ഷാഹി ഈദ്ഗാഹ് മഥുര, ഗ്യാന്‍വാപി വാരാണസി മസ്ജിദുകള്‍ ലക്ഷ്യമിട്ട് വീണ്ടും ഹിന്ദുത്വ രാഷ്ട്രീയം
ഹിന്ദുത്വ ചിന്താധാര അതിന്റെ ഫാഷിസ്റ്റ് മുഖം നിരന്തരം വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഫാഷിസത്തെ ലോകജനതയെ വിമോചിപ്പിക്കാനുള്ള ആധ്യാത്മിക പ്രസ്ഥാനമായാണ് ബെനിറ്റോ മുസോളിനി അവതരിപ്പിച്ചിരുന്നത്. ആധ്യാത്മികതയുടെ മൂടുപടമണിഞ്ഞാണ് ഇന്ത്യന്‍ ഫാഷിസത്തിന്റെയും നീക്കങ്ങള്‍. മതവും ആരാധനയും ധര്‍മസംസ്ഥാപനവുമൊക്കെ പറഞ്ഞാണ് അതിന്റെ ഹിംസകള്‍ അരങ്ങേറുന്നത്.
ബാബരികള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും എന്ന മുന്നറിയിപ്പാണ് തീവ്ര ഹിന്ദുത്വം മുസ്‌ലിം ന്യൂനപക്ഷത്തിന് നല്‍കുന്നത്. ആരാധനാലയങ്ങള്‍ കൈയേറ്റം ചെയ്യുന്നതു മൂലം ഒരു ജനതക്ക് ഏല്‍ക്കുന്ന ആഘാതം എത്രയെന്നും തങ്ങള്‍ക്ക് ലഭിക്കുന്ന രാഷ്ട്രീയ ലാഭം എന്തെന്നും ബാബരിയാനന്തര ഇന്ത്യ അവര്‍ക്ക് മുന്നില്‍ പാഠപുസ്തകമായി ഉണ്ടല്ലോ. മസ്ജിദ് ധ്വംസനം നല്ലൊരു ആയുധമാണെന്ന് തിരിച്ചറിഞ്ഞ കാലം മുതല്‍ തീവ്ര ഹിന്ദുത്വവാദികള്‍ പ്രധാനമായും നോട്ടമിട്ടിരുന്നത് മൂന്ന് പള്ളികളെയായിരുന്നു. 1992-ല്‍ ബാബരി മസ്ജിദ് തകര്‍ത്ത് അവര്‍ ആദ്യ കടമ്പ കടന്നു. അത് ഒരു വിത്തിറക്കല്‍ കൂടിയായിരുന്നു. വിദ്വേഷത്തിന്റെ വെള്ളവും വളവും നല്‍കി അവര്‍ അധികാരത്തിലേക്ക് വളര്‍ന്നത് ബാബരി ധ്വംസനം എന്ന ആ വിത്തില്‍നിന്നായിരുന്നു. ഇപ്പോള്‍ വീണ്ടും ഫാഷിസ്റ്റ് അധികാര വാഴ്ചയുടെ സ്ഥിരതക്കും പൂര്‍ണമായ മേല്‍ക്കോയ്മക്കും വേണ്ടി അതേ ഇനത്തിലെ പുതിയ പുതിയ കൃഷികളിറക്കാന്‍ ശ്രമിക്കുകയാണ് സംഘ് പരിവാര്‍.
മഥുരയിലെ ഈദ്ഗാഹ് പള്ളിയും വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദുമാണ് ഹിന്ദുത്വര്‍ പുതുതായി നോട്ടമിട്ടിരിക്കുന്നത്. നൂറ്റാണ്ടുകളായി മുസ്‌ലിംകള്‍ ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കുന്ന ഇവിടങ്ങളില്‍ അവകാശവാദം ഉന്നയിക്കുന്നതിനു പിന്നില്‍ കൃത്യമായ ആസൂത്രണവും അജണ്ടയുമുണ്ട്. ന്യായവും വസ്തുതകളും ചരിത്രവും അവലംബിച്ചുകൊണ്ട് സംഘ് പരിവാറിന്റെ ഈ നീക്കത്തെ തടുക്കാനാവില്ലെന്ന തിക്ത യാഥാര്‍ഥ്യം നമ്മുടെ മുന്നിലുണ്ട്. അതാണ് ഫാഷിസ്റ്റ് ശക്തികളുടെ ആത്മവിശ്വാസത്തിന് നിദാനവും. ഒരൊറ്റ പക്ഷമുള്ളിടത്ത് വ്യാജ പ്രചാരണങ്ങളിലൂടെ രണ്ടു പക്ഷമുണ്ടാക്കുക, മതത്തിന്റെ വൈകാരികതയും മിത്തുകളുടെ മേമ്പൊടികളും ചേര്‍ത്ത് അത് കൊഴുപ്പിക്കുക, രാഷ്ട്രീയ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുക ഇങ്ങനെയെല്ലാമാണ് അവര്‍ ന്യായത്തെയും ചരിത്രസത്യങ്ങളെയും മറികടക്കുന്നത്.
ബാബരി മസ്ജിദ് ആണ് ഈ വ്യാജ ചരിത്ര നിര്‍മിതിയുടെ ആദ്യത്തെ ഇര. 1528-ല്‍ മുഗള്‍ ചക്രവര്‍ത്തിയായ ബാബറുടെ നിര്‍ദേശപ്രകാരം മീര്‍ബാഖിയാണ് അയോധ്യയില്‍ ഈ മസ്ജിദ് നിര്‍മിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ബാബരി മസ്ജിദ് ശ്രീരാമന്റെ ജന്മസ്ഥലത്താണ് നിര്‍മിക്കപ്പെട്ടതെന്ന് ചിലര്‍ അവകാശവാദം ഉന്നയിച്ചു. 19-ാം നൂറ്റാണ്ടില്‍ തന്നെ ഈ വിഷയം ഫൈസാബാദ് കോടതിയില്‍ ഉന്നയിക്കപ്പെടുകയും കേസ് തള്ളപ്പെടുകയും മുസ്‌ലിംകളുടെ ആരാധനാലയമായി അതിനെ അംഗീകരിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഇന്ത്യയില്‍ ഈ വിഷയം ഉയര്‍ന്നുവന്നപ്പോഴെല്ലാം മുസ്‌ലിംകള്‍ക്ക് നീതി ലഭിച്ചിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വിഭജനാനന്തരം ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് മേല്‍ക്കോയ്മ ലഭിച്ചതോടെ സ്ഥിതിഗതികള്‍ മാറിത്തുടങ്ങി. 1949-ല്‍ മസ്ജിദിന്റെ പൂട്ടുകള്‍ തകര്‍ത്ത് അതിനകത്ത് വിഗ്രഹം സ്ഥാപിക്കപ്പെട്ടു. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഇത് നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചെങ്കിലും ഹിന്ദു-മുസ്‌ലിം തര്‍ക്ക ഭൂമി എന്ന നിലയിലേക്ക് അത് രൂപാന്തരപ്പെടുകയാണുണ്ടായത്. പതിയെ ഇന്ത്യന്‍ പൊതുബോധത്തിന് അത് രാമജന്മഭൂമി മാത്രമായി. രാജീവ് ഗാന്ധിയുടെ കാലത്ത് മസ്ജിദില്‍ പൂജ അനുവദിച്ചതോടെ ബാബരി മസ്ജിദ് എന്ന അധ്യായം ഇന്ത്യന്‍ മുസ്‌ലിമിന്റെ മുന്നില്‍ ഏറക്കുറെ അടഞ്ഞുകഴിഞ്ഞിരുന്നു. 1992-ല്‍ അത് തകര്‍ക്കപ്പെടുകയും പിന്നീട് മൂന്ന് പതിറ്റാണ്ടിനടുത്ത് കാലം വിജയകരമായ രാഷ്ട്രീയ ചാണക്യ തന്ത്രങ്ങള്‍ക്ക് അത് നിമിത്തമാവുകയും ചെയ്തു. ഒടുവില്‍ പരമോന്നത നീതിപീഠം പോലും കൈവിട്ടപ്പോള്‍ രാമജന്മഭൂമിയും രാമക്ഷേത്രവും യാഥാര്‍ഥ്യമാവുകയാണ്.
പതിറ്റാണ്ടുകള്‍ നീണ്ട ഈ വിവാദവും ചര്‍ച്ചയും നിയമ പോരാട്ടങ്ങളും ഭരണകൂടത്തിന്റെ ഇടപെടലുകളും ജനങ്ങളുടെ മനോഭാവവും ബാബരി ധ്വംസനവും അതേ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും ഇന്ത്യന്‍ പൊതുബോധത്തിലും സാമൂഹിക മണ്ഡലത്തിലുമുണ്ടാക്കിയ സ്വാധീനവും മാറ്റങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുമ്പോള്‍ ഇന്ത്യയുടെ മണ്ണിന്റെ നിറം മാറുന്ന പ്രക്രിയയുടെ തോതിന് ഏതു തരം നീക്കങ്ങള്‍ കൊണ്ടാണ് വേഗം കൂടുന്നത് എന്ന് കൃത്യമായി മനസ്സിലാവും. അതറിഞ്ഞുകൊണ്ടുതന്നെയാണ് ബാബരിയുടെ ആവര്‍ത്തനങ്ങള്‍ക്കായി ആസൂത്രിതമായി അരങ്ങൊരുങ്ങുന്നത്.
'അയോധ്യ തോ സിര്‍ഫ് ജന്‍കി ഹേ, കാശി മഥുര ബാഖി ഹേ'- അയോധ്യ ഒരു ടീസര്‍ മാത്രമാണെന്നും കാശിയും മഥുരയും ബാക്കിയുണ്ടെന്നും അവര്‍ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായാണ് മഥുര അറിയപ്പെടുന്നത്. ഹൈന്ദവ വിശ്വാസികള്‍ക്ക് രാമജന്മഭൂമി എത്രത്തോളം പ്രാധാന്യമുള്ളതാണോ അതേ അളവില്‍ കൃഷ്ണജന്മഭൂമിയും അവര്‍ക്ക് പവിത്രമാണെന്നും ഇവിടെയുള്ള മസ്ജിദ് പൊളിച്ച് തല്‍സ്ഥാനത്ത് ക്ഷേത്രം പണിയണമെന്നും തല്‍പര കക്ഷികള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. ബാബര്‍ മസ്ജിദ് പണിതത് രാമജന്മഭൂമിയിലെ രാമക്ഷേത്രം തകര്‍ത്തുകൊണ്ടാണ് എന്നാണ് ആരോപണമെങ്കില്‍ ബാബറുടെ പൗത്രന്‍ ഔറംഗസീബ് കൃഷ്ണജന്മഭൂമിയിലെ കേശവദേവ ക്ഷേത്രം തകര്‍ത്തുകൊണ്ടാണ് ഈദ്ഗാഹ് മസ്ജിദ് പണിതത് എന്ന ആരോപണവുമായാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 1770-ല്‍ മറാത്തക്കാര്‍ മസ്ജിദ് തകര്‍ത്ത് ക്ഷേത്രം പുനഃസ്ഥാപിച്ചുവെന്നും എന്നാല്‍ ബ്രിട്ടീഷുകാര്‍ 1803-ല്‍ വീണ്ടും മസ്ജിദ് നിര്‍മിച്ചുവെന്നുമാണ് ഹരജിക്കാരന്റെ വാദം. പല ഘട്ടങ്ങളിലും അവകാശവാദം ഉയര്‍ന്നുവന്നെങ്കിലും 50-കളില്‍ ഹിന്ദു മഹാസഭയുടെയും ജെ.കെ ബിര്‍ളയുടെയുമൊക്കെ ഇടപെടലില്‍ ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റ് രൂപീകരിക്കപ്പെട്ടതോടെയാണ് വിവാദത്തിന് പുതിയ മാനം കൈവന്നത്. അവിടെ ക്ഷേത്രം നിര്‍മിക്കണമെന്ന അവശ്യം ശക്തമായി. പിന്നീട് ശ്രീകൃഷ്ണ ജന്മസ്ഥാന്‍ സേവാ സംഘ് സ്ഥാപിക്കപ്പെട്ടു. '70-കളില്‍ ശ്രീകൃഷ്ണ ജന്മസ്ഥാന്‍ സേവാ സന്‍സ്ഥാന്‍ എന്ന പേരില്‍ ഇതിന്റെ പ്രവര്‍ത്തനം വിപുലമായി. വലിയൊരു ഭാഗം ഭൂമി ഇതിനകം ഈ ട്രസ്റ്റുകള്‍ നിയമസംവിധാനം ഉപയോഗിച്ച് തന്നെ കൈവശപ്പെടുത്തിക്കഴിഞ്ഞിരുന്നു. മുസ്‌ലിംകള്‍ ഇത് വിട്ടുകിട്ടാന്‍ നിരന്തരം നിയമപോരാട്ടം നടത്തിപ്പോന്നു. 1968-ല്‍ ഈദ്ഗാഹ് ട്രസ്റ്റും ജന്മസ്ഥാന്‍ സേവാ സംഘും പരസ്പര ധാരണയിലൂടെ ഈ തര്‍ക്കം അവസാനിപ്പിക്കുകയും ഭൂമിയുടെ അധികാരം സംബന്ധിച്ച കൃത്യമായ വ്യവസ്ഥകള്‍ രേഖാമൂലം അംഗീകരിക്കുകയും ചെയ്തതാണ്. 1974-ല്‍ കോടതി മേല്‍ വ്യവസ്ഥകള്‍ പ്രകാരം ഈ ഭൂമി മുസ്‌ലിംകള്‍ക്കും ട്രസ്റ്റിനുമായി വിഭജിച്ചത് അംഗീകരിച്ചു തീര്‍പ്പാക്കുകയും പ്രശ്‌നം രമ്യമായി അവസാനിപ്പിക്കുകയും ചെയ്തതായിരുന്നു. എന്നാല്‍ ബാബരി മസ്ജിദ് കേസ് തങ്ങള്‍ക്ക് അനുകൂലമായി വിധിക്കപ്പെടുമെന്ന് വന്നതോടെയാണ് ഈദ്ഗാഹ് മസ്ജിദിനു താഴെ പഴയ ക്ഷേത്രാവശിഷ്ടങ്ങള്‍ ഉണ്ടെന്നും അത് കുഴിച്ചു കണ്ടെത്തി ശ്രീകൃഷ്ണ ജന്മസ്ഥാനില്‍ ക്ഷേത്രം നിര്‍മിക്കണം എന്നുമുള്ള ആവശ്യം ഉയര്‍ന്നത്.
അയോധ്യക്കും മഥുരക്കും പിന്നാലെ മറ്റൊരു അവകാശവാദം ഉയര്‍ന്നുവരുന്നത് വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദ് കേന്ദ്രീകരിച്ചുകൊണ്ടാണ്. വാരാണസിയിലെ വിഖ്യാതമായ ഹൈന്ദവ ക്ഷേത്രം തകര്‍ത്താണ് ഗ്യാന്‍വാപി മസ്ജിദ് നിര്‍മിച്ചത് എന്നാണ് ഹിന്ദുത്വരുടെ ആരോപണം. നിയമപോരാട്ടത്തിന് ഒരുങ്ങാന്‍ തന്നെയാണ് മസ്ജിദ് കമ്മിറ്റിയുടെ തീരുമാനം. ശിവനുമായി ബന്ധപ്പെട്ട ഹൈന്ദവരുടെ പുണ്യനഗരമാണ് കാശി എന്ന വാരാണസി. ഹിന്ദുക്കള്‍ക്ക് മസ്ജിദില്‍ ആരാധന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 1991-ല്‍ വാരാണസി കോടതിയില്‍ ഒരു ഹരജി സമര്‍പ്പിക്കപ്പെട്ടിരുന്നു.
പ്രധാനമായും ഈ മൂന്നിടങ്ങളിലാണ് അവകാശ വാദം ഉന്നയിക്കുന്നതെങ്കിലും പലതരം കഥകള്‍ മെനഞ്ഞ് വ്യാജ ചരിത്രമുണ്ടാക്കി അനേകം പള്ളികളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമാണ്. ഗുജറാത്തിലെ സിദ്ദാപൂരിലെ ജാമിഅ മസ്ജിദ് രുദ്രമഹാലയ ക്ഷേത്രമാണെന്ന് അവകാശവാദം ഉന്നയിക്കപ്പെട്ടുകഴിഞ്ഞു. 2014-ല്‍ രാജ്യസഭയില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച വന്നു. മസ്ജിദിന്റെ പരിസരത്ത് എവിടെയോ ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടെന്ന് അന്നത്തെ സഹമന്ത്രി മഹേഷ് ശര്‍മ രാജ്യസഭയില്‍ പ്രസ്താവന നടത്തി.
1358-ല്‍ പശ്ചിമ ബംഗാളിലെ പണ്ടുവയില്‍ സിക്കന്ദര്‍ ഷാ നിര്‍മിച്ച അദീന മസ്ജിദും ഇന്ന് സംഘ് പരിവാര്‍ ഭീഷണിയിലാണ്. മസ്ജിദിനുള്ളിലെ കൊത്തുപണികള്‍ക്ക് ഹിന്ദു വാസ്തുശില്‍പങ്ങളോട് സാദൃശ്യമുണ്ടെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന പ്രധാന വാദം. വലിയൊരു ശിവക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മിച്ചത് എന്ന പുതിയ കഥയും മെനയുന്നുണ്ട്. നിലവിലെ രാഷ്ട്രീയ, സാമൂഹിക സാഹചര്യത്തില്‍ ഇത്തരം അവകാശവാദങ്ങള്‍ നിലനില്‍ക്കുകയും അവക്ക് സ്വീകാര്യത ലഭിക്കുകയും ചെയ്യുമെന്ന ഉറച്ച ബോധ്യമാണ് ഇത്തരം അവകാശവാദങ്ങള്‍ക്ക് പ്രചോദനം.
ഏഴ് നൂറ്റാണ്ടായി മുസ്‌ലിംകള്‍ ആരാധന നിര്‍വഹിക്കുന്ന മധ്യപ്രദേശിലെ കമാല്‍ മൗലാ മസ്ജിദ് സരസ്വതി ക്ഷേത്രമാണെന്നും, അഹ്മദ് ഷാ ഒന്നാമന്‍ 1424-ല്‍ നിര്‍മിച്ച അഹ്മദാബാദിലെ ജുമാ മസ്ജിദ് ഭദ്രകാളി ക്ഷേത്രമാണെന്നും നാല് നൂറ്റാണ്ട് മുമ്പ് നിര്‍മിക്കപ്പെട്ട മധ്യപ്രദേശിലെ ഭീജാമണ്ഡല്‍ മസ്ജിദ് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നും ഖുത്വ്ബ് മിനാര്‍ ധ്രുവസ്തംഭമാണെന്നും അനേകം ക്ഷേത്രങ്ങള്‍ തകര്‍ത്ത് നിര്‍മിച്ചതാണെന്നുമൊക്കെ എഴുത്തിലും പ്രസംഗത്തിലുമൊക്കെ കടന്നുവരാന്‍ തുടങ്ങിയിരിക്കുന്നു.
ഇത്തരം അവകാശവാദങ്ങള്‍ക്കൊന്നും നൈതികമായോ ചരിത്രപരമായോ ഭരണഘടനാപരമായോ യാതൊരു നിലനില്‍പുമില്ല. ബാബരി മസ്ജിദ് തര്‍ക്കം മുന്‍നിര്‍ത്തി 1991-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയ ആരാധനാലയങ്ങളുടെ സ്റ്റാറ്റസ്‌കോ നിലനിര്‍ത്തുന്നത് സംബന്ധിച്ച നിയമം അനുസരിച്ച് ഹിന്ദുത്വരുടെ ഈ അവകാശവാദങ്ങള്‍ നിലനില്‍ക്കുകയില്ല. ബാബരി മസ്ജിദ് ഒഴികെയുള്ള ഇന്ത്യയിലെ എല്ലാ ആരാധനാലായങ്ങള്‍ക്കും ബാധകമായ ആ നിയമം എസ്.ബി ചവാനാണ് അവതരിപ്പിച്ചത്. 1947 ആഗസ്റ്റ് 15-ന് ആരാധനാലയങ്ങള്‍ ഏതവസ്ഥയില്‍ നിലനില്‍ക്കുന്നുവോ അതുപോലെ നിലനിര്‍ത്തുക എന്നതാണ് ഈ നിയമം അനുശാസിക്കുന്നത്. അതിനെ ചോദ്യം ചെയ്തുള്ള നിയമ വ്യവഹാരങ്ങള്‍ അനുവദിക്കപ്പെടുകയില്ല. നൂറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ പണിത് മസ്ജിദുകളായി പ്രവര്‍ത്തിച്ചുപോരുന്ന ആരാധനാലയങ്ങള്‍ക്ക് നേരെയാണ് പുതുതായി വരുന്ന നീക്കങ്ങളെല്ലാം എന്നതാണ് ഏവരെയും അമ്പരപ്പിക്കുന്നത്. 1991-ലെ നിയമം മാത്രമാണ് സംഘ് പരിവാറിന് മുന്നിലുള്ള ഏക തടസ്സം. ആരാധനാലയങ്ങളെ മറ്റൊന്നായി മാറ്റുന്നത് നിരോധിച്ചുകൊണ്ടുള്ള ഈ നിയമത്തെ ചോദ്യം ചെയ്തു കൊണ്ടാണ് അവരുടെ പുതിയ നീക്കം. ഈ നിയമം റദ്ദ് ചെയ്യാനും ഇവര്‍ ശ്രമിച്ചു കൂടായ്കയില്ല. ഇന്ത്യന്‍ മതേതരത്വത്തിന്റെ അവസാന സാധ്യതകളില്‍ ഒന്നായ ഈ നിയമം മുകളില്‍ സൂചിപ്പിച്ച പല പള്ളികളുടെയും സംരക്ഷണം ഉറപ്പു വരുത്തുന്നുണ്ട്. ഇന്ത്യന്‍ മതേതരത്വത്തിന് ഏറെ കളങ്കമേല്‍പ്പിച്ചതെങ്കിലും ബാബരി മസ്ജിദിന്റെ അന്തിമ വിധിതീര്‍പ്പില്‍, സമാനമായ മറ്റേതൊരു കേസിലും നിലവിലെ 1991 നിയമം അനുസരിച്ച് 1947-ലെ സ്റ്റാറ്റസ്‌കോ നിലനിര്‍ത്തും എന്ന് പ്രത്യേക പരാമര്‍ശമുണ്ടായിരുന്നു. എന്നാല്‍ സുപ്രീം കോടതിയില്‍ ഈ നിയമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികള്‍ സമര്‍പ്പിക്കപ്പെട്ടുകഴിഞ്ഞു.
മുസ്‌ലിം ആരാധനാലയങ്ങളില്‍ അവകാശവാദം ഉന്നയിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല തീവ്രഹിന്ദുത്വരുടെ നീക്കങ്ങള്‍. ഈയിടെ ഹരിയാനയില്‍ നടന്ന സംഭവങ്ങള്‍ ഇവരുടെ ഫാഷിസ്റ്റ് മനോഭാവത്തിന്റെ പുതിയ പ്രയോഗതലമാണ്. ഹരിയാനയിലെ ഗുരുഗ്രാം മേഖലയില്‍ പള്ളികളില്ലാത്തതിനാല്‍ കാലങ്ങളായി ജുമുഅ നമസ്‌കാരം പാര്‍ക്കുകള്‍ പോലെ തുറസ്സായ ഇടങ്ങളില്‍ നിര്‍വഹിച്ചുപോരാറുണ്ട്. ഇത്തരം നൂറിലേറെ ഇടങ്ങള്‍ ഉള്ളതായാണ് 'അല്‍ ജസീറ' റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി തീവ്ര ഹിന്ദുത്വ വിഭാഗങ്ങള്‍ സംഘടിതരായി ഇവിടങ്ങളിലെത്തി ഭീഷണി മുഴക്കുകയും അക്രമാസക്തമാവുകയും ചെയ്യുന്നതിനാല്‍ പ്രദേശത്ത് അഞ്ചു ശതമാനത്തില്‍ താഴെയുള്ള മുസ്‌ലിംകള്‍ അരക്ഷിതാവസ്ഥയിലാണ്. ഭരണകൂടവും ഹിന്ദുത്വര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെ ഈ അന്യായത്തിന് ഔദ്യോഗിക അംഗീകാരം കൈവന്നു. 2018-ല്‍ നൂറിലേറെ ഇടങ്ങളില്‍ നടന്നുവന്നിരുന്ന ഇത്തരം ജുമുഅകള്‍ ഈ വര്‍ഷം മുപ്പത്തിയേഴിടങ്ങളില്‍ മാത്രമാണുള്ളത്. തുടര്‍ച്ചയായ ഭീഷണികള്‍ മൂലം അത് ഇരുപതോളം ഇടങ്ങളിലായി ചുരുങ്ങിയതായി പ്രദേശത്തെ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നേതാവ് മുഫ്തി മുഹമ്മദ് സലീം പറയുന്നു. ഡിസംബര്‍ ആദ്യവാരം 13 ഇടങ്ങളില്‍ മാത്രമാണ് നമസ്‌കാരം നടന്നത്. ഡിസംബര്‍ രണ്ടാം വാരം ഒരിടത്ത് പോലും നമസ്‌കാരം നടത്താന്‍ അനുവദിക്കില്ല എന്നുറച്ചാണ് ഹിന്ദുത്വര്‍ പരസ്യപ്രസ്താവനയുമായി രംഗത്തു വന്നത്. ന്യൂനപക്ഷങ്ങളുടെ മതവിശ്വാസങ്ങളെയും ആചരണങ്ങളെയും ഫാഷിസ്റ്റുകള്‍ തരിമ്പും വിലവെക്കുന്നില്ല എന്നാണ് ഇതൊക്കെ വിളിച്ചു പറയുന്നത്.
പള്ളി നിര്‍മിക്കാന്‍ ഭൂമിക്ക് ഇവിടെ അലിഖിത വിലക്കുള്ളതാണ് സാഹചര്യം ഇത്ര സങ്കീര്‍ണമാകാനുള്ള ഏക കാരണം. പള്ളികള്‍ പണിയാനുള്ള സാമ്പത്തിക ശേഷിയുണ്ടെങ്കിലും മുസ്‌ലിംകള്‍ക്ക് ഭൂമി കൈമാറാന്‍ ആരും തയാറാകുന്നില്ല. 13 പള്ളികള്‍ മാത്രമാണ് നഗരത്തിലുള്ളത്. ഈ സാഹചര്യം മുതലെടുത്ത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമം ഏറക്കുറെ വിജയിച്ചുകഴിഞ്ഞു. അധികാരി വര്‍ഗവും എതിരായതോടെ ഇനിയെന്ത് എന്ന ആശങ്കയിലാണ് വിശ്വാസികള്‍.
നിരവധി മസ്ജിദുകള്‍ ക്ഷേത്രങ്ങളായി പരിവര്‍ത്തിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. ഇന്ത്യാ വിഭജനത്തിനു മുമ്പ് മുസ്‌ലിം സമൂഹം തിങ്ങിപ്പാര്‍ത്തിരുന്ന പ്രദേശങ്ങളില്‍നിന്ന് അവരൊന്നായി പാകിസ്താനിലേക്ക് പോകേണ്ടി വന്ന സാഹചര്യത്തില്‍ എണ്ണമറ്റ പള്ളികള്‍ മാറ്റപ്പെട്ടിട്ടുണ്ട്. ഒരൊറ്റ മുസ്‌ലിമും ഇല്ലാത്ത അത്തരം ചില പ്രദേശങ്ങളില്‍ ഹൈന്ദവ വിശ്വാസികള്‍ അവയെ മസ്ജിദുകളായി തന്നെ പരിപാലിക്കുന്ന സംഭവങ്ങളും ഉണ്ട്. 1732-ല്‍ മുഗള്‍ ഗവര്‍ണറായ ഫൗജദാര്‍ഖാന്‍ നിര്‍മ്മിച്ച പള്ളിയാണ് ഹരിയാനയിലെ ഫാറൂഖ് നഗര്‍ ജുമാ മസ്ജിദ്. വിഭജനത്തെ തുടര്‍ന്ന് ക്ഷേത്രവും ഗുരുദ്വാരയുമായി ഇത് പരിവര്‍ത്തിപ്പിക്കപ്പെട്ടു. 14-ാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട അക്കാലത്തെ ഏറ്റവും വലിയ മുസ്‌ലിം പള്ളികളില്‍ ഒന്നായിരുന്നു ദൗലത്താബാദിലെ ഖില്‍ജി ജുമാ മസ്ജിദ്. ഖുത്വ്ബുദ്ദീന്‍ മുബാറക് ഖില്‍ജി നിര്‍മിച്ച ഈ പള്ളി നൂറ്റാണ്ടുകളോളം മുസ്‌ലിംകള്‍ ആരാധന നടത്തി. പിന്നീടൊരിക്കല്‍ ഒരു വിഗ്രഹം മസ്ജിദില്‍ കൊണ്ടുവെക്കുകയും ഹൈന്ദവാരാധനകള്‍ക്ക് തുടക്കമിടുകയും ചെയ്തു. കാലാന്തരത്തില്‍ അത് ഭാരത് മാതാ മന്ദിര്‍ എന്ന ക്ഷേത്രമായി മാറി.
ഹരിയാനയിലെ ഹിസാറില്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ധനശീര്‍ മസ്ജിദ് ഇന്ന് നേരത്തേയുള്ള മൂന്ന് ഖുബ്ബകളോടെത്തന്നെ ക്ഷേത്രമായാണ് നിലനില്‍ക്കുന്നത്. ഹരിയാനയിലെ സോണിപ്പാത്തിലെ 1800-കളുടെ ആദ്യ പാദങ്ങളില്‍ നിര്‍മിക്കപ്പെട്ട ജുമാ മസ്ജിദ് ഇന്ന് ദുര്‍ഗാ ക്ഷേത്രമാണ്. ഖുബ്ബകളോടെയും മിനാരങ്ങളോടെയും ഉയര്‍ന്നു നില്‍ക്കുന്ന ഈ മന്ദിരത്തെ നാട്ടുകാര്‍ ഇന്നും 'ബഡീ മസ്ജിദ്' (വലിയ പള്ളി) എന്നാണ് പറയാറുള്ളത്. മസ്ജിദിന്റെ പുറംഭാഗം അതേ പോലെ നിലനിര്‍ത്തിയെങ്കിലും ഉള്‍ഭാഗത്ത് ഇന്ന് ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇവിടങ്ങളിലൊന്നും തന്നെ നിലവിലെ നിയമങ്ങളെ മറികടന്ന് കൈയേറ്റ ശ്രമങ്ങളൊന്നും മുസ്‌ലിംകളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇവിടങ്ങളിലൊന്നും ഇതിന്റെ പേരില്‍ ഹിന്ദു- മുസ്‌ലിം അസ്വാരസ്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമില്ല.
അവലംബം:
1. റഫ് ഗൈഡ് റ്റു ഇന്ത്യ: ട്രാവല്‍ ഗൈഡ് ബുക്ക്
2. ഫ്രണ്ട്‌ലൈന്‍
3. മില്ലി ഗസറ്റ്.
4. ദി അദര്‍ സൈഡ് ഓഫ് ഹിസ്റ്ററി: മുഹമ്മദ് മിര്‍സ
Comments