Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 01

3220

1443 സഫര്‍ 24

നാര്‍ക്കോട്ടിക് ജിഹാദോ?

കെ. ഇല്‍യാസ് മൗലവി

ഇസ്‌ലാമിക പ്രബോധനത്തിന് ഏതു മാര്‍ഗവും സ്വീകരിക്കാന്‍ ഒരു മുസ്‌ലിമിന് പാടില്ല. അതിന് വളരെ കൃത്യവും വ്യക്തവും സുതാര്യവുമായ വഴികളേ സ്വീകരിക്കാവൂ. അല്ലാഹു പറയുന്നു: ''യുക്തിപൂര്‍വമായും സുന്ദരമായ സദുപദേശത്തോടുകൂടിയും നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് പ്രബോധനം ചെയ്യുക. നല്ല രീതിയില്‍ ജനങ്ങളോടു സംവദിക്കുക'' (അന്നഹ്ല്‍ 125).
മദ്യവും മയക്കുമരുന്നും നല്‍കി ആളുകളെ മയക്കി ഇസ്‌ലാമിലേക്ക് ആളെക്കൂട്ടുന്നത് അല്ലാഹു പൊറുക്കാത്ത കുറ്റമാണ്. ഇസ്‌ലാമിക ശരീഅത്തിന്റെ ഒരടിസ്ഥാന തത്ത്വമാണ് مَا حَرُمَ أَخْذُهُ حَرُمَ إِعْطَاؤُهُ  അഥവാ 
ഏതൊരു സംഗതി വാങ്ങുന്നതും സ്വീകരിക്കുന്നതും പാടില്ലയോ അത് നല്‍കുന്നതും ഹറാമാണ് എന്നത്. ശൈഖ് യൂസുഫുല്‍ ഖറദാവി എഴുതുന്നു: ''നിഷിദ്ധം, അത് ചെയ്യുന്ന ആളുടെ ലക്ഷ്യം അത്യുത്തമവും ഉദ്ദേശ്യം അതീവ ശ്രേഷ്ഠവും വികാരം മഹത്തരവുമാണെങ്കിലും അത് നിഷിദ്ധം തന്നെയായിരിക്കും. മഹിതമായ ലക്ഷ്യത്തിനായി നിഷിദ്ധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനെ ഇസ്‌ലാം ഒരിക്കലും അംഗീകരിക്കുന്നില്ല. കാരണം ഉദ്ദേശ്യശ്രേഷ്ഠതയും മാര്‍ഗവിശുദ്ധിയും ഒന്നുപോലെ വേണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. 'ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു' എന്ന തത്ത്വമോ, 'നിരവധി അസത്യങ്ങളിലൂടെ സത്യത്തിലെത്തിച്ചേരുക' എന്ന സിദ്ധാന്തമോ ഇസ്‌ലാം ഒരിക്കലും അംഗീകരിക്കുന്നില്ല. മറിച്ച്, ശരിയായ വഴിയിലൂടെ മാത്രം സത്യത്തിലെത്തിച്ചേരണമെന്ന് അത് നിര്‍ബന്ധിക്കുന്നു. വിരോധിക്കപ്പെട്ട ഏതെങ്കിലും പ്രവൃത്തിയിലൂടെ ധാരാളം ധനം സമ്പാദിച്ച് അതുകൊണ്ട് പള്ളിയുണ്ടാക്കുകയോ, നല്ല സംരംഭങ്ങള്‍ ആവിഷ്‌കരിക്കുകയോ, മറ്റെന്തെങ്കിലും നിര്‍വഹിക്കുകയോ ചെയ്യുന്നവന്റെ ഉദ്ദേശ്യമാഹാത്മ്യം, അവനു വേണ്ടി ശിപാര്‍ശ ചെയ്യുകയോ നിഷിദ്ധത്തിന്റെ ഭാരം അവനില്‍നിന്ന് ഇറക്കിവെക്കുകയോ ചെയ്യുകയില്ല. കാരണം ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും ഇസ്‌ലാമിലെ നിരോധനത്തില്‍ യാതൊരു സ്വാധീനവും വരുത്തുന്നില്ല'' (വിധിവിലക്കുകള്‍).
ഇസ്‌ലാം കര്‍ശനമായി നിരോധിച്ച ഒന്നാണ് മദ്യം. ഈ നിരോധം കള്ളില്‍ മാത്രം പരിമിതപ്പെടുത്താന്‍ ആര്‍ക്കും ഇടനല്‍കാത്ത വിധമാണ് നബി (സ) അതിനെ വിശദീകരിച്ചത്. മദ്യവും മയക്കുമരുന്നുകളും ഉണ്ടാക്കാനുപയോഗിക്കുന്ന പദാര്‍ഥങ്ങളിലേക്കല്ല, അത് സൃഷ്ടിക്കുന്ന ഫലങ്ങളിലേക്കാണ് ഇസ്‌ലാം നോക്കുന്നത്. അഥവാ, ലഹരിയുണ്ടാക്കുന്നതാണോ എന്നത് മാത്രമാണ് നബി പരിഗണിച്ചത്. ലഹരിയുടെ ശക്തിയുള്ളവയെല്ലാം മദ്യമാണ്. ആളുകള്‍ അതിന് എന്തു പേര് നല്‍കുന്നുവെന്നതും ഏതു പദാര്‍ഥത്തില്‍നിന്ന് ഉല്‍പാദിപ്പിക്കുന്നുവെന്നതും പ്രശ്നമല്ല. ഈ അടിസ്ഥാനത്തില്‍  അതിനോട് സാദൃശ്യമുള്ളവയും നിഷിദ്ധങ്ങളാണ്.
ഇബ്നു ഉമറി(റ)ല്‍നിന്ന് നിവേദനം. നബി (സ)  പറഞ്ഞു: ''ലഹരിയുണ്ടാക്കുന്നവയെല്ലാം മദ്യമാണ്. മദ്യമെല്ലാം ഹറാമും'' (മുസ്‌ലിം: 5339).
ആഇശ(റ)യില്‍നിന്ന് നിവേദനം: ''തേനില്‍നിന്ന് ഉണ്ടാക്കപ്പെടുന്ന മദ്യത്തെ (മധുപാനത്തെക്കുറിച്ച്) ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: ലഹരിയുണ്ടാക്കുന്ന എല്ലാ പാനീയങ്ങളും നിഷിദ്ധമാകുന്നു'' (മുസ്‌ലിം: 5335).
ജാബിറി(റ)ല്‍നിന്ന് നിവേദനം: യമനിലെ ജൈശാനില്‍നിന്ന് ഒരാള്‍ വന്നു. തങ്ങളുടെ നാട്ടില്‍ അവര്‍ കുടിക്കാറുള്ള ചോളത്തില്‍നിന്നുള്ള 'മിസ്ര്‍' എന്ന് പറയുന്ന പാനീയത്തെക്കുറിച്ച് അയാള്‍ നബി(സ)യോട് ചോദിച്ചു. അപ്പോള്‍ നബി (സ) അയാളോട്, അത് ലഹരിയുണ്ടാക്കുമോ എന്നന്വേഷിച്ചു.  അതേയെന്ന് അയാള്‍ മറുപടി നല്‍കി. അപ്പോള്‍ നബി (സ) അരുളി: 'എല്ലാ ലഹരിപദാര്‍ഥങ്ങളും നിഷിദ്ധമാകുന്നു. ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നവരെ പുനരുത്ഥാന നാളില്‍ ത്വീനതുല്‍ ഖബാല്‍ കുടിപ്പിക്കുമെന്ന് അല്ലാഹു പ്രതിജ്ഞയെടുത്തിരിക്കുന്നു.' അവര്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, എന്താണ് ത്വീനതുല്‍ ഖബാല്‍?' അവിടുന്ന് പറഞ്ഞു: 'നരകവാസികളുടെ വിയര്‍പ്പ്, അല്ലെങ്കില്‍ നരകവാസികളുടെ ശരീരത്തില്‍നിന്ന് ഒലിക്കുന്ന നീര്' (മുസ്‌ലിം: 5335).
ഉപയോഗിക്കുന്ന മദ്യത്തിന്റെ അളവ് ഇസ്‌ലാം പരിഗണിക്കുന്നില്ല. അത് അല്‍പമായാലും അധികമായാലും ഇസ്‌ലാമിന്റെ സമീപനം കണിശമാണ്. ഒരിക്കല്‍ കാലിടറിയാല്‍ പിന്നീട് ആ ശീലം നിര്‍ത്താനാവില്ല. അതിനാലാണ് നബി (സ) ഇങ്ങനെ പറഞ്ഞത്: 'ഏതൊന്ന് കൂടുതലായാല്‍ ലഹരിയുണ്ടാക്കുന്നുവോ അതില്‍നിന്ന് അല്‍പമായാലും അത് നിഷിദ്ധംതന്നെ' (അഹ്മദ്: 6558).
ശരീഅത്ത് വിധിപ്രകാരം ഒരിസ്‌ലാമിക ഗവണ്‍മെന്റിന്റെ പ്രധാന കര്‍ത്തവ്യങ്ങളിലൊന്നാണ് മദ്യനിരോധം. എല്ലാ കഴിവുമുപയോഗിച്ചും ഗവണ്‍മെന്റ് ആ നിയമം നടപ്പില്‍വരുത്തേണ്ടതാണ്. ഖലീഫ ഉമറി(റ)ന്റെ കാലത്ത് രഹസ്യമായി കള്ളുവില്‍പന നടത്തിയതിന്റെ പേരില്‍ ബനൂസഖീഫ് ഗോത്രക്കാരനായ റുവൈശിദിന്റെ പീടിക അഗ്നിക്കിരയാക്കുകയുണ്ടായി. മറ്റൊരവസരത്തില്‍ കള്ളവാറ്റും വ്യാജമദ്യവില്‍പനയും നടത്തുന്ന ഒരു ഗ്രാമംതന്നെ ഉമറിന്റെ ആജ്ഞാനുസാരം അഗ്നിക്കിരയാക്കപ്പെട്ടു (തഫ്ഹീമുല്‍ ഖുര്‍ആന്‍).
മദ്യം കുറച്ചോ കൂടുതലോ ഉപയോഗിക്കുന്നത് മാത്രമല്ല നബി നിഷിദ്ധമാക്കിയത്. അത് കച്ചവടം നടത്തുന്നതും നിരോധിച്ചിരിക്കുന്നു, വ്യാപാരം അമുസ്‌ലിംകളുമായിട്ടാണെങ്കിലും ശരി. അതിനാല്‍, മുസ്‌ലിം മദ്യം ഇറക്കുമതി ചെയ്യുന്നവനോ കയറ്റിയയക്കുന്നവനോ വില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥനോ അവിടത്തെ ജോലിക്കാരനോ ആകാവതല്ല. അതിനാലാണ് നബി മദ്യത്തിന്റെ കാര്യത്തില്‍ പത്തു വിഭാഗത്തെ ശപിച്ചത്. അനസുബ്നു മാലികില്‍നിന്ന് നിവേദനം: ''കള്ളുമായി ബന്ധപ്പെട്ട പത്തു വിഭാഗം ആളുകളെ അല്ലാഹുവിന്റെ ദൂതന്‍ ശപിച്ചിരിക്കുന്നു; അത് വാറ്റുന്നവന്‍, വാറ്റാനാവശ്യപ്പെടുന്നവന്‍, അത് കുടിക്കുന്നവന്‍, അത് ഏറ്റിക്കൊണ്ടു പോകുന്നവന്‍, ഏറ്റുവാങ്ങുന്നവന്‍, അത് കുടിപ്പിക്കുന്നവന്‍, അത് വില്‍ക്കുന്നവന്‍, അതിന്റെ വില തിന്നുന്നവന്‍, അത് വാങ്ങുന്നവന്‍, അത് ആര്‍ക്കു വേണ്ടി വാങ്ങുന്നുവോ അവന്‍'' (തിര്‍മിദി: 1342). നിഷിദ്ധങ്ങളിലേക്ക് നയിക്കുന്ന മാര്‍ഗങ്ങളടക്കുക എന്ന ഇസ്‌ലാമിന്റെ രീതി അനുസരിച്ച് കള്ളുണ്ടാക്കാനാണെന്ന് ഉറപ്പുള്ളവന് മുന്തിരി വില്‍ക്കാന്‍ പോലും മുസ്‌ലിമിന് പാടില്ല. 
മദ്യം വില്‍ക്കലും അതിന്റെ വില ഉപയോഗിക്കലും മുസ്‌ലിമിന് നിഷിദ്ധമാകയാല്‍ അത് സമ്മാനമായി നല്‍കലും അങ്ങനെത്തന്നെ. അത് ക്രിസ്ത്യാനിക്കോ ജൂതനോ മറ്റു അമുസ്‌ലിമിനോ ആര്‍ക്കായാലും ഹറാമാണ്, അതിനാല്‍ മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം മദ്യം സമ്മാനിക്കാനോ സമ്മാനമായി സ്വീകരിക്കാനോ പാടില്ല. കാരണം, അവന്‍ നല്ലതല്ലാതെ നല്‍കുകയില്ല, ഉത്തമമായതല്ലാതെ സ്വീകരിക്കുകയുമില്ല.
അബൂഹുറയ്റ(റ)യില്‍നിന്ന് നിവേദനം: ''ഒരാള്‍ നബിക്ക് മദ്യപാത്രം സമ്മാനം നല്‍കാനുദ്ദേശിച്ചു. അല്ലാഹു അത് നിഷിദ്ധമാക്കിയിട്ടുണ്ടെന്ന് തിരുമേനി അദ്ദേഹത്തെ അറിയിച്ചു. അപ്പോള്‍ ആ മനുഷ്യന്‍ ചോദിച്ചു: 'ഞാനത് വില്‍ക്കട്ടെയോ?' നബി പറഞ്ഞു: 'കുടിക്കല്‍ നിഷിദ്ധമാക്കിയവന്‍ വില്‍ക്കലും നിഷിദ്ധമാക്കിയിരിക്കുന്നു.' അയാള്‍ ചോദിച്ചു: 'ഞാനതുകൊണ്ട് ജൂതരെ സല്‍ക്കരിക്കട്ടെ?' നബി പറഞ്ഞു. 'അത് നിഷിദ്ധമാക്കിയവന്‍ അതുകൊണ്ട് ജൂതരെ സല്‍ക്കരിക്കുന്നതും വിരോധിച്ചിരിക്കുന്നു.' അയാള്‍ വീും: 'പിന്നെ ഞാനത് എന്താണ് ചെയ്യേണ്ടത്?' നബി പറഞ്ഞു: ദൂരെ കൊണ്ടുപോയി ഒഴിച്ചുകളയുക'' (ഹുമൈദി തന്റെ മുസ്നദില്‍ ഉദ്ധരിച്ചത്: 1082).
ഈ ചര്യയനുസരിച്ച് മുസ്‌ലിം, മദ്യസദസ്സില്‍നിന്നും മദ്യപരുടെ കൂടെ ഇരിക്കുന്നതില്‍നിന്നും വിട്ടുനില്‍ക്കേണ്ടതാണ്. ഉമര്‍ (റ) പറയുന്നു: ''നബി പറയുന്നതായി ഞാന്‍ കേട്ടിരിക്കുന്നു; നിങ്ങളില്‍ ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ മദ്യം വിളമ്പുന്നിടങ്ങളില്‍ ഇരിക്കാതിരിക്കട്ടെ'' (അഹ്മദ്: 125, ഇതേ ആശയം തിര്‍മിദിയുടെ ഹദീസിലും വന്നിട്ടുണ്ട്).
നിഷിദ്ധം കണ്ടാല്‍ തടയാന്‍ മുസ്‌ലിം കല്‍പിക്കപ്പെട്ടിരിക്കുന്നു. അത് തടയാന്‍ അവന് സാധ്യമല്ലെങ്കില്‍ അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയെങ്കിലും വേണം. മറ്റുള്ളവരെ അതില്‍നിന്ന് അകറ്റിനിര്‍ത്തുകയും ചെയ്യണം. ഉമറുബ്നു അബ്ദില്‍ അസീസ് മദ്യപന്മാരെയും അവരുടെ കൂടെ സദസ്സിലിരിക്കുന്നവരെയും ചമ്മട്ടി കൊണ്ട് അടിച്ചിരുന്നു, അവര്‍ കുടിച്ചിരുന്നില്ലെങ്കിലും ശരി. മദ്യപിച്ച ഒരു സംഘത്തെ അദ്ദേഹത്തിന്റെ അടുക്കല്‍ ഹാജരാക്കി. അപ്പോള്‍ അദ്ദേഹം അവരെ അടിക്കാന്‍ കല്‍പിച്ചു. അവരില്‍ ഒരാളെക്കുറിച്ച് അയാള്‍ നോമ്പുകാരനാണെന്ന് അദ്ദേഹത്തോട് ആരോ പറഞ്ഞു. അപ്പോള്‍ അദ്ദേഹം പ്രഖ്യാപിച്ചു: ''എങ്കില്‍ അയാളില്‍നിന്ന് തുടങ്ങുക. അല്ലാഹുവിന്റെ ഈ വചനം നിങ്ങള്‍ കേട്ടിട്ടില്ലേ; അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യുന്നത് കേട്ടാല്‍ മറ്റൊരു വിഷയത്തില്‍ അവര്‍ പ്രവേശിക്കുന്നതുവരെ അവരുടെ കൂടെ ഇരിക്കരുതെന്നും, അങ്ങനെ നിങ്ങള്‍ ചെയ്താല്‍ തീര്‍ച്ചയായും നിങ്ങളും അവരെപ്പോലെത്തന്നെയാണെന്നും അല്ലാഹു നിങ്ങള്‍ക്ക് ഗ്രന്ഥത്തില്‍ അവതരിപ്പിച്ചുതന്നിട്ടുണ്ട്'' (അന്നിസാഅ്: 140).
ഇതാണ് മദ്യത്തെയും മയക്കുമരുന്നിനെയും പറ്റിയുള്ള ഇസ്‌ലാമിക കാഴ്ചപ്പാട്. ഇങ്ങനെ നിഷിദ്ധമാണെന്നും കുറ്റകരമാണെന്നും ശിക്ഷാര്‍ഹമാണെന്നും ഇസ്‌ലാം പഠിപ്പിച്ച ഒരു കടുത്ത തിന്മ മനുഷ്യരെ പാട്ടിലാക്കാനുള്ള ഉപാധിയാക്കുന്നു എന്നു പറയണമെങ്കില്‍ ആ പറയുന്നവര്‍ക്ക് ഒന്നുകില്‍ ഇസ്‌ലാമിനെപ്പറ്റി അറിയില്ല, അല്ലെങ്കില്‍ മറ്റു ചില ഗൂഢോദ്ദേശ്യങ്ങള്‍ വെച്ചുകൊണ്ടുള്ള വ്യാജ ആരോപണങ്ങള്‍ മനഃപൂര്‍വം ഉന്നയിക്കുകയാണ്.
ദൈവത്തിങ്കല്‍നിന്ന് കിട്ടിയ സത്യം, ഏറ്റക്കുറവില്ലാതെ അവരുടെ മുമ്പാകെ സമര്‍പ്പിക്കുക; എന്നിട്ട് അവരത് സമ്മതിക്കുന്നെങ്കിലോ; സമ്മതിക്കുന്നില്ലെങ്കിലോ അനന്തരഫലം നേരിട്ടുകൊള്ളട്ടെ. ഇതാണ് ഇസ്‌ലാമിന്റെ നിലപാട്. അല്ലാഹു പറയുന്നു: ''പറയുക: ഇത് നിങ്ങളുടെ നാഥനില്‍നിന്നുള്ള സത്യമാണ്. വിശ്വസിക്കാനുദ്ദേശിച്ചവര്‍ക്ക് വിശ്വസിക്കാം. നിഷേധിക്കാനുദ്ദേശിച്ചവര്‍ക്ക് നിഷേധിക്കാം'' (അല്‍കഹ്ഫ്: 29).
സ്വന്തം മക്കളുടെ കാര്യത്തില്‍ പോലും നിര്‍ബന്ധിച്ച് ഇസ്‌ലാം സ്വീകരിക്കുന്ന വിഷയത്തില്‍ സമ്മര്‍ദം ചെലുത്തിക്കൂടാ എന്നാണ് അല്ലാഹുവിന്റെ കല്‍പന. കഠിനാധ്വാനം ചെയ്തിട്ടും ആളുകള്‍ സന്മാര്‍ഗം സ്വീകരിക്കാത്തതിന്റെ പേരില്‍ സങ്കടപ്പെട്ട പ്രവാചകനോട് അല്ലാഹു പറയുകയുണ്ടായി: ''അല്ലാഹു ഇഛിച്ചിരുന്നുവെങ്കില്‍ അവരെയെല്ലാം സന്മാര്‍ഗത്തില്‍ ഒന്നിപ്പിക്കാന്‍ അവനു കഴിയുമായിരുന്നു. അതിനാല്‍ മൂഢനാവാതിരിക്കുക'' (അല്‍ അന്‍ആം: 35).
''മനുഷ്യരെയെല്ലാം ഏതെങ്കിലും തരത്തില്‍ സന്മാര്‍ഗത്തില്‍ കൊണ്ടുവരികയാണ് ഉദ്ദേശ്യമെങ്കില്‍ പ്രവാചക നിയോഗം, വേദാവതരണം, ആശയ സംവാദം, സത്യപ്രബോധനത്തിന്റെ ക്രമേണയുള്ള ലക്ഷ്യസാഫല്യം- ഇവയുടെയൊക്കെ ആവശ്യമെന്തായിരുന്നു? അതൊക്കെ അല്ലാഹുവിന്റെ ശക്തിപ്രഭാവത്തിന്റെ നേരിയൊരംശം കൊണ്ട് തന്നെ സാധിക്കുമായിരുന്നല്ലോ. എന്നാല്‍ ആ മാര്‍ഗത്തിലൂടെ പ്രസ്തുത ലക്ഷ്യം നേടണമെന്നല്ല ദൈവേഛ. പിന്നെയോ, സത്യം തെളിവ് സഹിതം ജനസമക്ഷം സമര്‍പ്പിക്കുകയും എന്നിട്ട് തങ്ങളുടെ ശരിയായ ചിന്താശക്തി ഉപയോഗപ്പെടുത്തി അതവര്‍ തിരിച്ചറിയുകയും തികച്ചും സ്വതന്ത്രമായി അതില്‍ വിശ്വസിക്കുകയും ചെയ്യണമെന്നാണ് അവന്‍ ഇഛിച്ചിട്ടുള്ളത്. അതുപ്രകാരം വിശ്വാസികള്‍ തങ്ങളുടെ ജീവിതചര്യകള്‍ സത്യത്തിന്റെ മൂശയില്‍ വാര്‍ത്തെടുത്ത് അസത്യവാദികളെ അപേക്ഷിച്ച് തങ്ങളുടെ സദാചാരമേന്മയും ധാര്‍മികോന്നതിയും സ്വജീവിതത്തിലൂടെ തെളിയിച്ച്, സുശക്തമായ വാദസ്ഥാപനം കൊണ്ടും അത്യുത്കൃഷ്ടമായ ലക്ഷ്യംകൊണ്ടും മെച്ചപ്പെട്ട ജീവിതസിദ്ധാന്തം കൊണ്ടും പരിപാവനമായ ചര്യാഗുണം കൊണ്ടും മാനവ സമൂഹത്തിലെ നല്ലവരായ വ്യക്തികളെ തങ്ങളിലേക്കാകര്‍ഷിച്ച്, അസത്യത്തിനും അധര്‍മത്തിനുമെതിരില്‍ നിരന്തര സമരം നടത്തി, സത്യദീനിനെ അതിന്റെ സ്വാഭാവിക വളര്‍ച്ചയിലൂടെ ലക്ഷ്യത്തിലെത്തിക്കണമെന്നാണ് അല്ലാഹുവിന്റെ ഉദ്ദേശ്യം'' (തഫ്ഹീമുല്‍ ഖുര്‍ആന്‍, അല്‍ അന്‍ആം 24-ാം വ്യാഖ്യാനക്കുറിപ്പ്).
''ഭൂമിയില്‍ ആദ്യം മുതലേ സത്യനിഷേധികളും ധിക്കാരികളും  ഒരിക്കലും ഉണ്ടാവരുതെന്നും, എല്ലാവരും ആജ്ഞാനുവര്‍ത്തികളും അനുസരണയുള്ളവരും ആകണമെന്നുമായിരുന്നു ദൈവത്തിന്റെ ഇഛയെങ്കില്‍, ഭൂവാസികളെ ഒന്നടങ്കം അനുസരണയുള്ള മുഅ്മിനുകളായി സൃഷ്ടിക്കാന്‍ അവന് കഴിയുമായിരുന്നു. സൃഷ്ടിയില്‍ തന്നെ എല്ലാവരുടെയും ഹൃദയങ്ങള്‍ ഈമാനും അനുസരണയുമുള്ളതാക്കാനും പ്രയാസമുണ്ടായിരുന്നില്ല. പക്ഷേ, മനുഷ്യകുലത്തെ സൃഷ്ടിക്കുന്നതിലൂടെ  ഉദ്ദേശിച്ച ലക്ഷ്യം, സത്യവിശ്വാസവും അനുസരണവും അവരുടെ അനിവാര്യ പ്രകൃതിയാകുന്നതോടെ വിനഷ്ടമാകുന്നു. മനുഷ്യന് അനുസരിക്കാനും അനുസരിക്കാതിരിക്കാനും, വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഉള്ള സ്വാതന്ത്ര്യം നല്‍കാന്‍ ദൈവം തീരുമാനിച്ചു'' (തഫ്ഹീമുല്‍ ഖുര്‍ആന്‍, യൂനുസ് 101-ാം വ്യാഖ്യാനക്കുറിപ്പ്).
''ഒരുവന്‍ ബുദ്ധിപരമായ ന്യായങ്ങളിലൂടെ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ വേണ്ട, അംഗീകരിക്കാന്‍ തയാറല്ലാത്തവരെക്കൊണ്ട് ബലം പ്രയോഗിച്ച് അംഗീകരിപ്പിക്കാന്‍ താങ്കളെ ചുമതലപ്പെടുത്തിയിട്ടില്ല. ആളുകള്‍ക്ക് തെറ്റും ശരിയും വിശദീകരിച്ചുകൊടുക്കുക, തെറ്റായ വഴിക്ക് സഞ്ചരിക്കുന്നതിന്റെ ദുഷ്പരിണതിയെക്കുറിച്ച് മുന്നറിയിപ്പു നല്‍കുക - അതു മാത്രമാണ് താങ്കളുടെ ചുമതല. താങ്കള്‍ ആ ചുമതല നിര്‍വഹിച്ചുകൊണ്ടേയിരിക്കുക'' (തഫ്ഹീമുല്‍ ഖുര്‍ആന്‍, അല്‍ ഗാശിയ 8-ാം വ്യാഖ്യാനക്കുറിപ്പ്).
ഓരോ വ്യക്തിക്കും ഇസ്‌ലാം സ്വീകരിക്കാനും നിരസിക്കാനുമുള്ള സ്വാതന്ത്ര്യം അല്ലാഹു തന്നെ നല്‍കിയതാണ്. ഓരോരുത്തരും മനസ്സറിഞ്ഞ് പൂര്‍ണ മനസ്സംതൃപ്തിയോടെ ഇസ്‌ലാം ഉള്‍ക്കൊണ്ടാലേ അല്ലാഹു അത് സ്വീകരിക്കുകയുള്ളൂ. ആരെയെങ്കിലും അനുകരിച്ചുകൊണ്ടോ നിര്‍ബന്ധിതനായോ പ്രത്യക്ഷത്തില്‍ വിശ്വാസം നടിക്കുകയും ഉള്ളില്‍ നേര്‍വിപരീതവുമാണെങ്കില്‍ അവരാണ് മുനാഫിഖുകള്‍ (കപട വിശ്വാസികള്‍).
സത്യവും അസത്യവും വേര്‍തിരിച്ച് മനസ്സിലാക്കാനുള്ള സംവിധാനവും സാഹചര്യവും എല്ലാവര്‍ക്കും മുമ്പില്‍ ഒരുക്കുകയും അങ്ങനെ തങ്ങളുടെ ബുദ്ധിയുപയോഗിച്ച് അതില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യന് നല്‍കുകയും ചെയ്തിരിക്കുകയാണ് അല്ലാഹു. ഈ സ്വാതന്ത്ര്യം ഉപയോഗിച്ച് അവന്‍ ഏതാണ് തെരഞ്ഞെടുക്കുകയെന്ന് പരീക്ഷിക്കുകയാണ് മനുഷ്യ സൃഷ്ടിപ്പിലൂടെ അല്ലാഹു ഉദ്ദേശിക്കുന്നത്. സമ്മര്‍ദങ്ങളാലോ പ്രലോഭനങ്ങളാലോ പ്രീണനങ്ങളാലോ നിര്‍ബന്ധിത സാഹചര്യങ്ങളുടെ ഫലമായോ ആണ് ഈ തെരഞ്ഞെടുപ്പെങ്കില്‍ പരീക്ഷണത്തിന് പ്രസക്തിയില്ല.
 ഇസ്‌ലാമിന്റെ നിര്‍വചനം പോലും പണ്ഡിതന്മാര്‍ വിശദീകരിച്ചപ്പോള്‍ ഈ കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്. ഉദാഹരണമായി, ഇമാം ഇബ്നു ഹജര്‍ ഹൈതമി പറയുന്നത് കാണുക; 'ബുദ്ധിശാലികളും വിവേകമതികളും സ്വാഭീഷ്ടം അഭിനന്ദനീയമാംവിധം തെരഞ്ഞെടുക്കുന്ന, തങ്ങള്‍ക്കു തന്നെ ഗുണപ്രദമായതിലേക്ക് നയിക്കുന്ന ദൈവിക വ്യവസ്ഥയാണ് ദീന്‍' (തുഹ്ഫതുല്‍ മുഹ്താജ്).
അതിനാല്‍ എങ്ങനെയെങ്കിലും നാലാളുകളെ ഇസ്‌ലാമിലേക്ക് കൊണ്ടുവരിക എന്നത് ഇസ്‌ലാമിന്റെ ലക്ഷ്യമേ അല്ല. സ്വന്തം ഇഷ്ടപ്രകാരം വിശ്വാസം മാറലേ ഉള്ളൂ. മതം മാറ്റുക എന്ന ഉദ്ദേശ്യം സാക്ഷാത്കരിക്കാനായി സമ്മര്‍ദ തന്ത്രങ്ങള്‍ അവലംബിക്കുന്നത് അല്ലാഹുവോ പ്രവാചകനോ പഠിപ്പിച്ചതല്ല, അവര്‍ പഠിപ്പിച്ചതിനു എതിരാണത് എന്നതാണ് സത്യം. മാത്രമല്ല സത്യപ്രബോധനം ചെയ്യുക, അതുതന്നെ മാന്യവും സമാധാനപരവുമായ ശൈലിയില്‍ യുക്തിയോടെയും സദുപദേശത്തോടെയും നിര്‍വഹിക്കുക എന്നാണ് മുസ്‌ലിംകളോടുള്ള കല്‍പന.
താന്‍ സത്യപ്രബോധനം നിര്‍വഹിക്കുന്നതില്‍ എത്രമാത്രം ശുഷ്‌കാന്തി കാണിച്ചു എന്നതല്ലാതെ എത്ര പേരെ മുസ്‌ലിമാക്കി എന്നാരോടും ചോദിക്കുകയില്ല. ആരുടെ മുമ്പിലും അത്തരം ഒരു കണക്ക് ബോധിപ്പിക്കേണ്ടിവരികയുമില്ല. താന്‍ വഴി ഇസ്‌ലാം സ്വീകരിച്ചവരുടെ എണ്ണം നോക്കിയല്ല അല്ലാഹു പ്രതിഫലം കണക്കാക്കുക. തന്റെ ആശയാദര്‍ശങ്ങളിലേക്ക് കൊണ്ടുവരാന്‍ നൂറ്റാണ്ടുകള്‍ പ്രബോധനം ചെയ്തിട്ടും വിരലിലെണ്ണാവുന്നവരെ മാത്രം അനുയായികളായി ലഭിച്ച പ്രവാചകന്മാരുടെ ചരിത്രം കാണാം. അങ്ങനെയാക്കാന്‍ സാധ്യമല്ല എന്നത് തന്നെ കാരണം. ഇഷ്ടമില്ലാത്ത ഭക്ഷണം ഒരാളെ തീറ്റിക്കാന്‍ സാധിച്ചേക്കും, ഇഷ്ടമില്ലാത്തത് നോക്കിക്കാന്‍ സാധിച്ചേക്കും, ഇഷ്ടമില്ലാത്തത് കേള്‍പ്പിക്കാന്‍ കഴിഞ്ഞേക്കും, ഇഷ്ടമില്ലാത്തത് കൈകൊണ്ട് പിടിപ്പിക്കാന്‍ കഴിഞ്ഞേക്കും, നടക്കാന്‍ വിസമ്മതിക്കുന്ന ഒരാളെ നടത്തിപ്പിക്കാനായേക്കും. എന്നാല്‍ ഒരാളുടെ മനസ്സിലേക്ക് അയാളിഷ്ടപ്പെടാത്തത് കടത്തിവിടാന്‍ സ്രഷ്ടാവിനൊഴികെ ഒരു ശക്തിക്കും സാധ്യമല്ല. മനസ്സ് സ്വമേധയാ തൃപ്തിപ്പെട്ട് അംഗീകരിച്ച വിശ്വാസം മാത്രമേ അല്ലാഹുവിങ്കല്‍ സ്വീകാര്യമാകൂ. തന്നിലര്‍പ്പിതമായ പ്രബോധനദൗത്യം നിര്‍വഹിക്കുക എന്നതല്ലാതെ ആരുടെയെങ്കിലും മേല്‍ സമ്മര്‍ദം പ്രയോഗിക്കാന്‍ അല്ലാഹു പ്രവാചകന്മാരെ പോലും അനുവദിച്ചിട്ടില്ല. അല്ലാഹു പറഞ്ഞു: ''നിനക്കിഷ്ടപ്പെട്ടവരെ നേര്‍വഴിയിലാക്കാന്‍ നിനക്കാവില്ല. പ്രത്യുത, അല്ലാഹുവത്രെ താനിഛിക്കുന്നവരെ നേര്‍വഴിയിലാക്കുന്നത്'' (അല്‍ ഖസ്വസ്വ്: 56).
വസ്തുത ഇതായിരിക്കെ ഒരാളെ മുസ്‌ലിമാക്കി എന്നോ,  ആക്കാന്‍ ശ്രമിച്ചു എന്നോ, അതിനുള്ള ശ്രമമുണ്ടെന്നോ പ്രചരിപ്പിക്കുന്നതിന് ഇസ്‌ലാം ഉത്തരവാദിയല്ല. താന്‍ വിശ്വസിച്ചാദരിക്കുന്ന ഒരു ദര്‍ശനത്തിലേക്ക് മറ്റുള്ളവര്‍ ആകൃഷ്ടരാവുന്നതും അവരതംഗീകരിക്കുന്നതും സന്തോഷമുള്ള കാര്യം തന്നെ. അത് പക്ഷേ ബലപ്രയോഗത്തിലൂടെയാവാന്‍ പാടില്ലെന്ന് അല്ലാഹു നേരിട്ട് വ്യക്തമാക്കിയിരിക്കുന്നു. അല്ലാഹുവിന്റെ ഈ തീരുമാനത്തെയും നിര്‍ദേശത്തെയും മാനിക്കുകയെന്നതാണ് ഓരോ മുസ്‌ലിമിന്റെയും ധര്‍മം. ദൈവകല്‍പ്പന ധിക്കരിച്ചുകൊണ്ട് ദൈവപ്രീതി കരസ്ഥമാക്കണമെന്ന് ആരെങ്കിലും മോഹിക്കുമെന്ന് കരുതുന്നത് മൗഢ്യമായിരിക്കും. ഇവിടെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കാരന്റെ അവസ്ഥയല്ല ഒരു മുസ്‌ലിമിന്റേത്. കാരണം രാഷ്ട്രീയക്കാരന് തന്റെ പാര്‍ട്ടിക്ക് പിന്തുണ ലഭിച്ചാല്‍ മതി, അത് മനസ്സറിഞ്ഞുകൊണ്ടാവണമെന്നില്ല, ശപിച്ചുകൊണ്ടായാലും തരക്കേടൊന്നുമില്ല. തങ്ങളുടെ ലക്ഷ്യം പൂര്‍ത്തിയായാല്‍ മതി, വോട്ട് തങ്ങള്‍ക്കനുകൂലമായാല്‍ മതി. അവരുടെ ലക്ഷ്യം അവിടെ തീര്‍ന്നു. എന്നാല്‍ ഇസ്‌ലാം സ്വീകരണമാകട്ടെ പരലോക മോക്ഷവുമായി ബന്ധപ്പെട്ടതാണ്. ബാഹ്യപ്രകടനം കൊണ്ട് കാര്യമില്ല. വിശ്വാസം മനസ്സംതൃപ്തിയോടെ ആവാത്തിടത്തോളം കാലം സ്വീകാര്യമല്ല. മുസ്‌ലിമായി ലോകം എണ്ണുന്ന പലരും ദൈവത്തിന്റെ ശാപത്തിനും കോപത്തിനും ഇരയായി പരലോകത്ത് നരകാവകാശികളായിത്തീരുമെന്ന് പഠിപ്പിക്കുന്ന ധാരാളം പ്രമാണങ്ങള്‍ കാണാം. കാരണം അവരുടെ വിശ്വാസം കപടമായിരുന്നു.
അല്ലാഹുവിനു വേണമെങ്കില്‍ എല്ലാ മനുഷ്യരെയും മുസ്‌ലിമാക്കി സൃഷ്ടിക്കാമായിരുന്നു. പക്ഷേ അല്ലാഹു അതുദ്ദേശിച്ചിട്ടില്ല. അല്ലാഹു പറയുന്നു: ''നിന്റെ നാഥന്‍ ഇഛിച്ചിരുന്നുവെങ്കില്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാല്‍ അവര്‍ ഭിന്നിച്ചുകൊണ്ടേയിരിക്കും. നിന്റെ നാഥന്‍ അനുഗ്രഹിച്ചവരൊഴികെ. അതിനു വേണ്ടിയാണ് അവനവരെ സൃഷ്ടിച്ചത്....'' (ഹൂദ്: 118-119).
മറ്റു ജീവികളെപ്പോലെയോ സസ്യങ്ങളെപ്പോലെയോ ഇതര സൃഷ്ടികളെപ്പോലെയോ നിര്‍ബന്ധിതമായി ഒരേ മാര്‍ഗത്തിലൂടെ മാത്രം നീങ്ങാന്‍ സാധിക്കുക, അണുഅളവും അതില്‍നിന്ന് തെറ്റാന്‍ സാധിക്കാതിരിക്കുക എന്നല്ല മനുഷ്യരെ സൃഷ്ടിച്ചതിലൂടെ അല്ലാഹു ഉദ്ദേശിച്ചിട്ടുള്ളത്. ഇതായിരുന്നു അവന്റെ ഉദ്ദേശ്യമെങ്കില്‍ വിശ്വാസത്തിലേക്ക് പ്രബോധനം ചെയ്യുകയോ പ്രവാചകന്മാരെ നിയോഗിക്കുകയോ ഗ്രന്ഥങ്ങള്‍ അവതരിപ്പിക്കുകയോ ചെയ്യേണ്ട ആവശ്യമെന്തായിരുന്നു? മുഴുവന്‍ മനുഷ്യരും, മുസ്‌ലിംകളും മുഅ്മിനുകളുമായിത്തന്നെ ജനിക്കുമായിരുന്നു. കുഫ്‌റിനും ധിക്കാരത്തിനും സാധ്യത പോലുമുണ്ടാകുമായിരുന്നില്ല. പക്ഷേ, മനുഷ്യരുടെ കാര്യത്തില്‍ യഥാര്‍ഥത്തില്‍ അല്ലാഹു ഉദ്ദേശിച്ചത് ഇങ്ങനെയാണ്: അവന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും നല്‍കുക; തന്റെ ഇഷ്ടാനുസാരം വിവിധ മാര്‍ഗങ്ങളിലൂടെ ചരിക്കാന്‍ കഴിവു നല്‍കുക, അവന്റെ മുമ്പില്‍ നരകത്തിലേക്കും സ്വര്‍ഗത്തിലേക്കുമുള്ള മാര്‍ഗം തുറന്നു കാണിച്ചുകൊടുക്കുക. എന്നിട്ട്, എല്ലാ മനുഷ്യര്‍ക്കും എല്ലാ സമൂഹങ്ങള്‍ക്കും തങ്ങളിഛിക്കുന്ന മാര്‍ഗത്തിലൂടെ ചരിക്കാന്‍ അവസരം നല്‍കുക. എന്തുകൊണ്ടെന്നാല്‍ ഓരോരുത്തര്‍ക്കും ലഭിക്കുന്നത് അവരവരുടെ പ്രവര്‍ത്തനത്തിന്റെയും സമ്പാദ്യത്തിന്റെയും ഫലങ്ങളായിരിക്കും. അല്ലാഹു നല്‍കിയ ബുദ്ധിയും വിവേകവും ഉപയോഗിച്ച് വേണമെങ്കില്‍ സ്വമേധയാ ഇസ്‌ലാം സ്വീകരിക്കുക, അല്ലെങ്കില്‍ നിരസിക്കുക.  ഇതാണ് അല്ലാഹുവിന്റെ നടപടിക്രമം. വസ്തുത ഇതായിരിക്കെ പ്രലോഭനങ്ങളും പീഡനങ്ങളും സമ്മര്‍ദ തന്ത്രങ്ങളും, ഇസ്‌ലാം കര്‍ശനമായി വിലക്കിയ മദ്യം, മയക്കുമരുന്ന് തുടങ്ങിയ കാര്യങ്ങളും ആളുകളെ ഇസ്‌ലാം സ്വീകരിപ്പിക്കാനുള്ള മാര്‍ഗമായി ഉപയോഗിക്കുന്നു എന്ന ആരോപണം എന്തുമാത്രം വാസ്തവവിരുദ്ധമാണ്!
ഇസ്‌ലാം സ്വീകരിക്കാന്‍ യാതൊരു ബലപ്രയോഗവും പാടില്ല. അതിനുവേണ്ടി ഒരുവിധ സമ്മര്‍ദവും ചെലുത്താവതല്ല. ഇത് ഇസ്‌ലാമിന്റെ അടിസ്ഥാന അധ്യാപനമാണ്. ഖുര്‍ആന്‍ വളരെ വ്യക്തവും ശക്തവുമായ ശൈലിയില്‍ അക്കാര്യം ഉണര്‍ത്തിയിട്ടുണ്ട്. അതില്‍ പ്രധാനമാണ് രണ്ടാം അധ്യായം 256-ാം വചനം. ഇതിന്റെ വിവക്ഷ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നത് കാണുക: ''ഇസ്‌ലാമാകുന്ന ആദര്‍ശപരവും ധാര്‍മികവും കര്‍മപരവുമായ ഈ വ്യവസ്ഥ ആരുടെയും മേല്‍ ബലാല്‍ക്കാരം അടിച്ചേല്‍പ്പിക്കാവതല്ല. ഇത് ഒരാളുടെ തലയില്‍ നിര്‍ബന്ധപൂര്‍വം വെച്ചുകെട്ടാവുന്ന ഒരു വസ്തുവേ അല്ല'' (തഫ്ഹീമുല്‍ ഖുര്‍ആന്‍, അല്‍ബഖറ 285-ാം വ്യാഖ്യാനക്കുറിപ്പ്).
ഏതു അധാര്‍മികമാര്‍ഗേണയും ഇസ്‌ലാമിലേക്ക് ആളെക്കൂട്ടുക എന്നതാണ് മുസ്‌ലിംകളുടെ അജണ്ട എന്ന ആരോപണത്തെ പ്രതിരോധിക്കാനായി ഇപ്പോള്‍ എഴുന്നള്ളിക്കുന്ന വാദങ്ങളല്ല ഇതൊന്നും. പ്രത്യുത, ഇസ്‌ലാമിക പൈതൃകത്തിലും സംസ്‌കാരത്തിലും സ്ഥിരപ്രതിഷ്ഠ നേടിയ മൗലിക സിദ്ധാന്തങ്ങളാണ്. പൂര്‍വകാല പണ്ഡിതന്മാര്‍ അത് പല രൂപത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണമായി ഇമാം ഇബ്‌നു ഖുദാമ എഴുതുന്നു: ''ബലപ്രയോഗം പാടില്ലെന്നിരിക്കെ ആരെങ്കിലും സമ്മര്‍ദത്തിനു വഴങ്ങി ഇസ്‌ലാം സ്വീകരിച്ചാല്‍ തന്നെ തങ്ങള്‍ സ്വമേധയാ ഇസ്‌ലാം സ്വീകരിച്ചതാണെന്ന് പ്രകടമായി തെളിയുന്നതുവരെ ഇസ്‌ലാമിന്റെ യാതൊരു വിധിയും അത്തരക്കാര്‍ക്ക് ബാധകമാവുകയില്ല'' (മുഗ്നി 10/96).
ഇസ്‌ലാമിന് അധികാരവും രാഷ്ട്രവും മേല്‍ക്കോയ്മയും ഉണ്ടായിരുന്ന കാലത്ത് അവിടങ്ങളില്‍ കഴിഞ്ഞിരുന്ന് അമുസ്‌ലിം പൗരന്മാരെ പറ്റിയാണീ പറയുന്നത്. അധികാരത്തിന്റെ മുഷ്‌ക്കും സമ്മര്‍ദവും പയറ്റാന്‍ വേണ്ടുവോളം അനുകൂലാന്തരീക്ഷം നിലനില്‍ക്കുമ്പോള്‍ പോലും അത് പാടില്ലെന്നാണ് അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നത്.
മുസ്‌ലിംകളും അമുസ്‌ലിംകളും കൂടിക്കലര്‍ന്ന് ജീവിക്കുന്ന ഒരു പ്രദേശത്ത് ഒരു അനാഥ ശിശുവിനെ കളഞ്ഞുകിട്ടുകയും രണ്ടുപേര്‍ വന്ന് തന്റേതാണ് ആ കുഞ്ഞെന്ന് വാദിക്കുകയും ചെയ്‌തെന്നിരിക്കട്ടെ. വാദികളില്‍ ആര്‍ക്കും പ്രത്യേകിച്ച് തെളിവൊന്നും സമര്‍പ്പിക്കാന്‍ സാധിക്കാതെ വന്നാല്‍, ശിശുവിന്റെ നന്മയും ഗുണവും എന്താണോ അതനുസരിച്ചായിരിക്കും വിധി കല്‍പ്പിക്കുക. ഇവിടെ വാദികളില്‍ ഒരാള്‍ മുസ്‌ലിമും അപരന്‍ അമുസ്‌ലിമുമാണെങ്കില്‍, മുസ്‌ലിമായ വ്യക്തി അടിമയും അമുസ്‌ലിം സ്വതന്ത്രനുമാണെങ്കില്‍ ശിശുവിന്റെ പിതൃത്വം അമുസ്‌ലിമായ വ്യക്തിയിലേക്ക് ചേര്‍ക്കുക എന്നതാണ് ഇസ്‌ലാമിക ശരീഅത്തിന്റെ വിധി. ഇവിടെ ഒരു കുട്ടിയെ എങ്ങനെയെങ്കിലും മുസ്‌ലിമായി കണക്കില്‍ പെടുത്തി ഇസ്‌ലാമിന് ഒരാളെക്കൂടി ലഭിക്കട്ടെ എന്നല്ല ചിന്തിക്കുന്നത്.  മുസ്‌ലിമിലേക്ക് ചേര്‍ത്തു പറഞ്ഞാല്‍ കുട്ടി മുസ്‌ലിമായി പരിഗണിക്കപ്പെടുമെന്നത് ശരിയാണ്. ഇസ്‌ലാമിന് ഒരാളെക്കൂടി കിട്ടി എന്നും വരും. എന്നാല്‍ ആ കുട്ടി അടിമയായിത്തന്നെ അവശേഷിക്കുകയായിരിക്കും ഫലം. എന്നാല്‍ അവിശ്വാസിയായ പിതാവിലേക്ക് ചേര്‍ത്തു പറഞ്ഞാല്‍, അയാള്‍ സ്വതന്ത്രനായതുകൊണ്ട് കുട്ടിയും സ്വതന്ത്രനായി പരിഗണിക്കപ്പെടും. അവന് ബുദ്ധിയും വിവേകവുമെത്തുന്ന മുറക്ക് എപ്പോള്‍ വേണമെങ്കിലും യഥേഷ്ടം അവന് ഇസ്‌ലാം സ്വീകരിക്കുകയോ വേണ്ടെന്നു വെക്കുകയോ ചെയ്യാം (ബദാഇഉസ്സ്വനാഇഅ് 14/236).
ഇതുപോലെ ഇസ്‌ലാമിലേക്ക് ആളെക്കൂട്ടുക എന്നതിനേക്കാള്‍, മനുഷ്യാവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും പ്രാധാന്യവും പരിഗണനയും നല്‍കുന്ന ധാരാളം വിധികള്‍ ഇസ്‌ലാമിക ശരീഅത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. അവയൊന്നും കേവലം ഭാവനാ വിലാസങ്ങളല്ല, മറിച്ച് ചരിത്രത്തില്‍ നടപ്പാക്കപ്പെട്ട വിധിന്യായങ്ങളാണ്.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 21-23
ടി.കെ ഉബൈദ്‌

ഹദീസ്‌

ദൈവം യേശുവിനോട് പറഞ്ഞത്‌
അബ്ദുല്ലത്വീഫ് കൊടുവള്ളി