എന്‍.എം ശരീഫ് മൗലവി എന്ന ബഹുമുഖ പ്രതിഭയെ വായിക്കുമ്പോള്‍
സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും ചരിത്രമെഴുതുമ്പോള്‍ അതികായന്മാരായ ചില വ്യക്തികളുടെ ജീവചരിത്രം കൂടിയായി അത് മാറാറുണ്ട്. തിരിച്ച്, ചില വ്യക്തികളുടെ ജീവചരിത്രം തയാറാക്കുമ്പോള്‍ പ്രസ്ഥാനത്തിന്റെയും സ്ഥാപനങ്ങളുടെയും ചരിത്രമായി അത് വികസിക്കാറുമുണ്ട്. അത്തരം പ്രതിഭാശാലികളിലൊരാളായിരുന്നു എന്‍.എം ശരീഫ് മൗലവി. ഇപ്പോള്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ മുന്നില്‍ നിന്ന് നയിക്കുന്ന ഒരു തലമുറയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിത്വം. ശാന്തപുരം ഇസ്‌ലാമിയ കോളേജ്, തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ ഒരു തലമുറക്ക് വൈജ്ഞാനിക അടിത്തറ പാകിയ പ്രമുഖ അധ്യാപകന്‍.
എന്റെ തലമുറക്ക് ഉസ്താദുമാരുടെ ഉസ്താദ് എന്ന് പറയാവുന്ന ഗുരുവര്യന്‍. അദ്ദേഹത്തിന്റെ ബഹുമുഖ ജീവിതത്തെ അടയാളപ്പെടുത്തുകയാണ് 'എന്‍.എം ശരീഫ് മൗലവി തലമുറകളുടെ രാജശില്‍പ്പി' എന്ന പുസ്തകം. സുഹൃത്തുക്കള്‍, ബന്ധുക്കള്‍, സഹപാഠികള്‍, വിദ്യാര്‍ഥികള്‍, സഹപ്രവര്‍ത്തകര്‍, പ്രസ്ഥാന നേതാക്കള്‍ തുടങ്ങി ശരീഫ് മൗലവിയുടെ ജീവിതവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന എണ്‍പതിലധികം പേരുടെ ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഒരു വ്യക്തിയുടെ ജീവചരിത്രം എന്നതിലുപരി കേരള ഇസ്‌ലാമിക നവോത്ഥാനത്തിന്റെയും മലയാളി മുസ്ലിം സമൂഹം നടത്തിയ വിദ്യാഭ്യാസ സഞ്ചാരത്തിന്റെയും ചരിത്രം കൂടിയാണിത്.
ബഹുഭാഷാ പണ്ഡിതന്‍, അധ്യാപകന്‍, ഇസ്ലാമിക ചിന്തകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, കര്‍മശാസ്ത്ര പണ്ഡിതന്‍, എഴുത്തുകാരന്‍, സംഘാടകന്‍, പ്രഭാഷകന്‍, സംവാദകന്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അപൂര്‍വം ബഹുമുഖ പ്രതിഭകളില്‍ ഒരാളായിരുന്നു എന്‍.എം ശരീഫ് മൗലവി. ഒരു കാലത്ത് യുക്തിവാദികളുടെയും ശരീഅത്ത് വിമര്‍ശകരുടെയും വാദങ്ങള്‍ക്ക് മറുപടി പറയാന്‍ മുന്നിലുണ്ടായിരുന്ന പണ്ഡിതന്‍. അക്കാലത്ത് അദ്ദേഹവുമായി വേദി പങ്കിട്ട സമുദായത്തിന്റെ വിവിധ തുറകളിലും കൂട്ടായ്മകളിലുമുള്ള പണ്ഡിതന്മാരും സംഘടനാ നേതാക്കളും ഈ പുസ്തകത്തില്‍ ആ സംവാദ കാലങ്ങള്‍ ഓര്‍ത്തെടുക്കുന്നുണ്ട്. ശരീഫ് മൗലവിയുടെ കൂടി പങ്കാളിത്തത്തില്‍ കേരളത്തില്‍ സജീവമായിരുന്ന ഖുര്‍ആന്‍-സയന്‍സ് ഡിബേറ്റുകളുടെയും ആദ്യകാല മത സംവാദങ്ങളുടെയും വര്‍ത്തമാനങ്ങള്‍ അന്നതിന് നേതൃത്വം നല്‍കിയവര്‍ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നുണ്ട്.
തിരൂര്‍ക്കാട് ഇലാഹിയ കോളേജ്, മദ്‌റസത്തു തഹ്ഫീളുല്‍ ഖുര്‍ആന്‍, ഹമദ് ഐ.ടി.സി, വനിതാ കോളേജ് തുടങ്ങി നുസ്രത്തുല്‍ ഇസ്‌ലാം ട്രസ്റ്റിനുകീഴിലുള്ള സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാന്‍ മുന്നില്‍നിന്ന പണ്ഡിതനാണ് ശരീഫ് മൗലവി. കേരളത്തിലെ ഇസ്‌ലാമിക കലാലയങ്ങളെ അറബ് യൂനിവേഴ്‌സിറ്റികളുമായും മറ്റു ഗള്‍ഫ് സ്ഥാപനങ്ങളുമായും ബന്ധപ്പെടുത്തുന്നതില്‍ ശരീഫ് മൗലവിക്കു നിര്‍ണായക പങ്കുണ്ട്. അദ്ദേഹത്തിന്റെ ഗള്‍ഫ് പര്യടനങ്ങളും അറബ് പണ്ഡിതന്മാരുമായുള്ള സഹവാസവും ഗള്‍ഫ് നാടുകളിലെ അറബ് പത്രങ്ങളിലും മാഗസിനുകളിലും പ്രസിദ്ധീകരിച്ച മൗലവിയുടെ എഴുത്തുകളുമെല്ലാം പുസ്തകം വിശദമായി അടയാളപ്പെടുത്തുന്നുണ്ട്. കുവൈത്തില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന അല്‍ മുജ്തമഅ്, അര്‍റായ, അല്‍ ഖലീജ് തുടങ്ങിയ അറബ് പത്രങ്ങളില്‍ നിരവധി ലേഖനങ്ങള്‍ ശരീഫ് മൗലവി എഴുതിയിട്ടുണ്ട്. വിദേശ റേഡിയോകളും ടെലിവിഷന്‍ ചാനലുകളും അറബി ഭാഷയിലുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും പരിപാടികളും പ്രക്ഷേപണം ചെയ്തിട്ടുമുണ്ട്. ഇങ്ങനെ അറബ് സാംസ്‌കാരിക ലോകത്തിന് കൂടി പരിചിതനായ കേരളീയ പണ്ഡിതനായിരുന്നു ശരീഫ് മൗലവി.
ഒരു വ്യക്തിയുടെ ജീവിതത്തെ എണ്‍പതിലധികം പേര്‍ ഓര്‍ത്തെഴുതുമ്പോള്‍ സംഭവിക്കുമായിരുന്ന ആവര്‍ത്തനങ്ങള്‍ പരമാവധി ഒഴിവാക്കാനും ഒടുക്കം വരെ വായനാക്ഷമത നിലനിര്‍ത്താനും പുസ്തകത്തിന്റെ എഡിറ്ററായ പി.കെ ജമാലിന് സാധിച്ചിട്ടുണ്ട്. ഇനിയും സമഗ്രമായി രേഖപ്പെടുത്തേണ്ടിയിരിക്കുന്ന കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും അതിന്റെ കീഴിലെ വിവിധ സംരംഭങ്ങളുടെയും സ്ഥാപനങ്ങളുടെയും ചരിത്രമെഴുത്തിന് ഈ ഗ്രന്ഥവും ഒരു മികച്ച റഫറന്‍സായിരിക്കും.
പ്രസാധനം: നുസ്രത്തുല്‍ ഇസ്‌ലാം ട്രസ്റ്റ് പബ്ലിക്കേഷന്‍സ്
എഡിറ്റര്‍: പി.കെ ജമാല്‍
പേജ്: 385, വില: 300
Comments