Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 24

3232

1443 ജമാദുല്‍ അവ്വല്‍ 19

ഈ തെരഞ്ഞെടുപ്പിനെയും അവര്‍ വിഭാഗീയത കുത്തിപ്പൊക്കി നേരിടും

കഴിഞ്ഞ ഡിസംബര്‍ പന്ത്രണ്ടിന് ജയ്പൂരില്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു: ''ഇന്ന് ഇന്ത്യയില്‍ ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്നവരാണ് രാജ്യസമ്പത്തിന്റെ മുപ്പത്തിമൂന്ന് ശതമാനവും കൈയടക്കി വെച്ചിരിക്കുന്നത്. പത്ത് ശതമാനം വരുന്നവര്‍ വിഭവങ്ങളുടെ അറുപത്തിയഞ്ച് ശതമാനവും നിയന്ത്രിക്കുന്നു. മൊത്തം ജനങ്ങളുടെ അമ്പത് ശതമാനത്തിന് ആറ് ശതമാനം സമ്പത്ത് മാത്രമേയുള്ളൂ. ജനസംഖ്യയുടെ പകുതി വരുന്ന ഈ ദരിദ്ര കോടികളുടെ വിഹിതം വെറും ആറ് ശതമാനമാക്കി കുറച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊണ്ടു വന്ന ജി.എസ്.ടിയും കാര്‍ഷിക നിയമങ്ങളും നോട്ട് നിരോധവുമൊക്കെയാണ്. മോദി അധികാരത്തിലേറുന്നതിനു മുമ്പ് അസംഘടിത മേഖലയിലെ തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍, കര്‍ഷകര്‍ തുടങ്ങിയവരെല്ലാം ചേര്‍ന്നതായിരുന്നു രാജ്യത്തിന്റെ 52 ശതമാനം തൊഴില്‍ ശക്തിയും. ഇന്നത് ഇരുപത് ശതമാനമായി കുറഞ്ഞിരിക്കുന്നു.'' ഈ കണക്കുകള്‍ തെറ്റാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വരെ പറഞ്ഞു കണ്ടിട്ടില്ല. രാജ്യത്തെ ധനിക-ദരിദ്ര അന്തരവും അസമത്വവും എത്ര ഭീമമാണെന്ന് കാണിച്ചു തരുന്നുണ്ട് ഈ കണക്കുകള്‍. അത് ദിനംപ്രതി കൂടുകയല്ലാതെ ഒട്ടും കുറയാന്‍ പോകുന്നില്ല. കാരണം ജനവിരുദ്ധവും കോര്‍പ്പറേറ്റ് അനുകൂലവുമായ, സാധാരണക്കാരെ മാരകമായി പരിക്കേല്‍പ്പിക്കുന്ന നയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച പോലും നടത്താതെ ധൃതിപിടിച്ച് നിയമമായി കൊണ്ടുവരിക എന്നതില്‍ മാത്രമേ ഈ സര്‍ക്കാറിന് ജാഗ്രതയുള്ളൂ. കര്‍ഷകവിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ അതിന്റെ ഭാഗമായിരുന്നു. നിവൃത്തിയില്ലാതെ ആ നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വന്നതാണ്. സാഹചര്യം മാറുമ്പോള്‍ ആ കരിനിയമങ്ങള്‍ പുതിയ വേഷത്തില്‍ അവതരിക്കുമെന്നും കര്‍ഷകര്‍ മനസ്സിലാക്കിയതുകൊണ്ടാണ് മറ്റു ആവശ്യങ്ങള്‍ കൂടി അംഗീകരിക്കണമെന്ന് അവര്‍ വാശി പിടിച്ചത്.
യു.പി ഉള്‍പ്പെടെയുള്ള പ്രധാന സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുകയാണ്. ദാരിദ്ര്യവും വിലക്കയറ്റവും തൊഴില്‍ നഷ്ടവുമൊക്കെ ആ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഉറപ്പ്. കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിച്ചതുകൊണ്ടൊന്നും കര്‍ഷകരോഷം തണുത്തിട്ടില്ല. ഈ ജീവല്‍ പ്രശ്‌നങ്ങളില്‍നിന്നെല്ലാം ജനശ്രദ്ധ തിരിച്ചു വിടാന്‍ തങ്ങളുടെ കൈയില്‍ ഒറ്റമൂലിയുണ്ടന്ന ആത്മവിശ്വാസത്തിലാണ് സംഘ് പരിവാര്‍. അതായത് എന്തു കുത്സിത തന്ത്രങ്ങള്‍ പയറ്റിയും വിഭാഗീയതയും വര്‍ഗീയതയും കുത്തിപ്പൊക്കുക. ഇതൊക്കെ മനസ്സിലാക്കാനും തിരിച്ചറിയാനും ഗവണ്‍മെന്റിനെക്കൊണ്ട് തെറ്റു തിരുത്തിക്കാനും കഴിവുള്ളവരാണ് വിദ്യാസമ്പന്നരായ ഇന്ത്യയിലെ മധ്യവര്‍ഗം എന്ന് കരുതിയെങ്കില്‍ നമുക്ക് തെറ്റി. മോദിക്ക് സ്തുതിയോതാന്‍ മത്സരിക്കുന്ന 'ഗോഡി മീഡിയ' ഈ മധ്യവര്‍ഗ മനസ്സുകളില്‍ ആഴത്തില്‍ വിഷം കുത്തിവെച്ചിരിക്കുന്നു. ഏത് ഗുരുതര പ്രതിസന്ധിയെയും മറച്ചുവെച്ച് ഒരു 'ഹിന്ദു - മുസ്‌ലിം' പ്രശ്‌നം കത്തിച്ചു നിര്‍ത്താന്‍ ഈ മീഡിയക്ക് അസാധാരണ കഴിവുണ്ട്. മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളിയും വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദും ക്ഷേത്രം തകര്‍ത്ത് കെട്ടിപ്പൊക്കിയതാണെന്ന, ചരിത്രപരമായി ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ചില സംഘങ്ങള്‍ പൊടിതട്ടിയെടുക്കുമ്പോള്‍ നട്ടെല്ല് എന്നേ പണയം വെച്ച മീഡിയ കാഴ്ചക്കാരായി നില്‍ക്കുന്നു; അല്ലെങ്കില്‍ അത്തരം ആരോപണങ്ങളെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പടച്ചുവിടുന്നു. ഹരിയാനയിലെ ഗുരുഗ്രാമില്‍ പൊതുസ്ഥലങ്ങളില്‍ ജുമുഅ നമസ്‌കാരം നിര്‍വഹിക്കുന്നത് നിരന്തരം തടസ്സപ്പെടുത്തുന്നതും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുകൊണ്ടു തന്നെ. മുസ്‌ലിംകള്‍ പൊതുസ്ഥലം കൈയേറി നടത്തുന്ന ജുമുഅ നമസ്‌കാരം തടഞ്ഞു എന്ന മട്ടിലാണ് മീഡിയ വാര്‍ത്ത കൊടുക്കുന്നത്. യഥാര്‍ഥത്തില്‍ പള്ളി നിര്‍മിക്കാന്‍ ഒരിടത്തും ഗവണ്‍മെന്റ് സ്ഥലമനുവദിക്കാത്തതുകൊണ്ടാണ് ബന്ധപ്പെട്ടവരുടെ അനുമതിയോടെ ഇങ്ങനെ പൊതുസ്ഥലങ്ങളില്‍ ജുമുഅ നിര്‍വഹിക്കേണ്ടിവരുന്നതെന്നും ഇത് തടയുന്നത് ഭരണഘടന ഉറപ്പു നല്‍കുന്ന ആരാധനാ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും പറയാന്‍ മീഡിയക്ക് നാവ് പൊങ്ങില്ല. ഇങ്ങനെ ഖബ്‌റിസ്ഥാന്‍ / ശ്മശാന്‍, മസ്ജിദ് / മന്ദിര്‍ തര്‍ക്കങ്ങള്‍ നിരന്തരം ഉയര്‍ത്തിക്കൊണ്ടു വരുന്നു. അഞ്ചു നേരത്തെ ബാങ്കുവിളിയെ പൊതു ശല്യമായി ചിത്രീകരിക്കുന്നു. വാരാണസിയില്‍ ഈയിടെ മോദി നടത്തിയ 'കാവി ഷോ'യില്‍ വന്ന പരാമര്‍ശങ്ങള്‍, പള്ളികള്‍ക്കെതിരെ ഉയര്‍ത്തിക്കൊണ്ടുവരുന്ന വ്യാജാരോപണങ്ങള്‍ ഏതെങ്കിലും ഫ്രിഞ്ച് ഗ്രൂപ്പിന്റെ സൃഷ്ടിയല്ല എന്ന് തെളിയിക്കുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഭരണത്തിലുള്ളവര്‍ തന്നെയാണ് അതിന്റെ സകല പൊതു സംവിധാനങ്ങളും ഉപയോഗിച്ച് വിഭാഗീയത വളര്‍ത്തുന്നത്. ഇത് തിരിച്ചറിഞ്ഞ് ചെറുക്കുന്നതിനു പകരം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര കക്ഷികള്‍ മൃദു ഹിന്ദുത്വത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നുവെന്നത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ - 4-6
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹദീസ്‌നിഷേധത്തിന്റെ ഭവിഷ്യത്ത്‌
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌