ദൈവത്തിന്റെ സ്വരം
യന്ത്രയുഗ നാഗരികതയുടെ
ഒച്ചകളിലല്ല
പ്രകൃതിയുടെ തനിമയില്‍
നിശ്ശബ്ദതയുടെ ആഴങ്ങളിലാണ്
ദൈവത്തിന്റെ സ്വരമുദ്രകള്‍
ദൃഷ്ടാന്തങ്ങളായി തെളിയുന്നത്.
മഴ വന്ന് മുട്ടി വിളിക്കുമ്പോള്‍
മണ്‍മെത്തയിലെ
വിത്തിലുറങ്ങും വസന്തം
ജൈവ കവാടം മെല്ലെത്തുറന്ന്
ഈരിലക്കൂമ്പാല്‍ നീരവം
പുലര്‍വെയിലിനെ നമിക്കുമ്പോള്‍
ആ രമ്യരാഗലയ ഭാവത്തില്‍
ആയിരം സൂര്യതേജസ്സായ്
അത് വിടരുന്നു!
അത്യത്ഭുതങ്ങളാം രാപ്പകലുകള്‍
അത്യന്ത നിശ്ശബ്ദചാരികള്‍!
അതിലേറെയാശ്ചര്യം
ജീവന്റെ പുളകോദ്ഗമങ്ങളും
അന്തരാത്മാവിലെ
സര്‍ഗമുകുളങ്ങളും.
ആരവമേതുമില്ലാതെയവ
ദിവ്യത്വ മനായാസമാവിഷ്‌കരിക്കയാം.
തുള്ളിക്കൊരു കുടം വെള്ളമായ്
അലറി എറിഞ്ഞു വീഴ്ത്താതെ
നേര്‍ത്ത ജലധാരയായ്
മഴയുടെ നന്തുണിച്ചിന്ത്!
പാരിതില്‍ സൗന്ദര്യപൂരം വിതറുന്ന
മാരിവില്‍ വിടരുന്നതെത്ര
നിശ്ശബ്ദമായ്!
ലക്ഷോപലക്ഷം സംവത്സരങ്ങളായ്
കോടാനുകോടി ഗോളങ്ങള്‍ വാനിലെ
നീലനീഹാര തീരങ്ങളില്‍
തിരിയുന്നു ശാന്തനിശ്ശബ്ദമായ്!
ഈ മഹാബ്രഹ്മാണ്ഡ
വിസ്മയ ലീലയാകെ
ആ ദിവ്യമൗനത്തിന്‍
സിംഫണിയില്‍ വിലയിച്ചതാം.
ഉദയപ്രതീതിയില്‍
കിളികളും
മലമുനമ്പുകളുമുണരുന്നതിന്‍ മുമ്പ്
ധ്യാനലീനമാം പ്രകൃതിയിലെ
പുലര്‍കാല മൗനത്തെ
മനുഷ്യനിര്‍മിത ഘോരനാദങ്ങള്‍
കീറിമുറിക്കുന്നതിനും മുമ്പ്
ഹിജാസിന്റെയരുണമാം
ചക്രവാളങ്ങളില്‍നിന്ന്
ജിബ്രീല്‍ പുതുയുഗദൂതുമായന്ന്
ജബലുന്നൂറിലിറങ്ങിയ
വിജനമരുവിലെ
പവിത്രമാം പുലര്‍വേള പോലെ
പ്രശാന്തമായ വിനാഴികയില്‍
പൂവിതളില്‍ മഞ്ഞുതുള്ളി വീഴുന്നതില്‍
പ്രഭോ, അവിടുത്തെ കാലൊച്ച
കേള്‍ക്കുന്നു ഞാന്‍.
Comments