സാംസ്‌കാരിക മരുഭൂമിയിലെ സാക്ഷര മണ്ടത്തരങ്ങള്‍
ആത്മീയ വ്യാപാരികളുടെ ഒരു 'മോഡിഫൈഡ്' വേര്‍ഷനാണ് മോശെയുടെ അംശ വടി, യേശുവിനെ ഒറ്റുകൊടുക്കാന്‍ യൂദാസിന് കിട്ടിയ വെള്ളിക്കാശ്, ടിപ്പുവിന്റെ സിംഹാസനം, പ്രവാചകന്റെ ചിമ്മിനി വിളക്ക് തുടങ്ങിയ പുരാവസ്തുക്കളുടെ പേരില്‍ പിടിയിലായ മോന്‍സണ്‍ മാവുങ്കല്‍. സമ്പത്തിനോടുള്ള ആര്‍ത്തി, ആത്മീയ ദാരിദ്ര്യം, പ്രശസ്തിയോടുള്ള ആസക്തി ആദിയായ അസ്‌കിതകളാല്‍ അസ്തിത്വ ദുഃഖം പേറുന്ന സാക്ഷര തിരുമണ്ടന്മാരാണ് ആത്മീയ വ്യാപാരികളുടേതു പോലെ ഈ ആക്രിക്കച്ചവടക്കാരന്റെയും കസ്റ്റമേഴ്‌സായത്. ആത്മീയതയുടെ അങ്കി അണിഞ്ഞില്ലെങ്കിലും വൈദിക പഠനത്തിന് സെമിനാരിയില്‍ ചേര്‍ന്നയാളാണ് മോന്‍സണ്‍. അയാളുടെ തട്ടിപ്പിനിരയായവരില്‍ അധികവും മുസ്ലിംകളാണു താനും. ആയതിനാല്‍ പാലാ ബിഷപ്പിന്റെ യുക്തി വെച്ച് മുസ്ലിംകളെ സാമ്പത്തികമായി തകര്‍ക്കാന്‍ വേണ്ടി അരമനയില്‍ ആസൂത്രണം ചെയ്ത പുരാവസ്തു കുരിശു യുദ്ധം എന്ന് വേണമെങ്കില്‍ ദോഷൈകദൃക്കുകള്‍ക്ക് പറയാം. എന്നാല്‍ തിരക്കുപിടിച്ച സാമാന്യവല്‍ക്കരണം (ഒമേ്യെ ഏലിലൃമഹശമെശേീി) എന്ന ലോജിക്കല്‍ ഫാലസി ബാധമാകുന്നത് 'ഏഴാം നൂറ്റാണ്ടി'ന്റെ ഭാണ്ഡം പേറുന്നവര്‍ക്ക് മാത്രമായതിനാല്‍ അയ്യായിരവും രണ്ടായിരവും കൊല്ലം പഴക്കമുള്ള സംസ്‌കൃത തിമികിടകള്‍ക്ക് ഒന്നിനെയും പേടിക്കേണ്ടതില്ല.
ആക്രിക്കച്ചവടത്തിന് വിശ്വാസ്യത നേടാന്‍ മോന്‍സണ്‍ ഉപയോഗപ്പെടുത്തിയത് സിവില്‍ സര്‍വീസ് തലപ്പത്തുള്ള നിര്‍ഗുണ പരബ്രഹ്മങ്ങളെയും, പിന്നെ സെലിബ്രറ്റികളാകുന്ന 'ബകുമുക' പ്രതിഭകളെയുമാണ്! ആളും അധികാരവുമുള്ള ആള്‍ദൈവങ്ങളില്‍നിന്ന് മോന്‍സണെ വ്യതിരിക്തനാക്കുന്നത് 'ചതിയില്‍ വഞ്ചന' കാണിക്കാത്ത വെറുമൊരു വരേണ്യ ആക്രി വ്യാപാരിയാണ് അയാള്‍ എന്നതാണ്. അകലെയിരുന്ന് നാവു നീട്ടി ഇര പിടിക്കുന്ന ഇത്തരം മണ്ഡൂകങ്ങള്‍ വല്ലപ്പോഴും കെണിയില്‍ വീഴുമെങ്കിലും ആലിംഗന ഭീകരന്മാരായ വ്യാളികളും ശ്വാസം ആഞ്ഞു വലിച്ച് പതിയിരുന്ന് ഇരയെ വിഴുങ്ങുന്ന വ്യാഘ്രങ്ങളും വ്യാജതിരുശേഷിപ്പു സൂക്ഷിപ്പുകാരായ പുരോഹിത ശിരോമണികളും അമൃതാഡംബരങ്ങളോടെ വിഹരിച്ചുകൊണ്ടേയിരിക്കും ഭൂമിമലയാളത്തില്‍. അന്ധവിശ്വാസങ്ങളുടെ സാംസ്‌കാരിക മരുഭൂമിയായ സാക്ഷര കേരളത്തില്‍ 2004-ലാണ് ആദ്യമായി സന്തോഷ് മാധവന്‍ എന്ന ആത്മീയ വ്യവസായി കെണിയില്‍ വീഴുന്നത്. അതും സെറാഫിന്‍ എഡ്വിന്‍ എന്ന ഒരു പ്രവാസി മലയാളി വനിത സാമ്പത്തിക തട്ടിപ്പിന് അയാള്‍ക്കെതിരെ കേസ് കൊടുത്തതുകൊണ്ട് മാത്രം.
സന്തോഷ് മാധവന്‍ സംഭവത്തോടുകൂടി സംഭവിച്ചത് സകലരും തൊടാന്‍ ഭയപ്പെട്ടിരുന്ന ഒരു വിഷയത്തിന് പിറകെ തവളപിടിത്തക്കാരുടെ ആവേശത്തോടെ ഓടാന്‍ സാധാരണക്കാരന് പോലും ധൈര്യം കിട്ടി എന്നതാണ്. ഇവരൊക്കെ വ്യാജ സിദ്ധന്മാരാണെന്ന മട്ടിലുള്ള 'അന്വേഷണാത്മക പരമ്പര'കള്‍ പ്രസിദ്ധീകരിക്കുന്നതില്‍ മത്സരിക്കുകയായിരുന്നു മലയാള മാധ്യമങ്ങള്‍. അപ്പോഴും വിഭൂതി വൃഷ്ടി, സുദര്‍ശനക്രിയ, ഒറ്റ കാലില്‍ തലകുത്തി നില്‍ക്കല്‍, ആലിംഗനം തുടങ്ങിയ കലാപരിപാടികള്‍ നടത്തിക്കൊണ്ട് 'നിര്‍വ്യാജ' സിദ്ധന്മാര്‍ ഭരണ സിരാകേന്ദ്രങ്ങളെ പോലും നിയന്ത്രിക്കുന്നവരായി വിരാജിക്കുകയായിരുന്നു. ഈ 'സിദ്ധ വേട്ട'കള്‍ കഴിഞ്ഞ് പത്തു വര്‍ഷം പിന്നിട്ടപ്പോഴാണ് അമൃത രാസ ലീലകളുടെ കഥ പറയുന്ന ഓസ്‌ട്രേലിയക്കാരിയായ ഗെയില്‍ ട്രെഡ്വെലിന്റെ 'വിശുദ്ധ നരകം' വെളിച്ചം കാണുന്നത്. 'വിശുദ്ധ നരകം: വിശ്വാസത്തിന്റെയും ആരാധനയുടെയും ശുദ്ധഭ്രാന്തിന്റെയും ഓര്‍മക്കുറിപ്പ്' എന്ന പ്രസ്തുത കൃതി പുറത്തു വിട്ടത് അമൃതാനന്ദമയി ആശ്രമത്തില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളുടെയും ലൈംഗിക പീഡനങ്ങളുടെയും അധികാര ദുര്‍വിനിയോഗത്തിന്റെയും ഞെട്ടിക്കുന്ന കഥകളാണെങ്കിലും ഒടുവില്‍ വാദി പ്രതിയാകുന്ന കാഴ്ചയാണ് കേരളം കണ്ടത്. അമൃതാനന്ദമയിയുടെ ആത്മീയ മനോരോഗ സാമ്രാജ്യത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ കേരളത്തിലെ ഇടത് - വലത് രാഷ്ട്രീയ നേതൃത്വത്തിന് ഇന്നുവരെ സാധ്യമായിട്ടില്ല.
ഈശ്വരാംശഭൂതരായ വ്യാഘ്രങ്ങളാണ് ഇപ്പോഴും നാടടക്കി വാഴുന്നത്. ഉന്നത നീതിപീഠങ്ങളിലും രാഷ്ട്രീയ അരമനകളിലും അധീശത്വമുറപ്പിക്കാന്‍ കഴിയാത്തതുകൊണ്ടും കണക്കില്ലാത്ത സമ്പത്തിന്റെയും മാര്‍ക്കറ്റിംഗ് ഏജന്റുമാരായ പരശ്ശതം ശിഷ്യ ഗണങ്ങളുടെയും പിന്‍ബലമില്ലാതിരുന്നതുകൊണ്ടുമാണ് ചെറുകിട ആള്‍പിടിയന്‍ ദൈവങ്ങള്‍ എളുപ്പം കുടുക്കില്‍ പെടുന്നത്. അഥവാ സ്ഥാപനവത്കരിക്കപ്പെടുന്നതിനു മുമ്പ് പിടിക്കപ്പെട്ടു എന്നതാണ് അമൃത ചൈതന്യ എന്ന സന്തോഷ് മാധവനെ അമൃതാനന്ദമയി എന്ന സുധാമണിയില്‍നിന്ന് വ്യത്യസ്തനാക്കുന്നത്.
ചോദനക്ക് അനുസരിച്ച് വിതരണം നടത്തുക എന്നതാണ് കച്ചവടത്തിന്റെ പ്രാഥമിക നിയമം. കച്ചവടക്കാരെ പോലെ തന്നെ ഉപഭോക്താക്കളുടെ ആവശ്യം അറിഞ്ഞുകൊണ്ടുള്ള മാര്‍ക്കറ്റിംഗ് തന്ത്രം തന്നെയാണ് ആള്‍ദൈവങ്ങള്‍ എന്ന 'ആള്‍പിടിയന്‍' ദൈവങ്ങളും പയറ്റുന്നത്. ഒപ്പം രാഷ്ട്രീയ - സാമൂഹിക - സാംസ്‌കാരിക മേഖലകളിലെ സെലിബ്രിറ്റികളെ ബ്രാന്റ് അംബാസിഡര്‍മാരാക്കുകയെന്ന വിപണനതന്ത്രവും ഇവര്‍ പയറ്റുന്നു. പോലീസ് മേധാവികള്‍, സിനിമാ താരങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയ സെലിബ്രിറ്റികള്‍ തന്നെയാണ് മോന്‍സണ്‍ മാവുങ്കലിന്റെയും ബ്രാന്റ് അംബാസഡര്‍മാര്‍. മധ്യവര്‍ഗത്തിലുള്ളവരുടെ അലസ ജീവിതം കാരണമായി സംഭവിച്ച ആരോഗ്യ - മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച സംഘര്‍ഷങ്ങളുടെ ശൂന്യതയിലാണല്ലോ ചില അഭ്യാസമുറകളുമായി ശ്രീശ്രീയെ പോലുള്ളവര്‍ അറ്റുവീണത്. സാമൂഹിക ജീവിതത്തില്‍ ഇടപെടുമ്പോള്‍ ഉണ്ടാകുന്ന ഉത്കണ്ഠകളും വ്യാകുലതകളും മഹാ രോഗമാണ് എന്ന മട്ടിലുള്ള പരസ്യമാണ് ആത്മീയ വ്യവസായത്തിന്റെ മാര്‍ക്കറ്റിംഗ് ഏജന്റുമാര്‍ ആദ്യം നിര്‍വഹിക്കുന്നത്. വേദി ഒരുങ്ങുമ്പോള്‍ ആള്‍ദൈവമാകുന്ന ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പൊടിക്കൈകളുമായി രംഗപ്രവേശം ചെയ്യും. 'രോഗി'കളുടെ വീക്‌നെസ്സില്‍ കേറി പിടിച്ചുകൊണ്ടാണ് പിന്നീടുള്ള ചികിത്സ. ആള്‍ദൈവങ്ങളുടെ സ്പിരിച്വല്‍ ബ്യൂട്ടി കെയര്‍ ചികിത്സക്ക് പകരം മോന്‍സണ്‍ ഒരു കോസ്മറ്റോളജിസ്റ്റിന്റെ റോള്‍ അഭിനയിച്ചു എന്നു മാത്രം.
ചെപ്പടിവിദ്യകളിലൂടെയാണ് ആള്‍ ദൈവങ്ങള്‍ ആള്‍പിടിയന്മാരാകുന്നത്. ആലിംഗനം, ധ്യാനയോഗങ്ങള്‍, രോഗശാന്തി ശുശ്രൂഷ, 'തിരുകേശ' ദര്‍ശനം തുടങ്ങിയ ആത്മീയ തട്ടിപ്പുകള്‍ കൊണ്ട് നവയുഗ ആത്മീയ നേതാക്കള്‍ സാമാന്യജനത്തിന്റെ സാമൂഹിക ജീവിതത്തിനുമേല്‍ സാംസ്‌കാരികാധിനിവേശം നടത്തുന്നു. ആഗോള മുതലാളിത്തമാണ് ഈ നവയുഗ ആത്മീയതയെ സൃഷ്ടിച്ചത്. ആത്മീയോപഭോക്താക്കള്‍ക്കു വേണ്ടി ഈ വിപണിയില്‍ വില്‍പനക്ക് വെച്ചിരിക്കുന്ന ചരക്കുകള്‍ ആനന്ദം, ആത്മ-സാക്ഷാത്കാരം, ജീവനകല, ധ്യാനം തുടങ്ങിയവയാണ്. വന്‍കിട കുത്തകകളെപ്പോലും കടത്തിവെട്ടുന്നതാണ് ഇവരുടെ ആഗോളവ്യാപക സാമ്പത്തികാടിത്തറ. ഈ ചരക്കുകളെ വിറ്റഴിക്കാന്‍ മുതലാളിത്തം ഉപയോഗിക്കുന്ന വിപണനതന്ത്രങ്ങള്‍ തന്നെയാണ് ഇവരും ആശ്രയിക്കുന്നത്. ശ്വാസം ഉള്ളിലെടുത്ത് കുറച്ച് നേരം പിടിച്ചുനിര്‍ത്തുമ്പോള്‍ മസ്തിഷ്‌കത്തില്‍ ഓക്‌സിജന്‍ കുറയുകയും കാര്‍ബണ്‍ ഡയോക്‌സൈഡ് കൂടുകയും ചെയ്യുമെന്നും അപ്പോള്‍ തലച്ചോറില്‍ മായികാനുഭൂതികള്‍ ഉണ്ടാവുമെന്നുമുള്ള ലളിത ശാസ്ത്രമാണ് ശ്രീശ്രീ വിറ്റു കാശാക്കുന്നത്. മദ്യപാനം മസ്തിഷ്‌കത്തില്‍ ഉണ്ടാക്കുന്ന രാസപ്രക്രിയയും ഇതു തന്നെയാണ്. കസ്റ്റമേഴ്സിനെ ആകര്‍ഷിക്കാന്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന ആത്മീയ വ്യാപാരികളുടെ തന്ത്രം മോന്‍സണും പയറ്റുന്നുണ്ട്. ഹരിപ്പാട്ടെ ആയുര്‍വേദ ആശുപത്രിയില്‍ തനിക്ക് മോന്‍സണ്‍ സൗജന്യ ചികിത്സ ഏര്‍പ്പാടാക്കി എന്നാണ് നടന്‍ ശ്രീനിവാസന്‍ പറഞ്ഞത്.
ആധുനികത സൃഷ്ടിച്ച മോഹഭംഗങ്ങളെ ചൂഷണം ചെയ്ത് അരാഷ്ട്രീയമായ ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ് ആത്മീയ വ്യവസായികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അരാഷ്ട്രീയമായ സമൂഹത്തിനു മേല്‍ ഏതുതരം അധികാരത്തെയും സ്ഥാപിക്കാനെളുപ്പമാണ്. അതുകൊണ്ടാണ് അമൃതാനന്ദമയിയുടെ 'അമ്മ'യെന്ന പ്രതിഛായയെ സവര്‍ണ ഫാഷിസ്റ്റ് അജണ്ടക്കു വേണ്ടി ഉപയോഗപ്പെടുത്താന്‍ സംഘ് പരിവാറിനു കഴിയുന്നത്. ആത്മീയാന്വേഷണത്തിന്റെ വഴിയില്‍ മഠത്തിലെത്തിയ സത്നാം സിംഗ് എന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടപ്പോള്‍ അമൃതാനന്ദമയിക്കു ചുറ്റും സുരക്ഷാകവചം തീര്‍ത്തത് സംഘ് പരിവാര്‍ ചാവേറുകളായിരുന്നുവല്ലോ.
Comments