മുഹമ്മദ് നബി നയിച്ച ജിഹാദ്
ജിഹാദ് എന്ന അറബി പദം രണ്ടര്‍ഥങ്ങളില്‍ പ്രയോഗിക്കുന്നു. അറബി മൂലം 'ജഹ്ദ്' എന്നാകുമ്പോള്‍ അങ്ങേയറ്റത്തെ ഞെരുക്കവും പ്രയാസവുമാണുദ്ദേശ്യം. എന്നാല്‍ 'ജുഹ്ദ്' എന്ന മൂലപദത്തിന് കഴിവിന്റെ പരമാവധി എന്നാണര്‍ഥം. ഈ രണ്ടര്‍ഥവും ചേര്‍ന്നതാണ് ജിഹാദ്. 'മുഴുവന്‍ കഴിവും ഉപയോഗിച്ച് ത്യാഗപരിശ്രമങ്ങള്‍ നടത്തി ലക്ഷ്യത്തിലേക്കുള്ള പ്രയാണം' എന്നാണതിന്റെ വിശദാര്‍ഥം. ബുദ്ധി, സമ്പത്ത്, നൈപുണ്യങ്ങള്‍, കായികശക്തി എന്നിവയെല്ലാം ഉപയോഗിച്ച് ജിഹാദ് നടത്തുന്നു.
ലോക ജനതക്ക് അനുഗ്രഹവും കാരുണ്യവുമായി പ്രപഞ്ചനാഥന്‍ നിയോഗിച്ച ദൂതനാണ് മുഹമ്മദ് നബി (ഖുര്‍ആന്‍ 21:107). പ്രപഞ്ചനാഥന്റെ ജീവിത സന്ദേശം മാനവരാശിക്ക് മാതൃകാ ജീവിതത്തിലൂടെ പഠിപ്പിക്കുക എന്നതായിരുന്നു അവിടുത്തെ ദൗത്യം. അതിനു വേണ്ടിയായിരുന്നു തിരുമേനിയുടെ ജിഹാദ്. നബി ചെറുപ്പം മുതല്‍ ഈ മഹാദൗത്യത്തിന്റെ നിര്‍വഹണത്തിന് ആവശ്യമായ പരിശീലനവും തയാറെടുപ്പും നേടിക്കൊണ്ടിരുന്നു.
സ്വഭാവ വൈശിഷ്ട്യം
അഭിസംബോധിതരുടെ വിശ്വാസം പിടിച്ചുപറ്റാന്‍ കഴിവുള്ള ഒരാള്‍ക്കു മാത്രമേ ശരിയായ പ്രബോധകനാകാന്‍ സാധിക്കുകയുള്ളൂ. മുഹമ്മദ് നബി നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്നു. 'അല്‍ അമീന്‍'- അതിവിശ്വസ്തന്‍ എന്നാണ് അദ്ദേഹത്തിന് ലഭിച്ച ബഹുമതി. എല്ലാവരും തങ്ങള്‍ക്ക് വിലപ്പെട്ട വസ്തുക്കള്‍ സൂക്ഷിക്കാന്‍ അദ്ദേഹത്തെയാണ് ചുമതലപ്പെടുത്തിയത് (മദീനയിലേക്ക് രഹസ്യമായി താവളം മാറ്റുമ്പോള്‍ ജനങ്ങള്‍ വിശ്വസിച്ചേല്‍പിച്ച വസ്തുക്കളെല്ലാം തിരിച്ചേല്‍പിക്കാന്‍ അലി(റ)യെ ഭരമേല്‍പിച്ച ശേഷമാണ് അദ്ദേഹം വീടുവിട്ടിറങ്ങിയത് എന്നത് ചരിത്രം).
ഭൗതിക കാര്യങ്ങളില്‍ ഇത്രയേറെ വിശ്വസ്തത പുലര്‍ത്തുന്ന ഒരു വ്യക്തി ദൈവികകാര്യങ്ങളില്‍ ചതിക്കാനോ കള്ളം പറയാനോ സാധ്യതയില്ലെന്ന് ഏത് സാമാന്യമനുഷ്യനും മനസ്സിലാവും. പ്രളയത്തില്‍ തകര്‍ന്നു വീണ കഅ്ബാലയം പുതുക്കിപ്പണിതപ്പോള്‍ കറുത്ത ശില (ഹജറുല്‍ അസ്വദ്) അതിന്റെ സ്ഥാനത്ത് സ്ഥാപിക്കുന്നതിനെ ചൊല്ലി ഖുറൈശി ഗോത്രങ്ങള്‍ക്കിടയിലുണ്ടായ ഭിന്നിപ്പ് ഏറ്റുമുട്ടലിന്റെ വക്കോളമെത്തി. ഒടുവില്‍ ആദ്യം മസ്ജിദുല്‍ ഹറാമില്‍ കയറിവരുന്ന ആളുടെ മാധ്യസ്ഥം സ്വീകരിക്കാമെന്ന് അവര്‍ ധാരണയിലെത്തി. അല്‍പം കഴിഞ്ഞ് പള്ളിയില്‍ വന്നു കയറിയത് നബി ആയിരുന്നു. അവിടുന്ന് മാധ്യസ്ഥം പറഞ്ഞ രീതി എല്ലാവര്‍ക്കും സ്വീകാര്യമായി. ഒരു വലിയ പുതപ്പില്‍ ഹജറുല്‍ അസ്‌വദ് വെച്ച ശേഷം എല്ലാ ഗോത്രത്തലവന്മാരോടും പുതപ്പിന്റെ ഓരോ അറ്റം പിടിച്ച് ഒന്നിച്ചു പൊക്കാന്‍ നിര്‍ദേശിച്ചു. ഹജറുല്‍ അസ്‌വദ് വെക്കേണ്ട സ്ഥലത്ത് നബിയുടെ തൃക്കൈകള്‍ അത് പൊക്കിയെടുത്ത് വെച്ചു. വളരെ ബുദ്ധിപൂര്‍വകമായ ഈ മാധ്യസ്ഥ കര്‍മം എല്ലാവരെയും സന്തോഷിപ്പിച്ചു.
നൈപുണ്യങ്ങള്‍
സംഘാടകന്‍, നേതാവ്, ന്യായാധിപന്‍ എന്നീ നിലകളിലെല്ലാം നബി സ്വന്തമായ പാദമുദ്ര പതിപ്പിച്ചു. എല്ലാ സല്‍ഗുണങ്ങളും ഒത്തുചേര്‍ന്ന അപൂര്‍വ വ്യക്തിത്വം. അനിതരസാധാരണമായ വാക്ചാതുരി, ഉന്നത ഭാഷാജ്ഞാനം, സംഭാഷണ കല, ന്യായീകരണ ശൈലി, അവതരണ വൈഭവം, സംവാദ സാമര്‍ഥ്യം തുടങ്ങി അനേകം മികച്ച നൈപുണ്യങ്ങളുടെ ഉടമയായിരുന്നു നബി (സ). 'ഞാന്‍ അറബികളില്‍ ഏറ്റവും ഭാഷാജ്ഞാനമുള്ളവനാണ്. മാത്രമല്ല, ഞാന്‍ ഖുറൈശികളില്‍ ഒരാളാണു താനും'- തിരുമേനി അരുളി.
കായിക ശക്തിയും മത്സരവും
ശാരീരിക ശേഷിയില്‍ മറ്റാരേക്കാളും നബി മികച്ചുനിന്നു. മക്കയിലെ ഏറ്റവും ശക്തനായ ഗുസ്തിക്കാരനായിരുന്നു റുകാന ബ്‌നു യസീദ്. അദ്ദേഹം ഒരിക്കല്‍ നബിയെ ഗുസ്തിക്ക് വെല്ലുവിളിച്ചു. നബി ജയിച്ചവന് സമ്മാനമെന്താണെന്ന് ചോദിച്ചു. റുകാന പറഞ്ഞു: 'ഒരാട്.' ഗുസ്തി ആരംഭിച്ച് നിമിഷങ്ങള്‍ക്കകം നബി റുകാനയെ നിലം പൊത്തിച്ചു. ജീവിതത്തില്‍ ആദ്യമായി പരാജയം ഏറ്റുവാങ്ങിയ റുകാനക്ക് അത് വിശ്വസിക്കാനായില്ല. ഒരിക്കല്‍കൂടി മത്സരിക്കാന്‍ റുകാന ആവശ്യപ്പെട്ടു. ഇങ്ങനെ മൂന്നു തവണ മത്സരിച്ചപ്പോഴും റുകാന പരാജയപ്പെട്ടു. തന്റെ മൂന്നാടുകള്‍ നഷ്ടപ്പെട്ട ദുഃഖം പ്രകടിപ്പിച്ച റുകാനയെ സമാശ്വസിപ്പിച്ച് നബി അരുളി: 'തോല്‍വിയും ധനനഷ്ടവും രണ്ടും കൂടി ഒന്നിച്ച് വേണ്ട. ആടുകളെ താങ്കള്‍ക്ക് തിരിച്ചുതരുന്നു.'
ഖന്‍ദഖ് യുദ്ധത്തില്‍ ആദ്യമായി കിടങ്ങ് കീറിക്കൊണ്ടിരിക്കുമ്പോള്‍ അനുചരന്മാരില്‍ രണ്ടുപേരെ ഏല്‍പിച്ചിരുന്ന ഭാഗത്ത് ഒരു പാറക്കല്ല് കണ്ടു. അവര്‍ പരമാവധി പരിശ്രമിച്ചിട്ടും പാറ പൊട്ടിക്കാനായില്ല. നബി (സ) ശക്തിയായി കൊത്തിക്കിളച്ചപ്പോള്‍ തീപ്പൊരി പറത്തി പാറ പൊട്ടിത്തെറിച്ചു.
ഏതൊരാളെയും സംസാരിച്ച് ബോധ്യപ്പെടുത്താനുള്ള തിരുമേനിയുടെ കഴിവ് അപാരമായിരുന്നു. ഒരിക്കല്‍ ഒരു യുവാവ് സ്വതന്ത്രമായി സ്ത്രീസുഖം അനുഭവിക്കാന്‍ നബിയോട് അനുവാദം ചോദിച്ചു. 'നിന്റെ മാതാവിനെയോ സഹോദരിയെയോ മകളെയോ മറ്റൊരാള്‍ സുഖിക്കാന്‍ ഉപയോഗിക്കുന്നത് നിനക്കിഷ്ടപ്പെടുമോ?' 'ഒരിക്കലുമില്ല.' 'എങ്കില്‍ നീ സുഖത്തിനായി തേടുന്ന സ്ത്രീ മറ്റൊരാളുെട മാതാവോ സഹോദരിയോ മകളോ ആയിരിക്കും.' ആ യുവാവിന് തന്റെ അബദ്ധം ബോധ്യമായി. ബുദ്ധികൊണ്ടും നൈപുണ്യം കൊണ്ടും ശരീരം കൊണ്ടും ജിഹാദ് നടത്താന്‍ നബിയെ അല്ലാഹു സജ്ജമാക്കിയിരുന്നു എന്നതിന്റെ ചില തെളിവുകള്‍ ഉദാഹരിച്ചതാണ്.
അറബികള്‍ മക്കളെ ചെറുപ്പത്തിലേ ആയോധന കല പരിശീലിപ്പിക്കുമായിരുന്നു. വന്യമൃഗങ്ങളും കൊള്ളക്കാരും ശത്രുക്കളും ധാരാളമുള്ളപ്പോള്‍ അവയില്‍നിന്ന് സംരക്ഷണം നേടാന്‍ അത് പരിശീലിക്കേണ്ടത് അനിവാര്യമാണല്ലോ. അന്ന് നിര്‍ഭയത്വം ഒരപ്രാപ്യ സങ്കല്‍പമായിരുന്നു. കൊള്ളക്കാരാല്‍ കുപ്രസിദ്ധി നേടിയ പ്രദേശമായിരുന്നു യമനിന്റെ തീരദേശങ്ങളും ഗിരിമാര്‍ഗങ്ങളും.
ഇസ്ലാമിക പ്രബോധനം പൂര്‍ണത പ്രാപിക്കുമ്പോള്‍ യമനിലെ സ്വന്‍ആ മുതല്‍ ഹദ്ര്‍ മൗത്ത് വരെ നിര്‍ഭീതരായി സഞ്ചരിക്കാനാവും എന്ന സന്തോഷ വാര്‍ത്തയാണ് ശത്രുക്കളുടെ പീഡനത്തിന്റെ കാഠിന്യം സഹിക്കാതെ ആവലാതി പറഞ്ഞ അനുയായി ഖബ്ബാബു ബ്്‌നു അറത്തിനെ സമാധാനിപ്പിച്ചുകൊണ്ട് നബി (സ) അരുളിയത്. ഈ അരക്ഷിത സാഹചര്യത്തില്‍ ജീവിക്കുന്ന പുരുഷന്മാരെല്ലാം ആയുധ പരിശീലനം നേടേണ്ടത് അനിവാര്യമായിരുന്നു. വാള്‍ പയറ്റ്, കുന്തപ്പയറ്റ്, അമ്പെയ്ത്ത് എന്നിവയായിരുന്നു അന്നുള്ള ആയോധനകലകളില്‍ പ്രധാനം. ഇതില്‍ അസ്ത്രവിദ്യയെ തിരുമേനി പ്രത്യേകം പ്രോത്സാഹിപ്പിക്കുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. 'അറിയുക അസ്ത്രാഭ്യാസമാണ് ശക്തി' - തിരുമേനി ആവര്‍ത്തിച്ചു പറഞ്ഞു. യുദ്ധപാടവത്തില്‍ നബി അനുയായികളേക്കാള്‍ ഏറെ മികച്ചുനിന്നിരുന്നു. പടക്കളത്തില്‍ അനുയായികള്‍ തോറ്റു പിന്മാറിയപ്പോഴും നബി തനിച്ച് ശത്രുക്കളെ നേരിട്ട സംഭവങ്ങള്‍ ചരിത്രം പരിചയപ്പെടുത്തുന്നു. ഇതു കണ്ട് പിന്‍വാങ്ങിയ അണികള്‍ തിരിച്ചുവന്ന് തിരുമേനിയോടൊപ്പം പടപൊരുതുകയായിരുന്നു.
ജിഹാദിന്റെ എല്ലാ തുറകളിലും നബി (സ) തിളങ്ങി. ഇസ്ലാമിന്റെ ആവിര്‍ഭാവകാലത്ത് ശ്രോതാക്കള്‍ക്ക് ആദര്‍ശവും വിശ്വാസവും പഠിപ്പിച്ച് അവരെ കര്‍മനിരതരാക്കാനുള്ള ജിഹാദാണ് നബി (സ) നയിച്ചത്. ''സത്യനിഷേധികളെ നീ അനുസരിക്കരുത്. ഖുര്‍ആന്‍ ഉപയോഗിച്ച് അവരോട് മഹത്തായ ജിഹാദ് ചെയ്യുക'' (ഖുര്‍ആന്‍ 25:52). ഇതാണ് നബിക്ക് ലഭിച്ച കല്‍പന. മറ്റൊരാജ്ഞ ഇങ്ങനെയാണ്: ''പ്രവാചകരേ, സത്യനിഷേധികളോടും കപട വിശ്വാസികളോടും ജിഹാദ് ചെയ്യുക'' (ഖുര്‍ആന്‍ 9:73). ആദര്‍ശം അംഗീകരിക്കാന്‍ അതിനുചിതമായ അനേകം വഴികളില്‍ കഠിനയത്‌നത്തിലൂടെ അവരെ സത്യം ബോധ്യപ്പെടുത്തുക എന്നര്‍ഥം.
മക്കാജീവിതത്തില്‍
നബിയുടെ ജിഹാദ്
ആരംഭകാലത്ത് വളരെ രഹസ്യമായാണ് നബി പ്രബോധന ദൗത്യം നിര്‍വഹിച്ചു തുടങ്ങിയത്. പിന്നീട് പരസ്യമായി പ്രബോധനം നടത്താന്‍ ദൈവിക നിര്‍ദേശം ലഭിച്ചതു മുതല്‍ ജിഹാദ് സജീവമായി. നിസ്തുലമായ ഒരു ലഘു പ്രഭാഷണത്തിലൂടെ തിരുമേനി തന്നില്‍ അര്‍പ്പിതമായ ദൗത്യം വിശദീകരിച്ചു. ശ്രോതാക്കളില്‍നിന്ന് ശക്തമായ പ്രതിഷേധവും എതിര്‍പ്പുമുണ്ടായി. 'വഴികാട്ടി തന്റെ ജനതയോട് കളവു പറയില്ല' എന്ന ആമുഖത്തില്‍ ആരംഭിച്ച ആ പ്രഭാഷണം നിഷ്പക്ഷമതികളെ ആകര്‍ഷിച്ച് നബിയെ അംഗീകരിക്കാന്‍ മതിയായ തെളിവുകള്‍ നിറഞ്ഞതായിരുന്നു.
ശ്രവണമധുരമായ ഖുര്‍ആന്‍ പാരായണമാണ് മറ്റൊരു പ്രബോധന ഉപാധി. വശ്യസുന്ദരമായ ദിവ്യസൂക്തങ്ങളില്‍ ആകൃഷ്ടരായി ചിലരെല്ലാം ഇസ്‌ലാമാശ്ലേഷിച്ചു. സായാഹ്ന പ്രാര്‍ഥനകളിലാണ് ഈ ഖുര്‍ആന്‍ ആലാപനം. സഹികെട്ട നാട്ടുകാര്‍ ശ്രോതാക്കളെ വിലക്കി. എന്നാല്‍ അത്ഭുതമെന്നു പറയട്ടെ, നേതാക്കള്‍ പാത്തും പതുങ്ങിയും ഖുര്‍ആന്‍ കേട്ടുകൊണ്ടിരുന്നു. അതിന്റെ മാസ്മരികതയില്‍ എല്ലാ ദുരഭിമാനവും മാറ്റിവെച്ച് പലരും ഇസ്‌ലാം വിശ്വാസം പ്രഖ്യാപിച്ചു.
ഇസ്‌ലാമിക ചരിത്രത്തില്‍ അത്യുന്നതസ്ഥാനം നേടിയ, പ്രോജ്ജ്വല മാതൃകയുടെ ഉടമയായ ഖലീഫ ഉമറുബ്‌നുല്‍ ഖത്ത്വാബ് (റ) ഇസ്‌ലാമില്‍ വന്നത് സഹോദരിയുടെ ഖുര്‍ആന്‍ പാരായണം കേട്ടപ്പോഴാണ്. ഇങ്ങനെ അനേകം പേര്‍ ഖുര്‍ആന്റെ ജിഹാദ് വഴി നബിയുടെ അനുയായികളായി, പരിശുദ്ധ ഖുര്‍ആന്റെ വക്താക്കളായി, സത്യത്തിന്റെ പ്രബോധകരായി. അറബി ഭാഷയില്‍ ഗഹനമായ പാണ്ഡിത്യമുള്ളവര്‍ക്ക് തടുക്കാനാവാത്ത ആന്തരിക പ്രലോഭനം ദിവ്യസൂക്തങ്ങളില്‍ ഒളിഞ്ഞിരിപ്പുണ്ട്. പില്‍ക്കാലത്തും അനേകം പേര്‍ ഖുര്‍ആന്റെ മുന്നില്‍ വിനയാന്വിതം അടിയറവ് പറഞ്ഞ് അതിന്റെ നിഷകളങ്കരായ അനുയായികളായി.
മക്കയില്‍ അനുയായികള്‍ കഠിനമായി പീഡിപ്പിക്കപ്പെട്ടു. അവരെ ആശ്വസിപ്പിക്കാന്‍ അയല്‍ രാജ്യമായ അബ്‌സീനിയയിലേക്ക് പലായനം ചെയ്യാന്‍ തിരുമേനി നിര്‍ദേശിച്ചു. പീഡനങ്ങള്‍ അവര്‍ ഇസ്‌ലാമില്‍നിന്ന് പിന്തിരിയാന്‍ കാരണമാകാതിരിക്കാന്‍ ഇതായിരുന്നു ഏറ്റവും നല്ല പോംവഴി.
എന്നാല്‍ ഖുറൈശികള്‍ അവിടെയുമെത്തി, നാട്ടുകാരെ തിരിച്ചുതരണം എന്നാവശ്യപ്പെട്ടു. നജ്ജാശി രാജാവിന്റെ ദര്‍ബാറില്‍ നടന്ന ആശയ ജിഹാദില്‍ ജഅ്ഫറുബ്‌നു അബീത്വാലിബി(റ)ന്റെ നേതൃത്വത്തില്‍ മുസ്‌ലിംകള്‍ ഖുൈറശികളെ അമ്പേ പരാജയപ്പെടുത്തി. രാജാവ് അവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു.
നിസ്തുലമായ ചെറുത്തു നില്‍പ്
പീഡനങ്ങളെ നിഷ്പ്രഭമാക്കി വിശ്വാസികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരുന്നു. സഹികെട്ട് വിരോധികള്‍ അതിക്രൂരമായ ഒരു തീരുമാനമെടുത്തു. തിരുമേനിയുടെ കുടുംബത്തെ ഒന്നടങ്കം തീയും വെള്ളവും വിലക്കി സമ്മര്‍ദത്തിലാക്കുക. പുതിയ ആദര്‍ശം കൈവെടിയുവോളം അവരെ ശിഅ്ബ് അബീത്വാലിബില്‍ ഉപരോധിക്കുക.
അവരുമായി കൊള്ളക്കൊടുക്കകള്‍ പാടില്ല. സംസാരിക്കാനോ ഒന്നിച്ചിരിക്കാനോ പാടില്ല. വൈവാഹിക ബന്ധങ്ങള്‍ പാടില്ല. ഒരുവിധ സഹായവും അവര്‍ക്ക് നല്‍കാന്‍ പാടില്ല. തീരുമാനം രേഖപ്പെടുത്തി കഅ്ബാലയത്തിന്റെ ചുമരില്‍ തൂക്കുക. ഇതായിരുന്നു ആ ക്രൂര തീരുമാനം.
സത്യത്തിനു വേണ്ടി കഠിനമായ പ്രയാസങ്ങള്‍ സഹിച്ച് ക്ഷമയോടെ മുന്നോട്ടു പോകുന്നതാണ് ഏറ്റവും വലിയ ജിഹാദ്. പച്ചിലകള്‍ പോലും ആഹരിച്ച് ദിനരാത്രങ്ങള്‍ കഴിച്ചുകൂട്ടിയ ആ മഹാ പരീക്ഷണത്തില്‍ ത്യാഗവും സഹനവും കൈമുതലാക്കി ബനൂ ഹാശിം പിടിച്ചുനിന്നു. ഒരാള്‍ പോലും മതപരിത്യാഗത്തിന് മുതിര്‍ന്നില്ല. അവരുടെ വിശ്വാസത്തിന്റെ മാറ്റു കൂടുകയായിരുന്നു. കഠിനമായ മൂന്നു വര്‍ഷങ്ങള്‍ കടന്നുപോയി. കഅ്ബയിലെ ചാര്‍ട്ട് ചിതല്‍ തിന്നതായി നബിതിരുമേനിക്ക് ദിവ്യ ബോധനമുണ്ടായി. അബൂത്വാലിബ് ഖുറൈശികളുമായി പ്രശ്‌നം ചര്‍ച്ച ചെയ്തു. നിങ്ങളുടെ സഹോദരപുത്രന്‍ (നബിതിരുമേനി) പറയുന്നത് സത്യമാണെങ്കില്‍ ഞങ്ങള്‍ ഉപരോധം അവസാനിപ്പിക്കാം. അവര്‍ സമ്മതിച്ചു. പരിശോധനയില്‍ ലിഖിതം ചിതലരിച്ചു പോയതായി ബോധ്യപ്പെട്ടു. അല്ലാഹു എന്ന വാക്ക് മാത്രം സുരക്ഷിതമായി നിന്നിരുന്നു.
നബിക്ക് പ്രവാചകത്വം ലഭിച്ച് ഏഴാമത്തെ വര്‍ഷമാണ് ഉപരോധം ആരംഭിച്ചത്. പത്ത് വര്‍ഷം തികഞ്ഞപ്പോള്‍ അതവസാനിച്ചു. മക്കയില്‍ തിരുമേനിയും കുടുംബവും നടത്തിയ സുപ്രധാന ജിഹാദായിരുന്നു ഇത്.
പ്രബോധന ദൗത്യം നിര്‍വഹിക്കാന്‍ ആരെയാണ് സഹായത്തിനു ലഭിക്കുകയെന്ന ചിന്ത നബിയെ മഥിച്ചുകൊണ്ടിരുന്നു. പ്രവാചകത്വം പ്രഖ്യാപിക്കുന്നതിനു മുമ്പ് ത്വാഇഫിലെ ഗോത്രത്തലവന്മാര്‍ പ്രകടിപ്പിച്ചിരുന്ന സൗഹൃദം ഓര്‍മ വന്നു. ഉപരോധം കഴിഞ്ഞ ശേഷം തിരുമേനി എഴുപത്തഞ്ച് കിലോമീറ്റര്‍ അകലെയുള്ള ത്വാഇഫ് ലക്ഷ്യമാക്കി നടന്നു. സൈദുബ്‌നു ഹാരിസ മാത്രമാണ് കൂടെയുണ്ടായിരുന്നത്. വഴിയില്‍ കണ്ട പരിചിതരായ പലരോടും ഇസ്‌ലാമിനെക്കുറിച്ച് പറഞ്ഞു. ആരും അനുകൂലമായി പ്രതികരിച്ചില്ല. അവസാനം ത്വാഇഫിലെത്തി തന്റെ പരിചയക്കാരെ കണ്ട് ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. അതിക്രൂരമായിരുന്നു അവരുടെ പ്രതികരണം. നബിയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു അവര്‍. അവരുടെ കല്ലേറു കൊണ്ട് തിരുപാദത്തില്‍നിന്ന് പ്രവഹിച്ച രക്തം ചെരുപ്പുകളെ ചെഞ്ചായം പൂശി. സൈദിന്റെ തലയിലാണ് കല്ലു പതിച്ചത്. ഇതിലൊന്നും മതിവരാതെ തെരുവുപിള്ളേരെ തിരുമേനിയെ കൂക്കിവിളിക്കാന്‍ പിറകില്‍ വിട്ടു.
ദുഃഖഭാരം സഹിക്കാനാവാതെ രക്തമൊഴുകുന്ന പാദങ്ങളും വ്രണിത ഹൃദയവുമായി നടന്നകന്ന നബി റബീഅയുടെ മുന്തിരിത്തോട്ടത്തിലെത്തി. അവിടെ തളര്‍ന്നിരിക്കുന്ന നബിയെ കണ്ട് അലിവ് തോന്നിയ റബീഅയുടെ മക്കള്‍ ബാല്യക്കാരനെ വിളിച്ച് ഒരു കുല മുന്തിരി നല്‍കാന്‍ പറഞ്ഞു. അവിടെയിരുന്ന് നെഞ്ചു പൊട്ടുന്ന ഒരു പ്രാര്‍ഥന ചൊല്ലുന്നു പ്രവാചകന്‍. അനുഭവിച്ച മുഴുവന്‍ ദുഃഖത്തേക്കാള്‍ അല്ലാഹുവിന്റെ കോപത്തിനിരയായോ എന്ന ഭീതിയായിരുന്നു മനസ്സില്‍. 'എന്റെ നാഥാ, നിനക്കെന്നോട് കോപമില്ലെങ്കില്‍ എനിക്കൊന്നും പ്രശ്‌നമല്ല.'
ജീവിതത്തില്‍ അനുഭവിച്ച ഏറ്റവും വലിയ ദുഃഖം ത്വാഇഫിലേതായിരുന്നു എന്ന് ഒരിക്കല്‍ പ്രിയ പത്‌നി ആഇശ(റ)യോട് തിരുമേനി പറഞ്ഞു. ഇതാണ് നബിയുടെ ജിഹാദ്.
പ്രാര്‍ഥനക്കുത്തരമായി അല്ലാഹു ഒരു മാലാഖയെ അയച്ചു. 'മക്കയുടെ ഇരു ഭാഗത്തുമുള്ള മലകള്‍ കൂട്ടിയിടിച്ച് അവക്കിടയിലുള്ള മുഴുവന്‍ ധിക്കാരികളെയും നശിപ്പിക്കാന്‍ താങ്കളാവശ്യപ്പെട്ടാല്‍ അത് സാധിച്ചുതരാന്‍ അല്ലാഹു എന്നെ ഭരമേല്‍പിച്ചിരിക്കുന്നു.' മലക്കിനോട് നബി പ്രതിവചിച്ചു: 'വേണ്ട. അവരുടെ മുതുകില്‍നിന്ന് അല്ലാഹുവിനെ അനുസരിച്ചാരാധിക്കുന്ന സന്താന പരമ്പരകള്‍ ഉണ്ടാകാമല്ലോ.' ഏറ്റവുമധികം പ്രയാസപ്പെടുത്തിയവരെ കൊന്നൊടുക്കാനല്ല, അവര്‍ക്ക് ജീവിതം നല്‍കാനാണ് നബി മോഹിച്ചത്. ലോക ജനതകള്‍ക്ക് കാരുണ്യവും അനുഗ്രഹവുമായ ദൈവദൂതന്‍!
വീണ്ടും മക്കയില്‍ തിരിച്ചെത്തി തനിക്കഭയം നല്‍കുന്ന ആരുണ്ട് എന്നന്വേഷിച്ചു നബിതിരുമേനി. തന്റെ ദൗത്യം മാനവരാശിയുടെ മോചനമാണ്. അത് പൂര്‍ത്തീകരിച്ചേ പറ്റൂ, ഒരു തീക്ഷ്ണ പരീക്ഷണവും ദൗത്യത്തില്‍നിന്ന് പിന്തിരിപ്പിച്ചുകൂടാ. മുത്വ്ഇമു ബ്‌നു അദിയ്യ് നബിക്ക് അഭയം നല്‍കി. രണ്ടു വര്‍ഷക്കാലം നബി മക്കയില്‍ പ്രബോധന ദൗത്യം തുടര്‍ന്നു
വിശ്വാസികള്‍ ക്രമേണ വര്‍ധിച്ചുകൊണ്ടിരുന്നു. ഇത് സഹിക്കവയ്യാതെ നബിതിരുമേനിയെ വധിച്ചുകളയാന്‍ ഖുറൈശികള്‍ തീരുമാനിച്ചു. ബനൂഹാശിമിന് പ്രതികാരം ചെയ്യാന്‍ കഴിയാത്ത വിധം വിവിധ ഗോത്രങ്ങളുടെ പ്രതിനിധികള്‍ ഒറ്റക്കെട്ടായി ആക്രമിക്കാനും കാര്യങ്ങള്‍ അതീവരഹസ്യമായി നിര്‍വഹിക്കാനും അവര്‍ തീരുമാനിച്ചു. ''നിന്നെ തടവിലാക്കുകയോ വധിക്കുകയോ നാടുകടത്തുകയോ ചെയ്യാന്‍ സത്യനിഷേധികള്‍ നിനക്കെതിരെ കുതന്ത്രം മെനയുന്ന സന്ദര്‍ഭം. അവര്‍ കുതന്ത്രം മെനയുന്നു, അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നവരില്‍ മികവുറ്റവന്‍'' (ഖുര്‍ആന്‍ 8:30).
തന്റെ കിടക്കയില്‍ അലി(റ)യെ കിടത്തി നബി പുറത്തിറങ്ങി. കാവല്‍ നില്‍ക്കുന്ന യുവാക്കളുടെ നേരെ ഒരു പിടി മണല്‍ വാരി വീശിയെറിഞ്ഞു. അവര്‍ക്ക് കാഴ്ച തിരിച്ചു കിട്ടും മുമ്പ് നബി രക്ഷപ്പെട്ടു.
മക്കയില്‍ താമസിക്കുന്നത് ജീവന് ഹാനികരമാണെന്ന് ഉറപ്പായതോടെ നബി താവളം മാറ്റാനുള്ള തീരുമാനമെടുത്തു. രണ്ടു വര്‍ഷത്തെ ആസൂത്രണത്തിനും രംഗസജ്ജീകരണത്തിനും ശേഷം അല്ലാഹുവിന്റെ കല്‍പനപ്രകാരം അനുയായികളെ യസ്‌രിബിലേക്കയച്ചു; അവസാനം ദൈവനിര്‍ദേശം ലഭിച്ചപ്പോള്‍ പ്രിയപ്പെട്ട സഹചാരി അബൂബക്ര്‍ സിദ്ദീഖി(റ)നെയും കൂട്ടി നബിയും യാത്ര തിരിച്ചു.
പ്രബോധനരംഗത്ത് പ്രത്യേകം സ്മരിക്കപ്പെടേണ്ട ജിഹാദായിരുന്നു ഈ താവളമാറ്റം. പശ്ചാത്തലം പഠിക്കാനും രംഗം സജ്ജീകരിക്കാനും സഹായികളെ നിര്‍ണയിക്കാനും വര്‍ഷങ്ങള്‍ ചെലവഴിച്ച ശേഷമാണ് യാത്ര. ഇസ്ലാമിക ജീവിത വ്യവസ്ഥ സംസ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യമായ ഭൂമിക കണ്ടെത്തി മാനവരാശിക്കാകമാനം മാതൃകയായി ഒരു നവ നാഗരികതയുടെ ആണിക്കല്ലുകള്‍ സ്ഥാപിക്കുക എന്നതായിരുന്നു പ്രവാചകന്റെ ദൗത്യം. ''അവനാണ് തന്റെ ദൂതനെ സന്മാര്‍ഗവും സത്യവ്യവസ്ഥയുമായി നിയോഗിച്ചത്. മറ്റെല്ലാ ജീവിത വ്യവസ്ഥകളെയും അതിജയിക്കാന്‍. ബഹുദൈവ വിശ്വാസികള്‍ക്ക് അതിഷ്ടമില്ലെങ്കിലും'' (ഖുര്‍ആന്‍ 9:33).
മക്കയിലെ ദൗത്യത്തേക്കാള്‍ പതിന്മടങ്ങ് പ്രാധാന്യവും പ്രത്യേകതകളും മദീനയിലെ ജിഹാദിനുണ്ടായിരുന്നു. വിശ്വാസികള്‍ സര്‍വസ്വം സമര്‍പ്പിച്ച് നിര്‍വഹിക്കേണ്ട ജിഹാദായിരുന്നു അത്. വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിച്ചു: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യേണ്ട വിധം ജിഹാദ് ചെയ്യുക. അവന്‍ നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു. നിങ്ങള്‍ക്ക് ജീവിത വ്യവസ്ഥയില്‍ ഒരു വിഷമവും അവന്‍ ഉണ്ടാക്കിയിട്ടില്ല. നിങ്ങളുടെ പിതാവ് ഇബ്‌റാഹീമിന്റെ പാത പിന്തുടരുക. അല്ലാഹു നിങ്ങളെ മുസ്‌ലിംകള്‍ എന്ന് നാമകരണം ചെയ്തിരിക്കുന്നു; മുമ്പും ഈ ഖുര്‍ആനിലും. ദൈവദൂതന്‍ നിങ്ങള്‍ക്ക് സാക്ഷിയാകാന്‍, നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷിയാകാനും'' (22:78).
പത്തു വര്‍ഷം കൊണ്ട് നവ നാഗരികതയുടെ ഊടും പാവും തീര്‍ത്തു പ്രവാചക പുംഗവന്‍. പ്രപഞ്ചനാഥന്റെ ഏകത്വവും സവിശേഷ ഗുണങ്ങളും ആദര്‍ശമായി അംഗീകരിക്കുന്ന ഒരു ജീവിത സംഹിത. സര്‍വോപരി കാരുണ്യം, മാനവിക സമത്വം, നീതി, സാഹോദര്യം തുടങ്ങിയ സനാതന മൂല്യങ്ങളില്‍ അധിഷ്ഠിതമായ നാഗരികത. ഇന്ന് മാനവരാശി അഭിമാനം കൊള്ളുന്ന സംസ്‌കാരവും വിജ്ഞാനവും പരിഷ്‌കാരവും സാങ്കേതിക വളര്‍ച്ചയും പുരോഗതിയും പ്രസ്തുത നാഗരികതയുടെ സംഭാവനയാണ്. ഈ ശ്രമകരമായ ദൗത്യം പൂര്‍ത്തീകരിക്കാന്‍ പ്രവാചകന്‍ നയിച്ച ജിഹാദാണ് മദീനാ ജീവിതത്തില്‍ നിറഞ്ഞുനിന്നത്.
സായുധ ജിഹാദ്
ജീവിതം നല്‍കുന്ന കാരുണ്യത്തിന്റെ പ്രവാചകന്‍ പ്രതികാരമായോ കോപത്താലോ ആരെയും വധിച്ചിട്ടില്ല, വധിക്കാന്‍ അനുവദിച്ചിട്ടുമില്ല. മദീനാ ജീവിതത്തിലുണ്ടായ സായുധ സമരങ്ങളെല്ലാം മുസ്‌ലിംകള്‍ ആത്മരക്ഷാര്‍ഥമോ പ്രതിരോധത്തിനു വേണ്ടിയോ നടത്തിയവയാണ്. മുന്നൂറില്‍പരം മുസ്‌ലിംകള്‍ ആയിരത്തോളം വരുന്ന മക്കാ സൈന്യത്തെ നേരിട്ട ബദ്ര്‍ യുദ്ധമാണ് പ്രവാചകന്‍ നയിച്ച ആദ്യത്തെ സായുധ സമരം. നബിയും അനുചരന്മാരും യുദ്ധത്തിനു പോയതല്ല എന്നതിന്റെ ഒന്നാമത്തെ തെളിവ് ആള്‍ബലത്തിലും ആയുധബലത്തിലുമുള്ള പ്രകടമായ അന്തരമാണ്. ഒരു ദൈവിക നിയോഗമായിരുന്നു ബദ്ര്‍ യുദ്ധം. വിശുദ്ധ ഖുര്‍ആന്‍ (8:7) വിശ്വാസികള്‍ കച്ചവട സംഘത്തെ ലക്ഷ്യം വെച്ചാണ് പുറപ്പെട്ടതെന്ന് വ്യക്തമാക്കുന്നുണ്ട്. തങ്ങളുടെ സര്‍വസ്വവും മക്കാ നിവാസികള്‍ പിടിച്ചടക്കിയതാണ്. മദീനയിലേക്ക് പോന്ന വിശ്വാസികള്‍ക്ക് കച്ചവടസംഘത്തെ ആക്രമിച്ച് അല്‍പമെന്തെങ്കിലും നേടിയെടുക്കാം എന്ന ചിന്തയുണ്ടായത് സ്വാഭാവികം മാത്രം. എന്നാല്‍ വിവരം മണത്തറിഞ്ഞ മക്കക്കാര്‍ സര്‍വായുധസജ്ജരായി ബദ്‌റില്‍ എത്തി തമ്പടിച്ചു കഴിഞ്ഞിരുന്നു.
ബദ്‌റിനെ തുടര്‍ന്നുണ്ടായ ഉഹുദ് യുദ്ധം ബദ്‌റില്‍ പരാജയപ്പെട്ടതിന് പകരം വീട്ടാന്‍ മദീനയെ ആക്രമിക്കാന്‍ വന്ന മക്കാ സൈന്യത്തെ നേരിട്ടതായിരുന്നു. ഓരോ സായുധ സമരവും ഇങ്ങനെ അപഗ്രഥിച്ചാല്‍ പ്രതിരോധത്തിന് മാത്രമാണ് നബി തിരുമേനി അവ നയിച്ചത് എന്ന് ഗ്രഹിക്കാനാവും.
നബിയും അനുചരന്മാരും ഇതര അറബികളെപ്പോലെ ആയുധ പരിശീലനം നേടിയവരായിരുന്നുവെന്ന് നാം അനുസ്മരിച്ചു. ഈ പരിശീലനം ആത്മരക്ഷക്കു വേണ്ടി ആയുധമുപയോഗിക്കാനുള്ളതായിരുന്നു.
ശൈഖുല്‍ ഇസ്ലാം തഖിയ്യുദ്ദിനു ബ്‌നു തൈമിയ്യ 'സത്യനിഷേധികളോട് യുദ്ധം ചെയ്യുന്നതിന്റെ തത്ത്വം അത് അവരുടെ സത്യനിഷേധം കാരണമോ ഇസ്‌ലാമിന്റെ പ്രതിരോധത്തിനു വേണ്ടിയോ?' എന്ന പേരില്‍ ഒരു ലഘുകൃതി രചിച്ചിട്ടുണ്ട്. അതില്‍ അദ്ദേഹം അവിശ്വാസത്തിന്റെ പേരില്‍ ജനങ്ങളോട് സമരം ചെയ്യുന്നത് പരിശുദ്ധ ഖുര്‍ആനിന്റെ ശിക്ഷണത്തിന് കടകവിരുദ്ധമാണെന്ന് സമര്‍ഥിക്കുന്നു.
''നിങ്ങളോട് പടപൊരുതുന്നവരോട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ പടപൊരുതുക. നിങ്ങള്‍ അതിക്രമം ചെയ്യരുത്. അതിക്രമകാരികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല'' (ഖുര്‍ആന്‍ 2:190).
മുസ്‌ലിംകളെ ആക്രമിക്കുന്നവരെ മാത്രമേ തിരിച്ച് ആക്രമിക്കാവൂ. യുദ്ധം ചെയ്യാത്ത വൃദ്ധന്മാര്‍, കുട്ടികള്‍, സ്ത്രീകള്‍, ആരാധനാലയങ്ങളില്‍ കഴിയുന്നവര്‍ തുടങ്ങിയ എല്ലാവരെയും യുദ്ധത്തില്‍നിന്നൊഴിവാക്കണം. അതിക്രമം ചെയ്യരുത് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ഇവരെ ഒഴിവാക്കണമെന്നാണ്.
''നിങ്ങളോട് ആരെങ്കിലും അതിക്രമം ചെയ്താല്‍ തത്തുല്യമായി നിങ്ങളും അതിക്രമിക്കുക. നിങ്ങള്‍ അല്ലാഹുവിനോട് ഭക്തിയുള്ളവരാവുക. അറിയുക, അല്ലാഹു ഭക്തി പുലര്‍ത്തുന്നവരോടൊപ്പമാണ്'' (2:194). പകരത്തിന് പകരം ചെയ്യുമ്പോള്‍ ദൈവഭക്തിക്ക് നിരക്കുന്നതേ ചെയ്യാവൂ. അപ്പോള്‍ അല്ലാഹുവിന്റെ തുണയും സഹായവും ലഭിക്കുമെന്ന് സൂക്തത്തിന്റെ അവസാനം ഓര്‍മിപ്പിക്കുന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
ജനങ്ങളെ സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കുക, നന്മ വളര്‍ത്തുക, തിന്മയില്ലാതാക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി ജീവിക്കുന്ന വിശ്വാസി മറ്റുള്ളവരെ നിര്‍ബന്ധിച്ച് ലക്ഷ്യം നേടാന്‍ ശ്രമിക്കുകയില്ല. വിശ്വാസം ബോധ്യത്തില്‍നിന്നുണ്ടാവേണ്ടതാണ്. ഭയപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ വിശ്വാസം ഉണ്ടാക്കാനാവില്ല. അതിനാല്‍ ആദര്‍ശപ്രചാരണത്തിന് സായുധ സമരം സഹായകമല്ല.
എന്നാല്‍ വിശ്വാസി ദൂര്‍ബലനാവാന്‍ പാടില്ല. നബി മികച്ച ശാരീരിക ശേഷിയുള്ള വ്യക്തിയായിരുന്നു. ശക്തനായ വിശ്വാസി ദുര്‍ബലനായ വിശ്വാസിയേക്കാള്‍ ഉത്തമനാണ് എന്ന് തിരുമേനി പഠിപ്പിക്കുന്നു. അതിന് തിരുമേനി മാതൃകയായിരുന്നു താനും.
മദീനയില്‍ മുസ്‌ലിംകള്‍ ആക്രമിക്കപ്പെട്ടപ്പോഴാണ് ഖന്‍ദഖ് യുദ്ധമുണ്ടായത്. അതില്‍ മുസ്‌ലിംകളോട് ചെയ്ത കരാര്‍ ലംഘിച്ച് ശത്രുക്കളെ സഹായിച്ച യഹൂദികളെ ആക്രമിച്ചത് അവരുടെ ശല്യം തുടര്‍ന്നും ഉണ്ടാകാതിരിക്കാനാണ്.
റോമക്കാര്‍ മദീനയെ ആക്രമിക്കാന്‍ പരിപാടിയിട്ടത് നേരത്തേ മനസ്സിലാക്കിയ നബി തബൂക്കില്‍ വെച്ച് അവരെ നേരിടാന്‍ പുറപ്പെട്ടത് പ്രതിരോധത്തിന്റെ ഭാഗം തന്നെയാണ്. മുസ്‌ലിം സൈന്യത്തിന്റെ ആള്‍ബലവും വീറും ശൂരതയും നേരത്തേ മനസ്സിലാക്കിയ റോമക്കാര്‍ യുദ്ധത്തിന് മുതിരാതെ പിന്‍വാങ്ങിയതിനാല്‍ തബൂക്കില്‍ ഏറ്റുമുട്ടലുണ്ടായില്ല.
ഇരുപത് വര്‍ഷം അനേകം പീഡന മര്‍ദന മുറകള്‍ പയറ്റി മുസ്‌ലിംകളുടെ സൈ്വരം കെടുത്തുകയും മദീനയെ ഒറ്റക്കും കൂട്ടായും ആകമിച്ച് തീരാത്ത പ്രയാസങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത മക്കാനിവാസികളെ നബി (സ) അഭിമുഖീകരിച്ചത് ആയുധരഹിത സമരത്തിലൂടെയാണ്. 'നിങ്ങള്‍ പൊയ്‌ക്കൊള്ളുക, നിങ്ങള്‍ സ്വതന്ത്രരാണ്, ഞാനിന്ന് നിങ്ങളെ കുറ്റവിചാരണ നടത്തുന്നില്ല'- മക്ക ജയിച്ചടക്കിയപ്പോള്‍ നടത്തിയ ഈ പ്രസ്താവനയാണ് ജിഹാദില്‍ നബി പഠിപ്പിച്ച ഉദാത്ത മാതൃക. ''നിശ്ചയം നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമ മാതൃകയുണ്ട്'' (ഖുര്‍ആന്‍ 33:21).
Comments