സാമുദായിക ഭൂമികയിലേക്ക് മുസ്‌ലിം ലീഗിന്റെ ചുവടുമാറ്റം?
പതിനായിരങ്ങളെ ഷോര്‍ട്ട് നോട്ടീസില്‍ അണിനിരത്തി കോഴിക്കോട് കടപ്പുറത്ത് 09-12-2021 വ്യാഴാഴ്ച സായാഹ്നത്തില്‍ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച അതിഗംഭീര സമ്മേളനം പാര്‍ട്ടിയുടെ പതിറ്റാണ്ടുകളായി തുടരുന്ന നയനിലപാടുകളില്‍ ശ്രദ്ധേയമായ മാറ്റം കുറിച്ചുകൊണ്ടാണ് സമാപിച്ചത്. പാണക്കാട് തങ്ങള്‍ കുടുംബത്തെ മുന്നില്‍ നിര്‍ത്തി വഖ്ഫ് സംരക്ഷണത്തിന്റെ ബാനറില്‍ ആസൂത്രണത്തോടെ നടത്തപ്പെട്ട ജനകീയ സംഗമം ഒരേസമയം പിണറായി സര്‍ക്കാറിനെയും സി.പി.എമ്മിനെയും ഒപ്പം പരോക്ഷമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നേതൃത്വത്തെയും കണ്ണ് തുറപ്പിക്കാന്‍ തന്നെയായിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ സാമാന്യ വിലയിരുത്തല്‍. ഒടുവിലത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനേറ്റ കനത്ത തിരിച്ചടിയുടെ ഭാരം പേറേണ്ടിവന്ന മുസ്‌ലിം ലീഗിന് തുടര്‍ച്ചയായി രണ്ടാമൂഴത്തിലും അധികാരം നഷ്ടമായ പ്രതിസന്ധിയെ എങ്ങനെ അതിജീവിക്കാനാവും എന്ന ചോദ്യം അന്തരീക്ഷത്തില്‍ ഉത്തരമില്ലാതെ തുടരുന്നു. കോണ്‍ഗ്രസ്സിലെ അനന്തമായ പടലപ്പിണക്കങ്ങള്‍ വീണ്ടെടുപ്പിനെ പൂര്‍വാധികം പ്രയാസകരമാക്കുന്നു; അവസരം മുതലാക്കി യു.ഡി.എഫിനെയും ലീഗിനെയും നിര്‍വീര്യമാക്കാന്‍ സി.പി.എമ്മും പിണറായി സര്‍ക്കാറും തന്ത്രങ്ങള്‍ മെനയുന്നു. അണികളിലും സമുദായത്തിലും മുസ്‌ലിം ലീഗിലെ അനിശ്ചിതത്വത്തില്‍ അസ്വസ്ഥതകള്‍ പുകയുന്നു, കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളോടൊപ്പമിരുന്ന് നേട്ടങ്ങള്‍ കൊയ്യുന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ നിലപാട് മൂലം ലീഗനുകൂല സമസ്തയുടെ വിദ്യാര്‍ഥി -യുവജന വിഭാഗങ്ങളില്‍ ചാഞ്ചാട്ടങ്ങള്‍ ദൃശ്യമാകുന്നു- എല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന വിഷമവൃത്തമാണ് മുസ്‌ലിം ലീഗിനെ കുഴക്കുന്നത്. നേതൃത്വത്തിന്റെ അസാമാന്യമായ സംയമനവും എന്നാല്‍ പ്രതിസന്ധി മറികടക്കാനുള്ള നയതന്ത്രജ്ഞതയും നിശ്ചയദാര്‍ഢ്യവും ആവശ്യപ്പെടുന്നതാണ് സാഹചര്യം. ഈ സന്ദിഗ്ധാവസ്ഥയില്‍ മുസ്‌ലിം ലീഗിനു അവിചാരിതമായി വീണുകിട്ടിയ ഇഷ്യൂ ആണ് വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടുകൊടുത്തുകൊണ്ട് നിയമസഭ പാസ്സാക്കിയ ബില്‍. പ്രത്യക്ഷത്തില്‍ പിണറായി സര്‍ക്കാറിനു വേണ്ടി നേരത്തേ ഗവര്‍ണര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന്റെ കാലാവധി തീര്‍ന്നപ്പോള്‍ പകരം പാസ്സാക്കേണ്ടിവന്ന ബില്ലാണിത്. പരമാവധി 130 തസ്തികകളാണ് വഖ്ഫ് ബോര്‍ഡില്‍ നിയമനം നടക്കേണ്ടത്. അതില്‍ മുസ്‌ലിംകളെ മാത്രമേ നിയമിക്കാവൂ എന്ന് നേരത്തേ വ്യവസ്ഥ ചെയ്തിട്ടുമുണ്ട്. എന്നിരിക്കെ അനിവാര്യമായി വന്ന ഒരു നിയമ നടപടി എന്നതില്‍ കവിഞ്ഞ പ്രസക്തി വിഷയത്തിനില്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാതെ വഖ്ഫ് ബോര്‍ഡിലെ നിയമനങ്ങള്‍ മാത്രം പി.എസ്.സിയെ ഏല്‍പിച്ചതില്‍ വിവേചനമുണ്ടെന്നാണ് മുസ്‌ലിം ലീഗ് ചൂണ്ടിക്കാട്ടുന്നത്. വഖ്ഫ് ബോര്‍ഡ് നേരിട്ട് നടത്തിവന്ന നിയമനങ്ങളില്‍ ഇന്നേവരെ ക്രമക്കേടുകളൊന്നും ഉണ്ടായിട്ടില്ലെന്നും അവര്‍ അവകാശപ്പെടുന്നു. ഇക്കാര്യത്തില്‍ മുസ്‌ലിം ലീഗിനെ പിന്താങ്ങുന്ന മുസ്‌ലിം സംഘടനകള്‍ വഖ്ഫ് ബോര്‍ഡ് നിയമിക്കുന്ന ഒരു റിക്രൂട്ട്‌മെന്റ് ഏജന്‍സിയെ ചുമതലയേല്‍പിച്ചാല്‍ മതി എന്ന അഭിപ്രായക്കാരാണ്. നിയമനത്തില്‍ മുഴുവന്‍ മുസ്‌ലിംകള്‍ക്കായി സംവരണം ചെയ്താലും അത് കോടതികളില്‍ ചോദ്യം ചെയ്യപ്പെട്ടാലുള്ള ഭവിഷ്യത്ത്, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് കാര്യത്തിലുണ്ടായ ദുരനുഭവം ഓര്‍മിപ്പിച്ച് അവര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ പക്ഷത്ത് നില്‍ക്കുന്ന സമസ്ത കാന്തപുരം വിഭാഗം പോലും നിയമനം പി.എസ്.സിക്ക് വിടുന്നതിനെ അനുകൂലിക്കുന്നില്ല. അവരൊഴിച്ചുള്ള സംഘടനകള്‍ ചേര്‍ന്ന് ഏകാപന സമിതിയുണ്ടാക്കി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധ സമര പരിപാടികളുമായി മുന്നോട്ടു നീങ്ങുമ്പോഴാണ്, കാര്യം കൈവിട്ടുപോയാലുള്ള അപകടം മനസ്സിലാക്കി നിയമം നടപ്പാക്കാനുള്ള ചട്ടങ്ങള്‍ നിര്‍മിക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചതും സമസ്ത ഔദ്യോഗിക വിഭാഗവുമായി ചര്‍ച്ച നടത്തി നിയമം തല്‍ക്കാലം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതും.
ഇതോടെ സമസ്ത പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നേരത്തേ പ്രഖ്യാപിക്കപ്പെട്ട ഡിസംബര്‍ ആറിലെ സര്‍വകക്ഷി പ്രതിഷേധത്തില്‍നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചു; അത് സംഭവഗതികളില്‍ പുതിയ വഴിത്തിരിവായി. ഒരു ഭാഗത്ത് സമസ്ത നേതാക്കളുമായി വീണ്ടും ചര്‍ച്ചക്ക് തയാറായ മുഖ്യമന്ത്രി പിണറായി വിജയന്‍ വഖ്ഫ് ബോര്‍ഡ് നിയമന പ്രശ്‌നവുമായി തല്‍ക്കാലം മുന്നോട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മുസ്‌ലിം സംഘടനകളുമായി ചര്‍ച്ച ചെയ്യാനുള്ള സന്നദ്ധത ഒരിക്കല്‍കൂടി ആവര്‍ത്തിച്ചു. മറുഭാഗത്ത് നിയമസഭ പാസ്സാക്കിയ വഖ്ഫ് ബോര്‍ഡ് നിയമന ബില്‍ അതേ സഭ വീണ്ടും സമ്മേളിച്ച് പിന്‍വലിക്കുന്നതുവരെ പ്രതിഷേധ സമരവുമായി മുന്നോട്ടു പോകുമെന്ന് മുസ്‌ലിം ലീഗും പ്രഖ്യാപിച്ചു. ആ പ്രഖ്യാപനം ഒന്നുകൂടി ബലപ്പെടുത്താനായിരുന്നു കോഴിക്കോട് കടപ്പുറത്തെ പ്രതിഷേധ സമ്മേളനം. സമ്മേളനത്തിലെ പ്രസംഗങ്ങള്‍ സാമുദായിക പ്രശ്‌നങ്ങള്‍ സജീവമായി കൈയാളാന്‍ മുസ്‌ലിം ലീഗ് രംഗത്തിറങ്ങുമെന്ന് ഉദ്‌ഘോഷിക്കുന്നതായിരുന്നു. ക്രൈസ്തവ പ്രീണനവും ഹൈന്ദവ പ്രീണനവും നയമാക്കി മാറ്റി മുസ്‌ലിം താല്‍പര്യങ്ങളെ അവഗണിച്ച് ഭരണം തുടരുന്ന സി.പി.എം നിലപാടിനെതിരെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുമെന്ന പ്രഖ്യാപനത്തിലൂടെ മുസ്‌ലിം ലീഗ് ഉന്നം വെക്കുന്ന ലക്ഷ്യങ്ങള്‍ മുഖ്യമായും മൂന്നാണ്: ഒന്ന്, സമുദായത്തിനകത്തു നിന്ന് പാര്‍ട്ടിക്കു നേരെ ഉയരുന്ന പുതിയ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനെ ഫലപ്രദമായി ചെറുത്തുതോല്‍പിക്കുക. രണ്ട്, ചിരകാലമായി തുടരുന്ന കോണ്‍ഗ്രസ് പിന്തുണ സമുദായ താല്‍പര്യങ്ങള്‍ ബലികഴിച്ചാവില്ല എന്ന സന്ദേശം യു.ഡി.എഫിന്റെ മുഖ്യ ഘടകത്തിന് നല്‍കുക. മൂന്ന്, ഏറ്റവും വലിയ മതന്യൂനപക്ഷത്തിന്റെ ചെലവില്‍ ഹിന്ദു-ക്രൈസ്തവ സമുദായങ്ങളുടെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കങ്ങള്‍ നഷ്ടക്കച്ചവടമാണെന്ന് സി.പി.എമ്മിനെ ബോധ്യപ്പെടുത്തുക.
മുസ്‌ലിം ലീഗിന്റെ ദിശാമാറ്റത്തെ വര്‍ഗീയതയിലേക്കുള്ള ഗതിമാറ്റമാണെന്ന് മുദ്രകുത്തി ഒരേയവസരത്തില്‍ യു.ഡി.എഫിനെയും കോണ്‍ഗ്രസ്സിനെയും പ്രതിരോധത്തിലാക്കാനും ഹൈന്ദവ-ക്രൈസ്തവ സമൂഹങ്ങളെ തങ്ങളോടൊപ്പം നിര്‍ത്താനുമാണ് സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവന്ന കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ സി.പി.എമ്മിന്റെ ശ്രദ്ധ. പാര്‍ട്ടി ജില്ലാ സമ്മേളനങ്ങളും സംസ്ഥാന സമ്മേളനവും പ്രധാനമായും ഊന്നുക ഈ അജണ്ടയിലായിരിക്കുമെന്നാണ് സൂചനകള്‍. ന്യൂനപക്ഷങ്ങളെ സുഖിപ്പിക്കാന്‍ ഹിന്ദുത്വ ശക്തികള്‍ക്കും മോദി സര്‍ക്കാറിനുമെതിരെ ആക്രമണം ശക്തിപ്പെടുത്തുമെങ്കിലും തുല്യമായൊരു ന്യൂനപക്ഷ വര്‍ഗീയ രാഷ്ട്രീയം സംസ്ഥാനത്ത് വളരുന്നുണ്ടെന്നും അതിനെയും ഫലപ്രദമായി നേരിടാന്‍ സി.പി.എമ്മിനേ കഴിയൂ എന്നും സ്ഥാപിക്കാനാവും മുഴുവന്‍ ശ്രമങ്ങളും. ജമാഅത്തെ ഇസ്‌ലാമിയുടെ ആശയമാണ് മുസ്‌ലിം ലീഗിനെ ഇപ്പോള്‍ ആവാഹിച്ചിരിക്കുന്നതെന്ന് കോടിയേരിയും 'ലീഗ് ജമാഅത്തെ ഇസ്‌ലാമിയുടെ തടവറയിലാണ്, കോണ്‍ഗ്രസ്സ് ലീഗിന്റെ തടവറയിലും' എന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എ.എ റഹീമും ആരോപിച്ചത് അതിലേക്കുള്ള പ്രകടമായ സൂചനയാണ്. മുസ്‌ലിം മതന്യൂനപക്ഷത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നതില്‍ ജമാഅത്തെ ഇസ്‌ലാമിക്കുള്ള ഉത്കണ്ഠ അതൊരിക്കലും മറച്ചുവെച്ചിട്ടില്ല. നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ സമുദായ സംഘടനകളോടും മതനിരപേക്ഷ കൂട്ടായ്മകളോടും സഹകരിക്കുക എക്കാലത്തും അതിന്റെ നയവുമാണ്. എന്നുവെച്ച് ഒരിക്കലും ഒരു സാമുദായിക പാര്‍ട്ടിയായി രംഗപ്രവേശം ചെയ്യാനോ സമുദായ താല്‍പര്യങ്ങള്‍ക്കായി ആദര്‍ശം ബലികഴിക്കാനോ തയാറാവില്ലെന്നതാണ് അതിന്റെ പ്രഖ്യാപിത നിലപാട്. കഴിഞ്ഞ കാലത്ത് പലപ്പോഴും മുസ്‌ലിം ലീഗുമായി ജമാഅത്തിന് ഇടയേണ്ടിവന്നതും തദടിസ്ഥാനത്തിലാണ്. ഇതൊന്നും സി.പി.എം നേതാക്കള്‍ക്ക് അറിയാത്തതാകാന്‍ വഴിയില്ല. കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പു മുതല്‍ കേരളത്തില്‍ സി.പി.എം വോട്ട് ബാങ്ക് രാഷ്ട്രീയം പയറ്റാന്‍ ഏറ്റവും മോശമായ ആയുധമായി ഉപയോഗിച്ചുവരുന്നതാണ് ജമാഅത്തെ ഇസ്‌ലാമി യു.ഡി.എഫ് സഖ്യമുണ്ട് എന്ന പ്രചാരണവും ഹസന്‍-കുഞ്ഞാലിക്കുട്ടി-അമീര്‍ കൂട്ടുകെട്ടാണ് കേരളം ഭരിക്കാന്‍ പോകുന്നതെന്ന ജല്‍പനവും. ഒടുവിലത്തെ വഖ്ഫ് പ്രശ്‌നത്തില്‍ പോലും പിന്‍വാതില്‍ നിയമനത്തിന്റെ വാതിലടച്ച് സ്വതന്ത്രമായ റിക്രൂട്ട്‌മെന്റ് സംവിധാനത്തിലൂടെ നിയമനങ്ങള്‍ നടത്തുകയാണ് വേണ്ടതെന്ന അഭിപ്രായമാണ് സംഘടന പ്രകടിപ്പിച്ചത്. വി.എസ് അച്യുതാനന്ദന്റെ ഭരണകാലത്ത് വഖ്ഫ് ബോര്‍ഡില്‍ ജമാഅത്തെ ഇസ്‌ലാമിക്കും അംഗത്വം ലഭിച്ചിരുന്നു. അന്ന് സ്വീകരിച്ച നിലപാടുകള്‍ എന്തായിരുന്നുവെന്ന് കോടിയേരി-റഹീമുമാര്‍ക്ക് പരിശോധിക്കാവുന്നതാണ്. കേരളത്തില്‍ വിദ്യാര്‍ഥി-യുവജന സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വിപത്കരമായ ധര്‍മച്യുതിക്കെതിരെ ആശയസമരത്തിലേര്‍പ്പെട്ട ആദര്‍ശ പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമി നാസ്തികതക്കും ഭൗതിക വാദത്തിനും ലിബറലിസത്തിനുമെതിരായ ബോധവത്കരണ യജ്ഞത്തില്‍ മാര്‍ക്‌സിസത്തിന്റെ നിഷേധാത്മക സമീപനങ്ങളെ തീര്‍ച്ചയായും തുറന്നുകാട്ടുന്നുണ്ട്. അതു പക്ഷേ എല്‍.ഡി.എഫ് സര്‍ക്കാറിനെതിരെയോ യു.ഡി.എഫ് അനുകൂലമായോ നടത്തുന്ന കാമ്പയിനായി ചിത്രീകരിക്കപ്പെടുന്നതില്‍ അര്‍ഥമില്ല.
1992 ഡിസംബര്‍ ആറിലെ ബാബരി മസ്ജിദ് ധ്വംസനത്തെത്തുടര്‍ന്ന് അതിന് കൂട്ടുനിന്ന നരംസിംഹറാവുവിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കേരളത്തിലെ യു.ഡി.എഫിന്റെ ഭരണപങ്കാളിത്തം മുസ്‌ലിം ലീഗ് ഉപേക്ഷിക്കണമെന്ന് പാര്‍ട്ടിയുടെ അന്നത്തെ അഖിലേന്ത്യാ പ്രസിഡന്റ് ഇബ്‌റാഹീം സുലൈമാന്‍ സേട്ട് ആവശ്യപ്പെട്ടതും അത് നിരസിച്ച കേരള ഘടകത്തിന്റെ നിലപാടിനെ തുടര്‍ന്ന് പാര്‍ട്ടി പിളര്‍ന്ന് ഐ.എന്‍.എല്‍ രൂപം കൊണ്ടതും ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്. സാമുദായിക താല്‍പര്യങ്ങളേക്കാള്‍ പരിഗണന കോണ്‍ഗ്രസ് ഉദ്‌ഘോഷിക്കുന്ന മതനിരപേക്ഷ ജനാധിപത്യ ഭൂമികക്ക് നല്‍കുന്നതിലാണ് മുസ്‌ലിം ലീഗിന്റെ അതിജീവനമെന്ന ചിന്ത ലീഗില്‍ ശക്തിപ്പെട്ടത് തദനന്തരമാണ്. ഇ. അഹ്മദും കൊരമ്പയില്‍ അഹ്മദ് ഹാജിയും പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതിനിധാനം ചെയ്ത ഈ നയത്തില്‍നിന്ന് പാര്‍ട്ടിക്ക് പ്രകടമായ വ്യതിയാനം സംഭവിച്ചിരുന്നില്ല. എന്നാല്‍ രാജ്യഭരണം ഹിന്ദുത്വരുടെ പിടിയിലമരുകയും ദേശവ്യാപകമായി ന്യൂനപക്ഷ വേട്ട ശക്തിപ്പെടുകയും കോണ്‍ഗ്രസ്സ് മുമ്പെന്നത്തേക്കാളും ദുര്‍ബലമാവുകയും ചകിതരായ മുസ്‌ലിം സമൂഹത്തില്‍നിന്ന് തീവ്ര സാമുദായികതയുടെ വക്താക്കളായ അസദുദ്ദീന്‍ ഉവൈസിയെപ്പോലുള്ളവര്‍ ഉയര്‍ന്നുവരികയും ചെയ്തുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് പിടിച്ചുനില്‍ക്കണമെങ്കില്‍ സമുദായത്തില്‍ സുരക്ഷാബോധം സൃഷ്ടിക്കാനുതകുന്ന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണമെന്ന് ലീഗ് നേതൃത്വം കരുതുന്നുണ്ടാവാം. പാര്‍ട്ടി അതിജീവനശേഷി തെളിയിച്ച കേരളത്തില്‍ ലീഗില്ലാത്ത മുസ്‌ലിം പിന്തുണയെന്ന സ്ട്രാറ്റജിയുമായി സി.പി.എം ഇറങ്ങിക്കളിക്കുക കൂടി ചെയ്യുമ്പോള്‍ പരിക്കേല്‍ക്കാതിരിക്കണമെങ്കില്‍ മാറ്റത്തിന് തയാറെടുത്തേ മതിയാകൂ. സമുദായത്തെ മൊത്തമായി കൂടെ നിര്‍ത്തി നിലപാടുതറ പൊട്ടിപ്പിളരാതെ അവശേഷിക്കണമെന്ന് ചിന്തിക്കുന്നവര്‍ക്ക് വഴങ്ങിയുള്ള ചുവടുമാറ്റം എവ്വിധം രൂപംകൊള്ളുമെന്ന് കാത്തിരുന്നു കാണാം.
Comments