Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 24

3232

1443 ജമാദുല്‍ അവ്വല്‍ 19

സാംസ്‌കാരിക സംവാദം ശക്തിപ്പെടട്ടെ

ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരി

(ഐ.പി.എച്ച് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ച 'ഒരു അറബ് നയതന്ത്രജ്ഞന്റെ സാംസ്‌കാരിക വിചാരങ്ങള്‍' എന്ന കൃതി ഖത്തറില്‍   പ്രകാശനം ചെയ്തപ്പോള്‍  ഗ്രന്ഥകര്‍ത്താവും ഖത്തര്‍ മുന്‍ സാംസ്‌കാരിക-കലാ-പൈതൃക മന്ത്രിയും ഇപ്പോള്‍ സഹമന്ത്രിയുമായ ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരി ചെയ്ത പ്രസംഗത്തിന്റെ സംഗ്രഹം. വിവ:  ഹുസൈന്‍ കടന്നമണ്ണ)


'ഒരു അറബ് നയതന്ത്രജ്ഞന്റെ സാംസ്‌കാരിക വിചാരങ്ങള്‍' എന്ന  എന്റെ ഗ്രന്ഥം   ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പേര്‍ഷ്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ശേഷമാണ് മലയാളത്തിലേക്ക് വരുന്നത്. ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക-സാംസ്‌കാരിക സംഘടനയായ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി(സി.ഐ.സി)യോടും വിവര്‍ത്തകനായ ഹുസൈന്‍ കടന്നമണ്ണയോടും എനിക്ക് അതിയായ കടപ്പാടുണ്ട്. ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ പ്രവര്‍ത്തനങ്ങളെയും ഞാനേറെ വിലമതിക്കുന്നു.
നിങ്ങളിലൂടെ എന്റെ ഗ്രന്ഥം ഇന്ത്യന്‍ തീരത്തണയുകയാണ്, ഇന്ത്യന്‍ സംസ്‌കാരവുമായി സംവദിക്കുകയാണ്. ലോക സംസ്‌കാരങ്ങളില്‍ അദ്വിതീയ സ്ഥാനവും ഏറ്റവുമേറെ  വൈവിവിധ്യവുമുണ്ടല്ലോ  ഇന്ത്യന്‍ സംസ്‌കാരത്തിന്. ഇന്ത്യയുടെ ജ്ഞാനപ്രസാദത്തില്‍ ഞാനെന്നും ആകൃഷ്ടനായിരുന്നു. ആ  വിജ്ഞാനശേഷിയാണ് ഇന്ത്യക്കാരുടെ ജീവിതാനുഭവങ്ങളെ ചരിത്രത്തിലുടനീളം  പരിഭാഷപ്പെടുത്തി ലോകത്തിന് നല്‍കിക്കൊണ്ടിരുന്നത്. എല്ലാ സംസ്‌കാരങ്ങളും ജനപഥങ്ങളും അത് പ്രയോജനപ്പെടുത്തി. ജനസമൂഹങ്ങള്‍ തമ്മില്‍ നാഗരിക പരാഗണം നടന്നപ്പോള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ നീരൊഴുക്കില്‍നിന്ന് അറബ് സംസ്‌കാരവും പാനം ചെയ്തു. അറബ് പൈതൃകത്തിലെ വിശ്വോത്തര ഗ്രന്ഥങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഇന്ത്യന്‍ യുക്തിജ്ഞാനത്തിന്റെ കാല്‍പ്പാടുകള്‍ പരതിപ്പോകാന്‍ എനിക്കെന്നും ആവേശമായിരുന്നു. അക്കൂട്ടത്തില്‍ ഞാന്‍ ഏറെ വിലമതിക്കുന്ന ഒരു യുക്തിജ്ഞാന സമാഹാരമാണ് അബ്ദുല്ലാഹിബ്നുല്‍ മുഖഫ്ഫഅ് പേര്‍ഷ്യന്‍ ഭാഷയില്‍നിന്ന് മൊഴിമാറ്റിയ 'കലീലയും ദിംനയും.' പേര്‍ഷ്യക്കാര്‍ അതിന്റെ അടിസ്ഥാന ആശയം കടംകൊണ്ടത് ബി.സി മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച ഇന്ത്യന്‍ പണ്ഡിതന്‍ വിഷ്ണു ശര്‍മയുടെ പഞ്ചതന്ത്രം കഥകളില്‍നിന്നാണ്. സംസ്‌കാരങ്ങള്‍ തമ്മിലുള്ള ഇണച്ചേര്‍ച്ചയെ സത്യസന്ധമായി ആവിഷ്‌കരിക്കുന്ന കൃതിയാണത്. ഇന്ത്യന്‍ സംസ്‌കാരത്തില്‍ മൗലിക സാന്നിധ്യമുറപ്പിക്കുകയും പിന്നീട് ആഗോള ജനപഥങ്ങളിലേക്ക് പ്രചരിക്കുകയും ചെയ്ത യുക്തിജ്ഞാന ശേഖരത്തെ അത് പ്രകാശിപ്പിക്കുന്നു. 'ഇന്ത്യക്കാരുടെ ജ്ഞാനവും പേര്‍ഷ്യക്കാരുടെ അധ്വാനവും അറബികളുടെ ഭാഷയും സമ്മേളിച്ച ഗ്രന്ഥം' എന്ന് അറബി സാഹിത്യകാരന്‍ താഹാ ഹുസൈന്‍ പ്രസ്തുത ഗ്രന്ഥത്തെ വിശേഷിപ്പിച്ചിട്ടുണ്ട്.
ഇന്ത്യക്കാര്‍ ഇഛാശക്തിയുള്ളവരാണ്. പണ്ടും ഇന്നും അവര്‍ തങ്ങളുടെ നാഗരികതയുടെ പുരോഗതിക്കായി ക്ലേശങ്ങള്‍ സഹിച്ചു. ലോകസംസ്‌കാരങ്ങളെ സമ്പന്നമാക്കുന്ന ഉള്‍സാരം ഇന്ത്യന്‍ ഭാഷകളില്‍ ഞാന്‍ കാണുന്നു. ഭാഷ സംസ്‌കാരത്തിന്റെ കണ്ണാടിയാണല്ലോ. ഭാഷ സജീവവും സാഹിത്യത്തെയും കലകളെയും വിജ്ഞാനീയങ്ങളെയും മികവാര്‍ന്ന രൂപത്തില്‍ ആവിഷ്‌കരിക്കാന്‍ കെല്‍പ്പുറ്റതാവുകയും ചെയ്യുമ്പോഴൊക്കെ ആ ഭാഷ സംസാരിക്കുന്നവരുടെ സംസ്‌കാരം സംരക്ഷിക്കപ്പെടുന്നു. ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാരില്‍ സംസ്‌കാരാന്തര സംവാദത്തിന്റെ തിളങ്ങുന്ന ചിത്രം ഞാന്‍ കാണുന്നു. ക്ഷേമരാഷ്ട്ര നിര്‍മാണത്തില്‍ പങ്കുവഹിക്കാനുള്ള ഇന്ത്യക്കാരുടെ കഴിവില്‍ വിശ്വാസമര്‍പ്പിച്ചാണ് ഖത്തര്‍ അവരെ സ്വീകരിച്ചിട്ടുള്ളത്.
2015-ല്‍ ഹമദ് ബിന്‍ ഖലീഫ പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധകരിച്ച അറബിയിലുള്ള എന്റെ ഗ്രന്ഥം സി.ഐ.സി പ്രസിഡന്റിന്റെ ആഗ്രഹപ്രകാരമാണ് മലയാളത്തിലേക്ക് മൊഴിമാറ്റപ്പെടുന്നത്. ഇന്ത്യന്‍ സമൂഹവും എന്റെ നാടിന്റെ സംസ്‌കാരവും തമ്മിലുള്ള സാഹോദര്യ ബന്ധത്തിന്റെ ദൃഢത പ്രകാശിപ്പിക്കുന്ന ആ നിര്‍ദേശം  എന്റെ മനം കുളിര്‍പ്പിച്ചു. ഇന്ത്യയിലാണ് പുസ്തകത്തിന്റെ അച്ചടി നടന്നതെന്നത് സന്തോഷം വര്‍ധിപ്പിച്ചു. ആധുനിക ഖത്തറിന്റെ സ്ഥാപകന്‍ ശൈഖ് ജാസിം ബിന്‍ മുഹമ്മദ് 1910-ല്‍ തന്റെ കവിതാ സമാഹരം അച്ചടിച്ചത് ഇന്ത്യയിലായിരുന്നുവെന്ന് ഞാനോര്‍ത്തുപോയി. വിജ്ഞാനപ്പകര്‍ച്ചയില്‍ ഇന്ത്യ നിര്‍വഹിച്ചുകൊണ്ടിരുന്ന റോള്‍ അദ്ദേഹം വിലമതിച്ചിരുന്നു. ഇന്ത്യയും അറേബ്യന്‍ ഗള്‍ഫും 2500 വര്‍ഷത്തിലധികമായി, അഥവാ സിന്ധു നദീതട സംസ്‌കാരം മുതല്‍ തുടരുന്ന ബന്ധത്തിന്റെ കരുത്ത് അദ്ദേഹം ആവര്‍ത്തിച്ചുറപ്പിച്ചു. സാമ്പത്തിക, വാണിജ്യ, രാഷ്ട്രീയ, സാംസ്‌കാരിക തലങ്ങള്‍ ഇഴചേര്‍ന്ന ബന്ധമാണത്. അന്നുതൊട്ട് ഇന്നേവരെ ആ ബന്ധത്തിനു ഉലച്ചില്‍ തട്ടിയിട്ടില്ല. എന്നല്ല, ഇരു മേഖലകളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് ആഴവും വ്യാപ്തിയും വര്‍ധിക്കുകയായിരുന്നു.
ഇപ്പോള്‍ നിങ്ങളുടെ കൈകളിലെത്തിച്ചേര്‍ന്ന ഗ്രന്ഥം എന്റെ വ്യക്തിജീവിതത്തില്‍ വലിയ സ്വാധീനമുളവാക്കിയ ഗ്രന്ഥമാണ്. ഞാന്‍ യുനെസ്‌കോയുടെ ഡയറക്ടര്‍ സ്ഥാനത്തേക്ക് മത്സരിച്ച സന്ദര്‍ഭത്തില്‍ അത് എന്നെ സംബന്ധിച്ച മികച്ച പരിചയപ്പെടുത്തലായി വര്‍ത്തിച്ചു. മത്സരത്തില്‍ രണ്ട് വോട്ടിനു പരാജയപ്പെട്ടെങ്കിലും അഭിമാനകരമായ തെരഞ്ഞെടുപ്പു ഫലം യാഥാര്‍ഥ്യമാക്കുന്നതില്‍ ഈ ഗ്രന്ഥത്തിനു പങ്കുണ്ടായിരുന്നു. എന്റെ നയതന്ത്ര-സാംസ്‌കാരിക-രാഷ്ട്രീയ അനുഭവങ്ങളെ ഒരു 'വിചാരചരിത' രൂപത്തില്‍ സമര്‍പ്പിക്കാനാണ് ഞാനാഗ്രഹിച്ചത്. സംസ്‌കാരം, നയതന്ത്രം, പൈതൃകം, കല, സാഹിത്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായി ആ വിചാരം സംവദിക്കുന്നു.
പുസ്തക പരിഭാഷ സാംസ്‌കാരിക പാലം എന്ന ആശയത്തെ സജീവമാക്കുന്നു. പരിഭാഷയിലൂടെ രണ്ട് സംസ്‌കാരങ്ങള്‍ക്കിടയില്‍ ബന്ധങ്ങളുണ്ടാവുകയാണല്ലോ. ഇപ്പറഞ്ഞ അടിസ്ഥാന ഘടകത്തിന്റെ പ്രതിധ്വനി മലയാള വായനക്കാരന് എന്റെ ഗ്രന്ഥത്തില്‍ കണ്ടെത്താം.  നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ കൃതിയുടെ ആസ്വാദ്യകരമായ വായന ആശംസിക്കുന്നു. ഇന്ത്യന്‍ സാംസ്‌കാരിക വാനില്‍ അത് വട്ടമിട്ടു പറക്കുമ്പോള്‍ അതിന്റെ മൂല്യമേറുന്നു. വ്യത്യസ്തമായൊരു ചിന്തയുമായി സംവദിക്കുമ്പോള്‍, സാംസ്‌കാരിക വൈവിധ്യത്തില്‍ വിശ്വസിക്കുന്ന പുതിയൊരു വായനക്കാരനെ ലഭിക്കുമ്പോള്‍ അതിന്റെ പ്രസരണവ്യാപ്തി വര്‍ധിക്കുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ - 4-6
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹദീസ്‌നിഷേധത്തിന്റെ ഭവിഷ്യത്ത്‌
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌