Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 22

3223

1443 റബീഉല്‍ അവ്വല്‍ 15

അല്ലാഹുവെക്കുറിച്ച് നല്ലതുമാത്രം വിചാരിക്കുക

അബ്ദുല്ലത്വീഫ് കൊടുവള്ളി

عَنْ جَابِر بْن عَبْدِ الله رَضِي اللهُ عَنْه أَنَّه سَمِعَ رَسُول الله صَلّى الله عَلَيْه وَسَلّم قَبْلَ مَوْتِه بِثَلَاثَة أَيَّام يَقُول: لَا يَمُوتنَّ أَحَدَكُم إِلَّا وَهُوَ يحُسْن الظَّنّ بِالله (رواه مسلم)

 

ഇസ്‌ലാമിക വിശ്വാസപ്രകാരം ജീവിച്ചിരിക്കുമ്പോഴും മരിക്കുമ്പോഴും അല്ലാഹുവെക്കുറിച്ച് സത്യവിശ്വാസികള്‍ക്ക് ശരിയായ വിശ്വാസവും കൃത്യമായ ധാരണയും നല്ല മനോഭാവവും ഉണ്ടാവേണ്ടതുണ്ട്. അഹ്‌സാബ് യുദ്ധവേളയില്‍ ഉറച്ച നിലപാടെടുക്കുന്നതില്‍ ചില്ലറ വീഴ്ചകള്‍ പറ്റിയപ്പോള്‍, 'നിങ്ങള്‍ അല്ലാഹുവെപ്പറ്റി പലതും ധരിച്ചുപോയി' (അല്‍അഹ്‌സാബ്: 10) എന്ന് ഖുര്‍ആന്‍ നിരൂപണം നടത്തുന്നുണ്ട്. മേല്‍ ഹദീസിലെ 'ഹുസ്‌നുള്ളന്ന്' എന്നതിന്റെ വിവക്ഷ 'തര്‍ജീഹു ജാനിബില്‍ ഖൈര്‍ അലാ ജാനിബിശ്ശര്‍റ്' (ഒരു വ്യക്തിയിലെയോ വസ്തുവിലെയോ തിന്മയേക്കാള്‍ നന്മക്ക് മുന്‍ഗണന നല്‍കുക) എന്നാണ്.
ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ദോഷൈകദൃക്കുകളാവാതെ ശുഭപരിണതികള്‍ പ്രതീക്ഷിക്കുന്നവരാവണം സത്യവിശ്വാസികള്‍. നബിപത്‌നി ആഇശ(റ)യെക്കുറിച്ച വ്യാജാരോപണ സംഭവം തങ്ങള്‍ക്ക് ഗുണപരമായി ഭവിക്കും എന്ന നല്ല പ്രതീക്ഷയുണ്ടാവാതിരുന്നതെന്തുകൊണ്ട് എന്ന് ഖുര്‍ആന്‍ സ്വഹാബികളോട് ചോദിക്കുന്നുണ്ട്. 'നിങ്ങള്‍ അല്ലാഹുവോട് പ്രാര്‍ഥിക്കുമ്പോള്‍ ഉത്തരം കിട്ടുമെന്ന ഉറച്ച ബോധ്യത്തോടെയാവണം പ്രാര്‍ഥിക്കേണ്ടത്' എന്ന നബി(സ)യുടെ ഉദ്‌ബോധനം ശുഭപ്രതീക്ഷ മുന്നോട്ടു വെക്കുന്നു. ഹിജ്‌റ വേളയില്‍, സൗര്‍ ഗുഹയില്‍ കഴിയവെ ശത്രുക്കള്‍ കാണുമോ എന്ന് ആശങ്കിച്ച അബൂബക്‌റി(റ)നെ നബി(സ) ആശ്വസിപ്പിച്ചത് 'അല്ലാഹു മൂന്നാമനായുള്ള രണ്ടുപേരെക്കുറിച്ച് എന്താണ് നിങ്ങളുടെ വിചാരം?' എന്നായിരുന്നു. അല്ലാഹുവിനെക്കുറിച്ച് തെറ്റായ ധാരണ വെച്ചുപുലര്‍ത്തുക കപടവിശ്വാസികളും ബഹുദൈവവിശ്വാസികളുമാണെന്ന് (അല്‍ഫത്ഹ്: 6) ഖുര്‍ആന്‍ എടുത്തുപറയുന്നുണ്ട്.
സത്യവിശ്വാസികള്‍ പ്രഥമവും പ്രധാനവുമായി സദ്‌വിചാരം പുലര്‍ത്തേണ്ടത് അല്ലാഹുവിനെക്കുറിച്ചാണ്. അല്ലാഹുവിനെക്കുറിച്ച് സദ്‌വിചാരം സാര്‍ഥകമാവുക, സല്‍കര്‍മങ്ങളില്‍ വ്യാപൃതനാവാന്‍ അത് പ്രേരകമാകുമ്പോഴാണ്. അല്ലാഹുവെക്കുറിച്ച് ഉത്തമധാരണ സാധ്യമാവുക മൂന്ന് അടിസ്ഥാനങ്ങള്‍ ഒന്നിക്കുമ്പോഴാണ്; അല്ലാഹുവോടുള്ള കറകളഞ്ഞ സ്‌നേഹം, അല്ലാഹുവെക്കുറിച്ച ഭയം, അല്ലാഹുവിന്റെ സ്‌നേഹം നേടാനുള്ള പ്രവര്‍ത്തനങ്ങള്‍. സര്‍വസമ്പൂര്‍ണനായ അല്ലാഹുവെക്കുറിച്ച് ശരിയായ ജ്ഞാനത്തില്‍നിന്നാണ് അവനോടുള്ള സ്‌നേഹം ഉടലെടുക്കുക, ഗംഭീരനായ അല്ലാഹുവിനെക്കുറിച്ച യഥാര്‍ഥ ജ്ഞാനത്തില്‍നിന്നാണ് അവനെക്കുറിച്ച ഭയം ഉണ്ടാവേണ്ടത്; ശരിയായ സ്‌നേഹത്തില്‍നിന്നും ഭയത്തില്‍നിന്നും യഥാര്‍ഥ ജ്ഞാനത്തില്‍നിന്നുമാണ് സല്‍ക്കര്‍മങ്ങളില്‍ വ്യാപൃതനാകാനുള്ള ഊര്‍ജം ലഭിക്കുക.
ദുരിതങ്ങളും പ്രയാസങ്ങളുമുണ്ടാവുമ്പോള്‍ നിരാശരാവാതെ നല്ല വിചാരം പുലര്‍ത്താന്‍ കഴിയണം. തബൂക്ക് യുദ്ധത്തില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ വിമര്‍ശനവിധേയരായ മൂന്നു പേരെക്കുറിച്ച ഖുര്‍ആന്റെ പരാമര്‍ശം ഈ സദ്‌വിചാരത്തിന്റെ തീവ്രത വ്യക്തമാക്കുന്നുണ്ട്: ''അല്ലാഹുവില്‍നിന്ന് രക്ഷനേടാന്‍ അവങ്കലല്ലാതെ അഭയസ്ഥാനമില്ലെന്ന് അവര്‍ മനസ്സിലാക്കിയപ്പോള്‍ അല്ലാഹു വീണ്ടും അവരുടെ നേരെ കനിഞ്ഞു മടങ്ങി'' (അത്തൗബ: 118). അല്ലാഹുവെക്കുറിച്ച നല്ല വിചാരം മൂവരെയും രക്ഷിച്ചു എന്നു സാരം.
അല്ലാഹുവെക്കുറിച്ച സദ്‌വിചാരം ശക്തമാവേണ്ടത് മരണാസന്ന ഘട്ടത്തിലാണ്. രോഗശയ്യയിലായിരുന്ന ഒരു യുവാവിനെ സന്ദര്‍ശിച്ച് നബി(സ) ചോദിച്ചു: 'എന്താണവസ്ഥ?' യുവാവ്: 'അല്ലാഹുവാണ, അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിക്കുന്നു. എന്റെ പാപങ്ങളെ ഞാന്‍ ഭയപ്പെടുന്നു.' പ്രതികരണമായി നബി(സ) പറഞ്ഞു: 'അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച പ്രതീക്ഷയും, സ്വന്തം തെറ്റുകളെക്കുറിച്ച ആശങ്കയും സമ്മേളിക്കുന്ന മരണവേളയില്‍ അല്ലാഹു അയാള്‍ക്ക് അയാള്‍ ആഗ്രഹിക്കുന്ന കാരുണ്യവും ഭയാശങ്കകളില്‍നിന്ന് നിര്‍ഭയത്വവും നല്‍കുന്നതായിരിക്കും' (തിര്‍മിദി).
അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച ഭയവും രക്ഷയെക്കുറിച്ച പ്രത്യാശയും പരാമര്‍ശിക്കുന്ന മൊത്തം ഹദീസുകള്‍ പരിശോധിച്ചപ്പോള്‍ ഭയത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഹദീസുകള്‍ പ്രത്യാശ നല്‍കുന്നവയാണെന്ന് ഇമാം നവവി പ്രസ്താവിക്കുകയുണ്ടായി. 'എന്റെ കാരുണ്യം എല്ലാ വസ്തുക്കളെയും ചൂഴ്ന്നുനില്‍ക്കുന്നു' എന്ന ഖുര്‍ആന്‍ സൂക്തവും, 'എന്റെ കാരുണ്യം എന്റെ കോപത്തെ മികച്ചുനില്‍ക്കുന്നു' എന്ന ഖുദ്‌സിയായ ഹദീസും മാത്രം മതി അല്ലാഹുവെക്കുറിച്ച സദ്‌വിചാരം നിലനിര്‍ത്തണമെന്നതിന് തെളിവായെന്നും നവവി രേഖപ്പെടുത്തുന്നു.
അല്ലാഹുവിലേക്ക് യാത്രചെയ്യുന്ന സഞ്ചാരിയുടെ രണ്ടു ചിറകുകളാണ് ഭയവും പ്രതീക്ഷയും. ആരോഗ്യമുള്ളപ്പോള്‍ അല്ലാഹുവെക്കുറിച്ച ഭയം മികച്ചുനില്‍ക്കണം. സല്‍ക്കര്‍മങ്ങളില്‍ മുഴുകാന്‍ അതു സഹായിക്കും. അനാരോഗ്യ - മരണാസന്ന ഘട്ടങ്ങളില്‍ അല്ലാഹുവെക്കുറിച്ച സദ്‌വിചാരവും അവന്റെ പ്രതിഫലത്തെയും പ്രീതിയെയും കുറിച്ച പ്രതീക്ഷയും മുന്തിനില്‍ക്കണം. ഇതു രണ്ടും സാധ്യമാവാന്‍ അല്ലാഹുവെക്കുറിച്ച വിശ്വാസം നാം എപ്പോഴും നവീകരിച്ചുകൊണ്ടേയിരിക്കണം.
 

Your web browser doesn't have a PDF plugin. Instead you can click here to download the PDF file.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍- 34-38
ടി.കെ ഉബൈദ്‌

ഹദീസ്‌

അല്ലാഹുവെക്കുറിച്ച് നല്ലതുമാത്രം വിചാരിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി