വ്യക്തി, സമൂഹം, മത സാംസ്‌കാരിക വിഭാഗങ്ങള്‍
നമ്മുടെ രാജ്യം വിവിധ ജാതികള്‍, ഭാഷകള്‍, മതവിഭാഗങ്ങള്‍, വ്യത്യസ്ത നാഗരികതകള്‍ എന്നിവയുടെ സംഗമ ഭൂമിയാണ്. ഇത് ദൃഢവും ഭദ്രവും ജീവസ്സുറ്റതുമായ യാഥാര്‍ഥ്യമാണ്. ഈ വസ്തുത അവഗണിച്ചുകൊണ്ട്, നമ്മുടെ രാജ്യത്തിന് ഒരു വിജയമാര്‍ഗവും കണ്ടെത്താന്‍ കഴിയില്ല. രാജ്യത്തെ സംബന്ധിച്ച ഈ സുപ്രധാന വസ്തുത മതേതരവാദികള്‍ തീര്‍ത്തും അവഗണിച്ചു എന്നതാണ് ഇന്നത്തെ ഭൂരിപക്ഷവാദ തരംഗത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് എന്നത് നമ്മുടെ ഉറച്ച ബോധ്യമാണ്.
ഹിന്ദുത്വ ചിന്തകരുടെ എല്ലാ ശബ്ദവും ഉയര്‍ന്നത് ഇന്ത്യ എന്ന രാഷ്ട്രത്തിലും അതിന്റെ ദേശീയതയിലുമാണെന്ന് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ രാഷ്ട്രത്തെ ജീവസ്സുറ്റ യാഥാര്‍ഥ്യമായി കാണുന്നു. അതിനെ ആരാധിക്കാനും പൂജിക്കാനും ആഹ്വാനം ചെയ്യുന്നു. രാജ്യത്തിനു വേണ്ടി, അതിന്റെ ദേശീയതയുടെ സംരക്ഷണത്തിനു വേണ്ടി വ്യക്തിപരമായ അവകാശങ്ങള്‍ ത്യജിക്കാന്‍ പ്രേരിപ്പിക്കുന്നു. അദ്വൈതമെന്ന പൗരാണിക തത്ത്വചിന്തയുടെ ആധുനിക രാഷ്ട്രീയ വ്യാഖ്യാനങ്ങള്‍ വഴി രാജ്യത്തെ പൗരന്മാര്‍ക്കും വ്യക്തികള്‍ക്കും അവരുടെ അവകാശങ്ങളും താല്‍പര്യങ്ങളും രാജ്യത്തിന്റെ പൊതുവായ അസ്തിത്വത്തിന്റെ സംരക്ഷണത്തിന്റെ പേരില്‍ നഷ്ടപ്പെടുത്തേണ്ടിവരുമെന്നും ഇവര്‍ സിദ്ധാന്തിക്കുന്നുണ്ട്.
ഇതിനു വിപരീതമായി, മതേതര ചിന്തകര്‍ സ്വപ്‌നം കാണുന്ന ആധുനിക ഇന്ത്യയില്‍ ഒരു വശത്ത് ഏകീകൃത ഇന്ത്യന്‍ രാഷ്ട്രവും, മറുവശത്ത് പൗരനോ വ്യക്തിയോ ആണ്. സെക്യുലറിസ്റ്റുകള്‍ പൗരന്മാരുടെയും വ്യക്തികളുടെയും അവകാശങ്ങളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പൗരന്മാരുടെ സംഘടിത സംവിധാനങ്ങളെ, പ്രത്യേകിച്ചും മതവിഭാഗങ്ങളെയും അവരുടെ താല്‍പര്യങ്ങളെയും ഗൗരവപൂര്‍വം പരിഗണിക്കുകയോ കണക്കിലെടുക്കുകയോ ചെയ്തില്ല.
ഭരണഘടനാ അസംബ്ലിയില്‍ പുതിയ ഇന്ത്യയുടെ ഭരണഘടന ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍, ഇന്ത്യ ശക്തമായ ഒരു രാജ്യമായി നിലനില്‍ക്കുമ്പോള്‍ തന്നെ സ്വന്തമായി പരമാധികാരമുള്ള സംസ്ഥാനങ്ങളുടെ ഫെഡറേഷനായി രാജ്യത്തെ കാണാന്‍ ഒരുവിഭാഗം ആഗ്രഹിച്ചിരുന്നു. വൈവിധ്യങ്ങളുടെ സംഗമ ഭൂമിയായ ഇന്ത്യ പോലുള്ള ഒരു രാജ്യത്തിന് അനുയോജ്യമായ സ്വാഭാവിക രൂപവും അതായിരുന്നു. എന്നാല്‍ ദേശീയവാദികളായ നേതാക്കള്‍ കേന്ദ്രീകൃത സ്വഭാവമുള്ള ഒരു ഐക്യ രാജ്യമാകണമെന്ന ശക്തമായ വാദക്കാരായിരുന്നു. സുശക്തമായ കേന്ദ്ര ഘടനയുണ്ടാവുകയും മുഴുവന്‍ അധികാരങ്ങളും അതില്‍ കേന്ദ്രീകരിക്കുകയും ചെയ്യുംവിധം ഭരണഘടന തയാറാക്കണമെന്നും അവര്‍ ശഠിച്ചു.(19) ഒടുവില്‍ രൂപംകൊണ്ട ഇന്ത്യ ദേശീയവാദികള്‍ ആഗ്രഹിച്ചതു പോലെ കേന്ദ്രീകൃത സ്വഭാവമുള്ള ഐക്യ രാജ്യമായിരുന്നു. എന്നിരുന്നാലും, ഫെഡറല്‍ ഘടനയുടെ ചില വശങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് (അവശേഷിക്കുന്ന ഫെഡറല്‍ സംവിധാനത്തെ ഇല്ലാതാക്കാനോ അതിന്റെ കരുത്ത് കുറച്ചുകൊണ്ടുവരാനോ ഉള്ള ശ്രമങ്ങളാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്). ഭരണഘടനാ രൂപീകരണ ചര്‍ച്ചയില്‍ ഏറ്റവും വലിയ പ്രശ്നമായി ഉയര്‍ന്നുവന്നത് മതപരമായ ഘടകങ്ങളായിരുന്നു. ഭരണഘടനാ അസംബ്ലിയില്‍ ന്യൂനപക്ഷങ്ങളുടെ അവകാശാധികാരങ്ങളെക്കുറിച്ചു പഠിക്കാന്‍ നിശ്ചയിച്ച ഉപസമിതിയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് തെരഞ്ഞെടുപ്പു വേളയില്‍ പ്രത്യേക മണ്ഡലങ്ങള്‍ അനുവദിക്കണമെന്ന അഭിപ്രായം ഉയര്‍ന്നുവന്നു (അഥവാ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക മണ്ഡലങ്ങള്‍ ഉണ്ടായിരിക്കുകയും ജനസംഖ്യാനുപാതികമായി അവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുകയും വേണം). രാജ്യത്തിന്റെ ഐക്യത്തിന് ഹാനികരമാണെന്ന ഭൂരിപക്ഷാഭിപ്രായത്തില്‍ ഈ ആശയം തള്ളപ്പെടുകയാണ് ഉണ്ടായത്. എന്നാല്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ അവര്‍ക്ക് (മുസ്ലിംകള്‍, പട്ടികജാതിക്കാര്‍, ക്രിസ്ത്യാനികള്‍) സീറ്റ് സംവരണം ചെയ്യുന്ന വിധത്തില്‍ സംരക്ഷിക്കപ്പെട്ട്, ഭൂരിപക്ഷ വിഭാഗങ്ങളില്‍നിന്നുള്ള സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കാന്‍, അവര്‍ക്ക് ന്യൂനപക്ഷങ്ങളുടെ ഒരു നിശ്ചിത ശതമാനം വോട്ടുകള്‍ നേടേണ്ടത് അത്യാവശ്യമാണ് എന്നായിരുന്നു ഡോ. അംബേദ്കറുടെ നിര്‍ദേശം.(20)
അതുവഴി തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ഥികള്‍ക്ക് ഒരിക്കലും ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും അവഗണിക്കാന്‍ കഴിയില്ല. അംബേദ്കറുടെ ശ്രദ്ധേയമായ നിര്‍ദേശം അംഗീകരിക്കപ്പെട്ടില്ലെങ്കിലും ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കാനുള്ള പൊതു നിര്‍ദേശം അംഗീകരിച്ചു. ഇപ്രകാരം കേന്ദ്ര-സംസ്ഥാന മന്ത്രിസഭകളിലും സിവില്‍ സര്‍വീസിലും ന്യൂനപക്ഷങ്ങള്‍ക്ക് സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്.(21) 1948 ഫെബ്രുവരി 2-ന് ഗസറ്റ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ഇന്ത്യയുടെ ഭരണഘടനയുടെ കരട് രേഖയില്‍ ഈ സംവരണ വ്യവസ്ഥകളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. ഭരണഘടനയുടെ സെക്ഷന്‍ 292 പ്രകാരം ലോക്സഭയിലും 294 പ്രകാരം സംസ്ഥാന അസംബ്ലികളിലും ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കുന്നുണ്ട്.(22)
എന്നാല്‍ തയാറാക്കിയ ഭരണഘടനയുടെ കരട് ഭരണഘടനാ അസംബ്ലിയില്‍ അവതരിപ്പിച്ചപ്പോള്‍ വിവിധ ജാതി വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാന്‍ തീരുമാനിച്ചെങ്കിലും മതന്യൂനപക്ഷങ്ങളെ സംവരണ വിഭാഗങ്ങളില്‍നിന്നും ഒഴിവാക്കുകയായിരുന്നു. മതനിരപേക്ഷതയുടെ വക്താക്കള്‍ എന്നറിയപ്പെടുന്ന ഭരണഘടനാ അസംബ്ലിയിലെ അംഗങ്ങള്‍ പോലും രാജ്യത്തിന്റെ അഖണ്ഡതക്കും ഐക്യത്തിനും മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നത് പരിക്കേല്‍പ്പിക്കും എന്ന് വാദിക്കുന്നവരായിരുന്നു എന്നാണ് ഭരണഘടനാ അസംബ്ലിയിലെ ചര്‍ച്ചകള്‍ വിശകലനം ചെയ്താല്‍ മനസ്സിലാവുക. ഒരു മതവിഭാഗത്തിന്റെയും പ്രത്യേകമായ യാതൊരു വിധ പദവിയും അംഗീകരിക്കാതിരിക്കുകയും വ്യക്തികള്‍ക്ക് തുല്യ അവകാശങ്ങള്‍ നല്‍കുന്നതില്‍ തൃപ്തിപ്പെടുകയും ചെയ്യുക എന്നതായിരുന്നു ഇവരെല്ലാവരും മുന്നോട്ടു വെച്ച ആശയം.(23) ഭരണഘടനാ നിര്‍മാണസഭയില്‍ പണ്ഡിറ്റ് ഗോവിന്ദ് വല്ലഭ് പന്ത് നടത്തിയ പ്രസംഗം ഈ നിലപാടിന്റെ മികച്ച ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ സാധിക്കും.(24) 1947 ആഗസ്റ്റില്‍ ഭരണഘടനാ അസംബ്ലി ചെയര്‍മാന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എഴുതിയ കത്ത് ഈ നിലപാട് ഒന്നുകൂടി വ്യക്തമാക്കുന്നതാണ്.
ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ സംവാദങ്ങളും സംഗ്രഹിച്ചുകൊണ്ട് ശശി തരൂര്‍ ഇപ്രകാരം എഴുതുന്നത് കാണാം; ''ഭരണഘടനാ അസംബ്ലിയിലെ യഥാര്‍ഥ സംവാദം ഇരു വിഭാഗങ്ങള്‍ക്കിടയിലായിരുന്നു. ഒരു വശത്ത് ജാതിയും മതവും പോലുള്ള മാറ്റാനാവാത്ത സ്വത്വയാഥാര്‍ഥ്യങ്ങളെ മറികടന്ന് വ്യക്തിഗത പൗരത്വം എന്ന ആശയത്തില്‍ ഉറച്ചു നിന്നവരായിരുന്നു. മറുവശത്ത് ഇന്ത്യയുടെ ദേശീയതയെ ഇത്തരം അനിവാര്യമായ സ്വത്വങ്ങളുടെ ഫെഡറേഷനായി കാണണമെന്ന് നിര്‍ബന്ധമുള്ളവരുമായിരുന്നു. ഭരണഘടനാ അസംബ്ലിക്ക് പുറത്ത് ഐക്യ ഇന്ത്യക്കായി വാദപ്രതിവാദങ്ങള്‍ നടത്തിയ പല ദേശീയ നേതാക്കളും (ഗാന്ധിജിയും മൗലാന ആസാദും ഉള്‍പ്പെടെ) ഇന്ത്യ യഥാര്‍ഥത്തില്‍ വ്യത്യസ്ത വിഭാഗങ്ങളുടെ സംഗമ ഭൂമിയാണെന്നും അവരുടെ സമാധാനപരമായ സഹവര്‍ത്തിത്വത്തിലൂടെ മാത്രമാണ് ഇന്ത്യയുടെ പുരോഗതിയെന്നും ഉറച്ചുവിശ്വസിച്ചു. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഭരണഘടനാ അസംബ്ലി മറ്റൊരു ദിശയിലേക്കാണ് പോയത്. അങ്ങനെ വളരെ ബോധപൂര്‍വം തന്നെ വ്യക്തിഗത പൗരത്വം ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാനമാക്കി നിശ്ചയിച്ചു.''(25)
എന്നിരുന്നാലും ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് മൊത്തത്തില്‍ ചില അവകാശങ്ങള്‍ വകവെച്ചുനല്‍കുന്നുണ്ട്. മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അവകാശം (ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 24), വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നടത്തിക്കൊണ്ടുപോകാനുമുള്ള അവകാശം (ആര്‍ട്ടിക്ക്ള്‍ 30), വ്യക്തി നിയമം (മുസ്ലിം പേഴ്‌സണല്‍ കോ ആപ്ലിക്കേഷന്‍ ആക്ട് 1937-ന്റെ അനുമതിയും സാധ്യതയും ഭരണഘടനയില്‍ നിലനില്‍ക്കുന്നു) തുടങ്ങിയവ ഉദാഹരണങ്ങളായി കാണാം. പരിമിതമായ ഇത്തരം ഉദാഹരണങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഭരണഘടന മൊത്തത്തില്‍ വ്യക്തിയുടെ അവകാശങ്ങളെ മാത്രമാണ് അംഗീകരിക്കുന്നത്. സംഘടിത വിഭാഗങ്ങളുടെ, പ്രത്യേകിച്ചും സംഘടിത മതവിഭാഗങ്ങളുടെ അവകാശങ്ങളെ വിലമതിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. മതവിഭാഗങ്ങളുടെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക അവകാശങ്ങളുടെ സംരക്ഷണം വ്യക്തിഗത അവകാശങ്ങളുടെ വീക്ഷണ കോണിലൂടെ മാത്രം പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്.
മതേതര രാഷ്ട്രീയ വക്താക്കളെ സംബന്ധിച്ചേടത്തോളം ഭരണഘടനയുടെ നിലപാട് അത് പൗരന്മാര്‍ക്ക് രാഷ്ട്രീയ അധികാരം നല്‍കുന്നു എന്നതാണ്. എന്നാല്‍ അര്‍ഹമായ ഒരു രാഷ്ട്രീയ അധികാരവും ഇത്തരം മതവിഭാഗങ്ങള്‍ക്കായി നല്‍കുന്നില്ല. ഇത് അംബേദ്കറുടെ കാഴ്ചപ്പാടിന് തികച്ചും വിപരീതമായിരുന്നു. ഭരണഘടന നിലവില്‍ വന്നതിനു ശേഷം അദ്ദേഹം തന്റെ നിരാശ ഇപ്രകാരം പ്രകടിപ്പിച്ചു: ''നിര്‍ഭാഗ്യവശാല്‍ ഭൂരിപക്ഷത്തിന് ഇഷ്ടാനുസരണം ന്യൂനപക്ഷങ്ങളെ ഭരിക്കാനുള്ള ദൈവിക അവകാശമുണ്ടെന്നാണ് ഇന്ത്യന്‍ ദേശീയത വിശ്വസിക്കുന്നത്. അധികാര പങ്കാളിത്തവുമായി ബന്ധപ്പെട്ട വല്ല അവകാശവാദവും ന്യൂനപക്ഷ വിഭാഗങ്ങള്‍ പ്രകടിപ്പിച്ചാല്‍ അത് വിഭാഗീയതയായി കണക്കാക്കപ്പെടുന്ന സാഹചര്യമാണുള്ളത്. ഭൂരിപക്ഷം എല്ലാ അധികാര സ്ഥാനങ്ങളും കുത്തകയാക്കാന്‍ ആഗ്രഹിക്കുന്നതിനെയും അതിന് സൗകര്യമൊരുക്കിക്കൊടുക്കുന്നതിനെയുമാണ് ദേശീയത എന്ന് വിളിക്കുന്നത്. ഈ രാഷ്ട്രീയ തത്ത്വചിന്തയാല്‍ നയിക്കപ്പെടുന്ന ഭൂരിപക്ഷ വിഭാഗങ്ങള്‍ ഒരു തലത്തിലും ന്യൂനപക്ഷങ്ങളെ രാഷ്ട്രീയ അധികാരത്തില്‍ പങ്കാളികളാക്കാന്‍ തയാറല്ല. അല്ലെങ്കില്‍ ഇക്കാര്യത്തില്‍ നിയമപരവും ഭരണഘടനാപരവുമായ ക്രമീകരണങ്ങള്‍ നടത്താന്‍ അവര്‍ സന്നദ്ധരല്ല.''(26)
മതവിഭാഗങ്ങളെ ഒരു യൂനിറ്റായി കാണുന്നതില്‍ പരാജയപ്പെട്ടതാണ് മതേതര ചിന്തകര്‍ക്ക് പറ്റിയ ഏറ്റവും വലിയ തെറ്റെന്ന് നാം മനസ്സിലാക്കുന്നു. ഇങ്ങനെ സംഭവിക്കാന്‍ രണ്ട് കാരണങ്ങളുണ്ട്. മുകളില്‍ സൂചിപ്പിച്ച ആശയങ്ങളും മത തത്ത്വശാസ്ത്രങ്ങളും പല നേതാക്കളെയും സ്വാധീനിച്ചു എന്നത് തന്നെയാണ് ഒന്നാമത്തെ കാര്യം. രണ്ടാമതായി നെഹ്റുവിനെപ്പോലുള്ള ചിന്തകരും രാഷ്ട്രീയ നേതാക്കളും ബ്രിട്ടീഷ് മാതൃകയില്‍ ആകൃഷ്ടരായി ഇന്ത്യയെ ഒരേ മാതൃകയില്‍ ഏകീകൃതവും ഏകതാനവുമായ (Homogeneous) രാഷ്ട്രമായി കണ്ടു. സ്വാതന്ത്ര്യത്തിനു ശേഷം ഈ മനോഭാവം മിക്കവാറും അതേപടി നിലനില്‍ക്കുകയാണുണ്ടായത്.
ജാതി, മതം, വര്‍ഗം എന്നിവയുടെ അടിസ്ഥാനത്തില്‍ ചെറിയ ഗ്രാമങ്ങള്‍ പോലും പ്രത്യേകം പ്രത്യേകം വാസസ്ഥലങ്ങളായി വിഭജിക്കപ്പെട്ടിരുന്ന ഒരു രാജ്യത്ത്, എഴുപത് വര്‍ഷങ്ങള്‍ക്കു ശേഷവും ക്ഷേത്രങ്ങളുടെയും പള്ളികളുടെയും പേരിലുള്ള സംഘര്‍ഷങ്ങള്‍ നീറുന്ന പ്രശ്നമായി നിലനില്‍ക്കുകയാണ്. ജനങ്ങളുടെ വികസന ആവശ്യങ്ങള്‍ ഒട്ടുമേ പരിഗണിക്കാതിരുന്നാല്‍ പോലും ജാതിയുടെയും മതത്തിന്റെയും പേരില്‍ മാത്രം വോട്ട് ലഭിക്കുമെന്ന സ്ഥിതിയും വന്നുചേര്‍ന്നു. ഇന്ത്യയില്‍ നിലനില്‍ക്കുന്ന വിവിധ ജാതി-മത വിഭാഗങ്ങളെയും നാഗരികതകളെയും അവഗണിക്കുന്നത് പ്രകൃതിവിരുദ്ധമായ ആദര്‍ശവാദമാണ്. ഇന്ത്യ ഒരു ഏകീകൃത അഖണ്ഡ രാജ്യമായിരിക്കണമെന്ന് ചില നേതാക്കള്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. എന്നാല്‍ അവരുടെ ഈ ആഗ്രഹം മത-ജാതി വിഭാഗങ്ങള്‍ എന്ന ഏറ്റവും വലിയ യാഥാര്‍ഥ്യത്തെ അവഗണിച്ചുകൊണ്ടുള്ളതാണ്. തദ്ഫലമായി വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഐക്യവും സഖ്യബോധവും ഉണ്ടാകുന്നതിനു പകരം അരാജകത്വം വര്‍ധിക്കുകയും സംഘര്‍ഷങ്ങളുടെ നാടായി നമ്മുടെ രാജ്യം മാറുകയുമാണ് ചെയ്തത്. ഇവിടെ ബഹുസ്വര വോട്ടിംഗ് (Plurality Voting) എന്ന് വിളിക്കുന്ന ബ്രിട്ടീഷ് തെരഞ്ഞെടുപ്പു സമ്പ്രദായമാണ് അനുകരിക്കപ്പെട്ടത്. അതില്‍ ഭൂരിപക്ഷത്തിന്റെ സ്വേഛാധിപത്യവും ജനകീയ ആഭിമുഖ്യവും തടയാന്‍ ആവശ്യമായ യാതൊരു വിധ വ്യവസ്ഥകളുമില്ല. ഇംഗ്ലണ്ട് പോലെ ഒരേ വംശക്കാരുണ്ടായിരുന്ന രാജ്യത്തിന് ഈ സംവിധാനം ഫലപ്രദമായിരുന്നിരിക്കാം. എന്നാല്‍ ഇന്ത്യ പോലെ ബഹുസ്വര സംസ്‌കാരങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്ത്, വ്യത്യസ്ത സാംസ്‌കാരിക വിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഈ സംവിധാനത്തിലൂടെ ഒരിക്കലും സാധ്യമല്ല. മുമ്പ് ബ്രിട്ടനോ അമേരിക്കയോ കോളനിവത്കരിച്ചിരുന്ന രാജ്യങ്ങളില്‍ ഈ തെരഞ്ഞെടുപ്പു സംവിധാനം തന്നെയാണ് പൊതുവെ ഇപ്പോഴും നിലവിലുള്ളത്.
ഇന്ത്യ പോലെയുള്ള ഒരു രാജ്യത്തിന് ബെല്‍ജിയം, സ്പെയിന്‍, നെതര്‍ലാന്റ്സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളുടെ അനുഭവം കൂടുതല്‍ പ്രയോജനകരമായിരുന്നു. ഇത്തരം രാജ്യങ്ങളില്‍ ആനുപാതിക പ്രാതിനിധ്യ(Proportionate Representation)ത്തിന്റെ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പു സമ്പ്രദായമാണ് ഉള്ളത്. ഇത്തരം രാജ്യങ്ങള്‍ വ്യക്തികളെന്ന നിലക്കും, വംശീയവും ഭാഷാപരവും സാംസ്‌കാരികവും പ്രത്യയശാസ്ത്രപരവുമായ വിവിധ വിഭാഗങ്ങളെന്ന നിലക്കും ജനങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉള്‍ക്കൊണ്ട് തെരഞ്ഞെടുപ്പു രാഷ്ട്രീയ സംവിധാനം രൂപപ്പെടുത്തുകയാണ് ചെയ്തത്. സമീപകാലത്ത്, പല രാജ്യങ്ങളിലും ബഹുസ്വരതയെയും വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളേണ്ട സാഹചര്യം വന്നപ്പോള്‍ ബഹുസ്വര വ്യവസ്ഥയില്‍നിന്ന് ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥയിലേക്കോ സമാന മാതൃകകളിലേക്കോ മാറുകയും ചെയ്തിരുന്നു. സൈപ്രസ്, ഹോങ്കോംഗ്, ലബനാന്‍, നേപ്പാള്‍, ന്യൂസിലാന്റ്, ഫിലിപ്പൈന്‍സ്, ദക്ഷിണാഫ്രിക്ക തുടങ്ങി നിരവധി രാജ്യങ്ങള്‍ കാലഹരണപ്പെട്ട സമ്പ്രദായം ഉപേക്ഷിച്ച് വിവിധ രൂപത്തിലുള്ള ആനുപാതിക പ്രാതിനിധ്യമുള്ള തെരഞ്ഞെടുപ്പു സമ്പ്രദായങ്ങളിലേക്ക് മാറുകയും പുതിയ മര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.(27) 195 ജനാധിപത്യ രാജ്യങ്ങളില്‍ 123 എണ്ണവും ആനുപാതിക പ്രാതിനിധ്യത്തിന്റെ വ്യത്യസ്തമായ തെരഞ്ഞെടുപ്പു രൂപങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നവയാണ്.(28) ബ്രിട്ടനില്‍ പോലും പുതിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു രീതി പരിഷ്‌കരിക്കണമെന്ന ആവശ്യങ്ങളുമായി വിവിധ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്.(29) ഖേദകരമെന്നു പറയട്ടെ, ഇത്തരം പരിഷ്‌കരണങ്ങള്‍ ഏറ്റവുമധികം ആവശ്യമുള്ള, വംശീയവും സാംസ്‌കാരികവും മതപരവുമായ വൈവിധ്യങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഇതുസംബന്ധിച്ച ഗൗരവപ്പെട്ട ചര്‍ച്ചകള്‍ ഉയര്‍ന്നുവരികയോ അതിനു വേണ്ട രാഷ്ട്രീയ മുന്നേറ്റങ്ങള്‍ ഉണ്ടാവുകയോ ചെയ്യുന്നില്ല.
ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും വ്യത്യസ്തതകള്‍ പുലര്‍ത്തുന്ന വിവിധ ജൂത വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ആനുപാതിക പ്രാതിനിധ്യത്തിന്റെ തെരഞ്ഞെടുപ്പ് സമ്പ്രദായമാണ് ഇസ്രയേല്‍ (മതഭീകര രാഷ്ട്രം) പോലും സ്വീകരിച്ചിരിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ ഇവിടത്തെ ഏറ്റവും ചെറിയ വംശീയ - സാംസ്‌കാരിക വിഭാഗങ്ങള്‍ക്കു പോലും വലിയ തോതിലുള്ള അധികാരാവകാശങ്ങളാണ് ലഭ്യമാകുന്നത്. മാത്രവുമല്ല ഇത്തരം ചെറിയ വിഭാഗങ്ങളുടെ പോലും താല്‍പര്യങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ വളരെ എളുപ്പത്തില്‍ തടയാനും ഇതുവഴി സാധിക്കുന്നു. ഇത് ഇസ്രയേലില്‍ തീര്‍ച്ചയായും രാഷ്ട്രീയ അസ്ഥിരത സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നത് ശരിയാണ്. എന്നാല്‍ മുഴുവന്‍ പൗരന്മാരും അവരുടെ സാംസ്‌കാരിക വൈവിധ്യങ്ങളോടെ തന്നെ അസാധാരണമായ അധികാരങ്ങള്‍ ആസ്വദിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. ഇസ്രയേലില്‍ ആറ് ദശലക്ഷം പ്രധാനമന്ത്രിമാരുണ്ടെന്ന് മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഒരിക്കല്‍ ഈ സംവിധാനത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.(30)
സമീപകാലത്ത് പ്രസിദ്ധീകരിച്ച യോഗേന്ദ്ര യാദവിന്റെ പ്രസിദ്ധമായ പുസ്തകം Making Sense of Indian Democracy(31) ഈ വിഷയത്തിന്റെ നിരവധി വശങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. നാഷ്‌നല്‍ സ്റ്റേറ്റും (ചമശേീിമഹ ടമേലേ) സ്റ്റേറ്റ് നാഷ്‌നലും (State National) തമ്മിലുള്ള വ്യത്യാസം സംബന്ധിച്ച് അദ്ദേഹം നടത്തിയ ചില സൂക്ഷ്മ നിരീക്ഷണങ്ങളും ചര്‍ച്ചകളും വലിയ തോതില്‍ ആശങ്കാജനകമാണ് എന്ന് പറയാതെ വയ്യ. ഒരൊറ്റ സാംസ്‌കാരിക പാരമ്പര്യം മാത്രം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന രാഷ്ട്ര സംവിധാനമാണ് നാഷ്‌നല്‍ സ്റ്റേറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. രാഷ്ട്രത്തിനകത്തെ വിവിധ സംസ്ഥാനങ്ങളും അതേ സാംസ്‌കാരിക സ്വത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ സ്റ്റേറ്റ് നാഷ്‌നല്‍ 'നാഗരികതകളുടെ ഫെഡറേഷന്‍' ആയാണ് പ്രവര്‍ത്തിക്കുക. വിവിധ സാംസ്‌കാരിക സ്വത്വങ്ങളെയും സാംസ്‌കാരിക ദേശീയതകളെയും ഉള്‍ക്കൊള്ളാനുള്ള ശേഷിയും അതിനുണ്ടാവും. ഇന്ത്യ വാസ്തവത്തില്‍ ഒരു സ്റ്റേറ്റ് നാഷനാണെന്നാണ് അദ്ദേഹം സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്.(32) ന്യായവും യുക്തിസഹവുമായ ഈ ചര്‍ച്ചകള്‍ക്കൊടുവില്‍ അതിശയകരമാം വിധം അദ്ദേഹം ഇന്ത്യയുടെ നിലവിലെ ഘടനയെ ശക്തമായി ന്യായീകരിക്കുകയും ഇന്ത്യയെ ഒരു സ്റ്റേറ്റ് നാഷ്‌നായി അവതരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന വിവിധ ഭാഷാ സംസ്ഥാനങ്ങളെയാണ് ഇന്ത്യ ഒരു സ്റ്റേറ്റ് നാഷ്‌നലാണെന്ന് സമര്‍ഥിക്കാന്‍ അദ്ദേഹം തെളിവായി അവതരിപ്പിക്കുന്നത്. നമ്മുടെ രാഷ്ട്ര സംവിധാനം ഭാഷാപരമായ വിവിധ വിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട് എന്ന് സമ്മതിക്കാം. എന്നാല്‍ അതിനേക്കാള്‍ വലിയ യാഥാര്‍ഥ്യമായ വിവിധ മത വിഭാഗങ്ങളുടെ ശാക്തീകരണം അവഗണിച്ചുകൊണ്ട് നമുക്ക് എങ്ങനെ വിജയകരമായ സ്റ്റേറ്റ് നാഷ്‌നലായി മാറാനും നിലനില്‍ക്കാനും സാധിക്കും?
ഏറ്റവുമൊടുവില്‍, രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ക്കായുള്ള സമൂലമായ അജണ്ട (A Radical Agenda for Political Reforms) എന്ന തലക്കെട്ടില്‍ യോഗേന്ദ്ര യാദവ് മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ ഈ പ്രത്യേക വിഷയത്തില്‍ ഒരു സുപ്രധാന നിര്‍ദേശവും മുന്നോട്ടുവെക്കുന്നില്ല. മുസ്ലിംകളുടെ ആനുപാതികമല്ലാത്ത പ്രാതിനിധ്യം പരിഹരിക്കാനുള്ള അദ്ദേഹത്തിന്റെ 'വിപ്ലവകരമായ നിര്‍ദേശം' സീറ്റ് വിഭജനം മെച്ചപ്പെടുത്തുക (Delimitation) എന്നത് മാത്രമാണ്.(33)
ന്യൂനപക്ഷ പ്രീണനം (Appeasement)
രാജ്യത്ത് ന്യൂനപക്ഷ 'പ്രീണന'മാണ് നടക്കുന്നതെന്ന് ഹിന്ദുത്വ ശക്തികള്‍ നിരന്തരം ആരോപിച്ചുകൊണ്ടിരിക്കുന്നതാണ്. ഭൂരിപക്ഷത്തിന്റെ അവകാശങ്ങളും താല്‍പര്യങ്ങളും നഷ്ടപ്പെടുത്തിയാണ് ന്യൂനപക്ഷ അനുകൂല നിലപാടുകള്‍ മതേതര കക്ഷികള്‍ സ്വീകരിക്കുന്നതെന്നാണ് ഇവരുടെ പ്രചാരണം. ന്യൂനപക്ഷ വിഭാഗങ്ങളെ ഏറ്റവും മികച്ച 'വോട്ട് ബാങ്ക്' ആക്കി ഉപയോഗപ്പെടുത്തുകയാണിവര്‍ യഥാര്‍ഥത്തില്‍ ചെയ്യുന്നത്. ഇത്തരം പ്രചാരണങ്ങള്‍ പതിറ്റാണ്ടുകളായി നമ്മുടെ രാജ്യത്ത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അതിന്റെ ഫലമായി വലിയൊരുവിഭാഗം ഇത് ശരിയാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ കാര്യങ്ങളുടെ കിടപ്പ് നേരെ മറിച്ചാണ്. ഹിന്ദുത്വ ശക്തികള്‍ ആരോപിക്കുന്നതു പോലെ ന്യൂനപക്ഷങ്ങളോട് ഇവിടെയുള്ള മതേതര മുന്നണികള്‍ പ്രീണന സമീപനം സ്വീകരിച്ചിരുന്നുവെങ്കില്‍ മുസ്ലിംകളുടെ അവസ്ഥ ഇത്രമാത്രം പരിതാപകരമാകുമായിരുന്നില്ല. ഇന്നവര്‍ എല്ലാ മേഖലകളിലും പിറകിലാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഈ ആരോപണം ഇന്നും ഉയര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്നു. സത്യത്തില്‍ മതേതര കക്ഷികള്‍ ചെയ്തത് എന്താണ്? ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ യഥാര്‍ഥ പ്രശ്നങ്ങളില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയുണ്ടായില്ല. അവരുടെ ന്യായമായ അവകാശങ്ങള്‍ നേടിക്കൊടുക്കുന്നതിനും ശ്രമം നടത്തിയില്ല. അവരോട് സഹതാപമുണ്ടെന്ന് വരുത്തിത്തീര്‍ക്കുക മാത്രമാണ് ചെയ്തത്. അത് പക്ഷപാതിത്വം കാണിക്കുന്നുണ്ടെന്ന ധാരണയെ ബലപ്പെടുത്തി. അതിന്റെയൊക്കെ രാഷ്ട്രീയ നേട്ടങ്ങള്‍ അവര്‍ കൊയ്തടുക്കുകയും ചെയ്തു.
ന്യൂനപക്ഷങ്ങള്‍ക്ക് തുല്യ അവസരങ്ങളും നീതിയും നല്‍കുന്നതിനുള്ള ആദ്യ പടി എന്ന നിലയില്‍ ചെയ്യേണ്ടിയിരുന്നത് അവരുടെ സാംസ്‌കാരികവും മതപരവുമായ സ്വത്വങ്ങള്‍ തിരിച്ചറിയുക എന്നതായിരുന്നു. വ്യക്തിപരമായ അവകാശങ്ങളോടൊപ്പം ഓരോ മതവിഭാഗങ്ങള്‍ക്കും സമുദായമെന്ന നിലയില്‍ സാമുദായികമായ അവകാശങ്ങള്‍ കൂടി വകവെച്ചുനല്‍കുകയുമാണ് വേണ്ടിയിരുന്നത്. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുകയും വ്യക്തിനിയമങ്ങള്‍ അനുവദിക്കുകയും ചെയ്യുന്ന അതേ സ്പിരിറ്റോടെ രാഷ്ട്രീയം, സിവില്‍ സര്‍വീസ്, ബിസിനസ്സ്, ധനകാര്യം, സുരക്ഷ തുടങ്ങിയ മേഖലകളിലും ശക്തമായ ചുവടുവെപ്പുകള്‍ നടത്തുകയുമാണ് വേണ്ടിയിരുന്നത്.
സാംസ്‌കാരികവും മതപരവുമായ സ്വത്വം സംരക്ഷിക്കുന്നതിനുള്ള ഭരണഘടനാപരവും നിയമപരവുമായ സംവിധാനം അംഗീകരിച്ചുകൊണ്ടാണ് നമ്മുടെ രാജ്യത്തിന്റെ ഭരണഘടന തയാറാക്കിയിരുന്നതെങ്കില്‍ മുഴുവന്‍ ജനവിഭാഗങ്ങളുടെയും നിയമാനുസൃത അവകാശങ്ങള്‍ ഒരു സംഘര്‍ഷവുമില്ലാതെ സംരക്ഷിക്കപ്പെടുമായിരുന്നു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ സ്ഥാപിച്ചുകൊണ്ട് രാജ്യത്തെ വിവിധ ഭാഷാ വിഭാഗങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെട്ടു. എന്നാല്‍ വ്യത്യസ്ത മത വിഭാഗങ്ങളുടെ കാര്യത്തില്‍ മുമ്പ് വിശദീകരിച്ചതുപോലെ, ഈ സമീപനം സ്വീകരിക്കാന്‍ നമ്മുടെ രാജ്യത്തിന് കഴിയാതെ പോയി. തത്ഫലമായി, രാഷ്ട്രീയ പാര്‍ട്ടികള്‍, പ്രത്യേകിച്ച് മതേതര പാര്‍ട്ടികള്‍ വിവിധ സാമൂഹിക വിഭാഗങ്ങളുടെ സ്വത്വങ്ങള്‍ (Identities) തങ്ങളുടെ രാഷ്ട്രീയ ഗെയ്മുകള്‍ക്കുള്ള ഉപകരണങ്ങളായി വിദഗ്ധമായി ഉപയോഗിക്കുകയാണ് ചെയ്തത്. വോട്ടര്‍മാരില്‍ വിവിധ വിഭാഗങ്ങളുടെ പിന്തുണക്ക് വേണ്ടിയുള്ള മത്സരങ്ങളും പോരാട്ടങ്ങളും മാത്രമാണ് അവര്‍ നടത്തിയത്.
ഒരു വശത്ത് ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന യഥാര്‍ഥ പ്രശ്നങ്ങള്‍ അവഗണിക്കുക. മറുവശത്താകട്ടെ തൊപ്പി ധരിക്കുക, മുസ്ലിംകളോടൊപ്പം നമസ്‌കാരത്തില്‍ പങ്കെടുക്കുക, ഹജ്ജിന് സബ്സിഡി നല്‍കുക, വിവാഹ മണ്ഡപങ്ങള്‍ നിര്‍മിക്കുക, ഇഫ്ത്വാര്‍ വിരുന്നുകള്‍ സംഘടിപ്പിക്കുക തുടങ്ങിയ ചെപ്പടിവിദ്യകള്‍ കൊണ്ട് മുസ്ലിംകളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമങ്ങളും. ഇതാണ് മതേതര പാര്‍ട്ടികള്‍ നടത്തിവരുന്നത്. വിഭാഗീയ പ്രഭാഷകരെയും അവരുടെ പ്രഭാഷണങ്ങളെയും പ്രോത്സാഹിപ്പിക്കുകയും അവരെ ന്യൂനപക്ഷങ്ങളുടെ പ്രതിനിധികളായി ചിത്രീകരിക്കുകയും ചെയ്യുന്നു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇത്തരക്കാരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളും സജീവമായി നടക്കുന്നുണ്ട്. ഇതുവഴി മതേതര പാര്‍ട്ടികള്‍ രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല. ഈ രാഷ്ട്രീയ ഗിമ്മിക്കുകള്‍ പര്‍വതീകരിച്ച് മതേതര പാര്‍ട്ടികള്‍ ന്യൂനപക്ഷങ്ങള്‍ക്ക് വാരിക്കോരി നല്‍കുന്നു എന്ന പ്രതീതി സൃഷ്ടിക്കാന്‍ തല്‍പര കക്ഷികള്‍ക്ക് കഴിയുന്നു.
രാജ്യത്തെ കലാപങ്ങള്‍ തടയുന്നതിനും ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും നിരവധി ജുഡീഷ്യല്‍ കമീഷനുകള്‍ പല കേസുകളുമായി ബന്ധപ്പെട്ട് സുപ്രധാനമായ പല ശിപാര്‍ശകളും സര്‍ക്കാറുകള്‍ക്ക് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം ശിപാര്‍ശകള്‍ ഒരിക്കലും ഗൗരവത്തില്‍ പരിഗണിക്കുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഭീകരവാദികളെന്ന വ്യാജ ആരോപണങ്ങളുടെ മറവില്‍ നൂറുകണക്കിന് മുസ്ലിം യുവാക്കളുടെ ജീവിതം നശിപ്പിക്കുകയും സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നതും പതിവു സംഭവങ്ങളായിരിക്കുന്നു. മുസ്ലിം ചെറുപ്പക്കാര്‍ക്കെതിരെ നടത്തുന്ന ഗുരുതരമായ ആരോപണങ്ങളും അതുവഴി നടക്കുന്ന അറസ്റ്റുകളും തടയാന്‍ കാര്യമായ ഒരു ശ്രമവും ആ പാര്‍ട്ടികള്‍ നടത്തുന്നില്ല. ദേശീയ പോലീസ് കമീഷന്റെ നിരവധി ശിപാര്‍ശകള്‍ പതിറ്റാണ്ടുകളായി പൊടിപിടിച്ച് കിടക്കുകയാണ്. ഒരു മതേതര പാര്‍ട്ടിയും ഈ റിപ്പോര്‍ട്ടുകള്‍ ഗൗരവത്തില്‍ കണ്ടിട്ടില്ല.
സച്ചാര്‍ കമ്മിറ്റി രൂപീകരിക്കപ്പെട്ടു എന്നത് തീര്‍ച്ചയായും എടുത്തുപറയേണ്ടതാണ്. എന്നാല്‍ അതിന്റെ യഥാര്‍ഥ ഗെയിം ചേഞ്ചര്‍ ശിപാര്‍ശകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന വൈവിധ്യ സൂചിക (Diversity Index) ശിപാര്‍ശ അല്ലെങ്കില്‍ തുല്യ അവസര കമീഷന്‍ (Equal Opportunities Commission) രൂപീകരണം മുതലായ മുഴുവന്‍ ആശയങ്ങളും മരവിക്കുകയാണ് ചെയ്തത്. മറുവശത്താകട്ടെ 'പ്രദര്‍ശന നേതാക്കളെ' അണിനിരത്താനും അവര്‍ക്ക് വ്യക്തിപരമായ ആനുകൂല്യങ്ങള്‍ നല്‍കാനും ഈ ആനുകൂല്യങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന അംഗീകാരമാക്കി ചിത്രീകരിക്കാനുമുള്ള സംഘടിത ശ്രമമാണ് പലപ്പോഴും നടന്നിട്ടുള്ളത്. തദ്ഫലമായി, ന്യൂനപക്ഷങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്നു മാത്രമല്ല അത് വിപരീത ഫലമുളവാക്കുകയും ചെയ്തു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ അസൂയയും പകയും വിദ്വേഷവും വിഭാഗീയതയും ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതില്‍ ഈ പ്രവണത വലിയ പങ്കുവഹിച്ചിട്ടുണ്ട്.
മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ പ്രേം ശങ്കര്‍ ഝായുടെ വിശകലനം ഏറെ വിലപ്പെട്ടതാണ്. അദ്ദേഹം എഴുതുന്നു; ''മതേതര രാഷ്ട്രീയത്തിന്റെ യഥാര്‍ഥ പ്രശ്നം അത് ഉറച്ച പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയല്ല നിലനില്‍ക്കുന്നത് എന്നതാണ്. മറിച്ച് രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും വേണ്ടി മൃദു മതേതരത്വത്തിനും (അതായത് ന്യൂനപക്ഷങ്ങളോടുള്ള സഹതാപം) മൃദു ഹിന്ദുത്വത്തിനും ഇടയില്‍ ഒരു പെന്‍ഡുലം പോലെ സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ നിലപാട് ഹിന്ദുത്വ പ്രചാരണത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് വളരെയധികം സഹായകമായിട്ടുണ്ട്.''(34)
മതേതര ആശയക്കുഴപ്പം:
ചില സമീപകാല ചര്‍ച്ചകള്‍
ഹിന്ദുത്വയുടെ പ്രത്യയശാസ്ത്രപരമായ ഉയര്‍ച്ചയുടെ കാരണങ്ങളെക്കുറിച്ച് 'മതേതര' ബുദ്ധിജീവികള്‍ക്കിടയില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളിലൂടെ കണ്ണോടിച്ചാല്‍, കഴിഞ്ഞ 70 വര്‍ഷത്തെ ചരിത്രത്തില്‍ ഹിന്ദുത്വയുടെ വളര്‍ച്ചക്ക് കാരണമായ അതേ ആശയക്കുഴപ്പങ്ങള്‍ ഇന്നും അവര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ടെന്നു കാണാം. ഒരു വശത്ത്, ഹിന്ദുത്വയുടെ ഉയര്‍ച്ചയുടെ യഥാര്‍ഥ കാരണം മതേതര പാര്‍ട്ടികള്‍ ഹിന്ദുത്വവല്‍ക്കരണത്തെ ഗൗരവമായി കാണാത്തതാണ് എന്ന് വിശ്വസിക്കുന്ന ചിന്തകരുണ്ട്. അടുത്തിടെ, സി.എസ്.ഡി.എസ് പണ്ഡിതനായ അഭയ്കുമാര്‍ ദുബെയുടെ 'ഹിന്ദു ഏകത്/ജ്ഞാന്‍ കി രജ്ഞിതി' (ഹിന്ദു-ഐക്യം/ അറിവിന്റെ രാഷ്ട്രീയം) എന്ന ഹിന്ദി പുസ്തകം വളരെയേറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി.(35) മതേതര ചിന്തകര്‍ തങ്ങളുടെ അഹങ്കാരവും അമിത ആത്മവിശ്വാസവും കൊണ്ടാണ് തകര്‍ന്നുപോയത് എന്നതാണ് ദുബെയുടെ പ്രധാന ആരോപണം. മതപരമായ അടിസ്ഥാനത്തില്‍ ജാതികളായും മറ്റു മതവിഭാഗങ്ങളായും വിഭജിക്കപ്പെട്ട ഹിന്ദു ജനതയെ ഒന്നിപ്പിക്കാന്‍ സാധ്യമല്ലെന്നും ജനാധിപത്യ രാഷ്ട്രീയവും ഭരണഘടനാപരമായ അവകാശങ്ങളും ഒരു പൊതു നാഗരികതയും നമ്മുടെ രാജ്യത്തെ ഭൂരിപക്ഷത്തിന്റെ ആധിപത്യത്തില്‍നിന്ന് സംരക്ഷിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.
ഈ സംവാദത്തിന് സുപ്രധാനമായ സംഭാവന നല്‍കിയ സാമൂഹിക ചരിത്രകാരനാണ് പ്രഫസര്‍ ബദ്രി നാരായണ്‍. അദ്ദേഹത്തിന്റെ പുസ്തകമായ Republic of Hindutva, ഏറെ രസകരവും കണ്ണ് തുറപ്പിക്കുന്നതുമാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സ്വതന്ത്ര ഇന്ത്യയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്ന സമ്പൂര്‍ണവും വ്യക്തവുമായ സംയുക്ത പ്രസ്താവന രൂപീകരിക്കുന്നതില്‍ വിജയിച്ച ഒരേയൊരു പ്രസ്ഥാനമാണ് ആര്‍.എസ്.എസ്. അത്തരമൊരു ആഖ്യാനം രൂപപ്പെടുത്തുന്നതിലും രാജ്യത്തെ ജനങ്ങളെ ആകര്‍ഷിക്കുന്ന ഭാഷ സൃഷ്ടിക്കുന്നതിലും പരാജയപ്പെട്ടതാണ് മതേതര ശക്തികളുടെ അപചയത്തിനുള്ള യഥാര്‍ഥ കാരണം. തികച്ചും അപ്രസക്തവും ഗൗരവമര്‍ഹിക്കാത്തതുമായ പ്രസ്താവനകളും വാദഗതികളുമായാണ് മതേതര പാര്‍ട്ടികള്‍ ഇന്നും ആര്‍.എസ്.എസിനെ എതിര്‍ത്തുകൊണ്ടിരിക്കുന്നത്. നിഴലിനോടാണവര്‍ പോരാടിക്കൊണ്ടിരിക്കുന്നത്.(36)
ബദ്രി നാരായണന്റെ ചില നിരീക്ഷണങ്ങളുമായി നാം വിയോജിച്ചേക്കാം. എന്നാല്‍ മുകളില്‍ പറഞ്ഞവ വളരെ പ്രധാനമാണ്. മതേതര കക്ഷികള്‍ സ്വീകരിച്ച ഭാഷയും സ്വരവും ശൈലിയും അപ്രസക്തമായിരുന്നുവെന്ന് മാത്രമല്ല, ചിലപ്പോഴൊക്കെ അറിഞ്ഞും അറിയാതെയും അത് ആര്‍.എസ്.എസിനെ സഹായിക്കുകയും ചെയ്തുവെന്നതാണ് നേര്. മതേതര പ്രസ്ഥാനങ്ങള്‍ ഹിന്ദുത്വ ദര്‍ശനത്തെ ചെറുക്കാന്‍ ഉപയോഗിച്ചത് ആത്മഹത്യാപരമായ ഭാഷയായിരുന്നു (Suicidal Language).
യോഗേന്ദ്ര യാദവും പ്രതാപ് ഭാനു മേത്തയും തമ്മില്‍ നടന്ന സുപ്രധാനമായ ചര്‍ച്ചയെ സംബന്ധിച്ച് യോഗേന്ദ്ര യാദവ് ഇപ്രകാരം പറയുന്നത് കാണാം; ''നമ്മുടെ നാടിന്റെ ഭാഷകളെ തള്ളിക്കളഞ്ഞതിനാലാണ് മതേതരത്വം പരാജയപ്പെട്ടത്. മതേതര ആശയങ്ങളെ ഇവിടെ നിലനില്‍ക്കുന്ന പാരമ്പര്യങ്ങളുടെ ഭാഷകളുമായി ബന്ധിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. മതങ്ങളുടെ ഭാഷ സംസാരിക്കാനവര്‍ വിസമ്മതിച്ചു. രാജ്യത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ക്കനുസൃതമായി പുനര്‍നിര്‍വചിക്കുന്നതിനു പകരം ഹിന്ദുമതത്തെ പരിഹസിക്കുന്ന പ്രവണതയും മതേതരത്വം പരാജയപ്പെടാന്‍ കാരണമായിട്ടുണ്ട്.''(37)
ശശി തരൂരും ഇതേ കാര്യം പറയുന്നത് കാണാം; ഹിന്ദു മൗലികവാദത്തിന്റെ ഉയര്‍ച്ചയുടെയും വികാസത്തിന്റെയും യഥാര്‍ഥ കാരണം രാജ്യത്ത് ആധുനിക ജീവിതത്തിന്റെ ഭാഗമായി വര്‍ധിച്ചുവരുന്ന മതേതരവല്‍ക്കരണമാണ്. മതങ്ങളുടെ പാര്‍ശ്വവല്‍ക്കരണം മതങ്ങളുടെ ദുരുപയോഗത്തിനാണ് വഴിയൊരുക്കുക. പരമ്പരാഗത സമൂഹങ്ങളിലൊന്നും മൗലികവാദികളോ നവോത്ഥാനവാദികളോ ഇല്ല. മതേതരത്വം ഇന്ത്യക്കാരുടെ ധാര്‍മിക അടിത്തറയാണ് നഷ്ടപ്പെടുത്തിയത്. അതുകൊണ്ടുതന്നെ ഹിന്ദുക്കള്‍ അവരുടെ യഥാര്‍ഥ സഹിഷ്ണുതാ മനോഭാവം, സമ്പൂര്‍ണ നീതി ബോധം, ബഹുസ്വരമായ സാമൂഹിക ജീവിതം എന്നീ മൂല്യങ്ങളെലേക്ക് മടങ്ങുക എന്നത് മാത്രമാണ് ഏക പരിഹാരം. സ്വാമി വിവേകാനന്ദന്‍ ഇത് വളരെ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.(38) ശശി തരൂര്‍ ഹിന്ദുമതത്തെ പുതിയ സാഹചര്യത്തില്‍ വ്യാഖ്യാനിക്കുന്ന രണ്ട് സുപ്രധാന പുസ്തകങ്ങള്‍ എഴുതുകയുണ്ടായി.(39) ഹിന്ദുമതത്തെക്കുറിച്ച തന്റെ കാഴ്ചപ്പാടുകളും ആശയങ്ങളും ആകര്‍ഷകമായ ഭാഷയിലും ശൈലിയിലുമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
പ്രതാപ് ഭാനുമേത്ത ഈ അഭിപ്രായങ്ങളെ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. അദ്ദേഹം മുമ്പ് എഴുതിയതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുമായ ഒരു ലേഖനത്തില്‍ ഈ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. പ്രസ്തുത ലേഖനത്തില്‍, സമത്വത്തിന്റെയും സഹിഷ്ണുതയുടെയും രണ്ട് ആശയങ്ങളെ സംബന്ധിച്ച് അദ്ദേഹം ചര്‍ച്ച ചെയ്യുന്നു. അതിലൊന്ന്, വ്യത്യസ്ത വിഭാഗങ്ങളുടെ ഫെഡറേഷന്‍ (Federation of Communities - FOC) എന്ന പേരിലും മറ്റൊന്ന് വ്യക്തി സ്വാതന്ത്ര്യത്തിന്റെ മേഖല (Zone of Individual Freedom - ZOF) എന്ന പേരിലുമാണ് പരിചയപ്പെടുത്തുന്നത്. നമ്മുടെ രാജ്യത്ത് 'വ്യത്യസ്ത വിഭാഗങ്ങളുടെ ഫെഡറേഷന്‍' (Federation of Communities - FOC) എന്ന ആശയമാണ് കൂടുതലായും പിന്തുടരുന്നതെന്നും വ്യക്തിഗത അവകാശങ്ങളേക്കാള്‍ മതവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം സമര്‍ഥിക്കുന്നുണ്ട്. ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് അനുവദിച്ച വ്യക്തിനിയമങ്ങളാണ് (Personal Law) ഇതിനുദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍, ഈ നിലപാട് വ്യക്തിസ്വാതന്ത്ര്യത്തെയും വ്യക്തികളുടെ തുല്യതയെയും കുറിച്ചുള്ള സിദ്ധാന്തങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. സാമൂഹിക വിഭാഗങ്ങളുടെ അവകാശങ്ങളേക്കാള്‍ വ്യക്തികളുടെ സ്വാതന്ത്ര്യത്തിനാണ് മുന്തിയ പരിഗണന നല്‍കേണ്ടത്.(40)
ആര്‍.എസ്.എസിന്റെ മതപരമായ വാചാടോപങ്ങളെ അവഗണിച്ചതിലുള്ള തങ്ങളുടെ തെറ്റ് മതേതര ചിന്തകര്‍ അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ് ഈ ചര്‍ച്ചകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്. ഇന്ത്യയെപ്പോലുള്ള ഒരു മതരാജ്യത്ത്, പാശ്ചാത്യമായ സാങ്കേതിക പദാവലികളുടെയും മതേതരത്വ കാഴ്ചപ്പാടുകളുടെയും അടിസ്ഥാനത്തില്‍ ഇവിടത്തെ ജനങ്ങളുടെ ഹൃദയങ്ങളെ സ്വാധീനിക്കാന്‍ സാധിക്കുകയില്ല. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വ്യക്തിഗതമായി പൗരന്മാര്‍ക്ക് നല്‍കുന്ന ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങള്‍ പര്യാപ്തമാണെന്ന കാഴ്ചപ്പാട് അബദ്ധവുമായിരുന്നു. ഹിന്ദു മതത്തോടും അതിന്റെ സിദ്ധാന്തങ്ങളോടും എന്തു സമീപനമാണ് സ്വീകരിക്കേണ്ടത്, ഭൂരിപക്ഷത്തിന്റെ ആധിപത്യ മനോഭാവത്തെ എങ്ങനെയാണ് നേരിടേണ്ടത് എന്നീ ചോദ്യങ്ങള്‍ ഇപ്പോഴും ആശങ്കയുളവാക്കുന്നതാണ്. ഇക്കാര്യത്തില്‍ ഇപ്പോഴും ധാരാളം അവ്യക്തതകളും ആശയക്കുഴപ്പങ്ങളും നിലനില്‍ക്കുന്നുണ്ട്. ഈ ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നതിലുള്ള ധൈര്യക്കുറവും അലസതയും നമുക്ക് കാണാന്‍ കഴിയുന്നുണ്ട്.
രണ്ട് പ്രശ്നങ്ങളാണ് രാജ്യം നേരിടുന്നത്. അതില്‍ ഒന്നാമത്തേത്, ഇന്ത്യന്‍ തത്ത്വചിന്തകളെയും ആശയങ്ങളെയും ഇന്ത്യന്‍ ദേശീയതയുടെ സമ്പൂര്‍ണ ആവിഷ്‌കാരമായി തെറ്റിദ്ധരിപ്പിക്കുന്നു എന്നതാണ്. തത്ഫലമായി, അബ്രാഹാമിക് മതങ്ങളുടെ അന്യവല്‍ക്കരണത്തിനുള്ള പ്രവണത ശക്തിപ്പെടുത്തുന്നു. മറ്റ് മതന്യൂനപക്ഷങ്ങളുടെ സംഘടിതമായ സ്വത്വബോധവും ഐഡന്റിറ്റിയും അവകാശങ്ങളും താല്‍പര്യങ്ങളും അവഗണിക്കുന്നു. രണ്ടാമതായി, പൗരന്മാരുടെ വ്യക്തിഗത അവകാശങ്ങള്‍ മാത്രം സംരക്ഷിക്കുക വഴി വ്യക്തിപരവും സാമൂഹികവുമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നു എന്ന മൂഢധാരണ നാം വെച്ചുപുലര്‍ത്തുന്നു. ഈ രണ്ട് അടിസ്ഥാന പ്രശ്നങ്ങള്‍ ഇനിയും നമുക്ക് മനസ്സിലാകുന്നില്ലെങ്കില്‍ നമ്മുടെ രാജ്യത്തിന് ഭൂരിപക്ഷ ആധിപത്യം എന്ന മഹാ രോഗത്തില്‍ നിന്നും ഒരുകാലത്തും ഒരുനിലക്കും മുക്തി നേടാനാവില്ല.
ഈ ലേഖനത്തില്‍, കോണ്‍ഗ്രസും അതിന്റെ ഗര്‍ഭപാത്രത്തില്‍നിന്ന് പിറന്നുവീണ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെ സംബന്ധിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മിക്ക പ്രാദേശിക പാര്‍ട്ടികളും ഇതേ പ്രവണത തന്നെയാണ് പിന്തുടരുന്നത്. ഇവയെ കൂടാതെ മതേതര ചിന്തയുടെ വക്താക്കളായി അറിയപ്പെടുന്ന മറ്റു ചില ധാരകള്‍ കൂടി നമ്മുടെ രാജ്യത്തുണ്ട്. അവ പ്രധാനമായും മൂന്ന് ആശയധാരകളാണ്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം, രാം മനോഹര്‍ ലോഹ്യയെപ്പോലുള്ള ചിന്തകരുടെ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രം, ദലിത്, ബഹുജനവാദ പ്രത്യയശാസ്ത്രം എന്നിവയാണവ. അവയെ സംബന്ധിച്ചും നാം ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട്.
(അവസാനിച്ചു)
വിവ: അബ്ദുല്‍ ഹകീം നദ്‌വി
അടിക്കുറിപ്പുകള്‍:
19. Official Report (2014, Sixth reprint), ഭരണഘടനാ അസംബ്ലി ചര്‍ച്ചകള്‍, വാല്യം 5, 20 ആഗസ്റ്റ് 1947, ലോക്സഭാ സെക്രട്ടേറിയറ്റ്, ന്യൂദല്‍ഹി,
20. B. Shiva Rao et. Al (1968), The Framing of India's Constitution: Select Documents, Indian Institute of Public Admin. New Delhi. Page 755 and also 760-761
21. Ibid: 757-758
22. ഫെബ്രുവരി 22-ന് കരട് സമിതി അവതരിപ്പിച്ച കരട് ഭരണഘടന ഇവിടെ കാണാം. Vasant Moon Ed. (2014) Dr. Babasaheb Ambedkar Writings and Speeches, Volume 13, Dr.Ambedkar Foundation New Delhi. Pages 105-313, ചര്‍ച്ചാ വിഷയം പേജ് 243-ല്‍ കാണാം.
23. ഈ വിഷയത്തില്‍ ഭരണഘടനാ അസംബ്ലിയില്‍ നടന്ന ചര്‍ച്ചകളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് ഉപകാരപ്രദമായിരിക്കും. Official Report (2014, Sixth reprint), Constituent Assembly Debates, Volume 9, Lok Sabha Secretariat, New Delhi, pages 597 to 670.
24. Official Report (2014, Sixth reprint), ഭരണഘടനാ അസംബ്ലി ചര്‍ച്ചകള്‍, വാള്യം 2, ലോക്സഭാ സെക്രട്ടേറിയറ്റ്, ന്യൂദല്‍ഹി, പേജ് 332
25. ശശി തരൂര്‍ (2020) The Battle of Belonging, അലിഫ് ബുക്ക് കമ്പനി, ന്യൂദല്‍ഹി, പേജ് 137
26. ഡോ. ബി.ആര്‍ അംബേദ്കര്‍ (1947), State and Minorities, നെറ്റില്‍ ലഭ്യമാണ്: https://drambander.co.in/wp content/uploads/books/category2/11statesþandþminorities.pdf,
27. തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍: Michael Gallghar and Paul Mitchell (2015) The Politics of Electoral Systems, Oxford University Press, New York
28. വിവിധ രാജ്യങ്ങളില്‍ ഉപയോഗത്തിലുള്ള തെരഞ്ഞെടുപ്പു സംവിധാനങ്ങളുടെ വിശദാംശങ്ങള്‍ ഇവിടെ കാണാം: https://www.fairvote.org/research_electoralsystems_world
29. ഉദാഹരണത്തിന് കാണുക: https://www.electoralþreform.org.uk/
30. 'The Evolution of Israeli Politics’ (ഇസ്രയേലീ രാഷ്ട്രീയത്തിന്റെ പരിണാമം), ഠവല ഋരീിീാശേെ, 27032021
31. യോഗേന്ദ്ര യാദവ് (2020), Making Sense of Indian Democracy, Permanent Black, Ranikhet
32. Ibid പേജ് 109-137
33. Ibid പേജ് 338.
34. Prem Shankar Jha (2019), Neither Soft Hindutva Nor Soft Secularism Will Help the Congress Revive Itself
https://thewire.in/politics/confrontingþhindutvaþtheþbattleþthatþliesþahead retrieved on 10-07-2021
35. Abi Kumar Dubey (2019) Hindu-Ekta-Banam-Jnan-Kee-Rajneeti, Vani Prakashan, New Delhi
36. Badri Narayana(2021), Republic of Hindutva, Penguin Random House India, Gurgaon.
37. യോഗേന്ദ്ര യാദവിന്റെ ലേഖനം കാണുക: Yogendra Yadav, Secularism Gave Up the Language of Religion in https://theprint.in/opinion/secularismþlanguageþreligionþayodhyaþbhoomiþpujanþramþmandirþkashmir/475307/
38. ശശി തരൂര്‍ (2019), ഠവല ഒശിറൗ ണമ്യ (ebook) അലിഫ് ബുക്ക് കമ്പനി, ന്യൂദല്‍ഹി ലോക്ക്. 2402.
39. Ibid, and Shashi Tharoor (2018), Why I am a Hindu, Aleph Book Company, New Delhi
40. Pratap Bhanu Mehta (2014), The Real Contest for India, Indian Express, May 22, 2014.
Comments