കനല്‍ പഥങ്ങള്‍ താണ്ടി ഒരു പഥികന്‍
ആത്മകഥകള്‍ അതെഴുതുന്ന വ്യക്തിയുടെ മാത്രം കഥയല്ല. മറിച്ച് അതയാള്‍ ജീവിച്ച കാലത്തിന്റെയും അന്നത്തെ നാനാതരം സാമൂഹിക ജീവിത വ്യവഹാരങ്ങളുടെയും നേര്‍ചിത്രം കൂടിയാണ്. ആ തലത്തില്‍ തീര്‍ച്ചയായും പ്രധാനമാണ് ഈയിടെ പ്രസിദ്ധീകൃതമായ വി.കെ ഹംസാ അബ്ബാസിന്റെ ആത്മകഥ, 'കനല്‍പഥങ്ങള്‍ താണ്ടി, അനുഭവങ്ങളും അറിവുകളും.' ഏതൊരു ആത്മകഥയുടെയും സാമ്പ്രദായിക രചനാ രാശിയില്‍ തന്നെയാണ് 'കനല്‍ പഥങ്ങള്‍ താണ്ടി'യും സമാരംഭിക്കുന്നത്. സ്വന്തം കുടുംബ പരമ്പരകള്‍ ചികഞ്ഞു കൊണ്ട് ആ അന്വേഷണം ചെന്നെത്തുന്നത് മൈലാഞ്ചിക്കല്‍ മൊയ്തീന്‍ ഹാജിയുടെയും സൈതമ്മാരകത്ത് കുഞ്ഞീമയുടെയും മകന്‍ അബ്ബാസിന്റെ താവഴിയില്‍. കൃഷിയും സാമാന്യം മികച്ച വിദേശ വ്യാപാരവുമൊക്കെയായി അബ്ബാസന്ന് ദേശത്ത് പ്രൗഢിയില്‍ ജീവിക്കുന്നു. അന്ന് ഭൂവുടമകള്‍ക്ക് ഇംഗ്ലീഷുകാര്‍ അനുവദിച്ചു നല്‍കിയിരുന്ന പ്രത്യേക ജൂറി പദവിയും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇത്രയും ഒത്തുവന്നാല്‍ പിന്നെ നാട്ടുകാരണവര്‍ സ്ഥാനം ദേശവാസികള്‍ വെള്ളിത്താമ്പാളത്തില്‍ സമര്‍പ്പിക്കും. ദേശമുഖ്യനായ അബ്ബാസ് ആദ്യം ഖാദിരിയ്യാ ത്വരീഖത്തിലും പിന്നീട് ശാദുലീ ത്വരീഖത്തിലും സജീവമായി.
ഇങ്ങനെ ഭൗതികവും ആത്മീയവുമായ ആര്‍ഭാടങ്ങളില്‍ കഴിയുമ്പോഴാണ് ഈ ചെറുപ്പക്കാരന്‍ പ്രതിഭാശാലിയായ മറ്റൊരു യുവാവിന്റെ ജ്ഞാന പ്രകാശത്തിലേക്ക് ബോധപൂര്‍വം ആകര്‍ഷിക്കപ്പെടുന്നത്. അത് ഹാജി സാഹിബ്. കേരളീയ ഇസ്‌ലാമിക നവോത്ഥാന നായകരില്‍ സമാനതകളില്ലാത്ത ഏകാന്തപഥികന്‍. താന്‍ ഏറ്റുവാങ്ങിയ ജ്ഞാന വെളിച്ചവുമായി എത്ര വര്‍ഷമാണാ ധന്യജീവിതം കേരളമാസകലം നെടുകെയും കുറുകെയും ഓടി നടന്നത്! ഭൗതിക ജീവിതത്തിന്റെ ദിനസരിയില്‍ ചേതക്കണക്കുകള്‍ മാത്രമെഴുതാന്‍ ധീരതയുള്ളവര്‍ക്കേ അന്ന് ഹാജി സാഹിബും അദ്ദേഹത്തിന്റെ പ്രസ്ഥാനവും സമ്മതമാവുകയുള്ളൂ. വലിയവളപ്പില്‍ അബ്ബാസിന് ഈ ധീരത ഏറെയുണ്ടായിരുന്നു. ഈ ധീരത തന്നെയാണ് പക്ഷേ ഇന്ന് കാണുന്ന വി.കെ ഹംസാ അബ്ബാസിന്റെ സാമൂഹിക പ്രത്യക്ഷം.
തന്റെ പതിനൊന്നാമത്തെ വയസ്സില്‍ സമ്പന്നമായൊരു ഗാര്‍ഹികാന്തരീക്ഷത്തില്‍നിന്ന് പിതാവ് അബ്ബാസ് ഒരു നിറ ബാല്യത്തെ ശാന്തപുരത്തിന്റെ ഭൗതിക ദാരിദ്ര്യത്തിലേക്ക് കൈമാറുകയായിരുന്നു. പിന്നീട് ദീപ്തിയോലുന്ന പത്ത് വത്സരം. ഹാജി സാഹിബിന്റെയും ഇസ്സുദ്ദീന്‍ മൗലവിയുടെയും മനസ്സുപോലെ വിമലവും വിശുദ്ധവുമായിരുന്നു ആ കലാലയാന്തരീക്ഷമെന്ന് ഹംസാ അബ്ബാസ് പുസ്തകത്തില്‍ നിരീക്ഷിക്കുന്നു. അതുകൊണ്ടുതന്നെയാകാം ഇമ്പമോലുന്ന ഗൃഹാതുരതയായും ഒഴിയാ കൗതുകമായും ആത്മകഥയിലുടനീളം ശാന്തപുരവും അവിടത്തെ ഗുരുപുണ്യങ്ങളും പൊലിച്ചു നില്‍ക്കുന്നത്.
യുനൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ, ഇറ്റലി, ഇംഗ്ലണ്ട്, സ്‌പെയിന്‍, തുര്‍ക്കി, മലേഷ്യ, സുഊദി അറേബ്യ തുടങ്ങി നിരവധി ദേശരാഷ്ട്രങ്ങളില്‍ അന്താരാഷ്ട്ര സമ്മേളനങ്ങളിലും സെമിനാറുകളിലും പങ്കെടുക്കാന്‍ സന്ദര്‍ഭം ലഭിക്കുന്ന ഗ്രന്ഥകാരന്‍ അവിടങ്ങളിലെ കാഴ്ചകളുടെ പരഭാഗശോഭകളും സ്‌തോഭ ചിത്രങ്ങളുമാണ് അവതരിപ്പിക്കുന്നത്. സഹപാഠിയും സഹപ്രവര്‍ത്തകനുമായ ടി.കെ ഇബ്‌റാഹീമുമൊന്നിച്ച് കനഡയിലെയും അമേരിക്കയിലെയും ഇസ്‌ലാമിക തുടിപ്പുകള്‍ അനുഭവിക്കുമ്പോഴും മാഡ്രിഡില്‍ അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുക്കുമ്പോഴും പക്ഷേ ഇദ്ദേഹത്തിന്റെ മനസ്സില്‍ ഏഴഴകില്‍ വിടരുന്നത് വര്‍ഷങ്ങള്‍ക്കു മുമ്പ് താന്‍ ജീവിച്ച ശാന്തപുരം ഗ്രാമവും അവിടത്തെ ജ്ഞാനനിര്‍ഭരമായ കാലവുമാണ്.
ഹാജി സാഹിബും ഇസ്സുദ്ദീന്‍ മൗലവിയും കെ.സി അബ്ദുല്ല മൗലവിയും എങ്ങനെയാണ് തങ്ങളുടെ ആദര്‍ശ പ്രസ്ഥാനത്തിനൊരു പ്രസിദ്ധീകരണ സന്നാഹം സ്വരുക്കൂട്ടിയതെന്നും അതെങ്ങനെയവര്‍ കാലബോധത്തിനൊത്ത് നവീകരിച്ചതെന്നും പില്‍ക്കാലത്ത് പ്രബോധനത്തില്‍ സഹപത്രാധിപരായെത്തിയ ഹംസ അബ്ബാസ് കണ്ടെടുക്കുന്നുണ്ട്. അവിടെ ടി. മുഹമ്മദിന്റെയും ടി.കെ അബ്ദുല്ലയുടെയും കൂടെ ജോലി ചെയ്തപ്പോള്‍ അനുഭവിച്ച ജ്ഞാനസൗഖ്യങ്ങളും. ഇതില്‍ നിന്നൊക്കെയാണ് ഇന്ന് കാണുന്ന വാര്‍ത്താവിതരണ സന്നാഹങ്ങളത്രയും പ്രസ്ഥാനം സമാഹരിച്ചതും അത് നിമ്‌നവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ ശാക്തീകരണ പ്രചോദനമായി പ്രവര്‍ത്തിക്കുന്നതും. പക്ഷേ ഇതില്‍ വളരെ പ്രധാനപ്പെട്ട മാധ്യമം ദിനപത്രം വളരെ ഹ്രസ്വത്തില്‍ മാത്രമേ പുസ്തകത്തില്‍ വിവരണമാകുന്നുള്ളൂ. വെള്ളിമാട്കുന്നിലെ വെള്ളിനക്ഷത്രമെന്ന തന്റെ തന്നെ പുസ്തകത്തില്‍ അതത്രയും വന്നതുകൊണ്ടാകാം ഈ ഹ്രസ്വത. ആ അര്‍ഥത്തില്‍ ഇത് ആത്മകഥയുടെ രണ്ടാം പര്‍വമാണ്.
ന്യൂയോര്‍ക്കില്‍ ലോക വ്യാപാര ചത്വരം മൂക്കു കുത്തി വീണേടത്ത് തന്റെ സഹപ്രവര്‍ത്തകന്‍ ടി.കെ ഇബ്‌റാഹീമിനോടൊത്ത് നിന്ന ഒരു സന്ദര്‍ഭം പുസ്തകം പറയുന്നുണ്ട്. ജൂതന്മാര്‍ക്ക് മേല്‍ക്കൈയുള്ളതാണ് ഈ വ്യാപാര സമുച്ചയം. അത് നിലം പൊത്തിയ ദിവസം ഒരൊറ്റ ജൂതനും അന്നവിടെ ഉണ്ടായിരുന്നില്ലത്രെ.
തീര്‍ച്ചയായും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ശോഭനമായ രണ്ടാം തലമുറയെയാണ് ഹംസ അബ്ബാസ് പ്രതിനിധീകരിക്കുന്നത്. ധിഷണാശാലികളായിരുന്ന ഒന്നാം തലമുറ വളര്‍ത്തി വലുതാക്കി അവരേക്കാള്‍ പ്രഗത്ഭരാക്കിയ തലമുറയാണിത്. നിരന്തരതയാര്‍ന്ന സഹന ത്യാഗത്തിലൂടെ ജീവിതം തുഴഞ്ഞ ഹാജി സാഹിബും കെ.സി അബ്ദുല്ല മൗലവിയും അടങ്ങുന്ന ഒന്നാം ഖാഫിലയെ ധീരമായി അനന്തരമെടുത്ത രണ്ടാം തലമുറ. അവരാണീ പ്രസ്ഥാനത്തെ കൂടുതല്‍ സര്‍ഗാത്മകമായി മുന്നോട്ടു കൊണ്ടുപോയത്. അക്കാല ചരിത്രമാണീ പുസ്തകം. ഈയൊരു ചരിത്ര സാധ്യതയാണീ പുസ്തകത്തിന്റെ പാരായണം അനിവാര്യമാക്കുന്നത്.
കനല്‍ പഥങ്ങള്‍ താണ്ടി, അനുഭവങ്ങളും അറിവുകളും
വി.കെ ഹംസ അബ്ബാസ്
പ്രസാധനം: ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്
പേജ്: 200, വില: 210
Comments