വടി കൊടുത്ത് അടി വാങ്ങുന്നവര്‍
അബ്ബാസിയാ ഭരണകാലത്ത് തുടങ്ങിയ മത-രാഷ്ട്ര വിഭജനം രണ്ടാം ലോക യുദ്ധത്തോടെ അതിന്റെ പരമകാഷ്ഠയിലെത്തിയപ്പോഴാണ് ഇമാം ഹസനുല്‍ ബന്നായെയും മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദിയെയും പോലുള്ള പരിഷ്‌കര്‍ത്താക്കള്‍ അതിന്റെ മാരകമായ ഭവിഷ്യത്തിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. തങ്ങളുടെ കനപ്പെട്ട പ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും അവര്‍ ലോക മുസ്‌ലിംകളെ അടിക്കടി ഇക്കാര്യം ഉണര്‍ത്തിക്കൊണ്ടിരുന്നു. അവിഭക്ത ഇന്ത്യയില്‍ ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനയുടെ രൂപവത്കരണം പോലും മതവും രാഷ്ട്രീയവും പരസ്പരപൂരകങ്ങളാവുന്ന ഇസ്‌ലാമിന്റെ ആ സമ്പൂര്‍ണ ദര്‍ശനത്തിന്റെ വീണ്ടെടുപ്പിനു വേണ്ടിയായിരുന്നു. എന്നാല്‍ ഇമാം മൗദൂദിയുടെ ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങളെ കടുത്ത വിരോധത്തോടെയും പ്രതികാരബുദ്ധിയോടെയുമാണ് മുസ്‌ലിം സമൂഹത്തിനകത്തു തന്നെയുള്ള തല്‍പരക്ഷികള്‍ എതിരേറ്റത്. എഴുപതുകളില്‍ കേരളത്തില്‍ കേട്ട മൗദൂദിഖണ്ഡനങ്ങളുടെ ബാലിശതയും വഷളത്തരവും അന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന എന്നില്‍ പോലും അത്ഭുതമുളവാക്കിയിരുന്നു.
ഇസ്‌ലാം ഒരു സമ്പൂര്‍ണ ജീവിത പദ്ധതിയാണ് എന്ന മൗദൂദി സാഹിബിന്റെ ഓര്‍മപ്പെടുത്തലിനെ അന്നത്തെ ചില ഉല്‍പതിഷ്ണു പണ്ഡിതന്മാര്‍ പരിഹസിച്ചുകൊണ്ട് പറഞ്ഞത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കൗതുകം തോന്നാറുണ്ട്.
വലിയ ഒരു ജനാവലിയുടെ മുന്നില്‍ വെച്ച് ഒരു പണ്ഡിതന്‍ ചോദിക്കുകയാണ്: ''ഇസ്‌ലാം സമ്പൂര്‍ണ മതം ആണെന്ന് പറയുന്നവരോട് ചോദിക്കട്ടെ. ഈ പാലം പണിയുന്നത് എങ്ങനെയാണെന്ന് ഇസ്‌ലാമില്‍ പറഞ്ഞിട്ടുണ്ടോ? സിമന്റും മണലും ഏത് അനുപാതത്തിലാണ് ചേര്‍ക്കേണ്ടത് എന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടോ?''
മഹത്തായ ഇസ്‌ലാമിക ദര്‍ശനത്തെ പാശ്ചാത്യ മതേതരത്വവുമായി കൂട്ടിക്കെട്ടാന്‍ ചില ഹദീസുകള്‍ പോലും ആ പണ്ഡിതന്മാര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയുണ്ടായി. ഈത്തപ്പഴ പരാഗണത്തെക്കുറിച്ചുള്ള ഹദീസ് ദീനും ദുന്‍യാവും വേറെയാണ് എന്ന് 'തെളിയിക്കാന്‍' എത്രയെത്ര സ്റ്റേജുകളിലാണ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടത്! ഇന്നിപ്പോള്‍ 'താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണ' അവസ്ഥയിലാണ് ഇത്തരം സമുദായ സംഘടനകളും മതനേതാക്കളും.
മുസ്‌ലിംകള്‍ അവരുടെ ആരാധനാ ചടങ്ങുകളുമായി നടന്നുകൊള്ളുക, വിശ്വാസങ്ങളും വീക്ഷണങ്ങളുമൊക്കെ വ്യക്തിതലത്തില്‍ മാത്രം ഒതുക്കുക തുടങ്ങിയ മതേതര തിട്ടൂരങ്ങളെ നെഞ്ചുവിരിച്ച് ചോദ്യം ചെയ്യാനുള്ള ധൈര്യം പോലുമില്ലാത്ത പൊങ്ങുതടികളായി മാറിയിരിക്കുകയാണ് പൊതുവെ സമുദായ നേതൃത്വം.
മതത്തെയും രാഷ്ട്രീയത്തെയും വെള്ളം കടക്കാത്ത അറകളിലാക്കി നാം തന്നെ ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക് കാണിക്ക വെച്ചിരിക്കുകയാണ്. ഇപ്പോള്‍ വഖ്ഫ് എന്ന ദീനീ കാര്യം പള്ളിയില്‍ പറയാന്‍ പാടില്ല എന്നിടത്തോളം കാര്യങ്ങള്‍ എത്തിയിരിക്കുന്നു.
മതവും രാഷ്ട്രീയവുമെല്ലാം ഉള്‍ച്ചേര്‍ന്ന സമ്പൂര്‍ണ ഇസ്‌ലാമിക ദര്‍ശനത്തെക്കുറിച്ച്, മുന്‍ധാരണകളോ അപകര്‍ഷബോധമോ ഇല്ലാതെ പഠിക്കാനും മനസ്സിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും ഇസ്‌ലാമിക സമൂഹം തയാറാകുന്നില്ലെങ്കില്‍ ഒരു പ്രതിഷേധ പ്രകടനത്തിലൂടെയോ പ്രമേയം പാസ്സാക്കലിലൂടെയോ ഒന്നും അവകാശങ്ങള്‍ നേടിയെടുക്കാനാവില്ല.
ആ ഹോട്ടലുകളില്‍
മുസ്‌ലിംകള്‍ മാത്രമാണോ ജോലി ചെയ്യുന്നത്?
കെ.എ ജബ്ബാര്‍ അമ്പലപ്പുഴ
ഇസ്‌ലാമിന്റെ ശത്രുക്കളും മുസ്‌ലിം സമുദായത്തിന്റെ രക്ഷക വേഷമണിഞ്ഞവരും നടത്തുന്ന നുണപ്രചാരണങ്ങളെ വസ്തുനിഷ്ഠമായി തുറന്നു കാട്ടുന്ന ലേഖനങ്ങള്‍ (ലക്കം 28) യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ പ്രയോജനകരമാണ്. ഹലാല്‍ ഭക്ഷണങ്ങളുടെ ഉപഭോക്താക്കളും ഗുണഭോക്താക്കളും മുസ്‌ലിംകള്‍ മാത്രമല്ല എന്ന സത്യം ബോധപൂര്‍വം അവഗണിച്ച് നുണബോംബുകള്‍ വര്‍ഷിക്കുന്നവരുടെ ഹിഡന്‍ അജണ്ട തിരിച്ചറിയുന്നതില്‍ സാക്ഷര കേരളവും പരാജയപ്പെടുകയാണോ? ഗള്‍ഫ് നാടുകളിലെ വിപണന സാധ്യതകള്‍ സമര്‍ഥമായി പ്രയോജനപ്പെടുത്താന്‍ മത്സരിക്കുന്നവരില്‍ പാശ്ചാത്യ രാജ്യങ്ങളിലെ ബഹുരാഷ്ട്ര കുത്തകകളെ മാത്രമല്ല, ഇന്ത്യയിലെ സംഘ് പരിവാര്‍ മേലാളന്മാരെയും നമുക്ക് കാണാം. സവര്‍ണ (ബ്രാഹ്മണ) നാമത്തില്‍ നൂറുകണക്കിന് ഭക്ഷണശാലകളും ഉല്‍പന്നങ്ങളും കേരളത്തില്‍ പോലും നിറഞ്ഞുനില്‍ക്കുമ്പോള്‍ ദലിത് നാമത്തില്‍ ഒരു ഉല്‍പന്നമെങ്കിലും നിര്‍മിച്ച് മാര്‍ക്കറ്റ് ചെയ്യാന്‍ മതേതര മേലങ്കിയണിഞ്ഞ രാഷ്ട്രീയ സംഘടനകള്‍ക്ക് കഴിയുമോ? ഹിന്ദു, ക്രിസ്ത്യന്‍ വേദഗ്രന്ഥങ്ങള്‍ പോലും നിഷിദ്ധമാക്കിയ പന്നിയിറച്ചിയും ഹിന്ദു പുരാണങ്ങളില്‍ അനുവദനീയമെന്ന് പറയുന്ന പശുവിറച്ചിയും ഒരുപോലെ വിളമ്പി ഫെസ്റ്റ് നടത്തുന്നതു പോലെ അത്ര എളുപ്പമല്ല ഇത്തരം ബദല്‍ മാര്‍ക്കറ്റിംഗ് ആസൂത്രണം ചെയ്യുക എന്നത്.
ഹലാല്‍ ഹോട്ടലുകളിലെ തുപ്പല്‍ നുണയാണ് ഏറെ കൗതുകകരം. മുസ്‌ലിംകള്‍ നടത്തുന്ന ഹോട്ടലുകളില്‍ മഹാ ഭൂരിപക്ഷത്തിലും മുസ്‌ലിംകളല്ലാത്ത ധാരാളം പാചകക്കാരും മറ്റു തൊഴിലാളികളും ജോലി ചെയ്യുന്നുണ്ടെന്ന പച്ച പരമാര്‍ഥം പോലും നുണ ബോംബ് നിര്‍മാതാക്കള്‍ ഗൗനിക്കുന്നില്ല. ലോകത്തെമ്പാടും ഇസ്‌ലാമിന്റെ വ്യാപനത്തിന് മിത്രങ്ങളുടെ മാത്രമല്ല, ശത്രുക്കളുടെ പ്രചാരണങ്ങളും സഹായകമായിട്ടുണ്ട്. നന്മേഛുകള്‍ക്ക് പഠിക്കാനും അടുത്തറിയാനും കാരണമാകട്ടെ ഇത്തരം പ്രചാരണങ്ങള്‍.
Comments