Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 24

3232

1443 ജമാദുല്‍ അവ്വല്‍ 19

ഓര്‍മകളില്‍ ഒഴുകിയെത്തുന്ന പ്രസ്ഥാന യാത്രകള്‍

കെ.എ ഖാസിം മൗലവി/ ടി.ഇ.എം റാഫി വടുതല

1938 ജൂലൈ പതിനൊന്നിന് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത് അഴീക്കോടാണ് എന്റെ ജനനം. പിതാവ് കടവില്‍ ആലിക്കുട്ടിയുടെയും മാതാവ് പാഠപ്പറമ്പില്‍ ഖദീജയുടെയും നാലു മക്കളില്‍ ഇളയ പുത്രനായിരുന്നു ഞാന്‍. ഹോട്ടല്‍ നടത്തിയിരുന്ന പിതാവ് എനിക്ക് നാലു വയസ്സുള്ളപ്പോള്‍ മരണപ്പെട്ടു. അനാഥത്വത്തിന്റെ വേദന കടിച്ചിറക്കി സ്നേഹനിധിയായ മാതാവിന്റെ തണലിലും തലോടലിലുമായിരുന്നു ബാല്യം. ഒരു സാധാരണ കുടുംബത്തിന്റെ പരിധിയും പരിമിതികളും എനിക്ക് ഉണ്ടായിരുന്നെങ്കിലും മാതാവിന് അല്‍പം പുരോഗമന ചിന്ത ഉണ്ടായിരുന്നത് ഭാഗ്യമായി. കടുത്ത അന്ധവിശ്വാസങ്ങളില്‍നിന്ന് അകന്നു നില്‍ക്കാനും വിജ്ഞാനത്തോട് ആഭിമുഖ്യമുണ്ടാകാനും അത് നിമിത്തമായി.
അനാഥത്വം ജീവിതത്തില്‍ കറുത്ത നിഴല്‍ വിരിച്ചെങ്കിലും എന്റെ പഠനകാര്യങ്ങളില്‍ വളരെ ശ്രദ്ധാലുവായിരുന്നു മാതാവ്. അഴീക്കോട് ഗവണ്‍മെന്റ് യു.പി സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. മാതൃകായോഗ്യരായിരുന്നു അവിടത്തെ അധ്യാപകര്‍. അറബി അധ്യാപകരുള്‍പ്പെടെ മറ്റു വിഷയങ്ങള്‍ പഠിപ്പിച്ചിരുന്ന ഗുരുനാഥന്മാരും വിദ്യാര്‍ഥികളുടെ നമസ്‌കാര കാര്യങ്ങളിലും സ്വഭാവ സംസ്‌കരണത്തിലും പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. നമ്പൂരി മഠത്തില്‍ കുഞ്ഞുമൊയ്തീന്‍ മൗലവി, സെയ്ദ് മുഹമ്മദ് മൗലവി, കുഞ്ഞുമുഹമ്മദ് മാഷ് എന്നിവരെയും പ്രത്യേകം ഓര്‍ക്കുന്നു.
പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അഴീക്കോട് ജെട്ടിയിലുള്ള ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മസ്ജിദിലെ മദ്റസയിലും ദര്‍സിലുമായി പഠനം തുടര്‍ന്നു. കുമരനല്ലൂര്‍ സി.എ അബ്ദുല്ല മൗലവി ആയിരുന്നു അവിടെ ഗുരുനാഥന്‍. യാഥാസ്ഥിതിക പക്ഷം ചേരാതെ സമൂഹത്തിലെ എല്ലാ വിഭാഗമാളുകളെയും ഉള്‍ക്കൊള്ളാനുള്ള വിശാല മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നു. പള്ളി ദര്‍സുകളില്‍ പാരമ്പര്യമായി പഠിപ്പിക്കപ്പെട്ടിരുന്ന ജലാലൈനി, ബൈളാവി, ബുഖാരി, മിശ്കാത്ത്, മുഖ്തസ്വര്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ അവിടെ നിന്ന് അഭ്യസിച്ചു. ഗുരു പറഞ്ഞുതരുന്നതൊക്കെ അപ്പടി കേട്ടു പഠിക്കുക എന്നതിനപ്പുറം ഗുരുനാഥന്മാരോട് നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുകയും സംശയങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന പ്രകൃതമായിരുന്നു എനിക്ക്. അത് എന്റെ വിജ്ഞാന സമ്പാദനത്തില്‍ വലിയ മുതല്‍ക്കൂട്ടായി. ഇര്‍ശാദില്‍ വിദ്യാര്‍ഥിയായിരിക്കെ തന്നെ അവിടത്തെ മദ്റസയിലും സമീപ പ്രദേശങ്ങളായ മുനമ്പം, പള്ളിപ്പുറം പ്രദേശങ്ങളിലെ മദ്റസകളിലും എനിക്ക് ക്ലാസ്സെടുക്കാന്‍ അവസരം ലഭിച്ചിരുന്നു. ദര്‍സിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന സമ്പ്രദായവും ഇര്‍ശാദില്‍ ഉണ്ടായിരുന്നു. പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബിന്റെ സഹോദരന്‍ പ്രഫ. മുഹമ്മദ് അലി അന്ന് ഇര്‍ശാദില്‍ എന്റെ ജൂനിയറായി പഠിച്ചിരുന്നു.
വിദ്യാര്‍ഥിയായിരിക്കെ ലഭിച്ച അധ്യാപന പരിചയം പിന്നീട് എന്റെ പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയൊരളവില്‍ സഹായകമായി. പാഠ്യവും പാഠ്യേതരവുമായ വിഷയങ്ങളിലുള്ള എന്റെ ചോദ്യങ്ങളെയും സംശയങ്ങളെയും ചില ഗുരുനാഥന്മാര്‍ പലപ്പോഴും ക്രിയാത്മകമായല്ല കണ്ടത്. അവര്‍ എന്നെ ഇര്‍ശാദില്‍നിന്ന് കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ ദര്‍സിലേക്ക് തന്ത്രപൂര്‍വം മാറ്റി. ബാഖിയാത്തുസ്സ്വാലിഹാത്തിലെ മുന്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന ശൈഖ് ഹസന്‍ മൗലവിയുടെ കീഴിലായിരുന്നു ആ ദര്‍സ് നടന്നിരുന്നത്. ഇര്‍ശാദിലെ അബ്ദുല്ല മൗലവിയുടെ അടുത്ത സുഹൃത്തായിരുന്ന കുമരനല്ലൂര്‍ മുഹമ്മദ് മൗലവി ആയിരുന്നു അവിടത്തെ എന്റെ മുദര്‍രിസ്. അവിടെ വെച്ച് ഞാന്‍ സ്വഹീഹുല്‍ ബുഖാരിയുടെ പഠനം പൂര്‍ത്തീകരിക്കുകയും തര്‍ക്കശാസ്ത്രം (മന്‍ത്വിഖ്) പുതുതായി പഠിക്കുകയും ചെയ്തു. ഇര്‍ശാദില്‍നിന്ന് ഭിന്നമായ സാമ്പ്രദായിക രീതികള്‍ കാരണം അവിടെ അധികനാള്‍ തുടരാന്‍ സാധിച്ചില്ല. വീണ്ടും അഴീക്കോട് ഇര്‍ശാദില്‍ ഞാന്‍ തിരിച്ചുവന്നെങ്കിലും അവിടെ തുടര്‍ പഠനത്തിനുള്ള സാഹചര്യം ഉണ്ടായില്ല.

ആവേശപൂര്‍വം പ്രസ്ഥാനത്തിലേക്ക്
ശ്രുതിമധുരമായി ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ കഴിയുമായിരുന്നു എനിക്ക്. ഇര്‍ശാദില്‍ വിദ്യാര്‍ഥിയായിരിക്കെ കൊടുങ്ങല്ലൂര്‍ പ്രദേശത്ത്  മൗലൂദ് സംഘടിപ്പിക്കപ്പെടുമ്പോള്‍ പാരായണ മികവുള്ളതിനാല്‍ അതില്‍ ഹികായത്ത് ഓതാന്‍ ഉസ്താദുമാര്‍ എന്നെയും കൂടെ കൊണ്ടുപോകുമായിരുന്നു. അത് എനിക്ക് അലോസരമുണ്ടാക്കി. ചെറുപ്പം മുതലേ അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും അകന്നുനിന്നത്, പരിഷ്‌കരണ ചിന്തകളോട് എന്നില്‍ ആഭിമുഖ്യം വളര്‍ത്തിയിരുന്നു. മുദര്‍രിസ് കുമനരനല്ലൂര്‍ സി.എ അബ്ദുല്ല മൗലവി എല്ലാവരോടും ഹൃദയം തുറന്ന സമീപനം സ്വീകരിച്ചിരുന്നുവെങ്കിലും സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ ഏതെങ്കിലും ഒരു കക്ഷിയുടെ ഭാഗമാകുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. ഞാനാകട്ടെ, പലപ്പോഴും ദര്‍സില്‍നിന്ന് ചാടി രാത്രി കാലങ്ങളില്‍ നടക്കുന്ന വിവിധ വഅ്ള്  പരമ്പരകളില്‍ ശ്രോതാവായി പോകുമായിരുന്നു. അങ്ങനെയാണ് ഇസ്സുദ്ദീന്‍ മൗലവിയുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ എനിക്ക് അവസരമുണ്ടായത്. എന്നെ വല്ലാതെ വശീകരിച്ച അദ്ദേഹത്തിന്റെ പ്രഭാഷണം വീണ്ടും വീണ്ടും കേള്‍ക്കാന്‍ ആഗ്രഹം ജനിച്ചു. ഇസ്‌ലാമിനെ സംബന്ധിച്ച സമഗ്ര ചിന്തകളും  പാരമ്പര്യേതര കാഴ്ചപ്പാടുകളും എന്നെ അഗാധമായി സ്വാധീനിച്ചു. അബ്ദുല്ല മൗലവിയുടെ താല്‍പര്യപ്രകാരം ഇസ്സുദ്ദീന്‍ മൗലവിയുടെ പ്രഭാഷണം ഇര്‍ശാദിലും അപൂര്‍വമായി നടക്കുമായിരുന്നു. ഇസ്സുദ്ദീന്‍ മൗലവിയുമായി എനിക്ക് അടുത്ത് ഇടപഴകാന്‍ അത് കാരണമായി.
ഞാന്‍ ദര്‍സ് പഠനത്തോട് വിടചൊല്ലിയ സന്ദര്‍ഭത്തിലാണ് കൊടുങ്ങല്ലൂര്‍ കോതപറമ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ ഫര്‍ഖാ സമ്മേളനം നടക്കുന്നത്. സമ്മേളനത്തിലെ ഖുര്‍ആന്‍ ക്ലാസ്സ് എന്റെ പ്രായം നോക്കാതെ ഇസ്സുദ്ദീന്‍ മൗലവി എന്നെ ഏല്‍പിച്ചു. ക്ലാസ് മൗലവിക്കും ശ്രോതാക്കള്‍ക്കും ഏറെ ഇഷ്ടമായി. ദര്‍സ് കഴിഞ്ഞ് ഇസ്സുദ്ദീന്‍ മൗലവിയുമായി സംസാരിക്കാന്‍ അവസരമുണ്ടായി. മൂവാറ്റുപുഴ അല്‍ മദ്റസത്തുല്‍ ഇസ്ലാമിയ്യ അധ്യാപകനായി സേവനം ചെയ്യുന്ന കെ. അബ്ദുസ്സലാം മൗലവി ജില്ലാ നാസിമായി പോകുന്നുണ്ടെന്നും ആ ഒഴിവില്‍ സേവനം ചെയ്യാന്‍ സന്നദ്ധനാകണമെന്നും ഇസ്സുദ്ദീന്‍ മൗലവി എന്നോട് പറഞ്ഞു. അങ്ങനെ കെ. അബ്ദുസ്സലാം മൗലവിയുടെ പകരക്കാരനായി മൂവാറ്റുപുഴ അല്‍ മദ്റസത്തുല്‍ ഇസ്ലാമിയ്യയില്‍ ചേര്‍ന്നു.
എന്നെ സംബന്ധിച്ചേടത്തോളം മൂവാറ്റുപുഴ കേവലം  മദ്റസാധ്യാപന കേന്ദ്രം മാത്രമായിരുന്നില്ല;  പ്രസ്ഥാന പഠനത്തിനും പ്രവര്‍ത്തനത്തിനും ഊര്‍ജവും ആവേശവും ധൈര്യവും പകര്‍ന്നു നല്‍കിയ ഇടം കൂടിയായിരുന്നു. അവിടെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും സാമുദായിക രാഷ്ട്രീയത്തിനും യാഥാസ്ഥിതിക ചിന്തകള്‍ക്കും ശക്തമായ സ്വാധീനമുണ്ടായിരുന്നു. അതിനാല്‍ പ്രസ്ഥാന പ്രവര്‍ത്തനവും ശക്തമായ എതിര്‍പ്പുകള്‍ക്ക് നടുവിലാണ് നിര്‍വഹിക്കേണ്ടി വന്നത്. ഇസ്സുദ്ദീന്‍ മൗലവിയെ മാതൃകയാക്കി ഞാനും പള്ളികളില്‍ ഉദ്ബോധന പ്രഭാഷണങ്ങള്‍ നടത്തുമായിരുന്നു. മുഖ്യമായും കാവുങ്കല്‍ ജുമുഅത്ത് പള്ളിയിലാണ് ഞാന്‍ മതപഠന ക്ലാസ്സുകള്‍ നടത്തിയിരുന്നത്. ആദ്യ ഘട്ടത്തില്‍ ശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. പിന്നില്‍ നിന്ന് ആരെങ്കിലും  ആക്രമിക്കാതിരിക്കാന്‍ മതിലിനോട് ചേര്‍ന്നു നിന്നായിരുന്ന പ്രഭാഷണം. മുന്നില്‍ പ്രസ്ഥാന പ്രവര്‍ത്തകര്‍ പ്രതിരോധ മതില്‍ പോലെ ജാഗ്രതയോടെ ശ്രോതാക്കളായി ഇരിക്കും. പ്രതിഷേധങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും നടുവില്‍ ധീരമായി നടത്തിയ ആ ഖുര്‍ആന്‍ ക്ലാസ്സുകള്‍ പിന്നീട് പ്രതിയോഗികളെ പോലും അനുഭാവികളും പ്രവര്‍ത്തകരുമാക്കി മാറ്റാന്‍ സഹായിച്ചു. പ്രസ്ഥാന മാര്‍ഗത്തിലെ ഏത് പ്രതിസന്ധികളെയും ചങ്കുറപ്പോടെ നേരിടാനുള്ള ഉള്‍ക്കരുത്ത് നേടാന്‍ മൂവാറ്റുപുഴയിലെ പ്രവര്‍ത്തനത്തിലൂടെ സാധ്യമായി എന്നത് ഇന്നും ഞാന്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു.
എ.പി മക്കാര്‍ ഹാജി, എം.എ മക്കാര്‍ ഹാജി, പി.എം.ടി ഹസന്‍, പി.എം.ടി ഇബ്റാഹീം, പി.എം.ടി കുഞ്ഞ്, സി.എസ് ഹമീദ് ഹാജി, പൈനായി യൂസുഫ് സാഹിബ്, പൈനായി ഇബ്റാഹീം, മാലിക് സാര്‍, വീനസ് യൂസുഫ് സാഹിബ്, എം.കെ അലിക്കുഞ്ഞ്, കെ.കെ അലിക്കുഞ്ഞ്, മൂവാറ്റുപുഴ ബനാത്തിന്റെ ഉപ്പ എന്നറിയപ്പെട്ടിരുന്ന പി.എം ഇബ്റാഹീം, ചെയര്‍മാന്‍ ടി.എച്ച് ഇബ്റാഹീം കരീം തുടങ്ങിയവരുടെ സാന്നിധ്യവും പിന്തുണയും മൂവാറ്റുപുഴയിലെ എന്റെ പ്രസ്ഥാന ജീവിതത്തിന് കരുത്തും ആവേശവുമായി. അക്കാലത്തു തന്നെ മൂവാറ്റുപുഴയില്‍ ഒരു വനിതാ വിദ്യാഭ്യാസ കേന്ദ്രം സ്ഥാപിക്കണമെന്ന ചിന്തയും ആലോചനയും പ്രസ്ഥാന പ്രവര്‍ത്തകരില്‍ ശക്തമായിരുന്നു. അത് കേരളത്തിലെ പ്രഥമ മുസ്‌ലിം വനിതാ കലാലയത്തിനും പിന്നീട് അനുബന്ധ സ്ഥാപനങ്ങള്‍ പിറവിയെടുക്കാനും കാരണമായി.

ചേന്ദമംഗല്ലൂരിലേക്ക് ചുവടുമാറ്റം
മൂവാറ്റുപുഴയില്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങളുമായി സജീവമായിരിക്കുന്ന സന്ദര്‍ഭത്തിലാണ് ജമാഅത്തിന്റെ കേരള സമ്മേളനം കോഴിക്കോട് മൂഴിക്കലില്‍ നടക്കുന്നത്.  സമ്മേളനത്തില്‍ പെണ്‍കുട്ടികളുടെ മത- ഭൗതിക വിദ്യാഭ്യാസ പുരോഗതിക്ക് ഒരു സമ്പൂര്‍ണ വനിതാ കലാലയം ആരംഭിക്കാന്‍ ജമാഅത്ത് തീരുമാനിച്ചു. അതിന്റെ നേതൃത്വം ഏറ്റെടുക്കണമെന്ന് ജമാഅത്ത് എന്നോട് നിര്‍ദേശിച്ചു. പ്രസ്ഥാനത്തിന്റെ തീരുമാനമനുസരിച്ച് 1961 ജനുവരി ഒന്നിന് ഞാന്‍ പുതിയ ദൗത്യവുമായി ചേന്ദമംഗല്ലൂരിലെത്തി. മൂവാറ്റുപുഴയില്‍നിന്ന് ലഭിച്ച അനുഭവസമ്പത്ത് പുതിയ പ്രസ്ഥാന ദൗത്യത്തിനു കൂടുതല്‍ സഹായകമായി. മദ്റസത്തുല്‍ ബനാത്തിന്റെ ആദ്യ മാനേജറായി ഞാന്‍ ഉത്തരവാദിത്തമേറ്റു. മൂയിപ്പോത്ത് വി. അബ്ദുല്ല ഉമരി ആയിരുന്നു പ്രഥമ പ്രിന്‍സിപ്പല്‍. ചേന്ദമംഗല്ലൂര്‍ സെന്ററിലെ പുതിയ ഷെഡില്‍ പത്തു പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ടായിരുന്നു ബനാത്തിന്റെ തുടക്കം.
സാമ്പത്തിക ഞെരുക്കവും മറ്റു പ്രയാസങ്ങളും ധാരാളമുണ്ടായിരുന്നു. എല്ലാ പ്രതിസന്ധികളെയും നിശ്ചയദാര്‍ഢ്യത്തോടെ നേരിടാന്‍ കെ.സി അബ്ദുല്ല മൗലവി ഞങ്ങളോട് പറഞ്ഞുകൊണ്ടിരുന്നു. ഏതു പ്രയാസങ്ങളിലും മുന്നില്‍ നില്‍ക്കാന്‍ കെ.സി  ഒപ്പമുണ്ടാകും. ചേന്ദമംഗല്ലൂര്‍ ഗ്രാമത്തിലും അന്ന് പട്ടിണിയാണ്. സ്ഥാപനവും അതില്‍നിന്ന് ഒട്ടും ഭിന്നമായിരുന്നില്ല. അപ്പോഴെല്ലാം കെ.സി ഞങ്ങളെയും കൂട്ടി കോഴിക്കോട് ടൗണിലുള്ള ഉദാരമതികളായ കച്ചവടക്കാരെ പോയി കാണും. എന്തെങ്കിലും വല്ലതുമായി മടങ്ങിവരുമ്പോള്‍ എല്ലാവര്‍ക്കും സന്തോഷമാകും. സേവന കേന്ദ്രം എന്നതിനൊപ്പം എനിക്ക് മദ്റസത്തുല്‍ ബനാത്ത് ഒരു ഉപരിപഠന കേന്ദ്രം കൂടിയായിരുന്നു. വി. അബ്ദുല്ല ഉമരിയുടെ പണ്ഡിത സാന്നിധ്യം എന്റെ ഉര്‍ദു ഭാഷാ പഠനത്തിന് കൂടുതല്‍ സഹായകമായി.  ഉര്‍ദു ഭാഷയിലുള്ള തഫ്ഹീമുല്‍ ഖുര്‍ആന്‍ മുഴുവന്‍ വായിച്ചു മനസ്സിലാക്കാന്‍ എനിക്ക് അതുവഴി സാധിച്ചു.
ഓരോ വര്‍ഷവും സ്ഥാപനത്തില്‍ വിദ്യാര്‍ഥികള്‍ വര്‍ധിച്ചുകൊണ്ടിരുന്നു. ധാരാളം രക്ഷകര്‍ത്താക്കളുമായുള്ള  സൗഹൃദ ബന്ധങ്ങള്‍ക്ക് അത് വഴി തുറന്നു. പ്രവാസികളായിരുന്നു അവരില്‍ അധിക പേരും. അതുവഴി സ്ഥാപനത്തിനു വേണ്ടി വിദേശത്ത് പോകാനുള്ള അവസരങ്ങളുണ്ടായി. സിംഗപ്പൂരും മലേഷ്യയും സന്ദര്‍ശിച്ചു. മലേഷ്യയില്‍ തദ്ദേശീയരെ കൂടാതെ ചൈനക്കാരും തമിഴരും ധാരാളമുണ്ടായിരുന്നു. ഇടക്കിടെ ഇവര്‍ തമ്മില്‍ കലാപങ്ങളും പൊട്ടിപ്പുറപ്പെടും. മലേഷ്യ സന്ദര്‍ശിക്കുന്ന വേളയില്‍ ഇത്തരമൊരു കലാപം അഭിമുഖീകരിക്കേണ്ടിവന്നത് ഇന്നും  ഞെട്ടലോടെ ഓര്‍ക്കുന്നു. ഇസ്ലാഹിയാ കോളേജിന്റെ പ്രാരംഭ ഘട്ടത്തില്‍ സജീവമായിരുന്ന ഞാന്‍ പിന്നീട് കച്ചവടത്തിലേക്ക്  തിരിയുകയാണുണ്ടായത്.

പ്രവാസ ജീവിതം
ചേന്ദമംഗല്ലൂരില്‍ സേവനം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ പ്രവാസ ചിന്ത എന്റെ മനസ്സിലെവിടെയോ നാമ്പെടുത്തിരുന്നു. വി. അബ്ദുല്ല ഉമരിയുമായി ചേന്ദമംഗല്ലൂര്‍ വെച്ചുണ്ടായ  ആത്മബന്ധം പ്രവാസ ജീവിതത്തിന് വഴിതുറക്കുകയും ചെയ്തു. ദോഹയിലെ അബ്ദുല്ല ഹാജി, അബ്ദുല്ല ഉമരിയുടെ ആത്മസുഹൃത്തായിരുന്നു.  പ്രതീക്ഷയോടെ ഞാന്‍ ഉറ്റുനോക്കിക്കൊണ്ടിരുന്ന ഖത്തറിലേക്കുള്ള വിസ അബ്ദുല്ല ഹാജി എനിക്ക് അയച്ചുതന്നു. പ്രസ്ഥാന നേതൃത്വവുമായി ആലോചിച്ച് ഞാന്‍ യാത്രക്കുള്ള മുന്നൊരുക്കങ്ങള്‍ നടത്തി.  എറണാകുളത്തു നിന്ന് ബോംബെയിലേക്ക് എന്റെ പ്രഥമ ട്രെയ്ന്‍ യാത്രയായിരുന്നു. വല്ലാത്ത അപരിചിതത്വവും  ഉത്കണ്ഠയും. കുറച്ച് ദിവസം ബോംബെയില്‍ താമസിച്ചതിനു ശേഷം ഞാന്‍ ദോഹയിലേക്ക് കപ്പല്‍ കയറി.
ദോഹ അതികഠിനമായ ചൂടില്‍ വിയര്‍ത്തു കുളിക്കുന്ന മാസമാണ് ജൂലൈ. പുറത്ത് മരീചിക പരത്തുന്ന ചൂടും അകത്ത് തപിക്കുന്ന ഹൃദയവും. ദോഹയിലെ സ്വിസ് വാച്ച് ഹൗസ് ഉടമ അബ്ദുല്‍ മജീദ് സാഹിബ് എന്നെ ഹൃദ്യമായി സ്വീകരിച്ച് താമസ സൗകര്യം ഒരുക്കിത്തന്നു. എം.വി മുഹമ്മദ് സലീം മൗലവി, ഒ. അബ്ദുര്‍റഹ്മാന്‍, ഒ. അബ്ദുല്ല, എ. മുഹമ്മദലി, ഒ.പി ഹംസ തുടങ്ങിയ പല പ്രമുഖരും ഖത്തറിലെ വിവിധ മേഖലകളില്‍  അപ്പോള്‍ സേവനം ചെയ്യുന്നുണ്ട്. പലരും പലവഴിയില്‍ എനിക്കൊരു ജോലിക്കായി അന്വേഷണം നടത്തി. അറബി ടൈപ്പ് റൈറ്റിംഗ് വശമില്ലാത്തത്  വലിയ തടസ്സമായിരുന്നു. മിലിട്ടറിയില്‍ ഒരു അസിസ്റ്റന്റ് കുക്കിന്റെ ഒഴിവുണ്ടെന്നറിഞ്ഞ് പരിചയക്കാരനായ മിലിട്ടറി മേധാവിയോട് വിവരമന്വേഷിപ്പോള്‍ താങ്കളെ പോലെ ഒരാള്‍ ആ ജോലിയില്‍ പ്രവേശിക്കേണ്ടതില്ലെന്ന് അദ്ദേഹം എന്നോട് നിര്‍ദേശിച്ചു. ഇംഗ്ലീഷുകാരുടെ ഒരു കമ്പനിയില്‍ ഓഫീസ് ബോയിയുടെ ഒഴിവുണ്ടെന്നറിഞ്ഞു. മദ്യവും പന്നിമാംസവുമൊക്കെ വിളമ്പേണ്ടിവരുന്നതിനാല്‍ അതും ഉപേക്ഷിച്ചു.
പിന്നീട് ടൊയാട്ട കമ്പനിയില്‍  ജോലിക്കുള്ള അവസരം തുറന്നു. ചേന്ദമംഗല്ലൂരില്‍ എന്റെ ശിഷ്യനായിരുന്ന കെ.കെ മുഹമ്മദ് ഇസ്ലാഹി അന്ന് ടൊയോട്ട കമ്പനിയില്‍ ക്യാഷറായി ജോലി ചെയ്തിരുന്നു. അദ്ദേഹത്തിന് സുഊദി എംബസിയില്‍ ഉയര്‍ന്ന ജോലി ലഭിച്ചു. അദ്ദേഹത്തിന് പകരമായി ടൊയോട്ട കമ്പനിയില്‍ ക്യാഷറായി ജോലിയില്‍ പ്രവേശിച്ചെങ്കിലും പത്ത് മാസമേ ജോലിയില്‍ തുടര്‍ന്നുള്ളൂ. സെയില്‍സ്മാന്മാരുടെ സാമ്പത്തിക ഇടപാടുകള്‍ തൃപ്തികരമായിരുന്നില്ല എന്നതായിരുന്നു കാരണം.
വീണ്ടും തൊഴില്‍രഹിതനായ പ്രവാസിയായി ജീവിതം മുന്നോട്ടുപോകവെ അഴീക്കോട് ഇര്‍ശാദില്‍ എന്റെ ജൂനിയറായി പഠിച്ചിരുന്ന അബ്ദുല്‍ അസീസിനെ അവിചാരിതമായി കണ്ടുമുട്ടി. ഖത്തറിലെ പ്രമുഖ കമ്പനിയായ കേബ്ള്‍സ് ആന്റ് വയര്‍ലെസില്‍ പര്‍ച്ചേസിംഗ് മാനേജറായിരുന്നു അദ്ദേഹം.  പ്രവാസ വിശേഷങ്ങള്‍ ഞാന്‍ അബ്ദുല്‍ അസീസുമായി പങ്കുവെച്ചു. ഹൈദരാബാദുകാരനായ ഒരു ഇസ്ലാമിക പ്രവര്‍ത്തകനായിരുന്നു കമ്പനിയുടെ മാനേജര്‍. കമ്പനിയില്‍ ഇന്റര്‍വ്യൂവിനു ഹാജരായി ഉടനെ ജോലിയില്‍ പ്രവേശിച്ചു. അബ്ദുല്‍ അസീസുമായുള്ള എന്റെ കൂടിക്കാഴ്ച എനിക്ക് നല്ലൊരു ജോലിക്ക് അവസരം തുറന്നുതന്നു. ഇങ്ങനെ ജോലിയില്‍ പ്രവേശിച്ചും ഉപേക്ഷിച്ചും കൊണ്ടുമിരുന്നു.
ഖത്തറിലെ  എന്റെ പ്രവാസ ജീവിതത്തില്‍ ഊര്‍ജസ്വലമായി നടന്നിരുന്നത്  പ്രസ്ഥാന പ്രവര്‍ത്തനമായിരുന്നു. ക്വാര്‍ട്ടേഴ്സുകളിലും പള്ളികളിലും ഞാന്‍ പ്രഭാഷണങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരുന്നു. സര്‍ക്കാര്‍ അനുമതിയോടെ വിവിധ പള്ളികളിലെ ഖുത്വ്ബകളുടെ വിവര്‍ത്തന പ്രഭാഷണവും നടത്തുമായിരുന്നു. ദോഹ ഗ്രാന്റ് മസ്ജിദ്, അല്‍ ഖലീഫ പള്ളി, അല്‍ഖാഇദ് പള്ളി എന്നിവിടങ്ങളിലായിരുന്നു ഞാന്‍ മുഖ്യമായും പ്രഭാഷണങ്ങള്‍ നിര്‍വഹിച്ചിരുന്നത്. ശമാലിയ്യ, സഈദ, വക്റ പോലെയുള്ള വിവിധ പ്രദേശങ്ങളിലേക്കും പ്രവര്‍ത്തന മണ്ഡലം വ്യാപിപ്പിച്ചു. പ്രമുഖരുടെ  സാന്നിധ്യം പ്രസ്ഥാന പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സജീവമാക്കി. അറബി ഭാഷാ പഠനവും സ്റ്റഡി ക്ലാസ്സുകളും പുസ്തക പ്രചാരണവുമൊക്കെ ഊര്‍ജസ്വലമായി. അനുഭാവികളും പ്രവര്‍ത്തകരും വര്‍ധിച്ചു. ദോഹയിലെ ബിദ്അ (ബിദാ) കെട്ടിടത്തിലായിരുന്നു എന്റെ താമസം. അവിയെയായിരുന്നു പ്രവര്‍ത്തകരുടെ സംഗമ കേന്ദ്രവും. അങ്ങനെയൊരു ഒത്തുചേരലിലാണ് ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ രൂപീകൃതമായത്. അസോസിയേഷന്റെ പ്രഥമ പ്രസിഡന്റായി എന്നെയും സെക്രട്ടറിയായി ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബിനെയും തെരഞ്ഞെടുത്തു. ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബുമായി ചേന്ദമംഗല്ലൂര്‍ മുതലുള്ള എന്റെ ബന്ധം കൂടുതല്‍ സുദൃഢമാകാനും പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ ആസൂത്രിതമായി വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിക്കാനും അതുവഴി സാധിച്ചു.
കേബ്ള്‍ ആന്റ് വയര്‍ലെസ് (ക്യൂടെല്‍) കമ്പനിയില്‍ ടെലക്സ് ഓപ്പറേറ്ററായി ജോലി ചെയ്യവെ, ഞാന്‍ അവിചാരിതമായി ഒരു പരീക്ഷണത്തിനു വിധേയനായി. സര്‍ക്കാറിനെ അനുകൂലിച്ചും പ്രതികൂലിച്ചും വരുന്ന ടെലഗ്രാം സന്ദേശങ്ങള്‍ വേര്‍തിരിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്ന ഉത്തരവാദിത്തവും എന്റെ ജോലിയുടെ  ഭാഗമായിരുന്നു. ഇതിനിടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി അബ്ദുല്ല അതിയ്യയെ ആരോ തട്ടിക്കൊണ്ടുപോയി; ഉടന്‍ തന്നെ അദ്ദേഹം മോചിപ്പിക്കപ്പെടുകയും ചെയ്തു. അതിയ്യയുടെ മോചനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ധാരാളം സന്ദേശങ്ങള്‍ വന്നുകൊണ്ടിരുന്നു. ആ സന്ദേശങ്ങള്‍ അര്‍റായ പത്രത്തിനു കൈമാറിയിരുന്നു.  എന്റെ കൈയൊപ്പോടെയാണ് സന്ദേശങ്ങള്‍ കൈമാറിയിരുന്നത്.  അതിലൊരു സന്ദേശം തട്ടിക്കൊണ്ടുപോകലിനെ അനുകൂലിച്ചുള്ളതായിരുന്നു.  അനവധി അനുമോദന സന്ദേശങ്ങള്‍ക്കിടയില്‍ പ്രതികൂലമായി വന്ന ആ സന്ദേശം എന്റെ ശ്രദ്ധയില്‍ പെട്ടില്ല. വിഷയം രഹസ്യാന്വേഷണ വിഭാഗം ഏറ്റെടുത്തു അന്വേഷണത്തിന് ഉത്തരവിട്ടു. എന്നെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് കൊണ്ടുപോയി. കടുത്ത ശിക്ഷ ലഭിക്കാവുന്ന രാജ്യദ്രോഹ കുറ്റമാണ് ഞാന്‍ ചെയ്തിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഓര്‍മിപ്പിച്ചു. അബദ്ധത്തില്‍ സംഭവിച്ചുപോയതാണെന്നും മരണമാണ് ശിക്ഷയെങ്കിലും അത് ഏറ്റെടുക്കാന്‍ തയാറാണെന്നും പക്ഷേ ജീവിക്കാന്‍ അവസരം നല്‍കിയ ഒരു നാടിനോട് രാജ്യദ്രോഹം ചെയ്തു എന്ന കുറ്റം മരണത്തേക്കാളും വലിയ അപമാനമായിട്ടാണ്  മനസ്സിലാക്കുന്നതെന്നും ഞാന്‍ അവരോട് പറഞ്ഞു.
എന്നെ അറസ്റ്റ് ചെയ്ത വിവരം ഇസ്ലാമിക പ്രവര്‍ത്തകരില്‍ വലിയ ആശങ്ക പരത്തി. എതിരാളികള്‍ അപവാദ പ്രചാരണത്തിനുള്ള അവസരമായി സംഭവത്തെ ദുരുപയോഗം ചെയ്തു. കെ.സി അബ്ദുല്ലത്വീഫ്, കെ.ടി അബ്ദുല്ല, ടി.കെ പോക്കുട്ടി തുടങ്ങിയവര്‍ ഗവണ്‍മെന്റ് തസ്തികകളില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. അവരുള്‍പ്പെടെ ഖത്തര്‍ ഭരണകൂടവുമായി ബന്ധമുള്ള പലരും പലവിധ ശ്രമങ്ങള്‍ നടത്തിയിട്ടും അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടിക്രമങ്ങളില്‍ ഒരു ഇളവും ലഭിച്ചില്ല. ജയില്‍ വസ്ത്രമണിഞ്ഞ് ഞാന്‍ മൂന്നു ദിവസമായി ജയിലില്‍ തന്നെയാണ്. ഭക്ഷണം ലഭിക്കുന്നുണ്ട്. പക്ഷേ നിരപരാധിയായി ജയിലിലടക്കപ്പെട്ടത് എന്റെ മനസ്സിനെ വല്ലാതെ പിടിച്ചുകുലുക്കി. ബന്ധപ്പെട്ട ഓഫീസില്‍ ജോലി ചെയ്തിരുന്ന എ. മുഹമ്മദലി ആലത്തൂര്‍ എന്നെ കുറ്റവിമുക്തനാക്കാനുള്ള ശ്രമം തുടര്‍ന്നു. എം.വി മുഹമ്മദ് സലീം മൗലവി, ദോഹ അബ്ദുല്ല ഹാജി, സ്വിസ് മജീദ് സാഹിബ് എന്നിവര്‍ ആഭ്യന്തരമന്ത്രി ഖാലിദിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായി ബന്ധപ്പെട്ടു.  ഒരു വിഷയത്തിലും ശിപാര്‍ശ ചെയ്യുന്ന സ്വഭാവം ഇഖ്‌വാനികള്‍ക്കില്ല എന്നായിരുന്നു ഇഖ്‌വാനിയായ പ്രൈവറ്റ് സെക്രട്ടറിയുടെ ആദ്യ പ്രതികരണം. എന്നാല്‍ എന്റെ നിരപരാധിത്വം ബോധ്യപ്പെട്ടതിനാല്‍ ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരാമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. ഒരു അശ്രദ്ധ സമ്മാനിച്ച രാജ്യദ്രോഹ കുറ്റത്തില്‍നിന്നും ജയില്‍വാസത്തില്‍നിന്നും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഞാന്‍ കുറ്റവിമുക്തനാക്കപ്പെട്ടു. മനമുരുകിയ പ്രാര്‍ഥനക്ക് അല്ലാഹു നല്‍കിയ സമ്മാനമായിരുന്നു അത്.
അതൊരു വെള്ളിയാഴ്ചയായിരുന്നു. ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഓര്‍മപ്പെരുന്നാളായിരുന്നു ആ ദിനം. ജയില്‍മോചിതനായി അതേ ഓഫീസില്‍ അതേ കസേരയില്‍ തിരിച്ചെത്തിയത് പ്രസ്ഥാന ബന്ധുക്കള്‍ക്കും ഓഫീസിലെ സഹപ്രവര്‍ത്തകര്‍ക്കും ഒരേസമയം ആഹ്ലാദവും അത്ഭുതവുമായിരുന്നു. വിമര്‍ശകര്‍ പടച്ചുവിട്ട കുപ്രചാരണങ്ങള്‍ മുനയൊടിഞ്ഞ അസ്ത്രങ്ങളായി നിലംപതിച്ചു. പ്രതിസന്ധിക്കു ശേഷം വിജയമുണ്ടെന്ന വേദപാഠം സ്വജീവിതത്തിലൂടെ അനുഭവിച്ചു.

മാതാവിന്റെ വിയോഗം, പ്രവാസത്തോട് വിട
പ്രവാസ ജീവിതത്തിലെ തീക്ഷ്ണമായ പരീക്ഷണങ്ങളെ അതിജീവിച്ച് ജോലിയും ഇസ്ലാമിക സേവന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകവെ ജീവിതത്തിന്റെ താങ്ങും തണലും വഴികാട്ടിയുമായി നിന്ന എന്റെ ഉമ്മ മരണപ്പെട്ടു. അത് എന്നെ തീരാദുഃഖത്തിലാഴ്ത്തി. എത്രയും പെട്ടെന്ന് നാട്ടില്‍ പോകാനുള്ള ആഗ്രഹം തിരമാല പോലെ ഹൃദയത്തെ പ്രക്ഷുബ്ധമാക്കി. പത്തു ദിവസത്തെ ലീവിന് ഞാന്‍ അപേക്ഷിച്ചുവെങ്കിലും ഓഫീസ് അനുമതി നല്‍കിയില്ല. നിയമപരമായി ലീവ് കിട്ടാന്‍ വീണ്ടും ആറു മാസം കൂടി കാത്തിരിക്കണമായിരുന്നു. അതുവരെ കാത്തിരിക്കാന്‍ മനസ്സ് അനുവദിച്ചില്ല. ഞാന്‍ ജോലിയില്‍നിന്ന് രാജിവെക്കാന്‍ തീരുമാനിച്ചു. പരീക്ഷണത്തിന്റെ നാളുകള്‍ക്കു ശേഷം പ്രപഞ്ചനാഥന്‍ തുറന്നുതന്ന അനുഗ്രഹം നിറഞ്ഞ ഈ അവസരം നഷ്ടപ്പെടുത്തരുതെന്ന് പ്രവര്‍ത്തകരും പ്രിയപ്പെട്ടവരും എന്നെ ഉപദേശിച്ചു. പക്ഷേ, പ്രവാസ ജീവിതം സമ്മാനിച്ച സൗഹൃദങ്ങളോടും  ഇസ്‌ലാമിക് അസോസിയേഷന്റെ ചടുലമായ പ്രവര്‍ത്തനങ്ങളോടും സന്തോഷവും സന്താപവും പകര്‍ന്ന തൊഴിലിനോടും വിടചൊല്ലി  ഖത്തറില്‍നിന്ന് തിരിച്ചുപോരുകയല്ലാതെ എനിക്ക് നിവൃത്തിയില്ലായിരുന്നു
മാതൃത്വത്തിന്റെ തണല്‍മരം വിടചൊല്ലിയ വീട്ടില്‍ ഞാന്‍ ദുഃഖത്തോടെ തിരിച്ചെത്തി. ഖത്തറിലേക്ക് പോകുന്നതിനു മുമ്പ് ഞാന്‍ അല്‍പ്പകാലം ബിസിനസ്സില്‍ ഏര്‍പ്പെട്ടിരുന്നു. ആ ബിസിനസ്സിലേക്ക് തിരിച്ചുപോകണമോ മറ്റു വല്ലതും ചെയ്യണമോ എന്ന്  ആലോചിച്ചിരിക്കെയാണ് എറണാകുളം ജില്ലയിലെ മന്നം കേന്ദ്രമായി പരിസര പ്രദേശത്തെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിച്ചിരുന്ന ഇസ്‌ലാമിയ കോളേജ് വിപുലീകരിക്കാന്‍ ശ്രമം നടക്കുന്നു എന്ന വിവരം  ലഭിക്കുന്നത്. സാമ്പത്തിക പ്രയാസം നിമിത്തം മുന്നോട്ടുള്ള പ്രയാണം തടസ്സപ്പെട്ടപ്പോള്‍ വാടാനപ്പള്ളി ഓര്‍ഫനേജ് കമ്മിറ്റി മന്നം പ്രാദേശിക കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം കോളേജ് ഏറ്റെടുക്കുകയായിരുന്നു. സ്ഥാപനത്തിന്റെ സാരഥ്യം ആര്‍ ഏറ്റെടുക്കും എന്ന  ചര്‍ച്ച വന്നപ്പോള്‍ മന്നം കെ.കെ ഇബ്റാഹീം സാഹിബ് വാടാനപ്പള്ളി ഓര്‍ഫനേജ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ മമ്മുണ്ണി മൗലവിയോട് എന്റെ പേര് നിര്‍ദേശിച്ചു. അന്നത്തെ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബ് ഈ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് എന്നോട് പറഞ്ഞു. സിദ്ദീഖ് ഹസന്‍ സാഹിബിന്റെ ഇളം പുഞ്ചിരിയോടു കൂടിയ  കനമുള്ള ആ നിര്‍ദേശം ഒരു നിയോഗ ദൗത്യമായി ഞാന്‍ ഏറ്റെടുത്തു.
പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഹോസ്റ്റല്‍ സൗകര്യത്തോടെയുള്ള  വിപുലമായ വനിതാ കോളേജ് എന്നത് പ്രാരംഭ ഘട്ടത്തില്‍ ഭാരിച്ച ഉത്തരവാദിത്തം തന്നെയായിരുന്നു. വാടാനപ്പള്ളി ഓര്‍ഫനേജ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ മമ്മുണ്ണി മൗലവിയുടെയും ഡയറക്ടര്‍ സി.കെ ഹനീഫ മാസ്റ്ററുടെയും അകമഴിഞ്ഞ പിന്തുണയോടെ കോളേജിനാവശ്യമായ അനുബന്ധ സൗകര്യങ്ങള്‍ ഘട്ടംഘട്ടമായി വിപുലീകരിച്ചുകൊണ്ടിരുന്നു. ഖത്തറിലുള്ള ഉദാരമതികളായ സഹോദരന്മാരും വിവിധ സ്ഥാപനങ്ങളിലൂടെ ലഭിച്ച ശിഷ്യഗണങ്ങളും സ്ഥാപനത്തിന്റെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനായി അരയും തലയും മുറുക്കി. മന്നം പ്രദേശവാസിയായ ജലാലുദ്ദീന്‍ സാഹിബ് സ്ഥാപനത്തിന്റെ വിപുലീകരണത്തിനു വേണ്ടി 34 സെന്റ് സ്ഥലം വഖ്ഫ് ചെയ്തു.  പ്രവാസിയായ ഡോ. മുഹമ്മദലി പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മിച്ചു നല്‍കി. വാടാനപ്പള്ളി ഓര്‍ഫനേജ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലും സമര്‍പ്പിതരായ സഹാധ്യാപകരുടെ പിന്തുണയിലും കേരളത്തിലെ മുന്‍നിരയിലുള്ള വനിതാ കലാലയമാക്കി സ്ഥാപനത്തെ മാറ്റാന്‍ സാധിച്ചു എന്നത് എന്നെ സംബന്ധിച്ചേടത്തോളം ഏറെ സന്തോഷം നല്‍കുന്നതാണ്.
ഇതിനിടയില്‍ ബാല്യവും കൗമാരവും വിജ്ഞാന സമ്പാദനവുമൊക്കെയായി ജീവിതം തളിരിട്ട കൊടുങ്ങല്ലൂരില്‍നിന്ന് താമസം കുടുംബത്തോടൊപ്പം ഞാന്‍ മന്നത്തേക്ക് മാറുകയും ചെയ്തു.
മന്നത്തേക്ക് വന്നതോടെ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ എറണാകുളം ജില്ലയിലെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ സാധിച്ചു. ജമാഅത്തിന്റെ ഒരു പ്രവര്‍ത്തന കാലയളവില്‍ എറണാകുളം ജില്ലാ നാസിമായും വര്‍ഷങ്ങളോളം മന്നം പ്രാദേശിക ജമാഅത്തിന്റെ അമീറായും പ്രവര്‍ത്തിച്ചു. ആലുവ അസ്ഹറുല്‍ ഉലൂം ട്രസ്റ്റിന്റെ വൈസ് ചെയര്‍മാനായും ഒരു വര്‍ഷക്കാലം അസ്ഹറുല്‍ ഉലൂം കോളേജ് പ്രിന്‍സിപ്പലായും സേവനം ചെയ്തു. മന്നത്തെയും പരിസര പ്രദേശങ്ങളിലെയും മസ്ജിദ് നിര്‍മാണത്തിനും ഇസ്‌ലാമിക സംരംഭങ്ങളുടെ നടത്തിപ്പിനും നേതൃത്വം വഹിച്ചപ്പോഴെല്ലാം ഉദാരമതികളുടെ സഹായം ലഭിച്ചത് കൃതജ്ഞതയോടെ സ്മരിക്കുന്നു.
മുപ്പത് വര്‍ഷത്തോളം പറവൂര്‍ ശറഫുല്‍ ഇസ്ലാം ജുമുഅ മസ്ജിദ് ഖത്വീബായി സേവനം ചെയ്യാന്‍ അവസരം ലഭിച്ചത് സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള വ്യക്തികളുമായി അടുത്ത് ഇടപഴകാന്‍ നിമിത്തമായി. പറവൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് ഒരു ഷെഡിലായിരുന്നു ആദ്യഘട്ടത്തില്‍ മസ്ജിദ് പ്രവര്‍ത്തിച്ചിരുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനും  പ്രസ്ഥാന അനുഭാവിയുമായിരുന്ന സൈദാലി സാഹിബായിരുന്നു ട്രസ്റ്റിന്റെ ചെയര്‍മാന്‍.  ജുമുഅ ഖുത്വ്ബ ആരെ എല്‍പ്പിക്കുമെന്ന ചര്‍ച്ച വന്നപ്പോള്‍ മന്നം കെ.കെ ഇബ്റാഹീം സാഹിബാണ് എന്നെപ്പറ്റി സൈദാലി സാഹിബിനോട് പറഞ്ഞത്. ട്രസ്റ്റിലെ ഭിന്ന വീക്ഷണമുള്ള പലരും വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയപ്പോഴും സൈദാലി സാഹിബ് ഉറച്ച തീരുമാനമെടുത്ത് എന്നെ ഖത്വീബായി നിശ്ചയിക്കുകയായിരുന്നു. കൃത്യമായ വ്യവസ്ഥകളോടെയാണ് ഞാന്‍ ആ ദൗത്യം ഏറ്റെടുത്തത്. സ്വന്തമായി വരുമാനമുള്ള കാലത്തോളം ഖുത്വ്ബക്ക് വേതനം പറ്റുകയില്ല, പാരമ്പര്യ സ്വഭാവത്തില്‍നിന്ന് മാറി ഇസ്ലാമിക ദര്‍ശനത്തിലൂന്നിയ സ്വതന്ത്ര ഖുത്വ്ബ നിര്‍വഹിക്കാന്‍ അധികാരമുണ്ടായിരിക്കണം, ഖുത്വ്ബയുടെ വിഷയത്തിലോ ഉള്ളടക്കത്തിലോ ബാഹ്യമായ ഇടപെടല്‍ ഒരിക്കലും ഉണ്ടാകരുത്, കമ്മിറ്റിക്ക് വിധേയനായ ഒരു ഖത്വീബ് ആയിരിക്കില്ല താന്‍.  ഈ വ്യവസ്ഥകളൊക്കെ ഭാരവാഹികള്‍ അംഗീകരിക്കുകയും ചെയ്തു.
കൊറോണയുടെ പശ്ചാത്തലത്തില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ എനിക്കു പകരം എസ്.എം സൈനുദ്ദീന്‍ അസ്ഹരിയാണ് ഇപ്പോള്‍ ശറഫില്‍ ഖുത്വ്ബ നിര്‍വഹിക്കുന്നത്. എറണാകുളം മദീനാ മസ്ജിദിലും കൊച്ചി ബിലാല്‍ മസ്ജിദിലും പല സന്ദര്‍ഭങ്ങളിലായി ഖുത്വ്ബ നിര്‍വഹിച്ചപ്പോള്‍ കൊച്ചി നഗരത്തിലെ പലരുമായും ബന്ധപ്പെടാന്‍ അവസരമുണ്ടായി. ചേന്ദമംഗല്ലൂരില്‍ സേവനം ചെയ്യുമ്പോള്‍ ഫറോക്ക് റൗദത്തുല്‍ ഉലൂം പ്രിന്‍സിപ്പലായിരുന്ന സി.പി അബൂബക്കര്‍ മൗലവിക്കു പകരം കോഴിക്കോട് പാളയം മുഹ്‌യിദ്ദീന്‍ പള്ളിയില്‍ കുറച്ചുകാലം ഖുത്വ്ബ നിര്‍വഹിച്ചത് ഹൃദ്യമായ ഓര്‍മയായി ഇന്നും മനസ്സിലുണ്ട്.

തിരിഞ്ഞുനോക്കുമ്പോള്‍ ചാരിതാര്‍ഥ്യം
തൃശൂര്‍, എറണാകുളം ജില്ലകളിലും ചേന്ദമംഗല്ലൂരിലും പ്രവാസ കാലഘട്ടത്തില്‍ ഖത്തറിലുമൊക്കെയായി ഒഴുകിപ്പരന്ന ജീവിത സഞ്ചാരം പ്രസ്ഥാന പാതയിലൂടെ സമര്‍പ്പിക്കാന്‍ സാധിച്ചതാണ് എന്റെ ആയുസ്സിലെ മഹാ സൗഭാഗ്യം. നാട്ടിലും മറുനാട്ടിലുമായി വിമര്‍ശനങ്ങളുടെ ശരവര്‍ഷം നടത്തിയവര്‍ പ്രസ്ഥാനത്തിന്റെ സഹായികളും സഹകാരികളുമായത് ആദര്‍ശത്തിന്റെ മഹത്വം തന്നെ. അവരൊക്കെയും ഇന്ന് സ്നേഹത്തോടെ നെഞ്ചില്‍ ചേര്‍ത്തു വെക്കുമ്പോള്‍ ഹൃദയങ്ങളെ കോര്‍ത്തിണക്കുന്നതും ഈ ആദര്‍ശബന്ധം തന്നെ.
കൊച്ചി പള്ളിപ്പറമ്പില്‍ പരേതനായ മുഹമ്മദിന്റെ മകള്‍ സഫിയ്യ ആയിരുന്നു എന്റെ ഭാര്യ. സ്വദേശത്തും വിദേശത്തുമായി ചെലവഴിച്ച എന്റെ ജീവിതത്തിന്റെ വഴിത്താരയില്‍ കുടുംബത്തിന്റെ വിളക്കായി ജീവിച്ച ഭാര്യ ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് പടച്ചവനിലേക്ക് യാത്രയായി. സാജിദ (ഖത്തര്‍), സജീന, ബല്‍ക്കീസ് (അധ്യാപികമാര്‍), ഷമീമ എന്നിവരാണ് പെണ്‍മക്കള്‍. ശാക്കിര്‍ (ഖത്തര്‍) ഏക പുത്രനും. ഫാറൂഖ് അബൂബക്കര്‍, അബ്ദുസ്സമദ്, കുഞ്ഞുമുഹമ്മദ്, മുഹമ്മദ് റഫീഖ്, ഷംസാദ് എന്നിവരാണ് മരുമക്കള്‍. മക്കളും പേരമക്കളുമടങ്ങുന്ന കുടുംബം പ്രസ്ഥാന പാതയില്‍ കൂടെയുണ്ട് എന്നതാണ് എന്റെ ജീവിതത്തിന്റെ കണ്‍കുളിര്‍മ. ഇനിയുമത് തുടരണമേ എന്നാണ് എന്റെ ആത്മാര്‍ഥ പ്രാര്‍ഥന.
മരുമകന്‍ റഫീഖും മകള്‍ ഷമീമയും പേരമക്കളുടമങ്ങുന്ന കുടുംബം വയനാട്ടില്‍ വിവാഹ സര്‍ക്കാരത്തില്‍ സംബന്ധിച്ച് മടങ്ങവെ ഒരു പാതിരാത്രിയില്‍ വാഹനാപടകത്തില്‍ പെട്ടതാണ് എന്റെ ജീവിതത്തെ പിടിച്ചുകുലുക്കിയ നടുക്കുന്ന ഓര്‍മ. ഗുരുതരമായ പരിക്കുകള്‍ എന്റെ ഹൃദയതാളം തെറ്റിച്ചു. ആടിയുലഞ്ഞ ജീവിതത്തെ പിടിച്ചുനിര്‍ത്തുന്നത് ഈമാന്റെ മാധുര്യമാണെന്ന് എന്റെ ജീവിതാനുഭവം എന്നെ പഠിപ്പിച്ചു. നീണ്ട ചികിത്സക്കു ശേഷം അവരൊക്കെയും ജീവിതത്തിലേക്ക് തിരിച്ചുവന്നത് അളവറ്റ ദൈവാനുഗ്രഹം. അപകടത്തെത്തുടര്‍ന്ന് ഇളയ പുത്രി ഷമീമ ഗുരുതരമായ പരിക്ക് കാരണം അരക്ക് താഴെ പൂര്‍ണമായും തളര്‍ന്ന് വീല്‍ ചെയറില്‍ ജീവിതം തള്ളിനീക്കുമ്പോഴും മകളെ പൊന്നുപോലെ നോക്കുന്ന ഒരു ഇസ്ലാമിക പ്രവര്‍ത്തകനെ മരുമകനായി കിട്ടിയത് എന്റെ ജീവിതത്തിലെ അളവറ്റ ദൈവാനുഗ്രഹം. പ്രസ്ഥാനത്തോട് ചേര്‍ന്നു നിന്ന നാള്‍ മുതല്‍ ഇന്നേവരെയുള്ള എന്റെ ഗതകാല ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് പറയാനുള്ളത് അല്‍ഹംദു ലില്ലാഹ് എന്നു മാത്രം. പ്രസ്ഥാനത്തിനു ഞാന്‍ സമര്‍പ്പിച്ചതിനേക്കാള്‍ എത്രയോ അധികമായി   അല്ലാഹു എനിക്ക് തിരിച്ചുതന്നു എന്നത് തന്നെ അതിനു കാരണം.  അറിവ് പകര്‍ന്നുകൊടുത്ത ശിഷ്യഗണങ്ങളും അവരുടെ നിലക്കാത്ത പ്രാര്‍ഥനകളുമാണ് എന്റെ ജീവിതത്തിലെ  നീക്കിയിരുപ്പുകള്‍.  ഇന്ന് മന്നം ഇസ്ലാമിയ കോളേജ് ഡയറക്ടറായി സേവനപാതയില്‍ തുടരുമ്പോള്‍ സംതൃപ്തി നിറഞ്ഞ എന്റെ ഭൂതകാലവും വര്‍ത്തമാനകാലവും പോലെ ഭാവി ജീവിതവും പ്രസ്ഥാന മാര്‍ഗത്തില്‍ തന്നെ ധന്യമാകേണമേ എന്ന പ്രാര്‍ഥന മാത്രം. സഹൃദയരായ വായനക്കാരോടും പ്രിയപ്പെട്ടവരോടും എനിക്ക് ഉണര്‍ത്താനുള്ളതും ഈയൊരു പ്രാര്‍ഥന കൊണ്ടുള്ള വസ്വിയ്യത്ത് മാത്രം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ - 4-6
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹദീസ്‌നിഷേധത്തിന്റെ ഭവിഷ്യത്ത്‌
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌