Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 22

3223

1443 റബീഉല്‍ അവ്വല്‍ 15

അബ്ദുല്ലാ ഹസന്‍ കേരളീയ ഇസ്‌ലാമിക ധിഷണാ മണ്ഡലത്തില്‍ വിടവ് സൃഷ്ടിച്ച വിയോഗം

ടി.കെ ഉബൈദ്‌

'വിജ്ഞാനത്തിന്റെ തിരോധാനം വിജ്ഞന്മാരുടെ മരണത്തിലൂടെ' എന്ന തിരുവചനം ഓര്‍മിപ്പിക്കുന്നതായിരുന്നു ജനാബ് കെ. അബ്ദുല്ലാ ഹസന്റെ നിര്യാണം. കേരളീയ ഇസ്‌ലാമിക പണ്ഡിതന്മാരില്‍ മുഹഖിഖ് എന്ന വിശേഷണം അര്‍ഹിക്കുന്നവരില്‍ ഒരാള്‍. പൂര്‍വകാലത്തെ മുഹഖിഖ് ആധുനിക കാലത്ത് സ്‌പെഷ്യലിസ്റ്റ് ആണ്. സ്‌പെഷ്യലിസ്റ്റുകള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത ഏതെങ്കിലും ഒരു വിജ്ഞാന മേഖലയിലാണ് വൈദഗ്ധ്യമുണ്ടാവുക. പല വിഷയങ്ങളില്‍ വൈദഗ്ധ്യമുള്ളവര്‍ വിരളമാണ്. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, അഖാഇദ് എന്നിങ്ങനെ വിവിധ വിജ്ഞാന ശാഖകളില്‍ വിദഗ്ധരായ അപൂര്‍വരില്‍ ഒരാളായിരുന്നു അബ്ദുല്ലാ ഹസന്‍. ഒപ്പം സാമൂഹിക സാംസ്‌കാരിക വിഷയങ്ങളിലും നല്ല അവബോധമുണ്ടായിരുന്നു. കുറ്റ്യാടി, ശാന്തപുരം ഇസ്‌ലാമിയാ കോളേജുകളിലും ഖത്തറിലെ മഅ്ഹദുദ്ദീനിയിലും ഉപരിപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ആ വിദ്യാലയങ്ങള്‍ വിഭാവനം ചെയ്തതുപോലെ ജീവിതത്തിന്റെ നാനാതുറകളിലും ദീനുല്‍ ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യാനും പ്രബോധനം ചെയ്യാനും കരുത്തുറ്റ വൈജ്ഞാനിക വ്യക്തിത്വമായി തന്നെയാണ് പ്രവര്‍ത്തന രംഗത്തെത്തിയത്.
വിദ്യാര്‍ഥി ജീവിതത്തില്‍ തന്നെ അബ്ദുല്ലാ ഹസന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രഭാഷകനായി കഴിഞ്ഞിരുന്നു. ശാന്തപുരം കോളേജ് വിട്ട ശേഷം പ്രഗത്ഭ മുജാഹിദ് പണ്ഡിതന്മാരുള്‍ക്കൊള്ളുന്ന സംവാദ വേദികളില്‍ ജമാഅത്തിന്റെ പ്രതിനിധിയായി പങ്കെടുത്തു. അടിസ്ഥാന തത്ത്വങ്ങളിലും പ്രമാണങ്ങളിലും ഉറച്ചുനിന്നുകൊണ്ടുള്ളതായിരുന്നു അഭിപ്രായങ്ങളും നിരീക്ഷണങ്ങളും. അതുകൊണ്ടുതന്നെ സ്വന്തം നിലപാടുകളില്‍ ഒത്തുതീര്‍പ്പിനു വഴങ്ങുമായിരുന്നില്ല. ആ അഭിപ്രായ ദൃഢതയെ ചിലര്‍ പിടിവാശിയായി കാണാതിരുന്നിട്ടില്ല. അപ്പോഴും അതിന്റെ താത്ത്വികമായ അടിത്തറ അംഗീകരിക്കപ്പെട്ടിരുന്നു. പ്രഭാഷകന്‍, എഴുത്തുകാരന്‍, ബഹുഭാഷാ വിദഗ്ധന്‍, സംഘാടകന്‍, അധ്യാപകന്‍ എന്നിങ്ങനെ പല വിശേഷണങ്ങള്‍ക്കും അര്‍ഹനാണ് അബ്ദുല്ലാ ഹസന്‍. ഏറ്റം ഉചിതമായത് മുഹഖിഖ് അല്ലെങ്കില്‍ ഗവേഷകന്‍ എന്ന വിശേഷണമാണ്.
ഗവേഷക പണ്ഡിതന്‍ എന്ന നിലയില്‍ അബ്ദുല്ലാ ഹസന്‍ കേരള മുസ്‌ലിംകള്‍ക്കു നല്‍കിയ കനപ്പെട്ട സംഭാവനകളാണ് 'ബഹുസ്വര സമൂഹത്തിലെ മുസ്‌ലിംകള്‍', 'മുസ്‌ലിം സ്ത്രീ: പ്രമാണങ്ങളിലും സമ്പ്രദായങ്ങളിലും' 'സകാത്ത്: തത്ത്വവും പ്രയോഗവും' എന്നീ കൃതികള്‍. ഇസ്‌ലാമിക പണ്ഡിതന്മാര്‍ ആദ്യകാലം മുതലേ സഗൗരവം ചര്‍ച്ച ചെയ്ത് നിലപാടുകള്‍ ആവിഷ്‌കരിക്കേണ്ട വിഷയങ്ങളാണീ കൃതികള്‍ കൈകാര്യം ചെയ്യുന്നത്. ഇതില്‍ സകാത്ത് നേരത്തേ കുറേയൊക്കെ ചര്‍ച്ച ചെയ്തിട്ടുണ്ട്. ആ ചര്‍ച്ചകള്‍ ഏറെയും സകാത്ത് ബാധകമാകുന്ന വരുമാനങ്ങളേതൊക്കെ, അവയുടെ പരിധി (നിസ്വാബ്) എത്രയൊക്കെ എന്നതിനെ ചുറ്റിപ്പറ്റിയാണ്. ആധുനിക കാലത്തിന്റെ ചുവരെഴുത്ത് യഥാവിധി വായിച്ചുകൊണ്ട് സാമ്പ്രദായിക രീതികള്‍ക്കപ്പുറത്തേക്കു കടന്ന് അവശവിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ സകാത്ത് വ്യവസ്ഥ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന ആലോചനയാണ് അബ്ദുല്ലാ ഹസന്റേത്. മതസമൂഹങ്ങളിലും മതേതര സമൂഹങ്ങളിലും ദര്‍ശനങ്ങളിലും ഫെമിനിസം ചൂടുപിടിച്ച ചര്‍ച്ചയായിക്കഴിഞ്ഞ സാഹചര്യത്തിലാണ് അബ്ദുല്ലാ ഹസന്‍ 'മുസ്‌ലിം സ്ത്രീ: പ്രമാണങ്ങളിലും സമ്പ്രദായങ്ങളിലും' എന്ന കൃതി രചിക്കുന്നത്. പൂര്‍വ നൂറ്റാണ്ടുകളിലെ പണ്ഡിതന്മാരുടെ സ്ത്രീസംബന്ധമായ ചര്‍ച്ചകളെ അക്കാലത്ത് സാര്‍വലൗകികമായിരുന്ന പുരുഷാധിപത്യബോധം നന്നായി സ്വാധീനിച്ചിരുന്നു എന്നത് നമ്മള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും ഒരു യാഥാര്‍ഥ്യമാണ്. 20-ാം നൂറ്റാണ്ടിലാണ് അതില്‍ മാറ്റം കണ്ടുതുടങ്ങിയത്. ലോകമെങ്ങും ഫെമിനിസം ശക്തിപ്പെട്ടത് ഈ മാറ്റത്തിന് ത്വരകമായി. എന്നാല്‍ ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളെ ആശ്രയിച്ചല്ല ഇസ്‌ലാമിക പണ്ഡിതന്മാര്‍ സ്ത്രീയുടെ സ്റ്റാറ്റസ് വിശകലനം ചെയ്യുന്നത്. സ്ത്രീയുടെ അവകാശസ്വാതന്ത്ര്യങ്ങള്‍ നിര്‍ധാരണം ചെയ്യാനും അന്തസ്സുറപ്പിക്കാനും ഇസ്‌ലാമിക പ്രമാണങ്ങളോടുള്ള പ്രതിബദ്ധത തന്നെയാണ് അവരെ പ്രചോദിപ്പിച്ചത്. പ്രമാണങ്ങളും പാരമ്പര്യ സമ്പ്രദായങ്ങളും തമ്മിലുള്ള വൈരുധ്യമാണ് മുസ്‌ലിം സ്ത്രീ നേരിടുന്ന പ്രധാന പ്രശ്‌നം. മലയാളത്തില്‍ ഈ യാഥാര്‍ഥ്യം തുറന്നുകാണിച്ച ചിന്തകനാണ് അബ്ദുല്ലാ ഹസന്‍.
ബഹുസ്വര രാജ്യത്ത് സഹോദര സമുദായങ്ങളോട്, അല്ലെങ്കില്‍ അമുസ്‌ലിം ഭൂരിപക്ഷത്തോട് മുസ്‌ലിം സമൂഹം സഹവര്‍ത്തിക്കേണ്ടതെങ്ങനെ എന്നത് സൈദ്ധാന്തികമായി ചര്‍ച്ച ചെയ്യുകയും തത്ത്വങ്ങളും പ്രയോഗനിയമങ്ങളും ആവിഷ്‌കരിക്കുകയും ചെയ്യേണ്ട വിഷയമാണ്. പൂര്‍വകാലത്ത് അത്തരം ചര്‍ച്ചകള്‍ ഇവിടെ നടന്നതായി കാണുന്നില്ല. എങ്കിലും പ്രായോഗിക ജീവിതത്തില്‍ സമാധാനപരമായ ഒരു സഹവര്‍ത്തിത്വ സമ്പ്രദായം രൂപപ്പെട്ടു. ബ്രിട്ടീഷുകാരുടെ ആഗമനം വരെ അത് അഭംഗുരം നിലനില്‍ക്കുകയും ചെയ്തു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രത്തിന്റെ വിജയത്തിന് ബ്രിട്ടീഷുകാര്‍ക്ക്  ഹിന്ദു-മുസ്‌ലിം വൈരം ആവശ്യമായിരുന്നുവല്ലോ. ബ്രിട്ടീഷുകാര്‍ പോയിട്ടും അവര്‍ സൃഷ്ടിച്ച സാമുദായിക സ്പര്‍ധ മാഞ്ഞുപോയില്ല. ഭൂരിപക്ഷ വര്‍ഗീയ ശക്തികള്‍ അതു വളര്‍ത്താന്‍ കൊണ്ടുപിടിച്ച് ശ്രമിക്കുകയും ചെയ്യുന്നു. ഈ പ്രശ്ചാത്തലത്തില്‍ അബ്ദുല്ലാ ഹസന്റെ 'ബഹുസ്വര സമൂഹത്തിലെ മുസ്‌ലിംകള്‍' എന്ന കൃതി കാലഘട്ടത്തിന്റെ മാറ്റൊലി തന്നെയാണ്. അമുസ്‌ലിംകള്‍ക്കുള്ള സകാത്തു മുതല്‍ അഭിവാദ്യം വരെ, പരസമൂഹങ്ങളുമായുള്ള സൗഹാര്‍ദപരമായ സഹവര്‍ത്തിത്വവുമായി ബന്ധപ്പെട്ട അനേകം വിഷയങ്ങളില്‍ ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ നിലപാട് ഈ കൊച്ചുകൃതി നിര്‍ധാരണം ചെയ്തിരിക്കുന്നു. ഈ കൃതി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് സ്വാഭാവികം. വിഷയത്തില്‍ സമ്പൂര്‍ണമെന്നോ അവസാന വാക്കെന്നോ അതിനെ വിശേഷിപ്പിക്കേണ്ടതില്ല. അത് വലിയൊരു തുടക്കമാണ്. അന്വേഷകര്‍ ആ വഴിക്ക് യാത്ര തുടരേണ്ടതുണ്ട്. ബഹുസ്വര സമൂഹത്തില്‍ അല്ലെങ്കില്‍ അമുസ്‌ലിം ഭൂരിപക്ഷ സമൂഹത്തില്‍, മുസ്‌ലിംകളുടെ സ്റ്റാറ്റസ് (ശര്‍ഇയായ അവസ്ഥ) എന്താണ് എന്നത് ഈ വിഷയത്തില്‍ ഗൗരവമേറിയ ചര്‍ച്ചയാവേണ്ടതാണ്. അത്തരം സമൂഹങ്ങളിലെ മുസ്‌ലിംകള്‍ ശരീഅത്തിനോട് സ്വീകരിക്കേണ്ട സമീപനം നിര്‍ണയിക്കുന്നതിന് ഈ സ്റ്റാറ്റസ് നിര്‍ണയവുമായി അഭേദ്യമായ ബന്ധമുണ്ട്. പൂര്‍വിക പണ്ഡിതന്മാര്‍ ഹര്‍ബി, മുആഹിദ്, മുസ്തഅ്മിന്‍ തുടങ്ങിയ പദാവലികള്‍ ആവിഷ്‌കരിച്ച് ഈ വിഷയം ചര്‍ച്ച ചെയ്യാതിരുന്നിട്ടില്ല. എന്നാല്‍ ആ പദാവലി ആവിഷ്‌കൃതമായ കാലത്ത് നല്‍കപ്പെട്ട നിര്‍വചനങ്ങളിലൊന്നും ആധുനിക ജനാധിപത്യ ദേശരാഷ്ട്രങ്ങളിലെ മുസ്‌ലിം പൗരന്മാര്‍ ഒതുങ്ങുകയില്ല. പുതിയ സാങ്കേതിക ശബ്ദങ്ങളും നിര്‍വചനങ്ങളും ഉണ്ടായിവരണം. ആ നവ വിജ്ഞാന മേഖലയിലേക്ക് വാതില്‍ തുറന്നു എന്നതാണ് അബ്ദുല്ലാ ഹസനെ വ്യതിരിക്തനും ശ്രദ്ധേയനുമാക്കുന്നത്.
കുറച്ചു നാളുകള്‍ മാത്രമേ ഈയുള്ളവന്‍ അബ്ദുല്ലാ ഹസനുമൊത്ത് ജോലി ചെയ്തിട്ടുള്ളൂ. പക്ഷേ ബാല്യംകാലം മുതലേ ഞങ്ങള്‍ പരിചിതരായിരുന്നു. ജ്യേഷ്ഠ സഹോദരനെപ്പോലെയാണ് അദ്ദേഹത്തെ കണ്ടിരുന്നത്. 1964-ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജിലെ പ്രൈമറി ക്ലാസില്‍ ചേര്‍ന്നപ്പോള്‍ അബ് ദുല്ലാ ഹസന്‍ അവിടെ നാലോ അഞ്ചോ വര്‍ഷം സീനിയറായ വിദ്യാര്‍ഥിയായിരുന്നു. അന്ന് ജൂനിയര്‍ വിദ്യാര്‍ഥികള്‍  സീനിയര്‍ വിദ്യാര്‍ഥികളെ കണ്ടിരുന്നത് അധ്യാപകരെ പോലെ ആദരവോടെയായിരുന്നു. സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ അനുജന്മാരായും കണ്ടു. ആവശ്യമെന്നു തോന്നുമ്പോള്‍ ഉപദേശിക്കുകയും ശാസിക്കുകയുമൊക്കെ ചെയ്യുമായിരുന്നു.
മുതിര്‍ന്ന വിദ്യാര്‍ഥികളില്‍ ധിഷണ കൊണ്ടും പ്രതിഭ കൊണ്ടും സവിശേഷം ശ്രദ്ധേയരായവരില്‍ ഒരാളായിരുന്നു അബ്ദുല്ലാ ഹസന്‍. സാഹിത്യസമാജങ്ങളില്‍ അദ്ദേഹം അവതരിപ്പിക്കുന്ന പ്രസംഗങ്ങള്‍ താഴെ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ ചിന്താശേഷിയെ തട്ടിയുണര്‍ത്തുന്നതായിരുന്നു. കോളേജിലെ മോഡല്‍ പാര്‍ലമെന്റുകളിലും അദ്ദേഹം നന്നായി ശോഭിച്ചു. ലൗകിക വിഷയങ്ങളെക്കുറിച്ചും ദീനീവിഷയങ്ങളെക്കുറിച്ചും ഗൗരവതരമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. കര്‍മശാസ്ത്രപരമായ തര്‍ക്കങ്ങളാണ് പലപ്പോഴും പാര്‍ലമെന്റിനെ ഏറെ ചൂടുപിടിപ്പിച്ചിരുന്നത്. ഈ തര്‍ക്കങ്ങളില്‍ പ്രധാന കക്ഷിയായി വരാറുള്ള മറ്റൊരാള്‍ എം.സി അബ്ദുല്ല മൗലവിയാണ് (ഇപ്പോള്‍ ശയ്യാവലംബിയായ അദ്ദേഹത്തിന് അല്ലാഹു രോഗമനമരുളുമാറാകട്ടെ). അക്കാലത്ത് സീനിയര്‍ വിദ്യാര്‍ഥികളുടെ 'ഹോസ്റ്റല്‍' പള്ളിയുടെ മുകള്‍ തട്ടായിരുന്നു. ഒഴിവുസമയങ്ങളില്‍ അവിടം അവരുടെ സംവാദവേദിയായി മാറും. ചിലപ്പോള്‍ താഴെ ക്ലാസിലെ വിദ്യാര്‍ഥികളും അത് ശ്രദ്ധിക്കാറുണ്ട്. അബ്ദുല്ലാ ഹസന്റെ സാന്നിധ്യം ആ സംവാദങ്ങളെ ഏറെ ചടുലമാക്കിയിരുന്നു.
ശാന്തപുരത്ത് വിദ്യാര്‍ഥിയായിരുന്നപ്പോള്‍ തന്നെ അബ്ദുല്ലാ ഹസന്‍ വിവാഹിതനായി. കോളേജിന് തൊട്ടടുത്തു തന്നെയായിരുന്നു ഭാര്യവീട്. വിവാഹശേഷവും അബ്ദുല്ലാ ഹസന്‍ കോളേജ് കുളത്തില്‍ വന്ന് മറ്റു വിദ്യാര്‍ഥികളോടൊപ്പം സ്വന്തം വസ്ത്രങ്ങള്‍ അലക്കുന്ന കാഴ്ച പലര്‍ക്കും കൗതുകകരമായിരുന്നു. സ്ത്രീജനങ്ങളോടുള്ള ആദരപ്രകടനത്തോടൊപ്പം അലക്കും പാചകവും സ്ത്രീകളുടെ മാത്രം ധര്‍മമാണെന്ന കാഴ്ചപ്പാടിന്റെ നിഷേധവും കൂടിയായിരുന്നു അത്.
കോളേജ് വിട്ട ഉടനെ അബ്ദുല്ലാ ഹസന്‍ തെക്കന്‍ കേരളത്തില്‍ അധ്യാപകനും പ്രബോധകനുമായി നിയമിതനായി. അദ്ദേഹത്തിന്റെ സംഘാടന ശേഷി തെളിഞ്ഞുവന്ന ഘട്ടമായിരുന്നു അത്. പിന്നീട് കോഴിക്കോട്ട് വന്ന് പ്രബോധനം മാസികയുടെ ചുമതല ഏറ്റെടുത്തു. അന്നൊരിക്കല്‍ യാദൃഛികമായി പ്രബോധനം ഓഫീസില്‍ ചെന്നപ്പോള്‍ അബ്ദുല്ലാ ഹസന്‍ എന്നെ കാത്തിരിക്കുകയായിരുന്നു എന്ന മട്ടില്‍, ഫിഖ്ഹുസ്സുന്ന എന്ന കര്‍മശാസ്ത്ര ഗ്രന്ഥത്തിലെ ഒരധ്യായം എടുത്തു തന്നിട്ടു പറഞ്ഞു; 'ഇത് ഉടനെ തര്‍ജമ ചെയ്തു തരണം, എനിക്ക് മറ്റൊരു മാറ്റര്‍ പൂത്തിയാക്കാനുണ്ട്. രണ്ടും ഉടനെ പ്രസ്സില്‍ കൊടുക്കേണ്ടതാണ്.' പെട്ടെന്ന് അതു ചെയ്താല്‍ ശരിയാകുമോ എന്ന് ആശങ്കിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു; 'ശരിയാകും, നീ അത് ചെയ്യ്', ഞാനതൊരു വെല്ലുവിളിയായി സ്വീകരിച്ചു. വൈകുന്നേരം തിരിച്ചു പോരുന്നതിനു മുമ്പ് ചെയ്തുതീര്‍ക്കുകയും ചെയ്തു. പിന്നീട് 1974 നവംബറില്‍ പ്രബോധനത്തില്‍ ചെല്ലുന്നത് വാരികയുടെ എഡിറ്റോറിയല്‍ സ്റ്റാഫില്‍ അംഗമായിട്ടാണ്. ചെന്നതിന്റെ പിറ്റേന്നോ മറ്റോ അബ്ദുല്ലാ ഹസന്‍ എന്നെ വിളിച്ചു പറഞ്ഞു: 'മുണ്ടുമുഴിയില്‍ ഞാന്‍ ഒരു പരിപാടി ഏറ്റെടുത്തിട്ടുണ്ട്. എനിക്കിന്ന് പോകാന്‍ പറ്റില്ല. നീ ആ പരിപാടി നടത്തണം.' ഞാനാണെങ്കില്‍ കോളേജ് വിട്ടതോടെ ചില വിഷമങ്ങള്‍ മൂലം പ്രസംഗവേദികളോടു വിടപറഞ്ഞിരുന്നു. പരിമിതികള്‍ പറഞ്ഞെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. ഒരു ജ്യേഷ്ഠ സഹോദരന്റെ കല്‍പനയായി മാനിച്ച് എനിക്കാ പരിപാടി നടത്തേണ്ടിവന്നു.
ആയിടക്കായിരുന്നു എന്റെ വിവാഹം. വിവാഹ ഖുത്വ്ബക്ക് കണ്ടത് അബ്ദുല്ലാ ഹസനെയാണ്. ഒരു വൈമനസ്യവുമില്ലാതെ അദ്ദേഹം അതേറ്റെടുത്തു. യാഥാസ്ഥിതിക പണ്ഡിതന്മാര്‍ ഏറെയുള്ള കുടുംബമാണ് എന്റേത്. 'ജമ-മുജ'കളെ വിമര്‍ശിക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാത്തവര്‍. ഭാര്യകുടുംബവും 'സമസ്ത' സുന്നികളാണ്. ചെറിയ നാക്കുപിഴ മതി, വലിയ പ്രശ്‌നമാകാന്‍. അതൊന്നും അദ്ദേഹത്തോടു പറഞ്ഞില്ല. എങ്കിലും അദ്ദേഹം സദസ്സിനെ മനസ്സിലാക്കി ഭംഗിയായി പ്രസംഗിച്ചു. ആരില്‍നിന്നും ഒരു വിമര്‍ശനവും ഉയര്‍ന്നില്ല.
1975-ല്‍ ഇന്ത്യയില്‍ അടിയന്തരാവസ്ഥ നിലവില്‍ വന്നതിനെ തുടര്‍ന്ന് ജമാഅത്തെ ഇസ്‌ലാമി നിരോധിക്കപ്പെട്ടു. പ്രബോധനം വാരികയും മാസികയും പ്രസിദ്ധീകരണം നിലച്ചു. മാസികയുടെ എഡിറ്ററും കേരള ജമാഅത്തിന്റെ ശൂറാ അംഗവുമായിരുന്ന അബ്ദുല്ലാ ഹസന്‍ അറസ്റ്റ് ചെയ്യപ്പെട്ടു, കുറേ നാള്‍ ജയിലിലടക്കപ്പെടുകയും ചെയ്തു.
അബ്ദുല്ലാ ഹസന്‍ പിന്നീട് ഉപരിപഠനാര്‍ഥം ഖത്തറിലേക്കു പോയി. പഠനാനന്തരം അവിടെത്തന്നെ ജോലിയിലേര്‍പ്പെടുകയായിരുന്നു. ഈ കാലത്ത് ഖത്തറിലെ ദീനീതല്‍പരരായ പ്രവാസിമലയാളികളെ സംഘടിപ്പിച്ച് സംസ്‌കരണ-പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചു. 1977-ല്‍ അടിയന്തരാവസ്ഥ നീങ്ങിയതിനെ തുടര്‍ന്ന് പ്രബോധനം പുനരാരംഭിച്ചു. അബ്ദുല്ലാ ഹസന്റെ അഭാവത്തില്‍ അദ്ദേഹം വഹിച്ചിരുന്ന മാസികയുടെ ഉത്തരവാദിത്തം എന്റെ ചുമലില്‍ വന്നു. ഏതാണ്ട് പത്തു കൊല്ലത്തോളം മാസിക നിര്‍ത്തല്‍ ചെയ്യുന്നതുവരെ ഞാന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി. മാസികയുടെ കെട്ടിലും മട്ടിലും ഉള്ളടക്കത്തിന്റെ സ്വഭാവത്തിലും എനിക്കു മുമ്പില്‍ അബ്ദുല്ലാ ഹസന്‍ തുടര്‍ന്നുവന്ന മാതൃകയുണ്ടായിരുന്നു. ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാന്‍ അതെനിക്ക് സഹായകമായി.
ശാന്തപുരത്ത് വിദ്യാര്‍ഥികളായിരുന്നപ്പോള്‍ അവിവേകം മൂലം എന്റെ മുറിയറിവുകള്‍ വെച്ച് അദ്ദേഹത്തോട് തര്‍ക്കിക്കാറുണ്ടായിരുന്നു. അതൊരു തമാശയായെടുത്ത് ചിരിച്ചുകൊണ്ട് മറുപടി പറയുകയും തിരുത്തിത്തരികയും ചെയ്യുമായിരുന്നു. 1970-കളില്‍ ജമാഅത്തും മുജാഹിദ് വിഭാഗവും തമ്മില്‍ ഇബാദത്ത് തര്‍ക്കം രൂക്ഷമായിരുന്നു. ഒ. അബ്ദുര്‍റഹ്മാനും അബ്ദുല്ലാ ഹസനും വി.കെ അലിയുമൊക്കെയായിരുന്നു ഈ തര്‍ക്കത്തില്‍ ജമാഅത്തിന്റെ മുഖ്യ വക്താക്കള്‍. അക്കാലത്ത് ആ വിഷയത്തില്‍ ഞാന്‍ പ്രബോധനം വാരികയില്‍ ഒരു ലേഖനം എഴുതുകയുണ്ടായി. ഇബാദത്തിന് ജമാഅത്തിന്റെ അര്‍ഥകല്‍പനയെ പിന്താങ്ങിക്കൊണ്ടുള്ളതായിരുന്നു അത്. എന്നാല്‍ എന്റെ വിശകലന രീതി ജമാഅത്ത്-മുജാഹിദ് വക്താക്കളുടേതില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. അതുകൊണ്ടാവാം അബ്ദുല്ലാ ഹസന്‍ എന്നെ ശക്തിയായി എതിര്‍ത്തു. ഒരു ഖണ്ഡന ലേഖനം പ്രതീക്ഷിച്ചുവെങ്കിലും അതുണ്ടായില്ല. ഞാന്‍ അതേക്കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചതുമില്ല.
അബ്ദുല്ലാ ഹസന്‍ പ്രവാസം അവസാനിപ്പിച്ച് കേരളത്തില്‍ സ്ഥിരമായ ശേഷം കണ്ടുമുട്ടുമ്പോഴൊക്കെ സഹോദരനോടെന്ന പോലെയാണ് പെരുമാറിയിരുന്നത്. ചില ചര്‍ച്ചാ വേദികളില്‍ ഒന്നിക്കാറുണ്ടായിരുന്നു. അദ്ദേഹത്തോട് വിയോജിക്കേണ്ടി വന്ന സന്ദര്‍ഭങ്ങളുമുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ വേദി വിട്ടിറങ്ങിയ ശേഷവും തര്‍ക്കം തുടരും. പരസ്പരം വഴങ്ങാതെയാണ് പിരിയുക. പിരിഞ്ഞിരുന്നത് നിറഞ്ഞ സ്‌നേഹത്തോടെയും സന്തോഷത്തോടെയും തന്നെയായിരുന്നു. അദ്ദേഹവുമായുള്ള സംവാദങ്ങളില്‍നിന്ന് യോജിക്കുമ്പോഴും വിയോജിക്കുമ്പോഴും എനിക്ക് ഏറെ പഠിക്കാന്‍ സാധിച്ചിരുന്നു.
അബ്ദുല്ലാ ഹസന്‍ എന്ന പണ്ഡിത കേസരിയുടെ വിയോഗം കേരളത്തിന്റെ ഇസ്‌ലാമിക ധിഷണാ മണ്ഡലത്തില്‍ വലിയൊരു വിടവ് സൃഷ്ടിച്ചിരിക്കുന്നു. പുതുചിന്തയുടെയും ഗവേഷണത്തിന്റെയും പ്രയാണമാര്‍ഗത്തെയാണ് ആ വിടവ് പ്രധാനമായും ബാധിച്ചിരിക്കുന്നത്. പക്ഷേ, അന്വേഷണ കുതുകികള്‍ക്ക് അദ്ദേഹം നല്‍കിയ പ്രചോദനവും പ്രോത്സാഹനവും നിലനില്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ശിഷ്യന്മാരും സഹപ്രവര്‍ത്തകരും അതുള്‍ക്കൊണ്ട് അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച വിടവ് നികത്തുമെന്നാശിക്കാം. പ്രിയങ്കരനായ അബ്ദുല്ലാ ഹസന് കരുണാമയനായ അല്ലാഹു പരലോക ശാന്തിയും സ്വര്‍ഗവും പ്രദാനം ചെയ്യുമാറാകട്ടെ - ആമീന്‍. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍- 34-38
ടി.കെ ഉബൈദ്‌

ഹദീസ്‌

അല്ലാഹുവെക്കുറിച്ച് നല്ലതുമാത്രം വിചാരിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി