Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 01

3220

1443 സഫര്‍ 24

പാലാ ബിഷപ്പിന് സ്‌േനഹപൂര്‍വം

അഡ്വ. ടി െക മുഹമ്മദ് അസ്‌ലം

പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിന്റെ രക്ഷയും സമാധാനവും താങ്കള്‍ക്ക് ലഭിക്കട്ടെ.
പാലാ രൂപതയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ താങ്കള്‍ ക്രൈസ്തവ സമൂഹത്തിനു നേതൃത്വം നല്‍കുകയും അവരുടെ വിശ്വാസപരവും കര്‍മപരവുമായ  ഉയര്‍ച്ചക്കും വളര്‍ച്ചക്കും വേണ്ട നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കിവരികയുമാണല്ലോ. മദ്യത്തിന്റെയും ലഹരി പദാര്‍ഥങ്ങളുടെയും ഉപയോഗവും ലൈംഗിക സദാചാര ലംഘനം, സ്ത്രീപീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളും സഭാ വിശ്വാസികള്‍ക്കിടയില്‍ വര്‍ധിക്കുന്നതിനെതിരെ  താങ്കള്‍  ബോധവത്കരണം നടത്തുന്നുമുണ്ട്.
'ജീസസ് പറഞ്ഞു: കൊലപാതകം അരുത്. വ്യഭിചാരം അരുത്. മോഷ്ടിക്കരുത്. കള്ളസാക്ഷ്യം വഹിക്കരുത്. നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക' ( മത്തായി 19:18-19) എന്ന ബൈബിള്‍ വചനവും വേറെയും വചനങ്ങളും (മാര്‍ക്കോസ് 10:19, ലുക്കോസ് 18:20) ഉണ്ടല്ലോ. ഇവയെല്ലാം വിശ്വാസികളെ കേള്‍പ്പിക്കുകയും അവക്കനുസരിച്ച് ജീവിക്കാന്‍ അവരെ ഉപദേശിക്കുകയും  ചെയ്യുന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ആളുകള്‍ സംശുദ്ധരായിത്തീരുമ്പോള്‍ മൊത്തം സമൂഹത്തിനും അത് ഗുണകരമാകുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. മഹാനായ ജീസസ് (ദൈവരക്ഷയും സമാധാനവും അദ്ദേഹത്തിനുണ്ടാവട്ടെ) പഠിപ്പിച്ച സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും അധ്യാപനങ്ങളാകട്ടെ  താങ്കള്‍ വിശ്വാസി സമൂഹത്തില്‍ പ്രസരിപ്പിക്കുന്നത്.
കോട്ടയം ജില്ലയിലെ കുറവിലങ്ങാട് മാര്‍ത് മറിയം പില്‍ഗ്രിം ചര്‍ച്ചില്‍ സെപ്റ്റംബര്‍ എട്ടിന് വിശ്വാസികളോട് താങ്കള്‍ നടത്തിയ പ്രഭാഷണത്തില്‍, 'ജിഹാദികള്‍' മുസ്‌ലിംകളല്ലാത്തവരെ, പ്രത്യേകിച്ച് അവരിലെ യുവാക്കളെ മയക്കുമരുന്നിന്റെ അടിമകളാക്കി മാറ്റുന്നുവെന്നും അതിനായി ഹോട്ടലുകള്‍, ഐസ് ക്രീം പാര്‍ലറുകള്‍, ജ്യൂസ് കടകള്‍ എന്നിവ ഉപയോഗിക്കുന്നുവെന്നും പ്രസ്താവിക്കുകയുണ്ടായി.
'മുസ്‌ലിംകളല്ലാത്തവരെ' എന്ന താങ്കളുടെ പ്രയോഗവും  ഇസ്‌ലാമിലെ സാങ്കേതിക പദമായ 'ജിഹാദി'നെ മയക്കുമരുന്നിനോട് ചേര്‍ത്തു പറഞ്ഞതും മുസ്ലിം സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും പ്രയാസപ്പെടുത്തുന്നതുമായി എന്ന കാര്യം താങ്കള്‍ക്ക് അറിയാവുന്നതാണ്. മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷം വളര്‍ത്തുക എന്ന ഉദ്ദേശ്യം താങ്കള്‍ക്ക് ഇല്ലായിരുന്നുവെങ്കില്‍ ഖുര്‍ആനിക പദത്തിന് പകരം ബൈബിള്‍ പദമായിരുന്നല്ലോ താങ്കള്‍ ഉപയോഗിക്കേണ്ടിയിരുന്നത്. താങ്കള്‍ പ്രയോഗിച്ച രണ്ട് പദങ്ങള്‍ (Narcotic, Jihad) ആകട്ടെ പരസ്പരവിരുദ്ധവുമാണ്. ഖുര്‍ആന്‍ പരിചയപ്പെടുത്തിയ 'ജിഹാദ്' എന്ന പദത്തിന്റെ അര്‍ഥം 'വിശുദ്ധ യുദ്ധം' എന്നല്ല, വിശുദ്ധ യുദ്ധം എന്ന പരികല്‍പന ഇസ്ലാമിന്റെ എതിരാളികള്‍ ഇസ്ലാമിന്റെ പേരില്‍ വെച്ചുകെട്ടിയതാണെന്ന കാര്യം താങ്കള്‍ മനസ്സിലാക്കുമല്ലോ. 'ജിഹാദ്' എന്ന അറബി പദത്തിന്റെ അര്‍ഥം 'കഠിനമായ പരിശ്രമം, അങ്ങേയറ്റത്തെ ത്യാഗപരിശ്രമം' എന്നൊക്കെയാണ്. സത്യത്തിനു വേണ്ടി സ്വന്തം ജീവന്‍ ബലി നല്‍കേണ്ടിവന്നാല്‍ അത് നല്‍കിയും സത്യമാര്‍ഗത്തില്‍ അടിയുറച്ചു നിലകൊള്ളുക എന്നാണ് ജിഹാദ് എന്ന പദം അര്‍ഥമാക്കുന്നത്. 'അക്രമിയായ ഭരണാധികാരിക്ക് മുമ്പില്‍ സത്യം വിളിച്ചു പറയലാണ് ശ്രേഷ്ഠമായ ജിഹാദ്' എന്ന് അന്ത്യ പ്രവാചകന്‍ മുഹമ്മദ് (ദൈവരക്ഷയും സമാധാനവും അദ്ദേഹത്തിനുണ്ടാവട്ടെ) പ്രഖ്യാപിച്ചത് താങ്കളുടെ ശ്രദ്ധയില്‍പെടുത്തട്ടെ.
മദ്യപാനവും ലഹരിയുടെ ഉപയോഗവും ഇസ്ലാമില്‍ നിഷിദ്ധം (ഹറാം) ആണെന്ന കാര്യം താങ്കള്‍ക്കറിയാമല്ലോ. പേരില്‍ മുസ്‌ലിമായ ചിലര്‍ മദ്യപാനികളും മയക്കുമരുന്നുപയോഗിക്കുന്നവരും ആകുന്നത് ഖുര്‍ആനും പ്രവാചകനും അതനുവദിച്ചതുകൊണ്ടല്ല, മറിച്ച് ഖുര്‍ആനും നബിചര്യയും ലംഘിക്കുന്നതുകൊണ്ടാണെന്ന കാര്യം താങ്കള്‍ക്കറിയുമല്ലോ. സഭാ വിശ്വാസികളില്‍ അരുതാത്തത് ചെയ്യുന്നവര്‍ അത്തരം ചെയ്തികളില്‍ ഏര്‍പ്പെടുന്നത് മഹാനായ ജീസസിന്റെ (അദ്ദേഹത്തിന് ദൈവ രക്ഷയും സമാധാനവും ഉണ്ടാവട്ടെ) നിര്‍ദേശങ്ങള്‍ അനുസരിക്കാത്തതു പോലെ.
'അല്ലയോ വിശ്വസിച്ചവരേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും അവക്കു മുന്നില്‍ അമ്പുകൊണ്ട് ഭാഗ്യം നോക്കുന്നതുമെല്ലാം പൈശാചികവൃത്തികളില്‍പെട്ട മാലിന്യങ്ങളാകുന്നു. അതൊക്കെയും വര്‍ജിക്കുക. നിങ്ങള്‍ക്ക് വിജയസൗഭാഗ്യം പ്രതീക്ഷിക്കാം' (ഖുര്‍ആന്‍ 5:90), 'ലഹരിയുണ്ടാക്കുന്ന എല്ലാം നിഷിദ്ധം (ഹറാം) ആകുന്നു', 'മദ്യം തിന്മകളുടെ മാതാവും വന്‍പാപങ്ങളില്‍ ഏറ്റവും വലുതുമാകുന്നു' (മുഹമ്മദ് നബി) തുടങ്ങിയ ഖുര്‍ആന്‍, ഹദീസ് വചനങ്ങളിലൂടെ  ഇസ്ലാം നിഷിദ്ധമായി പ്രഖ്യാപിച്ച ലഹരിപദാര്‍ഥത്തെ, ജിഹാദ് എന്ന സത്യമാര്‍ഗത്തിലെ ത്യാഗപരിശ്രമങ്ങളുമായി കൂട്ടിക്കെട്ടുകയാണല്ലോ താങ്കള്‍ ചെയ്തത്.
'മുസ്‌ലിംകളില്‍ ചിലര്‍ ഖുര്‍ആനിക നിര്‍ദേശങ്ങള്‍ക്കും പ്രവാചക അധ്യാപനങ്ങള്‍ക്കുമെതിരായി മയക്കുമരുന്ന് ഉപയോഗിക്കുന്നു' എന്നായിരുന്നു താങ്കള്‍ പറഞ്ഞുവെച്ചതെങ്കില്‍ അത് മുസ്ലിം സമൂഹം സ്വാഗതം ചെയ്യുമായിരുന്നു. കാരണം മുസ്ലിം പണ്ഡിതന്മാരും നേതാക്കളും വെള്ളിയാഴ്ച പ്രാര്‍ഥനാ വേളയിലെ പ്രഭാഷണത്തിലൂടെയും മറ്റു പ്രസംഗങ്ങളിലൂടെയും   മുസ്ലിം സമൂഹത്തെ അക്കാര്യം ഉദ്‌ബോധിപ്പിക്കാറുണ്ട്.
ഹോട്ടലുകളും ഐസ്‌ക്രീം പാര്‍ലറുകളും ജ്യൂസ് കടകളും മയക്കുമരുന്ന് ഉപയോഗത്തിനുവേണ്ടി ഉപയോഗിക്കുന്നുവെന്ന 'വിവരം' ആണല്ലോ താങ്കള്‍ അറിയിച്ചത്. ഇത്തരം ഒരു വലിയ കുറ്റകൃത്യം 'നടക്കുന്ന വിവരം' താങ്കള്‍ എന്തുകാണ്ട് പോലീസിനെയും ബന്ധപ്പെട്ട മറ്റു ഉദ്യോഗസ്ഥരെയും അറിയിക്കുന്നില്ല? മാരകമായ  കുറ്റകൃത്യം നടക്കുന്ന ആ ഹോട്ടലുകള്‍, ഐസ്‌ക്രീം പാര്‍ലറുകള്‍, ജ്യൂസ് കടകള്‍ എന്നിവ താങ്കള്‍ക്കറിയാമായിരുന്നിട്ടും അത്തരം സ്ഥലങ്ങള്‍  ആര്‍ക്കും താങ്കള്‍ ചൂണ്ടിക്കാണിച്ചുകൊടുക്കാത്തത് എന്തുകൊണ്ടാണെന്ന്  മനസ്സിലാവുന്നില്ല. താങ്കളുടെ രൂപതയുടെ ആസ്ഥാനത്തിനടുത്തുള്ള ഹോട്ടലുകളിലും ജ്യൂസ് കടകളിലും ആണോ 'മുസ്ലിമല്ലാത്ത യുവാക്കളെ ലഹരിക്കടിപ്പെടുത്തുന്നത്?'
ഠവല ചമൃരീശേര ഉൃൗഴ െമിറ ജ്യെരവീൃേീുശര ടൗയേെമിരല െഅര േ1985 (ചഉജട അര)േ എന്ന പേരിലുള്ള  നിയമം നമ്മുടെ നാട്ടില്‍ നിലവിലുണ്ടല്ലോ. എങ്കില്‍, താങ്കളുടെ കൈവശമുള്ള 'വിവരം' പോലീസിനും ബന്ധപ്പെട്ടവര്‍ക്കും കൈമാറണമെന്ന് താങ്കളോട് ആവശ്യപ്പെടുകയാണ്. അതിന് താങ്കള്‍ സന്നദ്ധമല്ലെങ്കില്‍ സത്യവിരുദ്ധമായ ഒരു ആരോപണവും വിദ്വേഷമുണ്ടാക്കുന്ന പ്രസ്താവനയുമാണ് താങ്കള്‍ ഉദ്ദേശിച്ചതും പറഞ്ഞതും എന്ന കാര്യം വ്യക്തമാവും.  ആയതിനാല്‍, വിശ്വാസിസമൂഹത്തെ 'വഴിതെറ്റിക്കുന്ന' പ്രസ്താവന നടത്തിയതിന്റെ പേരില്‍ താങ്കള്‍ ഖേദപ്രകടനം നടത്തുമല്ലോ. 'വഴിതെറ്റിയവരെ നേര്‍വഴിക്കു നടത്താന്‍' കടപ്പെട്ടവരാണല്ലോ താങ്കളെപ്പോലുള്ളവര്‍. മഹാനായ ജീസസിന്റെ (അദ്ദേഹത്തിന് ദൈവ രക്ഷയും സമാധാനവുമുണ്ടാവട്ടെ) പാത പിന്‍പറ്റുന്ന താങ്കളുടെ പ്രസ്താവനകള്‍ അനുയായികളെ 'വഴിതെറ്റിക്കുന്ന'താവരുതല്ലോ. 'എന്തെന്നാല്‍, നിങ്ങളുടെ നീതി പരീശന്മാരുടെയും നിയമജ്ഞരുടെയും ന്യായത്തെ മറികടന്നില്ലെങ്കില്‍, നിങ്ങള്‍ തീര്‍ച്ചയായും സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു' (മത്തായി 5:20) എന്നാണല്ലോ ബൈബിള്‍ വചനം.
താങ്കളുടെ വാസ്തവവിരുദ്ധമായ പ്രസ്താവന മുസ്ലിം സമൂഹത്തെ പ്രയാസപ്പെടുത്തിയിരിക്കുന്നു. ഈ വിദ്വേഷ പ്രസ്താവന പിന്‍വലിക്കാനും ഖേദപ്രകടനം നടത്താനും താങ്കള്‍ സന്നദ്ധമാകുമെന്ന് പ്രതീക്ഷിക്കുന്നു. ദൈവത്തിന്റെ രക്ഷയും സമാധാനവും അങ്ങേക്കുണ്ടാവട്ടെ.



 

ഗൗരവ വായന തിരിച്ചുപിടിക്കണം

    െക.പി.എ റസാഖ് കൂട്ടിലങ്ങാടി


വായനയും പഠനവും ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ജീവാത്മാവാണെന്ന് പറയേണ്ടതില്ല. ജമാഅത്തെ ഇസ്ലാമി എന്ന സംഘടന ആരംഭിച്ചതുതന്നെ ഭുവന പ്രശസ്തമായ ഒരെഴുത്തുകാരന്റെ കരുത്തുറ്റ തൂലികയിലൂടെയാണ്. വായിക്കാന്‍ പുസ്തകങ്ങളില്ലാത്ത കുറവ് ഇന്ന് പ്രസ്ഥാനത്തിനില്ല. വായന വ്യക്തിനിഷ്ഠമായ അഭിരുചിയുടെ പ്രതിഫലനമാണെങ്കിലും പ്രസ്ഥാനത്തിന്റെ പ്രേരണയും പ്രോത്സാഹനവും ഏറെ അനിവാര്യമാണ്. വായനാശീലം വളര്‍ത്തിയെങ്കിലേ പ്രസ്ഥാനത്തിന് ജീവനും നിലനില്‍പുമുള്ളൂ. ആസൂത്രിതമായ ശ്രമം തന്നെ ഇതിനാവശ്യമാണ് എന്ന് 'നവോത്ഥാന ധര്‍മങ്ങള്‍' എന്ന കൃതിയില്‍ ടി.കെ അബ്ദുല്ല സാഹിബ് എഴുതിയിട്ടുണ്ട്.
പ്രസ്ഥാനത്തിന്റെ ആദര്‍ശം ഹൃദയത്തില്‍ ഏറ്റുവാങ്ങിയ പ്രവര്‍ത്തകരുടെ ഒരു തലമുറ ക്രമപവൃദ്ധമായി നിഷ്‌ക്രമിച്ചുകൊണ്ടിരിക്കുകയാണ്. കരുത്തുറ്റ ആദര്‍ശവും തജ്ജന്യമായ ആര്‍ജവവും ധീരതയുമുള്ള അവരെ, വ്യതിചലിപ്പിക്കാന്‍ ശേഷിയുള്ള ഒന്നുമുണ്ടായിരുന്നില്ല. കമ്യൂണിസത്തിന്റെ ഈറ്റില്ലങ്ങളില്‍  അതിന്റെ പ്രചാരണത്തിന് തങ്ങളുടെ സകലമാന കഴിവുകളും വിനിയോഗിച്ചുകൊണ്ടിരിന്നവര്‍ പ്രസ്ഥാന സാഹിത്യങ്ങളിലൂടെ ഈ വഴിയില്‍ വന്നതിന്റെ ത്രസിപ്പിക്കുന്ന ചരിത്രങ്ങള്‍ ഏറെയുണ്ട്. അബ്ദുല്‍ ഹയ്യ് എടയൂര്‍ അത്തരക്കാരില്‍ ഒരാളാണ്. കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനും പ്രഥമ അമീറുമായിരുന്ന ഹാജി സാഹിബിന്റെ പ്രവര്‍ത്തന ഫലമായാണ് തികഞ്ഞ നാസ്തികനും കമ്യൂണിസ്റ്റുകാരനുമായിരുന്ന അദ്ദേഹം ഇസ്ലാമിക പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നത്. വലിയൊരു പൊതുസമ്മേളന വേദിയില്‍ വെച്ച് ശഹാദത്ത് കലിമ ഉറക്കെ ഉരുവിട്ടുകൊണ്ടായിരുന്നുവത്രെ അദ്ദേഹം ജമാഅത്ത് പ്രവേശം വിളംബരം ചെയ്തത്. പിന്നീട് മരണം വരെ തന്റെ തൂലിക ഇസ്ലാമിന്റെ പടവാളാക്കിയാണദ്ദേഹം  ജീവിച്ചത്. അത്തരത്തില്‍ നിരവധി പേര്‍ ഈ പ്രസ്ഥാനത്തെ ധന്യമാക്കുകയുണ്ടായി. വായനയിലൂടെ പ്രസ്ഥാനത്തെ ഉള്‍ക്കൊണ്ട അവര്‍ ഒരുവിധ പ്രലോഭനങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും പിന്തിരിപ്പിക്കാന്‍ പറ്റാത്തത്ര ആദര്‍ശധീരരായിരുന്നു.
വായന മടുപ്പായിത്തീര്‍ന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. വായനയും പഠനവുമില്ലാത്ത അവസ്ഥ ആശങ്കാജനകമാണ്. വായിക്കാന്‍ സമയമില്ലെന്ന പല്ലവി ആവര്‍ത്തിക്കുന്നതിനു പകരം എവിടെയാണ് നമ്മുടെ സമയം നഷ്ടപ്പെടുന്നതെന്ന് ചിന്തിക്കണം. പ്രബോധനം വാരികയെങ്കിലും മുടങ്ങാതെ വായിക്കുന്നത് ശീലമാക്കണം. 
താന്‍ തെരഞ്ഞെടുത്ത ആദര്‍ശത്തിന്റെ ഗരിമയും മഹിമയും വ്യതിരിക്തതയും മനസ്സിലാക്കാത്ത ഒരാള്‍ക്ക് അചഞ്ചലനായി പ്രസ്ഥാനത്തില്‍ നില്‍ക്കുക പ്രയാസമാണ്. സാമൂഹിക മാധ്യമങ്ങളില്‍നിന്ന് ലഭിക്കുന്നത് കുറച്ച് വിവരങ്ങള്‍ മാത്രമായിരിക്കും. നവോത്ഥാന പ്രവര്‍ത്തനത്തിന്റെ ഭാഗമാകാന്‍ ഈ വിവരങ്ങള്‍ മതിയാകില്ല. ഗൗരവ വായന കുറച്ചെങ്കിലും അനിവാര്യമാണ്.


 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 21-23
ടി.കെ ഉബൈദ്‌

ഹദീസ്‌

ദൈവം യേശുവിനോട് പറഞ്ഞത്‌
അബ്ദുല്ലത്വീഫ് കൊടുവള്ളി