Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 24

3232

1443 ജമാദുല്‍ അവ്വല്‍ 19

മേല്‍ വിലാസങ്ങള്‍

സി.കെ മുനവ്വിര്‍, ഇരിക്കൂര്‍

മരിച്ചവര്‍
ഒറ്റക്കാണ് പോകുന്നത്
അവര്‍
ഒന്നും കൊണ്ടുപോകുന്നില്ല
ആരെയും കൂടെക്കൂട്ടുന്നുമില്ല.

മരിച്ചവര്‍ക്കെല്ലാം
ഒരു ലോകമുണ്ട്
വലിയ ലോകം
അനന്തരാവകാശികളും
പങ്കുകാരുമില്ലാത്ത
സ്വന്തം ലോകം.

മരണം
അടുത്തുള്ള അതിഥിയാണ്
ചെരുപ്പിന്റെ
വാറിനേക്കാള്‍ അടുത്ത്
ഏതു സമയവും
നമ്മെക്കൂട്ടിക്കൊണ്ടുപോകാന്‍
അവന് അനുവാദമുണ്ട്
ചോദിക്കണ്ട
പറയണ്ട
വരാം, കൊണ്ടുപോകാം
മരണത്തിനാണ് സ്വാതന്ത്ര്യമുളളത്
നമുക്ക് അനുസരിക്കാനേ പറ്റൂ.

എന്തിനാണ്
മരിച്ചവരെക്കാണാന്‍ പോകുന്നത്
ആരാണവരിലേക്ക്
നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്
നമ്മോടൊപ്പമുളള അതിഥി തന്നെ
അവന്റെ രൂപം നമ്മെ 
ബോധ്യപ്പെടുത്താന്‍.

മരിക്കാത്തവരും
മരിച്ചവരും തമ്മിലെന്താണുളളത്
മരിച്ചവര്‍
ആറടി മണ്ണിന്റെ അവകാശികള്‍
മരിക്കാത്തവര്‍
ആറടി മണ്ണ് നിജപ്പെടുത്താത്തവര്‍.

മരിക്കാത്തവര്‍ക്ക്
കിനാക്കളുണ്ട്
മരിച്ചവര്‍ക്കതില്ല
കിനാവിന് ജീവന്‍ വേണം
കിനാവുള്ളവര്‍ക്കാണ്
ജീവിക്കാനാവുക.

ജനനവും
മരണവും തമ്മിലെന്താണ്
വരവറിയുന്നതാണ് ജനനം
ഒരു മാസം, രണ്ടു മാസം,
ഒമ്പത് മാസം
അങ്ങനെ അക്കങ്ങളിലത്
കൂട്ടാനാകുന്നുണ്ട്.
മരണത്തിനങ്ങനെയില്ല
ഇനിയൊരു നാള്‍,
രണ്ടു നാള്‍
എന്നിങ്ങനെ എണ്ണിക്കാത്തിരിക്കാനാവില്ല
അപ്പോള്‍
എണ്ണാന്‍ കഴിയുന്നതാണ് ജനനം
എണ്ണാന്‍ കഴിയാത്തതാണ് മരണം.

ജനനത്തില്‍
സന്തോഷമുണ്ട്
മരണത്തില്‍ ദുഃഖവും
ജനനം സുനിശ്ചിതമല്ല
അതിലൊരു ഒളിച്ചുകളിയുണ്ട്
മരണത്തിനതില്ല
അതിനൊറ്റ മുഖമാണ്
വലുപ്പച്ചെറുപ്പങ്ങളില്ലാതെ
കൂട്ടിക്കൊണ്ടുപോകും
ജനനത്തിന്റെ കാത്തിരിപ്പിന്
വിവരിക്കാനാവാത്ത
ഒരു സുഖമുണ്ട്
മരണത്തിന്റെ കാത്തിരിപ്പിനതില്ല
മൗനമാണതിന്റെ ഭാഷ
ഇരുട്ടാണതിന്റെ താളം.

ജനനം തുടക്കമാണ്
മരണം ഒടുക്കത്തിന്റെ തുടക്കമാണ്
ജനനത്തിന് സ്വകാര്യത വേണം
വെടിപ്പുള്ള ഇടം വേണം
മരണത്തിനൊന്നുമാവശ്യമില്ല
അപ്പോള്‍
ശ്വാസം വിടുന്നതാണ് ജനനം
ശ്വാസം നിലക്കുന്നതാണ് മരണം.

മരിച്ചവരും
ജീവിച്ചിരിക്കുന്നവരും തമ്മിലെന്താണ്
മരിച്ചവരുടെയല്ലാം
മേല്‍വിലാസമൊന്നാണ്
മരിച്ചവരെന്നാണ്
എല്ലാവരുടെയും പേര്
ഖബ്ര്‍ എന്നാണെല്ലാവരുടെയും
വീട്ടുപേര്
ശ്മശാനമെന്നാണെല്ലാവരുടെയും
സ്ഥലപ്പേര്
അപ്പോള്‍
ജീവിക്കുമ്പോഴേ
പേരും വിലാസവും
പ്രസക്തമാകുന്നുള്ളൂ.

മരിക്കാത്തവരും
മരിച്ചവരും തമ്മിലെന്താണ്
മേല്‍വിലാസത്തിലറിയപ്പെടുന്നവര്‍
മരിക്കാത്തവര്‍
ഒറ്റ മേല്‍വിലാസമുള്ളവര്‍ മരിച്ചവര്‍.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ - 4-6
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹദീസ്‌നിഷേധത്തിന്റെ ഭവിഷ്യത്ത്‌
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌