മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മുസ്‌ലിംകളോട് ചെയ്യുന്നത്
ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ മത നിരപേക്ഷത എന്ന പ്രയോഗം എന്നും പ്രശ്‌നവത്കരിക്കപ്പെടുന്ന ഒന്നാണ്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ മൗലിക സ്വഭാവം മത നിരാസത്തിലൂന്നിയതാവുമ്പോള്‍ പ്രയോഗത്തിലും അത് തന്നെ പ്രതിഫലിക്കും. എന്നാല്‍ നിരസിക്കപ്പെടേണ്ട മതത്തിന്റെയും സംസ്‌കാരത്തിന്റെയും പട്ടികയിലോ നിരുത്സാഹപ്പെടുത്തേണ്ട ആചരണങ്ങളിലോ ഭൂരിപക്ഷ ബ്രാഹ്മണിക്കല്‍ സംസ്‌കാരം ഒട്ടും കടന്നു വരാറില്ല എന്നതാണ് കൗതുകം. അതുകൊണ്ടുതന്നെയാവാം ഇന്ത്യയിലെ കമ്യൂണിസത്തിന് ബ്രാഹ്മണ മാര്‍ക്‌സിസം എന്ന അപരനാമം ലഭിച്ചത്. അപ്പോള്‍ ഇസ്‌ലാം നിരാസവും, മുസ്‌ലിം അപരവത്കരണവും മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനത്തിന്റെ കൂടി അജണ്ടയായി മാറുന്ന കാലത്തെ മുസ്‌ലിം-ഇടതുപക്ഷ വ്യവഹാരങ്ങളെ പ്രശ്‌നവത്കരിക്കുക സന്ദര്‍ഭോചിതമാണ്.
ഒരു സാമൂഹിക പ്രസ്ഥാനം എന്ന നിലയില്‍ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര വാഹകര്‍ മുസ്‌ലിം സമൂഹത്തോടും തിരിച്ചും സംവദിച്ചതിന്റെ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. ആഗോള വലതുപക്ഷ രാഷ്ട്രീയം അതിന്റെ ഫാഷിസ്റ്റ് മുഖം പുറത്തെടുക്കുമ്പോള്‍ പലയിടങ്ങളിലും മുസ്‌ലിം സമൂഹത്തിനും ഇടതു പ്രസ്ഥാനങ്ങള്‍ക്കും ചേര്‍ന്ന് നില്‍ക്കേണ്ടിവരാറുണ്ട്. ഇതെല്ലാം കൃത്യമായ രാഷ്ട്രീയ നിലപാടുകളില്‍നിന്ന് ജന്മംകൊള്ളുന്നതാണ്. അധികാര കേന്ദ്രങ്ങള്‍ക്കെതിരെ നിലകൊള്ളുമ്പോഴുള്ള നീതിബോധമാണ് ഇത്തരം കൂട്ടായ്മകള്‍ രൂപപ്പെടുത്തുന്നത്. എന്നാല്‍ അധികാര പങ്കാളിത്തത്തിന്റെ വിഷയം വരുമ്പോഴോ തങ്ങളുടെ അധികാര പരിധിയില്‍ മുസ്‌ലിംകള്‍ പ്രജകള്‍ ആകുമ്പോഴോ ഈ നീതിബോധം പലപ്പോഴും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ കാണാറില്ല. ഇത് തന്നെയാണ് നാം കേരളത്തിലും കണ്ടുകൊണ്ടിരിക്കുന്നത്.
മിനിമം അജണ്ടയുടെ പേരില്‍ അറുപതുകളില്‍ മുസ്‌ലിം രാഷ്ട്രീയം കമ്യൂണിസ്റ്റുകളുമായി സഹകരിച്ചു പോന്നിട്ടുണ്ട്. പ്രത്യയശാസ്ത്രപരമായ അടുപ്പം അക്കാലത്തുണ്ടായിട്ടില്ല. അധികാരം മത നിരാസ നീക്കങ്ങളിലേക്കും വിശ്വാസ സംഹിതകള്‍ക്കെതിരായ ആശയ പോരാട്ടത്തിലേക്കും അവരെ വഴി മാറ്റിയപ്പോള്‍ അതിനെ ശരിയാംവണ്ണം പ്രതിരോധിച്ചു നിര്‍ത്തിയിട്ടുമുണ്ട്. സി.എച്ച് മുഹമ്മദ് കോയാ സാഹിബ് ഉള്‍പ്പെടെയുള്ളവര്‍ ഒട്ടും അപകര്‍ഷത കൂടാതെ മതത്തോടും വിശ്വാസത്തോടുമുള്ള തങ്ങളുടെ കൂറ് ശക്തമായി സ്ഥാപിച്ചിട്ടുണ്ട്. അതൊന്നും വര്‍ഗീയതയുടെ ഭാഗമായല്ല, ഭരണഘടനാപരമായ അവകാശ സംരക്ഷണത്തിന്റെ ഭാഗമായാണ് മതേതര സമൂഹം പരിഗണിച്ചു പോന്നത്. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പതിയെ അവരില്‍ തന്നെ സൃഷ്ടിച്ച ഒരു തരം മതവിരോധം കേരളീയ പൊതുബോധമായി മാറ്റിയെടുക്കാനുള്ള തീവ്രശ്രമത്തിലാണിപ്പോള്‍.
ശാസ്ത്ര സാഹിത്യ പരിഷത്ത് പോലെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ ശാസ്ത്രബോധം വളര്‍ത്തുന്നു എന്ന ലേബലില്‍ മത നിരാസവും നിരീശ്വരത്വവും പ്രചരിപ്പിക്കുന്നത് ആരും ആദ്യകാലത്ത് അത്രയൊന്നും ഗൗരവമായി കണ്ടിരുന്നില്ല. വിദ്യാര്‍ഥി പ്രസ്ഥാനങ്ങളില്‍ അണിനിരന്നവരുടെ പ്രപഞ്ച വീക്ഷണം മതത്തില്‍നിന്ന് കമ്യൂണിസത്തിലേക്ക് വഴി മാറുന്നതും ഇതിനിടെ സംഭവിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ ആധുനിക ലിബറല്‍ മൂല്യങ്ങളുടെ വക്താക്കളായി, മതങ്ങളെയും സദാചാര ബോധത്തെയും പരസ്യമായി വെല്ലുവിളിച്ചു കൊണ്ട് കമ്യൂണിസ്റ്റ് പക്ഷം നിലയുറപ്പിക്കുമ്പോള്‍ ഇസ്‌ലാംമതവും മുസ്‌ലിം സമൂഹവും ഒരു ആശയ പോരാട്ടത്തെക്കുറിച്ച് തന്നെയാണ് ആലോചിക്കുന്നത്.
ആദര്‍ശവും കൃത്യമായ രാഷ്ട്രീയവുമുള്ള വിശ്വാസ ധാരയാണ് മുസ്‌ലിം സമൂഹത്തിന്റെ നിലപാടുകളും ഐക്യബോധവും രൂപപ്പെടുത്തുന്നത് എന്ന് സി.പി.എം പോലെയുള്ള സംഘടനകള്‍ക്ക് നല്ല ബോധ്യമുണ്ട്. ഈ ബോധ്യത്തില്‍നിന്നാവണം അവരുടെ നിലപാടുകളും രൂപപ്പെടുന്നത്. ലിബറല്‍ ചിന്താഗതി സമൂഹത്തില്‍ പടര്‍ത്താനും അതിന് ഔദ്യോഗിക പരിവേഷം നല്‍കാനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ഒരു ഭാഗത്ത് നടത്തുമ്പോള്‍ മുസ്‌ലിം സമുദായത്തിലെ സംവിധാനങ്ങള്‍ക്കകത്ത് കയറി ചുവടുറപ്പിക്കാനുള്ള ശ്രമവും സജീവമാക്കിയിട്ടുണ്ട്.
മുസ്‌ലിം സ്ഥാപനങ്ങളുടെ വളര്‍ച്ച നിരീക്ഷിക്കുകയും പതിയെ ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്ന രീതിയാണ് സ്വീകരിക്കുന്നത്. ഒട്ടേറെ സ്ഥാപനങ്ങളുടെയും കൂട്ടായ്മകളുടെയും മുനയൊടിക്കാനും ആസൂത്രിത നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. പാര്‍ട്ടി ഗ്രാമങ്ങളില്‍ പള്ളി, മദ്‌റസ, മറ്റു സംവിധാനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതിന്റെ രൂപം നിരീക്ഷിച്ചാല്‍ ഇത് വ്യക്തമാകും. കണ്ണൂര്‍ ജില്ലയില്‍ പല ഭാഗത്തും ഇത്തരം നിരവധി സംഭവങ്ങള്‍ ഉയര്‍ന്ന് കേള്‍ക്കാറുണ്ട്. ബാങ്ക് വിളിക്ക് പോലും നിയന്ത്രണമുള്ള ഇടങ്ങളുള്ളതായി ആരോപണമുണ്ട്. പുതിയ മതസ്ഥാപനങ്ങള്‍ക്ക് പാര്‍ട്ടിയില്‍നിന്ന് കൂടി പ്രവര്‍ത്തനാനുമതി വാങ്ങേണ്ട സഹചര്യമാണ്.
മുസ്‌ലിം രാഷ്ട്രീയ കര്‍തൃത്വത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ ആരുടെയും പിന്നിലല്ല ഇടതുപക്ഷവും. സ്വത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സ്വയം നിര്‍ണയാവകാശം മുസ്‌ലിം ദലിത് പക്ഷങ്ങള്‍ക്ക് വകവെച്ചു നല്‍കണോ വേണ്ടയോ എന്നിടത്ത് രണ്ടഭിപ്രായം ഇല്ലാത്ത വിധം നിഷേധ മനോഭാവമുള്ള മേലാളന്മാരുടെ കൂട്ടമായി മാറുകയാണ് ഇടതു പക്ഷവും സി.പി.എമ്മും. തങ്ങളുടെ രാഷ്ട്രീയ കോലായില്‍ ഏറാന്‍മൂളികളായി വേണമെങ്കില്‍ നിന്നു കൊള്ളൂ എന്നതാണ് നിലപാടെന്ന് ഇടതുപക്ഷ - മുസ്‌ലിം വ്യവഹാരങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ബോധ്യമാവും.
പൗരത്വ സമര വേളകളില്‍ മുസ്‌ലിം സമുദായത്തിന്റെ പ്രതിഷേധങ്ങളോട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്വീകരിച്ച സമീപനം അതിന് തെളിവാണ്. മുസ്‌ലിം സംഘാടനങ്ങളുടെയും മുസ്‌ലിം ചിഹ്നങ്ങളുടെയുമെല്ലാം സമര പങ്കാളിത്തത്തിനുള്ള അവകാശത്തെ പ്രശ്‌നവത്കരിക്കുകയും മുസ്‌ലിം സ്വത്വത്തെ നിരാകരിക്കുകയും ചെയ്യുന്ന രാഷ്ട്രീയം ഉയര്‍ത്താനാണ് ഇടതുപക്ഷം വിശിഷ്യാ സി.പി.എം ശ്രമിച്ചത്. തങ്ങളെ കുടിയൊഴിപ്പിക്കുന്നത് ഏത് സ്വത്വത്തിന്റെ പേരിലാണോ അത് ഉയര്‍ത്തിക്കാട്ടരുതെന്ന് ആ സമൂഹത്തോട് പറയാന്‍ മാത്രമുള്ള ഇസ്‌ലാമോഫോബിക് രാഷ്ട്രീയമാണ് അവര്‍ പയറ്റിയത്.
മുസ്‌ലിം യുവതയിലേക്ക് ലിബറല്‍ ചിന്താഗതികള്‍ കുത്തിനിറക്കാന്‍ കമ്യൂണിസ്റ്റ് വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങള്‍ മത്സരിക്കുന്നുണ്ട്. മതവിശ്വാസവും മതാചാരങ്ങളുമെല്ലാം പിന്തിരിപ്പനാണെന്നും, അല്ലെങ്കില്‍ അത് വ്യക്തിയുടെ അങ്ങേയറ്റത്തെ സ്വകാര്യത ആണെന്നുമൊക്കെയുള്ള ധാരണകള്‍ പാര്‍ട്ടിയോട് ആഭിമുഖ്യമുള്ള മുസ്‌ലിം യുവാക്കളില്‍ വേരുറപ്പിച്ചു കഴിഞ്ഞു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട മുസ്‌ലിം യുവതികള്‍ പലരും മിശ്രവിവാഹം ചെയ്യപ്പെടുന്നുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മിശ്ര വിവഹിതരായവരില്‍ നല്ലൊരു പങ്കും മുസ്‌ലിംകളാണ് എന്നതാണ് വസ്തുത. തങ്ങളുടെ മതനിരപേക്ഷ നിലപാടിന്റെ ആത്മാര്‍ഥത ഈ വിധത്തിലൊക്കെ തെളിയിക്കേണ്ടിവരുന്നു എന്നതാണ് ഇടത് മുസ്‌ലിംകള്‍ നേരിടുന്ന വലിയൊരു പ്രതിസന്ധി. ഈയിടെ നടന്ന കൊട്ടിഘോഷിക്കപ്പെട്ട ഒട്ടേറെ മിശ്ര വിവാഹങ്ങളില്‍ രക്തഹാരം ചാര്‍ത്തല്‍ ആചാരം കഴിഞ്ഞാല്‍ അമ്പലത്തിലെ താലികെട്ടും സിന്ദൂരവും മുടങ്ങിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അങ്ങനെയൊക്കെയാണ് ഈ 'മതനിരപേക്ഷത'യുടെ സ്വഭാവം!
ന്യൂനപക്ഷ സംവരണത്തെ പ്രതിസന്ധിയിലാക്കി സംവരണത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ തന്നെ അട്ടിമറിച്ചുകൊണ്ടാണ് ഭൂരിപക്ഷ സംവരണം കൊണ്ടുവന്നത്. സംവരണം ഒരു സാമ്പത്തിക സഹായ പാക്കേജ് അല്ല എന്ന് അതിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍നിന്നു കൊണ്ട് സംസാരിച്ചവരെ മുഴുവന്‍ സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുന്നവരെന്ന് മുദ്ര കുത്തിയത് ഒരു വേള മുസ്‌ലിം ലീഗിനെ പോലും പ്രതിരോധത്തിലാക്കി എന്നതാണ് സത്യം. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ക്കായി കൊണ്ടുവന്ന പാക്കേജിന്റെ ശിപാര്‍ശകള്‍ അട്ടിമറിക്കുകയും മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശങ്ങളുടെ ഭാഗം മറ്റുള്ളവര്‍ക്ക് നല്‍കേണ്ട സാഹചര്യമുണ്ടാക്കുകയും ചെയ്തതും സി.പി.എം നയം കൊണ്ട് തന്നെ. കൃത്യമായി വിഷയത്തെ അഡ്രസ് ചെയ്യാതെ ആശങ്കയകറ്റും എന്ന ഉറപ്പുകളില്‍ മുസ്‌ലിം മതനേതൃത്വങ്ങള്‍ സംതൃപ്തരായിക്കൊള്ളുമെന്ന് അവര്‍ക്ക് നന്നായറിയാം.
മലപ്പുറത്തെയും മറ്റു മുസ്‌ലിം ഭൂരിപക്ഷ ഇടങ്ങളെയും പരാമര്‍ശിക്കുമ്പോള്‍ പാര്‍ട്ടി നേതാക്കളുടെ ഭാഷയിലെ ഇസ്‌ലാമോഫോബിയ മറനീക്കി പുറത്ത് വരുന്നത് കാണാം. മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയം ആണെന്നും, മലപ്പുറത്ത് രാജ്യദ്രോഹികളാണ് അക്രമം നടത്തുന്നത് എന്നും, മലപ്പുറക്കാര്‍ ആണ് ആക്രമണത്തിന് പിന്നില്‍ എന്നുമൊക്കെയുള്ള പ്രസ്താവനകള്‍ മാത്രമെടുത്താല്‍ മതിയാവും തെളിവായി. പല ജനകീയ സമരങ്ങള്‍ക്ക് പിന്നിലും മുസ്‌ലിം തീവ്രവാദികള്‍ ആണെന്നും, രാജ്യദ്രോഹികള്‍ ആണെന്നും പറയുന്നത് ആര്‍.എസ്.എസ് അല്ല സി.പി.എം നേതാക്കള്‍ ആണെന്നതാണ് വിരോധാഭാസം. ചില പ്രത്യേക ആളുകളെ കണ്ടാല്‍ അവര്‍ കുറ്റക്കാര്‍ ആണെന്ന് മനസ്സിലാകും എന്ന സി.പി.എം നേതാവിന്റെ പ്രസ്താവനയും, വേഷം കണ്ടാല്‍ കുറ്റക്കാരെ മനസ്സിലാകും എന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനയും തമ്മില്‍ വലിയ അന്തരമില്ല. മുസ്‌ലിംകള്‍ സി.എ.എ സമരമുഖത്ത് സജീവമായപ്പോള്‍ അതില്‍ പോലും തീവ്രവാദ ബന്ധം ആരോപിച്ചത് ഇടതുപക്ഷമാണ് എന്ന കൗതുകം ബാക്കിയാവുന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനം പോലെ സി.എ.എ സമര കേസുകള്‍ പിന്‍വലിക്കും എന്ന വ്യാജവാഗ്ദാനം നല്‍കിയെങ്കിലും അഞ്ഞൂറോളം കേസുകളിലായി മൂവായിരത്തോളം പേര്‍ക്കെതിരെ കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
നല്ല മുസ്‌ലിം ചീത്ത മുസ്‌ലിം ബൈനറി സൃഷ്ടിക്കുകയാണ് മറ്റൊരു പ്രധാന ആയുധം. രാഷ്ട്രീയമായി തങ്ങളുടെ അവകാശങ്ങളെ പറ്റി സംസാരിക്കുകയോ, ജനകീയ പ്രശ്‌നങ്ങളില്‍ തങ്ങളുടെ സ്വത്വം നിലനിര്‍ത്തി ഇടപെടുകയോ ചെയ്യുന്ന മുസ്‌ലിംകളെ വര്‍ഗീയ, തീവ്രവാദ ചാപ്പയടിച്ചു മാറ്റിനിര്‍ത്തുന്ന ഇസ്‌ലാമോഫോബിക് രാഷ്ട്രീയമാണ് സി.പി.എം കുറച്ച് കാലമായി പ്രയോഗിച്ചു പോരുന്നത്. മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ഇടപെടുന്നവരുടെ മതം നോക്കി കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഇടതുപക്ഷം ഭരിക്കുന്ന കേരളം ഒട്ടും പിന്നിലല്ല.
തീവ്ര ഹിന്ദുത്വരുടെ ചെയ്തികളെയോ അങ്ങേയറ്റം വര്‍ഗീയത പ്രസരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ വ്യവഹാരങ്ങളെയോ ഒട്ടും ഗൗരവത്തില്‍ എടുക്കുന്നില്ല. കടുത്ത വര്‍ഗീയത പടര്‍ത്തുന്ന ഹിന്ദുത്വ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ സജീവമായി വാഴുന്നേടത്ത് വസ്തുതകള്‍ നിരത്തി ഹിന്ദുത്വശക്തികള്‍ക്കെതിരെ സംസാരിക്കുന്ന മുസ്ലിം പ്രൊഫൈലുകള്‍ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാണ്. സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മുസ്‌ലിം പ്രൊഫൈലുകളുടെ വീട് കയറിയിറങ്ങുകയാണ് ഇപ്പോള്‍ പോലീസ് സംവിധാനങ്ങള്‍ എന്നതാണ് വിരോധാഭാസം.
ദേവസ്വം ബോര്‍ഡ് നിയമന രീതിയില്‍നിന്ന് വ്യത്യസ്തമായി വഖ്ഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുക, നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയ ബിഷപ്പിനെ വാഴ്ത്തുകയും അതിനെ വിമര്‍ശിച്ചവരെ വര്‍ഗീയ മുദ്ര ചാര്‍ത്തുകയും ചെയ്യുക തുടങ്ങി വിചിത്രമായ മതനിരപേക്ഷതയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ മുസ്‌ലിംകള്‍ പ്രതിഷേധിച്ചാല്‍ അവര്‍ക്കെതിരെ ചാപ്പയടി ഉറപ്പ്. മുസ്‌ലിം ലീഗ്, സമസ്ത, ജമാഅത്തെ ഇസ്‌ലാമി, മുജാഹിദ് തുടങ്ങി എല്ലാ വിധ മുസ്‌ലിം രാഷ്ട്രീയ-മത കൂട്ടായ്മകള്‍ക്കും പാര്‍ട്ടി നേതാക്കന്മാരുടെ വര്‍ഗീയ സര്‍ട്ടിഫിക്കറ്റോ ചിലര്‍ക്കെങ്കിലും താലിബാന്‍ ചാപ്പയോ പതിച്ച് നല്‍കിയിട്ടുണ്ട്. കേരളത്തിലെ മുസ്‌ലിംകള്‍ താലിബാന്‍ ചെയ്തികള്‍ക്ക് നിരന്തരം സി.പി.എമ്മില്‍നിന്ന് പഴി കേള്‍ക്കേണ്ടി വരുന്നുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ ഇടത് പ്രതിനിധിയില്‍നിന്ന് താലിബാന്‍ പ്രയോഗം കേള്‍ക്കാതെ ഒരു മുസ്‌ലിം വിഷയം ചര്‍ച്ച ചെയ്യപ്പെടുക അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാറിയിട്ടുണ്ട്.
വസ്തുതകളും സാഹചര്യങ്ങളും ഇങ്ങനെയൊക്കെയാവുമ്പോഴും മുസ്‌ലിം നിലപാടുകളിലും സംഘാടനങ്ങളിലും വിള്ളലും ഭിന്നിപ്പുമുണ്ടാക്കാന്‍ സി.പി.എമ്മിന് എളുപ്പം സാധിക്കുന്നുമുണ്ട്. ഏത് വിഷയത്തിലും രണ്ടു പക്ഷമുണ്ട് എന്ന ധ്വനി വരുത്തുന്ന പ്രസ്താവനകള്‍ സമുദായത്തില്‍ നിന്നുണ്ടാവുന്നതിന് പിന്നില്‍ ഇവരുടെ ആസൂത്രണവും തന്ത്രവുമുണ്ട്.
ഒട്ടും സന്ദര്‍ഭോചിതമല്ലാത്ത ആഭ്യന്തര അഭിപ്രായാന്തരങ്ങളിലേക്ക് സമുദായത്തിന്റെ ചര്‍ച്ചയെ തിരിച്ചു വിടാന്‍ സി.പി.എമ്മിന് എളുപ്പം സാധിക്കുന്ന സംഘടനാ ഘടനയാണ് മുസ്‌ലിം സമുദായത്തിലുള്ളത്. വഖ്ഫ് വിഷയത്തിലെ കോ ഓര്‍ഡിനേഷനെ ഏറെ തന്ത്രപരമായാണ് അവര്‍ നേരിട്ടത്. ഏത് സാഹചര്യത്തെയും തങ്ങള്‍ക്ക് അനുകൂലമായി മാറ്റാന്‍ അവര്‍ക്ക് എളുപ്പം കഴിയുന്നു എന്നത് ഗൗരവത്തോടെ കാണേണ്ടതാണ്.
ഇടതുപക്ഷത്തോട് പ്രത്യക്ഷത്തില്‍ ചേര്‍ന്ന് നില്‍ക്കുന്ന വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളിലെ പാര്‍ട്ടി നിലപാടുകളോടും ഭരണപരമായ തീരുമാനങ്ങളോടുമൊന്നും പ്രതികരിക്കാനോ വിയോജിപ്പ് രേഖപ്പെടുത്താനോ ഉള്ള സ്വാതന്ത്ര്യമില്ല എന്നതാണ് വസ്തുത. അത്തരം അഭിപ്രായങ്ങളെ കണക്കിലെടുക്കാനുള്ള ജനാധിപത്യബോധം സി.പി.എമ്മിനുണ്ട് എന്ന തെറ്റിദ്ധാരണയും ഈ സഹയാത്രികര്‍ക്ക് ലവലേശമില്ല എന്നതാണ് സി.പി.എമ്മിന് അനുഗ്രഹമാവുന്നത്. മുസ്‌ലിം പ്രശ്‌നങ്ങളില്‍ ആര്‍ജവത്തോടെ ശബ്ദമുയര്‍ത്തിയാലോ വിയോജിപ്പ് പ്രകടിപ്പിച്ചാലോ വര്‍ഗീയ ചാപ്പ ലഭിക്കുമെന്നും തങ്ങളെ ഒട്ടും വിലവെക്കാന്‍ പോകുന്നില്ലെന്നുമുള്ള ഉത്തമ ബോധ്യം ഇവര്‍ക്കുള്ളത് കൊണ്ടാണ് സമുദായത്തിന്റെ പൊതുവികാരത്തില്‍നിന്ന് വേറിട്ട വിചിത്ര അഭിപ്രായങ്ങള്‍ ഇവരില്‍നിന്ന് പുറത്ത് വരുന്നത്.
സി.പി.എമ്മിനോട് ചേര്‍ന്ന് നില്‍ക്കുന്ന മുസ്‌ലിം സംഘങ്ങള്‍ സാമുദായിക കാര്യങ്ങളില്‍ ആര്‍ജവത്തോടെ സംസാരിക്കില്ല എന്നത് അവര്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല. സ്ഥാപനങ്ങള്‍, കോഴ്‌സ്‌കള്‍, പദവികള്‍, സര്‍ക്കാര്‍ ഗ്രാന്റുകള്‍ എന്നിവക്ക് അപ്പുറമുള്ള ആവശ്യങ്ങളോ അജണ്ടകളോ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്കില്ല എന്നതാണ് കൗതുകകരം. കമ്യുണിസ്റ്റ് സ്വാധീനം മൂലം സമൂഹത്തില്‍ വ്യാപകമാവുന്ന ലിബറല്‍ കാഴ്ചപ്പാടുകളെ പറ്റിയുള്ള സമുദായത്തിന്റെ ആധിയോട് പോലും ഇവര്‍ക്ക് നിസ്സംഗതയാണ്. എന്നാല്‍ സമുദായത്തിനുള്ളിലെ അഭിപ്രായാന്തരങ്ങളെ ഈ സി.പി.എം അനുകൂലികള്‍ ഒട്ടും സഹിഷ്ണുതയോടെ കാണാറുമില്ല.
ഒരു ബദല്‍ പ്രസ്ഥാനം എന്ന നിലയില്‍ വിയോജിപ്പുകള്‍ പ്രകടിപ്പിച്ചും തങ്ങളുടെ സ്വത്വം നിലനിര്‍ത്തിയും മുസ്‌ലിംകള്‍ക്ക് ചേര്‍ന്ന് നില്‍ക്കാവുന്ന ഇടം ഇടതുപക്ഷത്ത് ഉണ്ടാവേണ്ടതുണ്ട്. ബംഗാളിലെ ഇടതുപക്ഷത്തിന്റെ തകര്‍ച്ചയ്ക്ക് ഒരു പ്രധാന കാരണം ന്യൂനപക്ഷം കയ്യൊഴിഞ്ഞതാണ്. ഹിന്ദുത്വ പ്രീണനവുമായി അധിക നാള്‍ മുന്നോട് പോകാന്‍ ഇടതുപക്ഷത്തിന് സാധിക്കില്ല. തീവ്ര ഹിന്ദുത്വത്തോട് മത്സരിച്ചു വിജയിക്കാനാണോ സി.പി.എം ശ്രമം എന്ന് പോലും സംശയിക്കത്തക്ക വിധമാണ് അവരുടെ ചില നയങ്ങളും പ്രസ്താവനകളും. അത് ആത്മഹത്യാപരമായിരിക്കുമെന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ബാലപാഠം അറിയുന്ന ആര്‍ക്കുമറിയാം. ബാബരി മസ്ജിദ് തകര്‍ക്കാന്‍ സൗകര്യം ചെയ്ത് കൊടുത്തവര്‍ രാഷ്ട്രീയമായി ഇല്ലാതാവുകയും, അത് തകര്‍ത്തവര്‍ മുന്നിലെത്തുകയും ചെയ്തത് തന്നെ ഉദാഹരണം.
Comments