Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 01

3220

1443 സഫര്‍ 24

മുസഫര്‍ നഗര്‍ വഴികാട്ടുന്നു

2013 ആഗസ്റ്റ് 27. മുസഫര്‍ നഗറിലെ കവാല്‍ ഗ്രാമത്തില്‍ ഒരു ബൈക്കും സൈക്കിളും കൂട്ടിയിടിക്കുന്നു. പെട്ടെന്ന് പറഞ്ഞു തീര്‍ക്കേണ്ടിയിരുന്ന പ്രശ്‌നം കൈവിട്ടുപോവുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. രണ്ടു മൂന്ന് പേര്‍ക്ക് ജീവഹാനിയുണ്ടായി. മരിച്ചവര്‍ ഇരു സമുദായങ്ങളില്‍ പെട്ടവര്‍. അടുത്ത മാസം സെപ്റ്റംബര്‍ ഏഴിന് പഞ്ചായത്ത് ചേര്‍ന്ന് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചതിനു ശേഷം മുസഫര്‍  നഗര്‍ ജില്ലയില്‍ എന്താണ് നടന്നതെന്ന് നാം കണ്ടതാണ്. വര്‍ഗീയ ശക്തികള്‍ അവസരം നന്നായി മുതലെടുത്തു. കലാപത്തില്‍ 68 നിരപരാധികള്‍ക്കാണ് ജീവന്‍ നഷ്ടമായത്.  അമ്പതിനായിരം പേര്‍ വീടു വിട്ടോടിപ്പോയി. പതിനായിരങ്ങള്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ താമസിക്കാന്‍ നിര്‍ബന്ധിതരായി. ജാട്ട്-മുസ്‌ലിം സമൂഹങ്ങള്‍ക്കിടയില്‍ നൂറ്റാണ്ടുകളായി വിഭജനകാലത്തുപോലും നിലനിന്ന സാമുദായിക ഐക്യവും സൗഹൃദവുമാണ് തകര്‍ന്നത്. വര്‍ഗീയ കക്ഷികള്‍ക്ക് ചാകര തന്നെയായിരുന്നു. പിന്നീട് സംസ്ഥാനത്തെ സകല തെരഞ്ഞെടുപ്പുകളും അവര്‍ തൂത്തുവാരി. ഇപ്പോഴിതാ എട്ട് വര്‍ഷത്തിനു ശേഷം മുസഫര്‍ നഗറില്‍ മറ്റൊരു പഞ്ചായത്ത് കൂടി ചേര്‍ന്നിരിക്കുന്നു. ഇത് സാദാ പഞ്ചായത്തല്ല, മഹാ പഞ്ചായത്ത്. ഈ കോവിഡ് കാലത്തും ലക്ഷക്കണക്കിന് പേരാണ് അതില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നത്. സ്റ്റേജില്‍നിന്ന് അല്ലാഹു അക്ബര്‍, ഹര ഹര മഹാദേവ വിളികള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. ഏറെക്കാലത്തെ അകല്‍ച്ചക്കു ശേഷം ജാട്ട് - മുസ്‌ലിം ഐക്യം യാഥാര്‍ഥ്യമായതിന്റെ സൂചനയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
മഹാ പഞ്ചായത്ത് സംഘടിപ്പിച്ചത് ഇന്ത്യന്‍ കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ ഒരു വര്‍ഷക്കാലമായി സമരം ചെയ്യുന്ന കര്‍ഷകരാണ്. കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്നവരാണ് മുസഫര്‍ നഗറിലെ ജാട്ടുകളിലും മുസ്‌ലിംകളിലും പെട്ട അധികപേരും. വര്‍ഗീയ സംഘര്‍ഷം ഇരുകൂട്ടരുടെയും സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. അതിനിടയിലാണ് വിവാദ കാര്‍ഷിക നിയമങ്ങളുമായി സംഘ് പരിവാറിന്റെ വരവ്. ഇത്രയും കാലം സംഘ് പരിവാറിനെ പിന്തുണച്ച തങ്ങളെ അവര്‍ ചതിക്കുകയായിരുന്നുവെന്ന് മുസഫര്‍ നഗറിലെ ജാട്ട് കര്‍ഷകര്‍ ഇന്ന് തിരിച്ചറിയുന്നുണ്ട്. ഐക്യത്തിലേക്ക് വഴി തുറന്നത് ഈയൊരു പശ്ചാത്തലമാണ്. കലാപം സൃഷ്ടിച്ച മുറിവുകളൊക്കെ ഭേദമായി എന്ന് ഇതിനര്‍ഥമില്ല. പക്ഷേ കര്‍ഷകരുടെ സമരവേദി നല്ലൊരു തുടക്കമാണ് സമ്മാനിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ആദ്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യു.പിയില്‍ ഭരണകക്ഷിയായ ബി.ജെ.പിയെ സംബന്ധിച്ചേടത്തോളം ഒട്ടും ശുഭകരമല്ല സാമുദായിക മൈത്രിയുടെ ഈ പുനഃസ്ഥാപനം. അത് തകര്‍ക്കാനുള്ള കുടില പദ്ധതികളൊക്കെ അണിയറയില്‍ ഒരുങ്ങുന്നുമുണ്ടാവും. സംഘ് പരിവാറുമായി ചില്ലറ ഒളിച്ചുകളികള്‍ക്ക് കോപ്പു കൂട്ടുന്ന ബി.എസ്.പി നേതാവ് മായാവതിക്ക് വരെ പുതുതായി രൂപപ്പെട്ട സൗഹൃദാന്തരീക്ഷത്തെ ശ്ലാഘിക്കേണ്ടി വന്നിട്ടുണ്ട്.
എട്ട് വര്‍ഷത്തിനു ശേഷമാണെങ്കിലും സംഘ് പരിവാറിന്റെ തനിനിറം തിരിച്ചറിയാനായി ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ക്ക്. മുസഫര്‍ നഗറിലെ ഐക്യം സംസ്ഥാനത്തിന്റെ ഇതര ജില്ലകളിലും യാഥാര്‍ഥ്യമാവുമെന്ന ഭീതി സംഘ് പരിവാറിനുണ്ട്. മതേതര കക്ഷികളുടെ അനൈക്യത്തിലാണ് ഇപ്പോള്‍ അവരുടെ ഏക പ്രതീക്ഷ. അതേസമയം രാജ്യത്ത് പൊതുവെ ഇങ്ങനെയൊരു അന്തരീക്ഷം രൂപപ്പെടുമ്പോള്‍ പ്രബുദ്ധ കേരളത്തില്‍ ഒരു വിഭാഗമാളുകള്‍ സംഘ് പരിവാറിന്റെ വിഭാഗീയ അജണ്ടകള്‍ ഏറ്റെടുക്കാന്‍ തയാറാകുന്നു എന്നത് നമ്മുടെ മതേതര പ്രതിഛായക്ക് തെല്ലൊന്നുമല്ല മങ്ങലേല്‍പ്പിച്ചത്. ഉത്തര്‍പ്രദേശിലെ വിവിധ ജനവിഭാഗങ്ങള്‍ക്കും കര്‍ഷക സമൂഹങ്ങള്‍ക്കും അനുഭവിക്കേണ്ടി വന്നതിലപ്പുറമായിരിക്കും ഈ വിഭാഗങ്ങള്‍ക്ക് അനുഭവിക്കേണ്ടിവരിക. ഒരു വിഭാഗത്തിനെതിരായ വിഷം വമിക്കുന്ന ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ തയാറാകാതെ ഫാഷിസ്റ്റ് അജണ്ടകള്‍ക്ക് വളം വെച്ചു കൊടുക്കുന്നവരും അവരെ താങ്ങുകയും സുഖിപ്പിക്കുകയും ചെയ്യുന്ന 'ഇടതുപക്ഷ' ഭരണകൂടവും തങ്ങള്‍ക്കുണ്ടായ പ്രതിഛായാ നഷ്ടത്തിന്റെ ആഴം അറിയാനിരിക്കുന്നതേയുള്ളൂ.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 21-23
ടി.കെ ഉബൈദ്‌

ഹദീസ്‌

ദൈവം യേശുവിനോട് പറഞ്ഞത്‌
അബ്ദുല്ലത്വീഫ് കൊടുവള്ളി