Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 22

3223

1443 റബീഉല്‍ അവ്വല്‍ 15

പുഞ്ചിരി പൂക്കുന്ന ആ കാലം വന്നെത്തും വരെ യാത്രകളൊക്കെ പോരാട്ടങ്ങളാണ്‌

സി.കെ സുബൈര്‍ (മുസ്ലിം യൂത്ത് ലീഗ് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി)

യാത്രകള്‍ സന്തോഷകരമായ അനുഭവമാകുന്നത് സംഘര്‍ഷരഹിതമായ മനസ്സുകൊണ്ടും ആയാസരഹിതമായ ശരീരം കൊണ്ടും അത് ചെയ്യുമ്പോഴാണ്. ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു നാടിന്റെ കാഴ്ചകളിലേക്ക്, രുചികളിലേക്ക്, അവിടത്തെ മനുഷ്യരുടെ ജീവിതങ്ങളിലേക്ക് വെറുമൊരു സഞ്ചാരിയുടെ മനസ്സുമായി നാം നടക്കാനിറങ്ങുമ്പോള്‍ അതൊരു വിനോദയാത്രയാകും. പക്ഷേ സഹജീവികളെക്കുറിച്ച് ഏതെങ്കിലും നിലക്ക് ആകുലതകളുള്ള ഒരു ശരാശരി മനുഷ്യനാണ് നിങ്ങളെങ്കില്‍ ഇന്ത്യയിലൊരിടത്തേക്കും നിങ്ങള്‍ക്ക് ഒരു വിനോദയാത്ര സാധ്യമല്ല. കാരണം, നിങ്ങള്‍ ചെന്നിറങ്ങുന്ന ഓരോ നഗരത്തിലും പാതിയില്‍ നിലച്ചുപോയ കുറേ നിലവിളികളുണ്ടാകും. ഇത് കഴിഞ്ഞ മൂന്നു നാല് വര്‍ഷക്കാലം ഉത്തരേന്ത്യയിലേക്ക് അടിക്കടി യാത്രപോയ ഒരാളെന്ന നിലക്കുള്ള എന്റെ അനുഭവമാണ്.  ഫാഷിസം ഫണം വിടര്‍ത്തിയാടുന്ന വര്‍ത്തമാനകാല ഇന്ത്യയിലെ ഓരോ നഗരവും ഓരോ തെരുവും നിങ്ങള്‍ക്കായി കാത്തുവെക്കുന്നത് അധികാരത്തിന്റെ ബലിഷ്ഠമായ കാലുകള്‍ ചവിട്ടിമെതിച്ച മനുഷ്യജീവനുകളുടെയും അവയെ ചുറ്റിപ്പറ്റി നിലനിന്ന ജീവിതങ്ങളുടെയും വേദനിപ്പിക്കുന്ന കാഴ്ചകളായിരിക്കും.
'ഭൂമിയിലെ സ്വര്‍ഗം' കശ്മീരിനെക്കുറിച്ച ഒറ്റവാക്കാണ്. ദൈവത്തിന്റെ കൈയില്‍നിന്ന് ഭൂമിയിലേക്ക് വഴുതിവീണ സ്വര്‍ഗീയ ആരാമം എന്ന് കവിഭാവന. പക്ഷേ ദാല്‍ തടാകത്തിന്റെയും ഉദ്യാനങ്ങളുടെയും ആപ്പിള്‍തോട്ടങ്ങളുടെയും നാട് കഴിഞ്ഞ എത്രയോ കാലമായി തടവിലാണ്. 'ലോക്ക് ഡൗണ്‍' എന്ന ഒറ്റപ്പെടലും നിശ്ചലാവസ്ഥയും നമ്മളൊക്കെ അനുഭവിക്കുന്നതിനു മുമ്പ് എത്രയോ മടങ്ങ് തീവ്രതയോടെ അത് അനുഭവിക്കുന്നവരാണവര്‍. എട്ടു വയസ്സിന്റെ നിഷ്‌കളങ്കതയില്‍ അറുത്തുമാറ്റപ്പെട്ട ഒരു കുരുന്നു പൂവ്, ആസിഫ എന്ന പെണ്‍കുട്ടി അവളുടെ നാടായാണ് കശ്മീര്‍ ഈയുള്ളവന്റെ മനസ്സില്‍ തെളിയുക. ശ്രീനഗറിലെ നടപ്പാതകളില്‍ കണ്ടുമുട്ടിയ ഏതെങ്കിലും ടൂറിസ്റ്റ് ഗൈഡിന്റെ വാചാലതയില്‍നിന്നല്ല ഞാന്‍ കശ്മീരിനെ അറിഞ്ഞത്. മുഹമ്മദ് യൂസുഫ് എന്ന, യൂസുഫ് ഭായി എന്ന് ഞങ്ങളൊക്കെ വിളിക്കുന്ന ഒരു ബക്കര്‍വാള്‍ ഗോത്രക്കാരന്റെ നിറകണ്ണുകളിലാണ് ഞാന്‍ കശ്മീരിനെ കണ്ടത്. ആസിഫയുടെ പിതാവിന്റെ, നിരക്ഷരനായ  ആ  മനുഷ്യന്റെ വിതുമ്പിക്കരച്ചിലാണ് ആ നാടിനെക്കുറിച്ച് ഞാന്‍ കേട്ട  ഏറ്റവും വാചാലമായ വിവരണം. നമ്മുടെയൊക്കെ അനുഭവങ്ങളിലെ ഏറ്റവും തീവ്രമായ ട്രിപ്പ്ള്‍ ലോക്ക് ഡൗണ്‍ ഇല്ലേ, എന്തൊരു കഷ്ടമെന്ന് നമ്മളൊക്കെ അടിക്കടി ശപിച്ചു തള്ളിനീക്കിയ ദിവസങ്ങള്‍. എന്നാല്‍ കശ്മീരീ ജനതയും അവരുടെ രാഷ്ട്രീയ നേതൃത്വവും ഏതാണ്ട് രണ്ടു വര്‍ഷമാണ് സ്വന്തം വീടുകളില്‍ എല്ലാ ആശയവിനിമയ ബന്ധവും അറുത്തുമാറ്റപ്പെട്ട് തടങ്കലിലടക്കപ്പെട്ടത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരെ പ്രതിഷേധങ്ങളുയരാതിരിക്കാന്‍ ഇന്ത്യന്‍ ആഭ്യന്തരമന്ത്രിയുടെ ഉരുക്കുമുഷ്ടിയില്‍ ഒരു നാട് പിടഞ്ഞു. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണ്‍ സൗകര്യങ്ങളും വാര്‍ത്താവിനിമയ ബന്ധവും വിഛേദിച്ച് വലിയ ഒരു തുറന്ന ജയിലാക്കി ആ നാടിനെ മാറ്റി. നിസ്സംഗനായ സഞ്ചാരിയുടെ മനസ്സുമായി നിങ്ങളെങ്ങനെ അവിടേക്ക് യാത്രപോകും?
പഞ്ചാബ്, സ്വര്‍ണനിറമുള്ള ഗോതമ്പു പാടങ്ങളുടെയും സുവര്‍ണക്ഷേത്രത്തിന്റെയും നാട്. അമൃത്‌സറും ലുധിയാനയും പോലെയുള്ള വലിയ നഗരങ്ങള്‍ക്ക് മാത്രമല്ല പഞ്ചാബിന്റെ ഗ്രാമങ്ങള്‍ക്കുമുണ്ട് കഥകളേറെ പറയാന്‍. ഈ കാഴ്ചകളൊന്നും കാണാനല്ല സമീപകാലത്ത് പഞ്ചാബില്‍ പോയത്. പത്താന്‍കോട്ട് എന്ന ചെറുനഗരത്തിലെ ഒരു കോടതിമുറ്റത്തേക്കായിരുന്നു ആ യാത്രകളൊക്കെ. അവിടേക്ക് ഓരോ വട്ടവും ഞങ്ങളെ കൂട്ടിയത് ഒരു ടൂറിസ്റ്റ് ഗൈഡായിരുന്നില്ല, ഒരഭിഭാഷകനായിരുന്നു. അഡ്വ. മുബീന്‍ ഫാറൂഖി. കത്‌വ പെണ്‍കുട്ടിയുടെ കേസിന്റെ വിചാരണ നടന്ന പത്താന്‍കോട്ടിലെ ജില്ലാ കോടതിയിലേക്കായിരുന്നു ആ യാത്രകള്‍. ഒരുപാട് മനുഷ്യരുടെ പ്രാര്‍ഥനകളുടെ അകമ്പടിയുണ്ടായിരുന്ന യാത്രകള്‍. ഒന്നും വെറുതെയായില്ല. കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെട്ടു. പത്താന്‍കോട്ടിലെ ആ സന്ധ്യ ഒരിക്കലും മറക്കാനാവാത്തതാണ്. കുറേ പേര്‍ കൈകള്‍ ചങ്ങലക്കിട്ട് ജയിലിലേക്കു പോകുന്നത് നേരിട്ടു കണ്ടപ്പോള്‍ സന്തോഷിച്ചത് അന്നാണ്. യാത്രകള്‍ പിന്നെ ഛണ്ഡിഗഢിലേക്കായി. കിറുകൃത്യമായ നഗരാസൂത്രണത്തിന്റെ പേരിലാണ് ഛണ്ഡിഗഢിന്റെ പ്രശസ്തി. പക്ഷേ നമ്മുടെ യാത്രകള്‍ പഞ്ചാബ് -ഹരിയാന ഹൈക്കോടതിയിലേക്കായിരുന്നു. കത്‌വ കേസില്‍ പ്രതിഭാഗവും വാദിഭാഗവും സമര്‍പ്പിച്ച അപ്പില്‍ അവിടെ വാദം തുടരുകയാണ്. ചിലപ്പോഴൊക്കെ തോന്നാറുണ്ട്, മുബീന്‍ ഫാറൂഖി  പോലും ഒരു നിയോഗമാണെന്ന്; ആ യാത്രയില്‍ ഞങ്ങളെ കൈപിടിച്ചു നടത്തിയത് വയലറ്റ് ഉടുപ്പിട്ട ആ കുരുന്ന് മാലാഖക്കുട്ടിയാണെന്ന്.
ഉത്തര്‍പ്രദേശ് - ഒരു ദിവസം നിങ്ങള്‍ വായിക്കുന്ന പത്രവാര്‍ത്തകളില്‍ സ്ത്രീകള്‍, മുസ്‌ലിംകള്‍, ദലിതര്‍ ഇവര്‍ക്കെതിരായ ക്രൂരതകളുടെ വാര്‍ത്തകള്‍ അധികവും ആ നാട്ടില്‍നിന്നാവും. പക്ഷേ യു.പി അത്തരം അതിക്രമങ്ങളുടെ മാത്രം നാടല്ല. യോഗി ആദിത്യനാഥ് അവിടത്തെ നഗരങ്ങളുടെ പേര് മാത്രമല്ല, മുഖം കൂടിയാണ് മാറ്റിയത്. ഛൂടികളുടെ നഗരമാണ് ഫിറോസാബാദ്. മനോഹരമായ, വര്‍ണശബളമായ  വളകള്‍ നിറച്ച് ഉന്തുവണ്ടികളുമായി കടന്നുപോകുന്ന നഗരവാസികളെ കാണാം അവിടെ. പക്ഷേ പൗരത്വസമരത്തെ അടിച്ചമര്‍ത്താന്‍  യോഗി പോലീസ് അവിടെ വെടിവച്ചുകൊന്നു, മൂന്ന് മനുഷ്യരെ- നിരായുധര്‍, നിരാലംബര്‍, ദരിദ്രര്‍; എന്നിട്ടും അവരെ കൊന്നുതള്ളി. കാരണം അവര്‍ പിറന്നത് ശല്യക്കാരുടെ, 'തീവ്രവാദി'കളുടെ സമുദായത്തിലായിരുന്നു. അവര്‍ക്ക് മുസ്‌ലിം ലീഗ് നല്‍കിയ 3 ലക്ഷം രൂപയുടെ ധനസഹായത്തിന്റെ വിതരണച്ചടങ്ങിനെത്തിയപ്പോഴാണ് ആദ്യമായി അവിടത്തെ വളകള്‍ സമ്മാനം കിട്ടിയത്. അവിടെ മരണപ്പെട്ട  മൂന്ന് പേരില്‍ ഒരാളുടെ വിധവ ഫര്‍സാനയാണ് അത് തന്നത്. കാണ്‍പൂര്‍, ഹസ്രത്ത് മൊഹാനിയുടെ നഗരമാണ്. അവിടെയും നടന്നു യോഗിയുടെ മനുഷ്യക്കുരുതി. ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട മീറത്തില്‍ ആറ് പേര്‍, റസിയ സുല്‍ത്താനയുടെ ലഖ്‌നൗവില്‍ ഒരാള്‍. ഗാസിയാബാദ്, രാംഗഡ്, സംഭല്‍... പൗരത്വ സമരം നടന്ന നഗരങ്ങളെ യോഗി രക്തംകൊണ്ട് അടയാളപ്പെടുത്തിയപ്പോള്‍ യു.പിയില്‍ പൊലിഞ്ഞത് 21 മനുഷ്യജീവനുകള്‍. 
പിലക്വ പുതപ്പുകളുടെ നഗരമാണ്. പക്ഷേ നമുക്കത് ആലിയ മോളുടെ നഗരമാണ്. പശുവിന്റെ പേരില്‍ സംഘ് ഭീകരതക്കിരയായ മുഹമ്മദ് ഖാസിമിന്റെ മകള്‍. ക്രൂരമായി കൊലപ്പെടുത്തി വയലിലൂടെ കയറ് കെട്ടി വലിച്ചുകൊണ്ടുവരികയായിരുന്നു അവളുടെ ഉപ്പയെ. ആ ചിത്രമാണ് ഞങ്ങളെ അവിടെയെത്തിച്ചത്. പിന്നെയും പലവട്ടം അവിടെ പോയി, ഒരു കെട്ടിടത്തിന്റെ നിര്‍മാണ മേല്‍നോട്ടവുമായി ബന്ധപ്പെട്ട്. ആറ് മാസം കൊണ്ട് അതിന്റെ പണി പൂര്‍ത്തിയാക്കി. ചെങ്കോട്ടയും താജ്മഹലുമടക്കം ഗതകാല പ്രൗഢിയുടെ രാജകീയമായ  ഒരുപാട് അടയാളങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്ന മണ്ണില്‍ നമ്മുടെ വക ആഡംബരങ്ങളേതുമില്ലാത്ത ഒരു കൊച്ചു കെട്ടിടം. ആലിയ മോളുടെ വീട്, ഒരു ബൈത്തുര്‍റഹ്മ. അത്രമേല്‍ സന്തോഷത്തോടെ ഒരു ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്തിട്ടില്ല. ദല്‍ഹി-ആഗ്ര ഹൈവേയിലുള്ള മറ്റൊരു  യാത്ര. താജ്മഹലിലേക്കായിരുന്നില്ല അത്. 240 കിലോമീറ്റര്‍ കഴിയുമ്പോള്‍ ഇടത്തോട്ട് തിരിഞ്ഞു പോയത് ഹഥ്‌റാസിലേക്കായിരുന്നു. ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന്, നാവരിഞ്ഞ്, ഒടുവില്‍ വയലിലൊരുക്കിയ ചിതയില്‍ ദഹിപ്പിച്ചു തീര്‍ത്തവളുടെ ഗ്രാമം. പോലീസുകാരോട് ഒരുപാട് തര്‍ക്കിച്ചും, ഒരുപാട് വഴിദൂരം നടന്നും അവളുടെ വീട്ടിലെത്തി അവളുടെ അഛനെയും സഹോദരങ്ങളെയും കണ്ടു. യു.പിയില്‍നിന്ന് ഇത്തരം  വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. 2022-ലെ തെരഞ്ഞെടുപ്പിലെങ്കിലും യോഗി പരാജയപ്പെട്ടാല്‍ ഒരു ചെറിയ ആശ്വാസമുണ്ടായേക്കാം.
2020 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ ഡോണള്‍ഡ് ട്രംപ് സന്ദര്‍ശനത്തിന് വന്നപ്പോള്‍ ദല്‍ഹിയില്‍ ഒന്നാന്തരം മനുഷ്യക്കുരുതിയൊരുക്കി നാട് വാഴുന്നവര്‍. 56 പേര്‍ മരിച്ചുവീണു. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. എണ്ണമറ്റ വീടുകള്‍, സ്‌കൂളുകള്‍, കച്ചവട സ്ഥാപനങ്ങള്‍, ഉന്തുവണ്ടികള്‍, ടാര്‍പോളിന്‍ കുടിലുകള്‍ ഒക്കെ ചാമ്പലാക്കി. ആ പൂരക്കാഴ്ചക്ക് മാധ്യമങ്ങള്‍ നല്‍കിയ പേരാണ് ദല്‍ഹി കലാപം. സത്യത്തില്‍ അതൊരു വംശഹത്യയായിരുന്നു. ആ വംശഹത്യ അനാഥമാക്കിയവര്‍ക്കൊപ്പമായിരുന്നു ഏറ്റവും സുദീര്‍ഘമായ ദല്‍ഹി വാസം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മടങ്ങുന്നതു വരെ... എത്ര വേണമെങ്കിലും ഇനിയുമെഴുതാനുണ്ട്..
അസം തേയിലക്കാടുകളിലൂടെ നിങ്ങളെങ്ങനെ പ്രിയപ്പെട്ടവരുടെ കൈപിടിച്ച് നടക്കും?! അവിടെ ഡിറ്റന്‍ഷന്‍ സെന്ററുകളുയരുന്നുണ്ട്, എന്‍.ആര്‍.സിയില്‍ പൗരത്വം നഷ്ടപ്പെട്ട 19 ലക്ഷം പേര്‍ക്കു വേണ്ടി. ആ തേയിലച്ചെടികള്‍ നട്ടുവളര്‍ത്താന്‍ ആ മണ്ണിലേക്ക് കുടിയേറിയ ബംഗാളികള്‍. അവരില്‍ ഹിന്ദുവും മുസ്‌ലിമുമുണ്ട്. ആ മണ്ണില്‍ ആ ചെടികളേക്കാള്‍ ആഴത്തില്‍ അവരുടെ ജീവിതവും വേരാഴ്ത്തിയിട്ടുണ്ട്. ഈ മണ്ണില്‍ ജനിച്ചു വളര്‍ന്ന  അവരോടാണ് അധികാരികള്‍ രേഖ ചോദിക്കുന്നത്. ആദ്യം പൗരത്വത്തിന് തീയതി തീരുമാനിച്ച് തട്ടിയെടുക്കുന്നു, പിന്നെ മതം നോക്കി ഒരു വിഭാഗത്തിന് നിഷേധിക്കുന്നു, ഒരു കൂട്ടര്‍ക്ക് നല്‍കുന്നു. അസം മോഡല്‍ രാജ്യമാകെ വ്യാപിപ്പിക്കാന്‍ അവസരം പാര്‍ത്തിരിക്കുന്നു. 
ഹരിയാനയിലെ മേവാത്ത്, ക്ഷീര കര്‍ഷകരുടെ നാടാണ്. പക്ഷേ പാലിന്റെ വെണ്‍മയും ദഹിയുടെ പുളിപ്പുമൊന്നുമല്ല ഇപ്പോള്‍ നിങ്ങളെ കാത്തിരിക്കുന്നത്. ജുനൈദ്, പെഹ്‌ലു ഖാന്‍, ഏറ്റവുമൊടുവില്‍ ആസിഫ് ഖാന്‍. മേവാത്ത് ആള്‍ക്കൂട്ടഹത്യകളുടെ തലസ്ഥാനമാണിന്ന്...
മഹാരാഷ്ട്രയിലെ അമരാവതിയിലെ ലാല്‍ ഖഡി എന്ന ചേരിയിലായിരുന്നു തുടര്‍ച്ചയായ മൂന്ന് ചെറിയ പെരുന്നാള്‍ രാവുകള്‍. യാചന തൊഴിലാക്കി മാറ്റിയ ഒരു സമൂഹം. നൂറ് ശതമാനവും മുസ്‌ലിംകള്‍. അക്ഷരവെളിച്ചം തേടി നടക്കേണ്ട പ്രായത്തില്‍ അവിടത്തെ കുരുന്നുകള്‍ ഒന്നുകില്‍ യാചകരായി മാറുന്നു, അല്ലെങ്കില്‍ ചേരിക്കു പിന്‍വശത്തെ റെയില്‍വേ ട്രാക്കില്‍ കുപ്പത്തൊട്ടി ചികഞ്ഞു നടക്കുന്നു. നഗരവാസികള്‍ ഉപേക്ഷിച്ച മാലിന്യങ്ങള്‍ക്കിടയില്‍ അവര്‍ തിരയുന്നത് ഒരു നേരത്തെ അന്നത്തിനുള്ള വകയാണ്.  ചേരിനിവാസികള്‍ക്ക് പെരുന്നാള്‍ വസ്ത്രങ്ങളെത്തിക്കാനായിരുന്നു ഓരോ യാത്രയും. ജീവിതത്തില്‍ ആദ്യത്തെ പുത്തന്‍ വസ്ത്രം കാണുന്നവരുടെ തിളക്കം അവിടത്തെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കണ്ണുകളില്‍ അന്ന് ഞങ്ങള്‍ കണ്ടു. ആ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നത് മാത്രമാണ് ആ ചേരിജീവിതത്തില്‍നിന്ന് അവരെ മോചിപ്പിക്കാനുള്ള ഏക പോംവഴി. അതിനുള്ള പരിശ്രമങ്ങളിലാണിപ്പോള്‍. 
ഝാര്‍ഖണ്ഡിലെ ശഹിസ്ത പര്‍വീണ്‍ എന്ന പെണ്‍കുട്ടിയുടെ ആദ്യത്തെ ദല്‍ഹി യാത്രക്കും ഇതിനിടയില്‍  സാക്ഷിയായി. തബ്‌രീസ് അന്‍സാരി എന്ന അവളുടെ ഭര്‍ത്താവിനെ മോഷ്ടാവെന്നാരോപിച്ച് സംഘ് ഭീകരര്‍ നേരം പുലരുവോളം മര്‍ദിച്ച് കൊലപ്പെടുത്തിയത് വിവാഹം കഴിഞ്ഞ് മൂന്നു മാസം പിന്നിടും മുമ്പ്. സ്വന്തം ഭര്‍ത്താവിന് നീതി തേടി നടക്കുന്ന സമരത്തില്‍ പങ്കെടുക്കാനായാണ് അവള്‍ ദല്‍ഹിയിലെത്തിയത്. എന്റെ ജീവിതത്തിന്റെ വസന്തമാകേണ്ടിയിരുന്നു എന്റെ ഭര്‍ത്താവ്, എന്റെ കൈയിലെ മെഹന്ദിയുടെ നറുമണം മാറുന്നതിനു മുമ്പ് പ്രിയതമന്‍ തബ്‌രീസിന്റെ ജീവനപഹരിച്ചപ്പോള്‍ നിങ്ങളെവിടെയായിരുന്നു എന്ന ചോദ്യത്തിന് അധികാരികള്‍ ഇന്നുവരെ ഉത്തരം നല്‍കിയിട്ടില്ല.
ഇതൊരു യാത്രാക്കുറിപ്പല്ല, ഇതിലെഴുതിയ ഓരോ സ്ഥലത്തും പോയതിന്റെ അനുഭവക്കുറിപ്പാണ്. ലോകം കൊതിയോടെ കാണാന്‍ കാത്തിരിക്കുന്ന, സഞ്ചാരികള്‍ ഓടിയെത്തുന്ന എന്റെയും നിങ്ങളുടെയും നാട് മുഖം കുനിച്ചു നില്‍പാണ്. ഇവിടെ കുരുന്നുകളുടെ കണ്ണില്‍ കുസൃതിയില്ല, മുതിര്‍ന്നവരുടെ കണ്ണില്‍ ആതിഥേയ ഭാവമില്ല. ജനാധിപത്യമില്ല, മനുഷ്യാവകാശങ്ങളില്ല. ഇവിടേക്കു വരുന്നവരെ സ്വന്തം രാജ്യം തന്നെ വിലക്കുന്നു. വെറുപ്പും അതുണ്ടാക്കുന്ന ഭയവുമാണ് ഈ നാട് വാഴുന്നത്.
വെറുപ്പിനെ തോല്‍പ്പിക്കണം. അതിനാദ്യം ഭയത്തെ തോല്‍പ്പിക്കണം. അതിന് നിസ്സഹായരായ ആ മനുഷ്യര്‍ക്ക് നമ്മുടെ പിന്തുണ വേണം. കുടിലിന്റെ പടികടന്നെത്തുന്ന ഒരു സഹായിയെ, ഒരു രക്ഷകനെ അവര്‍ പ്രതീക്ഷിക്കുന്നു; അതിനായി പ്രാര്‍ഥിക്കുന്നു. നമ്മളാരെങ്കിലുമൊക്കെ അതു കേട്ട് ഭാണ്ഡം മുറുക്കിയാല്‍, ഇറങ്ങി പുറപ്പെട്ടാല്‍ ഈ നാടിനെ വീണ്ടെടുക്കാം, ഈ മനുഷ്യരെ കരക്കണക്കാം. പൂക്കളും വസന്തവും വര്‍ണങ്ങളും മടങ്ങിയെത്തും. സന്തോഷം നിറയുന്ന പുഞ്ചിരികള്‍ കണ്ട്, നിറങ്ങള്‍ പൂക്കുന്ന താഴ്‌വാരങ്ങള്‍ നോക്കി, സുഗന്ധം  പരത്തുന്ന കാറ്റ് കൊണ്ട് ഒരു യാത്ര. അങ്ങനെയൊരു കാലം വരട്ടെ, അന്നേ സഞ്ചാരിയാകാനുള്ളു. അതു വരെയുള്ള യാത്രകളൊക്കെ പോരാട്ടങ്ങളാണ്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍- 34-38
ടി.കെ ഉബൈദ്‌

ഹദീസ്‌

അല്ലാഹുവെക്കുറിച്ച് നല്ലതുമാത്രം വിചാരിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി