Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 01

3220

1443 സഫര്‍ 24

എന്‍.പി അബൂബക്കര്‍ ഹാജി

ഫസ്‌ലുര്‍റഹ്മാന്‍ കൊടുവള്ളി

കൊടുവള്ളി മേഖലയില്‍ ഇസ്‌ലാമിക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു, 2021 ആഗസ്റ്റ് 27-ന് വിടപറഞ്ഞ എന്‍.പി അബൂബക്കര്‍ ഹാജി (91). കൊടുവള്ളിയില്‍ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായ മര്‍ഹൂം ആര്‍.സി മൊയ്തീന്‍ സാഹിബ് വായനക്ക് നല്‍കിയിരുന്ന പ്രസ്ഥാന സാഹിത്യങ്ങളില്‍നിന്നാണ് ജമാഅത്തെ ഇസ്‌ലാ മിയെ അദ്ദേഹം അടുത്തറിയുന്നത്.
പറമ്പത്തുകാവ് കേന്ദ്രീകരിച്ച് പ്രസ്ഥാന പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോയിരുന്ന വി.പി ഇസ്മാഈല്‍ ഹാജി, കെ.പി.സി അഹ്മദ് ഹാജി, ആലിക്കുഞ്ഞി മൊല്ലാക്ക, ആര്‍.വി അഹ്മദ് കുട്ടി സാഹിബ്, ആര്‍.വി മൂസ സാഹിബ്, പി.സി മൂസ സാഹിബ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘത്തിലെ സജീവാംഗമായിരുന്നു എന്‍.പി അബൂബക്കര്‍ ഹാജിയും. നാനാതരം എതിര്‍പ്പുകള്‍ താണ്ടിയുള്ള ആ നവോത്ഥാന യാത്രയില്‍, ഭീഷണികള്‍ക്കു മുമ്പില്‍ അടിയറവു പറയാതെ ആര്‍ജവത്തോടെ, തങ്ങളുടെ ഭാഗധേയം നിറവേറ്റിയവരില്‍ ഹാജിയുമുണ്ടായിരുന്നു. അതിന്റെ ബാക്കിപത്രങ്ങളും അടയാളമുദ്രകളുമാണ്, ഇന്ന് കൊടുവള്ളിയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റേതായി തലയുയര്‍ത്തി നില്‍ക്കുന്ന സ്ഥാപനങ്ങളും സംരംഭങ്ങളും. പ്രസ്ഥാനത്തിനു കീഴിലെ വിദ്യാഭ്യാസ, സാംസ്‌കാരിക സംരംഭങ്ങളെ ഏകോപിപ്പിക്കുന്ന വേദിയായി 1976-ല്‍ ഇസ്‌ലാമിക് കള്‍ച്ചറല്‍ സൊസൈറ്റി (ഐ.സി.എസ്) രൂപം കൊണ്ടപ്പോള്‍ അതിന്റെ സ്ഥാപകാംഗങ്ങളിലൊരാളായിരുന്നു ഹാജി. പിന്നീട് അതിന്റെ ജനറല്‍ സെക്രട്ടറിയും ട്രഷററുമൊക്കെയായി പ്രവര്‍ത്തിച്ചു. ഐ.സി.എസ് നടത്തിയിരുന്ന കുറി ഏറെക്കാലം ഭംഗിയായി കൊണ്ടുനടന്നത് അദ്ദേഹമാണ്. ഇസ്‌ലാമിക പ്രസ്ഥാനവും അതിന്റെ സമ്മേളനങ്ങളും  എന്നും അദ്ദേഹത്തിന്റെ വികാരമായിരുന്നു. ഹൈദറാബാദ് സമ്മേളനം മുതലുള്ള എല്ലാ സമ്മേളനങ്ങളിലും ആവേശപൂര്‍വം പങ്കെടുത്തു. 
കുടുംബത്തിന്റെ സംസ്‌കരണത്തിലും പ്രസ്ഥാനവല്‍ക്കരണത്തിലും അതീവ ശ്രദ്ധാലുവായിരുന്നു. മക്കളും മരുമക്കളും പേരമക്കളുമടങ്ങുന്ന വലിയ കുടുംബം മുഴുക്കെ, പ്രസ്ഥാന പ്രവര്‍ത്തകരാണെന്നത് അതിന്റെ സാക്ഷ്യമാണ്. നാനാജാതി മതസ്ഥരുമായി വിപുലമായ ബന്ധങ്ങളാണ് അദ്ദേഹം പുലര്‍ത്തിപ്പോന്നത്. അതിന്റെ തെളിവ് കൂടിയായിരുന്നു, ജനാസയിലും വീട്ടിലും ഒത്തുകൂടിയ ജനസഞ്ചയം.  
കുറച്ചു മാസങ്ങളായി വാര്‍ധക്യസഹജ രോഗങ്ങളാല്‍ ശയ്യാവലംബിയായിരുന്നു. ആരാധനാ കാര്യങ്ങളില്‍ പുലര്‍ത്തിയ കണിശത മാതൃകാപരമാണ്. കിടപ്പിലാകുന്നതു വരെ തഹജ്ജുദ് നമസ്‌കാരങ്ങള്‍ മുടങ്ങാതെ നിര്‍വഹിച്ചുപോന്നു.
ഭാര്യ ഫാത്വിമ. ഖത്തര്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി (സി.ഐ.സി) മുന്‍ കേന്ദ്ര പ്രസിഡന്റും ഖത്തര്‍ പെട്രോളിയം ഉദ്യോഗസ്ഥനുമായ വി.ടി ഫൈസല്‍ മകനാണ്. മറ്റു മക്കള്‍: അബ്ദുര്‍റസാഖ്, അബ്ദുല്‍ അസീസ്, അന്‍വര്‍ സാദത്ത്, മര്‍യം, സ്വഫിയ്യ, സുനീറ. മരുമക്കള്‍: അബൂബക്കര്‍ ഓമശ്ശേരി, ഖാസിം പടനിലം, ഉസ്മാന്‍ പള്ളിപ്പൊയില്‍, സുബൈദ കറുത്തേടത്ത്, സുമയ്യ വേങ്ങേരി, സജ്‌ന ചേന്ദമംഗല്ലൂര്‍, ഷൈലി അപ്പക്കാട്ടില്‍.

 

കെ.ടി മുഹമ്മദ്

പന്തലിങ്ങല്‍ പ്രദേശത്തെ ആദ്യത്തെ ജമാഅത്തെ ഇസ്‌ലാമി അംഗം കെ.ടി മുഹമ്മദ് സാഹിബ് (96) അല്ലാഹുവിങ്കലേക്ക് യാത്രയായി. ഹല്‍ഖാ സെക്രട്ടറിയായും മഹല്ല് കമ്മിറ്റി അംഗമായും പ്രദേശത്തെ മദ്‌റസാധ്യാപകനായും ഏറെക്കാലം സേവനം ചെയ്തു. ബീഡിതെറുപ്പായിരുന്നു ജോലി. രണ്ടു ഭാര്യമാരിലായി എട്ട് മക്കളുള്ള അദ്ദേഹത്തിന്റെ കുടുംബം വളരെ പ്രാരാബ്ധത്തിലാണ് കഴിഞ്ഞുപോന്നത്.
വണ്ടൂരില്‍ നടന്ന വി.കെ.എം ഇസ്സുദ്ദീന്‍ മൗലവിയുടെ പ്രഭാഷണങ്ങളില്‍ ആകൃഷ്ടനായാണ് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനായത്. ആദ്യകാല നിലമ്പൂര്‍ ഏരിയാ ഓര്‍ഗനൈസറും പന്തലിങ്ങല്‍ പ്രാദേശിക അമീറുമായിരുന്ന കോമുള്ളി അലവി സാഹിബിന്റെ നേതൃത്വത്തില്‍ കെ.ടിയും ഏതാനും ചെറുപ്പക്കാരും മമ്പാട്, നിലമ്പൂര്‍ പ്രദേശങ്ങളിലെ ഗ്രാമങ്ങള്‍ തോറും ഇസ്‌ലാമിക ഗ്രന്ഥങ്ങളുമായി പ്രസ്ഥാനത്തെ പരിചയപ്പെടുത്തി നടത്തിയ കാല്‍നടയാത്ര അവിസ്മരണീയമാണ്. അടിയന്തരാവസ്ഥകാലത്ത് കെ.ടിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഉടനെ എത്തുമെന്ന വിവരം ലഭിച്ചപ്പോള്‍ ജയിലില്‍ പോകാന്‍ തയാറായിക്കൊണ്ട് പല്ല് തേക്കാനുള്ള ഉമിക്കരിയും തോര്‍ത്തുമുണ്ടും കൈലിയും ഒരുക്കി കാത്തിരിക്കുകയായിരുന്നു അദ്ദേഹം. ഹൈദറാബാദ്, ദല്‍ഹി അഖിലേന്ത്യാ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
1978-'80 കാലങ്ങളില്‍ എടവണ്ണ അങ്ങാടിയില്‍ പഴയ യത്തീംഖാന ബില്‍ഡിംഗിന്റെ മുന്‍വശത്തായി ഒരു കച്ചവട സ്ഥാപനം അദ്ദേഹം നടത്തിയിരുന്നു. അന്ന് എടവണ്ണയില്‍ അറിയപ്പെടുന്ന ഒരേയൊരു ജമാഅത്തുകാരന്‍ കെ.ടി മാത്രമായിരുന്നു. ആ ജമാഅത്തുകാരന്റെ കടയില്‍ പോയാല്‍ കൊട്ടയും മുറവും പായയും പരമ്പും മിതമായ നിരക്കില്‍ കിട്ടുമെന്ന് പ്രദേശവാസികള്‍ പറയുമായിരുന്നു. ബാങ്ക് കേട്ടാല്‍ ഉടനെ കടയടക്കാതെ തൊട്ടടുത്ത പള്ളിയില്‍ പോയി നമസ്‌കരിച്ച് തിരിച്ചുവരും. അസുഖമായി വീട്ടില്‍ കഴിഞ്ഞ നാളുകളില്‍ അദ്ദേഹത്തിന്റെ താങ്ങും തണലുമായി കഴിഞ്ഞ ഭാര്യയും മരുമക്കളും കെ.ടിയുടെ സ്വഭാവമഹിമ അനുസ്മരിക്കുകയുണ്ടായി.

എ.പി ഇസ്സുദ്ദീന്‍


പി.എന്‍ സൈനബ ചേന്നര

ഇസ്‌ലാമിക പ്രസ്ഥാന വഴിയില്‍ ഏഴു ദശകങ്ങള്‍ യാത്ര ചെയ്ത് 84-ാം വയസ്സില്‍ ചേന്നര പെരുന്തിരുത്തി സ്വദേശിനി പി.എന്‍.എച്ച് സൈനബ സാഹിബ അല്ലാഹുവിലേക്ക് യാത്രയായി. ഇരിമ്പിളിയത്തെ പേരുകേട്ട വൈദ്യനും പ്രമാണിയുമായിരുന്ന ഹൈദ്രു മുസ്‌ലിയാരുടെയും കേരള ജമാഅത്തിന്റെ സ്ഥാപക അമീര്‍ ഹാജി സാഹിബിന്റെ സഹോദരി തിത്തീമയുടെയും മൂന്നു പെണ്‍മക്കളില്‍ ഇളയ മകളായ സൈനബ സാഹിബയുടെ കുട്ടിക്കാലം കേരള ജമാഅത്തിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളുടെ ഓര്‍മകള്‍ നിറഞ്ഞതാണ്. എടയൂരിലെ പ്രബോധനം ഓഫീസിലെ അച്ചുകൂടത്തില്‍ അച്ചുകള്‍ നിരത്തിയും അച്ചടിച്ച പേജുകള്‍ തുന്നിക്കൂട്ടിയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രാരംഭകാല പ്രവര്‍ത്തനങ്ങളില്‍ ഇളംപ്രായത്തില്‍തന്നെ അവരും ഭാഗഭാക്കായിട്ടുണ്ട്. ജ്യേഷ്ഠത്തിമാരായ നഫീസ (മര്‍ഹൂം കെ.എം അബ്ദുല്‍ അഹദ് തങ്ങളുടെ ഭാര്യ), റുഖിയ (മര്‍ഹൂം അബുല്‍ ജലാല്‍ മൗലവിയുടെ ഭാര്യ) എന്നിവരോടൊപ്പമായിരുന്നു ഇത്തരം സേവനപ്രവര്‍ത്തനങ്ങളില്‍ അവര്‍ ഏര്‍പ്പെട്ടിരുന്നത്.
1950-കളുടെ തുടക്കത്തില്‍ ജമാഅത്ത് പ്രവര്‍ത്തകന്‍ മര്‍ഹൂം സി.പി കുഞ്ഞിമൂസ സാഹിബ് വിവാഹം ചെയ്തതോടെ 17-ാം വയസ്സു മുതലുള്ള അവരുടെ ജീവിതം തിരൂരിനടുത്ത ചേന്നര എന്ന തീരദേശ ഗ്രാമത്തിലായിരുന്നു. കുഞ്ഞിമൂസ സാഹിബിന്റെ വീട് പ്രസ്ഥാന ചലനങ്ങളുടെ കേന്ദ്രം കൂടിയായതിനാല്‍ നല്ലൊരു ആതിഥേയയായി, നിശ്ശബ്ദ സേവകയായി അവര്‍ നിലകൊണ്ടു. വലിയ കൂട്ടുകൂടുംബത്തില്‍ പല അംഗങ്ങളുടെയും അമ്മായിയായിരുന്ന അവരെ പിന്നീട് അയല്‍ക്കാരും നാട്ടുകാരുമെല്ലാം അമ്മായിയെന്ന് വിളിച്ചുപോന്നു. തീരദേശത്ത് ദാരിദ്ര്യം കടല്‍ക്കാറ്റുപോലെ അടിച്ചുവീശിയിരുന്ന പഴയ കാലത്ത് സ്‌നേഹം കൊണ്ടും ഔദാര്യം കൊണ്ടും അയല്‍പക്കങ്ങളെ ഊട്ടിയിരുന്നു അവര്‍.
മക്കളെ മികച്ച ഇസ്‌ലാമിക വിദ്യാഭ്യാസം നല്‍കി നാടിന്റെയും പ്രസ്ഥാനത്തിന്റെയും സേവകരാക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചു. ശാന്തപുരം ഇസ്‌ലാമിയാ കോളേജ് പൂര്‍വവിദ്യാര്‍ഥികളായ സി.പി അബ്ദുന്നാസിര്‍, സി.പി അബ്ദുല്‍ഹമീദ്, സി.പി ഫാത്വിമ, വണ്ടൂര്‍ വനിതാ കോളേജ് പൂര്‍വ വിദ്യാര്‍ഥിയായ സി.പി നസീമ, തിരൂര്‍ക്കാട് ഇലാഹിയാ കോളേജ് പൂര്‍വ വിദ്യാര്‍ഥികളായിരുന്ന സി.പി നദീറ, സി.പി സ്വാബിറ, പറപ്പൂര്‍ ഇസ്‌ലാമിയാ കോളേജ് പൂര്‍വവിദ്യാര്‍ഥിയായ സി.പി അനീസ്, തിരൂര്‍ ഇസ്‌ലാമിക് സെന്റര്‍ പൂര്‍വ വിദ്യാര്‍ഥികളായ സി.പി അശ്‌റഫ്, സി.പി സഈദ് എന്നിവരാണ് മക്കള്‍. ഭര്‍ത്താവിന്റെ മരണശേഷം കുടുംബത്തിന്റെ ചുമതലയേറ്റെടുത്ത അവര്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രാദേശിക നേതൃത്വത്തിലും സജീവമായിരുന്നു. തന്റെ ആഗ്രഹപ്രകാരം രൂപം നല്‍കിയ കുഞ്ഞിമൂസ ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ വൈസ് ചെയര്‍പേഴ്‌സണ്‍ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഒട്ടേറെ ക്ഷേമപദ്ധതികള്‍ക്ക് പ്രസ്തുത ട്രസ്റ്റ് നേതൃത്വം നല്‍കിയിട്ടുണ്ട്.

എന്‍.കെ സാജിദ് മാസ്റ്റര്‍, ചേന്നര


മുഹമ്മദ് ശരീഫ്

മേലാറ്റൂര്‍ ഉച്ചാരക്കടവിലെ ബംഗ്ലാംകുന്നില്‍ താമസിക്കുന്ന കോല്‍തൊടി മുഹമ്മദ് ശരീഫ് എന്ന ബാപ്പുട്ടി കാക്ക (ഞങ്ങളുടെ പിതാവ്) നാഥനിലേക്ക് യാത്രയായി. ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അദ്ദേഹത്തിന് ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധം സ്ഥാപിച്ചതിന്റെ പേരില്‍ കുടുംബത്തില്‍നിനും നാട്ടില്‍നിന്നും പലതരം എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. മേലാറ്റൂര്‍ ചന്തപ്പടിയില്‍ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന്  അദ്ദേഹം മുന്‍നിരയില്‍ നിന്നു. അവിടത്തെ മസ്ജിദും മദ്‌റസയും ഇംഗ്ലീഷ്  സ്‌കൂളും അടക്കമുള്ള സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിലും അവയുടെ വളര്‍ച്ചയിലും  അദ്ദേഹത്തിന്റെ ഒരുപാട്  പ്രയത്‌നങ്ങളും മേല്‍നോട്ടങ്ങളും ഉണ്ടായിട്ടുണ്ട്. നാട്ടിലെ പ്രബോധനത്തിന്റെയും ആരാമം, മലര്‍വാടി തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെയും ഏജന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. ഞങ്ങള്‍ക്കെല്ലാവര്‍ക്കും മാതൃകയായിരുന്നു ഉപ്പയുടെ ജീവിതം. 
ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും മക്കയിലും മറ്റും ജോലിയാവശ്യാര്‍ഥം ഒരുപാട് കാലം ജീവിച്ചതു കാരണം പല ഭാഷകളും കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്നു. ഈ ഭാഷാപരിജ്ഞാനം ദീനീപ്രബോധനരംഗത്ത് വലിയ അളവില്‍ പ്രയോജനപ്പെട്ടു. ഒട്ടുമിക്ക വീടുകളിലും അദ്ദേഹം സ്‌ക്വാഡുകളിലൂടെ ദീനിനെയും പ്രസ്ഥാനത്തെയും  പരിചയപ്പെടുത്തി. നാട്ടില്‍ അദ്ദേഹത്തെ പരിചയമില്ലാത്തവര്‍ ചുരുക്കമായിരിക്കും. പേരക്കുട്ടികളടക്കം എല്ലാവരും ഒരുമിച്ചുകൂടിയാല്‍ സ്വുബ്ഹ് നമസ്‌കാരശേഷം ഉപ്പാന്റെ നേതൃത്വത്തില്‍ ഖുര്‍ആന്‍ ക്ലാസ് ഉണ്ടാകും. ഗൃഹയോഗം മുടങ്ങാതെ നടക്കുമായിരുന്നു.  ഞങ്ങള്‍ ഏഴ് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ്. ഹബീബ, റസിയ, റഹ്മത്തുല്ല, നൂര്‍ജഹാന്‍, സലീം, ഖൈറുന്നിസ, ശംഷാദ് ബീഗം, സുമയ്യ, ഖാത്തിമുന്നിസ.

കെ.ടി സുമയ്യ, പള്ളിക്കുത്ത്, ശാന്തപുരം
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 21-23
ടി.കെ ഉബൈദ്‌

ഹദീസ്‌

ദൈവം യേശുവിനോട് പറഞ്ഞത്‌
അബ്ദുല്ലത്വീഫ് കൊടുവള്ളി