റഹീം ചേന്ദമംഗല്ലൂര്‍
കേന്ദ്ര സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. ന്യൂനപക്ഷ മന്ത്രാലയവും തൊഴില്‍ മന്ത്രാലയവും നല്‍കുന്ന പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക്, മെറിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പുകള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക്, ടോപ്പ് ക്ലാസ് എജുക്കേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍, സ്‌കൂള്‍ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് നല്‍കുന്ന നാഷ്‌നല്‍ മീന്‍സ്-കം-മെറിറ്റ് സ്‌കോളര്‍ഷിപ്പ്, ഹയര്‍ എജുക്കേഷന്‍ വകുപ്പ് കോളേജ് വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ്, റെയില്‍വേ മന്ത്രാലയത്തിന്റെ പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പ് സ്‌കീം, യു.ജി.സി/എ.ഐ.സി.ടി.ഇ നല്‍കുന്ന ഒറ്റപ്പെണ്‍കുട്ടിക്ക് പി.ജി പഠനത്തിനുള്ള ഇന്ദിരാ ഗാന്ധി സ്‌കോളര്‍ഷിപ്പ്, പെണ്‍കുട്ടികള്‍ക്ക് ടെക്നിക്കല്‍ ബിരുദ/ഡിപ്ലോമ പഠനത്തിന് നല്‍കുന്ന പ്രഗതി, ഭിന്നശേഷിക്കാര്‍ക്ക് ടെക്നിക്കല്‍ ബിരുദ/ഡിപ്ലോമ പഠനത്തിന് നല്‍കുന്ന സാക്ഷം സ്‌കോളര്‍ഷിപ്പ് സ്‌കീം തുടങ്ങിയവക്കാണ് അപേക്ഷ ക്ഷണിച്ചത്. ഓരോ സ്‌കോളര്‍ഷിപ്പുകളുടെയും മാനദണ്ഡങ്ങള്‍, അവസാന തീയതി അടങ്ങിയ വിശദ വിജ്ഞാപനം നാഷ്‌നല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ ലഭ്യമാണ്. വെബ്‌സൈറ്റ്: https://scholarships.gov.in, ഹെല്‍പ്പ് ഡെസ്‌ക്: 0120-6619540, [email protected]. ആദ്യമായി അപേക്ഷ നല്‍കുന്നവര്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യണം. National Scholarships Portal (NSP) എന്ന മൊബൈല്‍ ആപ്പ് Play Storeല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ്
ഹയര്‍ എജുക്കേഷന്‍ വകുപ്പ് കോളേജ് വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്നതാണ് സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ്. ഈ സ്‌കീമിലൂടെ ഡിഗ്രി തലത്തില്‍ 10000 രൂപയും പി.ജി തലത്തില്‍ 20000 രൂപയും വാര്‍ഷിക സ്‌കോളര്‍ഷിപ്പ് ലഭിക്കും. 50 ശതമാനം സ്‌കോളര്‍ഷിപ്പുകളും പെണ്‍കുട്ടികള്‍ക്ക് നീക്കിവെച്ചതാണ്. അപേക്ഷകര്‍ പ്ലസ്ടുവിന് 80 ശതമാനം മാര്‍ക്ക് നേടിയ റെഗുലര്‍ ബിരുദ വിദ്യാര്‍ഥികളായിരിക്കണം. പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ വെരിഫിക്കേഷനു വേണ്ടി പഠിക്കുന്ന സ്ഥാപനത്തില്‍ സമര്‍പ്പിക്കണം. കുടുംബ വാര്‍ഷിക വരുമാന പരിധി എട്ടു ലക്ഷം രൂപയാണ്.
ഒറ്റപ്പെണ്‍കുട്ടി പി.ജി സ്‌കോളര്‍ഷിപ്പ്
ഒറ്റപ്പെണ്‍കുട്ടിയുളള കുടുംബത്തിലെ വിദ്യാര്‍ഥിനിക്ക് ബിരുദാനന്തര ബിരുദ പഠനത്തിനായി യു.ജി.സി നല്‍കുന്നതാണ് ഈ സ്‌കോളര്‍ഷിപ്പ്. അപേക്ഷക കുടുംബത്തിലെ ഒറ്റപ്പെണ്‍കുട്ടിയും പി.ജി ഒന്നാം വര്‍ഷ റെഗുലര്‍ വിദ്യാര്‍ഥിയുമായിരിക്കണം (ഇരട്ട പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാവുന്നതാണ്). നാഷ്‌നല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ www.scholarships.gov.in വഴി ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. ഒറ്റപ്പെണ്‍കുട്ടിയാണെന്ന സാക്ഷ്യപത്രവും, പി.ജി പ്രവേശന റിപ്പോര്‍ട്ടും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം (ഇതിന്റെ ഫോര്‍മാറ്റ് വെബ്‌സൈറ്റില്‍നിന്ന് ലഭിക്കും). അപേക്ഷകക്ക് പ്രവേശന സമയത്ത് 30 വയസ്സ് കവിയാന്‍ പാടില്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിവര്‍ഷം 36200/- രൂപ സ്‌കോളര്‍ഷിപ്പ് തുകയായി ലഭിക്കും.
പെണ്‍കുട്ടികള്‍ക്ക് ടെക്നിക്കല്‍
ബിരുദ/ഡിപ്ലോമാ പഠനത്തിന് പ്രഗതി സ്‌കോളര്‍ഷിപ്പ്
എ.ഐ.സി.ടി.ഇ പെണ്‍കുട്ടികള്‍ക്ക് ടെക്നിക്കല്‍ ബിരുദ/ഡിപ്ലോമ പഠനത്തിന് നല്‍കുന്നതാണ് പ്രഗതി സ്‌കോളര്‍ഷിപ്പ്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കും, ലാറ്ററല്‍ എന്‍ട്രിയിലൂടെ രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിച്ചവര്‍ക്കും അപേക്ഷ നല്‍കാം. അപേക്ഷകയുടെ കുടുംബ വാര്‍ഷിക വരുമാനം എട്ടു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല, ഒരു കുടുംബത്തില്‍നിന്ന് രണ്ട് പെണ്‍കുട്ടികള്‍ക്കു വരെ അപേക്ഷ സമര്‍പ്പിക്കാം. ഈ സ്‌കീമിലൂടെ 50000/- രൂപ വരെ വാര്‍ഷിക സ്‌കോളര്‍ഷിപ്പ് ലഭിക്കും.
പോസ്റ്റ്-മെട്രിക്, മെറിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പ്
മുന്‍പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയ, കുടുംബ വാര്‍ഷിക വരുമാനം യഥാക്രമം 2 ലക്ഷം, 2.5 ലക്ഷം രൂപയില്‍ കവിയാത്ത കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നല്‍കുന്ന പോസ്റ്റ്-മെട്രിക്, മെറിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കാം. പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് 13800 രൂപ വരെയും, ഡിഗ്രി/പി.ജി വിദ്യാര്‍ഥികള്‍ക്ക് 8700 വരെയും, എം.ഫില്‍/പി.എച്ച്.ഡി വിദ്യാര്‍ഥികള്‍ക്ക് 12000 രൂപ വരെയും പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് - അലവന്‍സ് ഇനത്തില്‍ ലഭിക്കും. 30 ശതമാനം സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി നീക്കിവെച്ചതാണ്. മെറിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മെയിന്റനന്‍സ് അലവന്‍സ് ഉള്‍പ്പെടെ 25000 - 30000 രൂപ വരെ വാര്‍ഷിക സ്‌കോളര്‍ഷിപ്പ് ലഭിക്കും.
(Nb: മുകളില്‍ നല്‍കിയ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ നല്‍കേണ്ട അവസാന തീയതി നവംബര്‍ 30 ആണ്. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷ ഡിസംബര്‍ 15-നകം സ്ഥാപന മേധാവി വെരിഫൈ ചെയ്തുവെന്ന് ഉറപ്പു വരുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.scholarships.gov.in എന്ന വെബ്‌സൈറ്റ് കാണുക).
എന്‍.ഐ.ടിയില്‍ അധ്യാപക ഒഴിവുകള്‍
തിരുച്ചിറപ്പള്ളി എന്‍.ഐ.ടിയില്‍ വിവിധ വകുപ്പുകളിലായി 92 അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആര്‍ക്കിടെക്ചര്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഇലക്ട്രിക്കല്‍ & ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ് സ്റ്റഡീസ്, ഹ്യൂമാനിറ്റീസ് & സോഷ്യല്‍ സയന്‍സസ്, മാത്തമാറ്റിക്‌സ് ഉള്‍പെപ്പടെ 17 ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. https://www.nitt.edu/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി സെപ്റ്റംബര്‍ 24-നകം അപേക്ഷ നല്‍കണം. അപേക്ഷ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും The Registrar, National Institute of Technology, Tiruchirappalli - 620015, Tamil Nadu എന്ന വിലാസത്തിലേക്ക് സ്പീഡ്/രജിസ്റ്റേഡ് പോസ്റ്റായി ഒക്‌ടോബര്‍ 4-നകം എത്തിക്കണം..
Comments