Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 24

3232

1443 ജമാദുല്‍ അവ്വല്‍ 19

മത ലയനവും മത സഹിഷ്ണുതയും - 4 ഖുര്‍ആന്‍ സത്യപ്പെടുത്തുന്ന വേദങ്ങള്‍

അബൂയാസിര്‍

വിശുദ്ധ ഖുര്‍ആന്‍ പൂര്‍വവേദങ്ങളെ സത്യപ്പെടുത്തുന്നു എന്നതാണ് സര്‍വമത, അല്ല സര്‍വവേദ സത്യവാദത്തിന്റെ മുഖ്യ തെളിവ്. ഇവിടെ സൗകര്യപൂര്‍വം ഒരു കാര്യം വിസ്മരിക്കപ്പെടുന്നു. പൂര്‍വവേദങ്ങളെ (കുതുബുന്‍ ഖദീമ) മൊത്തത്തില്‍ സത്യപ്പെടുത്തുന്നു എന്നല്ല ഖുര്‍ആന്‍ പറയുന്നത്. 'നിങ്ങളോടൊപ്പമുള്ള' (മുസ്വദ്ദിഖന്‍ ലിമാ മഅകും 2:41), 'അവരോടൊപ്പമുള്ള' (മുസ്വദ്ദിഖുന്‍ ലിമാ മഅഹും 2:89) വേദത്തെ സത്യപ്പെടുത്തുന്നു എന്നാണ്. 'അതിന്റെ (ഖുര്‍ആന്റെ) മുന്നിലുള്ള, അടുത്തുള്ള' (മുസ്വദ്ദിഖന്‍ ലിമാ ബൈന യദൈഹി -2:97, 3:3, 6:92), 'തൗറാത്തില്‍നിന്ന് എന്റെ മുമ്പില്‍ അവശേഷിച്ചിട്ടുള്ളതിനെ' (മുസ്വദ്ദിഖന്‍ ലിമാബൈന യദയ്യ മിനത്തൗറാത്തി 3:50) സത്യപ്പെടുത്തുന്നു എന്നും 'തൗറാത്തില്‍നിന്ന് ഖുര്‍ആന്റെ മുമ്പിലുള്ളതിനെ' (5:46, 61:6) എന്നും 'വേദത്തില്‍നിന്ന് അതിന്റെ മുമ്പിലുള്ളതിനെ' (ബൈന യദൈഹി മിനല്‍ കിതാബി -5:48) എന്നും പ്രസ്താവിച്ചിരിക്കുന്നു. മുഹമ്മദ് നബിയും ഖുര്‍ആനും ആഗതമാകുമ്പോള്‍ അവരുടെ മുമ്പിലുണ്ടായിരുന്ന വേദങ്ങള്‍ തൗറാത്തും ഇഞ്ചീലും സബൂറും ആയിരുന്നു. ഇബ്‌റാഹീം നബിക്കും നൂഹ് നബിക്കുമൊക്കെ വേദമുണ്ടായിരുന്നുവെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും ആ വേദങ്ങള്‍ അന്ന് അവശേഷിച്ചിരുന്നില്ല. ഖുര്‍ആന്‍ പരാമര്‍ശിക്കാത്ത അനേകം പ്രവാചകന്മാരും വേദങ്ങളും ഉണ്ടായിരുന്നു. ദൈവിക വേദമെന്ന് സ്ഥിരപ്പെടാത്തിടത്തോളം കാലം വിശ്വാസികള്‍ ഇതര വേദങ്ങളെ സത്യപ്പെടുത്തുകയോ നിഷേധിക്കുകയോ ചെയ്യേണ്ടതില്ല. സദുപദേശങ്ങള്‍ വേദങ്ങളിലേതായാലും വേദേതര ഗ്രന്ഥങ്ങളിലേതായാലും സ്വീകരിക്കുകയും വേണം. ഖുര്‍ആന്റെ പ്രഥമ സംബോധിതര്‍ക്കു പരിചിതമായ വേദഗ്രന്ഥങ്ങളെയാണ് സത്യപ്പെടുത്തുന്നതായി പേരെടുത്തു പറഞ്ഞിട്ടുള്ളത്. അതല്ലാത്ത വേദങ്ങളുടെ യാഥാര്‍ഥ്യം അല്ലാഹുവിനറിയാം.
ഖുര്‍ആന്‍ പൂര്‍വവേദങ്ങളെ സത്യപ്പെടുത്തുന്നു എന്നു പറഞ്ഞത് തൗറാത്തും ഇഞ്ചീലും സബൂറും മൗലികമായി അല്ലാഹുവിങ്കല്‍നിന്ന് അവതീര്‍ണമായതാണെന്ന് അംഗീകരിക്കുന്നു എന്ന അര്‍ഥത്തിലാണ്. പൂര്‍വ പ്രവാചകന്മാരില്‍ വിശ്വസിക്കുന്നു എന്നു പറയുന്നത് സത്യപ്രവാചകന്മാരെല്ലാം അല്ലാഹുവിന്റെ ദൂതന്മാരാണെന്ന അര്‍ഥത്തിലുമാണ്. അല്ലാതെ ആ വേദങ്ങളില്‍ ഇന്നുള്ളതെല്ലാം ദൈവവചനങ്ങളാണെന്ന അര്‍ഥത്തിലും പൂര്‍വപ്രവാചകന്മാരെക്കുറിച്ചു പ്രചരിപ്പിക്കപ്പെടുന്നതെല്ലാം സത്യമാണ് എന്ന അര്‍ഥത്തിലുമല്ല. ഈ സത്യപ്പെടുത്തുന്നതി(മുസ്വദ്ദിഖ്)ന്റെ അര്‍ഥം ചില പണ്ഡിതന്മാര്‍ ഇങ്ങനെയും വിശദീകരിച്ചിരിക്കുന്നു: മരുഭൂമിയില്‍ ഒരു അന്ത്യപ്രവാചകനും അന്തിമ വേദവും വരാനിരിക്കുന്നു എന്ന് തൗറാത്തിലും ഇഞ്ചീലിലുമുള്ള പ്രവചനങ്ങളുടെ സാക്ഷാത്കാരമാണ് മുഹമ്മദ് നബിയും ഖുര്‍ആനും. ഉചിതമായ ഒരു വ്യാഖ്യാനം തന്നെയാണിത്. അതു സ്വീകരിച്ചാലും ഇല്ലെങ്കിലും, പൂര്‍വ വേദങ്ങളെ പുരോഹിതന്മാരും പണ്ഡിതന്മാരും സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി കൈകടത്തി വികലമാക്കിയിട്ടുണ്ട്. അതിന്റെ പേരില്‍ ഖുര്‍ആന്‍ അവരെ ആക്ഷേപിച്ചിട്ടുമുണ്ട്: ''തുഛമായ കാര്യലാഭങ്ങള്‍ക്കുവേണ്ടി വേദപ്രമാണങ്ങള്‍ ചമക്കുകയും എന്നിട്ടത് ദൈവത്തിങ്കല്‍നിന്നുള്ളതാണെന്ന് ഘോഷിക്കുകയും ചെയ്യുന്നവര്‍ക്കു നാശം! അവരുടെ കരങ്ങള്‍ എഴുതിയതേ അവര്‍ക്കു നാശകരം. അതുകൊണ്ട് സമ്പാദിക്കുന്നതും നാശകരം തന്നെ'' (2:79). ''അവര്‍ വചനങ്ങളെ സ്ഥാനം തെറ്റിക്കുന്നു, പഠിപ്പിക്കപ്പെട്ടതില്‍നിന്നൊരു ഭാഗം മറന്നുകളയുകയും ചെയ്തു'' (5:13). ''നാം അവരില്‍നിന്ന് പ്രതിജ്ഞ വാങ്ങിയിട്ടുണ്ടായിരുന്നു. എന്നിട്ടും പഠിപ്പിക്കപ്പെട്ടതിലൊരു ഭാഗം അവര്‍ മറന്നുകളഞ്ഞു'' (5:14). ''നിങ്ങള്‍ വേദത്തിലെ ചില പ്രമാണങ്ങള്‍ വിശ്വസിക്കുകയും ചില പ്രമാണങ്ങള്‍ നിഷേധിക്കുകയുമാണോ?'' (2:85). ''നിങ്ങള്‍ സത്യത്തിന് മിഥ്യയുടെ ഉടുപ്പിടുകയും അറിഞ്ഞുകൊണ്ട് സത്യം പൂഴ്ത്തിവെക്കുകയും ചെയ്യുന്നതെന്തിനാണ്?'' (3:71). ''വേദം ലഭിച്ചവരിലൊരു വിഭാഗം ദൈവിക വേദം പുറകിലേക്കെറിഞ്ഞുകളഞ്ഞു; അവര്‍ അറിഞ്ഞിട്ടില്ലാത്തതുപോലെ'' (2:101). ''അങ്ങനെ അവരതു പുറകിലേക്കു വലിച്ചെറിഞ്ഞു. അതിനു തുഛവില വാങ്ങി'' (3:157). മുന്നിലുള്ള വേദങ്ങളെ സത്യപ്പെടുത്തുന്നുവെന്ന ഖുര്‍ആന്‍ വാക്യത്തെ പ്രമാണമാക്കി വേദങ്ങളെന്നവകാശപ്പെടുന്ന സകലതിനെയും സത്യപ്പെടുത്താന്‍ തിടുക്കപ്പെടുന്നവര്‍ ഈദൃശ ഖുര്‍ആന്‍ വചനങ്ങളെയും പ്രമാണമാക്കേണ്ടതുണ്ട്. അപ്പോള്‍ മനസ്സിലാകും സര്‍വവേദങ്ങളെയും അപ്പടി സത്യപ്പെടുത്തുന്നത് ഖുര്‍ആനെ അസത്യപ്പെടുത്തലാകുമെന്ന്.
തൗറാത്തിലെയും ഇഞ്ചീലിലെയും പ്രക്ഷിപ്തങ്ങള്‍ നീക്കം ചെയ്തുകൊണ്ടും, വെട്ടിക്കളഞ്ഞതും പൂഴ്ത്തിവെച്ചതും പുനഃസ്ഥാപിച്ചുകൊണ്ടും, മറന്നുകളഞ്ഞത് ഓര്‍മിപ്പിച്ചുകൊണ്ടും അവതരിച്ച അന്തിമ വേദമാകുന്നു ഖുര്‍ആന്‍. ''പൂര്‍വവേദത്തില്‍നിന്ന് ഈ ഖുര്‍ആന്റെ മുമ്പില്‍ അവശേഷിച്ചിട്ടുള്ള ഭാഗങ്ങളെ സത്യപ്പെടുത്തുന്നതും പരിപാലിക്കുന്നതുമായിട്ട് നാം ഈ വേദം, സത്യത്തോടെ അവതരിപ്പിച്ചുതന്നിരിക്കുന്നു'' (5:48). ഈ സൂക്തത്തില്‍, സത്യപ്പെടുത്തുന്നതിനുശേഷം, പരിപാലിക്കുന്നതും (വമുഹൈമിനന്‍ അലൈഹി) എന്നുകൂടി പറഞ്ഞത് ശ്രദ്ധേയമാകുന്നു. പൂര്‍വവേദങ്ങളിലെ സത്യങ്ങളെ കാത്തുസൂക്ഷിക്കുന്നതും കൂടിയാണ് എന്നര്‍ഥം. അതായത് ലോകത്തുള്ള പലപല വേദങ്ങള്‍ പോലൊരു വേദമല്ല ഖുര്‍ആന്‍; ഇതര വേദങ്ങളില്‍ തള്ളേണ്ടതും കൊള്ളേണ്ടതും വേര്‍തിരിക്കുന്ന 'ഫുര്‍ഖാന്‍' ആണത്. ഇതര വേദങ്ങളിലുള്ള സത്യങ്ങളെല്ലാം ഖുര്‍ആനിലുണ്ട്. ഖുര്‍ആന്നു വിരുദ്ധമായി ഇതര വേദങ്ങളിലുള്ളതൊന്നും സത്യമല്ല. അതുകൊണ്ടാണ് ഇസ്‌ലാമിക ധര്‍മശാസ്ത്രകാരന്മാര്‍ നിയമനിര്‍ധാരണ പ്രക്രിയയില്‍ പൂര്‍വവേദങ്ങളെ ആധാരമാക്കാത്തത്. ഇത് ഇതര വേദങ്ങളെ അപേക്ഷിച്ച് ഖുര്‍ആന്റെ മേന്മ തന്നെയാണ്. ഈ മേന്മാവാദം ബോധ്യപ്പെടാത്തവര്‍ക്ക് തള്ളിക്കളയാം. പക്ഷേ ഖുര്‍ആന്‍ അങ്ങനെയൊരു മേന്മാവാദം ഉന്നയിക്കുന്നില്ല എന്ന വാദം കള്ളമാകുന്നു. ഖുര്‍ആനില്‍ കലവറയില്ലാതെ വിശ്വസിക്കുന്നവരുടെ ദൃഷ്ടിയില്‍, സത്യാന്വേഷകര്‍ക്കു വേണ്ടി അല്ലാഹു കത്തിച്ചുവെച്ച വിളക്കാണ് ഖുര്‍ആന്‍. അതു വായ്‌കൊണ്ട് ഊതിക്കെടുത്താന്‍ നോക്കുന്നവര്‍ എന്നുമുണ്ട്. പക്ഷേ, അല്ലാഹു അവന്റെ വെളിച്ചം നിവര്‍ത്തിക്കുക തന്നെ ചെയ്യും- നിഷേധിക്കുന്നവര്‍ക്ക് എത്ര അരോചകമായാലും. എല്ലാവര്‍ക്കും രസിക്കുന്ന ഒരു മാമൂല്‍ മതം സ്ഥാപിക്കാനല്ല അന്ത്യപ്രവാചകന്‍ നിയുക്തനായത്. സന്മാര്‍ഗവും സത്യവ്യവസ്ഥയും സ്ഥാപിക്കാനും അതിനെ ഇതര വ്യവസ്ഥകളേക്കാള്‍ വിജയിപ്പിക്കാനുമാണ് (61:8,9). ഇസ്‌ലാം മതം ശരിയല്ല എന്നു തോന്നുന്നവര്‍ക്ക് അതുപേക്ഷിക്കാം. ബോധിച്ച മറ്റൊരു മതം സ്വീകരിക്കാം. അല്ലെങ്കില്‍ സ്വന്തമായി ഒരു മതം ആവിഷ്‌കരിക്കാം. പക്ഷേ, തങ്ങള്‍ ആവിഷ്‌കരിച്ച മതമാണ് യഥാര്‍ഥ ഇസ്‌ലാം എന്നു പ്രചരിപ്പിക്കുന്നത് അക്ഷന്തവ്യമാണ്.

വിശാല മാനവികസങ്കല്‍പം ഖുര്‍ആന്റെത്
സര്‍വവേദ സത്യവാദത്തിന് അനിഷേധ്യ ന്യായമായി ഉന്നയിക്കുന്നത് ഇതാണ്: 'മതങ്ങളുടെ അടിസ്ഥാനമായ വേദങ്ങള്‍ എന്തു പറയുന്നു എന്നന്വേഷിക്കുക. അവിടെ നമുക്ക് വിശാലമായ മാനവിക സങ്കല്‍പം കാണാം.' ഖുര്‍ആന്‍ അല്ലാത്ത ഏതു വേദത്തിലാണാവോ ഈ വിശാല മാനവികത കാണുന്നത്? അയ്യായിരം കൊല്ലത്തെ പൗരാണികത അവകാശപ്പെടുന്നതാണ് ഹൈന്ദവ വേദങ്ങള്‍. സവര്‍ണരെ സംബോധന ചെയ്യുന്ന ബ്രാഹ്മണീയ വേദങ്ങളാണവ. ഭാരതത്തിന്റെ സുവര്‍ണ യുഗം എന്നുവിശേഷിപ്പിക്കപ്പെടുന്ന വേദകാലത്താണ് ഇന്ത്യയിലെ ദ്രാവിഡ ജനത ആര്യവര്‍ത്തത്തില്‍ ഇടമില്ലാത്ത നീചന്മാരായി കാനനങ്ങളിലേക്കാട്ടിയോടിക്കപ്പെട്ടത്. മോക്ഷ വിതരണക്കാര്‍ ഈ വേദങ്ങളില്‍നിന്ന് ഉദ്ധരിച്ചുകാണുന്നില്ല. ഹൈന്ദവ വേദപ്രമാണങ്ങളായി ഉദ്ധരിക്കുന്നതത്രയും ഭഗവദ് ഗീതയില്‍നിന്നാണ്. വ്യാസ കവിയുടെ മഹാഭാരത കാവ്യത്തിലെ ഒരു കഥാപാത്രമായ കൃഷ്ണന്‍ മറ്റൊരു കഥാപാത്രമായ അര്‍ജുനന് നല്‍കുന്ന ഉപദേശമായിട്ടാണ് ഗീത വരുന്നത്. കൃഷ്ണന്‍ 'ഭഗവാന്‍' ആയതോടെ ഗീത ഭഗവത് ഗീതയും വേദവുമൊക്കെയായി. ധര്‍മസംസ്ഥാപനമാണ് തന്റെ ലക്ഷ്യമെന്നു പറയുന്ന കൃഷ്ണന്‍ ഉപദേശിക്കുന്നത് ജാതിധര്‍മമാണ്. സവര്‍ണ ജാതികളില്‍തന്നെ വൈശ്യരും ശൂദ്രരും പാപയോനികളില്‍ ജനിക്കുന്നവരാണെന്നും പുണ്യമുള്ള ജനങ്ങള്‍ ബ്രാഹ്മണരാണെന്നും ഗീത 9:32,33 പറയുന്നുണ്ട്. തന്റെ ശത്രുപക്ഷത്ത് യുദ്ധം നയിക്കുന്ന ദ്രോണാചാര്യര്‍, ധനുര്‍വിദ്യ പഠിച്ച അധഃകൃതനായ ഏകലവ്യന്റെ തള്ളവിരല്‍ മുറിച്ചുകളഞ്ഞതിനെക്കുറിച്ച് കൃഷ്ണന്‍ ഒന്നും പറയുന്നില്ല.
തൗറാത്തും ഇഞ്ചീലും സംബോധന ചെയ്യുന്നത് ഇസ്രാഈല്‍ വംശത്തെ (ബനൂ ഇസ്രാഈല്‍) ആണ്. മറ്റു ജനങ്ങളെല്ലാം തങ്ങളാല്‍ കീഴടക്കപ്പെടേണ്ടവരും ഭരിക്കപ്പെടേണ്ടവരുമാണെന്നാണ് ഇസ്രായേലികളുടെ വിശ്വാസം. ഇസ്രായേലിലെ വഴിതെറ്റിയ കുഞ്ഞാടുകളെ രക്ഷിക്കാനാണ് താന്‍ വന്നതെന്ന് ഈസായും വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നു. ഒരുപക്ഷേ ആദിയില്‍ അവയില്‍ ഇക്കൂട്ടര്‍ പറയുന്ന വിശാല മാനവികതയൊക്കെ ഉണ്ടായിരുന്നതും പിന്നീട് മാഞ്ഞുപോയതുമാകാം. ഏതായാലും ഇന്നു നമ്മുടെ മുന്നിലുള്ള മിക്ക വേദങ്ങളിലും അതില്ല. മുമ്പിലുള്ള യാഥാര്‍ഥ്യമാണ് നമ്മള്‍ അന്വേഷിക്കുന്നത്. സുന്ദരമായ സങ്കല്‍പ സൗധങ്ങളുണ്ടാക്കാന്‍ നമുക്കാവും. പക്ഷേ അതിലാര്‍ക്കും പാര്‍ക്കാനാവില്ല 'ഭാവന യാഥാര്‍ഥ്യത്തിന്റെ പ്രയോജനം ചെയ്യില്ല' എന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നത് ശ്രദ്ധേയമാണ് (10:36).
വിശാല മാനവികതയെ പ്രതിനിധാനം ചെയ്യുന്ന വേദം ഖുര്‍ആന്‍ ആണ്. 'അല്ലയോ മനുഷ്യരേ' (യാ അയ്യുഹന്നാസ്) എന്ന് മര്‍ത്യകുലത്തെ സാകല്യതയില്‍ സംബോധന ചെയ്യുന്ന വേദം. മുഹമ്മദ് നബിയുടെ ഗോത്രമായ ഖുറൈശിനെയോ സമുദായമായ അറബികളെയോ പ്രത്യേകമായി സംബോധന ചെയ്യാത്ത വേദവും അതുതന്നെ. മര്‍ത്യരൊക്കെയും ഒരാണില്‍നിന്നും പെണ്ണില്‍നിന്നും ഉണ്ടായവരാകുന്നു എന്ന് ഉദ്‌ഘോഷിക്കുന്ന വേദം. ആയിരത്തി അഞ്ഞൂറു സംവത്സരങ്ങളായി കളങ്കപ്പെടാതെ കാത്തു സൂക്ഷിക്കപ്പെടുന്ന വേദം. ഖുറൈശികള്‍ക്കും ഇസ്മാഈലികള്‍ക്കും അറബികള്‍ക്കും മാത്രമല്ലാതെ മുഴുലോകത്തിനും മനുഷ്യര്‍ക്കും അനുഗ്രഹമായും മാര്‍ഗദര്‍ശകനായും (21:107, 34:28) നിയുക്തനായ ദൈവദൂതന് അവതീര്‍ണമായ വേദം. ''ഇതാണ് സത്യം. ഇഷ്ടമുള്ളവര്‍ക്ക് വിശ്വസിക്കാം. ഇഷ്ടമില്ലാത്തവര്‍ക്ക് നിഷേധിക്കാം'' (18:29). ഈ സത്യം പറയുമ്പോള്‍ 'മേന്മാവാദം, മോക്ഷത്തിന്റെ കുത്തകവാദം, വര്‍ഗീയവാദം' എന്നൊക്കെ ഗോഗ്വാ വിളിച്ചതുകൊണ്ട് സത്യം സത്യമല്ലാതാകുന്നില്ല.

എഡിഷന്‍ വാദം
വേദങ്ങള്‍ ദൈവവചനങ്ങളാണ്. ദൈവവചനങ്ങള്‍ നിത്യസത്യങ്ങളാണ്. നിത്യസത്യങ്ങളില്‍ പരിവര്‍ത്തനവും പരിഷ്‌കരണവുമില്ല. വേദങ്ങളില്‍ വ്യത്യാസങ്ങളും പരിഷ്‌കരണവും ഉണ്ട് എന്നു പറയുന്നത് എഡിഷന്‍ വാദമാണ്. അതു സ്വീകാര്യമല്ല. എല്ലാ വേദങ്ങളും ഒന്നുതന്നെ. ഏതു വേദത്തെയാണോ ഒരാള്‍ പിന്‍പറ്റുന്നത് ആ വേദത്തില്‍ വന്നിട്ടുള്ള അനുഷ്ഠാന-കര്‍മരീതികളെയാണ് അയാള്‍ പിന്‍പറ്റേണ്ടത്. എല്ലാ വേദങ്ങളിലുമുള്ള ധര്‍മശാസനകള്‍ ഒന്നല്ല എന്നാണല്ലോ അതിനര്‍ഥം. അങ്ങനെയെങ്കില്‍ എല്ലാ വേദങ്ങളിലുമുള്ള മുഴുവന്‍ ശാസനങ്ങളും എവിടേക്കും എന്നന്നേക്കും ഉള്ളതല്ല എന്നും വരുന്നു. അപ്പോള്‍ സര്‍വവേദ സത്യവാദം പൊളിഞ്ഞു വീഴാതിരിക്കാന്‍ 'ഈ നിയമങ്ങള്‍ക്കെല്ലാം ആധാരമായിരിക്കുന്ന തത്ത്വം ഒന്നുതന്നെയായിരിക്കും' എന്നൊരു താങ്ങു കൊടുക്കുകയാണ് ഇവര്‍. വേദങ്ങളിലെ അനുഷ്ഠാന വ്യാവഹാരിക നിയമങ്ങളില്‍ വ്യത്യാസം കാണാവുന്നതാണെന്ന് സമ്മതിക്കുന്ന അവര്‍ തന്നെ മറ്റൊരിടത്ത് വേദങ്ങളിലെ മാറ്റങ്ങളെയും പരിഷ്‌കരണങ്ങളെയും 'എഡിഷന്‍ വാദം' എന്നു പരിഹസിക്കുന്നതിനെന്തര്‍ഥം?
ഒരു ഭാഷയില്‍ ഒറ്റവേദം എന്നുമുണ്ട് സിദ്ധാന്തം. ഓരോ ഭാഷയിലും ഇറങ്ങിയ വേദം ദൈവിക വേദത്തിന്റെ ആ ഭാഷയിലെ പതിപ്പു തന്നെയല്ലേ? തൗറാത്ത് ഹീബ്രു പതിപ്പ്. ഇഞ്ചീല്‍ അരമായ പതിപ്പ്. ഖുര്‍ആന്‍ അറബി പതിപ്പ്. ഇന്ത്യന്‍ വേദങ്ങള്‍ സംസ്‌കൃത പതിപ്പ്. ഈ പതിപ്പുകളില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കപ്പെട്ടിരിക്കുന്നു എന്നതും അനിഷേധ്യമാകുന്നു. മോക്ഷ സിദ്ധാന്തം ഇതൊന്നും സമ്മതിക്കില്ല. അതു സമ്മതിച്ചാല്‍ വേദത്തിന്റെ അവസാന പതിപ്പാണ് ഇപ്പോള്‍ ആധികാരികവും അനുസരിക്കപ്പെടേണ്ടതും എന്നും സമ്മതിക്കേണ്ടിവരുമല്ലോ. സത്യവേദങ്ങളില്‍ വൈരുധ്യമുാകില്ല എന്നതു സത്യമാണ്. അതുപോലെ സത്യമാണ് അവയില്‍ വൈവിധ്യമുണ്ട് എന്നതും. പല വേദങ്ങളിലും അവയുടെ വാഹകര്‍ കൂട്ടിച്ചേര്‍ത്ത വ്യാജ തത്ത്വങ്ങളു്. ജാതിഭേദവും ചാതുര്‍വര്‍ണ്യവും ബ്രഹ്മസൃഷ്ടവും വേദപ്രോക്തവുമാണെന്ന് വ്യക്തമായ ഭാഷയില്‍ അവയില്‍ പറയുന്നു്. ക്രൈസ്തവര്‍ക്ക് ത്രിയേകത്വം ഇഞ്ചീല്‍ വചനങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞ വിശ്വാസ സത്യമാണ്. മനു നൂഹ് നബി ആവാം. അങ്ങനെയെങ്കില്‍ മനുസ്മൃതി നൂഹ് നബിക്ക് അവതീര്‍ണമായ വേദവുമാവാം. പക്ഷേ വേദം കേട്ട ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണമെന്നാണ് നിലവിലെ മനുസ്മൃതി കല്‍പിക്കുന്നത്.

തൗഹീദും വൈദിക മതങ്ങളും
'ഇസ്‌ലാമിലെ മോക്ഷ സിദ്ധാന്തം' ഒരിടത്ത് പറയുന്നു: 'മനുഷ്യന്റെ ആധ്യാത്മിക വശത്തെ തൃപ്തിപ്പെടുത്താനും പരിഗണിക്കാനും മതത്തിനു മാത്രമേ സാധിക്കുകയുള്ളൂ. ബദലായി നിര്‍ദേശിക്കപ്പെട്ടതൊന്നും മനുഷ്യനെ അവന്റെ സാകല്യത്തില്‍ പരിഗണിക്കാത്ത ദര്‍ശനങ്ങളാണ്. അതിനാല്‍ മതത്തെ അതിന്റെ ആദിമ വിശുദ്ധിയില്‍ ഉള്‍ക്കൊള്ളുകയാണ് പരിഹാരം.' എല്ലാവരും അംഗീകരിക്കുന്നതാണീ വീക്ഷണം. പക്ഷേ തൊട്ടടുത്ത പേജില്‍ വായനക്കാരനെ അമ്പരപ്പിച്ചുകൊണ്ട് പുസ്തകം പറയുന്നു: 'സങ്കീര്‍ണതകളില്ലാതെ നല്ലവരായ സകല മനുഷ്യരുടെയും മോക്ഷം പ്രഖ്യാപിക്കുന്നു ഖുര്‍ആന്‍. മതമല്ല മനുഷ്യന്റെ ഇഹപര വിജയത്തിന്റെ അടിസ്ഥാനമെന്ന് അത് ഉറക്കെപ്പറയുന്നു.' ഖുര്‍ആന്‍ ഇങ്ങനെ പതുക്കെപ്പോലും പറയുന്നത് കേട്ടിട്ടില്ല. അതിരിക്കട്ടെ, ബദലില്ലാത്തതും മനുഷ്യന്റെ ആധ്യാത്മിക വശത്തെ തൃപ്തിപ്പെടുത്തുന്നതും മനുഷ്യനെ സാകല്യേന ദര്‍ശിക്കുന്നതുമായ മതം മനുഷ്യന്റെ നന്മയുമായും ഇഹപര വിജയവുമായും ഒരു ബന്ധവുമില്ലാത്ത ഒരനാവശ്യമാണോ? ഓ, മതത്തെ ആദിമവിശുദ്ധിയില്‍ ഉള്‍ക്കൊള്ളാനാണല്ലോ ഉപദേശം. എന്താണീ ആദിമവിശുദ്ധി എന്നു ചോദിച്ചാല്‍ നേരത്തേ പറഞ്ഞ സത്യം, സ്‌നേഹം, നീതി തുടങ്ങിയ മാനവിക മൂല്യങ്ങള്‍. ഇതൊക്കെയാവട്ടെ ഇപ്പോള്‍ തന്നെ എല്ലാ മതവിഭാഗങ്ങളും അംഗീകരിക്കുന്നുണ്ടല്ലോ. മതക്കാര്‍ മാത്രമല്ല, നിര്‍മത-നിരീശ്വര ദര്‍ശനങ്ങളുടെ അനുയായികളും അംഗീകരിക്കുന്നുണ്ട്. ഇതൊന്നുമല്ലാത്ത എന്ത് 'ആദിമവിശുദ്ധി'യാണ് ഉള്‍ക്കൊള്ളാനുള്ളത്?
എല്ലാ മതങ്ങളുടെയും ആദിമവിശുദ്ധി അവ മുന്നോട്ടു വെക്കുന്ന ദൈവവിശ്വാസവും പരലോക വിശ്വാസവും ദൈവദൂതന്മാരോട്, അവര്‍ പ്രബോധനം ചെയ്ത ജീവിത നിയമങ്ങളോട് ഉള്ള വിധേയത്വവുമാണ്. ഇക്കാര്യങ്ങളിലൊക്കെ മതങ്ങള്‍ തമ്മില്‍ നിരവധി വ്യത്യാസങ്ങളുണ്ട്. ഹിന്ദു മതത്തില്‍ ദൈവങ്ങള്‍ മുപ്പത്തിമുക്കോടിയാണ്. ക്രിസ്തുമതത്തില്‍ മൂന്ന് ഏകദൈവങ്ങള്‍. ഇസ്‌ലാം മതത്തിലും യഹൂദമതത്തിലും ദൈവം ഏകനാണ്. ഹിന്ദുമതത്തില്‍ മരണാനന്തരം പുനര്‍ജന്മവും പിന്നെ നിര്‍വാണവുമാണ്. ക്രിസ്തുമതത്തിലും യഹൂദ മതത്തിലും ഇസ്‌ലാം മതത്തിലും മരണാനന്തരം സ്വര്‍ഗനരകങ്ങളാണ്. യഹൂദ-ക്രൈസ്തവ-ഇസ്‌ലാം മതങ്ങള്‍ പ്രവാചകന്മാരില്‍ വിശ്വസിക്കുന്നു. ഹിന്ദു മതത്തില്‍ പ്രവാചകന്മാരില്ല; ദൈവത്തിന്റെ അവതാരങ്ങളാണ് ധര്‍മസംസ്ഥാപനത്തിന് വരുന്നത്. എല്ലാവരും അവരവരുടെ അടിസ്ഥാന തത്ത്വങ്ങളിലേക്ക് മടങ്ങിയാല്‍ ഭിന്നതക്കും സംഘര്‍ഷത്തിനും അറുതിയാകുമോ? അതോ എല്ലാ മതക്കാരും എല്ലാ മതങ്ങളുടെയും അടിസ്ഥാന തത്ത്വങ്ങളിലേക്ക് മടങ്ങുക എന്നാണോ പറയുന്നത്? ഭിന്നവിരുദ്ധമായ അടിസ്ഥാന തത്ത്വങ്ങളില്‍ എല്ലാവര്‍ക്കും എങ്ങനെ യോജിക്കാന്‍ കഴിയും? ലോകത്ത് മതമുള്ളവരും ഇല്ലാത്തവരുമെല്ലാം തര്‍ക്കമന്യെ അംഗീകരിക്കുന്ന സ്‌നേഹം, സാഹോദര്യം, നീതി തുടങ്ങിയ മാനവിക മൂല്യങ്ങളാണ് മതത്തിന്റെ ആദിമവിശുദ്ധി എന്ന അവകാശവാദം കൊണ്ട് ഈ വൈവിധ്യങ്ങളും വൈരുധ്യങ്ങളും ഇല്ലാതാകുമോ?

മതം, ധര്‍മം, വ്യവസ്ഥ
പ്രവാചകന്മാര്‍ മതം പ്രബോധനം ചെയ്തിട്ടില്ല, ധര്‍മമാണ് പ്രബോധനം ചെയ്തിട്ടുള്ളത് എന്നാണ് മറ്റൊരു കണ്ടെത്തല്‍. മതവും ധര്‍മവും ഏറക്കുറെ സമാന അര്‍ഥത്തിലുള്ള പദമായിട്ടാണ് ഉപയോഗിക്കാറുള്ളത്. ഇവര്‍ പറയുന്ന നിര്‍മത ധര്‍മം ഏതാണ്? ഹിന്ദു മതക്കാര്‍ അവരുടെ മതപരമായ കര്‍മശാസ്ത്രത്തെ - ഫിഖ്ഹിനെ - ധര്‍മശാസ്ത്രം എന്നു പറയുന്നു. ഒരിക്കല്‍ ഒഴിച്ചുകൂടാനാവാത്ത എന്നും പിന്നെ ആവശ്യമെന്നും ഒരിടത്ത് മതത്തിന്റെ ആദിമവിശുദ്ധിയിലേക്കുള്ള മടക്കമെന്നും പിന്നെ പ്രവാചകന്മാര്‍ പ്രബോധനം ചെയ്തിട്ടില്ലാത്തത് എന്നും വായിക്കുമ്പോള്‍ ഉണ്ടാകുന്ന കണ്‍ഫ്യൂഷന്‍ ചില്ലറയല്ല. മതം, ധര്‍മം എന്നീ അര്‍ഥങ്ങളില്‍ ഉപയോഗിക്കുന്ന പദമാണ് ദീന്‍. പുസ്തകം ദീനിന് ഒരിടത്ത് വ്യവസ്ഥ എന്ന അര്‍ഥം കൊടുത്തിരിക്കുന്നു. അല്ലാഹുവിങ്കല്‍ സ്വീകാര്യമായ മതം (ദീന്‍) ഇസ്ലാമാകുന്നു എന്നുപറയുന്നതില്‍നിന്ന് ഒഴിഞ്ഞുമാറി അല്ലാഹുവിങ്കല്‍ സ്വീകാര്യമായ വ്യവസ്ഥ സമര്‍പ്പണം ആകുന്നുവെന്നാണ് പറയുന്നത്. അപ്പോള്‍ 'സമര്‍പ്പണ'വും ഒരു വ്യവസ്ഥയാണ്. അല്ലാഹു പ്രവാചകന്മാരോട് ഭിന്നിക്കാതെ സ്ഥാപിക്കണമെന്ന് കല്‍പിച്ച വ്യവസ്ഥയും (അന്‍ അഖീമുദ്ദീന വലാ തതഫര്‍റഖൂ) അതു തന്നെയായിരിക്കുമല്ലോ. 'നിന്റെ നാഥന്റെ സരണിയിലേക്ക് പ്രബോധനം ചെയ്യുക' (ഉദ്ഉ ഇലാ സബീലി റബ്ബിക) എന്നു കല്‍പിച്ചതിലെ സരണിയും ഈ വ്യവസ്ഥ ദീന്‍ തന്നെ.
മതത്തെ സംബന്ധിച്ച കുഴഞ്ഞുമറിഞ്ഞ പ്രസ്താവനകള്‍ക്ക് ഒരു ലക്ഷ്യമുണ്ട്. 'സര്‍വവേദ സത്യവാദം' നിലനിര്‍ത്താന്‍ മുഹമ്മദ് നബി മതത്തിലേക്ക് പ്രബോധനം ചെയ്യാതിരിക്കണം. അതുകൊണ്ട് പ്രവാചകന്‍ വേദക്കാരെ പ്രബോധനം ചെയ്തത് ശരീഅത്തിലേക്കല്ല എന്നു സിദ്ധാന്തിച്ചു. അവരുടെ കൈവശമുള്ള വേദപ്രകാരം ജീവിക്കാന്‍ അവരെ ആഹ്വാനം ചെയ്യുകയായിരുന്നുവത്രെ. ആ വേദങ്ങളില്‍ പൗരോഹിത്യം വരുത്തിയ മാറ്റങ്ങളെയും തിരുത്തലുകളെയും ചൂണ്ടിക്കാണിക്കുകയും ചെയ്തു. എന്നാല്‍ തൗറത്തും ഇഞ്ചീലും കൈവശമുള്ളവര്‍ തങ്ങളുടെ പ്രശ്‌നങ്ങളില്‍ അതനുസരിച്ച് വിധി കല്‍പിച്ചുകൊള്ളട്ടെ എന്ന് ഖുര്‍ആന്‍ നല്‍കുന്ന അനുവാദം ഇസ്ലാമിക് സ്റ്റേറ്റ് അവര്‍ക്കു നല്‍കുന്ന മത സ്വാതന്ത്ര്യമാണ്.  ഇങ്ങനെ അനുവദിക്കുമ്പോഴും അല്ലാഹു അവതരിപ്പിച്ച പ്രമാണമനുസരിച്ചല്ല വിധിയെങ്കില്‍ വിധികര്‍ത്താക്കള്‍ കാഫിറുകളും അക്രമികളുമായിത്തീരുമെന്ന്  താക്കീതു ചെയ്യുന്നുമുണ്ട്. ഇതല്ലാതെ വേദക്കരേ നിങ്ങള്‍ നിങ്ങളുടെ വേദം അനുസരിപ്പിന്‍, ഞാന്‍ എന്റെ വേദം അനുസരിച്ചോട്ടെ എന്നു പറയുകയായിരുന്നില്ല മുഹമ്മദ് നബി. എല്ലാവരെയും ഖുര്‍ആനിലേക്ക്, ഇസ്ലാമിലേക്ക് ക്ഷണിക്കുകയായിരുന്നു. ക്രൈസ്തവ രാജാക്കന്മാര്‍ക്ക് തിരുമേനി അയച്ച കത്തുകളില്‍ ആവശ്യപ്പെട്ടത് നിങ്ങള്‍ തൗറാത്തും ഇഞ്ചീലും നടപ്പിലാക്കണമെന്നല്ല, അസ്ലിം (നിങ്ങള്‍ മുസ്ലിമാകണം) എന്നായിരുന്നു. ക്രിസ്തുമതം വിട്ട് ഇസ്‌ലാം മതത്തിലേക്കു വരണമെന്നാണല്ലോ അതിന്റെ നേര്‍ക്കു നേരെയുള്ള അര്‍ഥം. ഈ അര്‍ഥത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഇസ്ലാമിനെ അതിന്റെ ഭാഷാര്‍ഥത്തിലെടുത്തു സമര്‍പ്പണമാക്കി. അങ്ങനെ ദീനുല്‍ ഇസ്ലാം സമര്‍പ്പണ വ്യവസ്ഥയാകുന്നു. അപ്പോഴും ഇക്കൂട്ടര്‍ തൂത്തുകളയാന്‍ ആഗ്രഹിക്കുന്ന 'ശരീഅത്ത്'- വ്യവസ്ഥ അതില്‍ പറ്റിപ്പിടിച്ചു നില്‍ക്കുന്നുണ്ട്.
മതം എന്നു മലയാളത്തിലും 'ദീന്‍' എന്നു അറബിയിലും പറയുന്നത് ആദര്‍ശ വിശ്വാസങ്ങളും തദനുസൃതമായ കര്‍മ വ്യവസ്ഥയും- ശരീഅത്തും ചേര്‍ന്ന സമുച്ചയത്തിനാണ്. ഇത്തരം മതത്തിലേക്ക് തന്നെയാണ് മുഹമ്മദ് നബി ജനങ്ങളെ ക്ഷണിച്ചത് എന്നത് ചരിത്രത്തില്‍ പകല്‍വെളിച്ചം പോലെ തെളിഞ്ഞു കിടക്കുന്ന യാഥാര്‍ഥ്യമാണ്. ആ സത്യം സമ്മതിച്ചാല്‍ മുഹമ്മദീയ ദഅ്‌വഃ- പ്രബോധനം സ്വീകരിക്കാത്തവര്‍ക്ക് ധര്‍മസാക്ഷാത്കാരം വിധിക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് പ്രബോധന വിലക്ക് വേദക്കാരിലേക്ക് പരിമിതപ്പെടുത്തുകയും വേദമില്ലാത്ത അറബികളിലേക്ക് അനുവദിക്കുകയും ചെയ്തിരിക്കുന്നു. മൗലവിയുടെ വ്യാഖ്യാനത്തിലല്ലാതെ ഖുര്‍ആനിലോ സുന്നത്തിലോ പ്രബോധന വിഷയത്തില്‍ ഇങ്ങനയൊരു വിഭജനം കാണാന്‍ കഴിയില്ല. എന്നല്ല, നേരെമറിച്ചുള്ള പ്രമാണമുണ്ടുതാനും: ''അല്ലാഹുവിന്റെ ആജ്ഞാനുസാരം അനുസരിക്കപ്പെടാനല്ലാതെ നാം ഒരു ദൈവദൂതനെയും നിയോഗിച്ചിട്ടില്ല....... പ്രവാചകാ, നിന്റെ നാഥനാണ, അവര്‍ക്കിടയിലുള്ള തര്‍ക്കങ്ങളില്‍ നിന്നെ വിധികര്‍ത്താവായി സ്വീകരിക്കുകയും എന്നിട്ട് നീ നല്‍കുന്ന വിധിതീര്‍പ്പുകള്‍ യാതൊരു മനഃപ്രയാസവുമില്ലാതെ സമ്മതിക്കുകയും ചെയ്യും വരെ ആരും സത്യവിശ്വസികളാവില്ല തന്നെ'' (4: 64,65).
പ്രവാചകന്റെ സന്നിധിയില്‍ വന്ന് ഇസ്ലാം സ്വീകരിച്ച വേദക്കാരാരോട് നിങ്ങള്‍ സ്വന്തം വേദമനുസരിച്ച് ജീവിച്ചാല്‍ മതിയെന്ന് ഉപദേശിച്ചതായി ചരിത്രമില്ല. പ്രവാചകന്നു ശേഷം ക്രൈസ്തവ യൂറോപ്പിലും ഏഷ്യന്‍ നാടുകളിലും ആഫ്രിക്കയിലുമൊക്കെ ഇസ്ലാമിക പ്രബോധനം നടത്തിയ സ്വഹാബിവര്യന്മാരടക്കമുള്ള പുണ്യാത്മാക്കള്‍ ആ സമൂഹങ്ങളോട് അവരുടെ കൈവശമുള്ള വേദമനുസരിച്ചു ജീവിച്ചാല്‍ മതിയെന്ന് ഉപദേശിച്ച് 'ധര്‍മ' പ്രബോധനം ചെയ്യാതിരുന്നത് അവരൊന്നും ഇക്കൂട്ടരോളം വിവരമില്ലാത്തവരായതുകൊണ്ടാകുമോ?
'ധര്‍മം' കൊണ്ട് പുസ്തകം ഉദ്ദേശിക്കുന്നത് അമൂര്‍ത്തമായ മാനവിക മൂല്യങ്ങളാണെന്നു നേരത്തേ വ്യക്തമായല്ലോ. അമൂര്‍ത്തമായ വിശ്വാസ സത്യങ്ങള്‍ക്കും മാനവിക മൂല്യങ്ങള്‍ക്കും മൂര്‍ത്തമായ പ്രായോഗികരൂപം നല്‍കുന്ന വ്യവസ്ഥയാണ് ശരീഅത്ത്. ദീനുല്‍ ഇസ്ലാം ഇന്നുള്ള രൂപത്തില്‍ നിലനില്‍ക്കുന്നത് അതിന്റെ ശരീഅത്തിലൂടെയാണ്. ശരീഅത്തിനെ വികൃതമാക്കിയപ്പോഴൊക്കെ മതവും വികൃതമായിട്ടുണ്ട്. ചില മതങ്ങള്‍ മൗലിക തത്ത്വങ്ങളില്‍നിന്നുപോലും ബഹുദൂരം വ്യതിചലിച്ച ഉദാഹരണങ്ങള്‍ ഏറെയാണ്. മതത്തില്‍നിന്ന് അതിന്റെ ഉള്ളടക്കത്തെ പുറംതള്ളുന്ന വിദ്യയാണ് ശരീഅത്ത്‌നിരാസം.
ഇസ്‌ലാമില്‍നിന്ന് ശരീഅത്ത് ഒഴിവാക്കപ്പെടണമെന്ന് 'ഇസ്‌ലാമിലെ മോക്ഷ സിദ്ധാന്തം' തുറന്നു പറയുന്നില്ല. പക്ഷേ പുസ്തകത്തിന്റെ വരികള്‍ക്കിടയില്‍ ആ ആശയം മുഴച്ചുനില്‍ക്കുന്നുണ്ട്. സകലമാന വേദവാഹകര്‍ക്കും മോക്ഷം സ്ഥാപിക്കാന്‍ അത് അനിവാര്യവുമാകുന്നു. ഇസ്ലാമിനെ അതിന്റെ ചൈതന്യവും തനിമയും നഷ്ടപ്പെടുത്തി ഇതര മതങ്ങളെ പോലൊന്നാക്കി മാറ്റാന്‍ ആഗ്രഹിക്കുന്ന ഇസ്ലാംവിരുദ്ധ ശക്തികള്‍ ഏറെക്കാലമായി ഇസ്ലാമിക ശരീഅത്തിനെതിരെ പടനയിച്ചു തുടങ്ങിയിട്ട്. ചില മുസ്ലിം സഹോദരന്മാരും അറിഞ്ഞോ അറിയാതെയോ ഒളിഞ്ഞും തെളിഞ്ഞും അതില്‍ ഭാഗഭാക്കാകുന്നുണ്ട്. ഈ പുസ്തകം നയിക്കുന്നതും അതിലേക്കാണ്.

സമാപനം
സര്‍വവേദ സത്യവാദം ഒരു പുതിയ ചരക്കല്ല. ചരിത്രത്തില്‍ പല ഘട്ടങ്ങളില്‍ പല വിരുതന്മാര്‍ പലതരം കുപ്പികളില്‍ പല ചേരുവകള്‍ ചേര്‍ത്ത് വിപണനം ചെയ്തിട്ടുള്ളതാണിത്. ഇക്കുറി പേര് 'സര്‍വവേദ സത്യവാദവും' മുഖ്യചേരുവ മോക്ഷ സിദ്ധാന്തവും ആകുന്നു എന്നേയുള്ളു. അക്ബര്‍ ചക്രവര്‍ത്തിയുടെ 'ദീനെ ഇലാഹി' ഇക്കൂട്ടത്തിലൊന്നായിരുന്നു. പ്രൊഡ്യൂസര്‍ ചക്രവര്‍ത്തിയായിട്ടും അത് ഏറെക്കാലം ഓടിയില്ല. എങ്കിലും ആ പ്രൊഡക്ഷന്‍ അദ്ദേഹത്തിന്റെ കിരീടത്തിലെ പൊന്‍തൂവലായി ഇന്നും കൊണ്ടാടപ്പെടുന്നുണ്ട്. ആരാണത് കൊണ്ടാടുന്നതെന്ന് ശ്രദ്ധിച്ചാല്‍ ഇതിന്റെയൊക്കെ യഥാര്‍ഥ ആവശ്യക്കാര്‍ ആരാണെന്നു മനസ്സിലാക്കാം. ഒടുവിലത്തെ ഉദാഹരണമാണ് ഒരിക്കല്‍ 'വിപണി മൂല്യം' നേടിയ ഗുര്‍മീത് സിംഗിന്റെ 'ദേര സച്ച സൗദ'. എല്ലാം ഉള്‍ക്കൊള്ളുന്ന സംസ്‌കാരത്തിന്റെ (Inclusive Culture) ആചാര്യനായതോടെ പേര് ഗുര്‍മീത് റാം റഹീം സിംഗ് എന്നായി. അദ്ദേഹം മോക്ഷത്തിന്റെ പടികള്‍ക്കയറി കയറി ഇപ്പോള്‍ എവിടെയാണെന്ന് പ്രത്യേകം പറയേതില്ലല്ലോ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ - 4-6
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹദീസ്‌നിഷേധത്തിന്റെ ഭവിഷ്യത്ത്‌
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌