Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 22

3223

1443 റബീഉല്‍ അവ്വല്‍ 15

മുസ്‌ലിം കേരളത്തിന് ഒരു കര്‍മപദ്ധതി

ടി.കെ അബ്ദുല്ല

പ്രബോധനം വാരിക(ലക്കം 3218)യില്‍ ഞാന്‍ എഴുതിയ 'വെല്ലുവിളി നേരിടുന്ന മുസ്‌ലിം ജനത' എന്ന ലേഖത്തിന്റെ അനുബന്ധം

മുസ്‌ലിംകള്‍ കടുത്ത വെല്ലുവിളികള്‍ നേരിടുന്ന നിലവിലെ സാഹചര്യത്തില്‍, കേരള മുസ്‌ലിംകള്‍ക്ക് വേണ്ടിയുള്ള ഒരു കര്‍മപദ്ധതിയുടെ കരടു രൂപരേഖയാണ് ചുവടെ. ഇത് പൂര്‍ണമോ അന്തിമമോ അല്ല. ചര്‍ച്ചകളും അതിനെ തുടര്‍ന്നുള്ള ഭേദഗതികളും വികാസങ്ങളും പ്രതീക്ഷിച്ചുകൊണ്ട് ഇതിവിടെ സവിനയം സമര്‍പ്പിക്കുന്നു. കേരള മുസ്‌ലിം ലീഡര്‍ഷിപ്പിന്റെ സജീവ പരിഗണനയും ശ്രദ്ധയും ഇതിനു നേരെ ഉണ്ടാകുമെന്ന് ആശിക്കുന്നു.

1. മുസ്‌ലിം സൗഹൃദ വേദിയുടെ പുനഃസ്ഥാപനം
1999-ല്‍ ഗള്‍ഫാര്‍ മുഹമ്മദലി സാഹിബ് അടക്കമുള്ള പ്രമുഖ വ്യക്തിത്വങ്ങളും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും ചേര്‍ന്ന് ഉലമാക്കളുടെ ആശീര്‍വാദത്തോടു കൂടി രൂപം നല്‍കിയ സംവിധാനമായിരുന്നു കേരള മുസ്‌ലിം സൗഹൃദവേദി. തുടക്കകാലത്ത് ഏറെ സജീവമായിരുന്ന മഹത്തായ ഈ സംരംഭം എങ്ങനെയോ മരവിച്ചുപോയി. ആരും പിരിച്ചുവിട്ടതല്ല.
സൗഹൃദവേദി അന്ന് നല്ലതും ഗുണകരവുമായിരുന്നെങ്കില്‍ ഇന്നത് നിര്‍ബന്ധവും അനിവാര്യവുമാണ്. മാറിയ സാഹചര്യത്തില്‍ പൂര്‍വാധികം ശക്തിയോടെ അത്തരമൊരു വേദി പുനഃസ്ഥാപിക്കേണ്ടിയിരിക്കുന്നു.
പാണക്കാട് കുടുംബവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയും അതിന് മുന്‍കൈ എടുക്കണമെന്ന അഭിപ്രായം സവിനയം ഇവിടെ രേഖപ്പെടുത്തുന്നു. എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന സമസ്തയെയും, മുഴുവന്‍ മുജാഹിദ് -സലഫീ ഗ്രൂപ്പുകളെയും, ജമാഅത്തെ ഇസ്‌ലാമി, തബ്‌ലീഗ് ജമാഅത്ത് തുടങ്ങി മുസ്‌ലിം സമുദായത്തിലെ ചെറുതും വലുതുമായ എല്ലാ വിഭിന്ന ധാരകളെയും ഈ സൗഹൃദവേദിയില്‍ ഒരുമിപ്പിക്കേണ്ടതുണ്ട്. സംഘടനാതീതമായി ഉയര്‍ന്നുവരുന്ന വിദ്യാഭ്യാസ -സാംസ്‌കാരിക സ്ഥാപനങ്ങളുടെയും വേദികളുടെയും സാന്നിധ്യവും സഹകരണവും ഉറപ്പു വരുത്തുകയും വേണം.
ചര്‍ച്ചകളും തീരുമാനങ്ങളും നേതൃതലത്തില്‍ ഒതുങ്ങിയതും താഴെ തട്ടിലേക്കും കീഴ് ഘടകങ്ങളിലേക്കും എത്താതിരുന്നതുമായിരുന്നു സൗഹൃദ വേദിയുടെ പ്രധാന പരിമിതി. ഈ പോരായ്മ പരിഹരിക്കണം. ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന പട്ടണങ്ങളിലും നിര്‍ദിഷ്ട സൗഹൃദ വേദിക്ക് ശാഖകള്‍ രൂപീകരിച്ചുകൊണ്ട് ആ പരിമിതിയെ മറികടക്കാവുന്നതാണ്.

2. സംഘടനാ മുന്‍ഗണനകള്‍ക്ക് താല്‍ക്കാലിക അവധി
കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഒട്ടേറെ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഘടനകളും വേദികളും സ്ഥാപനങ്ങളും ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ വിഭാഗത്തിനും തങ്ങളുടെ വ്യക്തിത്വവും അജണ്ടയും വിലപ്പെട്ടതാണ്. ഇവിടെ ചില ഗൗരവമാര്‍ന്ന ആലോചനകള്‍ക്കും തിരുത്തലുകള്‍ക്കും സംഘടനാ സംവിധാനങ്ങള്‍ ധൈര്യം കാണിക്കണം. സമുദായം നേരിടുന്ന പൊതുവായ പ്രതിസന്ധിയുടെ പരിഹാരമാണ് മുഖ്യം എന്ന നിലപാടിലേക്ക് സംഘടനാ നേതൃത്വങ്ങള്‍ വരണം. സംഘടനാ മുന്‍ഗണനാക്രമങ്ങള്‍ക്ക് താല്‍ക്കാലിക അവധി നല്‍കി, ഉമ്മത്തിന്റെ പൊതു താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ എല്ലാ സംഘടനകളും തീരുമാനിക്കണം.
സംഘടനകള്‍ സ്വന്തം നിലക്ക് രൂപപ്പെടുത്തിയ സംവിധാനങ്ങളല്ല, പ്രവാചകന്‍ തിരുമേനി രൂപകല്‍പന ചെയ്ത ദീനും ഉമ്മത്തുമാണ് അടിസ്ഥാനം എന്ന ബോധം സമുദായത്തില്‍ വളര്‍ന്നുവരാന്‍ അത്തരമൊരു നീക്കം കൂടിയേ തീരൂ. ഭിന്നതകള്‍ക്ക് വിടനല്‍കി, 'ഏകോദര സഹോദരങ്ങളായ വിശ്വാസികളുടെ ഉമ്മത്ത്' എന്ന നിലപാട് നേതൃതലം മുതല്‍ താഴെ തട്ടില്‍ വരെ ബലപ്പെട്ടുകിട്ടാന്‍ സഹായകമായിരിക്കും ഈ നയമെന്നതില്‍ സംശയമില്ല.

3. വിദ്യാഭ്യാസത്തിലൂടെ ശാക്തീകരണം
സാഹചര്യത്തില്‍ വന്ന ഗുരുതരമായ മാറ്റം ഉള്‍ക്കൊണ്ട് യാഥാര്‍ഥ്യബോധത്തോടെ ഉമ്മത്തിന്റെ സമഗ്ര ശാക്തീകരണത്തിന് സഹായകമായ വിദ്യാഭ്യാസ അജണ്ട വിപുലപ്പെടുത്തണം. വിദ്യാഭ്യാസത്തിന്റെ മൗലിക ലക്ഷ്യം വിസ്മരിക്കുന്നില്ല. എന്നാല്‍ അധികാര ദണ്ഡ് കൊണ്ട് പൗരസമൂഹവും പൗരസമൂഹത്തിലുയരുന്ന ഭിന്നാഭിപ്രായങ്ങളും അടിച്ചമര്‍ത്തപ്പെടുന്ന സ്ഥിതിവിശേഷം നിലനില്‍ക്കെ, ഭരണകേന്ദ്രങ്ങളിലും അധികാര ശ്രേണികളിലും സ്വാധീനം ഉറപ്പുവരുത്താന്‍ സഹായകമായ വിദ്യാഭ്യാസ പദ്ധതി സമുദായം ശക്തിപ്പെടുത്തുകയും വിപുലപ്പെടുത്തുകയും വേണം. സ്ഥാപന ഭാരവാഹികളെ ഈ ദിശയിലേക്ക് തിരിച്ചുവിടണം. തദാവശ്യാര്‍ഥം പുതിയ സ്ഥാപന സമുച്ചയങ്ങള്‍ വേണ്ട അളവില്‍ ആരംഭിക്കേണ്ടതുമുണ്ട്.

സമാപനം
ഫലപ്രദവും പ്രായോഗികവുമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചുകൊണ്ട് പ്രാര്‍ഥനകളോടെ ഈ കരട് പദ്ധതി ചര്‍ച്ചക്കായി സമര്‍പ്പിക്കുന്നു.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍- 34-38
ടി.കെ ഉബൈദ്‌

ഹദീസ്‌

അല്ലാഹുവെക്കുറിച്ച് നല്ലതുമാത്രം വിചാരിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി