Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 01

3220

1443 സഫര്‍ 24

ഭീകരതാവിരുദ്ധ യുദ്ധവും മിഡിലീസ്റ്റിലെ യു.എസ് അധിനിവേശവും

പി.കെ നിയാസ്‌

അമേരിക്കയുടെ സൈനികവും രാഷ്ട്രീയവുമായ ഇടപെടലുകള്‍ വിവിധ രാജ്യങ്ങളെ എവ്വിധം ബാധിക്കുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് അഫ്ഗാനിസ്താന്‍. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട അധിനിവേശത്തിലൂടെ അഫ്ഗാനിസ്താനെ വീണ്ടും അസമാധാനത്തിലേക്ക് തള്ളിവിട്ടാണ് യു.എസ് സൈന്യം സ്ഥലം വിട്ടത്. സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ മറയാക്കി ഏതൊക്കെ രാജ്യങ്ങളില്‍ അമേരിക്ക ഇടപെട്ടിട്ടുണ്ടോ അവിടങ്ങളില്‍നിന്നൊക്കെ അസമാധാനത്തിന്റെയും സംഘര്‍ഷങ്ങളുടെയും വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. സൈനികാധിനിവേശം മാത്രമല്ല, ജനാധിപത്യാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ പണവും ആയുധവും നല്‍കി അട്ടിമറിക്കുക, കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് പേരുകേട്ട ഏകാധിപതികളെ പട്ടും വളയും നല്‍കി താലോലിക്കുക തുടങ്ങിയ അമേരിക്കയുടെ നയങ്ങള്‍ ലോക സമാധാനത്തിനു തന്നെ ഭീഷണിയാണ്. ഭീകരതക്കെതിരായ പോരാട്ടമെന്ന പേരിലാണ് അമേരിക്കന്‍ സാമ്രാജ്യത്വം വിവിധ രാജ്യങ്ങളില്‍ ഇടപെടാറെങ്കിലും അവിടങ്ങളിലൊക്കെ സൈനിക ഭീകരത അഴിച്ചുവിട്ട പാരമ്പര്യമാണ് അവര്‍ക്കുള്ളത്.
മിഡിലീസ്റ്റിലെ അമേരിക്കന്‍ ഇടപെടല്‍ ആരംഭിക്കുന്നത് 1928-ല്‍ ഇറാഖില്‍ വന്‍ എണ്ണപ്പാടം കണ്ടെത്തിയതോടെയാണ്. ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ മറ്റു അധിനിവേശ ശക്തികളുമായി റെഡ്ലൈന്‍ കരാര്‍ ഒപ്പുവെച്ച് എണ്ണ വരുമാനം പങ്കിടുന്നതിന് ധാരണയായതോടെയാണ് മിഡിലീസ്റ്റിലെ അധിനിവേശങ്ങള്‍ക്ക് തുടക്കമാകുന്നത്.  ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ ശക്തികളെപ്പോലെ മിഡിലീസ്റ്റിലെ കോളനിവല്‍ക്കരണത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സുപ്രധാനമായ രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ അമേരിക്ക സജീവമായി ഇടപെടുകയുണ്ടായി. ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള ആംഗ്ലോ-ഇറാനിയന്‍ എണ്ണക്കമ്പനിയുമായുള്ള ഇറാന്റെ ബന്ധം വഷളായത് മുതലെടുക്കാന്‍ അമേരിക്ക നടത്തിയ ശ്രമങ്ങള്‍ ബോധ്യപ്പെട്ട പ്രധാനമന്ത്രി മുഹമ്മദ് മുസ്വദ്ദിഖ് എണ്ണക്കമ്പനികളെ ദേശസാല്‍ക്കരിച്ച് നിയമം പാസ്സാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ ബ്രിട്ടീഷ് ചാരസംഘടനയായ എം.ഐ 6-മായി ചേര്‍ന്ന് മുസ്വദ്ദിഖ് സര്‍ക്കാറിനെ അട്ടിമറിച്ചു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിച്ച 'ഓപറേഷന്‍ അയാക്സ്' പദ്ധതിക്ക് അമേരിക്കയുടെ കളിപ്പാവയായ ഷാ റിസാ പഹ്ലവിയുടെ പിന്തുണയുമുണ്ടായിരുന്നു. 1978-'79-ലെ വിപ്ലവത്തില്‍ പഹ്ലവി രാജവംശം പുറത്താക്കപ്പെടുന്നതുവരെ ഇറാനിലെ അമേരിക്കന്‍ സ്വാധീനം തുടര്‍ന്നു.

ഇറാഖിലെ അധിനിവേശം

1990 ആഗസ്റ്റ് 2-ന് സദ്ദാം ഹുസൈന്‍ കുവൈത്തില്‍ നടത്തിയ അധിനിവേശം മേഖലയില്‍ അമേരിക്കയുടെ സാന്നിധ്യം ഊട്ടിയുറപ്പിക്കുന്നതിന് കാരണമായി. സദ്ദാമിന്റെ നീക്കം ഇറാഖിലെ യു.എസ് അംബാസഡറായിരുന്ന ഏപ്രില്‍ ഗ്ലാസ്പിക്കും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനും അറിവുണ്ടായിരുന്നുവെന്നും എന്നാല്‍ സദ്ദാമിനെ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ കാര്യമായ ഇടപെടല്‍ അമേരിക്ക നടത്തിയില്ലെന്നും വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ അധിനിവേശാനന്തരം അമേരിക്ക യുദ്ധം നയിക്കുകയും സദ്ദാമിനെ കുവൈത്തില്‍നിന്ന് പുറത്താക്കുകയുമായിരുന്നു. ഇവിടം കൊണ്ട് അവസാനിപ്പിക്കാതെ ഇല്ലാത്ത നശീകരണായുധങ്ങളുടെ പേരില്‍ 2003-ല്‍ ഇറാഖിനെതിരെ വീണ്ടും യുദ്ധവും അധിനിവേശവും നടത്തിയ അമേരിക്കന്‍ സാമ്രാജ്യത്വം സദ്ദാമിനെ ഇല്ലാതാക്കുക മാത്രമല്ല, അവസാനിക്കാത്ത പ്രതിസന്ധിയിലേക്ക് ആ രാജ്യത്തെ തള്ളിവിടുകയും ചെയ്തു.
2003 മാര്‍ച്ചിലാണ് അമേരിക്കയുടെ ഇറാഖ് അധിനിവേശം നടക്കുന്നത്. ഇറാഖിന്‍െ വശമുള്ള സമൂല നശീകരണായുധങ്ങള്‍ നശിപ്പിക്കുക, ഏകാധിപതിയായ സദ്ദാം ഹുസൈനെ അധികാരത്തില്‍നിന്ന് പുറത്താക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് പടിഞ്ഞാറന്‍ ശക്തികളെയും മേഖലയിലെ വിവിധ അറബ് രാജ്യങ്ങളെയും കൂട്ടുപിടിച്ച് അമേരിക്ക യുദ്ധവും അധിനിവേശവും നടത്തിയത്. എന്നാല്‍, ആദ്യം പറഞ്ഞത് പെരുംനുണയാണെന്ന് അമേരിക്ക തന്നെ സമ്മതിച്ചു. രാസായുധങ്ങളോ ആണവായുധങ്ങളോ സദ്ദാമിന്റെ പക്കല്‍ ഉണ്ടായിരുന്നുവെന്നത് തെറ്റായ ധാരണയായിരുന്നുവെന്ന് അമേരിക്കയുടെ വെപ്പണ്‍ ഇന്‍സ്പെക്റ്റര്‍ ഡേവിഡ് കേ 2004 ജനുവരിയില്‍ കോണ്‍ഗ്രസിനു മുമ്പാകെ പ്രസ്താവിച്ചു. 'നമുക്ക് പൂര്‍ണമായും തെറ്റുപറ്റി' എന്നായിരുന്നു കേയുടെ വാക്കുകള്‍. അടുത്ത വര്‍ഷം മാര്‍ച്ചില്‍ പ്രസിഡന്‍ഷ്യല്‍ കമീഷന്റെ അന്വേഷണ റിപ്പോര്‍ട്ടും അതു തന്നെ പറഞ്ഞു - ഒരു തരിമ്പു പോലും സത്യമില്ലെന്ന്!
അതിനിടയില്‍ അമേരിക്ക ആഗ്രഹിച്ചതെല്ലാം സംഭവിച്ചിരുന്നു. സദ്ദാമിനെ പുറന്തള്ളി ഇറാഖികളെ വംശീയമായി വിഭജിക്കുകയും അവിടത്തെ എണ്ണ സമ്പത്ത് ഉള്‍പ്പെടെയുള്ളവ കൊള്ളടയിക്കുകയുമായിരുന്നു ഉദ്ദേശ്യം. പോള്‍ ബ്രെമര്‍ ഉള്‍പ്പെടെയുള്ള അഡ്മിനിസ്ട്രേറ്റര്‍മാരെ നിയമിച്ചതുതന്നെ എണ്ണയില്‍ കണ്ണുവെച്ചായിരുന്നു. പരമാവധി അമേരിക്കന്‍ കമ്പനികള്‍ക്ക് ഇറാഖിന്റെ എണ്ണ ഖനനത്തില്‍ കരാര്‍ നല്‍കിക്കൊണ്ടായിരുന്നു ഇത്. മാരകായുധങ്ങള്‍ക്കുമേല്‍ സദ്ദാം ഹുസൈന്‍ അടയിരിക്കുകയാണെന്ന് ലോകത്തെ തെറ്റിദ്ധരിപ്പിച്ചാലേ ഇറാഖിനുമേല്‍ അധിനിവേശം സാധ്യമാകുമായിരുന്നുള്ളൂ. കുവൈത്തിലെ ഇറാഖ് അധിനിവേശകാലത്ത് സദ്ദാമിന്റെ അടുത്ത ഉന്നമെന്ന വ്യാജേന ചില സാറ്റലൈറ്റ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് അയല്‍രാജ്യങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവിടേക്ക് അമേരിക്കന്‍ സൈനികരെ കുടിയിരുത്തിയതു മുതല്‍ ഇതിനു തുടക്കമിട്ടിരുന്നു. സദ്ദാമിന്റെ രണ്ട് ആണ്‍മക്കളെ നിഷ്ഠുരമായി വധിച്ചുതും ഒളിവില്‍ കഴിഞ്ഞ സദ്ദാമിനെ പിടികൂടി  തൂക്കിലേറ്റിയതും മാത്രമായിരുന്നില്ല അമേരിക്കയുടെ ഇറാഖിലെ ചെയ്തികള്‍. അധിനിവേശത്തിന്റെ പ്രാരംഭ നാളുകളില്‍ തന്നെ, അതായത് 2003 മെയ് 23-ന് ഇറാഖീ സൈന്യത്തെയും ഇന്റലിജന്‍സ് സംവിധാനത്തെയും പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച ശേഷം സഖ്യകക്ഷികളുടെ, വിശിഷ്യാ അമേരിക്കയുടെ സൈനികര്‍ രാജ്യത്തിന്റെ എല്ലാ സുരക്ഷാ സംവിധാനങ്ങളുടെയും നിയന്ത്രണം കൈക്കലാക്കി. പിരിച്ചുവിടപ്പെട്ട പതിനായിരക്കണക്കിന് സൈനികര്‍ക്ക് ജോലിയില്ലാതായി. അവരില്‍ പലരും വിവിധ മിലീഷ്യാ ഗ്രൂപ്പുകളുടെ ഭാഗമായത് സ്വാഭാവികം. അമേരിക്കന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള കുപ്രസിദ്ധമായ അബൂഗൂറൈബ് ജയിലില്‍ തടവുകാര്‍ക്കെതിരെ നടന്ന കൊടിയ പീഡനം അന്താരാഷ്ട്രതലത്തില്‍ വലിയ ചര്‍ച്ചയായി. പറയാന്‍പോലും കൊള്ളാത്ത വിധമാണ് സൈന്യത്തിലെ ആണും പെണ്ണും അബൂഗുറൈബില്‍ അഴിഞ്ഞാടിയത്. ഇവര്‍ തന്നെ കാമറയിലാക്കിയ ദൃശ്യങ്ങളില്‍ ചിലത് മാത്രമാണ് പുറത്തുവന്നത്. അന്വേഷണത്തില്‍ പുറത്തുവന്നതാകട്ടെ ഞെട്ടിക്കുന്ന വിവരങ്ങളും.
ഇറാഖീ ജനതയുടെ രോഷം ഏറ്റുവാങ്ങിയ അമേരിക്കന്‍ സൈനികരെ 16 മാസത്തിനകം പിന്‍വലിക്കുമെന്ന് വാഗ്ദാനം ചെയ്താണ് ബറാക് ഒബാമ 2008-ല്‍ അമേരിക്കയുടെ 44-ാമത് പ്രസിഡന്റായത്. പ്രഖ്യാപനം നടപ്പാക്കുന്നതിന്റെ ഭാഗമായി 2010 ആഗസ്റ്റ് മുതല്‍ സൈന്യത്തിന്റെ ഘട്ടംഘട്ടമായ പിന്മാറ്റം ഒബാമ ഭരണകൂടം ആരംഭിക്കുകയും ചെയ്തു. ഒമ്പതു വര്‍ഷത്തോളം നീണ്ട സൈനികാധിനിവേശത്തില്‍ ഒരു ലക്ഷത്തിലേറെ ഇറാഖികള്‍ക്ക് ജീവന്‍ നഷ്ടമായി. അമേരിക്കക്ക് 4500-ഓളം സൈനികരുടെ ജീവന്‍ ബലികൊടുക്കേണ്ടി വന്നു. അവരുടെ ഖജനാവിന് വന്ന ചെലവ് ഏതാണ്ട് 80,000 കോടി ഡോളര്‍! 
എന്നാല്‍ അമേരിക്കയുടെ സമ്പൂര്‍ണ സൈനിക പിന്മാറ്റം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. 2011-ല്‍ ഒബാമ സൈന്യത്തെ പിന്‍വലിച്ചെങ്കിലും യു.എസ് എംബസിയുടെ കീഴില്‍ കുറേ സൈനികരെ അവിടെ നിലനിര്‍ത്തുകയുണ്ടായി. ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീഷണിയുയര്‍ത്തുകയും ഇറാഖിലെയും സിറിയയിലെയും സുപ്രധാന മേഖലകള്‍ കൈയടക്കുകയും ചെയ്തതോടെ ബഗ്ദാദ് ആവശ്യപ്പെട്ടതു പ്രകാരമാണ് വീണ്ടും യു.എസ് സൈനികര്‍ അവിടെയെത്തിയത്. ഐ.എസ് ഭീഷണി ഏതാണ്ട് അവസാനിച്ചെങ്കിലും അമേരിക്കന്‍ സൈന്യം ഇറാഖില്‍ തുടരുകയാണ്. നേരത്തേ 12 സൈനിക താവളങ്ങളാണ് ഇറാഖിന്റെ വിവിധ ഭാഗങ്ങളിലായി അമേരിക്കക്ക് ഉണ്ടായിരുന്നത്. അത് പകുതിയില്‍ താഴെയായി കുറച്ചെങ്കിലും 2500-ഓളം സൈനികര്‍ ഇപ്പോഴും അവിടെയുണ്ട്. ഡോണാള്‍ഡ് ട്രംപിന്റെ കാലത്ത് വിദേശങ്ങളില്‍നിന്ന് അമേരിക്കന്‍ സൈനികരെ പിന്‍വലിക്കുന്ന പദ്ധതി തുടങ്ങിയെങ്കിലും ഇറാഖില്‍ കോമ്പാറ്റ് ട്രൂപ്പിനെ നിലനിര്‍ത്തിപ്പോരുകയായിരുന്നു. മേഖലയില്‍, വിശിഷ്യാ ഇറാഖില്‍ ഇറാന്‍ ചെലുത്തുന്ന സ്വാധീനമാണ് ഇത്തരമൊരു നിലപാടിന് കാരണം. ഇറാന്റെ ഏറ്റവും മുതിര്‍ന്ന സുരക്ഷാ രഹസ്യാന്വേഷണ വിഭാഗം തലവന്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ 2020 ജനുവരി 3- ന് ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചത് വലിയ നേട്ടമായി വാഷിംഗ്ടണ്‍ പ്രചരിപ്പിച്ചെങ്കിലും പ്രസ്തുത നീക്കം അമേരിക്കക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.
ഇറാഖിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്കു നേരെ മിസൈലുകള്‍ പായിച്ചാണ് ഇറാന്‍ പ്രത്യാക്രമണം നടത്തിയത്. എന്നാല്‍, ജനുവരി 8-ന് തൊടുത്തുവിട്ട മിസൈലുകളില്‍ രണ്ടെണ്ണം ലക്ഷ്യംതെറ്റി പതിച്ചത് തെഹ്റാനിലെ ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന യുക്രൈന്റെ ബോയിംഗ് 737-800 യാത്രാ വിമാനത്തിലായിരുന്നു. 176 നിരപരാധികളുടെ ജീവന്‍ അപഹരിച്ച മറ്റൊരു വലിയ ദുരന്തത്തിലേക്കാണ് ഈ പ്രത്യാക്രമണം മാറിയത്. മിസൈല്‍ വഴിതെറ്റി യാത്രാ വിമാനത്തില്‍ പതിച്ച് നൂറുകണക്കിന് നിരപരാധികള്‍ കൊല്ലപ്പെടുന്ന ഇറാനിലെ രണ്ടാമത്തെ സംഭവമാണിത്. 1988 ജൂലൈ 3-ന് അമേരിക്കയുടെ വിന്‍സെസ് യുദ്ധക്കപ്പലില്‍നിന്ന് തൊടുത്തുവിട്ട മിസൈലേറ്റ് ദുബൈയിലേക്ക് പറന്നുയര്‍ന്ന ഇറാന്‍ എയര്‍ വിമാനം ബന്ദര്‍ അബ്ബാസ് തുറമുഖ നഗരത്തില്‍ തകര്‍ന്നുവീണ് 90 യാത്രക്കാരാണ് കൊല്ലപ്പെട്ടത്. കൈപ്പിഴയെന്നു പറഞ്ഞ് ഈ വന്‍ദുരന്തത്തെ ലഘൂകരിക്കുകയാണ് അമേരിക്കന്‍ ഭരണകൂടം ചെയ്തത്.
ഖാസിം സുലൈമാനിയുടെ വധം നടന്ന വര്‍ഷം തന്നെ മറ്റൊരു പ്രഗത്ഭനെയും ഭീകരാക്രമണത്തില്‍ നഷ്ടപ്പെട്ടത് ഒരു പരമാധികാര രാഷ്ട്രമെന്ന നിലയില്‍ ഇറാന്റെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. രാജ്യത്തെ ഏറ്റവും പ്രഗത്ഭ ന്യൂക്ലിയര്‍ ശാസ്ത്രജ്ഞനായ മുഹ്‌സിന്‍ ഫഖ്‌രി സാദയാണ് 2020 നവംബര്‍ 27-ന് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നില്‍ ഇസ്രയേല്‍ ചാര സംഘടനയായ മൊസാദാണെന്ന ഇറാന്റെ സംശയം പൂര്‍ണാര്‍ഥത്തില്‍ ശരിവെക്കുന്നതാണ് സാഹചര്യത്തെളിവുകള്‍. തെഹ്റാന്റെ ആണവായുധ പരിപാടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച നാലു ശാസ്ത്രജ്ഞര്‍ 2010-നും 2012-നുമിടയില്‍ കൊല്ലപ്പെടുകയുണ്ടായി. ഇവരുടെ വധത്തിനു പിന്നില്‍ അമേരിക്കയും ഇസ്രയേലുമാണെന്ന് ഇറാന്‍ ആരോപിച്ചിരുന്നു.
അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കു നേരെ ഇറാഖിലെ ഇറാന്‍ അനുകൂല മിലീഷ്യകള്‍ നിരന്തരം നടത്തിവരുന്ന റോക്കറ്റാക്രമണങ്ങള്‍ അവശേഷിക്കുന്ന സൈനികരെ എത്രയും പെട്ടെന്ന് പിന്‍വലിക്കാനുള്ള തീരുമാനത്തിലേക്ക് യു.എസ് ഭരണകൂടത്തെ എത്തിച്ചിരിക്കുന്നു. മാത്രമല്ല, സുലൈമാനി വധത്തോടെ അമേരിക്കന്‍ സൈന്യത്തെ എത്രയും പെട്ടെന്ന് രാജ്യത്തുനിന്ന് പറഞ്ഞയക്കണമെന്ന് ആവശ്യപ്പെട്ട് ഇറാഖ് പാര്‍ലമെന്റ് പ്രമേയം പാസ്സാക്കുകയും ചെയ്തു. ഈയിടെ വാഷിംഗ്ടണില്‍ ബൈഡനുമായുള്ള കൂടിക്കാഴ്ചയില്‍ ഇറാഖീ പ്രധാനമന്ത്രി മുസ്ത്വഫ അല്‍ കാളിമി വിഷയം ഉന്നയിച്ചിരുന്നു. വര്‍ഷാവസാനത്തോടെ സമ്പൂര്‍ണ സൈനിക പിന്മാറ്റമുണ്ടാകുമെന്നാണ് സൂചന.

സിറിയയിലെ ഇടപെടല്‍

ലക്ഷക്കണക്കിന് മനുഷ്യരുടെ മരണത്തിനും അത്രതന്നെയാളുകളുടെ പലായനത്തിനും ഇടയാക്കിയ സിറിയയിലെ ഏകാധിപതിയായ ബശ്ശാറുല്‍ അസദിനെ അധികാരഭ്രഷ്ടനാക്കാന്‍ എല്ലാ സാഹചര്യങ്ങളും ഒത്തുവന്നിട്ടും അത് ഉപയോഗപ്പെടുത്താന്‍ അമേരിക്ക തയാറായില്ല. 2011-ല്‍ സിറിയന്‍ പ്രതിസന്ധിയുടെ തുടക്കത്തില്‍ അസദ് ഉള്‍പ്പെടെ സിറിയന്‍ രാഷ്ട്രീയ നേതൃത്വത്തിലുള്ള ചിലര്‍ക്കെതിരെ ഉപരോധം പ്രഖ്യാപിക്കുകയും മാസങ്ങള്‍ക്കു ശേഷം അസദിനോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തെങ്കിലും ജനാധിപത്യവാദികളെ പരസ്യമായി പിന്തുണച്ച് അമേരിക്ക രംഗത്തുവന്നിരുന്നില്ല. ഹുസ്നി മുബാറക്കിനെതിരായ പ്രക്ഷോഭം കത്തിനിന്നപ്പോഴും ഇതേ നിലപാടായിരുന്നു അമേരിക്കയുടേത്. ഒടുവില്‍ ജനാധിപത്യ പ്രക്ഷോഭം വിജയം കാണുമെന്ന ഘട്ടത്തിലായിരുന്നു നിലപാട് മാറ്റിയതെങ്കിലും ഇസ്ലാമിസ്റ്റുകളുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സര്‍ക്കാറിനെ മറിച്ചിടാനുള്ള സമരത്തെ പിന്തുണക്കുന്ന യു.എസിനെയാണ് പിന്നീട് അവിടെ കണ്ടത്.
അസദിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന അല്‍ ഖാഇദ അനുകൂല ജബ്ഹത്തുന്നുസ്വ്റയെ തകര്‍ക്കലായിരുന്നു അമേരിക്ക സിറിയയില്‍ പ്രാഥമികമായി ചെയ്തത്. അതിനായി മറ്റു റിബല്‍ സംഘടനകള്‍ക്ക് ആയുധ പരിശീലനം പോലും നല്‍കി. 2013-ല്‍ സ്വന്തം പൗരന്മാര്‍ക്കെതിരെ അസദ് രാസായുധം പ്രയോഗിച്ചെന്ന വാര്‍ത്ത വന്നതോടെ പ്രസിഡന്റ് ഒബാമ മുന്നറിയിപ്പുമായി രംഗത്തുവന്നു. 1400-ലേറെ പേര്‍ കൊല്ലപ്പെട്ട ഭീകര സംഭവത്തെ തുടര്‍ന്ന് സിറിയക്കെതിരെ സൈനിക നടപടിക്ക് അമേരിക്കന്‍ കോണ്‍ഗ്രസ് അനുമതി നല്‍കുകയും ചെയ്തു. രാസായുധ പ്രയോഗം റെഡ് ലൈന്‍ ആയിരിക്കുമെന്ന് പ്രഖ്യാപിച്ച ഒബാമ പക്ഷേ യുദ്ധത്തിനൊന്നും പോകാതെ റഷ്യയുമായി ചേര്‍ന്ന് അസദിനെ സംരക്ഷിക്കുന്ന കരാറിലെത്തുകയായിരുന്നു. രാസായുധ ശേഖരം യു.എന്‍ നിരീക്ഷണവലയത്തിലാക്കാമെന്ന അസദിന്റെയും റഷ്യയുടെയും വാക്കുകളില്‍ യു.എസ് തൃപ്തരായെന്നത് സിറിയയില്‍ അമേരിക്കയുടെ ലക്ഷ്യം ബശ്ശാറുല്‍ അസദ് അല്ലെന്നതിന്റെ വ്യക്തമായ തെളിവായിരുന്നു.
ഇക്കാലമത്രയും അമേരിക്കക്ക് സിറിയയിലെ ബഹുമുഖ ലക്ഷ്യം ഐ. എസിനെ തകര്‍ക്കലും 2015 മുതല്‍ തങ്ങള്‍ പിന്തുണക്കുന്ന കുര്‍ദ് അറബ് സഖ്യ സേനയിലൂടെ മേഖലയില്‍ ആധിപത്യം നേടുകയുമായിരുന്നു. അര ലക്ഷത്തിലേറെ പോരാളികളുള്ള  സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസ് (എസ്.ഡി.എഫ്) രൂപീകരിക്കുന്നതു തന്നെ അമേരിക്കയുടെ പൂര്‍ണ പിന്തുണയോടെയാണ്. കുര്‍ദിഷ് വൈ.പി.ജി മിലീഷ്യയാണ് എസ്. ഡി.എഫിലെ ഏറ്റവും വലിയ ശക്തി. ഇവര്‍ക്ക് അമേരിക്കയുടെ സൈനിക-സാമ്പത്തിക-ഇന്റലിജന്‍സ് സഹായങ്ങള്‍ ആവോളം ലഭിക്കുന്നുണ്ട്. അസദ് അനുകൂല സിറിയന്‍ കേന്ദ്രങ്ങള്‍ക്കു നേരെ അമേരിക്ക നടത്തിയ ഏറ്റവും വലിയ സൈനിക നടപടി 2017-ല്‍ മാത്രമാണ്. രാസായുധ ആക്രമണങ്ങള്‍ക്ക് അസദിന്‍െ സൈന്യം കേന്ദ്രമാക്കിയ ശൈറാത് താവളത്തിലേക്കുള്ള മിസൈല്‍ ആക്രമണമായിരുന്നു അത്
പത്തു വര്‍ഷങ്ങള്‍ പിന്നിട്ട സിറിയന്‍ പ്രശ്നം പരിഹരിക്കപ്പെടാതെയാണ് അമേരിക്ക പടിയിറങ്ങുന്നത്. യുദ്ധക്കുറ്റവാളിയായ അസദിന്റെ രോമം തൊടാതെ സൈന്യത്തെ പിന്‍വലിക്കുമ്പോഴും കിഴക്കന്‍ സിറിയയിലെ തങ്ങളുടെ സ്വാധീനം സഖ്യകക്ഷികളിലൂടെ നിലനിര്‍ത്താനും ലബനാനിലെ പ്രോക്സിസായ ഹിസ്ബുല്ലക്ക് സിറിയ വഴി ഇറാന്‍ ആയുധം നല്‍കുന്നത് തടയാനും യു.എസ് ശ്രദ്ധിച്ചിരുന്നു. ഐ. എസിനെതിരായ ഓപറേഷനുകളില്‍ സിറിയന്‍ റിബലുകളെ സഹായിക്കാനായി 900-ത്തോളം യു.എസ് സൈനികരെ മാത്രമേ നിലനിര്‍ത്തൂവെന്നുമാണ് പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

യമനിലെ പരാജയം

സിറിയയെപ്പോലെ മറ്റൊരു ദുരന്തമാണ് യമന്‍. അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് വിവേചനം കാട്ടുന്നുവെന്ന് ആരോപിച്ച് പ്രക്ഷോഭം നടത്തിയ ഇറാന്‍ പിന്തുണക്കുന്ന ശീഈ വിഭാഗമായ ഹൂതികള്‍ 2014 സെപ്റ്റംബറില്‍ തലസ്ഥാനമായ സ്വന്‍ആ പിടിച്ചടക്കിയതോടെ ആരംഭിച്ചതാണ് യമനിലെ വിദേശ ഇടപെടല്‍. സുഊദി അറേബ്യയുടെ നേതൃത്വത്തില്‍ അറബ് സഖ്യ സേനയും അമേരിക്കയും കിണഞ്ഞു ശ്രമിച്ചിട്ടും സ്വന്‍ആയില്‍നിന്ന് ഹൂത്തികളെ തുരത്താന്‍ കഴിഞ്ഞ ഏഴു വര്‍ഷമായിട്ടും കഴിഞ്ഞില്ല. ഏദന്‍ ആസ്ഥാനമായി ഹാദിയുടെ സര്‍ക്കാര്‍ ഭരിക്കുന്നു. സൈനികാക്രമണങ്ങള്‍ക്ക് ഒട്ടുമുക്കാലും ഇരയായത് സാധാരണ ജനങ്ങള്‍. സമാധാനശ്രമങ്ങള്‍ പലതും നടന്നെങ്കിലും ഫലം കാണുന്നില്ലെന്നു മാത്രം.
ഒബാമയുടെ കാലത്താണ് യമനില്‍ അമേരിക്ക ഇടപെടുന്നത്. അതിനു പ്രധാന കാരണം ഹൂത്തികള്‍ക്ക് ഇറാന്‍ നല്‍കുന്ന പിന്തുണയാണ്. യമന്‍ പൂര്‍ണമായും ഇറാന്‍ അനുകൂല ഹൂത്തികളുടെ നിയന്ത്രണത്തിലായാല്‍ അത് മേഖലയിലെ ശാക്തിക സമവാക്യം മാത്രമല്ല, അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കും ഹാനികരമാവും. മേഖലയിലെ അമേരിക്കന്‍ സഖ്യ അറബ് രാഷ്ട്രങ്ങളും ഇറാന്‍ നിയന്ത്രിത യമനെ ഏറെ ആശങ്കയോടെയാണ് കാണുന്നത്. എന്നാല്‍, യമനില്‍ അമേരിക്ക സൈനികമായി ഇടപെടുന്ന വിഷയത്തില്‍ യു.എസ് കോണ്‍ഗ്രസിലെ അംഗങ്ങള്‍ ഭിന്നാഭിപ്രായക്കാരാണ്. സഖ്യസേനയുടെ ഇടപെടല്‍ സിവിലിയന്മാര്‍ കൂട്ടക്കൊല ചെയ്യപ്പെടാനും വന്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും വഴിവെച്ചെന്ന റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ക്ക് ഇടവെച്ചിട്ടുണ്ട്. അമേരിക്കയും പടിഞ്ഞാറന്‍ രാജ്യങ്ങളും നല്‍കിയ ആയുധങ്ങളാണ് യമനില്‍ സഖ്യസേന പ്രയോഗിക്കുന്നത്.
യമനില്‍ അമേരിക്ക ആയുധങ്ങള്‍ വില്‍ക്കുന്നത് എങ്ങനെ സിവിലിയന്മാരെ കൂട്ടക്കൊലയിലേക്ക് നയിക്കുന്നു എന്ന് വിശദീകരിക്കുന്ന ലേഖനം ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചിട്ടുണ്ട് (Why Bombs Made in America Have Been Killing Civilians in Yemen, New York Times, May 16, 2020). ട്രംപ് ഭരണകൂടം ആയുധ വില്‍പന നിര്‍ബാധം തുടര്‍ന്നതല്ലാതെ അത് എവ്വിധം ഉപയോഗിക്കണമെന്നതിനെ കുറിച്ച് ഒരു നിബന്ധനയും മുന്നോട്ടുവെച്ചില്ല. ഇത്  മേഖലയെ കൂടുതല്‍ അസ്ഥിരമാക്കി. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നയങ്ങള്‍ക്ക് അനുസൃതമായാണ് യു.എസ് കമ്പനികള്‍ ആയുധ വില്‍പന നടത്തുന്നത്. ഒബാമയുടെ കാലത്തും ആയുധ വില്‍പന നടന്നിരുന്നെങ്കിലും അതിന്റെ ദൂരവ്യാപകമായ ഫലങ്ങള്‍ കണക്കിലെടുത്ത് അത് നിര്‍ത്തുകയായിരുന്നു. എന്നാല്‍ ട്രംപ് അധികാരത്തിലേറിയതോടെ വിദേശ സൈനിക സഹായം വര്‍ധിപ്പിച്ചു. ആയുധ നിര്‍മാണം കൂടുതല്‍ ജോലിസാധ്യതകള്‍ സൃഷ്ടിക്കുമെന്നും അത് അമേരിക്കന്‍ സാമ്പത്തിക മേഖലയെ പുഷ്ടിപ്പെടുത്തുമെന്നായിരുന്നു ട്രംപിന്‍െ നിലപാട്. റെയ്തന്‍, ബോയിംഗ്, ലോക്ഹീഡ് മാര്‍ട്ടിന്‍ തുടങ്ങിയ യു.എസ് പ്രതിരോധ കമ്പനികള്‍ക്കാണ് യമനിലെ ജനങ്ങളേക്കാള്‍ ട്രംപ് വില കല്‍പിച്ചത്. യമനില്‍ അമേരിക്കയുടെ ഇടപെടല്‍ യുദ്ധക്കുറ്റങ്ങളുടെ ഗണത്തില്‍പെട്ടേക്കുമെന്ന് കഴിഞ്ഞ വര്‍ഷം യു.എന്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അമേരിക്ക പിന്തിരിഞ്ഞില്ല. യമന് ആവശ്യം നയതന്ത്ര തലത്തിലുള്ള പരിഹാരമാണെന്ന് അമേരിക്ക പുറമേക്ക് പറയുന്നുണ്ടെങ്കിലും യുദ്ധത്തില്‍ കക്ഷിയായതിനാല്‍ വാഷിംഗ്ടണിന് ശരിയായ മാധ്യസ്ഥനാകാന്‍ കഴിയുന്നില്ല.

ഏകാധിപതികള്‍ക്ക് കൂട്ട്

മൂന്നു പതിറ്റാണ്ട് നീണ്ട ഹുസ്നി മുബാറക്കിന്റെ ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ച ഈജിപ്ഷ്യന്‍ ജനകീയ വിപ്ലവത്തിന്റെ പത്താം വാര്‍ഷികത്തിലാണ് നാം. പത്താം വാര്‍ഷികത്തിന് പ്രത്യേകതയുണ്ട്. ഏകാധിപതിയായ അല്‍ സീസിയെ പട്ടും വളയും നല്‍കി ആദരിച്ച ട്രംപില്‍നിന്ന് യു.എസ് ഭരണം ജോ ബൈഡനില്‍ എത്തിയ സമയമാണിത്. തെരഞ്ഞെടുക്കപ്പെട്ടാല്‍ മനുഷ്യാവകാശം അമേരിക്കന്‍ വിദേശ നയങ്ങളുടെ ആണിക്കല്ലാക്കുമെന്ന് പ്രഖ്യാപിച്ചയാളാണ് ബൈഡന്‍. ട്രംപിന്റെ 'പ്രിയപ്പെട്ട ഏകാധിപതി'ക്ക് ബ്ലാങ്ക് ചെക്ക് നല്‍കില്ലെന്നും 2019-ല്‍ ജി-7 ഉച്ചകോടി വേളയില്‍ അല്‍ സീസിയെ 'എന്റെ പ്രിയപ്പെട്ട ഏകാധിപതി'യെന്ന് ട്രംപ് അഭിസംബോധന ചെയ്തതിനെ പരാമര്‍ശിച്ച് ബൈഡന്‍ പറഞ്ഞിരുന്നു.
സീസിയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ ഈജിപ്ഷ്യന്‍ ഏകാധിപതിയുമായി സന്ധിയില്ലെന്ന് പ്രഖ്യാപിച്ചയാള്‍ അധികാരത്തിലേറിയപ്പോള്‍ കണ്ടത് 200 മില്യന്‍ ഡോളറിന്റെ മിസൈല്‍ വില്‍പനയാണ്. അതും അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനെ സീസി ഭരണകൂടം അറസ്റ്റ് ചെയ്ത് ജയിലിലിടച്ച് ദിവസങ്ങള്‍ കഴിയുന്നതിനു മുമ്പും.
രൂക്ഷമായ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടായിട്ടും ഈജിപ്തിലെ പട്ടാള ഭരണകൂടത്തിന് അനുകൂലമായ നിലപാടാണ് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സ്വീകരിച്ചത്. ഈജിപ്തിന്റെ ചരിത്രത്തില്‍ ആദ്യമായി നടന്ന ജനാധിപത്യാടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ മുഹമ്മദ് മുര്‍സിയെ പട്ടാളം അട്ടിമറിച്ചപ്പോള്‍ അതിനെ ന്യായീകരിക്കുകയായിരുന്നു അമേരിക്ക. ജനാധിപത്യം പുനഃസ്ഥാപിക്കാനാണ് സീസിയുടെ നേതൃത്വത്തില്‍ പട്ടാളം ഇടപെട്ടതെന്നാണ് ഒബാമയുടെ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പ്രസ്താവിച്ചത്. സീസി അവിടെ പുനഃസ്ഥാപിച്ച ജനാധിപത്യമെന്തെന്ന് ലോകം കണ്ടതാണ്. സീസിയുടെ ജനാധിപത്യ ധ്വംസനം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ അല്‍ ജസീറയുടെ ലേഖകന്മാരെ അറസ്റ്റ് ചെയ്ത് വര്‍ഷത്തിലേറെ ജയിലിലടച്ചു. നടപടി ക്രൂരവും ആധുനിക സമൂഹത്തിന് അംഗീകരിക്കാന്‍ പറ്റാത്തതുമാണെന്ന് ജോണ്‍ കെറി പ്രസ്താവന ഇറക്കിയതല്ലാതെ അവരെ വിട്ടയക്കാനായി ഒരു സമ്മര്‍ദ ശ്രമവും അമേരിക്ക നടത്തിയില്ല.
പ്രമുഖ ആസ്ത്രേലിയന്‍ ജേണലിസ്റ്റ് പീറ്റര്‍ ഗ്രെസ്റ്റ്, കനഡക്കാരനായ മുഹമ്മദ് ഫഹ്മി, ഈജിപ്തുകാരനായ ബാഹിര്‍ മുഹമ്മദ് എന്നിവരെ കയ്‌റോയിലെ മാരിയറ്റ് ഹോട്ടലില്‍ ഇരച്ചുകയറിയ ഈജിപ്ഷ്യന്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്യുകയായിരുന്നു. നിരോധിത ബ്രദര്‍ഹുഡുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെടുന്നത് രാജ്യദ്രോഹക്കുറ്റമാകുമെന്നതിനാല്‍ പീറ്റര്‍ ഗ്രെസ്റ്റ് ഉള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകരുടെ മേല്‍ അത്തരമൊരു കുറ്റം ചാര്‍ത്തുക ഭരണകൂടത്തിന് എളുപ്പമായിരുന്നു. ഇസ്ലാമിസ്റ്റുകള്‍ക്ക് അനുകൂലമായി മാധ്യമ പ്രവര്‍ത്തനം നടത്തിയെന്നായിരുന്നു 2014 ജനുവരിയില്‍ ഇവര്‍ക്കെതിരായ ചാര്‍ജ്. എന്നാല്‍, ഇതു തെളിയിക്കുന്ന യാതൊരു രേഖയും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. എന്നിട്ടും ജൂണില്‍ ഇവരെ ഏഴു വര്‍ഷം വീതം തടവിന് ശിക്ഷിക്കുകയായിരുന്നു. അറിയപ്പെടുന്ന പാശ്ചാത്യ മാധ്യമ പ്രവര്‍ത്തകന്‍ ആയിരുന്നതിനാല്‍ പീറ്റര്‍ ഗ്രെസ്റ്റിന്റെ അറസ്റ്റും തടവും അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിച്ചു. അങ്ങനെയാണ് ശക്തമായ സമ്മര്‍ദങ്ങളെ തുടര്‍ന്ന് 400 ദിവസത്തെ ജയില്‍വാസത്തിനു ശേഷം 2015 ഫെബ്രുവരിയില്‍ ഗ്രെസ്റ്റും സഹപ്രവര്‍ത്തകരും മോചിതരായത്.
കൂട്ടക്കൊലകള്‍ അരങ്ങേറുമ്പോഴും ഈജിപ്ഷ്യന്‍ മിലിട്ടറി ജനാധിപത്യം പുനഃസ്ഥാപിക്കുകയാണെന്നാണ് അന്നത്തെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പറഞ്ഞത്. പടിഞ്ഞാറന്‍ രാജ്യങ്ങളുടെയും മേഖലയിലെ അറബ് സഹായികളുടെയും ഇത്തരത്തിലുള്ള നിലപാടുകളാണ് ബ്രദര്‍ഹുഡ് വേട്ടക്ക് പട്ടാള ഭരണകൂടത്തിന് കരുത്തേകിയത്. ബ്രദര്‍ഹുഡിന്റെ ജനപിന്തുണയില്‍  അസ്വസ്ഥരായിരുന്ന ശത്രുക്കളും അവസരം ഉപയോഗിച്ചു. അക്കൂട്ടത്തില്‍ നിര്‍ഭാഗ്യവശാല്‍ സലഫികളുമുണ്ടായിരുന്നു. ഈജിപ്തിലെ ലിബറലുകള്‍ പട്ടാള അട്ടിമറിയെ പിന്തുണച്ച് ചെയ്ത ട്വീറ്റുകള്‍ പത്രപ്രവര്‍ത്തകനായ മാക്സ് ക്രൂമെന്‍താല്‍ ക്രോഡീകരിക്കുകയുണ്ടായി. ട്വീറ്റുകളില്‍ ഏറെയും അട്ടിമറിയെ ന്യായീകരിക്കുക മാത്രമല്ല, ആഘോഷിക്കുക കൂടിയായിരുന്നു. ജൂലൈ 26-ലെ റാബിഅ കൂട്ടക്കൊലയെ ആഘോഷിക്കുന്ന ട്വീറ്റുകള്‍ വരെ കൂട്ടത്തിലുണ്ടായിരുന്നു.
ഈജിപ്തില്‍ സംഭവിച്ചത് 1988-ല്‍ അള്‍ജീരിയയിലും 2006-ല്‍ ഫലസ്ത്വീന്‍ അതോറിറ്റി തെരഞ്ഞെടുപ്പിലും സംഭവിച്ചതിന്റെ തനിയാവര്‍ത്തനമായിരുന്നു. അള്‍ജീരിയയില്‍ ഇസ്ലാമിക് സാല്‍വേഷന്‍ ഫ്രണ്ട് (എഫ്.ഐ.എസ്) വിജയിച്ച പൊതുതെരഞ്ഞെടുപ്പ് അട്ടിമറിച്ച് സൈന്യത്തിന് ഭരണമേല്‍പിക്കുകയും ആ രാജ്യത്ത് രക്തപ്പുഴയൊഴുക്കാന്‍ വഴിയൊരുക്കുകയും ചെയ്തത് പ്രസിഡന്റ് ജോര്‍ജ് എച്ച്. ഡബ്ല്യു ബുഷിന്റെ (സീനിയര്‍ ബുഷ്) സാമ്രാജ്യത്വ താല്‍പര്യങ്ങളായിരുന്നു. ഫലസ്ത്വീന്‍ അതോറിറ്റി തെരഞ്ഞെടുപ്പില്‍ വിജയിച്ച ഹമാസിനോട് ജോര്‍ജ് ഡബ്ലിയു ബുഷ് (ജൂനിയര്‍ ബുഷ്) സ്വീകരിച്ച രീതിയും ഇതു തന്നെയായിരുന്നു. ഇസ്ലാമിസ്റ്റുകള്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ടാലും ഭരിക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം അനുവദിക്കില്ലെന്നതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ് അള്‍ജീരിയയും ഫലസ്ത്വീനും ഈജിപ്തും. ഇസ്‌ലാമിസ്റ്റുകളെ അമര്‍ച്ച ചെയ്യുന്നവര്‍ ഏറ്റവും കൊടിയ മനുഷ്യാവകാശ ധ്വംസകരാണെങ്കില്‍ അവര്‍ അങ്കിള്‍സാമിനാല്‍ സംരക്ഷിക്കപ്പെടുമെന്നതിന്റെ ഉദാഹരണങ്ങളാണ് അബ്ദുല്‍ ഫത്താഹ് സീസിയും ബശ്ശാറുല്‍ അസദും ലിബിയയിലെ യുദ്ധപ്രഭുവായ ഖലീഫ ഹഫ്തറുമൊക്കെ. ഏറ്റവുമൊടുവില്‍ തുനീഷ്യയില്‍ നഗ്നമായ ജനാധിപത്യ ധ്വംസനം നടത്തിയ പ്രസിഡന്റ് ഖൈസ് സഈദും അമേരിക്കക്ക് അഭിമതനാവുന്നത് അപ്പുറത്തെ ജനാധിപത്യവാദികള്‍ ഇസ്‌ലാമിസ്റ്റുകള്‍ ആയതുകൊണ്ടു മാത്രമാണ്.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 21-23
ടി.കെ ഉബൈദ്‌

ഹദീസ്‌

ദൈവം യേശുവിനോട് പറഞ്ഞത്‌
അബ്ദുല്ലത്വീഫ് കൊടുവള്ളി