Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 24

3232

1443 ജമാദുല്‍ അവ്വല്‍ 19

മുഹമ്മദ് ഹമീദുല്ല ജിജ്ഞാസുവായ ജ്ഞാനാന്വേഷി

ഡോ. മുഹമ്മദ് മുഖ്താര്‍ ശന്‍ഖീത്വി

വിരക്തി തുടിക്കുന്ന ഹൃദയത്തിന്റെ ഉടമയും വിജ്ഞാനകുതുകിയുമായ ഡോ. മുഹമ്മദ് ഹമീദുല്ല ദീര്‍ഘായുസ്സിനാല്‍ അനുഗൃഹീതനായിരുന്നു. ഭൗതികപ്രമത്തതയില്‍നിന്ന് മോചിതനായ അദ്ദേഹം ജീവിതകാലം മുഴുവന്‍ വിജ്ഞാനസമ്പാദനത്തിനും അത് പകര്‍ന്നുനല്‍കുന്നതിനും ഇസ്‌ലാമിക സേവനത്തിനും വിനിയോഗിച്ചു. ഒട്ടേറെ ഗുണവിശേഷങ്ങള്‍ മേളിച്ചിരുന്ന ആ വ്യക്തിത്വം ഒരു പണ്ഡിതന്‍ എങ്ങനെയായിരിക്കണമെന്നതിന്റെ നിദര്‍ശനമാണ്. ആരാധനാനിമഗ്നനായി, വിരക്തിയുടെ ലോകത്ത് ജീവിച്ച അദ്ദേഹം പദാര്‍ഥലോകത്തിന് ഒരു വിലയും കല്‍പ്പിച്ചില്ല.
ഇന്ത്യയുടെ തെക്കു ഭാഗത്ത് ഹൈദറാബാദില്‍ 1908-ലാണ് ജനനം. അദ്ദേഹത്തിന്റെ കുടുംബ വേരുകള്‍ ഖുറൈശീ ഗോത്രത്തിലേക്ക് ചേരുന്നു. ഹിജാസില്‍ ഹജ്ജാജു ബ്നു യൂസുഫിന്റെ ക്രൂരതയെ ഭയന്ന് അദ്ദേഹത്തിന്റെ കുടുംബം ബസ്വറയിലേക്ക് പലായനം ചെയ്യുകയായിരുന്നു. ഹിജ്റ  എട്ടാം നൂറ്റാണ്ടില്‍ അവര്‍ ഇന്ത്യയില്‍ താമസമുറപ്പിച്ചു. ആ കുടുംബവടവൃക്ഷം പല കാലങ്ങളിലായി നിരവധി ഖാദിമാരെയും പണ്ഡിതന്മാരെയും സംഭാവന ചെയ്തു. മുഹമ്മദ് ഹമീദുല്ലയുടെ ജ്യേഷ്ഠസഹോദരന്‍ ഹബീബുല്ലയും അറിയപ്പെടുന്ന പണ്ഡിതനായിരുന്നു. ബലാദുരിയുടെ 'അന്‍സാബുല്‍ അശ്റാഫ്' എന്ന ഗ്രന്ഥം ഉര്‍ദുവിലേക്ക് വിവര്‍ത്തനം ചെയ്തത് ഹബീബുല്ലയാണ്. ഇമാം നവവിയുടെ ശര്‍ഹ് സ്വഹീഹു മുസ്‌ലിം എന്ന ഗ്രന്ഥം ഉര്‍ദുവിലേക്ക് പരിഭാഷപ്പെടുത്തിയത് അദ്ദേഹത്തിന്റെ വലിയ സഹോദരി അമതുല്‍ അസീസയാണ്.

ശമിക്കാത്ത വിജ്ഞാനദാഹം
വിജ്ഞാനത്തോടുള്ള ശമിക്കാത്ത ദാഹം - ഇങ്ങനെയാണ് മുഹമ്മദ് ഹമീദുല്ലയെ ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാനാവുക. ബിരുദവും ഒന്നിലധികം ബിരുദാനന്തര ബിരുദങ്ങളും ഡോക്ടറേറ്റും അദ്ദേഹം നേടിയിട്ടുണ്ട്. അറബി, ഉര്‍ദു, പാര്‍സി, ടര്‍ക്കിഷ്, ലാറ്റിന്‍, ഫ്രഞ്ച്, ഇംഗ്ലീഷ്, ജര്‍മന്‍, ഇറ്റാലിയന്‍, റഷ്യന്‍, പോളിഷ്, ഡാനിഷ്, സ്വീഡിഷ്, ഫിന്നിഷ് തുടങ്ങി ഇരുപതോളം ഭാഷകള്‍ അദ്ദേഹത്തിന് വഴങ്ങും. 80 വയസ്സിനു ശേഷമാണ് തായ് ഭാഷ പഠിച്ചെടുത്തത്. റഷ്യന്‍ ഭാഷ പഠിക്കാനായി മോസ്‌കോയിലേക്ക് യാത്ര പുറപ്പെട്ട അദ്ദേഹം അവിടെയുള്ള യൂനിവേഴ്സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് സമ്പാദിക്കാനുള്ള കഠിന യത്‌നത്തിലായിരുന്നു. പക്ഷേ രണ്ടാം ലോക യുദ്ധത്തിന്റെ സാഹചര്യമായിരുന്നതിനാല്‍ അദ്ദേഹത്തിനത് നിഷേധിക്കപ്പെട്ടു. പിന്നെ മദീനയിലെത്തി. മറ്റു സര്‍ട്ടിഫിക്കറ്റുകളേക്കാളേറെ താന്‍ മനസ്സു കൊണ്ട് ഇഷ്ടപ്പെടുന്നതും വലിയ മൂല്യം നല്‍കുന്നതും ഖുര്‍ആന്‍ മനഃപാഠമാക്കി എന്നുള്ള 'ഇജാസ'ക്കാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. മദീനയിലെ ഖാരിഉകളുടെ തലവനായ ശൈഖ് ഹസനു ബ്നു ഇബ്റാഹീം അശ്ശാഇറില്‍നിന്നാണ് അത് കരസ്ഥമാക്കിയത്.
'ദാറുല്‍ ഉലൂം അശ്ശര്‍ഖിയ്യ' എന്ന സ്ഥാപനത്തില്‍  നിന്നാണ് മുഹമ്മദ് ഹമീദുല്ലയുടെ ഇസ്‌ലാമിക പഠനത്തിന്റെ തുടക്കം. അവിടെ നിന്നാണ് അറബി, പാര്‍സി, ഉര്‍ദു ഭാഷകള്‍ പഠിക്കുന്നത്. 1919-ല്‍ ഇന്ത്യയിലെ പുരാതന വിജ്ഞാന സ്ഥാപനങ്ങളിലൊന്നായ 'മദ്റസ നിസാമിയ്യ'യില്‍ ചേരുകയും, 1923-ല്‍ ബിരുദം നേടുകയും ചെയ്തു. 1918-ല്‍ ഹൈദറാബാദില്‍ അമീര്‍ ഉസ്മാന്‍ ഖാന്‍ സ്ഥാപിച്ച ജാമിഅ ഉസ്മാനിയയില്‍ ചേര്‍ന്നു. 1928-ല്‍ ഇരുപതാം വയസ്സില്‍ അവിടെനിന്ന് രണ്ടാമതൊരു ബിരുദവും കരസ്ഥമാക്കി. അവിടെ നിന്നു തന്നെ 'ഇസ്‌ലാമിക പഠനങ്ങള്‍' എന്ന വിഷയത്തിലും, 'അന്താരാഷ്ട്ര ഭരണ നിയമങ്ങള്‍' എന്ന വിഷയത്തിലുമായി രണ്ട് ബിരുദാനന്തര ബിരുദങ്ങളും നേടി. 1932-ല്‍ യൂനിവേഴ്‌സിറ്റി ഈ അതുല്യ പ്രതിഭയെ ഇസ്‌ലാമിക കൈയെഴുത്തുപ്രതികളെ കുറിച്ച് പഠിക്കാനായി തുര്‍ക്കി, ഈജിപ്ത്, സിറിയ, സുഊദി അറേബ്യ എന്നിവിടങ്ങളിലേക്ക് നിയോഗിച്ചു. ഇസ്തംബൂളിലായിരിക്കെ ഫ്രിറ്റ്സ് ക്രിന്‍കൊ എന്ന ജര്‍മന്‍ ഒറിയന്റലിസ്റ്റ് അദ്ദേഹത്തെ ഉന്നത വിദ്യാഭ്യാസത്തിനായി ബോണ്‍ യൂനിവേഴ്സിറ്റിയിലേക്ക് ക്ഷണിച്ചു. അവിടെനിന്ന് ഹമീദുല്ല 'ഇസ്‌ലാമിക രാഷ്ട്ര നിയമത്തിലെ ജീവിത വ്യവസ്ഥ' എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി. രണ്ടു വര്‍ഷം അറബി, ഉര്‍ദു ഭാഷകള്‍ പഠിപ്പിച്ചു. 1934-ല്‍ ഫ്രാന്‍സിലെ സോര്‍ബോണ്‍ യൂനിവേഴ്സിറ്റിയില്‍ ചേര്‍ന്ന് 'പ്രവാചക കാലഘട്ടത്തിലെയും, ഖുലഫാഉര്‍റാശിദുകളുടെ കാലഘട്ടത്തിലെയും ഇസ്‌ലാമിക നയതന്ത്രം' എന്ന വിഷയത്തില്‍ രണ്ടാമത്തെ ഡോക്ടറേറ്റ് നേടി. അത് പിന്നീട് അറബിയിലെ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ പുസ്തകമായി മാറി.
1935-ല്‍ അദ്ദേഹം തന്റെ വിശാലമായ വിജ്ഞാനശേഖരവും ലോകപരിചയവും ജീവിതാനുഭവവുമായി ഹൈദറാബാദിലേക്ക് മടങ്ങി. അവിടെ ഉസ്മാനിയ്യാ യൂനിവേഴ്സിറ്റിയില്‍ ഇസ്‌ലാമിക പഠനങ്ങളുടെ വിഭാഗത്തില്‍ അധ്യാപകനായും, 1948 വരെ നിയമ കോളേജിലെ ഡീന്‍ ആയും ജോലി ചെയ്തു. ആ വര്‍ഷം ഹൈദറാബാദ് എന്ന നാട്ടുരാജ്യം ഇന്ത്യന്‍ യൂനിയനില്‍ ലയിപ്പിക്കപ്പെട്ട ശേഷം ഏതാണ്ട് അര നൂറ്റാണ്ട് (1948-1996) കാലം മുഹമ്മദ് ഹമീദുല്ല താമസിച്ചത് ഫ്രാന്‍സിലാണ്. ഹൈദറാബാദിനോട് കൂറു പുലര്‍ത്തി അവിടത്തെ പൗരത്വം മാത്രമേ താന്‍ സ്വീകരിക്കൂ എന്ന ശാഠ്യത്തിലായിരുന്നു അദ്ദേഹം. മറ്റുള്ള രാജ്യങ്ങളില്‍ തനിക്ക് പൗരത്വം വേണ്ടെന്നും അദ്ദേഹം തീരുമാനിച്ചു. വെറും താമസരേഖ മാത്രമേ അര നൂറ്റാണ്ട് കാലം ഫ്രാന്‍സില്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നുള്ളൂ.
തന്റെ നിരന്തരമായ ഇസ്‌ലാമിക സേവന പ്രവര്‍ത്തനങ്ങളും വൈജ്ഞാനിക ഗവേഷണങ്ങളുമായി മുന്നേറവെ ഒടുവില്‍ വാര്‍ധക്യത്തിലേക്കും അതിന്റെ പരാധീനതകളിലേക്കും എത്തിയില്ലായിരുന്നെങ്കില്‍ അദ്ദേഹം ഫ്രാന്‍സ് വിടുമായിരുന്നില്ല.  വാര്‍ധക്യസഹജമായ അനാരോഗ്യം അലട്ടാന്‍ തുടങ്ങിയപ്പോള്‍, അമേരിക്കയിലുള്ള അദ്ദേഹത്തിന്റെ സഹോദരന്റെ പേരമകളായ സയ്യിദ സദീദ അതാഉല്ലാഹ് തന്നോടൊപ്പം താമസിക്കാന്‍ അദ്ദേഹത്തെ  അങ്ങോട്ട് ക്ഷണിച്ചു. അങ്ങനെയാണ് 1996-നു ശേഷം അമേരിക്കയില്‍ താമസമായത്. മറക്കാനാവാത്ത ഓര്‍മകള്‍ അവശേഷിപ്പിച്ച് 2002-ല്‍ ഫ്ളോറിഡയിലെ ജാക്സണ്‍ഫുള്‍ എന്ന പട്ടണത്തില്‍ വെച്ച് അദ്ദേഹം സമാധാനമടഞ്ഞ ആത്മാവായി  ഈ ദുന്‍യാവില്‍നിന്ന് യാത്ര പറഞ്ഞു.
സഹോദരന്റെ പേരമകളായ സദീദ 'ഇംപാക്ട് ഇന്റര്‍നാഷ്‌നലി'ന്റെ സ്പെഷ്യല്‍ എഡിഷനില്‍ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് എഴുതി: 'അദ്ദേഹം എന്നോട് തമാശയായി  പറയാറുണ്ട്, നീ എന്റെയടുക്കല്‍ ഉണ്ടായിരിക്കെ എന്റെ ആത്മാവിനെ എടുക്കാന്‍ വരുന്ന മലക്കിനോട് പല കാരണങ്ങള്‍ പറഞ്ഞ് ഞാന്‍ തര്‍ക്കിക്കും; അവളില്ലാത്ത നേരത്ത് എന്റെ ആത്മാവിനെ എടുക്കരുതെന്ന്.'
അവള്‍ അദ്ദേഹത്തിന്റെ അടുക്കല്‍ ഇല്ലാതിരിക്കെ ളുഹാ സമയത്തെ ഉറക്കത്തിലാണ് അദ്ദേഹം അല്ലാഹുവിലേക്ക് യാത്രയായത്.

വിരക്തിയുടെ പാതയിലൂടെ
അല്ലാഹുവിന്റെ ഏറ്റവും ഉത്തമനായ ഈ അടിമ ദുന്‍യാ മോഹങ്ങളോട് അങ്ങേയറ്റം വിരക്തനായിരുന്നു. വളരെ വിനയാന്വിതന്‍. സോര്‍ബോണ്‍ യൂനിവേഴ്സിറ്റിയില്‍ അധ്യാപകനായിരിക്കെ  താന്‍ കഴിച്ച ഭക്ഷണപാത്രങ്ങള്‍ അദ്ദേഹം സ്വയം കഴുകി വെക്കും. വലിയ സ്ഥാനവും പ്രശസ്തിയും ഉണ്ടായിട്ടും തന്റെ ശിഷ്യന്മാരുടെ കൂടെ അവരിലൊരാളായി അദ്ദേഹം കഴിഞ്ഞു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ തന്നെ പ്രശസ്ത വൈജ്ഞാനിക സ്ഥാപനങ്ങളിലൊന്നായ 'ദാറുല്‍ മുസന്നിഫീനി'ലേക്ക് അദ്ദേഹം ചെരുപ്പില്ലാതെയാണ് വരിക. ഏഴ് വാള്യങ്ങളിലായി അല്ലാമാ ശിബ്‌ലി നുഅ്മാനിയും സയ്യിദ് സുലൈമാന്‍ നദ്‌വിയും എഴുതിയ നബിചരിത്രകൃതി 'സീറത്തുന്നബി' ലൈബ്രറി ഷെല്‍ഫില്‍ ഉണ്ടായിരിക്കെ എങ്ങനെയാണ് താന്‍ അങ്ങോട്ട് ചെരിപ്പിട്ട് കയറുക എന്നാണദ്ദേഹം ചോദിച്ചത്. വിരക്തനായ ആ പണ്ഡിതന്‍ തന്റെ നാഥന്റെ പ്രതിഫലമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാതിരുന്നതുകൊണ്ടാണ് ഇസ്‌ലാമിക സേവനത്തിനുള്ള ഫൈസല്‍ അവാര്‍ഡ്  നിരസിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞത്: 'അല്ലാഹുവിനു വേണ്ടിയല്ലാതെ ഞാന്‍ ഒന്നും തന്നെ എഴുതിയിട്ടില്ല; എന്നിലുള്ള ദീനിനെ അപകടപ്പെടുത്തരുത്.'

ജ്ഞാന തപസ്യ
അവിവാഹിതനായി കഴിഞ്ഞ, വൈജ്ഞാനിക ഗവേഷണങ്ങള്‍ക്കും എഴുത്തിനുമായി ജീവിതം പൂര്‍ണമായി സമര്‍പ്പിച്ച ഡോക്ടര്‍ മുഹമ്മദ് ഹമീദുല്ല ധാരാളം ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ശൈഖ് അബ്ദുല്‍ ഫത്താഹ് അബൂ ഗുദ്ദ എഴുതിയ 'വിവാഹത്തേക്കാള്‍ വിജ്ഞാനസമ്പാദനത്തിന് മുന്‍ഗണന നല്‍കിയ അവിവാഹിതരായ പണ്ഡിതന്മാര്‍' എന്ന ഗ്രന്ഥത്തില്‍  മുഹമ്മദ് ഹമീദുല്ലയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഉര്‍ദു ഭാഷയില്‍ ഇസ്‌ലാമിക വിജ്ഞാനകോശവും  ഫ്രഞ്ച് ഭാഷയില്‍ 'ദ ഗ്രേറ്റ് അറ്റ്ലസ് ഓഫ് റിലീജ്യനും' അദ്ദേഹത്തിന്റെ ബൃഹദ് സംഭാവനകളാണ്. ആഴവും വ്യാപ്തിയുമുള്ള തന്റെ വിജ്ഞാനകോശ പരിജ്ഞാനം വ്യത്യസ്ത ഗവേഷണ മേഖലകളില്‍ ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ രചിക്കാന്‍ അദ്ദേഹത്തിന് സഹായകമായി.
ഖുര്‍ആനിക വൈജ്ഞാനിക സേവനങ്ങളില്‍ അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധേയമായ സംഭാവനയാണ് ഫ്രഞ്ച് ഭാഷയിലുളള ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും. പ്രൗഢമായ ഒരാമുഖവും അതിനൊപ്പം അദ്ദേഹം എഴുതിച്ചേര്‍ത്തിരുന്നു. പക്ഷപാതപരമായ ഓറിയന്റലിസ്റ്റ് കൃതികളല്ലാതെ ഈ സുപ്രധാന ഭാഷയില്‍ അന്ന് ഖുര്‍ആന്റെ പരിഭാഷ ഉണ്ടായിരുന്നില്ല. ഈ പരിഭാഷ ഫ്രാന്‍സ്, കാനഡ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍  ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന മുസ്‌ലിംകള്‍ക്കിടയില്‍ അദ്ദേഹത്തിന് വലിയ സ്വീകാര്യത നേടിക്കൊടുത്തു.  അതിന്റെ കോപ്പികള്‍ ധാരാളമായി സുഊദി അറേബ്യയിലെ  ഫഹ്ദ് കോംപ്ലക്സ് വിതരണം നടത്തുകയും ചെയ്തു. 'ഖുര്‍ആന്‍ എല്ലാ ഭാഷയിലും' എന്ന അദ്ദേഹത്തിന്റെ രചനയില്‍ ഖുര്‍ആന്‍ പരിഭാഷയുടെ ചരിത്രം രേഖപ്പെടുത്തിയതോടൊപ്പം  നൂറ്റമ്പതോളം ഭാഷകളിലുള്ള ഖുര്‍ആന്‍ പരിഭാഷകളുടെ  ഗ്രന്ഥസൂചി ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഹമ്മാമു ബ്നു മുഹമ്മദ് സന്‍ആനി അബൂഹുറൈറയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഹദീസ് ഉദ്ധരിച്ചുകൊണ്ട് നബി(സ)യിലേക്ക് ചേര്‍ക്കപ്പെടുന്ന ഏറ്റവും പുരാതനമായ ഹദീസ് സമാഹാരത്തെ കുറിച്ച സംശയത്തിന്റെ പുകമറ അദ്ദേഹം നീക്കി.  ഹദീസ് ക്രോഡീകരണം സ്വഹാബത്തിന്റെ കാലത്തു തന്നെ ആരംഭിച്ചു എന്ന് തെളിയിക്കുകയായിരുന്നു അദ്ദേഹം ആ പുസ്തകത്തില്‍. ഇത് സുന്നത്തിന്റെ ചരിത്രത്തെയും അതിന്റെ സനദ് ശൃംഖലയെയും കൂടുതല്‍ ആധികാരികമാക്കി. സ്വഹീഹുല്‍ ബുഖാരിക്ക് ഒറിയന്റലിസ്റ്റുകള്‍ പരിഭാഷ തയാറാക്കിയപ്പോള്‍ അതിലെ തെറ്റുകള്‍ നിഷ്പക്ഷമായും സത്യസന്ധമായും ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം ഒരു ഗ്രന്ഥം രചിക്കുകയുണ്ടായി.
മികവുറ്റ പ്രവാചക ജീവചരിത്ര (സീറാ) പണ്ഡിതന്‍ കൂടിയായിരുന്നു ഡോ. ഹമീദുല്ല. ഇബ്നു ഇസ്ഹാഖിന്റെ (മ.ഹി.151) സീറയുടെ കൈയെഴുത്തു പ്രതി കണ്ടെത്തി സ്വന്തം അടിക്കുറിപ്പുകളോടെ അറബിയില്‍ പ്രസിദ്ധീകരിച്ചുകൊണ്ട്  ഇസ്‌ലാമിക വിജ്ഞാനീയത്തിന്റെ മുഖ്യധാരയിലേക്ക് അതിനെ കൊണ്ടുവന്നു. ഇബ്നു ഹിശാമിന്റെ (മ.ഹി.213) വിഖ്യാത സീറ, ഇബ്നു ഇസ്ഹാഖിന്റെ സീറയുടെ  വികസിത രൂപമാണ്.  വളരെ വായനക്ഷമവും സമഗ്രവുമായ ഫ്രഞ്ച് മൂലകൃതിയായ 'പ്രോഫെറ്റ് ദേ ഇസ്‌ലാം' എന്ന ഡോ. ഹമീദുല്ലയുടെ രണ്ട് വാള്യങ്ങളിലുള്ള പ്രവാചക ചരിത്രഗ്രന്ഥം ഇതിവൃത്തത്തിലും ക്രമീകരണത്തിലും ഏറ്റവും മികച്ചതാണ്. എന്റെ അറിവില്‍ ഈ കൃതി ഇന്നേവരെ അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടില്ല. പ്രവാചക ജീവിതത്തിന്റെ നിഖില മേഖലകളെയും സ്പര്‍ശിക്കുന്ന നിരവധി കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. പ്രവാചകന്റെ യുദ്ധഭൂമികള്‍, പ്രവാചക കാലഘട്ടത്തിലെ ഇസ്‌ലാമിക വിദ്യാഭ്യാസ രീതികള്‍ തുടങ്ങിയ വ്യതിരിക്ത പഠനങ്ങള്‍ അവയില്‍ ഉള്‍പ്പെടുന്നു.
രാഷ്ട്രമീമാംസാ - നിയമശാസ്ത്ര മേഖലയില്‍ മുഹമ്മദ് ഹമീദുല്ല രചിച്ച മൂന്ന് ഗ്രന്ഥങ്ങള്‍ വളരെ പ്രധാനമാണ്. ഒന്ന്, 'പ്രവാചകന്റെയും ഖുലഫാഉര്‍റാശിദുകളുടെയും കാലഘട്ടത്തിലെ രാഷ്ട്രീയ രേഖകളുടെ ശേഖരം' (വസാഇഖ്) ആണ്. മുസ്‌ലിംകളും മുസ്‌ലിംകളല്ലാത്തവരും തമ്മിലുള്ള രാഷ്ട്രീയ ഏകീകരണത്തിന്റെ സാക്ഷ്യപത്രങ്ങള്‍ സമര്‍പ്പിക്കുന്ന ഈ ഗ്രന്ഥം ഒരു ഗവേഷകനും മാറ്റിവെക്കാനാവില്ല. 'ലോകത്ത് എഴുതപ്പെട്ട ഒന്നാമത്തെ ഭരണഘടന' എന്ന ഗ്രന്ഥമാണ് രണ്ടാമത്തേത്. ഇംഗ്ലീഷ് ഭാഷയിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ട ഈ ഗ്രന്ഥം പ്രവാചക കാലഘട്ടത്തിലെ മദീനയുടെ ഭരണഘടനയെക്കുറിച്ചാണ്. ജോണ്‍ ഹോബ്‌സിന്റെയും റൂസോയുടെയുമൊക്കെ കാലത്തിന് വളരെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, ഭരണാധികാരിയും പ്രജകളും തമ്മില്‍ പരസ്പര തൃപ്തിയുടെയും കരാറിന്റെയും അടിസ്ഥാനത്തില്‍ കൂടിയാലോചനയിലൂടെ എങ്ങനെ ഒരു ഭരണകൂടം സ്ഥാപിക്കാനായി എന്ന് വിവരിക്കുന്ന  ഒരാമുഖം കൂടി അതില്‍ ചേര്‍ത്തിട്ടുണ്ട്. രാഷ്ട്രീയ നിയമശാസ്ത്രത്തിലെ മൂന്നാമത്തെ ഗ്രന്ഥം 'റോമന്‍ നിയമത്തിന് ഇസ്‌ലാമിക കര്‍മശാസ്ത്രത്തിനു മേലുള്ള സ്വാധീനം' എന്ന തലക്കെട്ടിലാണ്. റോമന്‍ നിയമത്തില്‍നിന്നും ഉരുത്തിരിഞ്ഞുവന്നതാണ് മുസ്‌ലിം നിയമങ്ങള്‍ എന്ന് വാദിക്കുന്ന ഒറിയന്റലിസ്റ്റുകള്‍ക്ക് ചുട്ട മറുപടിയാണിത്. ഇസ്‌ലാമിക കര്‍മശാസ്ത്രം രൂപപ്പെട്ടതെങ്ങനെ എന്നും ഈ ഗ്രന്ഥത്തില്‍ വിശകലനം ചെയ്യുന്നുണ്ട്.
മൂല്യവത്തായ അനേകം അറബി പൈതൃക ഗ്രന്ഥങ്ങള്‍ തേടിപ്പിടിച്ച്, സംശോധന ചെയ്ത് അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുഹമ്മദ് അശ്ശയ്ബാനിയുടെ അല്‍ സിയറുല്‍ കബീര്‍, വാഖിദിയുടെ കിതാബു രിദ്ദ:, ബലാദുരിയുടെ അന്‍സാബുല്‍ അശ്റാഫ്, ഇബ്നു ഖുതൈബയുടെ കിതാബുല്‍ അന്‍വാഅ്, ഗസ്സാനിയുടെ കിതാബു ദഖാഇര്‍ വത്തുഹഫ്, ഖസ്വീനിയുടെ കിതാബു സറദ് വല്‍ ഫറദ്, ദൈനൂരിയുടെ കിതാബുന്നബാത്ത് എന്നിവ അതില്‍ ചിലതു മാത്രം. ഡോ. മുഹമ്മദ് ഹമീദുല്ലയുടെ മേല്‍ അല്ലാഹു കാരുണ്യം ചൊരിയട്ടെ. 
(വിവ: നൗറീന്‍ ഹാമിദ്,
ശാന്തപുരം അല്‍ജാമിഅ)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ - 4-6
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹദീസ്‌നിഷേധത്തിന്റെ ഭവിഷ്യത്ത്‌
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌