Prabodhanm Weekly

Pages

Search

2022 ജനുവരി 14

3235

1443 ജമാദുല്‍ ആഖിര്‍ 11

മുസ്‌ലിം ലോകം 2021 സംഘര്‍ഷങ്ങള്‍ക്കിടയിലും പ്രതീക്ഷയുടെ വെള്ളിരേഖകള്‍

പി.കെ. നിയാസ്

അധിനിവേശവും യുദ്ധഭീകരതയും ഏകാധിപതികളായ ഭരണാധികാരികളുടെ തേര്‍വാഴ്ചയുമൊക്കെയാണ് ഏറെക്കാലമായി മുസ്‌ലിം ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍. പുതുവര്‍ഷത്തിലേക്ക് പ്രവേശിച്ചപ്പോഴും മേല്‍ പ്രശ്‌നങ്ങളെല്ലാം ഏറക്കുറെ അതേപടി നിലനില്‍ക്കുന്നു. അഫ്ഗാനിസ്താനിലെ രണ്ട് പതിറ്റാണ്ടു നീണ്ട യു.എസ് അധിനിവേശം അവസാനിച്ചുവെന്നത് മാത്രമാണ് അപവാദമെങ്കിലും ആ രാജ്യത്തിന്റെ അധിനിവേശാനന്തര പ്രയാണം വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
ഒരു പതിറ്റാണ്ടിലേറെയായി മുസ്‌ലിം ലോകത്തിന് കണ്ണീരു മാത്രം സമ്മാനിച്ചുകൊണ്ടിരിക്കുന്ന സിറിയയിലെയും യമനിലെയും യുദ്ധഭീകരത മാറ്റമില്ലാതെ തുടര്‍ന്നു. സുഡാനിലും തുനീഷ്യയിലും ജനാധിപത്യം അട്ടിമറിക്കപ്പെടുന്നതിനും ജനാധിപത്യത്തിലേക്ക് കൂടുമാറാനുള്ള ലിബിയയുടെ നീക്കങ്ങള്‍ ഫലം കാണാതെ പോകുന്നതിനും പോയ വര്‍ഷം സാക്ഷിയായി. 2001-ലെ മുല്ലപ്പൂ വിപ്ലവാനന്തരം അറബ് ലോകത്ത് ഉയര്‍ന്നുവന്ന ജനാധിപത്യ നീക്കങ്ങളില്‍ മുന്നിലെത്തിയത് ഇസ്‌ലാമിസ്റ്റുകളായിരുന്നു. ഈജിപ്തിലും തുനീഷ്യയിലും മൊറോക്കോയിലും തെരഞ്ഞെടുപ്പുകളില്‍ അവര്‍ വന്‍ വിജയം കൊയ്തു. ഈജിപ്തില്‍ പട്ടാള അട്ടിമറിയിലൂടെയും തൂനീഷ്യയില്‍ പ്രസിഡന്റ് തന്നെ ജനാധിപത്യത്തെ ഗളഛേദം ചെയ്തും ഇസ്‌ലാമിസ്റ്റ് പാര്‍ട്ടികളെ അധികാരത്തില്‍നിന്ന് പുറന്തള്ളി. രാജഭരണത്തിന് കീഴില്‍ ഇത്രയും കാലം പിടിച്ചുനിന്ന മൊറോക്കന്‍ ഇസ്‌ലാമിസ്റ്റുകള്‍ ബാലറ്റിലൂടെ പടിയിറക്കപ്പെട്ടതോടെ അറബ് ലോകത്തെ ഇസ്‌ലാമിസ്റ്റ് പരീക്ഷണം വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുന്നു.

അധിനിവേശ ഫലസ്ത്വീന്‍

ഫലസ്ത്വീനികളുടെ ജീവിക്കാനുള്ള അവകാശത്തെ വെല്ലുവിളിച്ച് മുക്കാല്‍ നൂറ്റാണ്ടിലേറെയായി സയണിസ്റ്റ് ഭരണകൂടം നടത്തിവരുന്ന നിഷ്ഠുരമായ ചെയ്തികള്‍ അടുത്ത കാലത്തൊന്നും അവസാനിക്കില്ലെന്ന സന്ദേശം നല്‍കിയാണ് 2021 വിടവാങ്ങിയത്. വിശുദ്ധ ഖുദ്‌സിനു നേരെ സയണിസ്റ്റുകള്‍ നിരന്തരം നടത്തിവരുന്ന കൈയേറ്റങ്ങള്‍ക്കും കിഴക്കന്‍ ജറൂസലമിലെ ശൈഖ് ജര്‍റയില്‍നിന്ന് ഫലസ്ത്വീനി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ക്കുമെതിരെ ഇസ്‌ലാമിക ചെറുത്തുനില്‍പ് പ്രസ്ഥാനമായ ഹമാസ് പ്രതികരിച്ചതോടെ ഗസ്സക്ക് നേരെ അതിഭീകരമായ ബോംബ് വര്‍ഷമാണ് ഇസ്രയേല്‍ സൈന്യം നടത്തിയത്. പതിനാലു വര്‍ഷത്തിനിടെ അധിനിവേശ ഫലസ്ത്വീന്‍ പ്രദേശങ്ങളില്‍ ഇസ്രയേല്‍ നടത്തുന്ന നാലാമത്തെ യുദ്ധമായിരുന്നു മേയ് മാസത്തെ 11 ദിവസം നീണ്ടുനിന്ന സൈനിക നടപടികള്‍. 37 സ്ത്രീകളും 67 കുട്ടികളും ഉള്‍പ്പെടെ 260 ഫലസ്ത്വീനികള്‍ക്കാണ് ഇസ്രയേലീ ഭീകരതയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. രണ്ടണ്ടായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. 1800 താമസ സ്ഥലങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു. നാശ നഷ്ടങ്ങളുണ്ടായ കെട്ടിടങ്ങളുടെ എണ്ണം 14,000-ത്തിലേറെയാണ്. ഗസ്സയില്‍നിന്നുള്ള റോക്കറ്റുകള്‍ അഷ്‌കലോണില്‍ മാത്രമല്ല, 100 കിലോ മീറ്റര്‍ അകലെയുള്ള ജറൂസലമിലും ചെന്നെത്താന്‍ തുടങ്ങിയതോടെ സയണിസ്റ്റ് ഭരണകൂടം തന്നെ മുന്‍കൈയെടുത്ത് യുദ്ധം അവസാനിപ്പിക്കുകയായിരുന്നു. 

യുദ്ധക്കുറ്റവാളിക്ക് പരവതാനി

2011-ല്‍ അറബ് ലോകത്ത് വീശിയടിച്ച ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് അതേ വര്‍ഷം മാര്‍ച്ച് 15-ന് സിറിയയില്‍ ബശ്ശാറുല്‍ അസദ് എന്ന ഏകാധിപതിയുടെ കിരാത ഭരണത്തിനെതിരെ ജനകീയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. നിരായുധരായ ജനതയുടെ പ്രക്ഷോഭത്തെ തുടക്കം മുതല്‍ ചോരയില്‍ മുക്കിക്കൊല്ലാനാണ് ബഅ്‌സ് പാര്‍ട്ടി ഭരണകൂടം ശ്രമിച്ചത്. ഇതോടെ സിറിയക്ക് അകത്തും പുറത്തുമുള്ള പോരാട്ട ഗ്രൂപ്പുകളും തിരിച്ചടിക്കാന്‍ തുടങ്ങി. ഭീതിദമായ യുദ്ധത്തിലേക്കാണ് രാജ്യത്തെ അത് കൊണ്ടെത്തിച്ചത്. ഇറാനും ലബനാനിലെ അവരുടെ പ്രോക്‌സിയായ ഹിസ്ബുല്ലയും തുടക്കത്തിലും അസദ് പരാജയപ്പെടുമെന്നായപ്പോള്‍ റഷ്യയും സഹായത്തിനെത്തിയതോടെ ഭീകരമായ കൂട്ടക്കൊലക്കാണ് സിറിയ സാക്ഷ്യം വഹിച്ചത്. 
പത്തു വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ പ്രതിപക്ഷ സംഘടനകളുടെയും ആക്റ്റിവിസ്റ്റുകളുടെയും കണക്കില്‍ മരണം അഞ്ചു ലക്ഷത്തോളമാണ്. എന്നാല്‍ ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ വാര്‍ മോണിറ്റര്‍ ഗ്രൂപ്പ് പറയുന്നത് കൊല്ലപ്പെട്ടവരുടെ എണ്ണം ആറു ലക്ഷം കവിഞ്ഞുവെന്നാണ്. യുദ്ധം കാരണം രാജ്യത്തുനിന്ന് പലായനം ചെയ്തത് 68 ലക്ഷത്തിലേറെ പേര്‍. അത്ര തന്നെ ആളുകള്‍ വീടുകളും തൊഴിലും നഷ്ടപ്പെട്ട് രാജ്യത്തിനകത്ത് ദുരിതമനുഭവിക്കുന്നു. നഷ്ടപ്പെട്ട ഭൂപ്രദേശങ്ങള്‍ ബശ്ശാറുല്‍ അസദ് വീണ്ടെടുത്തതോടെ നേരത്തെ ആ ഏകാധിപതിക്ക് എതിരായിരുന്ന രാജ്യങ്ങള്‍ കളം മാറിച്ചവിട്ടി. ചില അറബ് രാജ്യങ്ങള്‍ ദമസ്‌കസുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുകയും നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയും ചെയ്തു. യുദ്ധക്കുറ്റങ്ങള്‍ക്ക് അസദിനെ വിചാരണ ചെയ്യണമെന്ന്   ആവശ്യപ്പെട്ടവരാണ് ഇന്ന് ആ ഏകാധിപതിയെ വിശുദ്ധനാക്കിയിരിക്കുന്നത് എന്നതാണ് സിറിയയുടെ ഏറ്റവും വലിയ ദുരന്തം.
കഴിഞ്ഞ മേയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രഹസനത്തില്‍ ബശ്ശാറുല്‍ അസദ് നാലാം തവണയും പ്രസിഡന്റായി. ചില്ലറ ജയമൊന്നുമല്ല, ഏകാധിപതികള്‍ സാധാരണ ജയിക്കാറുള്ള 95 ശതമാനത്തിനുമേല്‍ വോട്ടുകള്‍ക്ക് തന്നെ. ഇലക്ഷന്‍ വിജയത്തിനു പിന്നാലെ മേഖലയിലെ അറബ് രാജ്യങ്ങളുമായുള്ള സൗഹൃദം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ബശ്ശാറുല്‍ അസദ്. നേരത്തെ അസദിനെ തള്ളിപ്പറഞ്ഞ പലരും ഈ യുദ്ധക്കുറ്റവാളിയെ അധികം വൈകാതെ പുല്‍കിയേക്കുമെന്നാണ് മിഡിലീസ്റ്റിലെ പുതിയ സമവാക്യങ്ങള്‍ നല്‍കുന്ന സൂചന. ജനങ്ങളെ കൊല്ലുന്ന ഭീകരര്‍ക്ക് പരവതാനി വിരിക്കുന്നവരാണല്ലോ ഭരണാധികാരികളില്‍ പലരും!
യമന്‍ എന്ന ദുരന്തം
യമനില്‍ ഇറാന്‍ അനുകൂല ശീഈ വിഭാഗമായ ഹൂതികളെ അധികാരത്തില്‍നിന്ന് പുറന്തള്ളാന്‍ സുഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ നടത്തിവരുന്ന സൈനിക നടപടി തുടരുകയാണെങ്കിലും പ്രശ്‌നപരിഹാരം അടുത്തൊന്നും ഉണ്ടാകില്ലെന്നാണ് അവിടെനിന്ന് വരുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന. തലസ്ഥാനമായ സന്‍ആയില്‍ പിടിമുറുക്കിയ ഹൂതികള്‍ കൂടുതല്‍ പ്രദേശങ്ങള്‍ കീഴടക്കാനുള്ള നീക്കങ്ങള്‍ തുടരുകയാണ്. സുഊദി അറേബ്യയിലേക്ക് ഇടക്കിടെ ഹൂതികള്‍ നടത്തുന്ന മിസൈല്‍ ആക്രമണങ്ങള്‍ ആശങ്കാജനകമാണ്. 
ആധുനിക ലോകത്തെ ഏറ്റവും വലിയ മനുഷ്യനിര്‍മിത ദുരന്തമെന്നാണ് അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഹൈക്കമീഷന്‍ (യു.എന്‍.എച്ച്.സി.ആര്‍) യമനെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷമായി യമനില്‍ തുടര്‍ന്നുവരുന്ന യുദ്ധത്തെ സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ കുട്ടികള്‍ക്കുവേണ്ടിയുള്ള ഏജന്‍സിയായ യൂനിസെഫ് പുറത്തുവിട്ട കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഇറാന്‍ അനുകൂല ഹൂതികളും സുഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സേനയും തമ്മില്‍ നടന്നുവരുന്ന പോരാട്ടങ്ങളില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്ത കുട്ടികളുടെ എണ്ണം മാത്രം പതിനായിരം കവിയും! 

ഇറാന്റെ മേധാവിത്വ മത്സരം

ഇറാനിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചതുപോലെ ആത്മീയ നേതാവ് അലി ഖാംനഇയുടെ വലംകൈയായ ഇബ്‌റാഹീം റഈസി വിജയിച്ചു. വിപ്ലവാനന്തര ഇറാന്റെ 42 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ട തെരഞ്ഞെടുപ്പില്‍ 62 ശതമാനം വോട്ടുകള്‍ റഈസി നേടി. 48.8 ശതമാനമായിരുന്നു പോളിംഗ്. എന്നുവെച്ചാല്‍, രാജ്യത്തെ വോട്ടര്‍മാരില്‍ പകുതിയാളുകളുടെ പ്രാതിനിധ്യം പോലുമുണ്ടായില്ല. വോട്ടിംഗില്‍ പങ്കെടുക്കരുതെന്ന് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായ പ്രചാരണങ്ങള്‍ നടന്നു. രണ്ട് തവണ പ്രസിഡന്റായിരുന്ന മഹമൂദ് അഹ്മദീ നെജാദ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.
ഇറാനിലെ ജനാധിപത്യത്തിന് വലിയ കുഴപ്പങ്ങളുണ്ട്. ഗാര്‍ഡിയന്‍ കൗണ്‍സിലിന്റെ വെട്ടലില്‍നിന്ന് രക്ഷപ്പെട്ട അതീവ ഭാഗ്യവാന്മാര്‍ക്ക് മാത്രമേ സ്ഥാനാര്‍ഥിയാവാന്‍ കഴിയൂ. ഇത്തവണയും പതിവ് തെറ്റിയില്ല. 592 പേരാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അപേക്ഷിച്ചത്. ഗാര്‍ഡിയന്‍ കൗണ്‍സില്‍ അനുമതി നല്‍കിയത് ഏഴു പേര്‍ക്ക്. അവരില്‍നിന്ന് മൂന്നുപേര്‍ തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മുമ്പ് പിന്മാറുകയും ചെയ്തു. അപേക്ഷകരില്‍ 40 വനിതകളുണ്ടായിരുന്നെങ്കിലും ഒരാളെ പോലും പരിഗണിച്ചില്ല. 
പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ക്ക് പുതിയ പ്രസിഡന്റ് ഇബ്‌റാഹീംം റഈസി കര്‍ക്കശക്കാരനും അള്‍ട്രാ കണ്‍സര്‍വേറ്റീവുമാണ്. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ അടുത്തയാളാണ് റഈസി. പോരാത്തതിന് ശീഈ സെമിനാരിയില്‍നിന്ന് പഠനം നടത്തിയ, മേലങ്കിയും തലപ്പാവും ധരിച്ചയാള്‍. ഹാര്‍ഡ്ലൈനര്‍ ആകാനുള്ള കാരണങ്ങള്‍ ഇവയാണ്- ഇദ്ദേഹം ജഡ്ജിയായപ്പോള്‍ നിരവധി രാഷ്ട്രീയ എതിരാളികളെ തൂക്കുമരത്തിലേക്ക് നയിച്ചിട്ടുണ്ട്. 2009-ലെ ഗ്രീന്‍ മൂവ്‌മെന്റ് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിലും ഖാംനഇയുടെ അടുത്തയാളായ റഈസിക്ക് പങ്കുണ്ടായിരുന്നത്രെ.
കടുത്ത നിലപാടുകാരനായി അറിയപ്പെടുന്ന റഈസിയുടെ കീഴില്‍ ഇറാന്‍ പടിഞ്ഞാറുമായി ഏറ്റുമുട്ടുന്ന നിലപാടിലേക്ക് നീങ്ങുമെന്നായിരുന്നു പാശ്ചാത്യന്‍ മാധ്യമങ്ങളും നിരീക്ഷകരും പ്രകടിപ്പിച്ച ആശങ്ക. എന്നാല്‍, റഈസി തുടര്‍ന്നുകൊണ്ടിരിക്കുന്നത് പ്രായോഗിക രാഷ്ട്രീയമാണെന്ന് വിയന്നയില്‍ നടന്നുകൊണ്ടിരിക്കുന്ന ആണവ ചര്‍ച്ചകള്‍ സാക്ഷ്യപ്പെടുത്തുന്നു. മേഖലയിലെ ആധിപത്യത്തിന് ശ്രമിക്കുന്ന ഇറാന്‍, അറബ് രാജ്യങ്ങളില്‍ പരസ്യമായി നടത്തിവരുന്ന ഇടപെടലുകള്‍ പോയ വര്‍ഷവും തുടര്‍ന്നു. യെമനിലും സിറിയയിലും സ്ഥിതി രൂക്ഷമായത് ഇറാന്റെ ഇടപെടലുകളാണ്. ലബനാനിലെ രാഷ് ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതില്‍ ഇറാന്റെ നിയന്തണത്തിലുള്ള ഹിസ്ബുല്ലയുടെ പങ്കും നിഷേധിക്കാനാവില്ല. 

തുനീഷ്യയിലെ 'ജനാധിപത്യ അട്ടിമറി'

വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെയും പാര്‍ലമെന്റിനെയും പിരിച്ചുവിടുന്ന 'ജനാധിപത്യ അട്ടിമറി'ക്കും പോയ വര്‍ഷം ആഫ്രിക്കന്‍ ഭൂഖണ്ഡം സാക്ഷ്യം വഹിക്കുകയുണ്ടായി. തുനീഷ്യയിലാണ് തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റിനെ അട്ടിമറിച്ച് അരാഷ്ട്രീയക്കാരനായ പ്രസിഡന്റ് ഖൈസ് സഈദ് വില്ലനായത്.. 
ബാലാരിഷ്ടതകള്‍ക്കിടയിലും തുനീഷ്യന്‍ ജനാധിപത്യം തപ്പിയും തടഞ്ഞും മുന്നോട്ടു പോകുമ്പോഴാണ് പ്രധാനമന്ത്രി ഹിഷാം മശീശിയെ പുറത്താക്കിയ പ്രസിഡന്റ് ഖൈസ് സഈദ്, പാര്‍ലമെന്റിനെ മരവിപ്പിച്ചത്. 2014-ലെ ഭരണഘടന പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും പാര്‍ലമെന്റിന്റെയും അധികാരങ്ങള്‍ പ്രത്യേകമായി അടയാളപ്പെടുത്തിയതാണ്. അതിന് വിരുദ്ധമായ നടപടികളാണ് പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. അതിനാല്‍ ഈ നടപടിയെ 'അട്ടിമറി' എന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ വിശേഷിപ്പിച്ചത്. പ്രസിഡന്റ് ഖൈസ് തികഞ്ഞ ഏകാധിപതിയെപ്പോലെയാണ് പെരുമാറിയതെന്ന് സ്പീക്കറും പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ഇസ്‌ലാമിസ്റ്റ് അന്നഹ്ദ പാര്‍ട്ടിയുടെ നേതാവുമായ റാശിദുല്‍ ഗന്നൂശി തുറന്നടിച്ചു. പൊതുവെ സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും രൂക്ഷമായ തുനീഷ്യയില്‍ കോവിഡ് കാലത്തെ സ്ഥിതി അതീവ രൂക്ഷമായതിനെ തുടര്‍ന്ന് ജനം തെരുവിലിറങ്ങിയിരുന്നു. 
രണ്ടു മാസത്തോളം പുതിയ പ്രധാനമന്ത്രിയെ നിയമിക്കാതെ ഏകാധിപത്യ നിലപാടാണ് ഖൈസ് സഈദ് സ്വീകരിച്ചത്. ആഭ്യന്തര, അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് തന്റെ സുഹൃത്തും അരാഷ്ട്രീയക്കാരിയുമായ നജ്‌ല ബൗദന്‍ റമദാനെ പ്രധാനമന്ത്രിയായി അവരോധിച്ചു. ജിയോളജിസ്റ്റും സര്‍വകലാശാല പ്രഫസറുമായ നജ്‌ല അറബ് ലോകത്തെ പ്രഥമ വനിതാ പ്രധാനമന്ത്രിയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലാത്ത സര്‍വകലാശാല അധ്യാപകനായ ഖൈസ് തുനീഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചത് പ്രതീക്ഷകള്‍ ഉണര്‍ത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അരാഷ്ട്രീയ നിലപാടുകള്‍ തുനീഷ്യ അറബ് ലോകത്തിനു നല്‍കിയ ആത്മവിശ്വാസത്തിനു മാത്രമല്ല, വിപ്ലവ മൂല്യങ്ങള്‍ക്കും തിരിച്ചടിയാവുകയാണ്. ജനാധിപത്യത്തിനു മുന്നില്‍ ചോദ്യ ചിഹ്നമായി ലെബനാനും ഇറാഖും നില്‍ക്കുമ്പോഴാണ് തുനീഷ്യയും ആ വഴിയേ പോകുന്നത് എന്നതാണ് ഏറെ സങ്കടകരം.

മൊറോക്കോ നല്‍കുന്ന പാഠം

മൊറോക്കോയിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ് ഡെവലപ്മെന്റ് പാര്‍ട്ടി (പി.ജെ.ഡി) കനത്ത പരാജയം ഏറ്റുവാങ്ങിയത് നയ നിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്ന ഇസ്‌ലാമിസ്റ്റ് പാര്‍ട്ടികള്‍ക്ക് താക്കീതാണ്. 2016ലെ തെരഞ്ഞെടുപ്പില്‍ 125 സീറ്റ് നേടിയ പി.ജെ.ഡി ഇത്തവണ കേവലം 12 സീറ്റുകളിലേക്കാണ് കൂപ്പു കുത്തിയത്. പരാജയം അപ്രതീക്ഷിതമാണെന്ന് പറഞ്ഞുകൂടെങ്കിലും ഇത്ര കനത്തതായിരിക്കുമെന്ന് ആരും പ്രവചിച്ചിരുന്നില്ല. മൊത്തം വോട്ടര്‍മാരില്‍ പകുതി മാത്രമേ വോട്ടു ചെയ്യാനെത്തിയുള്ളൂ. കോവിഡ് കാരണം പ്രചാരണങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൂടുതല്‍ ജനങ്ങളിലേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. 
രാജകുടുംബവുമായി അടുത്ത ബന്ധമുള്ള നാഷനല്‍ റാലി ഓഫ് ഇന്‍ഡിപെന്‍ഡെന്റ് (RNI) 97 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ പി.എ.എം (Authenticity and Modernity ) 82 സീറ്റുമായി തൊട്ടുപിറകെയെത്തി. മൂന്നാം സ്ഥാനത്തുള്ള ഇസ്തിഖ്ലാല്‍  പാര്‍ട്ടി പോലും 78 സീറ്റുകള്‍ നേടിയപ്പോഴാണ് ഇസ്‌ലാമിസ്റ്റുകള്‍ വെറും 12 സീറ്റുമായി ഏറെ പിന്നിലായത്. വര്‍ധിച്ച തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയവയെക്കെയാണ് പി.ജെ.ഡിയുടെ പരാജയത്തിന് കാരണം. മൊറോക്കോയില്‍ സ്ഥിരതാമസക്കാരനായ പ്രമുഖ വ്ളോഗര്‍ സുനീര്‍ കാന്‍ഡിയുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം പങ്കുവെച്ചതും സമാന നിലപാടുകള്‍ തന്നെ. പെട്രോളിന് അല്‍പം വില കൂടിയപ്പോള്‍ തന്നെ ജനങ്ങളുടെ പ്രതിഷേധം ശക്തമായിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മറ്റൊന്ന് ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്നതിന് കൂട്ടുനിന്നതാണ്. ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന രേഖയില്‍ ഒപ്പുവെച്ച പ്രധാന മന്ത്രി സഅ്ദുദ്ദീന്‍ അല്‍ ഉസ്മാനിയുടെ നടപടി പാര്‍ട്ടിയുടെ അഭ്യുദയകാംക്ഷികളെപ്പോലും അകറ്റി. സ്വതന്ത്ര ഫലസ്ത്വീന്‍ സ്ഥാപിതമാകുന്നതുവരെ ഇസ്രയേലിനെ അംഗീകരിക്കരുതെന്ന വ്യക്തമായ നിലപാടിലായിരുന്ന പി.ജെ.ഡി 2020 ഡിസംബറില്‍ മലക്കം മറിഞ്ഞത് കൊടും വഞ്ചനയായി വിലയിരുതതപ്പെട്ടു.
യഥാര്‍ഥത്തില്‍ ഇസ്രയേല്‍ ബാന്ധവത്തിന്റെ ബുദ്ധികേന്ദ്രം മുഹമ്മദ് രാജാവ് തന്നെയായിരുന്നു. ഗവണ്‍മെന്റിന് പരിമിതമായ ചില അധികാരങ്ങള്‍ നല്‍കി എന്നതൊഴിച്ച് നിര്‍ത്തിയാല്‍ എല്ലാ തീരുമാനങ്ങളും അന്തിമമായി പാലസില്‍നിന്ന് തന്നെയാണ് വന്നിരുന്നത്. അതിനാല്‍ കൊട്ടാര പ്രഖ്യാപനത്തില്‍ ഒപ്പുചാര്‍ത്താന്‍ പ്രധാനമന്ത്രി നിര്‍ബന്ധിതനായി എന്നതാണ് വാസ്തവം. 2020 ഡിസംബര്‍ 22ന് അന്നത്തെ യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവ് ജാര്‍ഡ് കുഷ്നറിന്റെയും ഇസ്രയേല്‍ പ്രധാനമന്ത്രിയായിരുന്ന നെതന്യാഹുവിന്റെ ഉപദേശകന്‍ മെയില്‍ ബെന്‍ ശബ്ബാതിന്റെയും ഒപ്പം സഅ്ദുദ്ദീന്‍ അല്‍ ഉസ്മാനി കരാറില്‍ പ്പെുവെക്കുന്നത് വന്‍ മാധ്യമപ്പടയുടെ സാന്നിധ്യത്തിലായിരുന്നു.  നിലപാടുള്ള ഇസ്‌ലാമിസ്റ്റ് പാര്‍ട്ടിയാണെങ്കില്‍ രാജിവെച്ച് അധികാരത്തില്‍നിന്ന് പുറത്തുവരികയായിരുന്നു വേണ്ടിയിരുന്നത്. പി.ജെ.ഡി നേൃത്വം അതിനുള്ള ഇഛാശക്തി കാട്ടിയില്ല. നിലപാടില്‍ വെള്ളം ചേര്‍ത്തതിന്റെ ഫലം അവര്‍ അനുഭവിക്കുകയും ചെയ്തു. 

മനുഷ്യാവകാശ ലംഘനങ്ങള്‍
തുടര്‍ക്കഥ

ഈജിപ്തിന്റെ ചരിത്രത്തില്‍ ആദ്യമായി ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയ അബ്ദുല്‍ ഫത്താഹ് സീസിയുടെ ഏകാധിപത്യ വാഴ്ചയില്‍ കടുത്ത പൗരാവകാശ ലംഘനങ്ങളുടെ റിപ്പോര്‍ട്ടുകളാണ് പോയ വര്‍ഷവും പുറത്തുവന്നത്. ഇസ്‌ലാമിസ്റ്റുകള്‍ മാത്രമല്ല, ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയ വനിതകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആക്റ്റിവിസ്റ്റുകള്‍ കാരാഗൃഹത്തിലാണ്. വിലക്കയറ്റത്തിന് എതിരെ പ്രതിഷേധിക്കാന്‍ പോലും ജനങ്ങള്‍ക്ക് അവകാശമില്ല. ഈജിപ്ഷ്യന്‍ ജനതയുടെ അടിസ്ഥാന ഭക്ഷണമായ ഖുബ്‌സിന് നല്‍കി വന്നിരുന്ന സബ്‌സിഡി നിര്‍ത്തലാക്കി ജനരോഷം ഏറ്റുവാങ്ങിയ അല്‍ സീസി, നവദമ്പതികള്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ നല്‍കില്ലെന്നും ഉത്തരവിറക്കിയിരിക്കുന്നു. 
സബ്‌സിഡികളാണ് രാജ്യത്തിന്റെ വികസനത്തെ പിന്നോട്ട് നയിക്കുന്നതെന്നാണ് സീസിയുടെ വാദം. എന്നാല്‍ തന്റെ ആഡംബര സുഖ സൗകര്യങ്ങള്‍ക്കായി രാജ്യത്തിന്റെ ഖജനാവ് കൊള്ളയടിക്കാന്‍ ഒരു മടിയുമില്ല ഈ ഏകാധിപതിക്ക്. 42 കോടി ഡോളര്‍ ചെലവിട്ട് ബോയിംഗ് ബി 747 വിമാനം വാങ്ങിയത് ഒരുദാഹരണം. 2014ല്‍ അധികാരത്തിലേറിയ ശേഷം അല്‍ സീസി വാങ്ങുന്ന അഞ്ചാമത്തെ ആഡംബര പ്രസിഡന്‍ഷ്യല്‍ വിമാനമാണിത്. ഇക്കാലയളവില്‍ മൂന്ന് കൊട്ടാരങ്ങളും പത്തിലേറെ പ്രസിഡന്‍ഷ്യല്‍ വില്ലകളും പണിതു. 

തുര്‍ക്കിയുടെ സാമ്പത്തിക പ്രതിസന്ധി

പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ നേതൃത്വത്തില്‍ മുസ്‌ലിം ലോകത്തും യൂറോപ്പിലും വേറിട്ട ശക്തിയായി ഉയര്‍ന്നുവരുന്ന തുര്‍ക്കി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് കണ്ടാണ് 2021 വിടവാങ്ങിയത്. ടര്‍ക്കിഷ് ലിറയുടെ മൂല്യത്തിലുള്ള വമ്പിച്ച ഇടിവ് (44 ശതമാനത്തോളം) പത്തൊമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പണപ്പെരുപ്പത്തിലേക്കാണ് (36.1 ശതമാനം) രാജ്യത്തെ എത്തിച്ചിരിക്കുന്നത്. ഉര്‍ദുഗാന്‍ പ്രധാന മന്ത്രി, പ്രസിഡന്റ് പദവിയില്‍ ഇരുന്ന കാലയളവാണ് ഇതെന്നതും ശ്രദ്ധേയമാണ്. പലിശ നിരക്ക് കുറച്ചു കൊണ്ടുവരാനുള്ള ഉര്‍ദുഗാന്റെ നീക്കങ്ങളാണ് പുതിയ പ്രതിസന്ധിക്ക് കാരണമെന്ന് എതിരാളികള്‍ ആരോപിക്കുന്നുെണ്ടങ്കിലും ഉയര്‍ന്ന പലിശ നിരക്കാണ് പണപ്പെരുപ്പത്തിന് കാരണമെന്ന നിലപാടില്‍ പ്രസിഡന്റ് ഉറച്ചുനില്‍ക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച പത്ത് ശതമാനത്തിലേക്ക് എത്തിച്ച് 2023ലെ തെരഞ്ഞെടുപ്പ് നേരിടാനാണ് ഉര്‍ദുഗാന്‍ ലക്ഷ്യമിടുന്നത്. 
ഡിസംബറോടെ ടര്‍ക്കിഷ് ലിറ നില അല്‍പം മെച്ചപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി തുര്‍ക്കിയെ മാത്രം ബാധിച്ച പ്രശ്‌നമല്ല. കോവിഡ് കാലം ലോക സാമ്പത്തിക ഘടനയെത്തന്നെ ബാധിച്ചപ്പോള്‍ തുര്‍ക്കിയും അതില്‍നിന്ന് ഒഴിവായില്ല. നാല്‍പതു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പണപ്പെരുപ്പത്തിനാണ് നവംബറില്‍ അമേരിക്ക സാക്ഷ്യം വഹിച്ചത്. ലഭ്യതക്കുറവ് കാരണം യൂറോപ്പില്‍ ഇന്ധന വില റെക്കോര്‍ഡിലെത്തിയത് ഈയിടെയാണ്. അതേസമയം, തുര്‍ക്കിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കയറ്റുമതിയാണ് പോയ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. 225.4 ബില്യന്‍ ഡോളറിന്റെ കയറ്റുമതി സര്‍വകാല റെക്കോര്‍ഡാണ്.
ഈജിപ്ത്, യു.എ.ഇ, സുഊദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തിയാണ് 2022ലേക്ക് തുര്‍ക്കി പ്രവേശിച്ചത്. ഉര്‍ദുഗാന്റെയും അദ്ദേഹത്തിന്റെ എ.കെ പാര്‍ട്ടിയുടെയും ജനസമ്മതി അടയാളപ്പെടുത്തുന്നതായിരിക്കും അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പ്.

ഉപരോധാനന്തര ഗള്‍ഫ്

നൂറു ശതമാനമെന്ന് പറയാനാവില്ലെങ്കിലും ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ സമാധാനം തിരിച്ചുവന്ന വര്‍ഷം കൂടിയായിരുന്നു 2021. മദായിന്‍ സ്വാലിഹിന്റെ (അല്‍ ഉലാ) മുറ്റത്തു ചേര്‍ന്ന ജി.സി.സി ഉച്ചകോടിയിലൂടെ ആയിരുന്നു ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ നിലനിന്ന നിര്‍ഭാഗ്യകരമായ ഭിന്നിപ്പിന് വിരാമമായത്. 2017-ല്‍ ഖത്തറിനെതിരെ ചില ഗള്‍ഫ് രാജ്യങ്ങള്‍ നടപ്പില്‍ വരുത്തിയ ഏതാണ്ട് മൂന്നര വര്‍ഷം നീണ്ട ഉപരോധം അവസാനിപ്പിക്കുന്നതായിരുന്നു അല്‍ ഉലാ പ്രഖ്യാപനം.
അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും സുഊദി അറേബ്യയും ഇറാനും തമ്മില്‍ ഈയിടെയായി നടന്നുവരുന്ന നയതന്ത്രതല ചര്‍ച്ചകള്‍ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. ഇറാഖ് മുന്‍കൈയടുത്ത് നടത്തി വരുന്ന ചര്‍ച്ചകള്‍ സൗഹാര്‍ദ പൂര്‍ണവും ഫലപ്രദവും ആയിരുന്നുവെന്ന് സുഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനും ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാനും വ്യത്യസ്ത പ്രസ്താവനകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. മറുഭാഗത്ത് യു.എ.ഇയും ഇറാനും തമ്മിലും സൗഹൃദ നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നു. നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ആദ്യ പടിയെന്ന നിലയില്‍ ഇരു രാജ്യങ്ങളും തങ്ങളുടെ കോണ്‍സുലേറ്റുകള്‍ (ജിദ്ദ/ശിറാസ്) തുറക്കണമെന്ന നിര്‍ദേശം ഇറാന്‍ മുന്നോട്ടു വെച്ചതായി ബ്ലൂംബര്‍ഗ് ഈയിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യമനിലെ പ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല, മേഖല നേരിടുന്ന ഭീഷണമായ അവസ്ഥകള്‍ക്കും സുഊദി-ഇറാന്‍ സൗഹൃദം ഒരു പരിധി വരെ പരിഹാരമാകും. ബാഹ്യ ഇടപെടലുകളില്‍ നിന്ന് മേഖലയെ രക്ഷിക്കാനും അത് നല്ലതാണ്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍
ടി.കെ ഉബൈദ്‌

ഹദീസ്‌

സഹോദരിയുടെ അവകാശങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌