Prabodhanm Weekly

Pages

Search

2022 ജനുവരി 14

3235

1443 ജമാദുല്‍ ആഖിര്‍ 11

സ്വത്വ രാഷ്ട്രീയമാണോ പരിഹാരം?- 3 സ്വത്വ രാഷ്ട്രീയമല്ല, ആദര്‍ശ രാഷ്ട്രീയമാണ്

സയ്യിദ് സആദത്തുല്ലാ ഹുസൈനി

ഇസ്ലാമിക കാഴ്ചപ്പാടില്‍ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്, ദേശീയത എന്ന ആശയം എന്തായിരിക്കാം എന്ന ചോദ്യത്തെ സംബന്ധിച്ച് 'മാറുന്ന ലോകവും ഇസ്ലാമിക ചിന്തയും' എന്ന പുസ്തകത്തില്‍ വിശദമായി എടുത്തുകാണിച്ചിട്ടുണ്ട്.17
മുസ്ലിംകള്‍ ഒരു സംഘടിത സമൂഹമായി മാറുകയും അവരുടെ സ്വത്വം അവരുടെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനമാക്കുകയും ചെയ്താല്‍, ഇതും മുന്‍പറഞ്ഞ നിലപാടിന് വിരുദ്ധമായിരിക്കും. മുസ്ലിം എന്നത് ഒരു ജാതിയുടെ പേരല്ല. ഒരു ഭാഷാ വിഭാഗവുമല്ല. അതില്‍ ലിംഗഭേദങ്ങളില്ല. പ്രത്യേക നിറത്തിനോ രൂപഭാവങ്ങള്‍ക്കോ ഇടമില്ല. അവര്‍ ഒരു പ്രത്യേക വര്‍ഗവുമല്ല. അവരുടെ താല്‍പര്യങ്ങള്‍ ഒരിക്കലും അവരുടെ ഐഡന്റിറ്റിയിലും അനുബന്ധ വിഷയങ്ങളിലും മാത്രം പരിമിതപ്പെടുത്താനാവില്ല. വിശ്വാസങ്ങളുടെയും തത്ത്വങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും അടിസ്ഥാനത്തില്‍ രൂപപ്പെട്ട ഒരു വിഭാഗമാണ് മുസ്ലിം സമൂഹം. ഈ സംഘത്തോടൊപ്പം ഒരാള്‍ ചേരുന്നത് വിശ്വാസങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും അടിസ്ഥാനമാക്കി മാത്രമാണ്.  എല്ലാതരം നിറ, വര്‍ഗ, ജാതി, രാഷ്ട്ര, ഗോത്ര, ലിംഗ, ഭാഷാ സ്വത്വങ്ങള്‍ക്കും പൊതുവായവകാശപ്പെട്ടതാണ് ഇത്. അവര്‍ ഉത്തമ സമൂഹമാണ്. അതായത്, അവരുടെ ഉത്തരവാദിത്തം സ്വന്തത്തിലേക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ കഴിയില്ല. അവര്‍ ജനങ്ങള്‍ക്ക് വേണ്ടി നിയോഗിക്കപ്പെട്ടവരാണ്. മനുഷ്യ സമൂഹത്തോടൊന്നടങ്കം അവര്‍ക്ക് ഉത്തരവാദിത്തമുണ്ട്. അവര്‍ ജനങ്ങളുടെ മേല്‍ സാക്ഷി നില്‍ക്കേണ്ടവരാണ്. മനുഷ്യ സമൂഹത്തോടാകമാനം  അവര്‍ സത്യത്തിന്റെ സാക്ഷ്യം വഹിക്കണം. അവര്‍ ഒരു സന്തുലിത സമൂഹമാണ്. എല്ലാത്തരം  അസന്തുലിതത്വങ്ങളില്‍നിന്നും ജനസമൂഹത്തെ രക്ഷിക്കാനുള്ള ചുമതല അവരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
അവര്‍ രൂപീകരിച്ച സംഘം അവരുടെ പിതാമഹന്‍ ഇബ്‌റാഹീമിലേക്ക് ചേര്‍ത്തുവെച്ച 'മില്ലത്ത് ഇബ്റാഹീമാ'ണ്. ഇബ്‌റാഹീം പ്രവാചകനില്‍ നിന്നും ഏറ്റുവാങ്ങിയ സാര്‍വത്രികവും സാര്‍വജനീനവുമായ ഏകദൈവ ദര്‍ശനമാണ് അവരുടെ കൈവശമുള്ളത്. അവര്‍ നീതിക്ക് വേണ്ടി നിലകൊള്ളുന്നവരാണ്. അല്ലാഹുവിന്റെ ഓരോ ദാസനും നീതി ലഭ്യമാക്കുക എന്നതാണ് അവരുടെ നിയോഗ ദൗത്യം.
രാജ്യത്തെ എല്ലാ മനുഷ്യരെയും സ്പര്‍ശിക്കുന്ന സാര്‍വത്രികമായ  കാഴ്ചപ്പാടോ പദ്ധതികളോ സ്വത്വ രാഷ്ട്രീയം മുന്നോട്ടുവെക്കുന്നില്ല. സ്വത്വ രാഷ്ട്രീയം എന്നത് ഒരാളുടെ സ്വത്വത്തെയും അവന്റെ സ്വത്വപരമായ താല്‍പര്യങ്ങളെയും മാത്രം രാഷ്ട്രീയ അടിത്തറയാക്കുന്നതിന്റെ പേരാണ്. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്കും വംശീയ, ഭാഷാ, സാംസ്‌കാരിക വിഭാഗങ്ങള്‍ക്കും അവരുടെ സ്വത്വ സംരക്ഷണം യഥാര്‍ഥവും പ്രധാനവുമായ വെല്ലുവിളിയാണ്. ഈ രീതിയിലുള്ള രാഷ്ട്രീയം ഉപയോഗപ്രദമാണോ അല്ലയോ എന്നതാണ് നമ്മുടെ മുന്നിലുള്ള യഥാര്‍ഥ ചര്‍ച്ചാ വിഷയം. ഇക്കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ക്ക് ഇടമുണ്ട്. എന്നാല്‍ മുസ്ലിംകളെ സംബന്ധിച്ചേടത്തോളം ഇത്തരം രാഷ്ട്രീയം അവര്‍ക്ക് ഒരിക്കലും പ്രയോജനപ്പെടില്ല. അത് അവരുടെ ആശയപരമായ അസ്തിത്വത്തിന്റെ മരണമണിയാണ്.
മുസ്ലിംകളുടെ രാഷ്ട്രീയം അവരുടെ താത്വികവും അടിസ്ഥാനപരവുമായ കല്‍പനകള്‍ക്കനുസരിച്ചതായാല്‍ മാത്രമേ അവരുടെ രാഷ്ട്രീയം പ്രയോജന പ്രദമാവുകയുള്ളൂ.
ഇന്ത്യയില്‍ മുസ്ലിം സമൂഹം അടിച്ചമര്‍ത്തപ്പെടുന്നു എന്നതില്‍ സംശയമില്ല. എന്നല്ല ചില പ്രദേശങ്ങളില്‍ അവര്‍ ഏറ്റവുമധികം അടിച്ചമര്‍ത്തപ്പെട്ട വിഭാഗമായി മാറുകയും ചെയ്തിരിക്കുന്നു. അവര്‍ക്ക് നേരെ അനീതിയും അതിക്രമങ്ങളും നടക്കുന്നത് അവരുടെ മതപരമായ സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണെന്നതിലും എതിരഭിപ്രായമില്ല. രാജ്യത്തെ പൊതുസമൂഹം മുസ്ലിം സമൂഹത്തെ പ്രത്യേക സ്വത്വമുള്ള ഒരു വംശീയ വിഭാഗമായാണ് കാണുന്നത് എന്നതും സത്യമാണ്. അതിനാല്‍ തന്നെ അവര്‍ക്ക് നേരെ നടക്കുന്ന ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പോരാടേണ്ടതുണ്ട്. തങ്ങളുടെ സ്വത്വത്തില്‍ മുസ്ലിം സമൂഹം ഉറച്ചുനില്‍ക്കുകയും വേണം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, അവരുടെ യഥാര്‍ഥ പദവിയും വ്യതിരിക്തതയും നിര്‍ണയിക്കുന്നത് വംശീയവും സാംസ്‌കാരികവുമായ പശ്ചാത്തലങ്ങളല്ല, മറിച്ച് അവരുടെ ആദര്‍ശവും വിശ്വാസവും പ്രത്യയശാസ്ത്രവുമാണ്. അവരുടെ സാംസ്‌കാരിക വ്യതിരിക്തതയും അതേ വിശ്വാസത്തിനും പ്രത്യയശാസ്ത്രത്തിനും വിധേയമാണ്. മറ്റു വംശീയ വിഭാഗങ്ങളെപ്പോലെ, അവര്‍ക്ക് ഒരിക്കലും അവരുടെ സ്വന്തം താല്‍പ്പര്യങ്ങളില്‍ മാത്രം ഒതുങ്ങാന്‍ സാധിക്കുകയില്ല. അടിച്ചമര്‍ത്തലിനെതിരായ നിരന്തര പോരാട്ടം, സ്വത്വത്തില്‍ ഉറച്ചുനില്‍ക്കാനുള്ള നിര്‍ബന്ധം, അവകാശങ്ങള്‍ നേടിയെടുക്കാനുള്ള ത്വര ഇതെല്ലാം ഒരു മുസ്ലിമിന്റെ ജീവിതത്തിന്റെ ഭാഗമായുണ്ടാകും.
എന്നാല്‍ ഈ ശ്രമങ്ങള്‍ അവരുടെ രാഷ്ട്രീയത്തിന്റെയും പ്രബോധന പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാന തലക്കെട്ടാക്കാന്‍ സാധിക്കുകയില്ല. ഇസ്ലാം എന്ന ജീവിത ദര്‍ശനം നമ്മുടെ മുമ്പാകെ സമര്‍പ്പിച്ച ലക്ഷ്യങ്ങളും  പ്രത്യയശാസ്ത്ര ബോധ്യങ്ങളും വഴി മാത്രമേ ഈ സ്ഥാനം നേടാനാവൂ.
മക്കയില്‍ നബി (സ) അടിച്ചമര്‍ത്തപ്പെട്ട മുസ്ലിം സമൂഹത്തിന്റെ നീതിക്ക് വേണ്ടി നിലകൊണ്ടു. ഇസ്ലാം സ്വീകരിച്ച അടിമകളെ മോചിപ്പിച്ചു അവര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ ജീവവായു നല്‍കി. ഇസ്ലാം സമര്‍പ്പിക്കുന്ന വ്യവസ്ഥാപിതമായ സാഹോദര്യ ബന്ധങ്ങളിലൂടെ പാവപ്പെട്ടവരും ദുരിതമനുഭവിക്കുന്നവരുമായ  മുസ്ലിം സമൂഹത്തെ തിരുദൂതര്‍ സഹായിച്ചു. തന്റെ അനുയായികള്‍ക്ക് അബ്‌സീനിയയിലേക്ക് ഹിജ്റ പോകാനുള്ള സൗകര്യങ്ങളൊരുക്കി. വഞ്ചകരായ ജൂത ഗോത്രങ്ങളുടെ കൈകളില്‍നിന്നും മുസ്ലിം സമൂഹത്തെ രക്ഷപ്പെടുത്താനും അവര്‍ക്ക് വേണ്ട സംരക്ഷണങ്ങളൊരുക്കാനും ആവശ്യമായ   ക്രമീകരണങ്ങള്‍ മദീനയിലും ഏര്‍പ്പെടുത്തി. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം നബി തിരുമേനിയുടെ പോരാട്ടത്തിന്റെ ഉപഘടകമോ രണ്ടാം പരിഗണനയോ മാത്രമായിരുന്നു. അഥവാ,  യഥാര്‍ഥ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള ചവിട്ടുപടിയായിരുന്നു. തിരുദൂതരുടെ പോരാട്ടത്തിന്റെ യഥാര്‍ഥ ലക്ഷ്യം അല്ലെങ്കില്‍ യഥാര്‍ഥ തലക്കെട്ട് അല്ലാഹുവിന്റെ അടിമകളെ മുഴുവന്‍ മനുഷ്യരുടെയും അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുകയും അവരെ നാഥന്റെ മാത്രം അടിമത്തത്തിലേക്ക് കൈപിടിച്ചാനയിക്കുകയും ചെയ്യുക എന്നതായിരുന്നു. സന്‍ആയില്‍ നിന്ന് ഹദ്‌റമൗത്ത് വരെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഒരു സ്ത്രീക്ക് ആരെയും ഭയക്കാത്ത സാഹചര്യം സൃഷ്ടിക്കുകയായിരുന്നു ആ മഹാവ്യക്തിത്വത്തിന്റെ യഥാര്‍ഥ ലക്ഷ്യം. സ്വാതന്ത്ര്യവും സമാധാനവും നീതിയും ഏതെങ്കിലും പ്രത്യേക വംശത്തിനോ സ്വത്വത്തിനോ മാത്രം ആവശ്യമുള്ളതല്ല; എല്ലാ മനുഷ്യര്‍ക്കും ആവശ്യമുള്ളതാണ്.
മുസ്ലിംകള്‍ പ്രത്യേക ദൗത്യവും ലക്ഷ്യവുമുള്ള ഒരു വിഭാഗമാണെന്നാണ് ഇതുവരെ പറഞ്ഞ് വന്നത്. മുസ്ലിം സമൂഹം തങ്ങളെ കേവല വംശീയ വിഭാഗമായോ ജാതിയായോ, അവരുടെ സ്വത്വവുമായി ബന്ധപ്പെട്ട ഭൗതിക പ്രശ്‌നങ്ങള്‍ ആദ്യത്തെയും അവസാനത്തെയും പ്രശ്‌നമായോ കാണാന്‍ തുടങ്ങുമ്പോള്‍, അവരോടൊപ്പം ജീവിക്കുന്ന മറ്റു ജനവിഭാങ്ങളുടെ മുമ്പാകെ അവര്‍ ഒരു അപരിചിത സമൂഹമായി മാറുകയാണ് ചെയ്യുക. അവര്‍ക്കും മറ്റു സമൂഹങ്ങള്‍ക്കുമിടയില്‍ ഒരുതരം അന്യഥാബോധവും വിശ്വാസമില്ലായ്മയും ഉടലെടുക്കുന്നു. മുസ് ലിംകള്‍ സ്വന്തം ഗെറ്റോകളിലേക്ക് ചുരുങ്ങുന്നു.  'എന്റെ സമൂഹമേ' എന്ന പ്രവാചകന്മാരുടെ പൊതു അഭിസംബോധനയില്‍ ഉള്ളടങ്ങിയ സന്ദേശവും പ്രബോധനവും അവരുടെ ഹൃദയത്തിലേക്ക് കടക്കുന്നില്ല. നമ്മുടെ രാജ്യത്ത് മുസ്ലിം സമൂഹവും മറ്റിതര വിഭാഗങ്ങളും തമ്മിലുള്ള അകല്‍ച്ചയുടെ കാരണങ്ങളിലൊന്ന്   ഒരു പ്രത്യേക സമൂഹമായി മുസ്ലിംകള്‍ തങ്ങളെ കണക്കാക്കുന്നത് കൊണ്ടുകൂടിയാണ്.

ഇസ്ലാമിക രാഷ്ട്രീയത്തിന്റെ
അടിത്തറകള്‍

മുകളില്‍ സൂചിപ്പിച്ച മുസ്ലിം സമൂഹത്തിന്റെ പദവിയുമായി ബന്ധപ്പെട്ട ആവശ്യകതകള്‍ എന്തൊക്കെയാണ്, ഏതുതരം രാഷ്ട്രീയമാണ് ഈ പദവിക്കനുയോജ്യമാകുന്നത്? ഇതിന്റെ ഉത്തരം കണ്ടെത്തുന്നതിന്റെ ഭാഗമായി നാം നടത്തുന്ന സംവാദങ്ങള്‍ ഇത് വായിക്കുന്ന ഏതൊരാള്‍ക്കും പുതുമയുള്ള അനുഭവമാകാനിടയില്ല. നിരവധി ഇസ്ലാമിക ചിന്തകര്‍, പ്രത്യേകിച്ച് മൗലാനാ മൗദൂദി, ഈ വിഷയത്തെക്കുറിച്ച് വ്യക്തതയോടെ പറഞ്ഞിട്ടുണ്ട്. അതുതന്നെയാണ് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ അവരുടെ ലക്ഷ്യമായി നിര്‍ണയിച്ചതും.
ഇന്ത്യയെപ്പോലുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ ഈ ലക്ഷ്യം കൈവരിക്കുന്നത് ഇവിടെയുള്ള ജനസമൂഹങ്ങള്‍ക്കിടയില്‍ ഇസ്ലാമിനെ പരിചയപ്പെടുത്തുകയും പ്രബോധനം നടത്തുകയും ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കുന്നു. അതോടൊപ്പം ഇന്നത്തെ ഇന്ത്യയിലെ മുസ്ലിം ഉമ്മത്തിന്റെ അടിയന്തര ലക്ഷ്യം എന്തായിരിക്കണം? അവര്‍ ഏതുവിധത്തിലുളള  ആദര്‍ശങ്ങള്‍ക്കായി പരിശ്രമിക്കണം? ഇക്കാര്യത്തിലും  അവലംബനീയമായ ഇസ്‌ലാമിക കൃതികളില്‍ മാര്‍ഗനിര്‍ദേശങ്ങളുണ്ട്.
ഇസ്ലാമിക ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന്  പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്ലാം വെറും ഈ ലക്ഷ്യങ്ങളുടെ പേരല്ല. ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അല്ലാഹു സംവിധാനിച്ച നിയമങ്ങളും ആവശ്യമാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍, ഇത്തരം നിയമങ്ങള്‍ ഉടനടി നടപ്പിലാക്കുന്നത് അസാധ്യമായിരിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ ഇസ്ലാമികമായ ലക്ഷ്യസാക്ഷാല്‍ക്കാരത്തില്‍ പുരോഗതി കൈവരിക്കുന്നതിനാവശ്യമായ കാല്‍വെപ്പുകള്‍ പടിപടിയായി എടുക്കുകയും, നടപ്പിലാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക് മുന്‍ഗണനാ ക്രമം നിശ്ചയിക്കുകയുമാണ്  വേണ്ടത്.  ക്രമസമാധാനം, എല്ലാവര്‍ക്കും നീതി, വിഭവങ്ങളുടെ ന്യായമായ വിതരണം, ജനങ്ങളുടെ ക്ഷേമം, എല്ലാവരുടെയും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റല്‍ എന്നിവ ഇസ്ലാം ലക്ഷ്യമിടുന്ന മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ കൂടിയാണ്. ഈ ലക്ഷ്യങ്ങളിലേക്ക് കൂടുതല്‍ അടുക്കാന്‍, സാധ്യമായ നയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് പുതിയ കാലത്തെ പല ഇസ്ലാമിക ചിന്തകരും ശരീഅത്തിന്റെ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി വിവിധ തരത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിച്ചത്. ഇതുമായി ബന്ധപ്പെട്ട് ധാരാളം പഠനങ്ങള്‍ ഇസ്ലാമിക ലോകത്ത് നടന്നുകൊണ്ടിരിക്കുന്നുണ്ട്.  അല്ലാമാ യൂസുഫുല്‍ ഖറദാവിയുടെ ഫിഖ്ഹുദ്ദൗല,18 അഹ്മദ് റൈസൂനിയുടെ ഇസ്ലാമിക ചിന്തകളും സമകാലിക രാഷ്ട്രീയ പ്രശ്‌നങ്ങളും (അല്‍ഫിക്‌റുല്‍ ഇസ്ലാമി വ ഖദായാനാ അസ്സിയാസിയ്യ അല്‍ മുആസറ)19എന്നീ പുസ്തകങ്ങള്‍ക്ക് പുറമെ റാശിദുല്‍ ഗന്നൂശിയുടെ നിരവധി പുസ്തകങ്ങളും (ഇസ്ലാമിലെ ജനാധിപത്യവും മനുഷ്യാവകാശങ്ങളും20, ഇസ്ലാമിക രാഷ്ട്രത്തിലെ പൊതു സ്വാതന്ത്ര്യങ്ങള്‍21, ഇസ്ലാമിക പ്രസ്ഥാനത്തിന്റെ തുനീഷ്യന്‍ അനുഭവങ്ങള്‍)22 ഈ രംഗത്തെ മികച്ച സംഭാവനകളാണ്.
ഇതൊരു പുതിയ ചിന്താരീതിയല്ല. അല്ലാമാ ഇബ്നുല്‍ ഖയ്യിം ജൗസി, ഇബ്നു ഉഖൈലിനെ ഉദ്ധരിച്ച് കൊണ്ട് ഇസ്ലാമിക രാഷ്ട്രീയത്തെ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്: ''ജനങ്ങളെ ക്ഷേമത്തിലേക്കും വിജയത്തിലേക്കും കൂടുതല്‍ അടുപ്പിക്കുകയും, തിന്മയില്‍ നിന്നും കുഴപ്പങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുകയും ചെയ്യുന്ന പ്രക്രിയയാണ് രാഷ്ട്രീയം. ഈ രാഷ്ട്രീയ പ്രക്രിയ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടില്ലെങ്കിലും പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളതാണ്.''23 ഈ വിഷയത്തില്‍, ഇബ്നുല്‍ ഖയ്യിം തന്റെ ചര്‍ച്ച അവസാനിപ്പിക്കുന്നത് അതിരുകവിച്ചിലുകളുടെയും തീവ്രതയുടെയും വഴി ജനങ്ങള്‍ സ്വീകരിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ടാണ്. അദ്ദേഹം പറയുന്നു; ''സത്യവും ധര്‍മവും നിലനിര്‍ത്തുകയും ജനങ്ങള്‍ക്കിടയില്‍ നീതി സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ഇസ്ലാമിക രാഷ്ട്രീയത്തിന്റെ ലക്ഷ്യം. സത്യത്തിന്റെയും നീതിയുടെയും ആവശ്യകത ബോധ്യമാകുന്ന എല്ലാ രീതികളും ഇതിനായി  സ്വീകരിക്കേണ്ടത് നിര്‍ബന്ധവുമാണ്. മാര്‍ഗവും വഴികളും സ്വയം ലക്ഷ്യമാകാവതല്ല. മറിച്ച്, ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ അതുവഴി നേടിയെടുക്കുകയാണ് വേണ്ടത്. സത്യത്തിനും നീതിക്കും വേണ്ടി സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ എങ്ങനെയാണ് ശരീഅത്തിന് വിരുദ്ധമാവുക!  നീതിക്കുവേണ്ടിയുള്ള രാഷ്ട്രീയം ശരീഅത്തിന് എതിരല്ല, മറിച്ച് ശരീഅത്തിന്റെ അവിഭാജ്യ ഘടകവും അതിന്റെ ഒരധ്യായവുമാണ്. അതിനെ വേണമെങ്കില്‍ രാഷ്ട്രീയമെന്ന് വിളിക്കാം. അല്ലെങ്കില്‍ മറ്റെന്തെങ്കിലും പേര് വിളിക്കാം. എന്ത് പേരിട്ട് വിളിച്ചാലും അതില്‍ ഒരു വ്യത്യാസവുമില്ല.''24
രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അനുയോജ്യമായ രാഷ്ട്രീയ പദ്ധതിയും പ്രത്യയശാസ്ത്രവുമായി ഈ രാജ്യത്തെ മുസ്ലിംകള്‍ രംഗത്ത് വരണമെന്നാണ് ഇതുവരെ നടന്ന ചര്‍ച്ചകളുടെ സംഗ്രഹം. ഇസ്ലാമിക ശരീഅത്തിന്റെ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും ക്ഷേമം അതില്‍ ഉള്‍പ്പെടുത്തണം. എല്ലാ വിഭാഗങ്ങളുടെയും നീതി ഉറപ്പുവരുത്തണം. എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. ഇസ്ലാമിക അധ്യാപനങ്ങളുടെ വെളിച്ചത്തില്‍ എല്ലാ മനുഷ്യരുടെയും താല്‍പ്പര്യങ്ങളുടെ വാഹകരായി മുസ്ലിംകള്‍ ഉയര്‍ന്നുവരട്ടെ.
സ്വത്വ രാഷ്ട്രീയവും ഇസ്ലാമിക സ്വത്വം സംരക്ഷിക്കാനുള്ള നമ്മുടെ ശ്രമങ്ങളും തമ്മില്‍ കൂട്ടിക്കുഴക്കുന്നത് ശരിയല്ല.  മുസ്ലിംകള്‍ എല്ലാ മനുഷ്യരോടും നീതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, അടിച്ചമര്‍ത്തപ്പെട്ട മറ്റു ജനവിഭാഗങ്ങളോടൊപ്പം മുസ്ലിംകള്‍ക്കും നീതി ലഭ്യമാക്കാന്‍ ശ്രമിക്കും. അവരുടെ ജീവനും സ്വത്തും മാനവും നാം സംരക്ഷിക്കും. മുസ്ലിംകള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളുടെയും മാനുഷികവും മതപരവും സാംസ്‌കാരികവുമായ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സമഗ്രമായ ക്രമീകരണം ഉറപ്പുവരുത്തുന്ന പരിപാടികള്‍ നാം നിര്‍ദ്ദേശിക്കും. അത് നമ്മുടെ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും (DIscourse) അടിസ്ഥാനമാക്കുകയും ചെയ്യും. സ്വത്വരാഷ്ട്രീയം എന്നാല്‍ രാഷ്ട്രീയമായ മുഴുവന്‍ സംവാദങ്ങളും സ്വന്തം ജനതയുടെ   സങ്കുചിത താല്‍പര്യങ്ങളില്‍ ഒതുങ്ങുക, വിഭാഗീയ സംഘട്ടനങ്ങള്‍ രാഷ്ട്രീയത്തിലെ പ്രബലമായ പ്രവണതയാക്കുക, രാജ്യത്തെ എല്ലാ പൗരന്മാരെയും അഭിസംബോധന ചെയ്യുന്ന സാര്‍വത്രികമോ സമഗ്രമോ ആയ പ്രത്യയശാസ്ത്രം ഇല്ലാതിരിക്കുക എന്നൊക്കെയാണ്. ഇത്തരം രാഷ്ട്രീയം ഇസ്ലാമിക പ്രകൃതത്തിനിണങ്ങാത്തതും ഇസ്ലാമിക അധ്യാപനങ്ങളോട് ഏറ്റുമുട്ടുന്നതുമാണ്.
ചുരുക്കത്തില്‍ മുസ്ലിം സമൂഹത്തിന് മുഖ്യധാരാ മതേതര രാഷ്ട്രീയത്തിലോ സ്വത്വ രാഷ്ട്രീയത്തിലോ ഒതുങ്ങാന്‍ കഴിയില്ല. ഈ രണ്ട് രാഷ്ട്രീയ ശൈലികളുടെ ദോഷവശങ്ങളെക്കുറിച്ചും  ഇതുവരെയുള്ള ചര്‍ച്ചകളില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഈ രണ്ട് ശൈലികളും മുസ്ലിം സമൂഹത്തിന്റെ യഥാര്‍ഥ പദവിക്ക് അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമിന്റെ അധ്യാപനങ്ങളുടെ വെളിച്ചത്തില്‍, ഈ രാജ്യത്തെ എല്ലാ മനുഷ്യരുടെയും ക്ഷേമത്തിനായുള്ള ഐഡിയോളജിയും പരിപാടികളും  ഇസ്ലാമിക സമൂഹത്തിന്റെ മുഖമുദ്രയായിരിക്കണം. പ്രസ്തുത പ്രത്യയശാസ്ത്രവും കര്‍മപദ്ധതിയും മുന്‍നിര്‍ത്തിയാണ് അവര്‍ ഹിന്ദുത്വയുമായും രാജ്യത്തെ മുഴുവന്‍ ജനങ്ങളുമായും ആത്മവിശ്വാസത്തോടെ സംവദിക്കുകയും ഇടപെടുകയും ചെയ്യേണ്ടത്. ഈ പ്രത്യയശാസ്ത്രം അവരുടെ എല്ലാ പ്രയത്‌നങ്ങളുടെയും അടിത്തറയായിരിക്കണം.
            (അവസാനിച്ചു)
വിവ: അബ്ദുല്‍ ഹകീം നദ്‌വി

17. സആദത്തുല്ല ഹുസൈനി- ബദല്‍തിഹുയി ദുന്‍യാ ഔര്‍ ഇസ്‌ലാമി ഫിക്ര്‍ (ഹിദായത്ത് പബ്ലിഷേഴ്‌സ് ന്യൂദല്‍ഹി, പേജ് 57-71)
18. ഡോ. ഖറദാവി- മിന്‍ ഫിഖ്ഹിദ്ദൗലഃ ഫില്‍ ഇസ്‌ലാം (1997)
19. അഹ്മദ് റയ്‌സൂനി- അല്‍ ഫക്‌റുല്‍ ഇസ്‌ലാമി വഖാളായാനാ അസ്സിയാസിയ്യ അല്‍ മുആസ്വറ (2013, ദാറുല്‍ കലിമ, കയ്‌റോ)
20. റാശിദുല്‍ ഗന്നൂശി- അദ്ദിംഖ്‌റാത്വിയ്യ വഹുഖൂഖുല്‍ ഇന്‍സാന്‍ ഫില്‍ ഇസ്‌ലാം (2012, മര്‍കസുല്‍ ജസീറ, ദോഹ)
21. റാശിദുല്‍ ഗന്നൂശി- അല്‍ ഹുര്‍റിയ്യാത്തുല്‍ ആമ്മ ഫിദ്ദൗല അല്‍ ഇസ്‌ലാമിയ്യ (1993, മര്‍കസു ദിറാസാത്തില്‍ വഹ്ദ അല്‍ അറബിയ്യ, ബൈറൂത്ത്)
22. റാശിദുല്‍ ഗന്നൂശി- മിന്‍ തജ്‌രിബതില്‍ ഹറകത്തില്‍ ഇസ്‌ലാമിയ്യ ഫീ തൂനുസ് (2011, ദാറുല്‍ മുജ്തഹിദ്, ബൈറൂത്ത്)
23. ഇബ്‌നുല്‍ ഖയ്യിം അല്‍ ജൗസിയ്യ- ഇഅ്‌ലാമുല്‍ മുവഖിഈന്‍ (പേജ് 372, ദാറുല്‍ ജീല്‍, വാ 4, ജാമിഅത്തുല്‍ കുതുബില്‍ ഇസ്‌ലാമിയ്യ)
24. അതേ പുസ്തകം, പേജ് 373
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍
ടി.കെ ഉബൈദ്‌

ഹദീസ്‌

സഹോദരിയുടെ അവകാശങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌