Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 22

3223

1443 റബീഉല്‍ അവ്വല്‍ 15

അനുകരണീയം ഈ ശാക്തീകരണ സംരംഭങ്ങള്‍

വിദ്യയഭ്യസിപ്പിക്കുക, പൊരുതുക, സംഘടിപ്പിക്കുക (ഋറൗരമലേ, അഴശമേലേ, ഛൃഴമിശ്വല) - അധഃസ്ഥിത ജനവിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇന്ത്യയുടെ സവിശേഷ സാമൂഹിക സാഹചര്യത്തില്‍ ഡോ. ബി.ആര്‍ അംബേദ്കര്‍ സ്വീകരിച്ച രീതിശാസ്ത്രം ഈ ആശയ ത്രയത്തില്‍ ഊന്നിയായിരുന്നു എന്ന് പറയാറുണ്ട്. എല്ലാ അര്‍ഥത്തിലുമുള്ള വിദ്യാഭ്യാസ ശാക്തീകരണം തന്നെയാണ് ഒരു സമൂഹത്തിന്റെ വളര്‍ച്ചയില്‍ സര്‍വപ്രധാനമായിട്ടുള്ളത്. ഇതിനെത്തുടര്‍ന്ന് സാമ്പത്തികവും രാഷ്ട്രീയപരവുമൊക്കെയായ ശാക്തീകരണം സ്വാഭാവികമായി ഉണ്ടായിക്കൊള്ളും. ദലിത് സമൂഹങ്ങളെക്കുറിച്ചാണ് ഇത് പറഞ്ഞതെങ്കിലും ഇന്ത്യയിലെ പിന്നാക്ക മുസ്‌ലിം ന്യൂനപക്ഷത്തിന്റെ കാര്യത്തിലും വളരെ പ്രസക്തമാണ് ഈ ആശയം. വിദ്യ നേടി ശക്തരായാല്‍ മാത്രമേ വെല്ലുവിളികളെ അതിജീവിക്കാനാവൂ; നാനാതരം ഉന്മൂലന ശ്രമങ്ങളെ പൊരുതി തോല്‍പ്പിക്കാനാവൂ. പോരാട്ടങ്ങള്‍ ഒറ്റപ്പെട്ടതും ശിഥിലവുമായാല്‍ ശ്രമങ്ങള്‍ക്കൊന്നും കണക്കു കൂട്ടിയതു പോലുള്ള ഫലപ്രാപ്തിയുണ്ടാവുകയില്ല. അതിനാല്‍ ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുന്ന വിവിധ കൂട്ടായ്മകള്‍ തമ്മില്‍ ഐക്യം ഉണ്ടാവണം. ഒരു ഐക്യവേദിയൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവ തമ്മില്‍ ചില അലിഖിത ധാരണകളെങ്കിലും ഉണ്ടായേ മതിയാവൂ. വിലപ്പെട്ട സമയവും അധ്വാനവും വിഭവങ്ങളും പാഴായിപ്പോകാതിരിക്കാന്‍ ഈയൊരു ധാരണ വളരെ അനിവാര്യമാണ്.
വടക്കേ ഇന്ത്യയിലെയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ച് സച്ചാര്‍ കമീഷന്‍ പുറത്തുവിട്ട ഞെട്ടിക്കുന്ന കണക്കുകളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ വലുതും ചെറുതുമായ മുസ്‌ലിം കൂട്ടായ്മകള്‍ നിസ്വരും ആലംബഹീനരുമായ ആ മനുഷ്യര്‍ക്ക് തങ്ങളാലാവുന്ന സഹായങ്ങള്‍ ചെയ്യാന്‍ മുന്നോട്ടു വരുന്നത് തീര്‍ച്ചയായും അഭിമാനകരവും പ്രശംസനീയവുമാണ്. 2006-ല്‍ രൂപം കൊണ്ട 'വിഷന്‍ 2016'-ലാണ് അതിന്റെ തുടക്കം. പിന്നെ വിവിധ സംഘടനകളും സ്വതന്ത്ര കൂട്ടായ്മകളും കര്‍മരംഗത്തിറങ്ങി. ഈ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും വിപുലീകരിക്കാനും ഈ കൂട്ടായ്മകള്‍ തമ്മില്‍ അനിവാര്യമായും ഉണ്ടാകേണ്ട ധാരണകളെപ്പറ്റിയും സഹകരണത്തെപ്പറ്റിയുമാണ് തുടക്കത്തില്‍ സൂചിപ്പിച്ചത്. തര്‍ക്കിച്ച് നില്‍ക്കേണ്ട ഒരു വിഷയമേ അല്ല ഇത്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചിട്ടുള്ളവര്‍ക്ക് ആ പിന്നാക്കാവസ്ഥയുടെ ആഴവും വൈപുല്യവുമറിയാന്‍ ഒരു അന്വേഷണ റിപ്പോര്‍ട്ടും തേടിപ്പോകേണ്ടതില്ല. എല്ലാവരും ഒത്തുപിടിച്ചാല്‍ പോലും സഹായം ഉടനടി ലഭ്യമാകേണ്ട മേഖലകളുടെ ലിസ്റ്റ് അനന്തമായി നീണ്ടുകിടക്കും. രാജസ്ഥാനിലെയും പശ്ചിമ ബംഗാളിലെയും അസമിലെയും അത്തരം ചില പിന്നാക്ക പ്രദേശങ്ങളെക്കുറിച്ച ഫീച്ചറുകള്‍ പ്രബോധനം വാരിക മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. വളരെ ആശാവഹമായ പ്രതികരണമാണ് മലയാളി വായനക്കാരില്‍നിന്നുണ്ടായത്. പശ്ചിമ ബംഗാളിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജില്ലകളിലൊന്നാണ് ഉത്തര ദിനാജ്പൂര്‍. ഒരു സന്നദ്ധ സംഘടനയുടെയും നോട്ടം എത്തിപ്പെടാതിരുന്ന മേഖല. വാരികയില്‍ വന്ന ഫീച്ചര്‍ വായിച്ച് കേരളത്തില്‍നിന്നുള്ള ഒരു സന്നദ്ധ സേവാസംഘം അവിടെ ഒരു ഗ്രാമത്തില്‍  പ്രാഥമിക വിദ്യാലയത്തിന് തുടക്കം കുറിച്ചിരിക്കുകയാണിപ്പോള്‍. പ്രാഥമിക വിദ്യാലയങ്ങള്‍ പോലുമില്ലാത്ത അത്തരം എത്രയോ ഗ്രാമങ്ങളുണ്ട് ഈ മേഖലയില്‍.
ഈ മേഖലയില്‍ കുറേക്കൂടി കൂട്ടായ പ്രവര്‍ത്തനവും ഏകോപനവും സാധ്യമാണോ എന്ന് മുസ്‌ലിം കൂട്ടായ്മകള്‍ ചിന്തിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യ ലബ്ധി മുതല്‍ മുസ്‌ലിം പിന്നാക്ക പ്രദേശങ്ങളെ ഭരണകൂടങ്ങള്‍ മനപ്പൂര്‍വം അവഗണിക്കുന്നുവെന്ന പരാതി കൂടുതല്‍ ശക്തമായി ഉയര്‍ന്നുവരുന്ന ഈ പശ്ചാത്തലത്തില്‍ സര്‍ക്കാറില്‍നിന്ന് ന്യായമായ അവകാശങ്ങള്‍ അവര്‍ക്ക് നേടിക്കൊടുക്കാന്‍ എന്തുചെയ്യാന്‍ കഴിയുമെന്നും ആലോചിക്കണം. നിന്നേടത്തു നില്‍ക്കാതെ പുതിയ കര്‍മപദ്ധതികളുമായി മുന്നോട്ട് പോകണം. പ്രവര്‍ത്തനങ്ങള്‍ ഒരു മേഖലയില്‍ കേന്ദ്രീകരിക്കാതെ കഴിയുന്നത്ര വിപുലീകരിക്കണം. ഫീല്‍ഡ് പഠനങ്ങളില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ പങ്കുവെച്ച് വിവിധ കൂട്ടായ്മകള്‍ പരസ്പര ധാരണയോടെ നീങ്ങണം.
പ്രബോധനം വാരികയുടെ ഈ ലക്കത്തിലും വരുന്ന ലക്കത്തിലും വിവിധ സന്നദ്ധ സംഘങ്ങള്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവക്ക് നേതൃത്വം നല്‍കുന്നവര്‍ തന്നെ സംസാരിക്കുകയാണ്. ചെറുസംഘങ്ങളും വ്യക്തികളും നടത്തുന്ന സംരംഭങ്ങള്‍ വേറെയും ധാരാളമുണ്ട്. സ്ഥലപരിമിതി മൂലം അവയെക്കുറിച്ച റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ലെന്നേയുള്ളൂ. ഏതായാലും വളരെ അനുകരണീയമായ മാതൃക തന്നെയാണ് ഈ കൂട്ടായ്മകള്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍- 34-38
ടി.കെ ഉബൈദ്‌

ഹദീസ്‌

അല്ലാഹുവെക്കുറിച്ച് നല്ലതുമാത്രം വിചാരിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി