Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 22

3223

1443 റബീഉല്‍ അവ്വല്‍ 15

വിഷന്‍: ഉണര്‍വിന്റെ ഒന്നര പതിറ്റാണ്ട്‌

ടി. ആരിഫലി (ചെയര്‍മാന്‍, വിഷന്‍ ഗവേണിംഗ് കൗണ്‍സില്‍)

ഒന്നര പതിറ്റാണ്ട് കാലമായി ഇന്ത്യയുടെ വടക്ക്, വടക്കു -കിഴക്കന്‍ സംസ്ഥാനങ്ങളിലെ അധഃസ്ഥിത ന്യൂനപക്ഷമായ മുസ്ലിംകളുടെയും മറ്റ് പിന്നാക്ക ജനവിഭാഗങ്ങളുടെയും സര്‍വതോമുഖമായ വളര്‍ച്ചക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ബൃഹദ് പദ്ധതിയുടെ പേരാണ് വിഷന്‍ 2016 / 2026.
2005 മാര്‍ച്ചില്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് മുസ്ലിം സമൂഹത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠനം നടത്താന്‍ ജസ്റ്റിസ് രജീന്ദര്‍ സച്ചാറിന്റെ നേതൃത്വത്തില്‍ ഒരു ഉന്നതതല സമിതിയെ നിശ്ചയിച്ചു. വിവിധ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സര്‍ക്കാറേതര ഏജന്‍സികളില്‍നിന്ന് ലഭ്യമായ വിവരങ്ങള്‍ വിശദമായി പഠിച്ച ശേഷം, ഒരു റിപ്പോര്‍ട്ട് 2006 നവംബറില്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. പ്രസക്തമായ പല വിവരങ്ങളും ബന്ധപ്പെട്ട ഏജന്‍സികളുടെ നിസ്സഹകരണമോ അനാസ്ഥയോ കാരണമായി കമ്മിറ്റിക്ക് പരിശോധിക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ മുസ്ലിം സമൂഹത്തെക്കുറിച്ച് സ്വാതന്ത്ര്യാനന്തരം നടന്ന ഏറ്റവും സമഗ്രമായ പഠനമായിരുന്നു ഇത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുസ്ലിം അവസ്ഥക്കു് നേരെ തുറന്നുവെച്ച ഒരു കണ്ണാടിയായിരുന്നു സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. ഇന്ത്യ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആയി രൂപപ്പെട്ടതിനു ശേഷം കാര്യമായ യാതൊരു പുരോഗതിയും മുസ്‌ലിം സമൂഹത്തിന് നേടിയെടുക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, വിദ്യാഭ്യാസ, ആരോഗ്യ, സാമ്പത്തിക, സാംസ്‌കാരിക മേഖലകളില്‍ പിന്നോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഏക സമുദായമാണ് മുസ്ലിംകള്‍ എന്ന വസ്തുത കൂടി റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നു.
പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബ് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി  ജനസേവന വിഭാഗം സെക്രട്ടറി എന്ന നിലയില്‍ അന്ന് ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരികയായിരുന്നു. അന്നത്തെ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹഖ് അന്‍സാരിയും സിദ്ദീഖ് ഹസന്‍ സാഹിബും മുന്‍കൈയെടുത്ത് ഇന്ത്യയിലെ പ്രമുഖ ബുദ്ധിജീവികളെയും സമുദായ നേതാക്കളെയും റിട്ട. ബ്യൂറോക്രാറ്റുകളെയും വിളിച്ചുചേര്‍ത്തു. 'ഒരു സമുദായം സ്വയം മാറുന്നതു വരെ അല്ലാഹു അവരെ മാറ്റുകയില്ല' എന്ന ഖുര്‍ആന്‍ വചനം ഉദ്ധരിച്ച് ഇന്ത്യയിലെ മുസ്ലിം അവസ്ഥ മാറ്റിയെടുക്കാന്‍ ഒരു കമ്യുണിറ്റി ഇനീഷ്യേറ്റിവിന്റെ ആവശ്യകതയെക്കുറിച്ച് ഒത്തുകൂടിയവരെ അഭിമുഖീകരിച്ച് ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി സംസാരിച്ചു. അവിടെ സമ്മേളിച്ചവര്‍ തങ്ങളുടെ പങ്കാളിത്തവും സഹകരണവും വാഗ്ദാനം ചെയ്തു. സംരംഭത്തിന് നേതൃത്വം നല്‍കാന്‍ ജാമിഅ ഹംദര്‍ദ് മുന്‍ വി.സി സയ്യിദ് ഹാമിദ് തയാറായി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിച്ച് അഭിപ്രായങ്ങള്‍ ശേഖരിച്ചു. അന്താരാഷ്ട്ര തലത്തില്‍ തന്നെ സുസ്ഥിര വികസന, സാമൂഹിക സേവന രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച പല പ്രഫഷണലുകളുമായും ബുദ്ധിജീവികളുമായും സംസാരിച്ചു, പലയിടങ്ങളിലും ശില്‍പശാലകള്‍ സംഘടിപ്പിച്ചു. അങ്ങനെയാണ് ദശവര്‍ഷ പദ്ധതി എന്ന നിലയില്‍ വിഷന്‍ 2016 രൂപം കൊള്ളുന്നത്. പ്രവര്‍ത്തന നൈരന്തര്യം ഉറപ്പു വരുത്താനും സുസ്ഥിര വികസനം സാധ്യമാക്കാനും വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ ഉതകുന്ന ട്രസ്റ്റുകളും സൊസൈറ്റികളും സഹകരണ സംഘങ്ങളും രൂപീകരിക്കുകയാണ് വേണ്ടത് എന്ന് തീരുമാനിച്ചു. ആദ്യം രൂപീകരിക്കപ്പെട്ടത് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷനാണ്. വിവിധ എന്‍.ജി.ഒകളുടെ രൂപീകരണം, പദ്ധതിയുടെ ബ്രാന്റിംഗ്, വിഭവ സമാഹരണം എന്നിവക്ക് തുടക്കത്തില്‍ നേതൃത്വം നല്‍കിയത് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷനാണ്.
തുടര്‍ന്ന് സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍, മെഡിക്കല്‍ സര്‍വീസ് സൊസൈറ്റി, സഹൂലത്ത് മൈക്രോ ഫിനാന്‍സ് സൊസൈറ്റി, മോഡല്‍ വില്ലേജ് ട്രസ്റ്റ്, ട്വീറ്റ് എന്നീ എന്‍.ജി.ഒകള്‍ രൂപീകരിക്കപ്പെട്ടു. ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും നേരത്തേ പ്രവര്‍ത്തിച്ചുവന്നിരുന്ന ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ് കൂടി ഈ പദ്ധതിയുടെ ഭാഗമായി. രാജ്യത്തുടനീളമുള്ള 200-ഓളം എന്‍.ജി.ഒകളുമായി വിവിധ തലത്തില്‍ സഹകരണ കരാറിലൂടെയും വിഭവ പങ്കാളിത്തത്തിലൂടെയും 'വിഷന്‍' സഹകരിക്കുന്നു. 'വിഷന്‍ ഗവേണിംഗ് കൗണ്‍സില്‍' എന്ന സംവിധാനത്തിനു കീഴിലാണ് വിഷന്റെ ഭാഗമായ എന്‍.ജി.ഒകളുടെ പ്രവര്‍ത്തനം ദേശീയതലത്തില്‍ ഏകോപിപ്പിക്കപ്പെടുന്നത്.
2016-ല്‍ ഒരു ദശവര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തതിനു ശേഷം, പരിപ്രേക്ഷ്യത്തിലും പദ്ധതികളിലും സമൂലമായ മാറ്റം വരുത്തി ഒരു ദശവര്‍ഷ പദ്ധതികൂടി പ്രഖ്യാപിക്കപ്പെട്ടു. ആ പദ്ധതിയാണ് 'വിഷന്‍ 2026' എന്ന പേരില്‍ അറിയപ്പെടുന്നത്. ഐക്യരാഷ്ട്രസഭയുടെ 'സുസ്ഥിര വികസന ലക്ഷ്യങ്ങള്‍' (ടൗേെമശിമയഹല ഉല്‌ലഹീുാലി േഏീമഹ)െ മുന്നില്‍ വെച്ചും ദലിതുകള്‍, ഗോത്ര വര്‍ഗങ്ങള്‍, മറ്റു പിന്നാക്ക ജനവിഭാഗങ്ങള്‍ എന്നിവരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുമാണ് വിഷന്‍ 2026 വികസിപ്പിച്ചത്.
ഇന്ന് ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും സമഗ്രവും ചടുലവുമായ എന്‍.ജി.ഒ ശൃംഖലയാണ് വിഷന്‍ 2026. ഉത്തരേന്ത്യയിലെയും, വടക്കു-കിഴക്കന്‍ മേഖലയിലെയും എല്ലാ സംസ്ഥാനങ്ങളിലും വിഷന്‍ 2026-ന്റെ സാന്നിധ്യമുണ്ട്. ഈ മേഖലകളില്‍ നേരത്തേ തന്നെ വ്യാപകമായ നെറ്റ്വര്‍ക്കുള്ള ഒരു പ്രസ്ഥാനത്തിന്റെ പിന്‍ബലവും പരിചയസമ്പന്നരുടെ സാന്നിധ്യവും കര്‍മകുശലതയുള്ള നേതൃത്വവും പദ്ധതി പെട്ടെന്ന് വിജയിക്കാന്‍ കാരണമായി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉത്തരേന്ത്യന്‍ ജനങ്ങളുടെ പിന്നാക്കാവസ്ഥ തുറന്നുകാണിക്കാനും അവരിലേക്ക് ശ്രദ്ധ തിരിക്കാനും വിഷന്‍ നേതൃത്വത്തിന് കഴിഞ്ഞു. ഇന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള ഒട്ടേറെ സംഘങ്ങള്‍ ഉത്തരേന്ത്യയില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്കൊക്കെ വഴികാട്ടിയാണ് 2006-ല്‍ പ്രയാണമാരംഭിച്ച 'വിഷന്‍' പദ്ധതി.

ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍

വിഷന്‍ പദ്ധതിയുടെ കീഴില്‍ ആദ്യമായി രൂപം കൊണ്ട എന്‍.ജി.ഒയാണ് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍. പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങള്‍, വിഭവ സമാഹരണം, മനുഷ്യവിഭവ ശേഷിയുടെ വിനിയോഗം, സാങ്കേതിക സൗകര്യങ്ങളുടെ വികസനം എന്നിവക്ക് നേതൃത്വം നല്‍കുന്നത് ഫൗണ്ടേഷനാണ്. വിദ്യാഭ്യാസ രംഗത്ത് അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ്, നാഷ്‌നല്‍ മൈനോരിറ്റി ടാലന്റ് സെര്‍ച്ച് എക്സാം, ടാലന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാം, യു.ജി-പി.ജി സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവ നടത്തുന്നത് ഫൗണ്ടേഷന്റെ കീഴിലാണ്. പദ്ധതി മേഖലയില്‍ ഉടനീളം കമ്യുണിറ്റി സെന്ററുകളും ഏകാധ്യാപക വിദ്യാലയങ്ങളും മൈക്രോ സ്‌കൂളുകളും സ്ഥാപിച്ചുവരുന്നു.
ഫൗണ്ടേഷന്‍ നേരിട്ട് ദല്‍ഹി, ഝാര്‍ഖണ്ഡ്, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ നടത്തുന്നുണ്ട്. ബംഗാളിലെ മാല്‍ഡയിലും ഝാര്‍ഖണ്ഡിലെ റര്‍ഗാവിലും ഹരിയാനയിലെ മേവാത്തിലും വിപുലമായ വിദ്യാഭ്യാസ സമുച്ചയങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇന്ത്യയില്‍ വിദ്യാഭ്യാസപരമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്നുവെന്ന് നീതി ആയോഗ് അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ വിലയിരുത്തിയ മേഖലയായ ഹരിയാനയിലെ മേവാത്തില്‍ 25 ഏക്കര്‍ ഭൂമിയില്‍ നിര്‍മാണം പുരോഗമിക്കുന്ന എജുക്കേഷ്‌നല്‍ സമുച്ചയം 'സിദ്ദീഖ് ഹസന്‍ നോളജ് വില്ലജ്' എന്ന പേരിലാണ് അറിയപ്പെടുക. പത്താം ക്ലാസ് പഠനം മികച്ച രീതിയില്‍ പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ച് പ്ലസ് ടു തലത്തിലുള്ള ഒരു സ്ഥാപനം നാല് വര്‍ഷമായി ഇവിടെ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഭാവി നേതൃത്വത്തെ വളര്‍ത്തിയെടുക്കാന്‍ ഉദ്ദേശിച്ചുള്ള സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ കേരളത്തിലാണ് അവരുടെ ബിരുദപഠനം പൂര്‍ത്തീകരിക്കുക.
ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ഇതിനകം നൂറിലധികം സ്‌കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി സഹായം നല്‍കിയിട്ടുണ്ട്. ഇതിലൂടെ കെട്ടിടങ്ങള്‍, ഫര്‍ണിച്ചറുകള്‍, ലാബുകള്‍, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ എന്നിവയുടെ അപര്യാപ്തത പരിഹരിക്കാന്‍ ഈ സ്‌കൂളുകള്‍ക്ക് കഴിഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിലായി ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ഏഴ് ഓര്‍ഫനേജുകള്‍ നിര്‍മിച്ചു. ഹരിയാനയിലും രാജസ്ഥാനിലും ഓര്‍ഫനേജുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 4000 അനാഥകളെ ദത്തെടുത്ത് വീടുകളിലും സ്ഥാപനങ്ങളിലും സഹായമെത്തിക്കുകയും പഠനപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നു.
പഠനമികവ് പുലര്‍ത്തുന്നവര്‍ക്കുള്ള പ്രത്യേക സ്‌കോളര്‍ഷിപ്പുകള്‍; നിയമം, സാമൂഹിക സേവനം, ചരിത്രം, പത്രപ്രവര്‍ത്തനം എന്നീ മേഖകളില്‍ ഗവേഷണം നടത്തുന്നവര്‍ക്കുള്ള ഫെലോഷിപ്പുകള്‍; വിദേശ രാജ്യങ്ങളില്‍ ഉപരിപഠനം നടത്തുന്നവര്‍ക്കുള്ള പ്രത്യേക സഹായങ്ങള്‍ എന്നിവയും ഫൗണ്ടേഷന്റെ പദ്ധതികളില്‍ പെടുന്നു. കരിയര്‍ രംഗത്തും തൊഴില്‍ രംഗത്തും യുവതലമുറക്ക് മാര്‍ഗനിര്‍ദേശം നല്‍കാനായി സി-ടാഗ് (ഇലിൃേല ളീൃ ഠൃമശിശിഴ മിറ അരമറലാശര ഏൗശറമിരല) എന്ന പേരില്‍ ഒരു സ്ഥാപനം ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. 
നൈപുണി വികസന പരിശീലന രംഗത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗമാണ് ഐ.എസ്.ടി.സി (കിിീ്മശേീി മിറ ടസശഹഹ ഠൃമശിശിഴ ഇലിൃേല). ഇതിലൂടെ നടപ്പാക്കിയ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ച, പെണ്‍കുട്ടികള്‍ അടക്കം നിരവധി പേര്‍ക്ക് തൊഴില്‍ രംഗത്ത് അവസരം കണ്ടെത്താനായി.
കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ നാഷ്‌നല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലുമായി സഹകരിച്ച് കൂടുതല്‍ ഇടങ്ങളില്‍ സാങ്കേതിക-തൊഴിലധിഷ്ഠിത കോഴ്സുകള്‍ തുടങ്ങുന്നതിനുള്ള പദ്ധതി പൂര്‍ത്തിയായിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ ഐ.എസ്.ടി.സിയുടെ ആഭിമുഖ്യത്തില്‍  തൊഴില്‍ പരിശീലന പരിപാടികള്‍ നടന്നുവരുന്നു.
അധഃസ്ഥിതരും നിരക്ഷരരുമായ സാധാരണ ജനങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വികസന-ക്ഷേമ പദ്ധതികളെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ വാങ്ങിക്കൊടുക്കുന്നതിനുമായി ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് 'നാഗരിക് വികാസ് കേന്ദ്ര.' ഫൗണ്ടേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിലൂടെ 2020-'21 കാലയളവില്‍ മാത്രം വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ അപേക്ഷ സമര്‍പ്പിച്ച് അര്‍ഹരായ 42,000 പേര്‍ക്കായി 221 മില്യന്‍ രൂപയുടെ സഹായങ്ങള്‍ നേടിക്കൊടുക്കാന്‍ കഴിഞ്ഞു. മുഴുസമയ പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ സാങ്കേതിക സംവിധാനങ്ങളോടുകൂടി വിവിധ ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇന്ത്യന്‍ പൊതു സമൂഹത്തില്‍നിന്ന് അരികുവത്കരിക്കപ്പെട്ട ന്യൂനപക്ഷ-പിന്നാക്ക-ദലിത് വിഭാഗങ്ങളുടെ പൗരത്വ രേഖകള്‍, ബാങ്ക് അക്കൗണ്ട്, ആധാര്‍, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയവ തയാറാക്കിക്കൊടുക്കുന്നതില്‍ ഈ കേന്ദ്രങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനാകുന്നുണ്ട്. ഒമ്പത് സംസ്ഥാനങ്ങളിലായി 24 'നാഗരിക് വികാസ് കേന്ദ്ര'ങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ശുദ്ധജല വിതരണത്തിനായി ചെറിയ ഹാന്‍ഡ് പമ്പ് മുതല്‍ ദശലക്ഷങ്ങള്‍ മുതല്‍മുടക്കുള്ള പദ്ധതികള്‍ വരെ ഫൗണ്ടേഷന്‍ നടപ്പാക്കിവരുന്നു. ഈ പദ്ധതികള്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്കാണ് സഹായകമായിട്ടുള്ളത്. ശുദ്ധജലത്തിന് ഏറെ ബുദ്ധിമുട്ടുന്ന മേവാത്ത് മേഖലയിലെ മറോഡയിലെയും പരിസര ഗ്രാമങ്ങളിലെയും ആയിരത്തോളം വീടുകളില്‍ ശുദ്ധജലം എത്തിക്കുന്നതിനുള്ള ഒരു വന്‍ പദ്ധതി, 'സിദ്ദീഖ് ഹസന്‍ നോളജ് വില്ലേജ്' കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. ജലം ശേഖരിക്കുന്നതിനും ശുദ്ധീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള സ്ഥിര സംവിധാനങ്ങള്‍ ഈ പദ്ധതിയുടെ ഭാഗമാണ്.
ഏറ്റവും താഴെ തട്ടിലുള്ള ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിധത്തില്‍ ചെറുതോ ഇടത്തരമോ ആയ വീടുകള്‍ നിര്‍മിച്ചുകൊടുക്കുന്നതിനുള്ള പദ്ധതിയും വിഷന്റെ കമ്യൂണിറ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗമായി നടന്നുവരുന്നു.
കോവിഡ്-19 മഹാമാരി ഇന്ത്യയിലെ വന്‍ നഗരങ്ങളിലെ ചേരിപ്രദേശങ്ങള്‍ക്കും പാതയോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്കും തെല്ലൊന്നുമല്ല പ്രഹരമേല്‍പിച്ചത്. ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാതെ ജീവന്‍ വെടിയേണ്ടിവന്ന അന്തര്‍ സംസ്ഥാന തൊഴിലാളികളുടെയും ആലംബഹീനരുടെയും കഥ വേണ്ടവിധം പുറത്തുവന്നിട്ടില്ല. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് ഒരു 'ഹംഗര്‍ റിലീഫ്' പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. 'ഇഹ്‌സാസ്' എന്ന് പേരിട്ട ഈ പദ്ധതി ഇപ്പോള്‍ വ്യവസ്ഥാപിതമായി നടക്കുന്നത് കൊല്‍ക്കത്തയുടെ പ്രാന്തപ്രദേശങ്ങളിലും ചേരികളിലുമാണ്. ദല്‍ഹി ഉള്‍പ്പെടെയുള്ള മറ്റ് ഉത്തരേന്ത്യന്‍ നഗരങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കും. എല്ലാ വര്‍ഷവും റമദാനില്‍ വിഷന്‍ പ്രവര്‍ത്തകര്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഒരു ലക്ഷത്തോളം കുടുംബങ്ങളില്‍ ഭക്ഷ്യവസ്തുക്കളുമായി എത്തിച്ചേരുന്നുണ്ട് എന്നതും ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്.

കലാപബാധിതരുടെ പുനരധിവാസം

പ്രകൃതിക്ഷോഭങ്ങളും കലാപങ്ങളും സംഭവിക്കുമ്പോള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍, അടിയന്തര സേവനം, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഏകോപിപ്പിക്കുന്നത് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷനാണ്. വടക്കു കിഴക്കന്‍ ദല്‍ഹിയിലുണ്ടായ വംശഹത്യക്കിരയായവരുടെ പുനരധിവാസത്തിനായി ഏറ്റവും ആസൂത്രിതമായി പ്രവര്‍ത്തിച്ചത് ഫൗണ്ടേഷനും വിഷനു കീഴിലെ മറ്റ് എന്‍.ജി.ഒകളുമാണ്. വിശദമായ കാര്‍പെറ്റ് സര്‍വേ നടത്തി വിവരങ്ങള്‍ ശേഖരിച്ചാണ് പുനരധിവാസ പദ്ധതികള്‍ തയാറാക്കിയത്. അതിനാല്‍ തന്നെ ഇരകള്‍ക്കു വേണ്ടി ഫണ്ട് ശേഖരിച്ച മുസ്ലിം സംഘടനകള്‍ക്കും മറ്റ് എന്‍.ജി.ഒകള്‍ക്കും മാര്‍ഗനിര്‍ദേശവും സഹായവും നല്‍കാന്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ക്കായി.

ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ്

ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മൂന്ന് മേഖലകളിലാണ്. ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഭൗതിക സൗകര്യം ഒരുക്കലാണ് ഒന്നാമത്തെ കാര്യം. ദല്‍ഹിയിലെ ഓഖ്ലയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ശിഫാ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലാണ് ശ്രദ്ധേയമായ സംരംഭം. പല സംസ്ഥാനങ്ങളിലായി ചെറുതും വലുതുമായ എട്ട് ക്ലിനിക്കുകള്‍ വേറെയുമുണ്ട്. ലഖ്നൗവില്‍ ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ നിര്‍മാണത്തിന് തുടക്കം കുറിച്ചു.
കോവിഡ് കാലത്ത് പതിനഞ്ച് ലക്ഷത്തോളം വരുന്ന ജാമിഅ നഗര്‍ നിവാസികള്‍ക്കുള്ള ഏക ആശ്രയമായിരുന്നു അല്‍ശിഫാ ഹോസ്പിറ്റല്‍. ഹോസ്പിറ്റലിലെ ബെഡുകള്‍ മതിയാകാതെ വന്നപ്പോള്‍ 50 ബെഡ് സൗകര്യത്തോടെ കോവിഡ് ഫീല്‍ഡ് ഹോസ്പിറ്റല്‍ വെറും 12 നാള്‍ക്കകമാണ് സ്ഥാപിച്ചത്. ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ് യു.പി, ബിഹാര്‍, മധ്യപ്രദേശ്, ബംഗാള്‍, മഹാരാഷ്ട്ര തുടങ്ങി പല സംസ്ഥാനങ്ങളിലെയും ആശുപത്രികള്‍ക്കും കോവിഡ് ഹെല്‍പ്പ് സെന്ററുകള്‍ക്കും ഓക്‌സിജന്‍ സിലിണ്ടറുകളും കോണ്‍സെന്‍ട്രേറ്ററുകളും സംഭാവന നല്‍കിയിട്ടുണ്ട്.
ആയിരക്കണക്കിന് ജലവിതരണ പദ്ധതികള്‍ വിവിധ സംസ്ഥാനങ്ങളിലായി ട്രസ്റ്റ് ഇതിനകം നടപ്പാക്കിയിട്ടുണ്ട്. വിഷനു കീഴിലുള്ള മറ്റ് എന്‍.ജി.ഒകള്‍ നടത്തുന്ന കമ്യുണിറ്റി സെന്ററുകള്‍, സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍, തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങിയവക്ക് ട്രസ്റ്റ് വലിയ തോതില്‍ സഹായം നല്‍കുന്നുണ്ട്.

സഹൂലത്ത് മൈക്രോ ഫിനാന്‍സ് സൊസൈറ്റി

ഈ കാലത്ത് ഏതൊരു സമൂഹത്തിന്റെയും വികസനത്തിന് അത്യന്താപേക്ഷിതമാണ് മൂലധന ലഭ്യത. വിവിധ സംരംഭകര്‍ക്ക് മൂലധനം ലഭ്യമാകുന്നത് സാമ്പത്തിക സ്ഥാപനങ്ങളിലൂടെയാണ്. ഏറ്റവും വിപുലമായി നടക്കുന്ന ബാങ്ക് സംവിധാനങ്ങളിലേക്ക് അവശ ജനവിഭാഗങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയില്ല. മുസ്ലിം സമൂഹത്തിലെ സാധാരണക്കാരാവട്ടെ, പലിശ സ്ഥാപനങ്ങളുമായി ഇടപെടാന്‍ ഇഷ്ടപ്പെടുന്നവരുമല്ല. മൂലധന വിതരണം നടത്തുന്ന സ്ഥാപനങ്ങളോടുള്ള ഒരു ജനതയുടെ ബന്ധം അവരുടെ വികസനത്തിന്റെ സൂചകമാണ്. ഈ നിലയിലും മുസ്ലിംകള്‍ ഏറെ പിന്നാക്കമാണ്. പലിശരഹിതമായ സൂക്ഷ്മ സാമ്പത്തിക സംവിധാനങ്ങളിലൂടെയും സഹകരണ സംഘങ്ങളിലൂടെയും ഈ വിടവ് നികത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സഹൂലത്ത് മൈക്രോ ഫിനാന്‍സ് സൊസൈറ്റി ആരംഭിച്ചത്.
ഇന്ത്യന്‍ സാഹചര്യത്തില്‍ താരതമ്യേന ശരീഅഃ വിധികള്‍ക്കനുഗുണമായി നടത്തിക്കൊണ്ടുപോകാന്‍ കഴിയുന്ന സംവിധാനമാണ് സഹകരണ സംഘങ്ങള്‍. കേന്ദ്ര സര്‍ക്കാറിനു കീഴിലും വിവിധ സംസ്ഥാനങ്ങളിലെ സഹകരണ വകുപ്പുകള്‍ക്കു കീഴിലും പ്രവര്‍ത്തിക്കുന്ന മൈക്രോ ഫിനാന്‍സ് സഹകരണ സംഘങ്ങള്‍ക്ക് അവരുടെ ധനസമാഹരണ രീതിയും വിതരണവും തിരിച്ചടവുമെല്ലാം സ്വയം തീരുമാനിക്കാവുന്നതാണ്.
'സഹൂലത്ത്' ഒരു സഹകരണ സംഘമല്ല. പലിശരഹിത സഹകരണ സംഘങ്ങളെ ഏകോപിപ്പിക്കുന്ന ഏജന്‍സിയാണ്. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും സഹകരണ സംഘങ്ങള്‍ സ്ഥാപിക്കാന്‍ മാര്‍ഗനിര്‍ദേശം നല്‍കുക, രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ക്കും ശരീഅഃ വിധികള്‍ക്കും വിധേയമായി പ്രവര്‍ത്തനരീതികള്‍ നിര്‍ണയിക്കുക, സൊസൈറ്റികളുടെ നിലനില്‍പ്പും ഫലപ്രാപ്തിയും ഗുണമേന്മയും ഉറപ്പുവരുത്തുന്നതിനാവശ്യമായ പരിശീലനം നല്‍കുക, സുഗമമായ നടത്തിപ്പിനാവശ്യമായ നിയമനിര്‍മാണത്തിനായി വ്യത്യസ്ത ഏജന്‍സികളില്‍ സമ്മര്‍ദം ചെലുത്തുക തുടങ്ങിയവയാണ് 'സഹൂലത്തി'ന്റെ പ്രവര്‍ത്തന മേഖല. അഞ്ഞൂറ് പ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള മാതൃകകള്‍ സ്ഥാപിക്കാനാവും എന്നായിരുന്നു പ്രതീക്ഷിച്ചത്. പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടെങ്കിലും സംഘങ്ങളുടെ എണ്ണം നൂറിനോടടുക്കുേന്നയുള്ളൂ. പ്രാദേശിക തലങ്ങളില്‍ പണമിടപാട് പ്രവര്‍ത്തനങ്ങളില്‍ പരിചയമുള്ളവരുടെ ലഭ്യതക്കുറവും സര്‍ക്കാരിന്റെ മാറിമാറി വരുന്ന നിയമങ്ങളും സൊസൈറ്റികളുടെ വളര്‍ച്ചയെ മന്ദീഭവിപ്പിച്ചിട്ടുണ്ട്. കുറേ സാധാരണക്കാര്‍ ഒത്തുചേരുകയും അവരുടെ തന്നെ ഷെയറുകളിലൂടെയും നിക്ഷേപങ്ങളിലൂടെയും സംഖ്യ സ്വരൂപിക്കുകയും അവര്‍ക്കിടയില്‍ തന്നെ സംരംഭകര്‍ക്കും ആവശ്യക്കാര്‍ക്കും മൂലധനം നല്‍കുകയും ചെയ്യുന്ന ഒരു പരസ്പര സഹായ സംവിധാനമാണ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. പണം സ്വരൂപിക്കുന്നതിനും അത് കൈകാര്യം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ആവശ്യമായ ചെലവുകള്‍ ഗുണഭോക്താക്കളായ മെമ്പര്‍മാരില്‍നിന്നാണ് സ്വരൂപിക്കുക. മൂലധനം വിതരണം ചെയ്യുന്നത് ഇസ്ലാമിക ശരീഅത്തിലെ വിവിധ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയും. പല പ്രദേശങ്ങളിലും വ്യവസ്ഥാപിതമായും കാര്യക്ഷമമായും  ഇത്തരം സൊസൈറ്റികള്‍ പ്രവര്‍ത്തിക്കുന്നു. ഓരോ വര്‍ഷവും ഒരു ലക്ഷം ആളുകള്‍ക്കെങ്കിലും കൈത്താങ്ങാകാന്‍ സഹൂലത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ ഫിനാന്‍സ് സംഘങ്ങള്‍ക്കാവുന്നുണ്ട്.
സഹൂലത്ത് ആവിഷ്‌കരിച്ച മറ്റൊരു പദ്ധതിയാണ് 'കോവിഡ് ഹാന്‍ഡ്ഹോള്‍ഡിംഗ് പ്രോജക്റ്റ്.' കോവിഡ് മഹാമാരി മൂലമുണ്ടായ ലോക്ക്ഡൗണ്‍ സൃഷ്ടിച്ച ജീവിത പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചവരാണ് അസംഘടിത മേഖലയിലെ തൊഴിലാളികളും ചെറുകിട കച്ചവടക്കാരും. നേരത്തേതന്നെ തുഛമായ വരുമാനം കൊണ്ട് ജീവിതം തള്ളിനീക്കിയ ഇവരുടെ ജീവിതത്തില്‍ വളരെ ആഴത്തിലാണ് കോവിഡ് പ്രതിസന്ധി കരിനിഴല്‍ വീഴ്ത്തിയത്. അസംഘടിത മേഖലയിലെ ഈ വിഭാഗം ആളുകളുടെ ജീവിത നിലവാരം  ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായി ആവിഷ്‌കരിച്ചതാണ് 'കോവിഡ് ഹാന്‍ഡ്ഹോള്‍ഡിംഗ് പ്രോജക്റ്റ്'. വിഷനു കീഴിലെ മറ്റ് എന്‍.ജി.ഒകള്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുക. സ്വയംതൊഴിലും ചെറുകിട കച്ചവടങ്ങളും മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം പലിശരഹിത വായ്പകളായി നല്‍കുന്ന പദ്ധതിയാണിത്. ക്രൗഡ് ഫണ്ടിംഗിലൂടെ സമാഹരിക്കുന്ന പണമാണ് ഈ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുക. ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രയാസമനുഭവിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശ്വാസം നല്‍കാന്‍ സാധിക്കുമെന്ന് 'വിഷന്‍' പ്രതീക്ഷിക്കുന്നു.

സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍

വിഷന്റെ മറ്റൊരു സ്വപ്‌ന പദ്ധതിയാണിത്. പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുന്ന നിരവധി മേഖലകള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ട്. ഹിമാലയത്തില്‍നിന്ന് ഉത്ഭവിക്കുന്ന അനേകം നദികള്‍ കരകവിഞ്ഞൊഴുകുന്നതു മൂലം ഇടക്കിടെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടാവും. ഭൂകമ്പം, ചുഴലിക്കാറ്റ് എന്നിവയും ഈ മേഖലയെ പിടിച്ചുലക്കാറുണ്ട്. മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ വേറെയും. അവ കലാപങ്ങളായും സ്‌ഫോടനങ്ങളായും വിഷവാതകച്ചോര്‍ച്ചയായും തീപ്പിടിത്തമായും കനത്ത ആഘാതങ്ങള്‍ ഏല്‍പ്പിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ പലപ്പോഴും അപര്യാപ്തമായിരിക്കും. അതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കേരളത്തിലെ ഐ.ആര്‍.ഡബ്ല്യൂ പോലെ പരിശീലനം ലഭിച്ച സന്നദ്ധ സേവകര്‍ ഓടിയെത്താറായിരുന്നു പതിവ്. എന്നാല്‍ വിഷന്റെ പദ്ധതി സംസ്ഥാനങ്ങളില്‍നിന്ന് തന്നെ ഇത്തരമൊരു സംഘത്തെ പരിശീലിപ്പിച്ച് തയാറാക്കി നിര്‍ത്തേണ്ടതുണ്ട് എന്ന ചിന്തയില്‍നിന്നാണ് സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍ (എസ്.ബി.എഫ്) രൂപം കൊള്ളുന്നത്. അടുത്ത കാലത്തുണ്ടായ പല ദുരന്തങ്ങളിലും ഓടിയെത്താന്‍ എസ്.ബി.എഫ്. വളന്റിയര്‍മാര്‍ക്ക് കഴിഞ്ഞു. 2018-ലും 2019-ലും കേരളത്തിലുണ്ടായ പ്രളയ സന്ദര്‍ഭങ്ങളില്‍ എസ്.ബി.എഫ് വളന്റിയര്‍മാര്‍ സേവനരംഗത്തുണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി ഇത്തരം ആയിരത്തോളം വളന്റിയര്‍മാര്‍ പരിശീലനം സിദ്ധിച്ചവരായുണ്ട്.

മോഡല്‍ വില്ലേജ് ട്രസ്റ്റ് (മാതൃകാ ഗ്രാമ പദ്ധതി)

വിഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതു മുതല്‍ പിന്നാക്ക ഗ്രാമങ്ങള്‍ തെരഞ്ഞെടുത്ത് മാതൃകാ ഗ്രാമങ്ങളായി വളര്‍ത്തിയെടുക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. ഒരു പതിറ്റാണ്ടിന്റെ അനുഭവങ്ങളും പാഠങ്ങളും മുന്നില്‍വെച്ച് കൂടുതല്‍ കാര്യക്ഷമമായി ഗ്രാമങ്ങള്‍ ദത്തെടുക്കാനുള്ള പദ്ധതികള്‍ തയാറാക്കി. വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക വളര്‍ച്ച, ശുചീകരണം, മതസൗഹാര്‍ദം എന്നീ മേഖലകളില്‍ കൃത്യമായ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനാണ് ഈ പദ്ധതിയിലൂടെ  ശ്രമിക്കുന്നത്.
ഗ്രാമത്തില്‍ ഒരു സേവകനെ നിശ്ചയിക്കുകയും ഗ്രാമത്തില്‍നിന്നു തന്നെ വളന്റിയര്‍മാരെയും സഹായികളെയും കണ്ടെത്തുകയും മേല്‍ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി കൂട്ടായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രീതിയാണ് അവലംബിക്കുന്നത്. 'പാര്‍ട്ണര്‍ഷിപ്പ് വിത്ത് ദ നീഡി' (ജമൃിേലൃവെശു ംശവേ വേല ചലലറ്യ) എന്ന വിഷന്‍ മുദ്രാവാക്യം ഏറ്റവും കൂടുതല്‍ ചേരുന്നത് ഈ പദ്ധതിയോടാണ്. മുഴുവന്‍ കുട്ടികളെയും സ്‌കൂളില്‍ എത്തിക്കുക, കൊഴിഞ്ഞുപോക്ക് തീര്‍ത്തും ഇല്ലാതാക്കുക, ഉന്നത വിദ്യാഭ്യാസത്തിലേക്ക് വാതില്‍ തുറന്നുകൊടുക്കുക, പഠനം നിര്‍ത്തേണ്ടിവന്ന കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും തുടര്‍ വിദ്യാഭ്യാസ സംവിധാനങ്ങള്‍ നല്‍കുക, സാക്ഷരതാ പദ്ധതികള്‍ നടപ്പാക്കുക തുടങ്ങിയവയാണ് വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍.
മുഴുവന്‍ ഗ്രാമവാസികളെയും ഹെല്‍ത്ത് സ്‌ക്രീനിംഗ് നടത്തി പൊതുവായ രോഗങ്ങളെയും രോഗകാരണങ്ങളെയും കണ്ടെത്തുക, അവ ഇല്ലാതാക്കാന്‍ ആവശ്യമായ ബോധവല്‍ക്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തുക എന്നതാണ് ആരോഗ്യരംഗത്തെ അടിസ്ഥാന പ്രവര്‍ത്തനം. ശൗചാലയങ്ങള്‍ നിര്‍മിക്കാനും, വീടും പരിസരവും വൃത്തിയില്‍ സൂക്ഷിക്കുന്നതിന് ബോധവല്‍ക്കരണം നടത്താനും അതത് ഗ്രാമത്തിലെ വളന്റിയര്‍മാര്‍ മുന്‍കൈ എടുക്കുന്നു. കൈ കഴുകാനും ശൗച്യം ചെയ്യാനും പ്രത്യേകം മാര്‍ഗനിര്‍ദേശം നല്‍കേണ്ടിവരുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് നാപ്കിന്‍ ലഭ്യതയില്ലായ്മയും അറിവില്ലായ്മയും കാരണമായി പല വിഷമതകളും രോഗങ്ങളും വന്നുപെടുന്നുണ്ട്. നാപ്കിന്‍ സമാഹരിക്കുന്നതിനും  ആവശ്യക്കാരിലേക്കെത്തിക്കുന്നതിനും ശ്രമിക്കുന്നുണ്ട്.
പാനയോഗ്യമായ ജലം ഒരു ദിവസം 20 ലിറ്ററെങ്കിലും ഓരോ വീട്ടിലും ലഭ്യമാകണമെന്നാണ് നാം ആഗ്രഹിക്കുന്നത്. ഇതിനായുള്ള പദ്ധതികള്‍ ദത്തെടുത്ത പല ഗ്രാമങ്ങളിലും ഇപ്പോള്‍ നടന്നുവരുന്നുണ്ട്.
ഗ്രാമീണരായ ആളുകളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി സ്വയംതൊഴില്‍ സംരംഭങ്ങള്‍, കുടില്‍ വ്യവസായങ്ങള്‍ എന്നിവക്കായി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നു. പല ഗ്രാമങ്ങളിലും സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പുകള്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രാമങ്ങളിലെ സ്ത്രീശാക്തീകരണത്തില്‍ ഇത് വലിയ പങ്ക് വഹിക്കുന്നു.
നാം തെരഞ്ഞെടുക്കുന്ന ഗ്രാമങ്ങളില്‍ ദരിദ്രരായ വിവിധ സമുദായക്കാര്‍ ഉണ്ടാവും. വികസന പ്രവര്‍ത്തനങ്ങളിലെ പങ്കാളികളിലും ഗുണഭോക്താക്കളിലും ഒരു വിവേചനവും കല്‍പ്പിക്കുന്നില്ല. അവര്‍ക്കിടയില്‍ സ്‌നേഹവും സൗഹാര്‍ദവും സമാധാനപരമായ സഹവര്‍ത്തിത്വവും ഉറപ്പുവരുത്താന്‍ കഴിയുന്ന വിധത്തിലാണ് പ്രവര്‍ത്തനം. എട്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായി 50 ഗ്രാമങ്ങള്‍ ഇപ്പോള്‍ ദത്തെടുത്തിട്ടുണ്ട്.

മെഡിക്കല്‍ സര്‍വീസ് സൊസൈറ്റി

ഡോക്ടര്‍മാരും പാരാ മെഡിക്കല്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയാണ് മെഡിക്കല്‍ സര്‍വീസ് സൊസൈറ്റി (എം.എസ്.എസ്). ദുരന്ത ഭൂമികളില്‍ ഓടിയെത്താനും വൈദ്യസഹായം നല്‍കാനും സംഘം മുന്നിലുണ്ടാവാറുണ്ട്. ആരോഗ്യരംഗത്തെ പുതിയ പ്രവണതകളെകുറിച്ച് പഠനവും ബോധവല്‍ക്കരണവും നടത്തുക, മെഡിക്കല്‍ എത്തിക്‌സ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചരിപ്പിക്കുക, വൈദ്യ വിദ്യാര്‍ഥികളില്‍ മൂല്യബോധം കരുപ്പിടിപ്പിക്കുക എന്നിവയും എം.എസ്.എസ് ലക്ഷ്യമാക്കുന്നു. ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ നേതൃത്വം നല്‍കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തനങ്ങളിലും എം.എസ്.എസിന് നേതൃപരമായ പങ്കുണ്ട്. ക്ലിനിക്കുകള്‍, ആരോഗ്യ ക്യാമ്പുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലെല്ലാം മനുഷ്യവിഭവമെത്തിക്കുക എം.എസ്.എസാണ്.
കോവിഡ് രണ്ടാം തരംഗത്തില്‍ എം.എസ്.എസിന് ഫലപ്രദമായി പ്രവര്‍ത്തിക്കാനായി. നാഗ്പൂരിലും ഭോപ്പാലിലും മറ്റു ചില ഉത്തരേന്ത്യന്‍ നഗരങ്ങളിലും എം.എസ്.എസ് യൂനിറ്റുകള്‍ മറ്റു സംഘടനകളുമായും എന്‍.ജി.ഒകളുമായും സഹകരിച്ചുകൊണ്ട് സ്ഥാപിച്ച് നടത്തിയ കോവിഡ് ഫീല്‍ഡ് ആശുപത്രികളും ഹെല്‍ത്ത് സെന്ററുകളും സര്‍ക്കാറിന്റെയും വിവിധ ദേശീയ-സംസ്ഥാന നേതാക്കളുടെയും പ്രശംസ പിടിച്ചുപറ്റുകയുണ്ടായി.

'ട്വീറ്റ്'

2006 മുതല്‍ തന്നെ സ്ത്രീ ശാക്തീകരണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. എന്നാല്‍ 2016-ല്‍ പുതിയ ദശവത്സര പദ്ധതി തയാറാക്കിയപ്പോള്‍ സ്ത്രീ വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനും സ്ത്രീകളുടെ തന്നെ നേതൃത്വത്തില്‍ ഒരു ട്രസ്റ്റ് രൂപീകരിക്കാന്‍ തീരുമാനമായി. ട്വീറ്റ് (ഠവല ണീാലി ഋറൗരമശേീി & ഋാുീംലൃാലി േഠൃൗേെ) എന്ന പേരില്‍ അതിപ്പോള്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും സ്ത്രീകള്‍ക്കായി തൊഴില്‍ സംരംഭങ്ങളും കുടില്‍ വ്യവസായങ്ങളും സ്ഥാപിച്ച് നല്‍കുന്നതോടൊപ്പം പ്രത്യേകമായ ബോധവല്‍ക്കരണ പരിപാടികള്‍, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയിലൂടെ സമൂഹത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ശുചിത്വ ബോധവല്‍ക്കരണത്തിനും നാപ്കിന്‍ വിതരണത്തിനും ട്വീറ്റ് പ്രത്യേകം പദ്ധതികള്‍ നടപ്പാക്കിവരുന്നു.
വടക്കു കിഴക്കന്‍ ദല്‍ഹിയിലെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ വിധവകളെ ദത്തെടുത്ത് അവര്‍ക്കാവശ്യമായ ജീവിത സൗകര്യങ്ങള്‍ നല്‍കാനും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും 'ട്വീറ്റി'നായി. കലാപത്തില്‍ അനാഥരായ പെണ്‍കുട്ടികളുടെ തുടര്‍പഠനത്തിന് സംവിധാനങ്ങള്‍ ഒരുക്കുന്നതും സ്‌കോളര്‍ഷിപ്പ് നല്‍കുന്നതും ട്വീറ്റ് തന്നെയാണ്. ട്വീറ്റിന്റെ പ്രവര്‍ത്തകര്‍ കലാപബാധിതരുടെ വീടുകള്‍ ഇടക്കിടെ സന്ദര്‍ശിക്കുകയും അവരെ സാന്ത്വനിപ്പിക്കുകയും ചെയ്യാറുണ്ട്.
വിഷന്‍ 2026-നു കീഴില്‍ വിവിധ എന്‍.ജി.ഒകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഇതുവരെ വിവരിച്ചത്. വിഷന്‍ പ്രവര്‍ത്തനങ്ങളാല്‍ പ്രചോദിതരായി വടക്കേ ഇന്ത്യയില്‍ തന്നെ രൂപീകൃതമായിട്ടുള്ള ധാരാളം കൂട്ടായ്മകളും പദ്ധതികളും വേറെയുമുണ്ട്. ഇവയെല്ലാം ചേര്‍ന്നാലും ഈ ദരിദ്ര ജനവിഭാഗങ്ങളുടെ ആവശ്യങ്ങള്‍ മുന്നില്‍ വെക്കുമ്പോള്‍ വളരെ അപര്യാപ്തമാണ്. ഈ രംഗത്തുള്ള പ്രവര്‍ത്തനം അനുദിനം വികസിപ്പിക്കുകയും പുതിയ ഏജന്‍സികളും സംഘടനകളും അവരുടെ ശ്രദ്ധ ഈ പ്രദേശങ്ങളിലേക്ക് തിരിക്കുകയും വേണം. നിയമ മേഖലയില്‍ വളരെ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. നിലവില്‍ 17 സംസ്ഥാനങ്ങളില്‍ വിഷന്റെ പ്രവര്‍ത്തകര്‍ നിയമ സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. നിരപരാധികളായ നൂറുകണക്കിനാളുകളെ ജയിലുകളില്‍നിന്ന് മോചിപ്പിക്കാന്‍ ഇതിനകം സാധ്യമായി. അസമില്‍ പൗരത്വ പട്ടിക തയാറാക്കുന്ന വിഷയത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞു. പ്രഥമ ലിസ്റ്റില്‍നിന്ന് പുറത്തായ രണ്ട് ലക്ഷം ഇന്ത്യന്‍ പൗരന്മാരെ ലിസ്റ്റിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഈ പ്രവര്‍ത്തനങ്ങള്‍ കൊണ്ടായി. ഇരുനൂറ് പേരുടെ മൂന്ന് മാസം നീണ്ട നിരന്തരമായ കഠിനാധ്വാനത്തിലൂടെയാണ് ഇത് സാധ്യമായത്. ഇനിയും ധാരാളം ചെയ്യാനുണ്ട്. താണ്ടിക്കടക്കാന്‍ മുന്നില്‍ കടമ്പകള്‍ ധാരാളം. സാധ്യമാകുന്നത്ര വിഭവങ്ങള്‍ ശേഖരിച്ച് മുന്നോട്ടു പോവുകയേ വഴിയുള്ളൂ. അല്ലാഹു തുണക്കട്ടെ. 

(തയാറാക്കിയത്: മെഹര്‍ നൗഷാദ്)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍- 34-38
ടി.കെ ഉബൈദ്‌

ഹദീസ്‌

അല്ലാഹുവെക്കുറിച്ച് നല്ലതുമാത്രം വിചാരിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി