ആല്‍ഫ തലമുറക്കു മുമ്പില്‍ കാലാവധി തീര്‍ന്ന മനുഷ്യരാവാതിരിക്കാം
വളരെ വേഗം കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുകയാണ് കാലം. വേഗതക്ക് ഇത്ര വേഗമോ എന്ന് ആളുകള്‍ ചോദിച്ചുപോകും. സൗകര്യങ്ങളും സാഹചര്യങ്ങളും അതിവേഗം മാറിക്കൊണ്ടേയിരിക്കുന്നു. കുട്ടികളാണ് പൊടുന്നനെ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നത്. മാറ്റങ്ങളുടെ മുന്നില്‍ അവരാണ്. അവരുടെ അഭിരുചികളും ഇഷ്ടങ്ങളും തീര്‍ത്തും രൂപംമാറിക്കൊണ്ടേയിരിക്കുന്നു. ഇവരെന്താ ഇങ്ങനെ, നമ്മുടെയൊന്നും കുട്ടിക്കാലത്ത് നമ്മള്‍ ഇങ്ങനെയായിരുന്നില്ലല്ലോ എന്ന് മുഖം ചുളിക്കുന്നതില്‍ കാര്യമില്ല. കാരണം നമ്മളെ പോലെ അല്ല അവര്‍, നമ്മളേക്കാള്‍ എത്രയോ മടങ്ങ് ടാലന്റും സ്‌കില്ലും കൂടിയവരാണ്. അതുകൊണ്ടുതന്നെ നമ്മുടെ സിദ്ധാന്തങ്ങളും രീതികളും മതിയാകില്ല അവര്‍ക്ക്. പണ്ടൊക്കെ കുട്ടികള്‍ അതെന്താ, ഇതെന്താ എന്ന് നിരന്തരം ചോദിക്കുമായിരുന്നു. ഇന്ന് പക്ഷേ അവര്‍ക്കറിയാം; എല്ലാം ഗൂഗ്‌ളിനോട് ചോദിച്ചാല്‍ മതിയെന്ന്, എല്ലാ അറിവുകളുടെയും കുത്തക നമുക്കോ അധ്യാപകര്‍ക്കോ ഒന്നുമല്ലെന്ന്, നമ്മളേക്കാള്‍ അറിവും പ്രാപ്തിയും ഉള്ളവര്‍ എമ്പാടുമുണ്ടെന്ന്. ഏറെ അറിവുള്ള മനുഷ്യരിലേക്ക് എത്തിപ്പെടാനുള്ള വഴിയും അവര്‍ക്കറിയാം.
മുറി അറിവുമായി കുട്ടികളുടെ അടുത്ത് ചെല്ലാന്‍ ഇനി നമുക്ക് കഴിയില്ല. നോക്കൂ, അഫ്ഗാന്‍ യുദ്ധം അവരറിയുന്നത് പത്രങ്ങളില്‍നിന്നല്ല. അഫ്ഗാനില്‍നിന്നും ജര്‍മനിയില്‍നിന്നും ക്യൂബയില്‍നിന്നുമുള്ള ഒട്ടേറെ സുഹൃത്തുക്കള്‍ അവര്‍ക്കുണ്ട്. അമിനോ ആപ്പില്‍നിന്ന് അവര്‍ ഒട്ടേറെ പേരെ പരിചയപ്പെട്ടിട്ടുണ്ട്. മറ്റു രാജ്യങ്ങളിലെ പ്രശ്നങ്ങള്‍ അവര്‍ക്കറിയാം. മറ്റു രാജ്യക്കാരാണ് ഇന്നവരുടെ അയല്‍ക്കാര്‍.
അതുകൊണ്ട് കുട്ടികളെ അഭിമുഖീകരിക്കണമെങ്കില്‍ അവരേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാതെ വഴിയില്ല. കുട്ടികളെ പഠിപ്പിക്കുന്നവരും സിലബസ്സുണ്ടാക്കുന്നവരും രക്ഷിതാക്കളുമെല്ലാം അപ്ഡേറ്റ് ആകാതെ നിവൃത്തിയില്ല. അല്ലെങ്കില്‍ ഏതോ ഒരു കാലത്ത് സ്തംഭിച്ചുനില്‍ക്കുന്നവരായി നമ്മള്‍ മാറും. അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് കൃത്യമായ ദിശ നല്‍കാന്‍ സാധിക്കണമെങ്കില്‍ അവര്‍ക്ക് മുന്നില്‍, അല്ലെങ്കില്‍ അവരോടൊപ്പമെങ്കിലും സഞ്ചരിച്ചേ മതിയാകൂ. അതിന് പുതിയ കാലത്തെ കുട്ടികളെ കുറിച്ച് നമുക്ക് നല്ല ധാരണ വേണം, അവര്‍ക്കെന്ത് നല്‍കണം എന്ന ബോധ്യം വേണം, വരും കാലങ്ങളില്‍ അവരെന്താകണം എന്നതിനെ പറ്റി കാഴ്ചപ്പാട് വേണം. പണ്ടത്തെ വീഞ്ഞ് പുതിയ കുപ്പിയില്‍ പാര്‍ന്നു കൊടുത്താല്‍ ഒട്ടും മതിയാകില്ല. കുട്ടികളെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനുള്ള ശ്രമം നാം നടത്തുന്നില്ലെങ്കില്‍ അതിനര്‍ഥം നമ്മുടെ വരുംകാലങ്ങള്‍ എന്താവണം എന്നതിനെ കുറിച്ച് നമുക്കൊട്ടും കരുതലില്ല എന്നാണ്.
2010-നു ശേഷം ജനിച്ച തലമുറയെയാണ് ആല്‍ഫ ജനറേഷന്‍ (Generation Alpha)എന്ന് പറയാറ്. ഗ്രീക്ക് അക്ഷരമാലയില്‍നിന്നുള്ളതാണ് ആ പേര്. 2024 ആകുമ്പോഴേക്കും ഈ തലമുറ ലോകത്ത് രണ്ട് ബില്യന്‍ വരും എന്നാണ് കണക്ക്. സിരി ആന്റ് അലക്സ വോയ്സ് കേട്ട് വളര്‍ന്നവരാണവര്‍. ഗൂഗ്‌ളിന്റെ സഹായവും വേണ്ടുവോളം അവര്‍ക്ക് ലഭിച്ചു. ഐപാഡിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും കൂടെയാണ് അവരുടെ ജനനം. രണ്ടാമത്തെ വയസ്സില്‍ അവര്‍ ടാബ് ഉപയോഗിക്കാന്‍ പഠിച്ചു. സ്വന്തമായൊരു ഗാഡ്ജറ്റ് മൂന്നാമത്തെയോ നാലാമത്തെയോ വയസ്സില്‍ അവര്‍ക്ക് കിട്ടി. എല്ലാറ്റിനോടും സ്വന്തമായൊരു സമീപനവും നിലപാടും അവര്‍ക്കുണ്ട്. സ്മാര്‍ട്ട് അല്‍ഗോരിതം വഴി അവരുടെ ഇഷ്ടപ്പെട്ട കാര്‍ട്ടൂണുകളും പാട്ടുകളുമാണ് അവര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.
പുതിയ കാലത്തിന് യോജിച്ച കണ്ടന്റുകളും അവര്‍ നിര്‍മിക്കുന്നുണ്ട്. പുതിയ തരം ടോയ്സുകള്‍ അണ്‍പാക്ക് ചെയ്യുന്ന വീഡിയോകളും അവര്‍ പോസ്റ്റ് ചെയ്യുന്നു. പുതുതായിറങ്ങിയ ഗെയ്മുകളെ അവര്‍ പരിചയപ്പെടുത്തുന്നു. അവര്‍ പ്രാങ്ക് ചെയ്യുന്നു. മുതിര്‍ന്ന വ്ളോഗേഴ്സിനേക്കാളും വ്യൂവേഴ്സിനെ നേടുന്നു. ദിനംപ്രതി അവര്‍ പുതിയ അറിവുകളും പുതുമകളും സ്വന്തമാക്കുന്നു. ക്രിറ്റിക്കല്‍ തിങ്കിംഗിലും അവര്‍ മുന്നിലാണ്. അപ്രധാനമെന്ന് അവര്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ക്കായി അവര്‍ സമയം മെനക്കെടുത്തില്ല. യാഥാര്‍ഥ്യ ലോകത്തിന്റെയും ഓണ്‍ലൈന്‍ ലോകത്തിന്റെയും ഇടയിലൂടെയാണ് അവരുടെ സഞ്ചാരം. എട്ടില്‍ ഒരു കുട്ടിയുടെ വ്ളോഗ് അവരുടെ ദൈനംദിന ജീവിതത്തെ കുറിച്ചാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം അവര്‍ക്ക് വലിയ ലോകം നല്‍കുന്നുണ്ട്. അവരുടെ സ്‌കൂളിലെ അധ്യാപകരെ മാത്രമല്ല അവര്‍ കണ്ടുമുട്ടുന്നത്. ലോകത്തുള്ള ഏതൊരു എക്സ്പേര്‍ട്ടിന്റെയും ക്ലാസ് അവര്‍ക്ക് കിട്ടുന്നു. തന്നെ പഠിപ്പിക്കുന്ന അധ്യാപകന്റെ പരിമിതി അവനെ ബാധിക്കുന്നില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലമായതിനാല്‍ ഇപ്പോഴുള്ള ഒട്ടേറെ തൊഴിലവസരങ്ങള്‍ നഷ്ടമാകുമെന്ന് അവനറിയാം. ഡിമാന്റുള്ള സ്‌കില്ല് ഏതെന്ന് അതിനാല്‍ തന്നെ അവന്‍ അന്വേഷിക്കും. ഭാവിയില്‍ അവര്‍ മിക്കവാറും ഫ്രീലാന്‍സേഴ്സ് ആയിരിക്കും. ഒരു ജോലിക്കാരനായി ആരുടെയെങ്കിലും കീഴില്‍ നില്‍ക്കാന്‍ ഒരുപക്ഷേ അവനെ കിട്ടില്ല, അത്രമേല്‍ സ്വാതന്ത്ര്യം കിട്ടി വളര്‍ന്ന തലമുറയാണ് ജനറേഷന്‍ ആല്‍ഫ. എല്ലാത്തിനെയും പോസിറ്റീവ് ആയി കാണുന്ന മികച്ച മാതാപിതാക്കളെയായിരുന്നല്ലോ അവര്‍ക്ക് കിട്ടിയത് (മില്ലേനിയല്‍സ് എന്ന പേരിലാണ് ജനറേഷന്‍ ആല്‍ഫയുടെ മാതാപിതാക്കള്‍ അറിയപ്പെടുന്നത്. 1981-നും 1996-നും ഇടയില്‍ ജനിച്ച തലമുറയാണ് മില്ലേനിയല്‍സ്). മില്ലേനിയല്‍സിന്റെ തൊഴിലവസരങ്ങളാകട്ടെ നിരന്തരം മാറിക്കൊണ്ടേയിരിക്കുമെന്നും അസ്ഥിരമാണെന്നും ആല്‍ഫ തലമുറ കണ്ടറിയുന്നുമുണ്ട്. തന്റെ പാരന്റ്സിന്റെ കരിയര്‍ നിരന്തരം മാറിക്കൊണ്ടിരിക്കുന്നതിനെ പറ്റിയും സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുന്നതിനെ പറ്റിയും അവന് അറിയാം. അത് ആല്‍ഫ തലമുറയെ കൂടുതല്‍ ജാഗ്രത്താക്കുന്നു. മറ്റുള്ളവരേക്കാള്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ അതവരെ പ്രാപ്തരാക്കുന്നു.
മാതാപിതാക്കള്‍ വളരെ ഫ്രന്റ്ലി ആയതുകൊണ്ടു തന്നെ മറ്റു തലമുറകളേക്കാള്‍ കൂടുതലായി അവരുമായി സമയം ചെലവഴിക്കുന്ന തലമുറയും ഇതു തന്നെ. മാതാപിതാക്കളെ കാണുമ്പോള്‍ തന്നെ ഭയന്നിരുന്ന ഒരു കാലത്തു നിന്ന് വളരെ വേഗത്തിലുള്ള മാറ്റമാണിത്. മുമ്പ് കുട്ടികള്‍ ടൂറ് പോകുമ്പോള്‍ തങ്ങളുടെ കൂടെ രക്ഷിതാക്കള്‍ ഉണ്ടാകുന്നത് അവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഇന്ന് പക്ഷേ അങ്ങനെയല്ല. ഒരു കൂട്ടുകാരനെ കാണുന്ന തെളിച്ചത്തോടെയും സന്തോഷത്തോടെയും രക്ഷിതാക്കളെയും അവര്‍ അഭിമുഖീകരിക്കുന്നു. അവരോടൊപ്പം ഷോപ്പിംഗിന് പോകാനും ഔട്ടിംഗിന് പോകാനുമാണ് കുട്ടികള്‍ ഇഷ്ടപ്പെടുന്നത്. മക്കളാണ് അവരുടെ രക്ഷിതാക്കള്‍ക്ക് ഡിജിറ്റല്‍ ടിപ്സുകള്‍ പറഞ്ഞുകൊടുക്കുന്നത്. പതിയെ അവര്‍ ഒരേ താല്‍പ്പര്യക്കാരായി മാറുന്നു. ഒന്നിച്ച് വ്‌ളോഗ് ചെയ്യുന്നു.
ആല്‍ഫ തലമുറക്ക് കൂടുതല്‍ ആയുസ്സും ആരോഗ്യവും ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. അതിനു കാരണം നടത്തവും ഓട്ടവും ജിമ്മില്‍ പോകലും ഡയറ്റുമായി ജീവിക്കുന്ന, ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന രക്ഷിതാക്കളെയാണ് അവര്‍ കാണുന്നത് എന്നതാണ്.
ഓണ്‍ലൈനില്‍ പര്‍ച്ചേസ് ചെയ്യുന്ന തലമുറയാണ് ആല്‍ഫ തലമുറ. സെല്‍ഫ് ഡ്രൈവിംഗ് കാറുകളിലായിരിക്കും ഇനിയവര്‍ ലോകം ചുറ്റുന്നത്. ഡ്രൈവ് പോലും ചെയ്യേണ്ടി വരില്ല എന്നര്‍ഥം. ഇന്ന് എവിടെ പോകാനും നമുക്ക് ആരോടും വഴി ചോദിക്കേണ്ടിവരുന്നില്ലല്ലോ. ഡ്രൈവര്‍ലെസ് കാറുകള്‍ വരും കാലത്ത് അവരെ എത്തേണ്ടിടത്ത് എത്തിക്കും. മൊബൈല്‍ ആപ്പുകള്‍ മറ്റു പല കാര്യങ്ങള്‍ക്കും അവരെ സഹായിക്കും. ടെക്നോളജി ഇത്രമാത്രം വികസിക്കുന്നതു കൊണ്ടു തന്നെ പഴയ തലമുറയേക്കാള്‍ ഈ തലമുറക്ക് വേണ്ടുവോളം ഫ്രീടൈം കിട്ടും. മാനസികാരോഗ്യം നിലനിര്‍ത്താനും പുതിയ സ്‌കില്ലുകള്‍ പഠിച്ചെടുക്കാനും അതുകൊണ്ടു തന്നെ അവര്‍ക്ക് കഴിയും. പക്ഷേ സോഫ്റ്റ് സ്‌കില്ലുകള്‍ അവര്‍ക്ക് നഷ്ടപ്പെടാനുള്ള സാധ്യതകളുണ്ട് എന്നത് ഒരു പ്രശ്നമാണ്. കരുണ, ദയ, സ്നേഹം, സഹാനുഭൂതി തുടങ്ങിയ ഗുണങ്ങള്‍ അവരില്‍ നിറക്കാന്‍ ബോധപൂര്‍വവും സര്‍ഗാത്മകവുമായ ശ്രമങ്ങള്‍ ഉണ്ടായാല്‍ ഈ പ്രശ്നത്തെ മറികടക്കാം. മുഴുനേരവും ഓണ്‍ലൈനിലാകുമ്പോള്‍ ചുറ്റുമുള്ളവരുമായുള്ള ബന്ധങ്ങള്‍ കുറയാതെ നോക്കുകയും വേണം. വീട്ടുകാര്‍ ഒന്നിച്ചുള്ള ഇരുത്തങ്ങളും മറ്റും ബോധപൂര്‍വം ഉണ്ടാക്കേണ്ടതുണ്ട്. കിച്ചണിലൊക്കെ എല്ലാവരും ഒന്നിച്ച് കുക്ക് ചെയ്യുക എന്ന രീതിയിലേക്കൊക്കെ വീടിന്റെ അന്തരീക്ഷം മാറിയാല്‍ അത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
ജനറേഷന്‍ ഗ്ലാസ് എന്നും സ്‌ക്രീനേജേഴ്‌സ് എന്നും ജനറേഷന്‍ ആല്‍ഫ അറിയപ്പെടാന്‍ കാരണം മനുഷ്യരുമായി നേരിട്ടുള്ള ബന്ധം കുറയുന്നതുകൊണ്ടാണ്. വേഗത്തില്‍ പക്വത വരുന്നതുകൊണ്ട് അപേജേഴ്‌സ് (Upagers) എന്നും ഗ്ലോബല്‍ ജെന്‍, മള്‍ട്ടി മോഡല്‍സ് എന്നുമെല്ലാം ഈ തലമുറ അറിയപ്പെടുന്നു. ഈ ജനറേഷന്റെ ടെക് ലോകം എന്നാല്‍ എയര്‍ പോഡും സിരിയും ആപ്പിള്‍ വാച്ചും എ.ഐയും 5ജിയുമാണ്. നോക്കിയ 1100-ഉം ലാന്റ് ഫോണും പേജറും സി.ഡിയും ഡി.വി.ഡിയുമൊന്നും ഈ ജനറേഷന് പരിചയമില്ല.
ഒരുപക്ഷേ കൂടുതല്‍ നൈതിക ബോധമുള്ള തലമുറ കൂടിയാണിത്. അവര്‍ ചെടി നട്ടുപിടിപ്പിക്കുകയും വിളവുണ്ടാക്കുകയും ചെയ്യുന്നു. ഗ്രെറ്റ തുന്‍ബര്‍ഗൊക്കെ അവരെ നന്നായി സ്വാധീനിക്കുന്നുണ്ട്. ഭൂമിയുടെ ഭാവിയെ കുറിച്ചും അവര്‍ക്ക് കൃത്യമായ ധാരണയുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ ഓരോ സംരംഭങ്ങള്‍ തുടങ്ങാന്‍ ജനറേഷന്‍ ആല്‍ഫ ശ്രമിക്കുന്നു. വളരെ ലളിതമായ എഡിറ്റിംഗ് ടൂള്‍ വെച്ച് അവരവരുടെ സര്‍ഗാത്മകത പോസ്റ്റ് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നു.
ജനറേഷന്‍ ആല്‍ഫയെ കുറിച്ച് മക്രിന്‍ഡിലും ആഷ്ലി ഫെല്ലും ചേര്‍ന്നെഴുതിയ പുസ്തകമാണ് Understanding Generation Alpha. ജനറേഷന്‍ ആല്‍ഫയുടെ അഭിരുചിക്കനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാനായി കമ്പനികളെല്ലാം വലിയ പഠനങ്ങളാണ് നടത്തുന്നത്.
എ.ഐ ഡിവൈസുകളും ഇന്റലിജന്റ് ടോയ്സുകളും ഈ തലമുറയെ മുന്നില്‍ കണ്ടു കൊണ്ടുള്ളതാണ്. ഹെല്ലോ ബാര്‍ബിയും ഹാച്ചിമല്‍സും അതിന് ഉദാഹരണമാണ് (Hello Barbie and Hatchimals). റയാന്‍സ് വേള്‍ഡ് പോലെയുള്ള കുട്ടി ചാനലുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയും ഏറെയാണ് (Ryan of Ryan's World).
റേഡിയോ ടൈപ്പ് വിദ്യാഭ്യാസമായിരുന്നു ജനറേഷന്‍ ബൂമേഴ്സിന് (1946-1964) ലഭിച്ചത്. അത് തികച്ചും ഔപചാരികമായിരുന്നു. ജനറേഷന്‍ എക്സിനാകട്ടെ (1964-1980), ഗ്രൂപ്പ് വര്‍ക്കും ഇന്ററാക്റ്റീവ് ലേണിംഗും പഠനത്തിന്റെ ഭാഗമായി. മില്ലേനിയല്‍സാകട്ടെ (1981-96), മള്‍ട്ടിമോഡല്‍ മെത്തേഡിലൂടെ പഠിച്ചു വന്നു. ജനറേഷന്‍ ഇസെഡിന്റെ കാലത്താണ് (1996-2010) വിദ്യാഭ്യാസം പഠിതാവിനെ കേന്ദ്രീകരിച്ചായത്. ഇപ്പോള്‍ ചുറ്റുപാടുകള്‍ പിന്നെയും മാറിയിരിക്കുന്നു. പഴയ പോലെ കുട്ടികളെ സ്‌കൂളിലെ ഒരു മുറിയില്‍ ഇരുത്തിപ്പഠിപ്പിച്ചാല്‍ ഇനി മതിയാകില്ല.
കുറേ പഠിപ്പിക്കുക എന്നതില്‍നിന്ന് മാറി, കൃത്യമായ സ്‌കില്ലുകള്‍ പഠിപ്പിക്കുന്നതിലാണ് ശ്രദ്ധ വേണ്ടതെന്ന് വിദഗ്ധര്‍ പറയുന്നു. എല്ലാ വിഷയങ്ങളിലും എ പ്ലസ് കിട്ടാന്‍ അവനെ നിര്‍ബന്ധിക്കരുത്. അവന് താല്‍പ്പര്യമുള്ള വിഷയത്തില്‍ എ പ്ലസ് നേടട്ടെ. മറ്റു വിഷയങ്ങളിലേക്കും ശ്രദ്ധ കൊടുക്കാന്‍ അവനില്‍ സമ്മര്‍ദം ചെലുത്തുമ്പോള്‍ അവന്റെ സ്‌കില്ലില്‍നിന്ന് അവനെ വഴി തിരിച്ചുവിടുകയാണ് ചെയ്യുന്നത്. ഒരു കാര്യം എന്ത് എന്നതിനേക്കാള്‍ എങ്ങനെ, എന്തുകൊണ്ട് എന്നതായിരിക്കണം പഠിപ്പിക്കേണ്ടത്. ക്ലാസില്‍നിന്ന് അവന് ലഭിക്കേണ്ടത് സോഫ്റ്റ് സ്‌കില്ലുകളാണ്; നല്ല സ്വഭാവ ശീലങ്ങളും മറ്റുള്ളവരുമായി എങ്ങനെ ഇടപഴകണം, പെരുമാറണം തുടങ്ങിയ കാര്യങ്ങളുമാണ് അവന് കിട്ടേണ്ടത്.
പഴയ തലമുറയുടെ ലാഞ്ഛന പോലും ഏശാന്‍ സാധ്യതയില്ലാത്തതുകൊണ്ടാണ് ഈ തലമുറക്ക് ആല്‍ഫ എന്ന് പേരിട്ടത്. തീര്‍ത്തും പുതിയൊരു തലമുറയാണിത്. അതുകൊണ്ടാണ് വീണ്ടും ഒന്നില്‍നിന്ന് തുടങ്ങുന്നത്. മില്ലേനിയല്‍സിന്റെ മക്കളാണല്ലോ ജനറേഷന്‍ ആല്‍ഫ. ആല്‍ഫയുടെ മക്കള്‍ ജനറേഷന്‍ ഗാമ ആയിരിക്കും (2040-2054). ശരിക്കും പറഞ്ഞാല്‍ പഴയതിലേക്കുള്ള മടക്കമല്ല, പുതിയൊരു തുടക്കമാണ് ജനറേഷന്‍ ആല്‍ഫ.
ടെക്നോളജിയുടെ അടിത്തറയില്‍നിന്ന് രൂപപ്പെടുന്ന തലമുറയാണിത്. റേഡിയോക്ക് 50 മില്യന്‍ ഉപയോക്താക്കളുണ്ടാകാന്‍ എടുത്തത് 38 വര്‍ഷമാണെന്നാണ് പറയുന്നത്. ടി.വിക്ക് പതിമൂന്ന് വര്‍ഷവും. ഐപോഡിനെടുത്തതാകട്ടെ വെറും നാല് വര്‍ഷം, ഇന്റര്‍നെറ്റിന് മൂന്ന് വര്‍ഷം. ഫേസ്ബുക്കിന് ഒരു വര്‍ഷവും. പോക്മോന്‍ ഗോക്ക് അമ്പത് മില്യന്‍ യൂസേഴ്സിനെ കിട്ടാന്‍ എടുത്തതാകട്ടെ വെറും 19 ദിവസം. എത്ര സ്പീഡുണ്ട് ഈ കാലത്തിന് എന്ന് ഇതില്‍നിന്ന് മനസ്സിലാകും.
ഇനിയെന്ത് എന്ന് പ്രവചിക്കാന്‍ പോലും പറ്റാത്ത കാലമാണ് മുന്നിലുള്ളത്. അത്രയേറെ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. സാങ്കേതിക പുരോഗതി ധ്രുതഗതിയിലാണ് സംഭവിക്കുന്നത്. ഈയടുത്ത് ഇറങ്ങിയ കാസോ ഇഷിഗുരോയുടെ ക്ലാര ആന്റ് ദ സണ്‍ (Klara and the Sun)എന്ന നോവലില്‍ എ.എഫുകളെ കുറിച്ച് പറയുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഫ്രന്റ് എന്നതിന്റെ ചുരുക്കമാണ് എ.എഫ്. രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് എ.എഫുകളെ വാങ്ങി നല്‍കുകയാണ്, സംവദിക്കാനും മറ്റുള്ളവരുടെ വികാരങ്ങള്‍ മനസ്സിലാക്കാനും കഴിയുന്ന എ.എഫുകള്‍.
അത്രയേറെ വേഗത്തില്‍ നമുക്ക് മുന്നിലുള്ള ലോകവും തലമുറയും മാറുകയാണ്. ആ മാറ്റം മനസ്സിലായില്ലെങ്കില്‍, മാറിയേ പറ്റൂ എന്ന വാശി നമുക്കില്ലെങ്കില്‍ കാലാവധി തീര്‍ന്ന മനുഷ്യരായി നാം ശുഷ്‌കിച്ചുപോകും.
Comments