Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 24

3232

1443 ജമാദുല്‍ അവ്വല്‍ 19

ഹദീസ്‌നിഷേധികളുടെ വിതണ്ഡ വാദങ്ങള്‍ - 3 നബിചര്യ നമുക്ക് ലഭിച്ച വഴി

സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി

ഇനി നബിചര്യ നമ്മിലോളം എത്തിയ വഴി എന്താണെന്നും എന്തായിരിക്കണമെന്നുമുള്ള ചോദ്യത്തിലേക്ക് വരാം. നബി തിരുമേനി പ്രവാചകനായി നിയുക്തനായ ശേഷം ജീവിതത്തോട് വിടവാങ്ങുന്നതു വരെ ഏതാണ്ട് കാല്‍ നൂറ്റാണ്ട്കാലം മുഴുവന്‍ ഖുര്‍ആന്‍ പാരായണം ചെയ്തും കേള്‍പ്പിച്ചും മാത്രമായിരിക്കില്ല കഴിച്ചുകൂട്ടിയതെന്ന് വ്യക്തമാണ്. പ്രത്യുത ഖുര്‍ആന്‍ പാരായണത്തിനു പുറമെ രാപ്പകല്‍ തന്റെ ദീന്‍ പ്രബോധനം ചെയ്തുകൊണ്ടേയിരുന്നും കാണാം. വഴിപിഴച്ച ആളുകളെ സത്യം ധരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടുമിരുന്നിട്ടുണ്ടാവും. സത്യം സ്വീകരിച്ചവര്‍ക്ക് ആവശ്യമായ അധ്യാപനങ്ങളിലും മുഴുകിയിട്ടുണ്ടാകും. സ്വന്തം കര്‍മ സ്വഭാവങ്ങളുടെ ഉത്തമ മാതൃക സമര്‍പ്പിച്ച് അവരുടെ സംസ്‌കരണ ശിക്ഷണങ്ങളില്‍ വ്യാപൃതനായിക്കൊണ്ടിരുന്നിട്ടുണ്ടാകും. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഇങ്ങനെ പറയുന്നുണ്ടല്ലോ; ''അദ്ദഹം നമ്മുടെ സൂക്തങ്ങള്‍ നിങ്ങള്‍ക്ക് പാരായണം ചെയ്തുതരികയും നിങ്ങളെ സംസ്‌കരിക്കുകയും വേദ(കിതാബ്)വും ജ്ഞാനപ്പൊരുളും (ഹിക്മത്ത്) നിങ്ങളെ പഠിപ്പിക്കുകയും നിങ്ങള്‍ക്കറിവില്ലാത്തത് നിങ്ങള്‍ക്ക് പഠിപ്പിച്ചുതരികയും ചെയ്യുന്നു'' (അല്‍ബഖറ: 151). തീവ്രമായ തന്റെ അധ്യാപക ജീവിതത്തില്‍ വ്യാപൃതനായിരിക്കെ ഒരു നിമിഷം പോലും വിശ്രമിക്കുന്നതിനെക്കുറിച്ച് നബി തിരുമേനി ചിന്തിച്ചിരുന്നില്ലെന്ന് ഈ ഖുര്‍ആന്‍ സൂക്തത്തില്‍നിന്നു താനും മനസ്സിലാകുന്നു. ഓരോ നിമിഷവും ഒന്നുകില്‍ തിരുമേനി ഇബാദത്തില്‍ മുഴുകി കഴിയുകയായിരുന്നു; അല്ലെങ്കില്‍ അനുയായികളോടുള്ള ഉപദേശനിര്‍ദേശങ്ങളിലും അവര്‍ക്ക് 'ഹിക്മത്ത്' പഠിപ്പിക്കുന്നതിലും അവരുടെ ആത്മീയ ശിക്ഷണത്തിലുമായിരുന്നു അദ്ദേഹം. എത്രത്തോളമെന്നാല്‍, സ്വന്തം ജീവന്‍ അപകടത്തിലാക്കുമാര്‍ താങ്കള്‍ എന്തിനിത്ര കഷ്ടപ്പെടുന്നു എന്ന് അല്ലാഹു ചോദിക്കുന്നിടത്തോളമായിരുന്നു ഈ വിഷയത്തില്‍ നബിയുടെ അവസ്ഥ.
ഇത്ര കണ്ട് സജീവമായ പ്രബോധക ജീവിതകാലത്ത് ഖുര്‍ആന്‍ സൂക്തങ്ങളല്ലാതെ, ഓര്‍ത്തുവെക്കാനും വിവരിക്കാനും അര്‍ഹമായ യാതൊരു വാചകവും നബിയുടെ ജിഹ്വയില്‍നിന്ന് പുറപ്പെട്ടിരുന്നില്ലെന്ന് ആര്‍ക്കെങ്കിലും പറയാന്‍ സാധിക്കുമോ? നബിയുടെ ജീവിതകാലത്ത് ജനം മാതൃകയായി മനസ്സിലാക്കുകയും ആ വിശുദ്ധ മാതൃക അനുകരിക്കാന്‍ മറ്റുള്ളവരെ ഉപദേശിക്കുകയും ചെയ്ത യാതൊരു പ്രവര്‍ത്തനവും ഉണ്ടായിട്ടില്ലെന്നോ? നബിയുടെ വാക്കുകളെയും പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച് എല്ലാ സത്യവിശ്വാസികളും കരുതിയിരുന്നത് ആ നിര്‍ദേശങ്ങളൊക്കെ സത്യാധിഷ്ഠിതമാണെന്നായിരുന്നു. അങ്ങനെ വിശ്വസിക്കണമെന്നത് ഖുര്‍ആന്റെ തന്നെ കല്‍പനയുമാണ്; ''അദ്ദേഹം തോന്നുംപടി സംസാരിക്കുകയില്ല'' (അന്നജ്മ്: 3). തിരുമേനിയുടെ ഓരോ പ്രവര്‍ത്തനവും നിര്‍ബന്ധപൂര്‍വം അനുകരിക്കേണ്ടതാണ്. ''നിങ്ങള്‍ക്ക് ദൈവദൂതനില്‍ ഉത്തമ മാതൃകയുണ്ട്.'' ഈ വിശ്വാസം പുലര്‍ത്തിയിരുന്ന മുസ്‌ലിംകള്‍ നബി തിരുമേനിയുടെ നിര്‍ദേശങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവെച്ചിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. തിരുമേനിയുടെ ഓരോ പ്രവര്‍ത്തനത്തിലും തീര്‍ച്ചയായും ദൃഷ്ടി പതിപ്പിച്ചിട്ടുണ്ടാകും. നബിയുടെ വാക്കുകളെയും പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച് പരസ്പരം ചര്‍ച്ച ചെയ്തു കാണും. പ്രവാചകത്വത്തിലോ ഏതോ വിധത്തിലുള്ള വിശുദ്ധിയിലോ വിശ്വസിച്ചിട്ടില്ലാത്ത ലോകത്തും വലിയ ആളുകളുടെ വാക്കുകളും ചലനങ്ങളും ശ്രദ്ധാപാത്രമാകാറുണ്ട്. അവരുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും ചര്‍ച്ചാ വിഷയമാകാറുണ്ട്. അപ്പോള്‍ പിന്നെ, അല്ലാഹുവിന്റെ ദൂതനും ഇസ്‌ലാമിന്റെ സമ്പൂര്‍ണ മാതൃകയുമായി തങ്ങള്‍ കൊണ്ടാടുന്ന നബി തിരുമേനിയില്‍നിന്ന് സ്വഹാബിവര്യന്മാര്‍ ഖുര്‍ആന്‍ മാത്രം കൈക്കൊള്ളുകയും അദ്ദേഹത്തിന്റെ മറ്റെല്ലാ നിര്‍ദേശങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും നേരെ കണ്ണും കാതും അടച്ചിരിക്കുകയും ചെയ്തു എന്നു പറഞ്ഞാല്‍ അതെങ്ങനെ വിശ്വസിക്കാന്‍ സാധിക്കും?

ഓര്‍മശക്തിയുടെ ഉപകരണം
നബി തിരുമേനിയുടെ അനക്കവും അടക്കവുമൊക്കെ ഒപ്പിയെടുക്കാന്‍ അക്കാലത്ത് ഫോട്ടോഗ്രഫി യന്ത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. പ്രസംഗങ്ങള്‍ റിക്കാര്‍ഡ് ചെയ്യാന്‍ സ്വനഗ്രാഹി യന്ത്രങ്ങളുമുണ്ടായിരുന്നില്ല. തിരുമേനിയുടെ പ്രബോധന പ്രവര്‍ത്തനങ്ങളും നിത്യജീവിത കര്‍മങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ മക്കയില്‍നിന്നും മദീനയില്‍നിന്നും പത്രങ്ങളൊന്നും പുറപ്പെടുന്നുണ്ടായിരുന്നില്ല. ഭദ്രമായി സൂക്ഷിക്കാനും കൈമാറാനും ജനങ്ങള്‍ക്കുണ്ടായിരുന്ന ഏക ഉപകരണം അവരുടെ ഓര്‍മശക്തിയും ജിഹ്വയും മാത്രമായിരുന്നു. പുരാതന കാലത്ത് അറബികളില്‍ മാത്രമല്ല, ലോകത്തിലെ എല്ലാ സമുദായങ്ങളിലും സംഭവങ്ങള്‍ സൂക്ഷിക്കാനും ഭാവി തലമുറകള്‍ക്ക് കൈമാറാനും ഉണ്ടായിരുന്ന ഒരേയൊരു വഴി ഇതൊന്ന് മാത്രമായിരുന്നു. അറബികള്‍ വിശേഷിച്ചും ഓര്‍മശക്തിയിലും വിവരങ്ങള്‍ കൈമാറുന്നതിലെ സുബദ്ധതയിലും മികച്ചുനിന്നിരുന്നു. എത്രത്തോളമെന്നോ? ഒരുവേള നമ്മുടെ 'സത്യാന്വേഷി സാഹിബി'ന്റെ വോണ്‍ ക്രെമറിനു പോലും നിഷേധിക്കാന്‍ കഴിയാത്ത വിധം. അറബികളുടെ സ്മരണീയ നാളുകള്‍, ജാഹിലിയ്യാ (ഇസ്‌ലാംപൂര്‍വ) കാലത്തെ വര്‍ത്തമാനങ്ങള്‍, വംശാവലികള്‍ തുടങ്ങി ഒട്ടകങ്ങളുടെയും കുതിരകളുടെയും വരെ വംശാവലികള്‍ ഹൃദിസ്ഥമായിരുന്നു അവര്‍ക്ക്. തങ്ങളുടെ സന്തതികളെ ഹൃദിസ്ഥമാക്കാന്‍ പഠിപ്പിക്കാറുമുണ്ടായിരുന്നു. നബിയെപ്പോലുള്ള ഒരു മഹദ് വ്യക്തിത്വത്തിന്റെ ജീവിതാവസ്ഥകളും മാര്‍ഗനിര്‍ദേശങ്ങളും ഓര്‍ത്തുവെക്കുകയും പിന്‍തലമുറക്ക് കൈമാറുകയും ചെയ്യാതിരിക്കുക എന്നത് അവരെ സംബന്ധിച്ചേടത്തോളം വളരെ വിദൂരമായ കാര്യമാണ്.

പിന്‍തലമുറയുടെ ജിജ്ഞാസ
പിന്നീട് നബി തിരുമേനിയുടെ വിയോഗാനന്തരം ആളുകള്‍ക്ക് തിരുമേനിയുടെ ജീവിതാവസ്ഥകളും വചനങ്ങളും അറിയാനുള്ള താല്‍പര്യം കൂടുക എന്നത് തികച്ചും സ്വാഭാവികമാണല്ലോ. നബിയെ സന്ദര്‍ശിക്കാനോ സാന്നിധ്യം അനുഭവിക്കാനോ ഭാഗ്യമില്ലാതെ പോയവര്‍ തിരുമേനിയോട് സഹവസിക്കാന്‍ ഭാഗ്യം സിദ്ധിച്ചവരെ സമീപിച്ച് ആ വിശുദ്ധ ജീവിതത്തിന്റെ വിശദാംശങ്ങളും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളും തേടുക എന്നതും തികച്ചും സ്വാഭാവികമത്രെ. കഴിഞ്ഞ നൂറ്റാണ്ടിലെ ഏതെങ്കിലും മഹാന്മാരുടെ സാന്നിധ്യം അനുഭവിക്കാന്‍ ഭാഗ്യം സിദ്ധിച്ച ഏതെങ്കിലും ഒരു സിദ്ധന്‍ പുറപ്പെട്ടാല്‍ ആളുകള്‍ അയാളുടെ അടുക്കല്‍ ചെന്ന് ആ മഹദ് വ്യക്തിത്വത്തിന്റെ ജീവിതാവസ്ഥകള്‍ അന്വേഷിക്കുന്നത് നമ്മള്‍ തന്നെ കാണുന്നതാണ്. നമ്മുടെ ഒരു സുഹൃത്ത് ഉത്തരേന്ത്യയില്‍നിന്ന് ഹൈദറാബാദിലോളം യാത്രചെയ്ത് ഈയൊരു ആവശ്യത്തിന് മാത്രം വരികയുണ്ടായി. സയ്യിദ് ജമാലുദ്ദീന്‍ അഫ്ഗാനിയുമായി സഹവാസമുണ്ടായിരുന്ന പ്രായം ചെന്ന ആരെങ്കിലുമുണ്ടോ എന്നതായിരുന്നു അയാളുടെ അന്വേഷണ വിഷയം. അങ്ങനെ ആരെങ്കിലുമുണ്ടെങ്കില്‍ അയാളില്‍നിന്ന് അഫ്ഗാനിയുടെ ജീവിതാവസ്ഥകള്‍ മനസ്സിലാക്കാമല്ലോ എന്ന് അയാള്‍ കരുതി. സാധാരണ ആളുകളുടെ വിഷയത്തില്‍ നടക്കുന്ന സംഗതിയാണിത്. എങ്കില്‍ അല്ലാഹുവിന്റെ ഏറ്റവും മഹാനായ ഒരു പ്രവാചകന്‍, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആചാര്യന്‍ മരിച്ചിട്ട് അദ്ദേഹത്തിന്റെ സ്ഥിതിഗതികള്‍ അറിയാനുള്ള അഭിവാഞ്ഛയും അധ്യാപനങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള ആഗ്രഹവും മുസ്‌ലിംകള്‍ക്ക് ഇല്ലാതെ പോകുമോ? ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഒരു സ്വഹാബി (പ്രവാചകശിഷ്യന്‍) ഉള്ളതായി അറിഞ്ഞിട്ട് ആളുകള്‍ ആയിരക്കണക്കില്‍ നാഴിക താണ്ടിക്കടന്ന് ആ സ്വഹാബിയില്‍നിന്ന് പ്രവാചകന്റെ ജീവിതാവസ്ഥകള്‍ ആരായുക എന്നത് ചരിത്രത്തില്‍ അത്രക്ക് അസംഭവ്യമായ കാര്യമാണോ? ഇതു തന്നെയായിരിക്കും സ്വഹാബികളുടെ അനന്തര തലമുറ(താബിഉകള്‍)കള്‍ക്കും സംഭവിച്ചിട്ടുണ്ടാവുക. ചുരുങ്ങിയത് രണ്ട് നൂറ്റാണ്ടുകളെങ്കിലും ഹദീസുകള്‍ കേള്‍ക്കാനും കൈമാറാനുമുള്ള അസാധാരണമായ അഭിവാഞ്ഛ മുസ്‌ലിംകളില്‍ ഉണ്ടായിട്ടുണ്ടാകുമെന്നത് തീര്‍ച്ചയാണ്. ഇപ്പറഞ്ഞത് കേവലമൊരു നിഗമനം മാത്രമല്ല. പ്രത്യുത, ചരിത്രം സാക്ഷ്യം വഹിക്കുന്ന സംഗതിയാണ്. ബുദ്ധിപരമായ നിഗമനങ്ങള്‍ പ്രയോജനപ്പെടുത്തുന്നവരല്ല ഹദീസ്‌നിഷേധികള്‍. ഇനി ചരിത്രത്തിന്റെ കാര്യമാണെങ്കില്‍ ഭാഗികമായേ ചരിത്രവും അവര്‍ അംഗീകരിക്കുകയുള്ളൂ. ഹദീസ് നിഷേധത്തിന് അനുകൂലമാണെങ്കില്‍ മാത്രമേ ചരിത്രം അവര്‍ അംഗീകരിക്കൂ. അതൊഴിച്ചുനിര്‍ത്തിയാല്‍ ചരിത്രത്തിന്റെ തെളിവുകള്‍ എത്രയുണ്ടെങ്കിലും അവര്‍ അത് പരിഗണിക്കുകയില്ല. എന്നാല്‍, ഹദീസ്‌നിഷേധത്തില്‍ പിടിവാശിയില്ലാത്തവര്‍ തീര്‍ച്ചയായും ഒരു കാര്യം സമ്മതിക്കും. നബിയുടെ മരണാനന്തരം ചുരുങ്ങിയത് രണ്ട് നൂറ്റാണ്ട് വരെയെങ്കിലും തിരുമേനിയുടെ ജീവിതാവസ്ഥകള്‍ മനസ്സിലാക്കുന്നതിലും നിര്‍ദേശങ്ങള്‍ എന്തായിരുന്നുവെന്നു കേള്‍ക്കുന്നതിലും ആര്‍ക്കും താല്‍പര്യമില്ലാത്ത വിധം അത്രക്ക് അവഗണനാര്‍ഹമായിരുന്നില്ല പ്രഭാവിതമായ ആ വ്യക്തിത്വവും പ്രശോഭിതമായ ആ പ്രബോധക ജീവിതവും എന്ന്. ഇത് നിഷേധിക്കുകയാണെങ്കില്‍ അതിന്റെ മറ്റൊരര്‍ഥം ആദ്യ നൂറ്റാണ്ടുകളില്‍ ജീവിച്ച ആളുകള്‍ക്കിടയില്‍ നബി തിരുമേനിക്ക് യാതൊരു സ്വാധീനവുമുണ്ടായിരുന്നില്ല എന്നായിരിക്കും. തിരുമേനിയുടെ പ്രവാചകത്വം അംഗീകരിച്ചിരുന്നവര്‍ പോലും അദ്ദേഹത്തെ ഒട്ടും ഗൗനിച്ചിരുന്നില്ല എന്നാണ് വന്നുഭവിക്കുക. നബി തിരുമേനിയുടെ വ്യക്തിത്വത്തെയും തിരുമേനിയോട് ഏറ്റവും അടുപ്പം പുലര്‍ത്തിയവരെയും സംബന്ധിച്ച് ഇതിലും മോശമായ അഭിപ്രായം സ്വീകരിക്കാന്‍ ഹദീസ്‌നിഷേധികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, ഒരു മുസ്‌ലിം പോയിട്ട്, ഇസ്‌ലാമിക ചരിത്രവും ഇസ്‌ലാമിക സാഹിത്യവും പാരായണം ചെയ്തിട്ടുള്ള നിഷ്പക്ഷനായ ഒരമുസ്‌ലിം പോലും ഈ അഭിപ്രായം ശരിയാണെന്ന് പറയില്ലെന്നാണ് നാം മനസ്സിലാക്കുന്നത്.

കതിരും പതിരും
പ്രവാചക കാലഘട്ടത്തില്‍നിന്ന് അകന്ന ശേഷം മുസ്‌ലിംകള്‍ക്കിടയില്‍ അന്യ സ്വാധീനങ്ങള്‍ കടന്നുകൂടിയിട്ടുണ്ട് എന്നതില്‍ സംശയമില്ല. ഈ സ്വാധീനത്തിന് കാരണം മിക്കവാറും, ഇറാഖില്‍നിന്നും ഇറാനില്‍നിന്നും ശാമില്‍നിന്നും ഈജിപ്തില്‍നിന്നും ഇസ്‌ലാം ആശ്ലേഷിച്ച ആളുകളായിരുന്നു. അവര്‍ മുസ്‌ലിംകളായെങ്കിലും തങ്ങളുടെ പുരാതന മതങ്ങളിലെ സങ്കല്‍പങ്ങള്‍ അവരുടെ മനസ്സില്‍നിന്ന് മാഞ്ഞുപോയിട്ടില്ലായിരുന്നു. മുസ്‌ലിംകളില്‍തന്നെയും ആളുകളെ സ്വാധീനിക്കാനായി തോന്നുംപടി പലതും കെട്ടിച്ചമച്ച് നബിയിലേക്ക് ചേര്‍ത്തു പറയുന്നവരും ഉണ്ടായിരുന്നു എന്നതിലും സംശയമില്ല. ഈ രണ്ട് കാര്യങ്ങളും ചരിത്രപരമായി തെളിയിക്കപ്പെട്ടതാണ്. തീര്‍ച്ചയായും അങ്ങനെ ഉണ്ടായിട്ടുണ്ടാകും എന്നു തന്നെയാണ് ഊഹിക്കേണ്ടത്. എന്നാല്‍, മുസ്‌ലിംകള്‍ എല്ലാവരും അങ്ങനെയായിരുന്നു എന്ന ഒരു നിഗമനത്തിലെത്തുന്നത് ശരിയാണോ? എല്ലാവരും വ്യാജന്മാരും വിശ്വാസമില്ലാത്തവരുമാണെന്നാണോ അതിനര്‍ഥം? ദിവസം ചുരുങ്ങിയത് അഞ്ച് നേരമെങ്കിലും നബിയുടെ പ്രവാചകത്വത്തെ സാക്ഷ്യപ്പെടുത്തിക്കൊണ്ടിരുന്ന അവരൊക്കെയും ആ മഹദ് വ്യക്തിയില്‍ കള്ളം കെട്ടിച്ചമക്കുന്ന മുനാഫിഖുകള്‍ (കപടവിശ്വാസികള്‍) ആണെന്നോ? ലോകത്തെങ്ങുമുള്ള ഖുറാഫാത്തുകള്‍ (അന്ധവിശ്വാസങ്ങള്‍) എല്ലാം ഏറ്റെടുത്ത് നബിയുടെ പേരില്‍ അല്ലാഹുവിന്റെ ദീനില്‍ കടത്തിക്കൂട്ടി ദീനിന്റെ അടിവേരറുക്കുന്ന സത്യവിരോധികളായിരുന്നു അവരെല്ലാം എന്നാണോ? ഇങ്ങനെയൊരു നിഗമനം ബുദ്ധിപരമായും സാധ്യമല്ല. ചരിത്രത്തിന്റെ പിന്‍ബലത്തിലൂടെയും സാധ്യമല്ല. ഇത് ശരിയല്ലെങ്കില്‍ പിന്നെ സത്യസന്ധമായി പറയാന്‍ പറ്റുന്ന സംഗതി ഇത് മാത്രമാണ്: ആദ്യ നൂറ്റാണ്ടിന്റെ ഒടുക്കം മുതല്‍ക്കേ ഹദീസ് ശേഖരങ്ങളില്‍ കെട്ടിച്ചമച്ച വ്യാജങ്ങളുണ്ടായിരുന്നുവെന്നും, പില്‍ക്കാല തലമുറകളില്‍ എത്തിപ്പെട്ട ഹദീസുകളില്‍ ശരിയായതും തെറ്റായതും സംശയാസ്പദമായതുമെല്ലാം കൂടിക്കലര്‍ന്ന് എല്ലാ ഇനത്തിലും പെട്ട ഹദീസുകള്‍ ഉണ്ടായിരുന്നു എന്നുമാണ്.
കതിരും പതിരും അടങ്ങിയ ഈ മിശ്രിതമുണ്ടാകുമ്പോള്‍ പിന്നെ ശരിയായ വഴി എന്താണ്? ശരിയും തെറ്റുമുള്ള മിശ്രിതമാണെന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം എല്ലാം അപ്പടി തള്ളിക്കളയാം എന്നത് ശരിയാണോ? പില്‍ക്കാല മുസ്‌ലിംകള്‍ പ്രവാചകത്വവുമായുള്ള തങ്ങളുടെ ബന്ധം മുറിച്ചുകളയുന്നത് ശരിയോ? ഹദീസ്‌നിഷേധികളെ സംബന്ധിച്ചേടത്തോളം ഇതൊക്കെ നിസ്സാരവും എളുപ്പവുമാണ്. എന്നാല്‍ ഖുര്‍ആനില്‍ വിശ്വസിക്കുകയും പ്രവാചകനെ ഉത്തമ മാതൃകയായി മനസ്സിലാക്കുകയും തിരുമേനിയെ പിന്തുടരാതെ സന്മാര്‍ഗ പ്രാപ്തി അസംഭവ്യമായി കരുതുകയും ചെയ്യുന്നവരെ സംബന്ധിച്ചേടത്തോളം അങ്ങനെ ചെയ്യുക എന്നത് വളരെ ദുഷ്‌കരമാണ്; സ്വാഭീഷ്ടത്തോടെയും ആത്മസംതൃപ്തിയോടെയും തീയില്‍ ചാടുന്ന പോലെ ദുഷ്‌കരം. എല്ലാം വലിച്ചെറിയുന്നതിനേക്കാള്‍ മലവാരം കിളച്ചുമറിച്ച് രത്‌നങ്ങള്‍ ശേഖരിക്കുന്നതാണ് ഇതിനേക്കാള്‍ എളുപ്പമെന്നാണ് അവര്‍ മനസ്സിലാക്കിയത്. പ്രവാചക ദൗത്യവുമായി തങ്ങളുടെയും മുസ്‌ലിംകളുടെയും ബന്ധം നിലനിര്‍ത്താന്‍ രാപ്പകല്‍ അവര്‍ കഠിനാധ്വാനം ചെയ്തു. ഹദീസ് പരിശോധനക്കുള്ള മൗലിക തത്ത്വങ്ങള്‍ ആവിഷ്‌കരിച്ചു. അങ്ങനെ കതിരും പതിരും വേര്‍തിരിച്ചെടുത്തു. ഒരുവശത്ത് റിപ്പോര്‍ട്ടിംഗ് തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ ഹദീസുകള്‍ സംശോധന നടത്തി. മറുവശത്ത് പതിനായിരക്കണക്കില്‍ റിപ്പോര്‍ട്ടര്‍മാരുടെ ജീവിതാവസ്ഥകള്‍ പരിശോധിച്ചു. മൂന്നാമതൊരു വശത്ത് 'ദിറായത്തി'ന്റെ (പ്രമേയപാഠം) അടിസ്ഥാനത്തില്‍ ഹദീസുകള്‍ നിരൂപണവിധേയമാക്കി. അങ്ങനെ ലോകത്ത് മറ്റൊരാളെ സംബന്ധിച്ചും കാലഘട്ടത്തെ സംബന്ധിച്ചും ലഭ്യമല്ലാത്തവിധം വിശ്വസനീയവും അവലംബനീയവുമായ ഒരു മഹാശേഖരം നബിയെയും നബിയുടെ ജീവിത കാലത്തെയും സംബന്ധിച്ച് നമുക്ക് ലഭ്യമായി. സത്യസന്ധരായ ഈ സേവകന്മാരെക്കുറിച്ച് ഹദീസ് വ്യാജനിര്‍മാതാക്കള്‍, ബാഹ്യശക്തികളുടെ സംരക്ഷകര്‍, ഉമവി-അബ്ബാസി ഭരണാധികാരികളുടെ ഉച്ചിഷ്ടഭോജികള്‍ എന്നിങ്ങനെ എന്ത് വേണമെങ്കിലും ഹദീസ്‌നിഷേധികള്‍ക്ക് വിശേഷിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട്.* പക്ഷേ, ഈ മുഹദ്ദിസുകള്‍ (ഹദീസ് വിജ്ഞാനീയര്‍) ചെയ്ത സേവനങ്ങളോട് അന്ത്യനാള്‍ വരെ അവഗണിക്കാന്‍ കഴിയാത്ത കടപ്പാടാണ് മുസ്‌ലിംകള്‍ക്കുള്ളത്. അവരുടെ ഖബ്‌റിടങ്ങള്‍ അല്ലാഹു പ്രകാശപൂരിതമാക്കട്ടെ. ഇന്ന് നമ്മുടെ അടുക്കല്‍ പ്രവാചകന്റെയും സ്വഹാബിവര്യന്മാരുടെയും കാലഘട്ടത്തിന്റെ സമ്പൂര്‍ണചരിത്രം അതിന്റെ എല്ലാ വിശദാംശങ്ങളോടെയും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് ആ പ്രവാചകപ്രേമികളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. ഹദീസുകളുടെ നിജാവസ്ഥ മനസ്സിലാക്കാന്‍ സഹായകമായ ആ മാര്‍ഗങ്ങള്‍ നിലനില്‍ക്കുന്നതും അവരുടെ സേവന ഫലമായാണ്.

മുതവാതിറും ആഹാദും
മുതവാതിര്‍ (പരസഹസ്രം നിവേദകര്‍ റിപ്പോര്‍ട്ട് ചെയ്ത) ഹദീസുകളൊഴികെ ബാക്കി ഹദീസുകളൊന്നും ഉറച്ചു വിശ്വസിക്കാന്‍ പര്യാപ്തമല്ലെന്നാണ് ഹദീസ്‌നിഷേധികളുടെ വാദം. അവയൊന്നും ദൃഢജ്ഞാനം നല്‍കുന്നതല്ലെന്നാണ് അവര്‍ പറയുന്നത്. ഏറിയാല്‍ മികച്ച ഊഹം മാത്രമേ അവയില്‍നിന്ന് ലഭിക്കൂ. അപ്പോള്‍ അത്തരത്തിലുള്ളവയെ മതത്തിന്റെ മാനദണ്ഡമാക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്? നേര്‍കാഴ്ചയുടെയും ഇന്ദ്രിയാനുഭവങ്ങളുടെയും അടിസ്ഥാനത്തിലുള്ളവയൊഴികെ ലോകത്ത് യാതൊന്നും ദൃഢജ്ഞാനം പ്രദാനം ചെയ്യുന്നതല്ലെന്നാണ് നമുക്ക് പറയാനുള്ളത്. ഒട്ടനവധി ആളുകള്‍ ഒരേസമയം കളവ് പറയുക എന്നത് വിദൂരമാണ് എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് 'തവാതുറി'ന് നാം ദൃഢജ്ഞാനത്തിന്റെ പദവി നല്‍കുന്നതും. തവാതുര്‍ ഉണ്ടെന്ന് നാം ഊഹിക്കുന്ന വൃത്താന്തങ്ങളില്‍ തന്നെയും 'മുതവാതിറാ'യ വൃത്താന്തങ്ങള്‍ക്ക് ചുമത്തപ്പെടുന്ന നിബന്ധനകള്‍ വളരെ കുറവാണെന്ന് കാണാവുന്നതാണ്. മിക്കവാറും അദൃശ്യ കാര്യങ്ങള്‍, അവ ഭൂതകാലവുമായി ബന്ധപ്പെട്ടതാകട്ടെ ഭാവിയുമായി ബന്ധപ്പെട്ടതാകട്ടെ, അവയെ സംബന്ധിച്ച നമ്മുടെ അറിവിന്റെയും തീര്‍പ്പിന്റെയും മാനദണ്ഡം ചുരുങ്ങിയത് രണ്ട് സാക്ഷികളെങ്കിലും ഉണ്ടാവുക എന്ന അധികരിച്ച ഊഹം മാത്രമാണ്. ഖുര്‍ആന്റെ ദൃഷ്ടിയില്‍ മുസ്‌ലിമിന്റെ രക്തം അത്യന്തം പവിത്രമാണല്ലോ. മനഃപൂര്‍വം മുസ്‌ലിമിനെ കൊലപ്പെടുത്തിയവന് ശാശ്വത നരകമാണ് ശിക്ഷ. അതുപോലെത്തന്നെ വ്യഭിചാരം, വ്യഭിചാരാരോപണം, മോഷണം തുടങ്ങിയവക്കുള്ള ശിക്ഷ തീര്‍പ്പാക്കുന്നതും രണ്ടോ നാലോ സാക്ഷികളുടെ അടിസ്ഥാനത്തിലാണ്. ഒരു മുസല്‍മാന്റെ കൈവെട്ടുന്നതും കൊരടാവ് കൊണ്ട് അയാളെ പ്രഹരിക്കുന്നതുമെല്ലാം ആ ഒരു മാനദണ്ഡപ്രകാരമാണ്. വിശുദ്ധ ഖുര്‍ആനിലും നീതിന്യയാ വ്യവസ്ഥ ചലിക്കുന്നത് 'മുതവാതിര്‍' അല്ലാത്ത സാക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നര്‍ഥം. അങ്ങനെ വരുമ്പോള്‍ ഏതെങ്കിലും ഹദീസ് പ്രവാചകന്റേതാണെന്നതിന് നിവേദക ശൃംഖലയിലെ ഓരോ ഘട്ടത്തിലും രണ്ടോ നാലോ റിപ്പോര്‍ട്ടര്‍ മാത്രം മതിയാവുകയില്ല എന്ന് ഖുര്‍ആനു വിപരീതമായി പറയാന്‍ ഏതെങ്കിലും മുസല്‍മാന്‍ ധൈര്യപ്പെടുമോ? റിപ്പോര്‍ട്ടര്‍മാരില്‍ എല്ലാവരെയും വിശ്വസിക്കാന്‍ നമുക്ക് പറ്റില്ലെന്നത് ശരി തന്നെ. സാക്ഷികളിലും എല്ലാ സാക്ഷികളെയും പരിഗണിക്കാന്‍ പറ്റില്ലല്ലോ. നമ്മള്‍ ഖുര്‍ആന്റെ വിധിപ്രകാരം സാക്ഷികള്‍ സത്യസന്ധര്‍ (ദവാ അദ്ല്‍) ആയിരിക്കണമെന്ന നിബന്ധനയാണ് വെക്കുന്നത്. ആ ഉപാധി തന്നെയാണ് ഹദീസിന്റെ കാര്യത്തിലും ബാധകമാക്കാന്‍ കഴിയുക. അതിനു വേണ്ടിയാണ് 'അസ്മാഉര്‍രിജാല്‍' (റിപ്പോര്‍ട്ടര്‍മാരുടെ സ്വഭാവ സവിശേഷതകള്‍) എന്ന വിദ്യ ആവിഷ്‌കരിച്ചത്. അതു വഴി റിപ്പോര്‍ട്ടര്‍മാരുടെ സത്യസന്ധത നമുക്ക് ഉറപ്പിക്കാന്‍ കഴിയുന്നു. റിപ്പോര്‍ട്ടര്‍മാരെ നിരൂപണം നടത്താനും ഇതിലൂടെ നമുക്ക് സാധിക്കും. ഹദീസിന്റെ മൗലിക ബിന്ദുക്കളില്‍ റിപ്പോര്‍ട്ടര്‍മാരുടെ വിവരണങ്ങള്‍ തമ്മില്‍ സംശയിക്കത്തക്ക ഭിന്നതകളുണ്ടോ എന്ന് ഇതിലൂടെ നമുക്ക് പരിശോധിച്ച് ഉറപ്പു വരുത്താവുന്നതാണ്. ഒരു ന്യായാധിപന്‍ വിചാരണക്കിടയില്‍ മൊഴികളുടെ സൂക്ഷ്മാംശങ്ങള്‍ കണ്ടെത്തുന്ന 'ദിറായത്ത്' പ്രയോജനപ്പെടുത്തുന്ന അതേ രീതിയില്‍ ഹദീസിന്റെ കാര്യത്തിലും ഇപ്രകാരം നമുക്ക് 'ദിറായത്തും' പ്രയോജനപ്പെടുത്താന്‍ കഴിയുന്നു.1 എന്നാല്‍ സാക്ഷിമൊഴികള്‍ എല്ലാവര്‍ക്കും പരിശോധിച്ച് ഉറപ്പുവരുത്താന്‍ സാധിക്കില്ല എന്നതു പോലെത്തന്നെ 'ദിറായത്തും' ഒരു കുട്ടിക്കൡയല്ല. ഖുര്‍ആനില്‍ പാണ്ഡിത്യം കരസ്ഥമാക്കി പ്രാഥമിക തത്ത്വങ്ങള്‍ നന്നായി മനസ്സിലാക്കിയ വ്യക്തിക്കേ ഹദീസുകളെ 'ദിറായത്തി'ന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്താന്‍ സാധിക്കൂ. നിരവധി ഹദീസ് ശേഖരങ്ങള്‍ അഗാധമായി പഠിച്ചു ഹദീസുകള്‍ മാറ്റുരക്കാനുള്ള ഉള്‍ക്കാഴ്ച ലഭ്യമായ ആളായിരിക്കും അയാള്‍.
ഒട്ടനേകം ഹദീസുകള്‍ പഠിക്കുകയും പഠിപ്പിക്കുകയും  അവയുമായി ഇടപഴകുകയും ചെയ്യുന്നതിലൂടെ പ്രവാചകന്റെ സ്വഭാവ പ്രകൃതങ്ങള്‍ മനസ്സിലാക്കാനും ഇസ്‌ലാമിന്റെ ശരിയായ ചൈതന്യം അയാളുടെ മനോമസ്തിഷ്‌കങ്ങള്‍ക്ക് പ്രാപ്യമാകാനുമുള്ള ഒരു സിദ്ധി അത്തരം വ്യക്തികള്‍ക്ക് കരഗതമാകുന്നു. അപ്പോള്‍ ഒരു ഹദീസ് കാണുമ്പോള്‍ പ്രഥമദൃഷ്ട്യാ തന്നെ നബി തിരുമേനി അങ്ങനെ പറയാന്‍ സാധ്യതയുണ്ടോ ഇല്ലേ എന്ന് അയാള്‍ക്ക് ഗ്രഹിക്കാന്‍ കഴിയും. അല്ലെങ്കില്‍ നബി തിരുമേനിയില്‍നിന്ന് അങ്ങനെയൊരു പ്രവര്‍ത്തനം ഉത്ഭവിക്കാന്‍ സാധ്യതയുണ്ടോ ഇല്ലേ എന്ന് പെട്ടെന്നു തന്നെ അയാള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍, ഒരു വിഷയത്തില്‍ രണ്ട് ന്യായാധിപന്മാര്‍ക്ക് വ്യത്യസ്ത അന്വേഷണ നിഗമനങ്ങള്‍ ഉണ്ടാകാമെന്നത് പോലെത്തന്നെ രണ്ട് മുഹദ്ദിസുകള്‍ക്കിടയിലും 'ദിറായത്ത്' വിഷയത്തില്‍ ഭിന്നതകളുണ്ടാകാം. മനുഷ്യസാധ്യമായതിനപ്പുറം യാതൊന്നിനും അല്ലാഹു നമ്മോട് കല്‍പിക്കുന്നില്ല. അഭിപ്രായഭേദങ്ങള്‍ മനുഷ്യപ്രകൃതത്തിന്റെ ഭാഗമാണ്. അതിന്റെ പേരില്‍ ഖുര്‍ആനോ ഹദീസോ ന്യായാസനമോ നമുക്ക് വേണ്ടെന്നു വെക്കാന്‍ കഴിയില്ലല്ലോ. ചുരുക്കത്തില്‍ ഒരു ഹദീസിനെ കുറിച്ച് ഉറപ്പുവരുത്താന്‍ മനുഷ്യസാധ്യമായതെന്തൊക്കെയുണ്ടോ അതൊക്കെയും മുഹദ്ദിസുമാര്‍ (ഹദീസ് സമാഹര്‍ത്താക്കള്‍) സജ്ജമാക്കിവെച്ചിട്ടുണ്ട്. ആ കരുക്കള്‍ ഉപയോഗപ്പെടുത്തി ശരിയും തെറ്റും വേര്‍തിരിച്ച് ശരി പിന്തുടരുക എന്നതാണ്. ശരിയും തെറ്റും കൂടിക്കലര്‍ന്നതു കണ്ട് പ്രവാചകദൗത്യവുമായുള്ള ബന്ധം തന്നെ അറുത്തുമുറിക്കുക എന്നതല്ല. 
(തുടരും)
വിവ: വി.എ.കെ

* ഈ വിശേഷണങ്ങളൊക്കെയും 'സത്യാന്വേഷി സാഹിബി'ന്റെ ലേഖനത്തിലുള്ളതാണ്.
1. നിയമത്തില്‍ ന്യായാധിപന്മാരുടെ അഭിപ്രായത്തിനും തീരുമാനശക്തിക്കുമുള്ള അതേ സ്ഥാനമാണ് ഹദീസില്‍ ദിറായത്തിനുമുള്ളത്. ന്യായാധിപന്മാര്‍ സാക്ഷിമൊഴികള്‍ അപ്പടിയങ്ങ് സ്വീകരിക്കുകയല്ല ചെയ്യുക. അവയുടെ വ്യത്യസ്ത വശങ്ങള്‍ ഇഴകീറി പരിശോധിച്ചാണ് തീര്‍പ്പിലെത്തുക. മുഹദ്ദിസും ഇതുപോലെ എല്ലാ റിപ്പോര്‍ട്ടും കണ്ണടച്ച് സ്വീകരിക്കുകയല്ല ചെയ്യുക. അവ ഇഴകീറി പരിശോധിച്ചാണ് അഭിപ്രായരൂപീകരണം നടത്തുക.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ - 4-6
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹദീസ്‌നിഷേധത്തിന്റെ ഭവിഷ്യത്ത്‌
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌