Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 01

3220

1443 സഫര്‍ 24

ഹിന്ദുത്വയും മതേതര ചിന്തകരും

സയ്യിദ് സആദത്തുല്ലാ ഹുസൈനി

ഹിന്ദുത്വയുടെ പ്രത്യയശാസ്ത്രപരമായ അടിത്തറകളെ സംബന്ധിച്ച്  നാം നേരത്തേ വിശദീകരിക്കുകയുണ്ടായി. ഹിന്ദുത്വ ദര്‍ശനത്തോട്  മതേതര ചിന്താധാരകളുടെ സമിപനമെന്താണ്, ഇരു വിഭാഗവും തമ്മിലുള്ള ബന്ധം ഏത് സ്വഭാവത്തിലുള്ളതാണ് എന്ന വിഷയവും  ആലോചനയില്‍ വരേണ്ടതുണ്ട്. മതേതരരെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ പ്രത്യയശാസ്ത്ര തലത്തില്‍ ഹിന്ദുത്വയില്‍നിന്ന് എത്രത്തോളം  വ്യത്യാസപ്പെട്ടിരിക്കുന്നു? ഹിന്ദുത്വയുടെ പരിണാമവികാസങ്ങളില്‍ മതേതര ചിന്താഗതിക്കാരുടെ ആശയക്കുഴപ്പങ്ങള്‍ എത്രത്തോളമാണ്? അവര്‍ എത്രമാത്രം ഇടപെടുന്നു? വിവിധ മതേതര ആശയങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സമീപകാലത്ത് ഹിന്ദുത്വയുടെ ജനപ്രീതി വര്‍ധിക്കുന്നതിനുള്ള സൈദ്ധാന്തിക കാരണങ്ങള്‍ എന്തൊക്കെയാണ്? ഇത്തരം കുറേയേറെ ചോദ്യങ്ങള്‍ക്ക് നാം ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
സ്വാതന്ത്ര്യസമരത്തിന്റെ മാര്‍ഗനിര്‍ദേശക മൂല്യങ്ങളായി ഗണിക്കപ്പെടുന്ന ജനാധിപത്യം, എല്ലാ വിഭാഗം പൗരന്മാര്‍ക്കും തുല്യപരിഗണന, തുല്യനീതി, വിദ്വേഷവും വിവേചനവും അവസാനിപ്പിക്കല്‍, സമാധാനപരമായ സഹവര്‍ത്തിത്വം  തുടങ്ങിയവക്ക് സ്വാതന്ത്ര്യാനന്തരം ധ്രുതഗതിയിലുള്ള തകര്‍ച്ചയാണ് നേരിട്ടത്. ഈ തകര്‍ച്ചയെ ഹിന്ദുത്വയുടെ സമീപകാല രാഷ്ട്രീയ നേട്ടങ്ങളില്‍ പരിമിതപ്പെടുത്തുന്നത് ഇന്ത്യയുടെ ചരിത്രത്തെയും നിലവിലെ അവസ്ഥയെയും കുറിച്ച മോശം വിശകലനമായിരിക്കും. സത്യസന്ധമല്ലാത്ത ഇത്തരം വിശകലനങ്ങള്‍ യഥാര്‍ഥ പ്രശ്‌നങ്ങളുടെ അടിവേരിലേക്കോ കൃത്യമായ പരിഹാര നിര്‍ദേശങ്ങളിലേക്കോ നമ്മെ കൊണ്ടെത്തിക്കില്ല. സ്വാതന്ത്ര്യത്തിനുശേഷം മേല്‍സൂചിപ്പിച്ച മൂല്യങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന സാമൂഹിക ദാര്‍ശനിക പ്രസ്ഥാനങ്ങള്‍ പെട്ടെന്ന് അപ്രത്യക്ഷമായതാണ് ഈ തകര്‍ച്ചക്ക് പ്രധാന കാരണം. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍, ലോഹ്യയുടെ സോഷ്യലിസ്റ്റ് പ്രസ്ഥാനം, അംബേദ്കറുടെയും പിന്നീട് കാന്‍ഷിറാമിന്റെയും നേതൃത്വത്തില്‍ വളര്‍ന്ന ദലിത് പ്രസ്ഥാനങ്ങള്‍, ദക്ഷിണേന്ത്യയിലെ ദ്രാവിഡ പ്രസ്ഥാനം തുടങ്ങിയവക്കെല്ലാം ദാര്‍ശനിക, സാമൂഹിക അടിത്തറകളുണ്ടായിരുന്നെങ്കിലും രണ്ട് പരിമിതികളും ഉണ്ടായിരുന്നു.  ഒന്നാമതായി, ഈ പ്രസ്ഥാനങ്ങളില്‍ ഭൂരിഭാഗവും ചരിത്രത്തിന്റെ ഒരു ചെറിയ കാലയളവില്‍,  നിര്‍ദിഷ്ട ഭൂമിശാസ്ത്ര മേഖലകളില്‍   ഒതുങ്ങിപ്പോയവയാണ്. രണ്ടാമതായി, ഈ പ്രസ്ഥാനങ്ങളുടെയൊന്നും യഥാര്‍ഥ ഉദ്ദേശ്യം മേല്‍സൂചിപ്പിച്ച തത്ത്വങ്ങള്‍ സമ്പൂര്‍ണമായി നടപ്പാക്കുക എന്നതായിരുന്നില്ല. പ്രസ്തുത തത്ത്വങ്ങളെ അഭിമുഖീകരിക്കാന്‍ ശ്രമിച്ചവര്‍ പോലും പരിമിതവും ഭാഗികവുമായ അളവില്‍ മാത്രമായിരുന്നു അവയെ സമീപിച്ചത്. ഈ തത്ത്വങ്ങളില്‍ അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കുകയും സാമൂഹിക മാറ്റത്തിനായി ക്ഷമയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനുപകരം, അധികാരത്തിന്റെ സുഖമനുഭവിക്കാന്‍ വേണ്ടിയാണ് അവരുടെ അധ്വാനവും ഊര്‍ജവുമെല്ലാം ചെലവഴിച്ചത്. ഇത്തരം പ്രസ്ഥാനങ്ങളെ കുറിച്ച് പിന്നീട് വിശദീകരിക്കുന്നതാണ്.
മേല്‍ സൂചിപ്പിച്ച പ്രസ്ഥാനങ്ങള്‍ക്ക് പുറമെ കോണ്‍ഗ്രസും അതിന്റെ ഉദരത്തില്‍നിന്ന് പിറന്നുവീണ വിവിധ പാര്‍ട്ടികളും,  സാമൂഹിക  പോരാട്ടങ്ങളും നേരത്തേ പറഞ്ഞ തത്ത്വങ്ങള്‍ക്കനുസരിച്ച പൊതുബോധനിര്‍മിതിയും അഭിപ്രായരൂപീകരണവും  ഉപേക്ഷിച്ച് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ശ്രദ്ധയൂന്നുകയും അതില്‍ മാത്രം പരിമിതപ്പെടുകയും ചെയ്തു.  തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റേതായ താല്‍പര്യങ്ങള്‍ തങ്ങളുടെ പ്രഖ്യാപിത തത്ത്വങ്ങളെയും മൂല്യങ്ങളെയും കാറ്റില്‍ പറത്താന്‍   അവര്‍ക്ക് പ്രേരണയായി. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ തുടക്കം മുതലേ ഈ പ്രവണത കാണാനുണ്ട്. ഒരു വശത്ത്, ഹിന്ദുത്വ പ്രത്യയശാസ്ത്രം മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും സജീവമായി ഇടപെട്ടുകൊണ്ടേയിരിക്കുന്നു. രാജ്യത്തെ പൊതുജനാഭിപ്രായവും പൊതുബോധവും ഒരു പ്രത്യേക ദിശയില്‍ രൂപപ്പെടുത്തിയെടുക്കാനാണ് അവര്‍ നിരന്തരം ശ്രമിച്ചത്. മറുവശത്താകട്ടെ, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ തകര്‍ക്കാന്‍ പ്രാപ്തിയുള്ള എല്ലാ ദാര്‍ശനിക പ്രസ്ഥാനങ്ങളും ബൗദ്ധിക പോരാട്ടങ്ങളുപേക്ഷിച്ച് ഓടിയൊളിക്കുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തില്‍ ഹിന്ദുത്വയുടെ പ്രത്യയശാസ്ത്രപരമായ മേധാവിത്വം സ്വാഭാവികമായി തന്നെ സംഭവിക്കുമായിരുന്നു. ശേഷമുള്ള ചര്‍ച്ചകള്‍ ഈ വാദത്തിന് കൂടുതല്‍ വ്യക്തത നല്‍കും.
ഏക അസ്തിത്വം അഥവാ ഏകോണ്മ തത്ത്വം, സത്യങ്ങള്‍ കൂട്ടിച്ചേര്‍ക്കല്‍ അഥവാ സര്‍വമത സത്യവാദം എന്നിവ ഹിന്ദുത്വ ദാര്‍ശനികര്‍ ഉയര്‍ത്തിപ്പിടിക്കുന്ന പൊതു മൗലിക സിദ്ധാന്തങ്ങളാണെന്ന് നേരത്തേ വിശദീകരിച്ചിരുന്നു. അദ്വൈത വേദാന്ത തത്ത്വചിന്തയില്‍നിന്നാണ് ഇത് ഉരുത്തിരിഞ്ഞുവന്നത്. ഹിന്ദുത്വ ദാര്‍ശനികര്‍ ഇന്ത്യ എന്ന രാഷ്ട്രത്തെ ആരാധ്യയായ നിത്യ ചൈതന്യമായിട്ടാണ് കണക്കാക്കുന്നത്. അതിനാല്‍ 'സെമിറ്റിക് മതങ്ങള്‍' ഇന്ത്യ എന്ന രാഷ്ട്രത്തിനും അതിന്റെ നാഗരിക കാഴ്ചപ്പാടുകള്‍ക്കും അന്യമാണ്. മാത്രമല്ല, ആഗോള തലത്തില്‍ കാണപ്പെടുന്ന എല്ലാവിധ അസഹിഷ്ണുതകളുടെയും പൂര്‍ണ ഉത്തരവാദിത്തവും സെമിറ്റിക് മതങ്ങള്‍ക്ക് മാത്രമാണെന്നും ഇവിടെ വിശ്വസിക്കപ്പെടുന്നു.
സെമിറ്റിക് മതങ്ങളോടുള്ള ഈ മനോഭാവം സംഘ്പരിവാര്‍ ചിന്തകരുടെ കണ്ടുപിടിത്തമല്ല എന്നത് ശരിയാണ്. എബ്രഹാമിക് മതങ്ങളും (ക്രിസ്തുമതം, ഇസ്ലാം, ജൂതമതം) ധര്‍മങ്ങളും (ബുദ്ധമതം, ജൈനമതം, ഹിന്ദുമതം, സിഖ് മതം മുതലായവ) തമ്മില്‍ വ്യത്യാസങ്ങളുണ്ടെന്നും അവ പരസ്പരം വൈരുധ്യങ്ങളുണ്ടെന്നുമുള്ള ആശയം പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകളിലെ നിരവധി ഹൈന്ദവ സൈദ്ധാന്തികര്‍ ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നതായി കാണാം. പിന്നീട് സംഘ് പരിവാര്‍ ദാര്‍ശനികര്‍ ഈ ആശയം ദുരുപയോഗം ചെയ്യുകയും വിദ്വേഷ പ്രോപ്പഗണ്ടയുടെ   അടിസ്ഥാനമാക്കി അതിനെ മാറ്റുകയും ചെയ്തു.
കൊളോണിയല്‍ ഇന്ത്യയില്‍നിന്നും ഇതിന് നിരവധി ഉത്തേജനങ്ങള്‍ ലഭിച്ചിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത്  ഇന്ത്യയിലുണ്ടായ സാംസ്‌കാരികവും മതപരവുമായ സംഘര്‍ഷങ്ങളുടെയും ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കല്‍  നയത്തിന്റെയും അനിവാര്യ ദുരന്തഫലമാണ് ഹിന്ദു-മുസ്ലിം സംഘര്‍ഷങ്ങള്‍. കൂടാതെ, ആധുനിക വിദ്യാഭ്യാസ ചിന്തകള്‍ക്ക് പ്രചാരം ലഭിച്ചപ്പോള്‍ പ്രാദേശിക മതങ്ങളിലെ വിഗ്രഹാരാധന, ജാതി മുതലായ  ആശയങ്ങളോട് നിസ്സംഗതാ മനോഭാവം സര്‍വസാധാരണമായി. ഹിന്ദു മതം  വംശനാശ ഭീഷണി നേരിടുകയാണെന്ന തോന്നലുണ്ടായി. ഈ പശ്ചാത്തലത്തില്‍, ചില ഹിന്ദു ചിന്തകരും പരിഷ്‌കര്‍ത്താക്കളും ഹൈന്ദവ സമൂഹത്തിന്റെ കാലഹരണപ്പെട്ട  ആശയങ്ങളും ആചാരങ്ങളും പരിഷ്‌കരിക്കാനും ഹിന്ദുമതത്തിന്റെ ദാര്‍ശനികവും പ്രത്യയശാസ്ത്രപരവുമായ മികവ് തെളിയിക്കാനുമുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയുണ്ടായി.
ഈ പ്രചാരണത്തിന് നേതൃത്വം നല്‍കിയവരില്‍ മുന്‍നിരയിലുണ്ടായിരുന്നയാളാണ് നരേന്ദ്രനാഥ ദത്ത എന്ന ബംഗാളിയായ യുവ സന്യാസി. അദ്ദേഹം പിന്നീട് സ്വാമി വിവേകാനന്ദന്‍ (1863-1902) എന്ന പേരിലാണ് പ്രസിദ്ധനായത്. വിവേകാനന്ദന്‍ ഹിന്ദു ആശയങ്ങള്‍ ഇന്ത്യക്കകത്ത് മാത്രമല്ല പാശ്ചാത്യലോകത്തിനു കൂടി പരിചയപ്പെടുത്തി. തന്റെ അസാധാരണമായ ബുദ്ധിവൈഭവവും ആശയവിനിമയ വൈദഗ്ധ്യവും ചടുലതയും ഉള്‍ച്ചേര്‍ന്ന കരിസ്മാറ്റിക് വ്യക്തിത്വം ഈ ദൗത്യത്തിനായി ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു. ചെറുപ്പമായിരുന്നിട്ടും ഈ ദൗത്യം വിജയകരമായി നിര്‍വഹിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് (മുപ്പത്തിയൊമ്പതാമത്തെ വയസ്സിലാണ് അദ്ദേഹം മരണപ്പെടുന്നത്).
എല്ലാ ഇന്ത്യന്‍ തത്ത്വചിന്തകളുടെയും മതങ്ങളുടെയും അടിസ്ഥാനം അദ്വൈതമാണെന്നാണ് സ്വാമി വിവേകാനന്ദന്‍ സമര്‍ഥിച്ചത്. അതിനു മുമ്പുണ്ടായിരുന്നതാണ് ദ്വൈത സിദ്ധാന്തവും (ദൈവവും സൃഷ്ടിയും രണ്ട് വ്യത്യസ്ത അസ്തിത്വങ്ങളാണെന്ന സിദ്ധാന്തം) വിശിഷ്ഠാദ്വൈത സിദ്ധാന്തവും (അതായത്, ദൈവവും സൃഷ്ടിയും വേറിട്ട അസ്തിത്വങ്ങളാണെങ്കിലും എല്ലാ സൃഷ്ടികളും ദൈവത്തിന്റെ അസ്തിത്വമാണ്; സൂര്യനും അതിന്റെ കിരണങ്ങളും തമ്മിലുള്ള ബന്ധം പോലെയാണ് ദൈവവും സൃഷ്ടികളും തമ്മിലുള്ള ബന്ധം),  ഇവ മൂന്നും വേദാന്ത തത്ത്വചിന്തയുടെ വ്യത്യസ്ത ധാരകളായി കണക്കാക്കപ്പെടുന്നു.
വേദാന്ത തത്ത്വചിന്തയുടെ വ്യത്യസ്തമായ ധാരകളുടെ സ്വാധീനഫലമായിട്ടാണ് ഇന്ത്യന്‍ മതങ്ങളില്‍ വിവിധ ദൈവശാസ്ത്ര തത്ത്വചിന്തകള്‍ക്ക് ഇടമുണ്ടായത്. എന്നാല്‍ വിവേകാനന്ദന്‍ വ്യത്യസ്തമായ ഈ മൂന്ന് തത്ത്വചിന്തകളെയും അംഗീകരിക്കാന്‍ വിസമ്മതിക്കുകയാണ് ചെയ്തത്. ഇവ മൂന്നും 'ആത്മീയ പുരോഗതി'യുടെ മൂന്ന് ഘട്ടങ്ങളാണെങ്കിലും ആത്യന്തികമായി ശരിയായത് അദ്വൈതം മാത്രമാണെന്ന് സമര്‍ഥിക്കാനാണ് അദ്ദേഹം ശ്രമിച്ചത്(1).
സത്യങ്ങളുടെ കൂട്ടിച്ചേര്‍ക്കല്‍ സിദ്ധാന്തവും പരസ്പരവിരുദ്ധമായ  വിശ്വാസങ്ങള്‍  എല്ലാം ശരിയാണ് (സര്‍വമത സത്യവാദം) എന്ന സിദ്ധാന്തവും അദ്വൈതത്തിന്റെ അനിവാര്യമായ അനന്തരഫലമാണെന്ന് വിവേകാനന്ദന്‍ വാദിച്ചു. അദ്ദേഹം എഴുതുന്നത് കാണുക: ''ലോക രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യക്ക് മാത്രമേ സഹിഷ്ണുതയുടെയും ആത്മീയതയുടെയും നാടായി നിലകൊള്ളാന്‍ സാധിക്കുകയുള്ളൂ. പുരാതന സൂത്രങ്ങളില്‍ പറയുന്നതിപ്രകാരമാണ്; സത്യം ഒന്ന് മാത്രമാണ്. ജ്ഞാനികള്‍ അതിനെ പല പേരുകളില്‍ വിളിക്കുന്നു ('ഏകം സദ്‌വിപ്രാ ബഹുദാ വദന്തി' Truth is One, the wise perceive it differently). മനുഷ്യന്‍ ഇതുവരെ പറഞ്ഞതില്‍ വെച്ച് ഏറ്റവും അവിസ്മരണീയമായ വാക്യമാണിത്. ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലിയ യാഥാര്‍ഥ്യവും ഇതു മാത്രമാണ്. ഈ യാഥാര്‍ഥ്യം നമ്മുടെ ദേശീയ അസ്തിത്വത്തിന്റെ നട്ടെല്ലാണ്. ഈ മഹത്തായ വാക്യത്തിന്റെ ശക്തിഫലമായിട്ടാണ് നമ്മുടെ രാജ്യം സഹിഷ്ണുതയുടെ മണ്ണായി മാറിയത്''(2). വിവേകാനന്ദന്റെ ഈ ആശയങ്ങള്‍ പല ആധുനിക ഹൈന്ദവ ചിന്തകരെയും വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ ചിന്താഗതികളില്‍ ആകൃഷ്ടനായ, സഹിഷ്ണുതയുള്ള പ്രബുദ്ധനായ മതേതര നേതാവായിരുന്നു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു. അദ്വൈത ചിന്ത തന്നെയും സ്വാധീനിച്ചിട്ടുണ്ടെന്ന് നെഹ്റു എഴുതുന്നുണ്ട്:
''ഒരു പരിധിവരെ, ഏക അസ്തിത്വം അഥവാ ഏകോണ്മ തത്ത്വം എന്ന സിദ്ധാന്തവുമായി ഞാന്‍ ബന്ധപ്പെട്ടിരിക്കുന്നു. അദ്വൈത ചിന്തകള്‍ എന്നെ ആകര്‍ഷിക്കുകയും ചെയ്തിരുന്നു. പ്രകൃതിയുടെ വൈവിധ്യവും സമ്പൂര്‍ണതയും എന്നെ ഉണര്‍ത്തുകയും എന്റെ ആത്മാവിനെ സമന്വയിപ്പിക്കുകയും ചെയ്തു. പുരാതന ഇന്ത്യന്‍, ഗ്രീക്ക് ബഹുദൈവാരാധനാപരമായ പരിതഃസ്ഥിതിയില്‍, അവയുമായി ബന്ധപ്പെട്ടിരുന്ന ദൈവത്തിന്റെ സങ്കല്‍പ്പങ്ങള്‍ ഒഴികെ മറ്റു കാര്യങ്ങളില്‍ എനിക്ക് ഒരുതരം സ്വത്വബോധം അനുഭവപ്പെടുന്നുണ്ട്.''(3)
വിവേകാനന്ദന്നും ഗാന്ധിജിക്കും സത്യം കൂട്ടിച്ചേര്‍ക്കുന്ന സിദ്ധാന്തത്തില്‍ (അതായത് എല്ലാ മതങ്ങളുടെയും സത്യം) ഉറച്ച വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ സെമിറ്റിക് മതങ്ങള്‍ക്കും ഇന്ത്യന്‍ മതങ്ങള്‍ക്കുമിടയില്‍ വിവേചനം കല്‍പ്പിക്കുന്നതും അദ്വൈതമെന്ന  തത്ത്വചിന്തയുമായി ഇന്ത്യന്‍ ദേശീയതയെ ബന്ധിപ്പിക്കുന്നതും ശരിയല്ലെന്ന് കരുതുന്നവരായിരുന്നു അവര്‍. ഇസ്ലാമിനും ക്രിസ്തുമതത്തിനും അതിന്റെ എല്ലാ വിശ്വാസങ്ങളോടും കൂടി ഇവിടെ അര്‍ഹമായ സ്ഥാനം ലഭ്യമാകണമെന്ന്  അവര്‍ ആഗ്രഹിച്ചു.
ഒരു വശത്ത്, ഗാന്ധിജി ഹിന്ദുമതത്തിന്റെ മേല്‍പ്പറഞ്ഞ സവിശേഷതകള്‍ അഭിമാനപൂര്‍വം വിശദീകരിക്കുന്നുണ്ട്. അതോടൊപ്പം തന്നെ വിവിധ മതങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സത്യസന്ദേശങ്ങളിലുള്ള തന്റെ വിശ്വാസവും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട് (താനൊരു സനാതന ഹിന്ദുവാണെന്നതോടൊപ്പം ഒരു മുസ്ലിമും ക്രിസ്ത്യാനിയുമാണെന്നും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി).(4) അതേസമയം ഇത് തന്റെ വ്യക്തിപരമായ വിശ്വാസങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മുസ്ലിമോ ക്രിസ്ത്യാനിയോ തന്റെ വിശ്വാസം മാത്രമാണ് ശരിയെന്നും മറ്റു വിശ്വാസങ്ങള്‍ തെറ്റാണെന്നും വിശ്വസിക്കുന്നുവെങ്കില്‍ അയാള്‍ക്ക് ആ വിശ്വാസം നിലനിര്‍ത്താനുള്ള അവകാശമുണ്ട്. 'തന്റെ മതത്തിന്റെ സത്യസന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ തന്റെ മനസ്സാക്ഷി ഒരാളെ സ്വാഭാവികമായി പ്രേരിപ്പിക്കുമല്ലോ.' അതിനാല്‍ തന്നെ അവരുടെ മതങ്ങളുടെ പ്രചാരണത്തിന് എതിര് നില്‍ക്കേണ്ടതില്ല. എന്നാല്‍ ഏതെങ്കിലും മതം ഉപേക്ഷിക്കാനും മറ്റേതെങ്കിലും മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനും നിര്‍ബന്ധിക്കരുതെന്നു മാത്രം.(5) ഇത് മാത്രമാണ് അദ്ദേഹം മുന്നോട്ടു വെക്കുന്ന ഉപാധി.
സ്വാമി വിവേകാനന്ദന്‍ അദ്വൈത ചിന്തകള്‍ പ്രചരിപ്പിക്കുകയും അതിനു വേണ്ടി ശക്തമായി വാദിക്കുകയും സംസാരിക്കുകയും ചെയ്യുമ്പോഴും ഇസ്ലാമിന്റെ വലിയ അഭ്യുദയകാംക്ഷിയായിരുന്നു. ഇസ്ലാമിന്റെ യഥാര്‍ഥ ആകര്‍ഷണം അതിന്റെ ലളിതവും സ്വാഭാവികവുമായ വിശ്വാസങ്ങളിലും തത്ത്വങ്ങളിലുമാണെന്ന് അദ്ദേഹം അംഗീകരിച്ചിരുന്നു. ഒരു ഘട്ടത്തില്‍ അദ്ദേഹം എഴുതി; ''അദ്വൈത തത്ത്വചിന്തയില്‍ കാണപ്പെടുന്ന മനുഷ്യസമത്വത്തിന്റെ ആദര്‍ശം ഹിന്ദു സമൂഹത്തില്‍ ഒരിക്കലും യാഥാര്‍ഥ്യമായിട്ടില്ല.  ഏതെങ്കിലും ഒരു മതം ഈ യാഥാര്‍ഥ്യത്തോട് അടുത്തെത്തിയിട്ടുണ്ടെങ്കില്‍ അത് ഇസ്ലാം മാത്രമാണ്. ഇന്ത്യയുടെ ശോഭനമായ ഭാവി 'വേദാന്ത മനസ്സും' 'ഇസ്ലാമിക ശരീരവും' ചേര്‍ന്നതാണ്.''(6) അദ്ദേഹം ഇന്ത്യന്‍ ദേശീയതയില്‍നിന്ന് ഇസ്ലാമിനെ വേര്‍തിരിക്കാന്‍ തയാറായില്ലെന്നു മാത്രമല്ല ഇന്ത്യയുടെ അവിഭാജ്യഘടകമായി അതിനെ കാണുകയും ചെയ്തു. ഈ ആശയം അദ്ദേഹത്തിന്റെ നിരവധി പ്രഭാഷണങ്ങളിലും എഴുത്തുകളിലും കാണാം.  മതങ്ങളെ ആഭ്യന്തരമെന്നും വൈദേശികമെന്നും അല്ലെങ്കില്‍ ധര്‍മങ്ങളെന്നും അബ്രഹാമികമെന്നും വിഭജിച്ച് ഇസ്ലാമുമായി പൂര്‍ണമായ വേര്‍പിരിയല്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല, മറിച്ച്, തികച്ചും യുക്തിസഹമായ വഴികളിലൂടെ അദ്ദേഹം സത്യം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ചെയ്തുകൊണ്ടിരുന്നത്.(7)
ഇത്തരം ചിന്തകരുടെ കാഴ്ചപ്പാടുകളുടെ സുതാര്യമായ തുടര്‍ച്ച നിലനിര്‍ത്താന്‍ പിന്നീട് വന്ന മതേതര ചിന്തകര്‍ക്ക് സാധിച്ചിരുന്നെങ്കില്‍ നമ്മുടെ രാജ്യം ഇന്ന് നേരിടുന്ന തരത്തിലുള്ള  പ്രശ്നങ്ങളുണ്ടാകുമായിരുന്നില്ല. നിര്‍ഭാഗ്യവശാല്‍ ഈ സൂക്ഷ്മമായ വ്യത്യാസം ശ്രദ്ധിക്കാത്ത ഒരു കൂട്ടം ബുദ്ധിജീവികള്‍ മതേതര കൂടാരത്തില്‍ ഉണ്ടായിരുന്നു. സര്‍വമത സത്യവാദവും വിശ്വാസങ്ങളുടെ ബഹുത്വവും ഇന്ത്യന്‍ നാഗരികതയുടെ ഏറ്റവും വലിയ പ്രതീകമായി അവതരിപ്പിക്കപ്പെടുകയും ചെയ്തു. ഈ പ്രചാരണങ്ങളുടെ ഫലമായി സാധാരണ ഹിന്ദുക്കള്‍ക്ക് ഇസ്ലാമിന്റെ വിശ്വാസസംഹിതകളോട് ഒരുതരം അന്യതാബോധം ഉടലെടുത്തു; സ്വന്തം മതത്തോട് പുഛവും ആത്മനിന്ദയും അനുഭവപ്പെടുന്ന സാഹചര്യവും രൂപപ്പെട്ടു.
ഈ സാഹചര്യം മുതലെടുത്ത് ഹിന്ദുത്വ ചിന്തകര്‍ ഇസ്ലാംമുക്ത ഭാരതം എന്ന ചിന്ത ജനകീയമാക്കാന്‍ പരമാവധി ശ്രമിച്ചു. ആധുനിക കാലത്തെ ഹിന്ദുമതത്തിന്റെ ഏറ്റവും ആധികാരിക വക്താവായി അറിയപ്പെടുന്നയാളാണ് ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി കൂടിയായ ഡോ. എസ്. രാധാകൃഷ്ണന്‍. ഹിന്ദു മതത്തിന്റെ സവിശേഷതകളിലേക്ക് വെളിച്ചം വീശി അഭിമാനപൂര്‍വം അദ്ദേഹം ഇപ്രകാരം എഴുതുന്നതു കാണാം; ''ഹിന്ദു ധര്‍മത്തിന് വഴങ്ങാത്ത ഒരു വിശ്വാസവുമില്ല. അത് അനേകം ദൈവങ്ങളെയും വ്യത്യസ്ത ആരാധനാ രീതികളെയും സന്തോഷത്തോടെ സ്വീകരിച്ചു. ഇന്ത്യയും ഇന്ത്യയുടെ മതവും 'സെമിറ്റിക് മതങ്ങളുടെ വിചിത്രമായ ഭ്രാന്തില്‍'നിന്ന് മുക്തമാണ്. ഒരു പ്രത്യേക മതത്തിന്റെ മെറ്റാഫിസിക്സ് അംഗീകരിക്കാതെ മോക്ഷവും രക്ഷയും സാധ്യമല്ലെന്നാണ് സെമിറ്റിക് മതങ്ങള്‍ പറയുന്നത്. അവരുടെ വിശ്വാസധാര അംഗീകരിക്കാത്തവര്‍ വലിയ പാപമാണ് ചെയ്യുന്നത്. അതിന്റെ പേരില്‍ നരക ശിക്ഷ എന്നന്നേക്കുമായി അനുഭവിക്കേണ്ടിവരും.'' (8) തുടര്‍ന്ന് അദ്ദേഹം എഴുതുന്നു: ''ഇസ്രായേലീ ഗോത്രങ്ങള്‍ കന്‍ആനില്‍ സ്ഥിരതാമസമാക്കിയ കാലം മുതല്‍ മനുഷ്യചരിത്രത്തിലുടനീളം സങ്കുചിത ഏകദൈവ വിശ്വാസത്തിന്റെ അസഹിഷ്ണുത രക്തലിപികളാല്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. അസൂയയുള്ളവന്‍ എന്നു നാമമുള്ള യഹോവ (Jealous God) എന്ന ദൈവത്തിന്റെ ആരാധകര്‍ പുറജാതീയ മതങ്ങളുടെ അനുയായികള്‍ക്കെതിരെ രക്തരൂഷിതമായ യുദ്ധങ്ങള്‍ നടത്തി. കീഴടക്കിയവര്‍ക്കെതിരായ അതിക്രമങ്ങള്‍ ന്യായീകരിക്കാന്‍ അവര്‍ ദൈവിക കല്‍പനകള്‍ അവലംബിച്ചു. ഇസ്രായേല്യരുടെ ഈ വികൃതമായ അഭിനിവേശം ക്രിസ്തുമതത്തിലേക്കും ഇസ്ലാമിലേക്കും കൈമാറ്റം ചെയ്യപ്പെട്ടു. പാശ്ചാത്യ നാഗരികതയുടെ അടിസ്ഥാനം ഫലസ്ത്വീനു പകരം (അതായത് ക്രിസ്തുമതം) ഗ്രീക്ക് നാഗരികതയായിരുന്നുവെങ്കില്‍, അത് കൂടുതല്‍ മെച്ചപ്പെടുമായിരുന്നു.'(9)
ഒരൊറ്റ വിശ്വാസം മാത്രമാണ് ശരി എന്ന് വിശ്വസിക്കുന്ന മതങ്ങളോടുള്ള - സെമിറ്റിക് മതങ്ങള്‍ (Semitic Religions), അബ്രഹാമിക് മതങ്ങള്‍ (Abrahamic Religions), സംഘടിത മതങ്ങള്‍ (Organised Relegions) മുതലായവ) - അസഹിഷ്ണുതയും വിദ്വേഷവും എക്കാലത്തും മതേതര ബുദ്ധിജീവികളെ പിടികൂടിയിട്ടുണ്ടെന്നതാണ് നേര്. പുതിയ കാലത്തെ പ്രബുദ്ധരെന്ന് വിശേഷിപ്പിക്കുന്ന മതേതര ബുദ്ധിജീവികള്‍ക്കിടയിലും ഈ അസഹിഷ്ണുത കാണപ്പെടുന്നുണ്ട്. കോണ്‍ഗ്രസിന്റെ ബൗദ്ധിക ആവിഷ്‌കാരങ്ങളില്‍ പറഞ്ഞു കേള്‍ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പേര് തിരുവനന്തപുരം പാര്‍ലമെന്റ് അംഗമായ ശശി തരൂരിന്റേതാണ്. അദ്ദേഹം എഴുതുന്നു; ''ഒരു ഹിന്ദു എന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു. കാരണം, ഞാന്‍ മാത്രമാണ് സത്യമെന്ന് അവകാശപ്പെടാത്ത ലോകത്തിലെ ഒരേയൊരു മതത്തില്‍ പെട്ടയാളാണ് ഞാന്‍. ഇതര മനുഷ്യരെ, അവര്‍ പിഴച്ച വഴിയിലാണെന്ന വിശ്വാസത്തിന്റെ ഭാരം കൂടാതെ വളരെ സൗഹാര്‍ദപരമായി അഭിമുഖീകരിക്കാന്‍ എനിക്ക് കഴിയും. മറ്റുള്ളവരെല്ലാം പിഴച്ചവരാണെന്ന വിശ്വാസം സെമിറ്റിക് മതങ്ങളായ ക്രിസ്തുമതം, ഇസ്ലാം, ജൂതമതം എന്നിവയുടെ കേന്ദ്ര ആശയമാണ്. ബൈബിളില്‍ യേശു ക്രിസ്തു പറയുന്നു, 'ഞാന്‍ മാത്രമാണ് സത്യവും ജീവിതവും. ഞാനല്ലാതെ ആര്‍ക്കും പിതാവിനെ (ദൈവത്തെ) സമീപിക്കാനാവില്ല.' 'അല്ലാഹു അല്ലാതെ ഒരു ദൈവമില്ല. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ്. അവിശ്വാസികള്‍ക്ക് രക്ഷയും സ്വര്‍ഗവും അകലെയാണ്. അവര്‍ക്ക് രക്ഷ പ്രാപിക്കാന്‍ ഒരു മാര്‍ഗവുമില്ല' എന്ന് ഖുര്‍ആനും പറയുന്നു. എല്ലാ വിശ്വാസങ്ങളും മോക്ഷത്തിന്റെ വഴികളും ശരിയുമാണെന്നാണ് ഹിന്ദുമതം പറയുന്നത്. എന്റെ മതത്തിന്റെ തത്ത്വങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ എനിക്ക് മറ്റ് മതങ്ങളുടെ പവിത്രതയെ ബഹുമാനിക്കാന്‍ കഴിയുമെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.''(10)
ശശി തരൂര്‍ ഹിന്ദുത്വയെ വിമര്‍ശിക്കുന്ന സന്ദര്‍ഭത്തില്‍ 'അബ്രഹാമിക് ഹിന്ദുയിസം' (Abrahamic Hinduism) എന്ന് പ്രയോഗിച്ചിട്ടുണ്ട്.(11) മറ്റൊരു വിശദീകരണത്തില്‍ 'സെമിറ്റൈസിംഗ് ഹിന്ദുയിസം' (Semitizing Hinduism)(12) എന്ന പരാമര്‍ശവും അദ്ദേഹം നടത്തുന്നു. മറ്റൊരിടത്ത് അരുണ്‍ ഷൂരിയെ ഉദ്ധരിച്ചുകൊണ്ട് 'ഇസ്ലാമികവത്കരിച്ച ഹിന്ദുമതം' (Islamicized Hinduism) എന്ന പ്രയോഗവും കാണാം.(13) അബ്രഹാമിക് മതങ്ങള്‍ തിന്മയുടെ വേരുകളായി പല സ്ഥലങ്ങളിലും അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഉദ്ധരിക്കുന്നുണ്ട്.
ഇത്തരം വികലമായ പരാമര്‍ശങ്ങള്‍ നടത്തുമ്പോഴും വസ്തുതാവിരുദ്ധമായ അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോഴും ഈ ബുദ്ധിജീവികള്‍ക്കൊന്നും തങ്ങള്‍ അകപ്പെട്ടിട്ടുള്ള ആഴ ത്തിലുള്ള ആന്തരിക വൈരുധ്യം അനുഭവപ്പെടുന്നില്ല എന്നതാണ് ഏറെ വിചിത്രം. ഇസ്ലാമിലും ക്രിസ്തുമതത്തിലും വിശ്വസിക്കുന്ന കോടിക്കണക്കിന് ആളുകള്‍ ഈ രാജ്യത്ത് ഉണ്ടെന്ന് അറിഞ്ഞുകൊണ്ടു തന്നെയല്ലേ ഈ വാദം അവര്‍ എഴുന്നള്ളിക്കുന്നത്? അവരുടെ ചിന്തകളെയും വിശ്വാസസംഹിതകളെയും നിരസിച്ചുകൊണ്ടും, അവരെ കുറ്റവാളികളായി കരുതിയും എല്ലാ തിന്മകളുടെയും വേരുകള്‍ അവരിലേക്ക് ചേര്‍ത്തുകെട്ടിയും ദശലക്ഷക്കണക്കിന് പൗരന്മാരോടും അവരുടെ വിശ്വാസസംഹിതകളോടും വിവേചനം കാണിക്കുകയാണല്ലോ ഇക്കൂട്ടര്‍! ഇപ്രകാരം തങ്ങളല്ലാത്ത മറ്റെല്ലാ വിശ്വാസസംഹിതകളെയും തിരുത്താന്‍ ശ്രമിക്കുക വഴി തങ്ങള്‍ അവകാശപ്പെടുന്ന ആശയപദ്ധതിയില്‍നിന്നു തന്നെ വ്യതിചലിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും ഇക്കൂട്ടര്‍ ചിന്തിക്കുന്നില്ല. അദ്വൈതവും സര്‍വമത സത്യവാദവും മതപരമായ ആശയങ്ങളാണ്. അവയെ മാത്രം സത്യമായി അവതരിപ്പിക്കുക വഴി എല്ലാ സത്യങ്ങളെയും സംയോജിപ്പിക്കല്‍ എന്ന ആശയത്തെയാണ് ആദ്യമായി അവര്‍ റദ്ദ് ചെയ്യുന്നത്.
നമ്മുടെ കാഴ്ചപ്പാടില്‍, എല്ലാ മതപരമായ അവകാശവാദങ്ങളും ഒരേസമയം സാധൂകരിക്കുക എന്ന തത്ത്വം ഒരു സാര്‍വത്രിക ആശയസംഹിതയാക്കി അവതരിപ്പിക്കാനുള്ള ശ്രമം ആശയതലത്തില്‍ വൈരുധ്യപരമാണെന്നു മാത്രമല്ല, പ്രകൃതിവിരുദ്ധവുമാണ്. പരസ്പരവിരുദ്ധമായ വിശ്വാസങ്ങളുള്ള മതങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കുമിടയില്‍ ആരോഗ്യകരമായ സംവാദവും സത്യം കണ്ടെത്താനുള്ള നിരന്തരമായ പരിശ്രമങ്ങളും സഹിഷ്ണുതാ മനോഭാവവുമാണ്  വേണ്ടത്. മതങ്ങള്‍ക്കിടയിലെ സഹിഷ്ണുതക്കപ്പുറം എല്ലാ മതങ്ങളും ചിന്താ പദ്ധതികളും ശരിയും സത്യവുമാണെന്ന് വിശ്വസിക്കുന്നത് മറ്റു മതങ്ങളെ പോലെ ഒരു മതദര്‍ശനം തന്നെയായി മാറുകയാണ്.  ഈ തത്ത്വത്തില്‍ മാത്രം വിശ്വസിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും മറ്റുള്ളവരെ ഈ കാഴ്ചപ്പാടിലേക്ക് കൊണ്ടെത്തിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നതിലൂടെ മറ്റ് വിശ്വാസങ്ങള്‍ക്കും ആശയ പദ്ധതികള്‍ക്കും ഇടം നല്‍കാത്ത സങ്കുചിതത്വമായി ഇതും മാറുകയാണ് ചെയ്യുന്നത്.
ഇത്തരം ആശയങ്ങള്‍  പ്രചരിച്ചതിന്റെ ഫലമായി, ഒരു വശത്ത് എല്ലാ മതങ്ങളോടുമുള്ള ആദരവ് അവകാശപ്പെടുമ്പോള്‍ തന്നെ മറുവശത്ത് പടിപടിയായി ഇസ്ലാമിനോടുള്ള കടുത്ത വിദ്വേഷവും ഈ രാജ്യത്ത് വളര്‍ന്നുകൊണ്ടിരുന്നു. എല്ലാ മതങ്ങളെയും അംഗീകരിക്കുക എന്ന ആശയം 'ഇന്ത്യയുടെ ഡി.എന്‍.എ' ആയി കണക്കാക്കുമ്പോള്‍ തന്നെ, ഇസ്ലാമിനും ക്രിസ്തുമതത്തിനും എല്ലാ മതങ്ങളെയും അംഗീകരിക്കാന്‍ കഴിയാത്തതിനാല്‍ ഇന്ത്യന്‍ നാഗരികതയുമായും അതിന്റെ 'ഡി.എന്‍.എ'യുമായും അവക്ക് ബന്ധമില്ലെന്ന് സ്ഥാപിച്ചെടുക്കുകയും ചെയ്തു. തല്‍ഫലമായി, 'സെമിറ്റിക് മതങ്ങളെ' വില്ലന്‍ കഥാപാത്രങ്ങളായി ചിത്രീകരിക്കാനും അവയോടുള്ള വെറുപ്പും വിദ്വേഷവും രാഷ്ട്രീയ ആയുധമായി ഉപയോഗപ്പെടുത്താനും ഹിന്ദുത്വ ശക്തികള്‍ക്ക് അവസരം ലഭിക്കുകയായിരുന്നു. ചരിത്രപരമായ കാരണങ്ങള്‍ക്ക് പുറമെ പ്രത്യയശാസ്ത്രപരവും സൈദ്ധാന്തികവുമായ ഈ പ്രവണത ഹിന്ദുത്വ ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി എന്നതാണ് യാഥാര്‍ഥ്യം.
താന്‍ വിശ്വസിക്കുന്ന മതദര്‍ശനങ്ങളുടെ മഹത്വം സ്ഥാപിക്കാനും അത് പ്രചരിപ്പിക്കാനും എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. ഇസ്ലാമിനും ക്രിസ്തുമതത്തിനുമെതിരെ പണ്ഡിതോചിതവും വിജ്ഞാനപ്രദവുമായ എത്ര ഗുരുതരമായ വിമര്‍ശനങ്ങളും ഉന്നയിക്കാം. അതില്‍ തെറ്റൊന്നുമില്ല (ഹിന്ദു ആശയങ്ങളുടെ വിമര്‍ശനത്തില്‍ തെറ്റില്ലാത്തതുപോലെ). പക്ഷേ, ഹിന്ദുത്വ ആശയ പ്രചാരകരായ ഈ മാന്യന്മാര്‍ തങ്ങളുടെ മതപരമായ ആശയങ്ങളും വിശ്വാസങ്ങളും ഇന്ത്യന്‍ ദേശീയതയുമായി ബന്ധപ്പെടുത്തുകയും അതിനെ ദേശീയതയുടെ മുഖമുദ്രയാക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്നത്. എല്ലാ കാലത്തും പല ചിന്തകന്മാരും സൈദ്ധാന്തികരും ഈ ആശയ പ്രചാരണം പരീക്ഷിച്ചുകൊണ്ടേയിരുന്നുവെന്ന് സൂചിപ്പിച്ചുവല്ലോ. ഇത് ഇസ്ലാമിനെയും ക്രിസ്തുമതത്തെയും ഭാരതീയതയുടെ വൃത്തത്തില്‍നിന്ന് പുറന്തള്ളുന്നതിന് വലിയ തോതില്‍ കാരണമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് സമ്മേളനത്തിലെ തന്റെ അധ്യക്ഷ പ്രഭാഷണത്തില്‍ മൗലാനാ അബുല്‍ കലാം ആസാദിന് ചില കാര്യങ്ങള്‍ തുറന്നുപറയേണ്ടി വന്നത്. പ്രസിദ്ധമായ ആ തുറന്നുപറച്ചില്‍ ഇത്തരം ചര്‍ച്ചകളില്‍ പലപ്പോഴും ഉദ്ധരിക്കപ്പെടാറുണ്ട്:
''ഞാന്‍ ഒരു മുസ്ലിമാണ്, മുസ്ലിമായതില്‍ ഞാന്‍ അഭിമാനിക്കുകയും ചെയ്യുന്നു. പതിമൂന്ന് നൂറ്റാണ്ടുകളുടെ മഹത്തായ ഇസ്ലാമിന്റെ പാരമ്പര്യങ്ങള്‍ എനിക്ക് അവകാശമായി ലഭിച്ചിട്ടുണ്ട്. അതിന്റെ ചെറിയൊരു ഭാഗം പോലും നഷ്ടപ്പെടുത്താന്‍ ഞാന്‍ തയാറല്ല. ഇസ്ലാമികമായ വിദ്യാഭ്യാസം, അതിന്റെ ചരിത്രം, ശാസ്ത്രവും കലകളും, നാഗരികത ഇതൊക്കെയാണ് എന്റെ സമ്പാദ്യവും മൂലധനവും. അത് സംരക്ഷിക്കേണ്ടത് എന്റെ കടമയാണ്. ഒരു മുസ്ലിം എന്ന നിലയില്‍ എനിക്ക് മതപരവും സാംസ്‌കാരികവുമായ മേഖലകളില്‍ പ്രത്യേകമായ സ്വത്വമുണ്ട്. അതില്‍ യാതൊരുവിധ ഇടപെടലുകളും എനിക്ക് സഹിക്കാനും അനുവദിക്കാനും കഴിയില്ല. ഒരു മുസ്ലിമാണെന്ന എന്റെ അഭിമാന ബോധത്തോടൊപ്പം ഞാന്‍ ഒരു ഇന്ത്യക്കാരനാണെന്നതിലും അഭിമാനിക്കുന്നു. ഇന്ത്യ എന്ന ഐക്യരാഷ്ട്രത്തിന്റെ അവിഭാജ്യ ഘടകമാണ് ഞാന്‍. ഞാനുള്‍പ്പെടുന്ന മുഴുവന്‍ ഘടകങ്ങളുമില്ലാതെ ഈ രാജ്യത്തിന്റെ മഹത്വത്തിന്റെ ഗോപുരം പൂര്‍ണമാവുകയില്ല. ഈ രാജ്യത്തിന്റെ നിര്‍മിതിയില്‍ ഞാനും ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. എനിക്ക് ഒരിക്കലും എന്റെ ഈ അവകാശവാദം ഉപേക്ഷിക്കാന്‍ കഴിയില്ല.''(15)
ആസാദിന്റെ ഈ വാക്കുകള്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്.  വരികള്‍ക്കിടയില്‍ വായിച്ചാല്‍ ഇന്ത്യന്‍ നാഗരികതയില്‍നിന്ന്  മുസ്ലിം സമൂഹത്തെ അടര്‍ത്തിമാറ്റാനുള്ള നീക്കങ്ങള്‍ക്കെതിരെ അതില്‍ സൂചനകള്‍ കാണാം. ഇത്തരം നീക്കങ്ങളെ അക്കാലത്ത് വലിയ ആരവങ്ങളോടെയാണ് വരവേറ്റിരുന്നത് എന്നും മനസ്സിലാക്കാന്‍ സാധിക്കും.
മൗലാനാ അബുല്‍ കലാം ആസാദ് ശക്തമായ ഭാഷയില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ സ്വതന്ത്ര ഇന്ത്യയില്‍ അപൂര്‍വമായി മാത്രമേ ആത്മാര്‍ഥതയോടെ അംഗീകരിക്കപ്പെട്ടിട്ടുള്ളൂ. മുസ്ലിംകള്‍ക്ക് പൗരന്മാരെന്ന നിലയില്‍ അവകാശങ്ങള്‍ നല്‍കിയിരുന്നെങ്കിലും അവരുടെ മതപരമായ അസ്തിത്വവും സംസ്‌കാരവും ഇന്ത്യയുടെ അവിഭാജ്യ ഘടകമായി അംഗീകരിക്കേണ്ട ഘട്ടം വരുമ്പോള്‍ നിരന്തരം പുകമറ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവന്നത്. മാത്രമല്ല, ഇസ്ലാമിനും ക്രിസ്തുമതത്തിനും  ഇടമില്ലാത്ത ബഹുസ്വരതയുടെ തത്ത്വചിന്തകളുമായി ഭാരതീയത ബന്ധപ്പെട്ടിരിക്കുന്നു എന്ന് സമര്‍ഥിച്ചുകൊണ്ടുമിരുന്നു. മതേതര ചിന്തകര്‍ അദ്വൈതത്തിലോ സര്‍വമത സത്യവാദത്തിലോ വിശ്വസിക്കുന്നുവെങ്കില്‍, അവരത് സത്യസന്ധമായ തുറന്നുപറയുകയും ഇസ്ലാം, ക്രൈസ്തവ വിശ്വാസങ്ങള്‍  സത്യസന്ധമായും അവതരിപ്പിക്കാനുള്ള അവകാശം വകവെച്ചു നല്‍കുകയുമാണ് ചെയ്യേണ്ടിയിരുന്നത്. സ്വാമി വിവേകാനന്ദനും ഗാന്ധിജിയും നെഹ്റുവും ഉള്‍പ്പെടെയുള്ളവര്‍ അപ്രകാരമാണ് കാര്യങ്ങള്‍ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ മതേതരെരെന്ന് സ്വയം വിശ്വസിക്കുന്ന ചില ബുദ്ധിജീവികളുടെ  മനഃപൂര്‍വമല്ലാത്ത മതേതര ആശയക്കുഴപ്പങ്ങള്‍ ഹിന്ദുത്വയെ തഴച്ചുവളരാന്‍ വളരെയധികം സഹായിക്കുകയാണ് ചെയ്തത്.

'ഭാരത് മാത'യുടെ രാഷ്ട്രീയം

അദ്വൈത വേദാന്ത രാഷ്ട്രീയ പ്രസരണത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് 'ഭാരത് മാത'യുടെ രാഷ്ട്രീയം. ഇന്ത്യയെ ഏക സത്യത്തിന്റെ രൂപമായി കാണുക, ദേവീരൂപമായി പ്രതിഷ്ഠിക്കുക, അതിനെ ആരാധിക്കുക ഇതെല്ലാം ആധുനിക സംഘ് ആശയങ്ങളും ചിന്താപദ്ധതികളുമായി ബന്ധപ്പെട്ടു മാത്രം രൂപപ്പെട്ടതാണ്. സ്വാതന്ത്ര്യത്തിനു മുമ്പ്, വാരാണസിയില്‍ സ്ഥാപിതമായ ആദ്യത്തെ ഭാരതമാതാ ക്ഷേത്രം ഗാന്ധിജിയാണ് ഉദ്ഘാടനം ചെയ്തത്. ഭാരത മാതായുടെ പേരില്‍ ഹിന്ദുത്വ സൈദ്ധാന്തികര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തിന്റെ പ്രധാന തുറുപ്പുചീട്ടായി അവര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് ഇതാണ്. പക്ഷേ, 'ഭാരത് മാതാ'വിന്റെ പേരില്‍ സംഘ് പരിവാര്‍ ഇന്ന് ഉയര്‍ത്തിക്കൊണ്ടു വരുന്ന തത്ത്വശാസ്ത്രത്തിനും അതിനെ അടിസ്ഥാനമാക്കിയുള്ള വിഭജന രാഷ്ട്രീയത്തിനും ആ സമയത്ത് തുടക്കം കുറിച്ചിരുന്നില്ല. വാരാണസിയില്‍ ഗാന്ധിജി ഉദ്ഘാടനം ചെയ്ത ക്ഷേത്രത്തില്‍ ഒരു വിഗ്രഹവും സ്ഥാപിച്ചിരുന്നില്ല,  ഇന്ത്യയുടെ ഭൂപടം മാത്രമാണ് അതിനകത്ത് പ്രതിഷ്ഠക്ക് പകരം ഉണ്ടായിരുന്നത്.(16) പക്ഷേ, ഭാരത്മാതാ എന്നതിനെ ദേശീയ വികാരത്തിന്റെ പ്രതീകാത്മക പ്രകടനമായി സ്വീകരിക്കുകയായിരുന്നു.
എങ്ങനെയാണ് ഗോള്‍വാള്‍ക്കറും മറ്റു ഹിന്ദുത്വ സൈദ്ധാന്തികരും ഭാരതമാതാവിന് ദാര്‍ശനികവും മതപരവുമായ പ്രത്യേക നിറം നല്‍കിയത് എന്ന് മുമ്പ് വിശദീകരിച്ചിട്ടുണ്ട്. 1983-ല്‍ വിശ്വഹിന്ദു പരിഷത്ത് ഭാരത് മാതാ ക്ഷേത്രം പണിയുമെന്ന് പ്രഖ്യാപിച്ചത്, പിന്നീട് ഭാരത മാതാവിന് ലഭിച്ച ദാര്‍ശനികവും മതപരവുമായ നിറം കൂടുതല്‍ ഇരുണ്ടതാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നിട്ടും, 1983 മെയ് 5-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഈ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ സന്നദ്ധയായി.(17) അധികാര സംരക്ഷണത്തിന് ഹിന്ദുത്വ തത്ത്വചിന്തകള്‍ക്ക് മുന്നില്‍, മതേതര ഗ്രൂപ്പുകള്‍ എത്രമേല്‍ പ്രത്യയശാസ്ത്രപരമായ അടിയറവുകള്‍ക്ക് തയാറാകുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണിത്. ഈ ക്ഷേത്രത്തിന്റെ വിശദാംശങ്ങള്‍ അതിന്റെ സൈറ്റില്‍ ലഭ്യമാണ്. എട്ട് നിലകളുള്ള ഭാരത് മാതാ ക്ഷേത്രം വിഭാവനം ചെയ്യുന്ന സന്ദേശം സൈറ്റില്‍നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. ക്ഷേത്രത്തിന്റെ ഒന്നാം നിലയില്‍ ഭാരത് മാതാ മൂര്‍ത്തിയെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. രണ്ടാം നില (ഷൂര്‍ മന്ദിര്‍) സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്ക് വേണ്ടിയാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഇതിഹാസങ്ങളായിരുന്ന സ്ത്രീകള്‍ക്കുള്ളതാണ് മൂന്നാം നില (മാതൃ മന്ദിര്‍). നാലാമത്തെ നില സനാതന ക്ഷേത്രമാണ്. ജൈന, സിഖ്, ബുദ്ധ (ധര്‍മങ്ങള്‍) മതസ്ഥാപകരുടെ പ്രതിഷ്ഠകളാണ് ഈ നിലയിലുള്ളത്. അഞ്ചാം നിലയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സാംസ്‌കാരിക സവിശേഷതകള്‍ കൊത്തിവെച്ച ചിത്രീകരണങ്ങളാണ്. ആറാം നിലയില്‍ ശക്തി, ദുര്‍ഗ, പാര്‍വതി, സതി, രാധ, സരസ്വതി, കാളിദേവികളുടെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ഏഴാമത്തെ നില വിഷ്ണുക്ഷേത്രമാണ്. എട്ടാം നിലയില്‍ ശിവക്ഷേത്രത്തോടൊപ്പം ഹിമാലയത്തിന്റെ വിവിധ കാഴ്ചകളും ചിത്രീകരിച്ചിരിക്കുന്നു.(18) കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിശ്വഹിന്ദു പരിഷത്തിന്റെ മേല്‍നോട്ടത്തില്‍ ഇത്തരം ഭാരത് മാതാ ക്ഷേത്രങ്ങള്‍ രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്.(18)
ദേശീയതയുടെയും 'ഇന്ത്യന്‍ മതങ്ങളുടെയും' വിശ്വാസങ്ങളിലും ആചാരങ്ങളിലുമുള്ള ഈ പ്രതീകാത്മക ആവിഷ്‌കാരം മുകളില്‍ വിവരിച്ച ഭാരതീയതയുടെ അതേ തത്ത്വചിന്തയെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇതു പ്രകാരം വിവിധ 'ഇന്ത്യന്‍ മതങ്ങള്‍' അവയുടെ ആചാരങ്ങള്‍, വിശ്വാസങ്ങള്‍ എന്നിവ പൊതു പൈതൃകമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ പൊതു പൈതൃകത്തിന് ഇന്ത്യന്‍ രാഷ്ട്രവുമായി പ്രത്യേക ബന്ധമുണ്ടെന്നാണ് സങ്കല്‍പ്പിക്കുന്നത്. 'സെമിറ്റിക് മതങ്ങള്‍' എന്ന് വിളിക്കപ്പെടുന്നവക്കും അവയുടെ വിശ്വാസ വികാരങ്ങള്‍ക്കും  ഈ തത്ത്വചിന്തക്കകത്ത് യാതൊരു വിധ സ്ഥാനവും വകവെച്ചുനല്‍കുന്നില്ല. അവ ഈ രാജ്യത്തിന്റെ ആവാസ വ്യവസ്ഥക്ക് (Ecosystem) യോജിക്കാത്തതും അന്യവുമാണെന്നാണ് സങ്കല്‍പ്പിക്കുന്നത്. 
(തുടരും)
വിവ: അബ്ദുല്‍ ഹകീം നദ്‌വി

അടിക്കുറിപ്പുകള്‍:
1. സ്വാമി വിവേകാനന്ദന്‍ (1961), സ്വാമി വിവേകാനന്ദന്റെ സമ്പൂര്‍ണ കൃതികള്‍, വാല്യം 5, ശ്രീരാമകൃഷ്ണ മഠം, പേജ് 98
2. Ibid, Vol 3, ശ്രീരാമകൃഷ്ണ മഠം, പേജ് 160
3. ജവഹര്‍ലാല്‍ നെഹ്റു (1985), ദി ഡിസ്‌കവറി ഓഫ് ഇന്ത്യ, ഓക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റി പ്രസ്സ്, ദല്‍ഹി. പേജ് 28.
4. എം.കെ. ഗാന്ധി (1949), Communal Unity, നവജീവന്‍ പബ്ലിഷിംഗ് ഹൗസ്, അഹ്മദാബാദ്, പേജ് 588
5. കയശറ, പേജ് 56, 112
6. സ്വാമി വിവേകാനന്ദന്‍ (1961), സ്വാമി വിവേകാനന്ദന്റെ സമ്പൂര്‍ണ കൃതികള്‍, വാല്യം 6, ശ്രീരാമകൃഷ്ണ മഠം, പേജ് 462-463 (CXLII)
7. Ibid വാള്യം 2, ഭാഗം മൂന്ന് ('പ്രായോഗിക വേദാന്തം')
8. സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ (1954), ദി ഹിന്ദു വ്യൂ ഓഫ് ലൈഫ്, ജോര്‍ജ് അലന്‍ & അന്‍വിന്‍ ലിമിറ്റഡ്. ലണ്ടന്‍, പേജ് 37
9. Ibid പേജ് 55
10. ശശി തരൂര്‍ (2018), Why I am a Hindu, അലിഫ് ബുക്ക് കമ്പനി, ന്യൂദല്‍ഹി, പേജ് 9
11. ശശി തരൂര്‍ (2018), Hinduism a Liberal Faith 'ഇന്ത്യ ടുഡേ' കവര്‍ സ്റ്റോറി, ജനുവരി 29, 2018
12. ശശി തരൂര്‍ (2019), The Hindu Way, അലിഫ് ബുക്ക് കമ്പനി, ന്യൂദല്‍ഹി
13. ശശി തരൂര്‍ (2018), Why I am a Hindu, അലിഫ് ബുക്ക് കമ്പനി, ന്യൂദല്‍ഹി, പേജ് 195
14. Ibid പേജ് 9,47,61,118,291,294
15. മൗലാനാ അബുല്‍ കലാം ആസാദ്, സ്വാതന്ത്ര്യ പ്രഭാഷണങ്ങള്‍, പേജ് 280
16. Sadan Jha (2014) The Life and Times of Bharat Mata in Manushi February 2014 (ലക്കം 1420, ന്യൂദല്‍ഹി, പേജ് 34-38)
17. https://www.culturalindia.net/indianþtemples/bharatþmataþharidwar.htmlretrieved 11-07-2021
18. വിശദാംശങ്ങള്‍ കാണുക: https://myoksha.com/bharatþmataþmandirþharidwar/#What_is_the_significance_of_Bharat_Mata_Mandir_Haridwar 10þ07-2021

Comments

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 21-23
ടി.കെ ഉബൈദ്‌

ഹദീസ്‌

ദൈവം യേശുവിനോട് പറഞ്ഞത്‌
അബ്ദുല്ലത്വീഫ് കൊടുവള്ളി