണ്. സച്ചിദാനന്ദന്‍, സിവിക് ചന്ദ്രന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, ഗ്രോ വാസു, ടോണി മാത്യു, കെ.പി. രാമനുണ്ണി തുടങ്ങി നിരവധി പേര്‍ മുസ്ലിം സമൂഹത്തെ അനുരാഗപൂര്‍വവും വിമര്‍ശനപരവുമായുമെല്ലാം വിശകലനങ്ങള്‍ക്ക് വിധേയമാക്കുന്നു. പുസ്തകത്തിന്റെ മുഖ്യപത്രാധിപര്‍ കൂടിയായ കെ.ഇ.എന്‍. എഴുതിയ പ്രൗഢമായ പ്രബന്ധം കൂടുതല്‍ വായന ആവശ്യപ്പെടുന്ന ഒന്നാണ്. ആഗോള മൂലധന മുതലാളിത്തവും ഫാഷിസകാലത്തെ ഇന്ത്യയും പുരോഗമന കേരളവുമെല്ലാം ഒരുപോലെ  മുസ്ലിം സമൂഹത്തെ എങ്ങനെ അപരമാക്കുന്നു എന്ന അത്യന്തം സമകാലികമായ അന്വേഷണമാണ് കെ.ഇ.എന്‍ നടത്തുന്നത്.
കേരളീയ മുസ്ലിംകളുടെ പിന്നിട്ടൊരു നൂറ്റാണ്ട് സൃഷ്ടിച്ചെടുത്ത ഒട്ടേറെ പ്രതിഭാധനരായ നവോത്ഥാന നായകരും അവരുടെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേദാരമായ കുറേ ദേശങ്ങളുമുണ്ട്. ഈ നവോത്ഥാന നായകര്‍ക്കും അവരുടെ ദേശങ്ങള്‍ക്കും പുസ്തകം അര്‍ഹമായ പ്രാതിനിധ്യം നല്‍കിയിരിക്കുന്നു. മുഹമ്മദ് അബ്ദുറഹിമാന്‍, സീതിസാഹിബ്, സി.എച്ച്. മുഹമ്മദ് കോയ, ഇ.മൊയ്തു മൗലവി, കണ്ണിയത്ത് അഹമ്മദ് മുസ്ല്യാര്‍, കെ.എം മൗലവി, കെ. ഉമര്‍ മൗലവി, ഹാജി സാഹിബ്, പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ തുടങ്ങി നാനാതരം മേഖലകളില്‍ മിഴിവാര്‍ന്ന ഇടപെടലുകള്‍ നടത്തിയ പ്രധാനപ്പെട്ട നൂറുപേര്‍ പുസ്തകത്തില്‍ കണ്ണിചേര്‍ക്കപ്പെട്ടിരിക്കുന്നു. അതുപോലെ കൊടുങ്ങല്ലൂര്‍, അരീക്കോട്, തിരൂരങ്ങാടി, പട്ടിക്കാട്, മഞ്ചേരി, ശാന്തപുരം, ചേന്ദമംഗല്ലൂര്‍ തുടങ്ങി മുസ്ലിം നവോത്ഥാനത്തിന് തുറവിയൊരുക്കിയ ഒരു നൂറ്റാണ്ടിന്റെ ദേശങ്ങളിലേക്ക് പുസ്തകം വായനക്കാരെ കൊണ്ടെത്തിക്കുന്നു.
കേരളീയ മുസ്ലിം സമുദായത്തിന്റെ ഒരു നൂറ്റാണ്ട് പരമാവധി സമഗ്രതയില്‍ തയ്യാറാക്കി എന്ന സാഹസികമായ പ്രവര്‍ത്തനമാണ് പ്രസാധകര്‍ നിര്‍വഹിച്ചിരിക്കുന്നത്.
ചരിത്ര പഠനങ്ങളെയും ഗവേഷണ പ്രബന്ധങ്ങളെയും ഭാഷാലീലകളുടെയും ആഖ്യാന കൗശലങ്ങളുടെയും പണിപ്പുരയായി മാത്രം കാണുന്ന സമീപനങ്ങളില്‍ നിന്ന് മാറി മൗലികമായ പഠനങ്ങള്‍കൊണ്ടും വിശകലനങ്ങള്‍കൊണ്ടും സമ്പന്നമാണ് പുസ്തകം. ചരിത്രകൃതികളില്‍ പതിവുള്ള വിവരണം, വിശകലനം, സിദ്ധാന്തീകരണം എന്നിവയെല്ലാം ഇതിലുണ്ട്. എന്നാല്‍ ചരിത്രത്തെ മുസ്ലിം സമൂഹത്തിന്റെ ആദര്‍ശവും രാഷ്ട്രീയവും സാംസ്‌കാരികവുമായ ആധാരങ്ങളോട് കണ്ണിചേര്‍ക്കുന്ന ആഖ്യാന രീതിയാണ് പുസ്തകത്തെ വേറിട്ടുനിര്‍ത്തുന്നത്. അതുകൊണ്ടുതന്നെ കേവലമായ വൈജഞാനിക താല്‍പര്യങ്ങളാലല്ല, രാഷ്ട്രീയമായ പ്രതിരോധ ശ്രമങ്ങളുടെ ഭാഗമെന്ന നിലയിലാണ് കൃതി വ്യതിരിക്തമാകുന്നത്. പുസ്തകം മുന്നോട്ടുവെക്കുന്ന ഈ രാഷ്ട്രീയ അവബോധത്തിന്റെ ശാക്തീകരണ ശേഷിയാണ് അധീശത്വവിരുദ്ധ രചനയുടെ ഭാഗമാകാന്‍ അതിനെ യോഗ്യമാക്കുന്നത്.  


1921-2021
കേരള മുസ്‌ലിംകള്‍ നൂറ്റാിന്റെ ചരിത്രം
ചീഫ് എഡിറ്റര്‍: കെ.ഇ.എന്‍
പ്രസാധനം: വചനം ബുക്‌സ് കോഴിക്കോട്
പേജ്: 1408, വില: 1760 രൂപ.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍
ടി.കെ ഉബൈദ്‌

ഹദീസ്‌

സഹോദരിയുടെ അവകാശങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌