നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗ് ചൂഷണത്തിന്റെ വലക്കണ്ണികള്‍
ഇസ്‌ലാമിക ശരീഅത്ത് പരിഗണിച്ച ആറ് സുപ്രധാന ലക്ഷ്യങ്ങളാണ് മതം, ജീവന്‍, ബുദ്ധി, കുടുംബം, ധനം, അഭിമാനം എന്നിവയുടെ സംരക്ഷണം. ധനം സമ്പാദിക്കുന്നതും അത് വളര്‍ത്തുന്നതും ശരീഅത്തിന്റെ താല്‍പര്യങ്ങളില്‍ പെട്ടതാണ്. അനുവദനീയ മാര്‍ഗങ്ങളിലൂടെ ധാരാളം സമ്പാദിക്കാനും സമ്പത്തിനെ തന്റെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും അഭിവൃദ്ധിക്കു വേണ്ടി ചെലവഴിക്കാനും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു. സമ്പാദ്യസംരക്ഷണത്തിന്റെ അടിസ്ഥാനമായി വിശുദ്ധ ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നത് ഇപ്രകാരമാണ്: ''സത്യവിശ്വാസികളേ, പരസ്പര സംതൃപ്തിയോടെ നടത്തുന്ന കച്ചവടത്തിലൂടെയല്ലാതെ സ്വത്തുക്കള്‍ അന്യായമായി നിങ്ങള്‍ ഭക്ഷിക്കരുത്'' (അന്നിസാഅ് 29). സമൂഹത്തിന്റെ നിലനില്‍പിന്റെ അനിവാര്യ ഘടകമായാണ് അല്ലാഹു സമ്പത്തിനെ നിര്‍ണയിച്ചിരിക്കുന്നത്: ''നിങ്ങളുടെ നിലനില്‍പിന് അനിവാര്യമായി അല്ലാഹു നിശ്ചയിച്ച സമ്പത്ത് മൂഢന്മാര്‍ക്ക് വിട്ടുകൊടുക്കരുത്'' (അന്നിസാഅ് 5). നിരന്തരം കൈമാറ്റം ചെയ്യുന്ന വ്യക്തികളുടെ സമ്പാദ്യത്തിലൂടെയാണ് സമൂഹത്തിന്റെ സാമ്പത്തികഭദ്രത ഉറപ്പുവരുത്തപ്പെടുന്നത്. സമ്പത്ത് സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നും നിഷിദ്ധ വഴികളിലൂടെ സമ്പാദിക്കരുതെന്നും ഖുര്‍ആന്‍ നിരന്തരം ഉണര്‍ത്തുന്നു.
സമ്പാദ്യസംരക്ഷണത്തിനായി ഇസ്‌ലാം നിയമങ്ങളും ചട്ടങ്ങളും രൂപപ്പെടുത്തി. കൊള്ളയും മോഷണവും പിടിച്ചുപറിയും തട്ടിപ്പും വഞ്ചനയും നിഷിദ്ധമാക്കി. അതിനെല്ലാം വ്യക്തമായ ശിക്ഷ നിര്‍ണയിക്കുകയും ചെയ്തു. സാമ്പത്തിക ഇടപാടുകളില്‍ കണിശത പാലിക്കാന്‍ നിര്‍ദേശം നല്‍കി. 'ഇടപാട് വലുതോ ചെറുതോ ആവട്ടെ അവധി വരെ അതെഴുതിവെക്കാന്‍ യാതൊരു അലസതയുമുണ്ടാകരുത്', 'ക്രയവിക്രയങ്ങളില്‍ നിങ്ങള്‍ സാക്ഷികളെ നിര്‍ത്തണം' (അല്‍ബഖറ 282) തുടങ്ങിയ നിര്‍ദേശങ്ങള്‍ നീതിപൂര്‍വകമായ സാമ്പത്തിക വിതരണത്തിന് അല്ലാഹു അനുശാസിച്ചതാണ്. ഇമാം സര്‍കശി പറയുന്നു: ''രേഖാമൂലം ഇടപാടുകള്‍ നടത്തണമെന്ന് നിബന്ധന വെച്ചതില്‍ ഒരുപാട് പൊരുളുകളുണ്ട്. സമ്പാദ്യസംരക്ഷണം, ഇടപാടുകാര്‍ക്കിടയില്‍ തര്‍ക്കമില്ലാതിരിക്കുക, സ്വീകാര്യയോഗ്യമല്ലാത്ത ഇടപാടുകള്‍ കൈയൊഴിയുക, സംശയങ്ങള്‍ ഇല്ലായ്മ ചെയ്യുക, അവകാശങ്ങള്‍ പരസ്പരം ഓര്‍മപ്പെടുത്തുക തുടങ്ങിയവ അവയില്‍ ചിലതാണ്.''
നിയമാനുസൃതം സമ്പത്തിനെ അഭിവൃദ്ധിപ്പെടുത്താനും ഉപയോഗശൂന്യമായി ഉപേക്ഷിച്ചിടാതെ ഉപകാരപ്രദമായ നിക്ഷേപങ്ങള്‍ നടത്തി ലാഭം നേടിയെടുക്കാനും ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇമാം സമഖ്ശരി പറയുന്നു: ''കച്ചവടക്കാര്‍ അവരുടെ ഇടപാടുകളിലൂടെ രണ്ട് കാര്യമാണ് നേടുന്നത്. ലാഭവും മൂലധനത്തിന്റെ സുരക്ഷിതത്വവുമാണത്. കച്ചവടത്തില്‍ ലാഭവും നഷ്ടവും സംഭവിച്ചേക്കാം. മൂലധനം സുസ്ഥിരമല്ലാത്തവന് ലാഭവും നേടാനാവുകയില്ല'' (കശ്ശാഫ്).
കച്ചവടത്തില്‍ ലാഭവും നഷ്ടവും സംഭവിക്കും. മൂലധനത്തിന്റെ സുരക്ഷിതത്വം വളരെ പ്രധാനമാണ്. അതിനാല്‍ മൂലധനം നഷ്ടപ്പെടുമെന്ന് ഉറപ്പുള്ള ഒരു ഇടപാടില്‍ പണം നിക്ഷേപിക്കാന്‍ പാടില്ല. വിഡ്ഢികളെ സമ്പത്ത് കൈകാര്യം ചെയ്യാന്‍ ഏല്‍പിക്കരുത് എന്ന നിര്‍ദേശം, മൂലധനം സുരക്ഷിതമല്ല എന്ന് ബോധ്യമുള്ള ഇടപാടുകളില്‍ നിക്ഷേപിക്കുന്നതിനും ബാധകമാണെന്ന് പ്രമുഖ അള്‍ജീരിയന്‍ പണ്ഡിതന്‍ അബൂ അബ്ദുല്‍ മുഇസ്സ് മുഹമ്മദ് അലി വ്യക്തമാക്കുന്നുണ്ട്. മൂലധനത്തെ സംബന്ധിച്ച് ഇമാം സര്‍കശിയുടെ നിലപാടും ഇതേ രീതിയില്‍ തന്നെയാണ്. സമ്പാദിക്കാനും സമ്പത്തിനെ അഭിവൃദ്ധിപ്പെടുത്താനും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അനുവദനീയ മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കണമെന്ന് കണിശമായി ഇസ്‌ലാം നിര്‍ദേശിക്കുന്നു. നിഷിദ്ധമായ സമ്പാദ്യം സമ്പത്തിനെ മാത്രമല്ല, അതുപയോഗിക്കുന്ന വ്യക്തിയുടെയും കുടുംബത്തിന്റെയും ജീവിതരീതിയെ വരെ ബാധിക്കുന്നു. തങ്ങള്‍ സമ്പാദിച്ച് കൊണ്ടുവരുന്നതിനെക്കുറിച്ച് 'എവിടന്ന് കിട്ടി' എന്ന് വീട്ടിലുള്ളവര്‍ ചോദിക്കാതെ ഒരു സമ്പാദ്യവും വീടിനുള്ളിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല എന്ന ഉത്തമ നൂറ്റാണ്ടിന്റെ സംസ്‌കാരം മുസ്‌ലിം സമൂഹത്തിന്റെ ജാഗ്രതയുടെ അടയാളമായിരുന്നു.
ഇസ്‌ലാം എല്ലാവര്‍ക്കും ഹലാലായ സമ്പാദ്യം അനുവദിക്കുകയും ഹറാമായ സമ്പാദ്യം നിഷിദ്ധമാക്കുകയും ചെയ്തു. ''മനുഷ്യരേ, ഭൂമിയിലുള്ളതില്‍നിന്ന് അനുവദനീയവും വിശിഷ്ടവുമായത് നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുക. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു'' (അല്‍ബഖറ 168). സമ്പാദിക്കുക എന്ന മനുഷ്യന്റെ ജന്മവാസനയെ അംഗീകരിക്കുന്നതോടൊപ്പം, സാമ്പത്തിക കാര്യങ്ങളില്‍ പൈശാചിക പ്രലോഭനങ്ങളെ സൂക്ഷിക്കണമെന്നും ഉണര്‍ത്തുന്നു. 'ഹറാമില്‍നിന്നാണോ ഹലാലില്‍നിന്നാണോ താന്‍ സമ്പാദിച്ചതെന്ന് നോക്കാതെ മനുഷ്യന്‍ ധനം വാരിക്കൂട്ടുന്ന ഒരു കാലം വരാനിരിക്കുന്നു' (ബുഖാരി) എന്ന മുന്നറിയിപ്പും നബി (സ) നല്‍കിയിട്ടുണ്ട്.
നമ്മുടെ കാലത്ത് എളുപ്പത്തില്‍ സമ്പാദിക്കാനും ധനികനാകാനുമുള്ള കുറുക്കുവഴികളെ കുറിച്ചാണ് ആളുകള്‍ ആലോചിച്ചുകൊണ്ടിരിക്കുന്നത്. ഈ ആലോചനകള്‍ നിഷിദ്ധമായ വഴികളിലേക്ക് അവരെ കൊണ്ടെത്തിക്കുന്നു. ഒരു വിശ്വാസിയെ സംബന്ധിച്ചേടത്തോളം, നിഷിദ്ധമായ വരുമാനം അവന്റെ സമ്പത്തിനെ നശിപ്പിക്കുകയും സമ്പാദ്യത്തില്‍ അനുഗ്രഹം (ബറകത്ത്) നഷ്ടപ്പെടുത്തുകയും ചെയ്യും. 'ആരാണോ പലിശയെ ആശ്രയിച്ചത് അവന്റെ പര്യവസാനം ഇല്ലായ്മയിലേക്ക് മടക്കുന്നതാണ്' (ഇബ്‌നുമാജ). നിഷിദ്ധമായ സമ്പാദ്യം കൊണ്ടുള്ള കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കുന്നതല്ല. അവന്റെ പ്രാര്‍ഥനക്ക് ഇത്തരം ലഭിക്കുകയുമില്ല. നബി (സ) സഅ്ദുബ്‌നു അബീവഖ്ഖാസി(റ)നോട് പറഞ്ഞു: 'ഓ സഅ്ദ്, താങ്കള്‍ ഭക്ഷണം നന്നാക്കുക. എന്നാല്‍ താങ്കളുടെ പ്രാര്‍ഥന സ്വീകരിക്കപ്പെടും' (ത്വബറാനി). നിഷിദ്ധമായതും സംശയാസ്പദമായതുമായ സമ്പാദനവഴിയില്‍നിന്നും വിശ്വാസികള്‍ വിട്ടുനില്‍ക്കുക തന്നെ വേണം. ക്രിയാത്മകമായ അധ്വാനങ്ങളില്‍ ഏര്‍പ്പെടാതെ ചുളുവില്‍ വമ്പിച്ച സാമ്പത്തിക ലാഭം കൊയ്യാനുള്ള മനുഷ്യന്റെ ആഗ്രഹത്തെ വളര്‍ത്തി തട്ടിപ്പുകള്‍ നടത്തുകയും തങ്ങളുടെ ആസ്തികള്‍ മാത്രം വികസിപ്പിക്കുകയും ചെയ്യുന്ന ബഹുരാഷ്ട്ര കമ്പനികളും നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് സംവിധാനങ്ങളും നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ്
2019-ലെ ചിട്ട് ഫണ്ട് ആക്ട്, 2002-ലെ മണി ലോണ്ടറിംഗ് ആക്ട് എന്നിവ പ്രകാരം നിയമവിധേയമല്ലാത്ത ബിസിനസ് സംവിധാനമാണ് മണിചെയിന്‍ നെറ്റ്‌വര്‍ക്ക് വ്യാപാരങ്ങള്‍. ഏതെങ്കിലും ഒരു കമ്പനി തട്ടിപ്പ് നടത്തി നിയമനടപടിക്കോ മറ്റോ വിധേയമായാല്‍ മറ്റൊരു പേരില്‍ ഇത്തരം നെറ്റ്‌വര്‍ക്ക് കമ്പനികള്‍ പ്രവര്‍ത്തനസജ്ജമാകും. ഈയടുത്ത് വലിയ തട്ടിപ്പ് നടത്തി നിരവധി പേരുടെ പണം നഷ്ടപ്പെടുത്തിയതായി പരാതികള്‍ ലഭിച്ച ക്യൂനെറ്റ് (QNet) മലേഷ്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനിയാണ്. Q Infinity, Q Ocean (ക്യൂ ഇന്‍ഫിനിറ്റി, ക്യൂ ഓഷ്യന്‍) എന്നീ പേരുകളിലാണ് നമ്മുടെ നാടുകളില്‍ ഇവ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
കോവിഡ് പ്രതിസന്ധി നമ്മുടെ നാട്ടില്‍ രൂക്ഷമായ സന്ദര്‍ഭത്തില്‍ ധാരാളമാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയോ വരുമാനം നിലക്കുകയോ ചെയ്തിട്ടുണ്ട്. ഈ സന്ദര്‍ഭം ഉപയോഗിച്ച് നേരത്തേ സജീവമായിരുന്ന നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനികള്‍ വീണ്ടും രംഗത്തു വന്നിരിക്കുകയാണ്. കുറഞ്ഞ അധ്വാനം മുഖേന വലിയ നേട്ടങ്ങള്‍ വാഗ്ദാനം ചെയ്യുകയാണ് അടിമുടി നിഗൂഢതയുള്ള സിസ്റ്റം പരിചയപ്പെടുത്തുന്ന നെറ്റ്‌വര്‍ക്ക് കമ്പനികള്‍. നിരവധിയാളുകള്‍ (18-നും 30-നും ഇടയിലുള്ള യുവതീ യുവാക്കളാണ് 90 ശതമാനത്തിലധികം) ഈ കച്ചവടവലയില്‍ കുരുങ്ങിക്കിടക്കുന്നുണ്ട്. കൈയിലുള്ള പണവും ബന്ധങ്ങളും നഷ്ടപ്പെട്ട് മാനസിക സംഘര്‍ഷങ്ങളുമായി കഴിയുന്നവര്‍ ധാരാളമാണ്. ഈ ബിസിനസ്സിലൂടെ വഞ്ചിതരായവരുടെ കൂട്ടായ്മകളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. മുസ്‌ലിം സമൂഹത്തിലെ അനേകം യുവതീയുവാക്കള്‍ ഈ സിസ്റ്റത്തിന്റെ പ്രചാരകരും പ്രൊമോട്ടര്‍മാരുമായി രംഗത്തുണ്ട്.
രണ്ട് രീതിയില്‍ മനുഷ്യരുടെ ക്രയശേഷിയെ ഇത് തകര്‍ക്കുന്നു. അധ്വാനിക്കാതെ പണം നേടുന്നതിലൂടെയും അധ്വാനിച്ചാലും പണം കിട്ടാതെ വരുന്നതിലൂടെയും മനുഷ്യന്റെ ക്ഷമതയെ ഇത് പരിക്കേല്‍പിക്കുന്നു. ഒരു വിഭാഗം അധ്വാനിക്കാതെ പണം വാരിക്കൂട്ടുന്നു. മറ്റൊരു വിഭാഗത്തിന് എത്ര അധ്വാനിച്ചാലും മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടുന്നില്ല. മുകള്‍ത്തട്ടിലുള്ള ഒരു ശതമാനം തടിച്ചുകൊഴുക്കുകയും ബാക്കിയുള്ള 99 ശതമാനത്തിനും നഷ്ടമുണ്ടാവുകയും ചെയ്യുന്നു എന്നാണ് അമേരിക്കന്‍ സര്‍ക്കാറിന്റെ ഔദ്യോഗിക ബോഡിയായ ഫെഡറല്‍ ട്രേഡ് കമീഷന്‍ (എഫ്.ടി.സി) നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് സിസ്റ്റത്തെക്കുറിച്ച് നടത്തിയ പഠനങ്ങളിലൂടെ വ്യക്തമാക്കുന്നത്. നിലവിലുള്ള ഇത്തരം അറുപതിലധികം കമ്പനികളെ പഠനവിധേയമാക്കിയാണ് എഫ്.ടി.സി പഠനരേഖ തയാറാക്കിയത്. നേരിട്ട് മണി ചെയിന്‍ തട്ടിപ്പ് നടത്തുന്നവരുണ്ട്. നിയമങ്ങളെ മറികടക്കാന്‍ ഉല്‍പന്നങ്ങള്‍ കൂടെ ചേര്‍ക്കുന്നവരുമുണ്ട്. പണം കൊടുത്ത് പണം ഇരട്ടിപ്പിക്കുകയും ഓരോരുത്തരില്‍നിന്നും ലഭിക്കുന്ന പണം നിശ്ചിത ശതമാനം പരസ്പരം വീതിക്കുകയും ബാക്കിയുള്ളവ കമ്പനിയെടുക്കുകയും ചെയ്യുന്ന രീതിയാണ് ശുദ്ധ മണി ചെയിന്‍ ചൂഷണം. അമിത വിലയുള്ളതോ തത്തുല്യമായതോ ആയ ഉല്‍പന്നങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വില്‍പന നടത്തുകയും കണ്ണിചേര്‍ക്കുകയും ചെയ്യുന്ന രീതിയും ഈ നെറ്റ്‌വര്‍ക്ക് സിസ്റ്റത്തില്‍ കണ്ടുവരുന്നുണ്ട്. ക്യൂനെറ്റ് കമ്പനി ആളുകളെ ചേര്‍ക്കുന്നത് ഇപ്രകാരമാണ്. തൊഴിലില്ലാത്തവരോ മതിയായ വരുമാനമില്ലാത്തവരോ ആയ വ്യക്തികളെ കണ്ടെത്തി തൊഴില്‍ സാധ്യതയെക്കുറിച്ചും വരുമാനത്തിലുള്ള വമ്പിച്ച വര്‍ധനവിനെക്കുറിച്ചും സംസാരിക്കുന്നു. തങ്ങളുടെ അടുത്തുള്ള കമ്പനിയില്‍ ജോലി ശരിയാക്കിത്തരാമെന്നും അതിന് ഓണ്‍ലൈനില്‍ ഒരു ഇന്റര്‍വ്യൂ ഉണ്ടെന്നും പറയുന്നു. അതിലേക്ക് സെലക്ട് ചെയ്താല്‍ കമ്പനിയില്‍ ജോലിയും പാര്‍ട്ട്ണര്‍ഷിപ്പും ഉറപ്പു നല്‍കുന്നു. അടുത്ത ഘട്ടത്തില്‍ എല്ലാവരും തെരഞ്ഞെടുക്കപ്പെടുന്ന ഇന്റര്‍വ്യൂ പ്രഹസനത്തിലൂടെ ഇന്റര്‍വ്യൂവില്‍ ഹാജരായ വ്യക്തികളോട് ഉടന്‍ പണം കണ്ടെത്താന്‍ ആവശ്യപ്പെടുന്നു. ഉടന്‍ പണം ലഭിക്കാന്‍ കടം വാങ്ങുന്നു, അല്ലെങ്കില്‍ സ്വര്‍ണം വില്‍ക്കുന്നു. അഞ്ചു ലക്ഷം മുതല്‍ 12 ലക്ഷം വരെയാണ് കമ്പനി ഓരോരുത്തരില്‍നിന്നും ഈടാക്കുന്നത്.
ഓരോരുത്തരില്‍നിന്നും പല രീതികളിലാണ് പണം ആവശ്യപ്പെടുക. പണമടക്കുന്നവന്‍ അതോടെ കമ്പനിയുടെ ഭാഗമാകുന്നു. പിന്നീട് കമ്പനിയെക്കുറിച്ചും ഈ ബിസിനസ്സിലൂടെ ജീവിതവിജയം നേടിയവരെക്കുറിച്ചും പൊലിപ്പിച്ച കഥകള്‍ അവതരിപ്പിക്കുന്ന 'ട്രെയ്‌നിംഗ് പരിപാടികള്‍' സംഘടിപ്പിക്കുന്നു. അതിനിടയില്‍ ഇംഗ്ലീഷിലുള്ള ഡോക്യുമെന്റുകളില്‍ പണമടച്ച വ്യക്തികളില്‍നിന്നും ഒപ്പുവാങ്ങുന്നു. കഷ്ടനഷ്ടങ്ങളില്‍നിന്ന് കമ്പനിയെ നിയമപരമായി മുക്തമാക്കുന്ന ഈ പേപ്പറുകളില്‍ ഒരാള്‍ ഒപ്പുവെക്കുന്നതിലൂടെ പണം തിരിച്ചുപിടിക്കാനുള്ള നിയമസാധ്യതയും നഷ്ടപ്പെടുന്നു.
മുസ്‌ലിം ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ ചില പണ്ഡിതന്മാര്‍ ഇതിനനുകൂലമായ ഫത്‌വകള്‍ നല്‍കിയിട്ടുണ്ടെന്ന് പ്രചരിപ്പിക്കുന്നു. അവസാനം കമ്പനിയില്‍ അംഗങ്ങളായ ആളുകള്‍ക്ക് ചില ഉല്‍പന്നങ്ങള്‍ അടങ്ങിയ കിറ്റുകള്‍ നല്‍കുന്നു. മാര്‍ക്കറ്റില്‍ നിലവില്‍ ലഭ്യമായ ഉല്‍പന്നങ്ങള്‍ക്ക് അനേകം ഇരട്ടിയാണ് ക്യൂനെറ്റ് ഉല്‍പന്നങ്ങള്‍ക്ക് വില ഈടാക്കുന്നത് (20 ഇരട്ടിവരെ വില ഈടാക്കുന്നു!). ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കാതെ വരുമ്പോള്‍ പിന്നെ പണം തിരിച്ചുപിടിക്കാന്‍ കമ്പനിയാവശ്യപ്പെട്ടതു പ്രകാരം തന്റെ കീഴില്‍ ആളുകളെ ചേര്‍ക്കാന്‍ ശ്രമിക്കുന്നു. ഇതിലൂടെ കമീഷന്‍ ലഭിക്കുകയും അദ്ദേഹം വില്‍ക്കുന്ന ഉല്‍പന്നങ്ങളുടെ വിഹിതം ചേര്‍ത്ത ആള്‍ക്കും അതിനു മുകളിലുള്ളവര്‍ക്കും ലഭ്യമാകുന്നു. കമ്പനിക്ക് നല്‍കിയ പണം ഒരിക്കലും തിരിച്ചുപിടിക്കാന്‍ കഴിയാതെ വരുമ്പോള്‍ താന്‍ വഴി കണ്ണിചേര്‍ത്തവരുമായുള്ള ബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാവുക സ്വാഭാവികം. ഇങ്ങനെ പണം നഷ്ടപ്പെടുകയും കുടുംബാംഗങ്ങളെ കണ്ണിചേര്‍ത്തതിലൂടെ കുടുംബബന്ധങ്ങള്‍ മുറിയുകയും ചെയ്ത ഒരുപാട് പേര്‍ കേരളത്തിലുണ്ട്. ഇവര്‍ ഒരുമിച്ചുചേര്‍ന്ന് വിക്ടിംസ് ഫോറങ്ങള്‍ രൂപീകരിച്ചിട്ടുമുണ്ട്. മനുഷ്യന്റെ ആര്‍ത്തിയെയും ദുരാഗ്രഹത്തെയും ഉപജീവിച്ച് പണം തട്ടിയെടുക്കുന്ന ഇത്തരം കമ്പനികള്‍ ധാരാളം. പച്ചയായും പരോക്ഷമായും ഇത്തരം ചൂഷണങ്ങള്‍ നടത്തുന്ന ധാരാളം കമ്പനികളുണ്ട് കേരളത്തില്‍. മൈ ലൈഫ്, മോദി കെയര്‍, ആംവെ, ഹൈ റിച്ച്, ഇന്റസ് വിവ, ആര്‍.സി.എം തുടങ്ങിയവ അതില്‍ ചിലതാണ്. ഇതില്‍ എല്ലാ കമ്പനികളും ഒരേ രീതിയിലല്ല പ്രവര്‍ത്തിക്കുന്നത്. എന്നാലും സംശയാസ്പദമായി നിഷിദ്ധ സമ്പാദ്യത്തില്‍ കയറിപ്പറ്റാന്‍ സാധ്യതയുള്ളവയാണ് എല്ലാ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനികളും.
ഫത്‌വാ ബോര്‍ഡുകളുടെയും പണ്ഡിതന്മാരുടെയും നിലപാടുകള്‍
പിരമിഡാകൃതിയിലുള്ള നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനികള്‍ അടുത്ത കാലങ്ങളിലായി രൂപപ്പെട്ട പ്രതിഭാസമാണ്. ആധുനിക ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്കും ഫത്‌വാ ബോര്‍ഡുകള്‍ക്കും മുന്നില്‍ ഇതിനെക്കുറിച്ച് ധാരാളം അന്വേഷണങ്ങള്‍ വരുന്നുണ്ട്. അള്‍ജീരിയന്‍ മതകാര്യ വകുപ്പിന്റെ കീഴിലുള്ള ഫത്‌വാ കൗണ്‍സില്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗിനെക്കുറിച്ച് നല്‍കിയ വിധിയിങ്ങനെയാണ്: ''ഉപകാരങ്ങള്‍ ലഭ്യമാക്കലും ഉപദ്രവങ്ങള്‍ തടുക്കലുമാണ് ഇടപാടുകളില്‍ ശരീഅത്തിന്റെ പ്രധാന പരിഗണന. ഉപദ്രവങ്ങള്‍ക്ക് തടയിടുക എന്നതിന്റെ താല്‍പര്യം ഇടപാടുകള്‍ ചതി, നിഗൂഢത, ചൂതാട്ടം എന്നിവയില്‍നിന്നും മുക്തമാവുക എന്നതാണ്. നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗില്‍ കണ്ണികള്‍ താഴോട്ട് പോകുംതോറും മുകള്‍ തട്ടിലുള്ളവര്‍ക്ക് വിഹിതം കൂടുന്നു. ഇത് പലിശയുടെ വകഭേദമാണ്. കുറേ ആളുകളുടെ പണം നഷ്ടപ്പെടുന്നതിലൂടെ ചിലയാളുകള്‍ക്ക് മാത്രം ധാരാളം പണം ലഭ്യമാവുകയും ചെയ്യുന്നു. ഇത് ചൂതാട്ടത്തിന്റെ ഇനത്തില്‍ പെട്ടതാണ്. പലിശയും ചൂതാട്ടവും കലര്‍ന്ന ഇടപാട് നിഷിദ്ധമാണ്.'' ജോര്‍ദാനിലെ ഫത്‌വാ ബോര്‍ഡിന്റെ മതവിധിയില്‍ പറയുന്നു: ''നേരിട്ട് വിപണനം നടത്തുക (ഡയറക്ട് മാര്‍ക്കറ്റിംഗ്) എന്നതിന് ഇസ്‌ലാം എതിരല്ല. ഉപഭോക്താവിന് വിലക്കുറവില്‍ സാധനം ലഭ്യമാക്കാനും ഇടനിലക്കാരെ മാറ്റിനിര്‍ത്താനും ഇതിലൂടെ സാധിക്കുന്നു. എന്നാല്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനികള്‍ ഡയറക്ട് മാര്‍ക്കറ്റിംഗ് മാത്രമല്ല പിന്തുടരുന്നത്. ഉല്‍പന്നങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതോടെ ഡയറക്ട് മാര്‍ക്കറ്റിംഗിന്റെ ഗുണം ഉപഭോക്താവിന് ലഭ്യമാവുന്നില്ല. ഇതോടെ പലിശക്കും ചൂതാട്ടത്തിനുമൊപ്പം അമിതവില ഈടാക്കുക എന്ന തിന്മ കൂടി ഈ മാര്‍ക്കറ്റിംഗില്‍ സംഭവിക്കുന്നു. അതുകൊണ്ട് ഈ ഇടപാട് ഇസ്‌ലാമിന്റെ കച്ചവട നിബന്ധനകളില്‍ പെടുന്നില്ല. നിഷിദ്ധമാക്കിയ ഇടപാടുകളോടാണ് ഇവ ചേര്‍ന്നുനില്‍ക്കുന്നത്.''
ലോക പണ്ഡിത വേദിയുടെ ആഭിമുഖ്യത്തില്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ഫത്‌വാ കൗണ്‍സിലിന്റെ അധ്യക്ഷന്‍ ജാസിം ഇബ്‌നു മുഹമ്മദ് അല്‍ ജാബിര്‍, ഇത്തരം കാരണങ്ങള്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗില്‍ ഉള്‍ച്ചേര്‍ന്നതിനാല്‍ അത് നിഷിദ്ധമാണെന്ന് ഫത്‌വ നല്‍കിയിട്ടുണ്ട്. അള്‍ജീരിയന്‍ മതപണ്ഡിതനായ അബൂ അബ്ദുല്‍ മുഇസ്സ് മുഹമ്മദ് അലി നല്‍കിയ ഫത്‌വയില്‍ വഞ്ചന, ചൂതാട്ടം, അധ്വാനമില്ലാതെ മുകള്‍തട്ടിലുള്ളവര്‍ക്ക് വിഹിതം ലഭിക്കുന്ന പലിശയുടെ ഇനം എന്നിവ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം ഇതില്‍ തന്റെ സഹോദരനെ ദ്രോഹിക്കുകയെന്ന പാതകം കൂടി ഉള്ളടങ്ങിയിട്ടുണ്ടെന്ന് നിരീക്ഷിക്കുന്നു. 'തന്റെ സഹോദരന് നല്ലതല്ലാത്ത മാര്‍ഗം കാണിച്ചുകൊടുത്തവന്‍ അവനെ വഞ്ചിച്ചു' (അബൂദാവൂദ്) എന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. ചതിയും നഷ്ടവും മുന്‍കൂട്ടി അറിഞ്ഞുകൊണ്ടാണ് ഇതില്‍ ഒരാള്‍ മറ്റൊരാളെ കണ്ണിചേര്‍ക്കുന്നത്. അതിലൂടെ അവന്‍ തന്റെ സഹോദരനെ ദ്രോഹിക്കുന്നു. അതിനാല്‍ ഈ ഇടപാടില്‍ നിഷിദ്ധതയും ദ്രോഹവും ഉള്‍ച്ചേര്‍ന്നിട്ടുണ്ട് - തന്റെ ഫത്‌വയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സിറിയയിലെ അല്‍ മജ്‌ലിസുല്‍ ഇസ്‌ലാമിയും സുഊദി അറേബ്യയിലെ അല്ലജ്‌നത്തുദ്ദാഇമ ലില്‍ ബഹസില്‍ ഇല്‍മിയ്യ വല്‍ ഇഫ്താഉം ഇതേ രീതിയില്‍ ഫത്‌വ നല്‍കിയിട്ടുണ്ട്. എല്ലാ ഫത്‌വാ ബോര്‍ഡുകളും നല്‍കിയ മതവിധിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഇത് പലിശയുടെയും ചൂതാട്ടത്തിന്റെയും നിഗൂഢതയുടെയും ബിസിനസ്സാണ് എന്നും അതിനാല്‍ അര്‍ഥശങ്കക്കിടയില്ലാത്തവിധം നിഷിദ്ധമാണ് എന്നുമാണ്.
ധാരാളം മുസ്‌ലിം ചെറുപ്പക്കാര്‍ ചൂഷണത്തിന്റെ ഈ വലക്കണ്ണികളില്‍ കുടുങ്ങിയിട്ടുണ്ട്. പല വീടകങ്ങളിലും യുവാക്കളോ യുവതികളോ ഈ സംരംഭത്തില്‍ കണ്ണിചേര്‍ക്കുന്നവരോ ചേര്‍ന്നവരോ ആണ്. ലോകത്ത് അറിയപ്പെട്ട എല്ലാ ഫത്‌വാ ബോര്‍ഡുകളുടെയും ഇജ്മാഅ് (സമവായം) ഉള്ള വിഷയമാണ് നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് നിഷിദ്ധമാണ് എന്നത്. ഹലാലായ മാര്‍ഗത്തിലൂടെ മാത്രമേ സമ്പാദിക്കൂ എന്നും ഹലാലില്‍നിന്ന് മാത്രമേ ഭക്ഷിക്കൂ എന്നും ഉറച്ച തീരുമാനമെടുക്കാന്‍ നമുക്ക് സാധിക്കണം. നിഷിദ്ധമായ സമ്പാദ്യം വ്യക്തിയുടെ മാത്രമല്ല സമൂഹത്തിന്റെയും കരുത്ത് ചോര്‍ത്തിക്കളയും. ഹലാലായതിലും ത്വയ്യിബായതിലും മാത്രമാണ് അല്ലാഹുവിന്റെ സഹായമുള്ളത് എന്ന് തിരിച്ചറിയുക. നബി (സ) പറഞ്ഞു: 'നീ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് (നിഷിദ്ധമായ) ഒരു കാര്യം ഉപേക്ഷിച്ചാല്‍ അതിനേക്കാള്‍ നല്ലത് അവന്‍ നിനക്ക് പകരം നല്‍കാതിരിക്കില്ല' (മുസ്‌നദ് അഹ്മദ്).
ഹാതിമുല്‍ അസമ്മ് പറഞ്ഞു: 'എനിക്ക് നിശ്ചയിക്കപ്പെട്ട ഉപജീവനം മറ്റൊരും കൊണ്ടുപോകുന്നില്ലെന്ന് എനിക്കുറപ്പുണ്ട്. അതിനാല്‍ എന്റെ മനസ്സ് ശാന്തമായി' (സിയറു അഅ്‌ലാമിന്നുബലാ). സംതൃപ്തിയും ദൈവപ്രീതിയും ഹലാലായ സമ്പാദ്യത്തിലാണെന്ന തിരിച്ചറിവിനു മാത്രമേ ആര്‍ത്തിയില്‍നിന്നും ദുരാഗ്രഹങ്ങളില്‍നിന്നും മനുഷ്യനെ മോചിപ്പിക്കാന്‍ കഴിയൂ.
Comments