Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 22

3223

1443 റബീഉല്‍ അവ്വല്‍ 15

വ്യക്തി, സമൂഹം, മത സാംസ്‌കാരിക വിഭാഗങ്ങള്‍

സയ്യിദ് സആദത്തുല്ലാ ഹുസൈനി

നമ്മുടെ രാജ്യം വിവിധ ജാതികള്‍, ഭാഷകള്‍, മതവിഭാഗങ്ങള്‍, വ്യത്യസ്ത നാഗരികതകള്‍ എന്നിവയുടെ സംഗമ ഭൂമിയാണ്. ഇത് ദൃഢവും ഭദ്രവും ജീവസ്സുറ്റതുമായ യാഥാര്‍ഥ്യമാണ്. ഈ വസ്തുത അവഗണിച്ചുകൊണ്ട്, നമ്മുടെ രാജ്യത്തിന് ഒരു വിജയമാര്‍ഗവും കണ്ടെത്താന്‍ കഴിയില്ല. രാജ്യത്തെ സംബന്ധിച്ച ഈ സുപ്രധാന വസ്തുത മതേതരവാദികള്‍ തീര്‍ത്തും അവഗണിച്ചു എന്നതാണ് ഇന്നത്തെ ഭൂരിപക്ഷവാദ തരംഗത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് എന്നത് നമ്മുടെ ഉറച്ച ബോധ്യമാണ്.
ഹിന്ദുത്വ ചിന്തകരുടെ എല്ലാ ശബ്ദവും ഉയര്‍ന്നത് ഇന്ത്യ എന്ന രാഷ്ട്രത്തിലും അതിന്റെ ദേശീയതയിലുമാണെന്ന് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ രാഷ്ട്രത്തെ ജീവസ്സുറ്റ യാഥാര്‍ഥ്യമായി കാണുന്നു. അതിനെ ആരാധിക്കാനും പൂജിക്കാനും ആഹ്വാനം ചെയ്യുന്നു. രാജ്യത്തിനു വേണ്ടി, അതിന്റെ ദേശീയതയുടെ സംരക്ഷണത്തിനു വേണ്ടി വ്യക്തിപരമായ അവകാശങ്ങള്‍ ത്യജിക്കാന്‍ പ്രേരിപ്പിക്കുന്നു. അദ്വൈതമെന്ന പൗരാണിക തത്ത്വചിന്തയുടെ ആധുനിക രാഷ്ട്രീയ വ്യാഖ്യാനങ്ങള്‍ വഴി രാജ്യത്തെ പൗരന്മാര്‍ക്കും വ്യക്തികള്‍ക്കും അവരുടെ അവകാശങ്ങളും താല്‍പര്യങ്ങളും രാജ്യത്തിന്റെ പൊതുവായ അസ്തിത്വത്തിന്റെ സംരക്ഷണത്തിന്റെ പേരില്‍ നഷ്ടപ്പെടുത്തേണ്ടിവരുമെന്നും ഇവര്‍ സിദ്ധാന്തിക്കുന്നുണ്ട്.
ഇതിനു വിപരീതമായി, മതേതര ചിന്തകര്‍ സ്വപ്‌നം കാണുന്ന ആധുനിക ഇന്ത്യയില്‍ ഒരു വശത്ത് ഏകീകൃത ഇന്ത്യന്‍ രാഷ്ട്രവും, മറുവശത്ത് പൗരനോ വ്യക്തിയോ ആണ്. സെക്യുലറിസ്റ്റുകള്‍ പൗരന്മാരുടെയും വ്യക്തികളുടെയും അവകാശങ്ങളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പൗരന്മാരുടെ സംഘടിത സംവിധാനങ്ങളെ, പ്രത്യേകിച്ചും മതവിഭാഗങ്ങളെയും അവരുടെ താല്‍പര്യങ്ങളെയും ഗൗരവപൂര്‍വം പരിഗണിക്കുകയോ കണക്കിലെടുക്കുകയോ ചെയ്തില്ല.
ഭരണഘടനാ അസംബ്ലിയില്‍ പുതിയ ഇന്ത്യയുടെ ഭരണഘടന ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍, ഇന്ത്യ ശക്തമായ ഒരു രാജ്യമായി നിലനില്‍ക്കുമ്പോള്‍ തന്നെ സ്വന്തമായി പരമാധികാരമുള്ള സംസ്ഥാനങ്ങളുടെ ഫെഡറേഷനായി രാജ്യത്തെ കാണാന്‍ ഒരുവിഭാഗം ആഗ്രഹിച്ചിരുന്നു. വൈവിധ്യങ്ങളുടെ സംഗമ ഭൂമിയായ ഇന്ത്യ പോലുള്ള ഒരു രാജ്യത്തിന് അനുയോജ്യമായ സ്വാഭാവിക രൂപവും അതായിരുന്നു. എന്നാല്‍ ദേശീയവാദികളായ നേതാക്കള്‍ കേന്ദ്രീകൃത സ്വഭാവമുള്ള ഒരു ഐക്യ രാജ്യമാകണമെന്ന ശക്തമായ വാദക്കാരായിരുന്നു. സുശക്തമായ കേന്ദ്ര ഘടനയുണ്ടാവുകയും മുഴുവന്‍ അധികാരങ്ങളും അതില്‍ കേന്ദ്രീകരിക്കുകയും ചെയ്യുംവിധം ഭരണഘടന തയാറാക്കണമെന്നും അവര്‍ ശഠിച്ചു.(19) ഒടുവില്‍ രൂപംകൊണ്ട ഇന്ത്യ ദേശീയവാദികള്‍ ആഗ്രഹിച്ചതു പോലെ കേന്ദ്രീകൃത സ്വഭാവമുള്ള ഐക്യ രാജ്യമായിരുന്നു. എന്നിരുന്നാലും, ഫെഡറല്‍ ഘടനയുടെ ചില വശങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് (അവശേഷിക്കുന്ന ഫെഡറല്‍ സംവിധാനത്തെ ഇല്ലാതാക്കാനോ അതിന്റെ കരുത്ത് കുറച്ചുകൊണ്ടുവരാനോ ഉള്ള ശ്രമങ്ങളാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്). ഭരണഘടനാ രൂപീകരണ ചര്‍ച്ചയില്‍ ഏറ്റവും വലിയ പ്രശ്നമായി ഉയര്‍ന്നുവന്നത് മതപരമായ ഘടകങ്ങളായിരുന്നു. ഭരണഘടനാ അസംബ്ലിയില്‍ ന്യൂനപക്ഷങ്ങളുടെ അവകാശാധികാരങ്ങളെക്കുറിച്ചു പഠിക്കാന്‍ നിശ്ചയിച്ച ഉപസമിതിയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് തെരഞ്ഞെടുപ്പു വേളയില്‍ പ്രത്യേക മണ്ഡലങ്ങള്‍ അനുവദിക്കണമെന്ന അഭിപ്രായം ഉയര്‍ന്നുവന്നു (അഥവാ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക മണ്ഡലങ്ങള്‍ ഉണ്ടായിരിക്കുകയും ജനസംഖ്യാനുപാതികമായി അവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുകയും വേണം). രാജ്യത്തിന്റെ ഐക്യത്തിന് ഹാനികരമാണെന്ന ഭൂരിപക്ഷാഭിപ്രായത്തില്‍ ഈ ആശയം തള്ളപ്പെടുകയാണ് ഉണ്ടായത്. എന്നാല്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ അവര്‍ക്ക് (മുസ്ലിംകള്‍, പട്ടികജാതിക്കാര്‍, ക്രിസ്ത്യാനികള്‍) സീറ്റ് സംവരണം ചെയ്യുന്ന വിധത്തില്‍ സംരക്ഷിക്കപ്പെട്ട്, ഭൂരിപക്ഷ വിഭാഗങ്ങളില്‍നിന്നുള്ള സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കാന്‍, അവര്‍ക്ക് ന്യൂനപക്ഷങ്ങളുടെ ഒരു നിശ്ചിത ശതമാനം വോട്ടുകള്‍ നേടേണ്ടത് അത്യാവശ്യമാണ് എന്നായിരുന്നു ഡോ. അംബേദ്കറുടെ നിര്‍ദേശം.(20)
അതുവഴി തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ഥികള്‍ക്ക് ഒരിക്കലും ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും അവഗണിക്കാന്‍ കഴിയില്ല. അംബേദ്കറുടെ ശ്രദ്ധേയമായ നിര്‍ദേശം അംഗീകരിക്കപ്പെട്ടില്ലെങ്കിലും ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കാനുള്ള പൊതു നിര്‍ദേശം അംഗീകരിച്ചു. ഇപ്രകാരം കേന്ദ്ര-സംസ്ഥാന മന്ത്രിസഭകളിലും സിവില്‍ സര്‍വീസിലും ന്യൂനപക്ഷങ്ങള്‍ക്ക് സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്.(21) 1948 ഫെബ്രുവരി 2-ന് ഗസറ്റ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ഇന്ത്യയുടെ ഭരണഘടനയുടെ കരട് രേഖയില്‍ ഈ സംവരണ വ്യവസ്ഥകളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. ഭരണഘടനയുടെ സെക്ഷന്‍ 292 പ്രകാരം ലോക്സഭയിലും 294 പ്രകാരം സംസ്ഥാന അസംബ്ലികളിലും ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കുന്നുണ്ട്.(22)
എന്നാല്‍ തയാറാക്കിയ ഭരണഘടനയുടെ കരട് ഭരണഘടനാ അസംബ്ലിയില്‍ അവതരിപ്പിച്ചപ്പോള്‍ വിവിധ ജാതി വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാന്‍ തീരുമാനിച്ചെങ്കിലും മതന്യൂനപക്ഷങ്ങളെ സംവരണ വിഭാഗങ്ങളില്‍നിന്നും ഒഴിവാക്കുകയായിരുന്നു. മതനിരപേക്ഷതയുടെ വക്താക്കള്‍ എന്നറിയപ്പെടുന്ന ഭരണഘടനാ അസംബ്ലിയിലെ അംഗങ്ങള്‍ പോലും രാജ്യത്തിന്റെ അഖണ്ഡതക്കും ഐക്യത്തിനും മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നത് പരിക്കേല്‍പ്പിക്കും എന്ന് വാദിക്കുന്നവരായിരുന്നു എന്നാണ് ഭരണഘടനാ അസംബ്ലിയിലെ ചര്‍ച്ചകള്‍ വിശകലനം ചെയ്താല്‍ മനസ്സിലാവുക. ഒരു മതവിഭാഗത്തിന്റെയും പ്രത്യേകമായ യാതൊരു വിധ പദവിയും അംഗീകരിക്കാതിരിക്കുകയും വ്യക്തികള്‍ക്ക് തുല്യ അവകാശങ്ങള്‍ നല്‍കുന്നതില്‍ തൃപ്തിപ്പെടുകയും ചെയ്യുക എന്നതായിരുന്നു ഇവരെല്ലാവരും മുന്നോട്ടു വെച്ച ആശയം.(23) ഭരണഘടനാ നിര്‍മാണസഭയില്‍ പണ്ഡിറ്റ് ഗോവിന്ദ് വല്ലഭ് പന്ത് നടത്തിയ പ്രസംഗം ഈ നിലപാടിന്റെ മികച്ച ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ സാധിക്കും.(24) 1947 ആഗസ്റ്റില്‍ ഭരണഘടനാ അസംബ്ലി ചെയര്‍മാന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എഴുതിയ കത്ത് ഈ നിലപാട് ഒന്നുകൂടി വ്യക്തമാക്കുന്നതാണ്.
ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ സംവാദങ്ങളും സംഗ്രഹിച്ചുകൊണ്ട് ശശി തരൂര്‍ ഇപ്രകാരം എഴുതുന്നത് കാണാം; ''ഭരണഘടനാ അസംബ്ലിയിലെ യഥാര്‍ഥ സംവാദം ഇരു വിഭാഗങ്ങള്‍ക്കിടയിലായിരുന്നു. ഒരു വശത്ത് ജാതിയും മതവും പോലുള്ള മാറ്റാനാവാത്ത സ്വത്വയാഥാര്‍ഥ്യങ്ങളെ മറികടന്ന് വ്യക്തിഗത പൗരത്വം എന്ന ആശയത്തില്‍ ഉറച്ചു നിന്നവരായിരുന്നു. മറുവശത്ത് ഇന്ത്യയുടെ ദേശീയതയെ ഇത്തരം അനിവാര്യമായ സ്വത്വങ്ങളുടെ ഫെഡറേഷനായി കാണണമെന്ന് നിര്‍ബന്ധമുള്ളവരുമായിരുന്നു. ഭരണഘടനാ അസംബ്ലിക്ക് പുറത്ത് ഐക്യ ഇന്ത്യക്കായി വാദപ്രതിവാദങ്ങള്‍ നടത്തിയ പല ദേശീയ നേതാക്കളും (ഗാന്ധിജിയും മൗലാന ആസാദും ഉള്‍പ്പെടെ) ഇന്ത്യ യഥാര്‍ഥത്തില്‍ വ്യത്യസ്ത വിഭാഗങ്ങളുടെ സംഗമ ഭൂമിയാണെന്നും അവരുടെ സമാധാനപരമായ സഹവര്‍ത്തിത്വത്തിലൂടെ മാത്രമാണ് ഇന്ത്യയുടെ പുരോഗതിയെന്നും ഉറച്ചുവിശ്വസിച്ചു. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഭരണഘടനാ അസംബ്ലി മറ്റൊരു ദിശയിലേക്കാണ് പോയത്. അങ്ങനെ വളരെ ബോധപൂര്‍വം തന്നെ വ്യക്തിഗത പൗരത്വം ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാനമാക്കി നിശ്ചയിച്ചു.''(25)
എന്നിരുന്നാലും ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് മൊത്തത്തില്‍ ചില അവകാശങ്ങള്‍ വകവെച്ചുനല്‍കുന്നുണ്ട്. മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അവകാശം (ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 24), വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നടത്തിക്കൊണ്ടുപോകാനുമുള്ള അവകാശം (ആര്‍ട്ടിക്ക്ള്‍ 30), വ്യക്തി നിയമം (മുസ്ലിം പേഴ്‌സണല്‍ കോ ആപ്ലിക്കേഷന്‍ ആക്ട് 1937-ന്റെ അനുമതിയും സാധ്യതയും ഭരണഘടനയില്‍ നിലനില്‍ക്കുന്നു) തുടങ്ങിയവ ഉദാഹരണങ്ങളായി കാണാം. പരിമിതമായ ഇത്തരം ഉദാഹരണങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഭരണഘടന മൊത്തത്തില്‍ വ്യക്തിയുടെ അവകാശങ്ങളെ മാത്രമാണ് അംഗീകരിക്കുന്നത്. സംഘടിത വിഭാഗങ്ങളുടെ, പ്രത്യേകിച്ചും സംഘടിത മതവിഭാഗങ്ങളുടെ അവകാശങ്ങളെ വിലമതിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. മതവിഭാഗങ്ങളുടെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക അവകാശങ്ങളുടെ സംരക്ഷണം വ്യക്തിഗത അവകാശങ്ങളുടെ വീക്ഷണ കോണിലൂടെ മാത്രം പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്.
മതേതര രാഷ്ട്രീയ വക്താക്കളെ സംബന്ധിച്ചേടത്തോളം ഭരണഘടനയുടെ നിലപാട് അത് പൗരന്മാര്‍ക്ക് രാഷ്ട്രീയ അധികാരം നല്‍കുന്നു എന്നതാണ്. എന്നാല്‍ അര്‍ഹമായ ഒരു രാഷ്ട്രീയ അധികാരവും ഇത്തരം മതവിഭാഗങ്ങള്‍ക്കായി നല്‍കുന്നില്ല. ഇത് അംബേദ്കറുടെ കാഴ്ചപ്പാടിന് തികച്ചും വിപരീതമായിരുന്നു. ഭരണഘടന നിലവില്‍ വന്നതിനു ശേഷം അദ്ദേഹം തന്റെ നിരാശ ഇപ്രകാരം പ്രകടിപ്പിച്ചു: ''നിര്‍ഭാഗ്യവശാല്‍ ഭൂരിപക്ഷത്തിന് ഇഷ്ടാനുസരണം ന്യൂനപക്ഷങ്ങളെ ഭരിക്കാനുള്ള ദൈവിക അവകാശമുണ്ടെന്നാണ് ഇന്ത്യന്‍ ദേശീയത വിശ്വസിക്കുന്നത്. അധികാര പങ്കാളിത്തവുമായി ബന്ധപ്പെട്ട വല്ല അവകാശവാദവും ന്യൂനപക്ഷ വിഭാഗങ്ങള്‍ പ്രകടിപ്പിച്ചാല്‍ അത് വിഭാഗീയതയായി കണക്കാക്കപ്പെടുന്ന സാഹചര്യമാണുള്ളത്. ഭൂരിപക്ഷം എല്ലാ അധികാര സ്ഥാനങ്ങളും കുത്തകയാക്കാന്‍ ആഗ്രഹിക്കുന്നതിനെയും അതിന് സൗകര്യമൊരുക്കിക്കൊടുക്കുന്നതിനെയുമാണ് ദേശീയത എന്ന് വിളിക്കുന്നത്. ഈ രാഷ്ട്രീയ തത്ത്വചിന്തയാല്‍ നയിക്കപ്പെടുന്ന ഭൂരിപക്ഷ വിഭാഗങ്ങള്‍ ഒരു തലത്തിലും ന്യൂനപക്ഷങ്ങളെ രാഷ്ട്രീയ അധികാരത്തില്‍ പങ്കാളികളാക്കാന്‍ തയാറല്ല. അല്ലെങ്കില്‍ ഇക്കാര്യത്തില്‍ നിയമപരവും ഭരണഘടനാപരവുമായ ക്രമീകരണങ്ങള്‍ നടത്താന്‍ അവര്‍ സന്നദ്ധരല്ല.''(26)
മതവിഭാഗങ്ങളെ ഒരു യൂനിറ്റായി കാണുന്നതില്‍ പരാജയപ്പെട്ടതാണ് മതേതര ചിന്തകര്‍ക്ക് പറ്റിയ ഏറ്റവും വലിയ തെറ്റെന്ന് നാം മനസ്സിലാക്കുന്നു. ഇങ്ങനെ സംഭവിക്കാന്‍ രണ്ട് കാരണങ്ങളുണ്ട്. മുകളില്‍ സൂചിപ്പിച്ച ആശയങ്ങളും മത തത്ത്വശാസ്ത്രങ്ങളും പല നേതാക്കളെയും സ്വാധീനിച്ചു എന്നത് തന്നെയാണ് ഒന്നാമത്തെ കാര്യം. രണ്ടാമതായി നെഹ്റുവിനെപ്പോലുള്ള ചിന്തകരും രാഷ്ട്രീയ നേതാക്കളും  ബ്രിട്ടീഷ് മാതൃകയില്‍ ആകൃഷ്ടരായി ഇന്ത്യയെ ഒരേ മാതൃകയില്‍ ഏകീകൃതവും ഏകതാനവുമായ (Homogeneous) രാഷ്ട്രമായി കണ്ടു. സ്വാതന്ത്ര്യത്തിനു ശേഷം ഈ മനോഭാവം മിക്കവാറും അതേപടി നിലനില്‍ക്കുകയാണുണ്ടായത്.
ജാതി, മതം, വര്‍ഗം എന്നിവയുടെ അടിസ്ഥാനത്തില്‍ ചെറിയ ഗ്രാമങ്ങള്‍ പോലും പ്രത്യേകം പ്രത്യേകം വാസസ്ഥലങ്ങളായി വിഭജിക്കപ്പെട്ടിരുന്ന ഒരു രാജ്യത്ത്, എഴുപത് വര്‍ഷങ്ങള്‍ക്കു ശേഷവും ക്ഷേത്രങ്ങളുടെയും പള്ളികളുടെയും പേരിലുള്ള സംഘര്‍ഷങ്ങള്‍  നീറുന്ന പ്രശ്നമായി നിലനില്‍ക്കുകയാണ്. ജനങ്ങളുടെ വികസന ആവശ്യങ്ങള്‍ ഒട്ടുമേ പരിഗണിക്കാതിരുന്നാല്‍ പോലും ജാതിയുടെയും മതത്തിന്റെയും പേരില്‍ മാത്രം വോട്ട് ലഭിക്കുമെന്ന സ്ഥിതിയും വന്നുചേര്‍ന്നു. ഇന്ത്യയില്‍ നിലനില്‍ക്കുന്ന വിവിധ ജാതി-മത വിഭാഗങ്ങളെയും നാഗരികതകളെയും അവഗണിക്കുന്നത്  പ്രകൃതിവിരുദ്ധമായ ആദര്‍ശവാദമാണ്. ഇന്ത്യ ഒരു ഏകീകൃത അഖണ്ഡ രാജ്യമായിരിക്കണമെന്ന് ചില നേതാക്കള്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. എന്നാല്‍ അവരുടെ ഈ ആഗ്രഹം മത-ജാതി വിഭാഗങ്ങള്‍ എന്ന ഏറ്റവും വലിയ യാഥാര്‍ഥ്യത്തെ അവഗണിച്ചുകൊണ്ടുള്ളതാണ്. തദ്ഫലമായി വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഐക്യവും സഖ്യബോധവും ഉണ്ടാകുന്നതിനു പകരം അരാജകത്വം വര്‍ധിക്കുകയും സംഘര്‍ഷങ്ങളുടെ നാടായി നമ്മുടെ രാജ്യം മാറുകയുമാണ് ചെയ്തത്. ഇവിടെ ബഹുസ്വര വോട്ടിംഗ്  (Plurality Voting) എന്ന് വിളിക്കുന്ന ബ്രിട്ടീഷ് തെരഞ്ഞെടുപ്പു സമ്പ്രദായമാണ് അനുകരിക്കപ്പെട്ടത്. അതില്‍ ഭൂരിപക്ഷത്തിന്റെ സ്വേഛാധിപത്യവും ജനകീയ ആഭിമുഖ്യവും തടയാന്‍ ആവശ്യമായ യാതൊരു വിധ വ്യവസ്ഥകളുമില്ല. ഇംഗ്ലണ്ട് പോലെ ഒരേ വംശക്കാരുണ്ടായിരുന്ന രാജ്യത്തിന് ഈ സംവിധാനം ഫലപ്രദമായിരുന്നിരിക്കാം. എന്നാല്‍ ഇന്ത്യ പോലെ ബഹുസ്വര സംസ്‌കാരങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്ത്, വ്യത്യസ്ത സാംസ്‌കാരിക വിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഈ സംവിധാനത്തിലൂടെ ഒരിക്കലും സാധ്യമല്ല. മുമ്പ് ബ്രിട്ടനോ അമേരിക്കയോ കോളനിവത്കരിച്ചിരുന്ന രാജ്യങ്ങളില്‍ ഈ തെരഞ്ഞെടുപ്പു സംവിധാനം തന്നെയാണ് പൊതുവെ ഇപ്പോഴും നിലവിലുള്ളത്.
ഇന്ത്യ പോലെയുള്ള ഒരു രാജ്യത്തിന് ബെല്‍ജിയം, സ്പെയിന്‍, നെതര്‍ലാന്റ്സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളുടെ അനുഭവം കൂടുതല്‍ പ്രയോജനകരമായിരുന്നു. ഇത്തരം രാജ്യങ്ങളില്‍ ആനുപാതിക പ്രാതിനിധ്യ(Proportionate Representation)ത്തിന്റെ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പു സമ്പ്രദായമാണ് ഉള്ളത്. ഇത്തരം രാജ്യങ്ങള്‍ വ്യക്തികളെന്ന നിലക്കും, വംശീയവും ഭാഷാപരവും സാംസ്‌കാരികവും പ്രത്യയശാസ്ത്രപരവുമായ വിവിധ വിഭാഗങ്ങളെന്ന നിലക്കും ജനങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉള്‍ക്കൊണ്ട് തെരഞ്ഞെടുപ്പു രാഷ്ട്രീയ സംവിധാനം രൂപപ്പെടുത്തുകയാണ് ചെയ്തത്. സമീപകാലത്ത്, പല രാജ്യങ്ങളിലും ബഹുസ്വരതയെയും വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളേണ്ട സാഹചര്യം വന്നപ്പോള്‍ ബഹുസ്വര വ്യവസ്ഥയില്‍നിന്ന് ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥയിലേക്കോ സമാന മാതൃകകളിലേക്കോ മാറുകയും ചെയ്തിരുന്നു. സൈപ്രസ്, ഹോങ്കോംഗ്, ലബനാന്‍, നേപ്പാള്‍, ന്യൂസിലാന്റ്, ഫിലിപ്പൈന്‍സ്, ദക്ഷിണാഫ്രിക്ക തുടങ്ങി നിരവധി രാജ്യങ്ങള്‍ കാലഹരണപ്പെട്ട സമ്പ്രദായം ഉപേക്ഷിച്ച് വിവിധ രൂപത്തിലുള്ള ആനുപാതിക പ്രാതിനിധ്യമുള്ള തെരഞ്ഞെടുപ്പു സമ്പ്രദായങ്ങളിലേക്ക് മാറുകയും പുതിയ മര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.(27) 195 ജനാധിപത്യ രാജ്യങ്ങളില്‍ 123 എണ്ണവും ആനുപാതിക പ്രാതിനിധ്യത്തിന്റെ വ്യത്യസ്തമായ തെരഞ്ഞെടുപ്പു രൂപങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നവയാണ്.(28) ബ്രിട്ടനില്‍ പോലും പുതിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു രീതി പരിഷ്‌കരിക്കണമെന്ന ആവശ്യങ്ങളുമായി വിവിധ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്.(29) ഖേദകരമെന്നു പറയട്ടെ, ഇത്തരം പരിഷ്‌കരണങ്ങള്‍ ഏറ്റവുമധികം ആവശ്യമുള്ള, വംശീയവും സാംസ്‌കാരികവും മതപരവുമായ വൈവിധ്യങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഇതുസംബന്ധിച്ച ഗൗരവപ്പെട്ട ചര്‍ച്ചകള്‍ ഉയര്‍ന്നുവരികയോ അതിനു വേണ്ട രാഷ്ട്രീയ മുന്നേറ്റങ്ങള്‍ ഉണ്ടാവുകയോ ചെയ്യുന്നില്ല.
ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും വ്യത്യസ്തതകള്‍ പുലര്‍ത്തുന്ന വിവിധ ജൂത വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ആനുപാതിക പ്രാതിനിധ്യത്തിന്റെ തെരഞ്ഞെടുപ്പ് സമ്പ്രദായമാണ് ഇസ്രയേല്‍ (മതഭീകര രാഷ്ട്രം) പോലും സ്വീകരിച്ചിരിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ ഇവിടത്തെ ഏറ്റവും ചെറിയ വംശീയ - സാംസ്‌കാരിക വിഭാഗങ്ങള്‍ക്കു പോലും വലിയ തോതിലുള്ള അധികാരാവകാശങ്ങളാണ് ലഭ്യമാകുന്നത്. മാത്രവുമല്ല ഇത്തരം ചെറിയ വിഭാഗങ്ങളുടെ പോലും താല്‍പര്യങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ വളരെ എളുപ്പത്തില്‍ തടയാനും ഇതുവഴി സാധിക്കുന്നു. ഇത് ഇസ്രയേലില്‍ തീര്‍ച്ചയായും രാഷ്ട്രീയ അസ്ഥിരത സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നത് ശരിയാണ്. എന്നാല്‍ മുഴുവന്‍ പൗരന്മാരും അവരുടെ സാംസ്‌കാരിക വൈവിധ്യങ്ങളോടെ തന്നെ അസാധാരണമായ അധികാരങ്ങള്‍ ആസ്വദിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. ഇസ്രയേലില്‍ ആറ് ദശലക്ഷം പ്രധാനമന്ത്രിമാരുണ്ടെന്ന് മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഒരിക്കല്‍ ഈ സംവിധാനത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.(30)
സമീപകാലത്ത് പ്രസിദ്ധീകരിച്ച യോഗേന്ദ്ര യാദവിന്റെ പ്രസിദ്ധമായ പുസ്തകം Making Sense of Indian Democracy(31) ഈ വിഷയത്തിന്റെ നിരവധി വശങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. നാഷ്‌നല്‍ സ്റ്റേറ്റും (ചമശേീിമഹ ടമേലേ) സ്റ്റേറ്റ് നാഷ്‌നലും (State National) തമ്മിലുള്ള വ്യത്യാസം സംബന്ധിച്ച് അദ്ദേഹം നടത്തിയ ചില സൂക്ഷ്മ നിരീക്ഷണങ്ങളും ചര്‍ച്ചകളും വലിയ തോതില്‍ ആശങ്കാജനകമാണ് എന്ന് പറയാതെ വയ്യ. ഒരൊറ്റ സാംസ്‌കാരിക പാരമ്പര്യം മാത്രം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന രാഷ്ട്ര സംവിധാനമാണ് നാഷ്‌നല്‍ സ്റ്റേറ്റ്  കൊണ്ട് ഉദ്ദേശിക്കുന്നത്. രാഷ്ട്രത്തിനകത്തെ വിവിധ സംസ്ഥാനങ്ങളും അതേ സാംസ്‌കാരിക സ്വത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ സ്റ്റേറ്റ് നാഷ്‌നല്‍  'നാഗരികതകളുടെ ഫെഡറേഷന്‍' ആയാണ് പ്രവര്‍ത്തിക്കുക. വിവിധ സാംസ്‌കാരിക സ്വത്വങ്ങളെയും സാംസ്‌കാരിക ദേശീയതകളെയും ഉള്‍ക്കൊള്ളാനുള്ള ശേഷിയും അതിനുണ്ടാവും. ഇന്ത്യ വാസ്തവത്തില്‍ ഒരു സ്റ്റേറ്റ് നാഷനാണെന്നാണ് അദ്ദേഹം സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്.(32) ന്യായവും യുക്തിസഹവുമായ ഈ ചര്‍ച്ചകള്‍ക്കൊടുവില്‍ അതിശയകരമാം വിധം അദ്ദേഹം ഇന്ത്യയുടെ നിലവിലെ ഘടനയെ ശക്തമായി ന്യായീകരിക്കുകയും ഇന്ത്യയെ ഒരു സ്റ്റേറ്റ് നാഷ്‌നായി അവതരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന വിവിധ ഭാഷാ സംസ്ഥാനങ്ങളെയാണ് ഇന്ത്യ ഒരു സ്റ്റേറ്റ് നാഷ്‌നലാണെന്ന് സമര്‍ഥിക്കാന്‍ അദ്ദേഹം തെളിവായി അവതരിപ്പിക്കുന്നത്. നമ്മുടെ രാഷ്ട്ര സംവിധാനം ഭാഷാപരമായ വിവിധ വിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട് എന്ന് സമ്മതിക്കാം. എന്നാല്‍ അതിനേക്കാള്‍ വലിയ യാഥാര്‍ഥ്യമായ വിവിധ മത വിഭാഗങ്ങളുടെ ശാക്തീകരണം അവഗണിച്ചുകൊണ്ട് നമുക്ക് എങ്ങനെ വിജയകരമായ സ്റ്റേറ്റ് നാഷ്‌നലായി മാറാനും നിലനില്‍ക്കാനും സാധിക്കും?
  ഏറ്റവുമൊടുവില്‍, രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ക്കായുള്ള സമൂലമായ അജണ്ട (A Radical Agenda for Political Reforms) എന്ന തലക്കെട്ടില്‍ യോഗേന്ദ്ര യാദവ് മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ ഈ പ്രത്യേക വിഷയത്തില്‍ ഒരു സുപ്രധാന നിര്‍ദേശവും മുന്നോട്ടുവെക്കുന്നില്ല. മുസ്ലിംകളുടെ ആനുപാതികമല്ലാത്ത പ്രാതിനിധ്യം പരിഹരിക്കാനുള്ള അദ്ദേഹത്തിന്റെ 'വിപ്ലവകരമായ നിര്‍ദേശം' സീറ്റ് വിഭജനം മെച്ചപ്പെടുത്തുക (Delimitation) എന്നത് മാത്രമാണ്.(33)

ന്യൂനപക്ഷ പ്രീണനം (Appeasement)
രാജ്യത്ത് ന്യൂനപക്ഷ 'പ്രീണന'മാണ് നടക്കുന്നതെന്ന് ഹിന്ദുത്വ ശക്തികള്‍ നിരന്തരം ആരോപിച്ചുകൊണ്ടിരിക്കുന്നതാണ്. ഭൂരിപക്ഷത്തിന്റെ അവകാശങ്ങളും താല്‍പര്യങ്ങളും നഷ്ടപ്പെടുത്തിയാണ് ന്യൂനപക്ഷ അനുകൂല നിലപാടുകള്‍ മതേതര കക്ഷികള്‍ സ്വീകരിക്കുന്നതെന്നാണ് ഇവരുടെ പ്രചാരണം. ന്യൂനപക്ഷ വിഭാഗങ്ങളെ ഏറ്റവും മികച്ച 'വോട്ട് ബാങ്ക്' ആക്കി ഉപയോഗപ്പെടുത്തുകയാണിവര്‍ യഥാര്‍ഥത്തില്‍ ചെയ്യുന്നത്. ഇത്തരം പ്രചാരണങ്ങള്‍ പതിറ്റാണ്ടുകളായി നമ്മുടെ രാജ്യത്ത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അതിന്റെ ഫലമായി വലിയൊരുവിഭാഗം ഇത് ശരിയാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നുണ്ട്.  പക്ഷേ കാര്യങ്ങളുടെ കിടപ്പ് നേരെ മറിച്ചാണ്. ഹിന്ദുത്വ ശക്തികള്‍ ആരോപിക്കുന്നതു പോലെ ന്യൂനപക്ഷങ്ങളോട് ഇവിടെയുള്ള മതേതര മുന്നണികള്‍ പ്രീണന സമീപനം സ്വീകരിച്ചിരുന്നുവെങ്കില്‍ മുസ്ലിംകളുടെ അവസ്ഥ ഇത്രമാത്രം പരിതാപകരമാകുമായിരുന്നില്ല. ഇന്നവര്‍ എല്ലാ മേഖലകളിലും പിറകിലാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഈ ആരോപണം ഇന്നും ഉയര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്നു. സത്യത്തില്‍ മതേതര കക്ഷികള്‍ ചെയ്തത് എന്താണ്? ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ യഥാര്‍ഥ പ്രശ്നങ്ങളില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയുണ്ടായില്ല. അവരുടെ ന്യായമായ അവകാശങ്ങള്‍ നേടിക്കൊടുക്കുന്നതിനും ശ്രമം നടത്തിയില്ല. അവരോട്  സഹതാപമുണ്ടെന്ന് വരുത്തിത്തീര്‍ക്കുക മാത്രമാണ് ചെയ്തത്. അത് പക്ഷപാതിത്വം കാണിക്കുന്നുണ്ടെന്ന ധാരണയെ ബലപ്പെടുത്തി.  അതിന്റെയൊക്കെ രാഷ്ട്രീയ നേട്ടങ്ങള്‍ അവര്‍ കൊയ്തടുക്കുകയും ചെയ്തു.
ന്യൂനപക്ഷങ്ങള്‍ക്ക് തുല്യ അവസരങ്ങളും നീതിയും നല്‍കുന്നതിനുള്ള ആദ്യ പടി എന്ന നിലയില്‍ ചെയ്യേണ്ടിയിരുന്നത് അവരുടെ സാംസ്‌കാരികവും മതപരവുമായ സ്വത്വങ്ങള്‍ തിരിച്ചറിയുക എന്നതായിരുന്നു. വ്യക്തിപരമായ അവകാശങ്ങളോടൊപ്പം ഓരോ മതവിഭാഗങ്ങള്‍ക്കും സമുദായമെന്ന നിലയില്‍ സാമുദായികമായ അവകാശങ്ങള്‍ കൂടി വകവെച്ചുനല്‍കുകയുമാണ് വേണ്ടിയിരുന്നത്. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുകയും വ്യക്തിനിയമങ്ങള്‍ അനുവദിക്കുകയും ചെയ്യുന്ന അതേ സ്പിരിറ്റോടെ രാഷ്ട്രീയം, സിവില്‍ സര്‍വീസ്, ബിസിനസ്സ്, ധനകാര്യം, സുരക്ഷ തുടങ്ങിയ മേഖലകളിലും ശക്തമായ ചുവടുവെപ്പുകള്‍ നടത്തുകയുമാണ് വേണ്ടിയിരുന്നത്.
സാംസ്‌കാരികവും മതപരവുമായ സ്വത്വം സംരക്ഷിക്കുന്നതിനുള്ള ഭരണഘടനാപരവും നിയമപരവുമായ സംവിധാനം അംഗീകരിച്ചുകൊണ്ടാണ് നമ്മുടെ രാജ്യത്തിന്റെ ഭരണഘടന തയാറാക്കിയിരുന്നതെങ്കില്‍ മുഴുവന്‍ ജനവിഭാഗങ്ങളുടെയും നിയമാനുസൃത അവകാശങ്ങള്‍ ഒരു സംഘര്‍ഷവുമില്ലാതെ സംരക്ഷിക്കപ്പെടുമായിരുന്നു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ സ്ഥാപിച്ചുകൊണ്ട് രാജ്യത്തെ വിവിധ ഭാഷാ വിഭാഗങ്ങളുടെ പ്രശ്നം  പരിഹരിക്കപ്പെട്ടു. എന്നാല്‍ വ്യത്യസ്ത മത വിഭാഗങ്ങളുടെ കാര്യത്ത�

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍- 34-38
ടി.കെ ഉബൈദ്‌

ഹദീസ്‌

അല്ലാഹുവെക്കുറിച്ച് നല്ലതുമാത്രം വിചാരിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി