വേറിട്ട പ്രതിഷേധാവിഷ്‌കാരമായി 'ഡിക്ഷണറി ഓഫ് മാപ്പിള മാര്‍ട്ടിയേഴ്സ്'
എസ്.ഐ.ഒ കേരള പുറത്തിറക്കിയ 'ഡിക്ഷ്ണറി ഓഫ് മാപ്പിള മാര്‍ട്ടിയേഴ്സ്' എന്ന പുസ്തകം സ്വാതന്ത്ര്യസമര ചരിത്രത്തില്‍നിന്ന് മലബാര്‍ സമര പോരാളികളെ ഇല്ലാതാക്കാനുള്ള സംഘ് പരിവാര്‍ പദ്ധതിക്കെതിരെയുള്ള വേറിട്ട പ്രതിഷേധമാവുകയാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എച്ച്.ആര്‍) രക്തസാക്ഷി നിഘണ്ടുവില്‍നിന്ന് വെട്ടിമാറ്റിയ മാപ്പിള രക്തസാക്ഷികളുടെ പേരുവിവരങ്ങള്‍ ക്രോഡീകരിക്കാനാണ് ഈ പ്രതിഷേധ പുസ്തകത്തില്‍ എസ്.ഐ.ഒ ശ്രമിച്ചിട്ടുള്ളത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള ഐ.സി.എച്ച്.ആര്‍ 2019-ല്‍ പുറത്തിറക്കിയ ഇന്ത്യന്‍ സ്വാതന്ത്ര്യസമര രക്തസാക്ഷി നിഘണ്ടുവിന്റെ അഞ്ചാം വാള്യം പുനഃപരിശോധിച്ച മൂന്നംഗ സമിതിയാണ് മലബാര്‍ സമര രക്തസാക്ഷികളെ ഒഴിവാക്കി പുതുക്കിയ പതിപ്പ് പുറത്തിറക്കുമെന്ന് അറിയിച്ചത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരുമടക്കം നിരവധി മാപ്പിളമാര്‍ ശഹാദത്ത് വരിച്ച 1921-ലെ മലബാര്‍ സമരത്തെ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഭാഗമായി കണക്കാക്കാന്‍ കഴിയില്ലെന്നും അത് നിര്‍ബന്ധിത മതപരിവര്‍ത്തനം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച മതമൗലികവാദ മുന്നേറ്റം മാത്രമായിരുന്നുവെന്നുമാണ് ഐ.സി.എച്ച്.ആര്‍ ഇപ്പോള്‍ വാദിക്കുന്നത്. കാലങ്ങളായി സംഘ് പരിവാര്‍ ആവര്‍ത്തിക്കുന്ന കുപ്രചാരണം അതേപടി ഏറ്റെടുക്കുന്ന ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നത്.
ഐ.സി.എച്ച്.ആറിന്റെ വിവാദ നീക്കം വാര്‍ത്തയായപ്പോള്‍ ഒഴിവാക്കപ്പെടുന്ന മാപ്പിള ശുഹദാക്കളെ ഉള്‍പ്പെടുത്തി പ്രതിഷേധ പുസ്തകം പ്രസിദ്ധീകരിക്കാന്‍ എസ്.ഐ.ഒ കേരള തീരുമാനിക്കുകയായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തെ മലബാര്‍ സമരം പല രീതിയില്‍ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ഐ.സി.എച്ച്.ആര്‍ വെട്ടിമാറ്റുന്ന മാപ്പിള ശുഹദാക്കളുടെ പേരുകള്‍ പറഞ്ഞുകൊണ്ടേയിരിക്കുക എന്നത് ഹിന്ദുത്വ ഭരണകൂടത്തോടുള്ള ശക്തമായ നിലപാടറിയിക്കലാണ്
ബ്രിട്ടീഷുകാര്‍ക്കു കീഴില്‍ വള്ളുവനാട്, ഏറനാട്, കോഴിക്കോട് താലൂക്കുകളായിരുന്ന മലബാര്‍ രാഷ്ട്രീയമായും വൈജ്ഞാനികമായും സാംസ്‌കാരികമായും വിദേശ അധിനിവേശത്തെ ചെറുക്കുകയായിരുന്നു. സമ്പന്നമായ ലോകപരിചയവും വൈവിധ്യമാര്‍ന്ന സംസ്‌കാരവും ശക്തമായ മതവിശ്വാസവും കൈമുതലായുണ്ടായിരുന്ന മലബാറിലെ ജനതക്ക് എക്കാലത്തും അതിക്രമങ്ങളെയും ആധിപത്യങ്ങളെയും പ്രതിരോധിച്ച ചരിത്രമാണ് പറയാനുള്ളത്. ആ പാരമ്പര്യത്തിന്റെ തുടര്‍ച്ചയിലാണ് 1921-ലെ മാപ്പിള പോരാട്ടങ്ങളും വരുന്നത്. 1921-ലെ അധിനിവേശവിരുദ്ധ പോരാട്ടത്തില്‍ ധാരാളം പേര്‍ ശഹാദത്ത് വരിക്കുകയും ഒട്ടനവധിയാളുകള്‍ നാടുകടത്തപ്പെടുകയും ചെയ്തു. ഈ പോരാട്ട ചരിത്രം നൂറ്റാണ്ട് പിന്നിടുന്ന വേളയില്‍ വിദ്വേഷ നടപടികളുമായി ഹിന്ദുത്വ ശക്തികള്‍ മുന്നോട്ടു പോകുന്നത് ചരിത്രത്തില്‍ തങ്ങള്‍ കൊളോണിയല്‍ മര്‍ദകരുടെ പക്ഷത്താണ് നിലകൊള്ളുന്നത് എന്ന സംഘ് പരിവാറിന്റെ സ്വയം വെളിപ്പെടുത്തല്‍ കൂടിയാണ്.
മലബാര്‍ സമരം സമകാലികതയോട് പലതരത്തിലുള്ള സംവാദങ്ങള്‍ സാധ്യമാക്കുന്നുണ്ട്. ഹിന്ദുത്വ രാഷ്ട്രീയം ശക്തമായിക്കൊണ്ടിരിക്കുകയും അത് ചരിത്രത്തെ മായ്ച്ചുകളയാന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സവിശേഷമായ ഈ രാഷ്ട്രീയ സന്ദര്‍ഭത്തില്‍ മലബാര്‍ സമരത്തിന്റെ ഓര്‍മകളെ ജനകീയമാക്കുന്നതിനും അത് ആഘോഷിക്കുന്നതിനും സവിശേഷ രാഷ്ട്രീയ പ്രാധാന്യമുണ്ട്. രാഷ്ട്രത്തിന്റെ ചരിത്രരൂപീകരണത്തിലും അതുവഴിയുണ്ടാവുന്ന അധികാര ബന്ധങ്ങളിലും പുറന്തള്ളപ്പെട്ടുപോയ ജനതകളെയും, അധീശ വ്യവഹാരങ്ങള്‍ മറച്ചുപിടിക്കുന്ന കീഴാള-മുസ്‌ലിം ജനതകളുടെ കര്‍തൃത്വത്തിലും അവരുടെ രാഷ്ട്രീയ-ദൈവശാസ്ത്ര-സൗന്ദര്യ സങ്കല്‍പനങ്ങളില്‍നിന്നും രൂപപ്പെട്ട വ്യവഹാരങ്ങളെയും സമരങ്ങളെയും ആഘോഷിക്കേണ്ടത് ഹിന്ദുത്വ ഇന്ത്യയില്‍ പ്രധാനമാണ്. മലബാര്‍ സമരമെന്ന ചരിത്ര ബിന്ദുവിനെ കേന്ദ്രീകരിച്ച് വെറുപ്പുല്‍പാദനവും ചരിത്രത്തിന്റെ ദുര്‍വ്യാഖ്യാനവും നടത്തി ഹിന്ദുത്വ രാഷ്ട്രീയം വളര്‍ച്ചക്കായി അതിനെ ഉപയോഗപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ മലബാര്‍ സമരത്തെയും അതിലെ ഐതിഹാസിക പോരാളികളെയും ഓര്‍ത്തെടുക്കുക എന്നതിലൂടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ എതിര്‍പക്ഷത്ത് സ്വയം സ്ഥാനപ്പെടുത്തുക കൂടിയാണ്.
സ്വാതന്ത്ര്യസമര രക്തസാക്ഷികളെ കുറിച്ച് ഐ.സി.എച്ച്.ആര്‍ മുമ്പ് പുറത്തിറക്കിയ നിഘണ്ടുവിലെ വിവരങ്ങള്‍ അങ്ങനെ തന്നെ പുനഃക്രോഡീകരിക്കുക മാത്രമാണ് 'മാപ്പിള രക്തസാക്ഷി നിഘണ്ടു'വില്‍ എസ്.ഐ.ഒ ചെയ്തിട്ടുള്ളത്. ഇതില്‍ ഉള്‍പ്പെടാത്ത വേറെയും മാപ്പിള ശുഹദാക്കളുണ്ട്. അവരെ കുറിച്ച് ഇനിയും പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. ഈ ഡിക്ഷ്ണറിയില്‍ പറയുന്ന പോരാളികളെയും ചുരുക്കി പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇനിയും പുറത്തുവന്നിട്ടില്ലാത്ത ധാരാളം സംഭവങ്ങള്‍ അവരെ കുറിച്ചുമുണ്ടാകാം. അതിനാല്‍ തന്നെ ഇത് മലബാര്‍ സമര ശുഹദാക്കളെ കുറിച്ച സമ്പൂര്‍ണ ഡിക്ഷ്ണറിയല്ല, ഇതൊരു പ്രതിഷേധ രചന മാത്രമാണ്.
Comments