കേരളീയ മുസ്‌ലിംകള്‍ അതിജീവനത്തിന്റെ നൂറു വര്‍ഷം
20-ാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ അഭിമുഖീകരിച്ച ആഴമേറിയ രണ്ട് പ്രതിസന്ധികളായിരുന്നു 1921-ലെ മലബാര്‍ സമരവും 1947-ലെ ഇന്ത്യാ വിഭജനവും. വിഭജനത്തോടെ ഉത്തരേന്ത്യയിലെയും കിഴക്കന്‍ സംസ്ഥാനങ്ങളിലെയും മുസ്‌ലിംകളിലെ കുറേയേറെ പേര്‍ പാകിസ്താനിലേക്ക് പലായനം ചെയ്തു. വിഭജനത്തോടനുബന്ധിച്ചുണ്ടായ കലാപങ്ങളും കൂട്ടക്കുരുതികളും ഇന്ത്യയില്‍ തന്നെ തുടര്‍ന്ന ലക്ഷക്കണക്കിന് മുസ്‌ലിംകളെ വഴിയാധാരമാക്കി. ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും അവര്‍ കൂപ്പുകുത്തി. സമാനതകളില്ലാത്ത അരക്ഷിതത്വവും നേതൃ രാഹിത്യവും അവരുടെ മുന്നോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്തി. വിദ്യാഭ്യാസ രംഗത്തും സാമൂഹിക രംഗത്തും അവര്‍ പിന്നാക്കത്തില്‍ പിന്നാക്കമായി. ഈ പതിതാവസ്ഥയില്‍നിന്ന് കരകയറ്റാന്‍ തക്ക ദിശാബോധമുള്ള നേതൃനിര അവരില്‍നിന്ന് ഉയര്‍ന്നുവന്നില്ല. രാഷ്ട്രീയമായി അവര്‍ പൂര്‍ണമായും അസംഘടിതരായി. മുഖ്യധാരാ മതേതര കക്ഷികള്‍ തെരഞ്ഞെടുപ്പു കാലങ്ങളിലൊഴികെ അവരെ പരിഗണിച്ചതേയില്ല. അടിസ്ഥാന സൗകര്യ വികസനത്തില്‍ ഭരണകൂടങ്ങള്‍ മുസ്‌ലിം പ്രദേശങ്ങളെ തുടര്‍ച്ചയായി അവഗണിച്ചു. 1947-നു ശേഷം നിരവധി വംശഹത്യകള്‍ക്കും അതിന്റെ അനുബന്ധമായ കൂട്ട പലായനങ്ങള്‍ക്കും ഉത്തരേന്ത്യന്‍ മുസ്‌ലിം സമൂഹം ഇരകളായി. അഥവാ, വിഭനജത്തിന് മുക്കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോഴും ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ 1947-ലെ സ്ഥിതിയില്‍ തന്നെ തുടരുകയാണ്. ഈ യാഥാര്‍ഥ്യത്തിന് സച്ചാര്‍ സമിതി റിപ്പോര്‍ട്ടിനോളം വലിയ സാക്ഷ്യം ആവശ്യമില്ല.
വിഭജനം കേരളത്തിലെ മുസ്‌ലിമിന് പറയത്തക്ക നഷ്ടങ്ങള്‍ ഒന്നുമുണ്ടാക്കിയില്ല എന്നത് വസ്തുത തന്നെ. എന്നാല്‍, വിഭജനത്തോളം ആഴത്തിലുള്ള മുറിവാണ് 1921-ലെ മലബാര്‍ സമരം കേരളത്തിലെ, വിശേഷിച്ച് മലബാറിലെ മുസ്‌ലിം സമൂഹത്തില്‍ സൃഷ്ടിച്ചത്. എന്നാല്‍, നൂറ് വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള കേരളത്തിലെ മുസ്‌ലിം സാമൂഹികാവസ്ഥ ഉത്തരേന്ത്യന്‍ മുസ്‌ലിം സമൂഹത്തിന്റേതില്‍നിന്ന് ഏറെ ഭിന്നമാണെന്ന യാഥാര്‍ഥ്യം നമ്മുടെ മുന്നിലുണ്ട്.
വിദ്യാഭ്യാസ രംഗത്തും തൊഴില്‍ രംഗത്തും കേരളീയ മുസ്‌ലിം സമൂഹത്തില്‍ വലിയ കുതിച്ചുചാട്ടമുണ്ടായി. സംഘടിതരായ സമൂഹമായി അവര്‍ മാറി. മതപരമായ വലിയ ഉണര്‍വ് അവരിലുണ്ടായി. താരതമ്യേന മികച്ച രാഷ്ട്രീയ, അധികാര പങ്കാളിത്തം ആര്‍ജിക്കാന്‍ സാധിച്ചു. ജീവിതനിലവാരത്തിലും മാനവ വിഭവശേഷിയിലും പ്രതിശീര്‍ഷ വരുമാനത്തിലും ഉപഭോഗ ശേഷിയിലും വലിയ വളര്‍ച്ച ഉണ്ടായി. സാമൂഹിക ശാസ്ത്രത്തിലെ ഏത് സിദ്ധാന്തങ്ങള്‍ അവലംബിച്ചാലും കേരളത്തിലെ, വിശേഷിച്ച് മലബാറിലെ മുസ്‌ലിം അതിജീവനം ഒരു അത്ഭുത പ്രതിഭാസമാണ്. എന്താണ് ഈ അതിജീവനത്തിന്റെ രസതന്ത്രം എന്നാണ് ഇവിടെ അന്വേഷിക്കുന്നത്.
തിരിച്ചടിയുടെ ആരംഭം
അധിനിവേശ ശക്തികളുടെ വരവോടെയാണ് മലബാറിലെ മുസ്‌ലിം ജീവിതം കടുത്ത പ്രതിസന്ധിയിലാകുന്നത്. പോര്‍ച്ചുഗീസുകാരുടെ വരവ് വരെ ഇവിടെയുണ്ടായിരുന്ന മുസ്‌ലിംകള്‍ സാമ്പത്തികമായും സാമൂഹികമായും ശക്തരായിരുന്നു. അറബ് നാടുകളുമായും മറ്റുമുള്ള വ്യാപാര ബന്ധങ്ങളായിരുന്നു അതിന് കാരണം. 12 മുതല്‍ 16 വരെയുള്ള നൂറ്റാണ്ടുകളില്‍ മുസ്‌ലിം സമൂഹത്തിന്റെ സാമ്പത്തിക വളര്‍ച്ച അതിന്റെ പാരമ്യത്തിലെത്തി.1 കടല്‍ വഴിയുള്ള വ്യാപാരത്തിന്റെ കുത്തക മലബാറിലെ മുസ്‌ലിം കച്ചവടക്കാര്‍ക്കായിരുന്നു. ഈ വ്യാപാരത്തെ ആശ്രയിച്ചു കഴിഞ്ഞ കര്‍ഷകരും തൊഴിലാളികളുമായ ജനങ്ങളുടെ ജീവിതത്തില്‍ അത് പ്രതിഫലിച്ചു. മുസ്‌ലിം സമൂഹത്തിന് തദ്ദേശീയ ഭരണകൂടങ്ങളില്‍നിന്ന് വലിയ ആദരവും പരിഗണനയും കിട്ടുന്ന സാഹചര്യമുണ്ടായി. മതപരമായ പൂര്‍ണ സ്വാതന്ത്ര്യം അവര്‍ വകവെച്ചുനല്‍കി. എന്നാല്‍, പോര്‍ച്ചുഗീസുകാരുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ മാപ്പിളമാരുടെ സാമ്പത്തിക ശേഷിയെ ദുര്‍ബലപ്പെടുത്തി. മലബാറിലെയും ഇതര ഏഷ്യന്‍ മേഖലകളിലെയും മുസ്‌ലിം സമൂഹത്തിന്റെ വാണിജ്യപരവും രാഷ്ട്രീയപരവുമായ മേല്‍ക്കോയ്മ തകര്‍ക്കലായിരുന്നു പോര്‍ച്ചുഗലിന്റെ ലക്ഷ്യം. കത്തോലിക്കാ സഭയുടെ ആശീര്‍വാദത്തോടെ മതപരവും രാഷ്ട്രീയവുമായ കൃത്യമായ ലക്ഷ്യങ്ങളോടെയുള്ള ആ അധിനിവേശം വലിയൊരളവോളം ലക്ഷ്യം കാണുകയും ചെയ്തു.2
സമുദ്ര വ്യാപാരങ്ങളില്‍ ഉണ്ടായിരുന്ന മേല്‍ക്കോയ്മ നഷ്ടപ്പെട്ടതിനൊപ്പം സാമൂതിരിമാരുടെ ചാഞ്ചാട്ട നിലപാടുകളും മുസ്‌ലിംകളെ വിഷമവൃത്തത്തിലാക്കി. തീരമേഖലകളില്‍നിന്ന് ഉള്‍നാടുകളിലേക്കുള്ള കൂട്ടപലായനം നടക്കുന്നത് അങ്ങനെയാണ്. പക്ഷേ, കുടിയേറിയ പ്രദേശങ്ങളിലെ ഭൂമി മുഴുവന്‍ സവര്‍ണ സമൂഹത്തിന്റെ അധീനതയിലായിരുന്നു. അവരുടെ കീഴില്‍ കുടിയാന്മാരായും കച്ചവടക്കാരായും ജീവിതം കഴിച്ചെങ്കിലും സാമൂഹിക നില ഒട്ടും ഭദ്രമായിരുന്നില്ല. ശേഷം ഡച്ചുകാരും ബ്രിട്ടീഷുകാരും വന്നപ്പോഴും മാപ്പിളമാരുടെ അവസ്ഥക്ക് പുരോഗതിയുണ്ടായില്ല. ഹൈദരലിയും മകന്‍ ടിപ്പുവും മലബാറിന്റെ അധികാരം പിടിച്ചെടുത്ത സമയത്ത് അല്‍പം ഉണര്‍വ് ഉണ്ടായെങ്കിലും അതിനും അല്‍പായുസ്സായിരുന്നു. ടിപ്പു നടപ്പാക്കിയ ഭൂപരിഷ്‌കരണ നയങ്ങള്‍ മാപ്പിളമാര്‍ക്ക് വലിയ ഗുണം ചെയ്തു. ഉള്‍നാടുകളില്‍ ജന്മിമാരുടെ പാട്ടഭൂമിയില്‍ കൃഷിയിറക്കിയാണ് മിക്കവാറും പേര്‍ ജീവിച്ചുപോന്നത്. എന്നാല്‍, ആംഗ്ലാ-മൈസൂര്‍ യുദ്ധത്തില്‍ ടിപ്പു ബ്രിട്ടീഷുകാരോട് പരാജയപ്പെട്ടതോടെ മലബാറില്‍ ബ്രിട്ടീഷ് ഭരണം വന്നു. ഫ്യൂഡല്‍ നാടുവാഴിമാര്‍ക്ക് ബ്രിട്ടീഷുകാര്‍ സര്‍വപിന്തുണയും നല്‍കിയതോടെ ഇടക്കാലത്ത് അയവ് വന്ന കര്‍ഷകദ്രോഹ നടപടികളും ചൂഷണങ്ങളും പീഡനങ്ങളും പുനരാരംഭിച്ചു. ഇതിനെതിരെ 1800 മുതല്‍ നടന്ന ചെറുതും വലുതുമായ കര്‍ഷക പോരാട്ടങ്ങള്‍ മാപ്പിളമാര്‍ക്ക് കനത്ത നഷ്ടങ്ങളുണ്ടാക്കി. 1921-ലെ മലബാര്‍ സമരത്തെ ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയതോടെ മാപ്പിളമാര്‍ എല്ലാ അര്‍ഥത്തിലും തകര്‍ന്നടിഞ്ഞു.
സമരാനന്തര മലബാര്‍
1921 ആഗസ്റ്റ് മുതല്‍ 1922 ഫെബ്രുവരി വരെ മലബാറിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട്, വയനാട് താലൂക്കുകളിലായി മുഖ്യമായും ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ശക്തിയാര്‍ജിച്ച സായുധ പോരാട്ടമായിരുന്നു മലബാര്‍ സമരം. 1800-കള്‍ മുതല്‍ ബ്രിട്ടീഷ് - ജന്മിത്വ കൂട്ടുകെട്ടിനെതിരെ നടന്ന സായുധ കലാപങ്ങളുടെ തുടര്‍ച്ചയായിരുന്നു 1921. ഒരേസമയം സാമ്രാജ്യത്വ അധിനിവേശത്തിനും ജന്മി മുതലാളിത്തത്തിനും ജാതി അധികാരങ്ങള്‍ക്കും എതിരെ, മുസ്‌ലിം കര്‍തൃത്വത്തില്‍ നടന്ന സമാനതകളില്ലാത്ത മുന്നേറ്റമായിരുന്നു 1921-ല്‍ കണ്ടത്. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ തങ്ങളുടെ മുഴുവന്‍ സൈനിക ശേഷിയും മലബാറിലെ ഈ മൂന്ന് നാല് താലൂക്കുകളിലായി വിന്യസിച്ച് ബ്രിട്ടീഷ് ഭരണകൂടം ഈ സമരത്തെ ആറ് മാസം കൊണ്ട് അടിച്ചമര്‍ത്തി. 17 വ്യത്യസ്ത സേനാവിഭാഗങ്ങളെയാണ് ഈ കൊച്ചുപ്രദേശത്തേക്ക് അതിനായി നിയോഗിച്ചത്. മലബാര്‍ പോരാട്ടത്തില്‍ പതിനായിരത്തിലധികം പേര്‍ രാജ്യത്തിന്റെ മോചനത്തിനായി ജീവത്യാഗം ചെയ്തു. ബ്രിട്ടീഷുകാരുടെ കണക്ക് പ്രകാരം 2339 പേര്‍ മാത്രമാണ് രക്തസാക്ഷികള്‍. 1600 പേര്‍ ജയിലുകളില്‍ മരണത്തിന് കീഴടങ്ങി. ബ്രിട്ടീഷ് ഭാഷ്യപ്രകാരം 5995 പേര്‍ അറസ്റ്റിലാവുകയും 39340 പേര്‍ കീഴടങ്ങുകയും ചെയ്തു. 1290 പേരെ അന്തമാനിലേക്ക് നാടുകടത്തി.3 അഥവാ, ബ്രിട്ടീഷ് ഭാഷ്യപ്രകാരം തന്നെ 50000-നു മുകളില്‍ പേര്‍ മലബാര്‍ സമരത്തിന്റെ നേരിട്ടുള്ള ഇരകളായി.
യഥാര്‍ഥ കണക്ക് ഇതിലും എത്രയോ അധികം വരുമെന്നതാണ് വസ്തുത. കൊലയും അന്യായ അറസ്റ്റും മാത്രമായിരുന്നില്ല ബ്രിട്ടീഷുകാരുടെ രീതി. യുദ്ധവിജയത്തില്‍ ഒരു അപരിഷ്‌കൃത സേന എന്തെല്ലാം ചെയ്തുകൂട്ടുമോ അതെല്ലാം അവര്‍ ചെയ്തുകൂട്ടി. കൊള്ളയും കൊലയും സാര്‍വത്രികമാക്കി. ജനങ്ങളുടെ സ്വത്തുക്കളും വീടുകളും കൃഷിയിടങ്ങളും നശിപ്പിക്കുകയും ചുട്ടെരിക്കുകയും ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ പീഡനങ്ങള്‍ അഴിച്ചുവിട്ടു. ബ്രിട്ടീഷ് അതിക്രമത്തെ വെള്ളപൂശുന്ന ഭാഗങ്ങളുണ്ടെങ്കിലും കോണ്‍ഗ്രസ് നേതാക്കളായിരുന്ന കെ. മാധവന്‍ നായരുടെയും കെ.പി കേശവമേനോന്റെയും ആത്മകഥകളില്‍ കലാപാനന്തരമുള്ള മുസ്‌ലിം സാമൂഹികാവസ്ഥയുടെ ചിത്രം കാണാന്‍ കഴിയും. കലാപബാധിതമല്ലാത്ത പ്രദേശങ്ങളിലും പട്ടാളം അഴിഞ്ഞാടിയതായി മാധവന്‍ നായര്‍ എഴുതുന്നുണ്ട്.4 ഇതിനെല്ലാം പുറമെ, ഭീമമായ സംഖ്യ മാപ്പിളമാരില്‍നിന്ന് ബ്രിട്ടീഷുകാര്‍ വസൂലാക്കി. 5000 മാപ്പിളമാരില്‍നിന്ന് മൊത്തം 363458 രൂപ പിഴയാണ് അവര്‍ കൈക്കലാക്കിയത്.5
ആരുമില്ലാതെ മാപ്പിളമാര്‍
ഭരണകൂട അടിച്ചമര്‍ത്തല്‍ നടന്നുകൊണ്ടിരിക്കെ തന്നെ കോണ്‍ഗ്രസ് മലബാര്‍ സമരത്തെ തള്ളിപ്പറയുകയുണ്ടായി. 1921 ഡിസംബര്‍ 28-ന് അഹ്മദാബാദില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനം മലബാര്‍ സമരത്തെ തള്ളി പ്രമേയം പാസ്സാക്കി. അതിനു മുമ്പേ, 1921 സെപ്റ്റംബര്‍ നാലിന് 'നവജീവനി'ല്‍ എഴുതിയ ലേഖനത്തില്‍ പോരാട്ടത്തെ ഗാന്ധിജി തള്ളിപ്പറഞ്ഞു. വിപ്ലവത്തിന് നേതൃത്വം നല്‍കിയവരില്‍ പലരും രക്തസാക്ഷിത്വം വരിച്ചു. മാപ്പിളമാരോട് അനുഭാവ സമീപനമെടുത്ത ദേശീയ പ്രസ്ഥാനത്തിലെ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബും ഇ. മൊയ്തു മൗലവിയും എം.പി. നാരായണ മേനോനും മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടും ഉള്‍പ്പെടെയുള്ളവര്‍ ജയിലിലായി. കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാരെ പോലുള്ള പല നേതാക്കളും ഒളിവില്‍ പോകാന്‍ നിര്‍ബന്ധിതരായി. ചുരുക്കത്തില്‍ ബ്രിട്ടീഷ് ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്ന അക്രമങ്ങളും അനീതികളും ചോദ്യം ചെയ്യാന്‍ ഒരാളും ഇല്ലാത്ത സ്ഥിതിവിശേഷമുണ്ടായി.
ഇത്രയേറെ പേര്‍ രക്തസാക്ഷിത്വം വരിക്കുകയോ ജയിലില്‍ അടക്കപ്പെടുകയോ ചെയ്ത, വിപ്ലവാനന്തര ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകളിലെ സാമൂഹികാവസ്ഥ എന്തെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഭൂരിഭാഗം കുടുംബങ്ങളിലും ഗൃഹനാഥന്മാരില്ലാതെയായി. അരക്ഷിതത്വവും പട്ടിണിയും വേദനയും ഭീതിയും തളംകെട്ടി നിന്ന അന്തരീക്ഷമായിരുന്നു എങ്ങും. ഭക്ഷ്യക്ഷാമം രൂക്ഷമായി. ഭക്ഷണം, വസ്ത്രം പോലുള്ളവക്ക് പോലും വകയില്ലാത്ത അഭയാര്‍ഥിതുല്യ ജീവിതത്തിലേക്ക് മിക്കവാറും കുടുംബങ്ങള്‍ എടുത്തെറിയപ്പെട്ടു. കുറേയേറെ പേര്‍ പലായനം ചെയ്തു. ഇതിനെല്ലാം പുറമെ 1923-ലും 1924-ലും മലബാറിലുണ്ടായ ഭീകര പ്രളയം ദുരിതങ്ങള്‍ ഇരട്ടിയാക്കി. കലാപാനന്തരമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും മുസ്‌ലിം സമൂഹം ക്രൂരമായി അവഗണിക്കപ്പെട്ടു. ഇരകളായ ഹിന്ദുക്കളെ കുറിച്ച വാര്‍ത്തകള്‍ മാത്രമാണ് അന്ന് എങ്ങും പ്രചരിച്ചത്. അഭയാര്‍ഥി ക്യാമ്പുകള്‍ തുടങ്ങുകയും ഗാന്ധജി ഉള്‍പ്പെടെയുള്ളവരുടെ ആഹ്വാനപ്രകാരം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് സഹായം മലബാറിലേക്ക് ഒഴുകുകയും ചെയ്തു. പക്ഷേ, അതിന്റെ ഗുണഫലം മലബാറിലെ മാപ്പിള കുടുംബങ്ങള്‍ക്ക് ലഭിച്ചില്ല. ഹിന്ദുത്വവാദികള്‍ വര്‍ഗീയ മുതലെടുപ്പിനുള്ള ഒന്നാന്തരം അവസരമായി അതിനെ കാണുകയും ഇരകളായ ഹിന്ദുക്കള്‍ക്ക് തെരഞ്ഞ് പിടിച്ച് സഹായം നല്‍കാന്‍ മിടുക്ക് കാട്ടുകയും ചെയ്തു.
മുസ്‌ലിംകള്‍ക്ക് മുസ്‌ലിംകള്‍ മാത്രമാണ് രക്ഷ എന്ന സ്ഥിതിയാണ് അക്ഷരാര്‍ഥത്തില്‍ സംഭവിച്ചത്. ഉത്തരേന്ത്യയില്‍നിന്നുള്ള ഏതാനും മുസ്‌ലിംനേതാക്കളും സംഘടനകളും മാപ്പിളമാര്‍ക്ക് സഹായവുമായി എത്തിയിരുന്നു. 1923-ല്‍ മൗലാനാ ശൗക്കത്തലി കാക്കിനഡയില്‍ നടന്ന ഖിലാഫത്ത് സമ്മേളനത്തില്‍ മലബാറിലെ മാപ്പിളമാരുടെ പുനരധിവാസത്തിനായി സഹായം അഭ്യര്‍ഥിക്കുകയും ധനസമാഹരണം നടത്തുകയുമുണ്ടായി.6 പക്ഷേ, ഇത്തരം ഒറ്റപ്പെട്ട ശ്രമങ്ങള്‍ കൊണ്ടെന്നും പരിഹരിക്കാന്‍ കഴിയുന്ന പ്രതിസന്ധികളായിരുന്നില്ല അക്കാലത്ത് മലബാറില്‍ ഉണ്ടായിരുന്നത്.
മലബാര്‍ സമരം സൃഷ്ടിച്ച മാനസിക പ്രത്യാഘാതങ്ങള്‍ അതിലും ഭീകരമായിരുന്നു. മൊയ്യാരത്ത് ശങ്കരന്റെയും ഇ.എം.എസിന്റെയും എഴുത്തുകളില്‍ മാപ്പിള ജനസമൂഹത്തെ ബാധിച്ച നിരാശയുടെയും അപകര്‍ഷതയുടെയും ആഴം വായിച്ചെടുക്കാവുന്നതാണ്. വല്ലാത്തൊരു തരം ഉള്‍വലിയല്‍ മാപ്പിള സമൂഹത്തില്‍ പ്രകടമായിരുന്നെന്ന് റോളന്‍ഡ് ഇ. മില്ലര്‍ നിരീക്ഷിക്കുണ്ട്. അതിന്റെ പ്രധാന കാരണമായി അദ്ദേഹം ഒന്നാമതായി പറഞ്ഞത്, സമരത്തിന്റെ പരാജയം തന്നെയാണ്. രണ്ടാമത്, മാപ്പിളയെ തനി കാടനായി ചിത്രീകരിക്കുന്ന രീതിക്ക് കിട്ടിയ പൊതു സമ്മതിയാണ്. ആ കാലത്തെ ദേശീയ- സംസ്ഥാന നേതാക്കളുടെ പ്രസ്താവനകള്‍, മാധ്യമവ്യവഹാരങ്ങള്‍, ബ്രിട്ടീഷ് ആഖ്യാനങ്ങള്‍ എല്ലാം അതിലേക്ക് വഴിവെച്ചു. മാപ്പിളമാരെ എല്ലാവരും സംശയത്തോടെ മാത്രം കാണുന്ന സ്ഥിതിയുണ്ടായി. പരോളിലിറങ്ങിയ കുറ്റവാളിയെ പോലെയാണ് മാപ്പിളയെ പൊതുസമൂഹം കണ്ടിരുന്നത് എന്നും മാപ്പിളമാരെ നിരീക്ഷിക്കാനും സദാ വലയം ചെയ്യാനും മാത്രമായി മലബാര്‍ സ്‌പെഷ്യല്‍ പൊലീസ് എന്ന അര്‍ധ സേനാ വിഭാഗത്തിന് രൂപം നല്‍കിയത് ബ്രിട്ടീഷുകാരുടെ ഈ മനോഭാവത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.7
മലബാര്‍ സമരത്തിന്റെ പേരിലുള്ള ഭരണകൂട വേട്ട 1930 -കള്‍ വരെ തുടര്‍ന്നു. സമരത്തെ ഓര്‍മിക്കാന്‍ ഒരവസരവും അവര്‍ മാപ്പിളമാര്‍ക്ക് നല്‍കിയില്ല. പകരം അവരുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുന്ന നടപടികള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അതിന്റെ ഭാഗമായിരുന്നു 1926-ല്‍ വള്ളുവമ്പ്രത്ത് സ്ഥാപിച്ച ഹിച്ച്‌കോക്ക് സ്മാരകം. മലബാര്‍ സമരത്തെ അടിച്ചമര്‍ത്താന്‍ നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥന്റെ പേരിലുള്ള സ്മാരകം, തങ്ങളുടെ ഉറ്റവരും ഉടയവരും പിടഞ്ഞുവീണ മണ്ണില്‍ ഉയരുന്നത് കണ്ടുനില്‍ക്കാനേ അവര്‍ക്ക് സാധിച്ചുള്ളൂ.
സ്ത്രീകള്‍ നേതൃത്വം നല്‍കിയ
അതിജീവന പോരാട്ടം
1921-ലെ ഭരണകൂട അടച്ചമര്‍ത്തല്‍ ഉണ്ടാക്കിയ പ്രതിസന്ധികളില്‍നിന്ന് വളരെ പതിയെ ആണ് മാപ്പിള സമൂഹം ഉയിര്‍ത്തെഴുന്നേറ്റത്. അതിന്റെ മുഖ്യ ചാലകശക്തിയായി പ്രവര്‍ത്തിച്ചത് മാപ്പിള സ്ത്രീകളായിരുന്നു. മുസ്‌ലിം വനിതയെ കുറിച്ച മലയാളി പൊതുബോധത്തിന്റെ സകല ധാരണകളെയും കീഴ്‌മേല്‍ മറിക്കുന്ന പ്രതിനിധാനമായിരുന്നു അത്.
കുടുംബത്തിന്റെ ഭാരിച്ച ചുമതല സ്ത്രീകള്‍ക്ക് ഏറ്റെടുക്കേണ്ട സാഹചര്യമുണ്ടായി. കൂലിപ്പണിക്കും കൃഷിപ്പണിക്കും എസ്റ്റേറ്റ് ജോലിക്കും വീട്ടുവേലക്കും പോയി അവര്‍ കുടുംബത്തെ പോറ്റി. മക്കള്‍ക്ക് ലഭ്യമായതില്‍ മികച്ച വിദ്യാഭ്യാസം നല്‍കി. അവസരത്തിനൊത്ത് ഉയരാനുള്ള മാപ്പിളപ്പെണ്ണിന്റെ ശേഷിയെ അടയാളപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ ഡോ. ഷംസാദ് ഹുസൈന്‍ 'മലബാര്‍ കലാപത്തിന്റെ വാമൊഴി പാരമ്പര്യം' എന്ന പഠനത്തില്‍ അവതരിപ്പിക്കുന്നുണ്ട്.
സമരകാലത്ത് ബ്രിട്ടീഷുകാരില്‍നിന്നും കൊള്ളസംഘങ്ങളില്‍നിന്നും വീടിനും സ്വത്തിനും മക്കള്‍ക്കും വീട്ടിലെ മുതിര്‍ന്ന സ്ത്രീകള്‍ സംരക്ഷണമൊരുക്കിയ വിധം അവര്‍ രേഖപ്പെടുത്തുന്നുണ്ട്. പരപ്പനങ്ങാടിക്കാരിയായ 98 വയസ്സുകാരി പാത്തിമ്മേയ് എന്ന കുഞ്ഞീവി പറയുന്ന അനുഭവം അതില്‍ ശ്രദ്ധേയമാണ്.
പോരാട്ട കാലത്ത് അക്രമി സംഘങ്ങളുടെ കൊള്ള നിര്‍ബാധം നടക്കുന്നുണ്ടായിരുന്നു. ആണുങ്ങളില്ലാത്ത വീടുകളെ ലക്ഷ്യംവെച്ചണ് കൊള്ളസംഘങ്ങള്‍ എത്തുക. തന്റെ ഉമ്മ വീട്ടിലെ വിലകൂടിയ വസ്തുക്കള്‍ സംരക്ഷിക്കാന്‍ കാണിച്ച തന്ത്രങ്ങളും കുട്ടികളായിരുന്ന തന്നെയും അനുജത്തിമാരെയും സംരക്ഷിച്ച വിധവും അവര്‍ വിശദീകരിക്കുന്നുണ്ട്. 'ആണുങ്ങളില്ലല്ലോ, ഞമ്മളെന്ത് ചെയ്യും' എന്നു പറഞ്ഞുകൊണ്ടാണ് ഗവേഷകയോട് അവര്‍ സംസാരം തുടങ്ങുന്നത്. വാതിലുകള്‍ തുറന്നിട്ടുകൊണ്ടാണ് ഉമ്മ കവര്‍ച്ചക്കാരെ നേരിടുന്നത്. മുകളിലത്തെ നിലയിലെ വാതിലും അലമാരയും തുറന്നിട്ട ശേഷം വിലപിടിച്ച ആഭരണങ്ങളും വസ്ത്രങ്ങളും കൊട്ടയിലാക്കി അതിന് മുകളില്‍ എന്തെങ്കിലുമൊക്കെ എടുത്തുവെച്ച് മുറ്റത്തിടും. മുറ്റത്തിട്ട തുണിക്കൊട്ട ആരും കൊണ്ടുപോകില്ലല്ലോ. ആളില്ലെന്ന തോന്നലുണ്ടാക്കുകയും ചെയ്യും. അത്രമേല്‍ പ്രതിസന്ധി നിറഞ്ഞ കാലത്തെ നേരിട്ട മാപ്പിളസ്ത്രീകളുടെ കൗശലവും സാമര്‍ഥ്യവുമാണ് അവരുടെ ഓര്‍മകളില്‍ തെളിയുന്നത്.8
ആ കാലഘട്ടത്തിലെ മാപ്പിള സ്ത്രീകളുടെ കാര്യശേഷിയെ കുറിച്ച് ബ്രിട്ടീഷുകാര്‍ തന്നെ വിശദീകരിക്കുന്നുണ്ട്. കോഴിക്കോെട്ടയും കണ്ണൂരിലെയും ജയിലുകളില്‍ കഴിയുന്ന ഭര്‍ത്താക്കന്മാരെ സന്ദര്‍ശിക്കാന്‍ ഏറനാട്ടിലെ പെണ്ണുങ്ങള്‍ ട്രെയ്‌നിലും മറ്റും യാത്ര ചെയ്യുന്ന കാഴ്ച ബ്രിട്ടീഷുകാരെ അത്ഭുതപ്പെടുത്തുന്നുണ്ട്. അതിനു മുമ്പ് ഒരിക്കല്‍ പോലും ഏറനാട് താലൂക്കിനു പുറത്ത് പോകാത്ത സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെയും സഹോദരന്മാരെയും സന്ദര്‍ശിക്കാന്‍ ബസിലും ട്രെയ്‌നിലും 50 - 60 മൈല്‍ ഒറ്റക്ക് യാത്ര ചെയ്യുന്നു. പോരാളികളെ പൊലീസ് ഇടക്കിടെ ഒരു ജയിലില്‍നിന്ന് മറ്റൊരു ജയിലിലേക്ക് മാറ്റാറുണ്ടായിരുന്നു. പ്രാദേശിക ഭരണ സംവിധാനങ്ങള്‍ക്ക് ഈ വിവരം ലഭിക്കുന്നതിനു മുമ്പു തന്നെ ഈ വിവരം മാപ്പിളപ്പെണ്ണുങ്ങള്‍ക്ക് ലഭിക്കുന്നത് തങ്ങളെ അമ്പരപ്പിക്കുന്നുവെന്നും ബ്രിട്ടീഷുകാര്‍ പറയുന്നു.9
ബ്രിട്ടീഷുകാര്‍ അന്യായമായി പിടിച്ചുകൊണ്ടുപോയ മകനു വേണ്ടി മഞ്ചേരി കോടതിയിലെത്തി സാക്ഷിപറയുന്ന ഒരുമ്മയെ ബ്രിട്ടീഷ് രേഖകള്‍ അവതരിപ്പിക്കുന്നുണ്ട്. മകന്‍ നിരപരാധിയാണെന്നതിന് നിരവധി തെളിവുകള്‍ അവര്‍ അവതരിപ്പിച്ചുവെങ്കിലും കോടതി അതംഗീകരിക്കുന്നില്ല.10
വാരിയന്‍കുന്നന്റെ പത്‌നി മാളു ഹജ്ജുമ്മ വിപ്ലവാനന്തരം തന്റെ പ്രദേശത്തെ പുനര്‍നിര്‍മിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സ്ത്രീ കൂടിയാണ്. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കിയാല്‍ മാത്രമേ ഇനി രക്ഷയുള്ളൂ എന്ന് തിരിച്ചറിഞ്ഞ അവര്‍ തന്റെ സ്‌നേഹിതകളായ ചില സ്ത്രീകളുടെ സഹകരണത്തോടെ കരുവാരകുണ്ടില്‍ സ്‌കൂള്‍ പുനഃസ്ഥാപിച്ചു.
കുട്ടികള്‍ സ്‌കൂളില്‍ എത്താന്‍ മടി കാണിച്ചപ്പോള്‍ തന്റെ പാടത്തും പറമ്പിലുമുള്ള എല്ലാ വിഭവങ്ങളും സ്‌കൂളിനായി നല്‍കാന്‍ അവര്‍ നിര്‍ദേശം നല്‍കി. പട്ടിണിക്കാലമായതിനാല്‍ വിശപ്പ് മാറ്റാനെങ്കിലും കുട്ടികള്‍ സ്‌കൂളില്‍ എത്തുമല്ലോ എന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍.11
ഓത്തുപള്ളികള്‍ നടത്തിയ ധാരാളം മൊല്ലാച്ചിമാര്‍ അക്കാലത്തുണ്ടായിരുന്നു. സമരാനന്തരം ഓത്തുപള്ളികള്‍ക്കും ദര്‍സുകള്‍ക്കും ബ്രിട്ടീഷുകാര്‍ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കൂടിയാകണം മാപ്പിള വനിതകള്‍ വീടുകള്‍ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയത്. ഈ ലേഖകന്റെ നാടായ മലപ്പുറം പെരിമ്പലത്തെ ഓത്തുപള്ളി നടത്തിയിരുന്നത് കുഞ്ഞീരുമ്മ എന്ന വനിതയായിരുന്നു. പരിസര പ്രദേശങ്ങളില്‍നിന്നെല്ലാം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഈ ഓത്തുപള്ളിയില്‍ എത്തുമായിരുന്നു. അവരുടെ ഭര്‍ത്താവ് പിലാത്തോട്ടത്തില്‍ കമ്മദ് മൊല്ലയും ഭര്‍തൃപിതാവ് മൊയ്തീന്‍ മൊല്ലയും ഭര്‍തൃസഹോദരന്‍ കുഞ്ഞഹമ്മദും 1921 -ലെ പോരാട്ടങ്ങളില്‍ രക്തസാക്ഷിത്വം വരിക്കുകയുണ്ടായി. മറ്റൊരു ഭര്‍തൃസഹോദരന്‍ പിലാത്തോട്ടത്തില്‍ പോക്കര്‍ മുസ്‌ലിയാര്‍ ജയിലിലുമായി.
അയല്‍പ്രദേശമായ പടിഞ്ഞാറ്റുമ്മുറിയില്‍ പാത്തുതാത്ത എന്ന വനിതയും ഒരു ഏകാധ്യാപക വിദ്യാലയം നടത്തിയിരുന്നു. അവരുടെ വീട് തന്നെയായിരുന്നു വിദ്യാലയമെന്ന് പഴയ തലമുറ ഓര്‍ക്കുന്നുണ്ട്.
നവോത്ഥാന പരിശ്രമങ്ങള്‍
ദേശീയ സ്വാതന്ത്ര്യ സമരത്തിന് സമാന്തരമായാണ് കേരളീയ നവോത്ഥാനവും സംഭവിക്കുന്നത്. ഇതിന്റെ ഭാഗമായി ഒരോ സമുദായവും സ്വന്തം നിലക്ക് സ്വയം നവീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ആധുനിക വിദ്യാഭ്യാസം നേടിയ ഉല്‍പതിഷ്ണുക്കള്‍ അതതു ജാതി വിഭാഗങ്ങളില്‍ പുരോഗമനത്തിനും നവീകരണത്തിനും വേണ്ടി യത്‌നിച്ചു. നമ്പൂതിരി, നായര്‍, ഈഴവ, ക്രൈസ്തവ, ദലിത് വിഭാഗങ്ങള്‍ക്കൊപ്പം മുസ്‌ലിംകളും ആധുനികതയിലേക്കുള്ള യാത്രയില്‍ പങ്കാളികളായി. കേരളീയ നവോത്ഥാനത്തിന് സമാന്തരമായി മുസ്‌ലിം സമൂഹത്തിലും വലിയ ചലനങ്ങള്‍ സംഭവിച്ച കാലമാണ് ഇരുപതാം നൂറ്റാണ്ട്. കേരളത്തിലെ സവര്‍ണ-അവര്‍ണ ഹിന്ദു സമുദായങ്ങളില്‍ നടന്ന നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍നിന്ന് തികച്ചും ഭിന്നമാണ് മുസ്‌ലിംകളില്‍ നടന്ന പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍. ഹിന്ദു സമൂഹത്തില്‍ നിലനിന്ന ജീര്‍ണതകള്‍ മുഖ്യമായും ജാതിശ്രേണിയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. സ്ത്രീകള്‍ക്ക് മാറു മറയ്ക്കാനുള്ള സ്വാതന്ത്ര്യമില്ലായ്മയും ക്ഷേത്രപ്രവേശനത്തിനുള്ള വിലക്കും അയിത്താചരണവും അവയില്‍ ചിലത് മാത്രം. നമ്പൂതിരി, നായര്‍ കുടുംബങ്ങളിലെ സങ്കീര്‍ണമായ സാമൂഹികക്രമവും നാവോത്ഥാനത്തോടെ വലിയ മാറ്റങ്ങള്‍ക്ക് വിധേയമായി.
മുസ്‌ലിം സമൂഹത്തില്‍ പക്ഷേ, ഇത്തരം സാമൂഹിക പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. എന്ന് മാത്രമല്ല, ഹിന്ദു സമൂഹത്തിലെ ഇത്തരം സങ്കീര്‍ണതകളില്‍നിന്ന് അവരില്‍ നല്ലൊരു വിഭാഗം മോചനം കണ്ടെത്തിയത് ഇസ്‌ലാമിലൂടെയാണ്. അതുകൊണ്ടുതന്നെ ഇരുപതാം നൂറ്റാണ്ടില്‍ മുസ്‌ലിം സമൂഹത്തിലെ നവോത്ഥാന നായകരുടെ ദൗത്യം തീര്‍ത്തും ഭിന്നമായിരുന്നു. മലയാളം, ഇംഗ്ലീഷ് ഭാഷകളോടും ആധുനിക വിദ്യാഭ്യാസത്തോടുമുള്ള അകല്‍ച്ച, സ്ത്രീകള്‍ക്ക് ആധുനിക വിദ്യാഭ്യാസം നല്‍കുന്നതിലുള്ള വിമുഖത, വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണങ്ങളും ആചാരങ്ങളും ഇതെല്ലാമാണ് മുസ്‌ലിം സമൂഹം അക്കാലത്ത് നേരിട്ട മുഖ്യ പ്രശ്‌നങ്ങള്‍. ഈ പറഞ്ഞവയിലെല്ലാം വലിയ മാറ്റങ്ങള്‍ ഇരുപതാം നൂറ്റാണ്ടില്‍ സംഭവിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തുടങ്ങിയ ഈ അര്‍ഥത്തിലുള്ള മുന്നേറ്റങ്ങള്‍ 1921-ലെ മലബാര്‍ സമരാനന്തരം പുതിയ ഒരു ഘട്ടത്തിലേക്ക് കടക്കുകയുണ്ടായി.
സയ്യിദ് സനാഉല്ലാ മഖ്ദി തങ്ങള്‍, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, വക്കം അബ്ദുല്‍ ഖാദര്‍ മൗലവി, ശൈഖ് മുഹമ്മദ് ഹമദാനി തങ്ങള്‍, സി. സൈതാലിക്കുട്ടി മാസ്റ്റര്‍, കെ.എം. മൗലവി, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ്, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍, സി.എന്‍. അഹ്മദ് മൗലവി, കെ.എം. സീതി സാഹിബ്, ഇ. മൊയ്തു മൗലവി, സി.എച്ച്. മുഹമ്മദ് കോയ, ഹാജി വി.പി മുഹമ്മദലി സാഹിബ്, കെ.സി. അബ്ദുല്ല മൗലവി തുടങ്ങി അനേകം പേര്‍ 19-20 നൂറ്റാണ്ടുകളില്‍ കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ആധുനികതയിലേക്കുള്ള മാറ്റങ്ങളുടെ ചാലകശക്തികളായി.
അതേസമയം, കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ഉള്ളടക്കവും പ്രയോഗവും മുസ്‌ലിം സമുദായത്തിനകത്ത് ഇരുപതാം നൂറ്റാണ്ടില്‍ നടന്ന പരിഷ്‌കരണ ശ്രമങ്ങളില്‍ പരിമിതപ്പെടുത്തുന്നത് ശരിയല്ല. അഥവാ, ഇസ്‌ലാമിക നവോത്ഥാനം കേരളത്തില്‍ ആരംഭിക്കുന്നത് 19-20 നൂറ്റാണ്ടുകളില്‍ അല്ല. അതിന് ദീര്‍ഘവും സങ്കീര്‍ണവുമായ ചരിത്രവും പിന്തുടര്‍ച്ചകളുമുണ്ട്. അറിവും പഠനവും വായനയും എഴുത്തും ബ്രാഹ്മണ്യം കുത്തകയാക്കിവെച്ച കാലത്ത് അറിവധികാരത്തെ ജനാധിപത്യവത്കരിച്ചു എന്നതാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ നിര്‍വഹിച്ച മുഖ്യമായ നവോത്ഥാന ദൗത്യം. അധിനിവേശ ശക്തികള്‍ക്കെതിരായ പോരാട്ടത്തിന് ആശയപ്രതലമൊരുക്കി നവോത്ഥാനപരവും ആധുനികവുമായ മൂല്യങ്ങളോട് അദ്ദേഹം സമുദായത്തെ ചേര്‍ത്തുനിര്‍ത്തി.
മഖ്ദൂമുമാര്‍ തുടങ്ങിവെച്ച നവോത്ഥാന പരിശ്രമങ്ങളുടെ പൂര്‍ത്തീകരണമാണ് മുസ്‌ലിം സമുദായത്തില്‍ 20-ാം നൂറ്റാണ്ടില്‍ സംഭവിച്ചത്. മഖ്ദൂം തുടങ്ങിവെക്കുകയും പിന്നീട് വിപലുമാവുകയും ചെയ്ത ദര്‍സ് സമ്പ്രദായം കേരളീയ മുസ്‌ലിം സമൂഹത്തിന്റെ സ്വത്വപരമായ സംഘാടനത്തില്‍ മുഖ്യപങ്ക് വഹിക്കുകയുണ്ടായി. 1800-കള്‍ മുതലുള്ള സമരങ്ങള്‍ക്ക്, വിശേഷിച്ച് 1921-ലെ സമരങ്ങള്‍ക്ക് ശഹീദ് ആലി മുസ്‌ലിയാര്‍ അടക്കമുള്ള പാരമ്പര്യ പണ്ഡിത സമൂഹം കൃത്യമായ ദിശാബോധം നല്‍കി മുന്നിലുണ്ടായിരുന്നു. ആലി മുസ്‌ലിയാരുടെ സഹപാഠികളും സമകാലികരും ശിഷ്യരുമായ പണ്ഡിതരാണ് ഗ്രാമഗ്രാമാന്തരങ്ങളില്‍ പോരാട്ടത്തിന്റെ പ്രചോദന കേന്ദ്രങ്ങളായി വര്‍ത്തിച്ചത്. 1924-ല്‍ കേരള ജംഇയ്യത്തുല്‍ ഉലമയും 1926-ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും രൂപം കൊണ്ടപ്പോള്‍ പണ്ഡിതസമൂഹം ആ സംഘടനകള്‍ക്ക് പിന്നില്‍ അണിനിരന്നു. മലബാര്‍ സമരാനന്തരം പണ്ഡിത സമൂഹം നേരിട്ട മാനസികവും ഭൗതികവുമായ സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ ഇത്തരം സംഘാടനങ്ങള്‍ക്ക് സാധിച്ചു. മഹല്ലുകള്‍ കേന്ദ്രീകരിച്ച് സുസ്ഥിരമായ സാമൂഹിക സംവിധാനങ്ങളും മതവിദ്യാഭ്യാസ കേന്ദ്രങ്ങളും ഒരുക്കാന്‍ ഈ സംഘാടനത്തിന് സാധിച്ചു. 1800-കള്‍ മുതലുള്ള കാലം മുസ്‌ലിം സമൂഹത്തിലേക്ക് സ്വമേധയാലുള്ള കൂട്ട മതപരിവര്‍ത്തനം നടന്ന ഘട്ടമാണ് എന്ന് വില്യം ലോഗനെ പോലുള്ളവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.12 ഇങ്ങനെ രൂപപ്പെട്ട ഒരു സമൂഹത്തില്‍ മതപരമായ ബോധവും ഉണര്‍വും സൃഷ്ടിച്ചെടുക്കുന്നതില്‍ പാരമ്പര്യ മതനേതൃത്വത്തിന് വലിയ പങ്കുണ്ട്. വ്യവസ്ഥാപിത മദ്‌റസാ സംവിധാനം തുടങ്ങാന്‍ സമസ്ത തീരുമാനിക്കുന്നത് ഏറെ വൈകി 1951-ലാണെങ്കിലും വളരെ പെട്ടെന്ന് തന്നെ അത് വലിയൊരു മതവിദ്യാഭ്യാസ ശൃംഖലായി വികസിക്കുകയും സമുദായത്തിന്റെ ധാര്‍മികപരവും വിശ്വാസപരവുമായ നിലനില്‍പ്പിനെ ഭദ്രമാക്കുകയും ചെയ്തു.
ദൗര്‍ഭാഗ്യവശാല്‍, സമുദായത്തിന്റെ അസ്തിത്വം നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ നേതൃപരമായ പങ്കുവഹിച്ച പാരമ്പര്യ പണ്ഡിതസമൂഹത്തെ യാഥാസ്ഥിതികരും നവോത്ഥാനത്തോട് പിന്തിരിഞ്ഞുനടന്നവരുമായി ചിത്രീകരിച്ചുകൊണ്ടുള്ള 'മുസ്‌ലിം നവോത്ഥാന' വായനകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നവോത്ഥാനത്തെ നിര്‍വചിക്കുന്നതില്‍ യൂറോകേന്ദ്രീകൃത ധാരണകളെ പിന്‍പറ്റുന്നതുകൊണ്ടുണ്ടാകുന്ന പ്രശ്‌നമാണത്. മലബാറിലെ കുഴപ്പങ്ങള്‍ക്ക് കാരണം മാപ്പിളമാരുടെ വിദ്യാഭ്യാസമില്ലായ്മയും അപരിഷ്‌കൃതത്വവുമാണെന്നും അവര്‍ക്ക് ആധുനിക വിദ്യാഭ്യാസം നല്‍കിയാല്‍ മാത്രമേ അവരെ നവീകരിക്കാന്‍ സാധിക്കുകയുള്ളൂ എന്നുമുള്ളത് ഒരു കൊളോണിയല്‍ ഭാഷ്യമാണ്. കൊളോണിയലിസം മനുഷ്യകുലത്തില്‍ നിര്‍വഹിച്ച മാനവികവിരുദ്ധവും ആധിപത്യപരവും ഏകപക്ഷീയവുമായ കടന്നാക്രമണങ്ങളെ ഒളിപ്പിച്ചുനിര്‍ത്താനും വെള്ളപൂശാനും ആദര്‍ശവത്കരിക്കാനുമാണ് 'അപരിഷ്‌കൃത' രാജ്യങ്ങളെ 'സംസ്‌കരി'ക്കാനുള്ള 'ദൗത്യം' തങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്നു എന്ന വ്യാജം കൊളോണിയലിസ്റ്റുകള്‍ എക്കാലവും പ്രചരിപ്പിച്ചത്.
അതുകൊണ്ടാണ് കൊളോണിയലിസ്റ്റ് ധാരയോട് ചേര്‍ന്നുനിന്നോ, നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിന് മടിച്ചോ രൂപപ്പെട്ട മതപരിഷ്‌കരണ ശ്രമങ്ങളെ മാത്രം നവോത്ഥാനമായി കൊളോണിയല്‍ ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള തങ്ങളുടെ കോളനി രാജ്യങ്ങള്‍ ആധുനികതയിലേക്ക് പ്രവേശിക്കുന്നത് തങ്ങള്‍ മുന്നോട്ടു വെച്ച ജ്ഞാന സങ്കല്‍പങ്ങളെ പിന്തുടര്‍ന്നതുകൊണ്ടാണ് എന്നതാണ് യൂറോപ്യന്മാര്‍ എക്കാലത്തും ആവര്‍ത്തിക്കുന്ന കാഴ്ചപ്പാട്.
യഥാര്‍ഥത്തില്‍, കേരളീയ മുസ്‌ലിം സമൂഹത്തില്‍ നടന്ന നവോത്ഥാനം കൊളോണിയലിസ്റ്റ് ധാരയോട് ഒരു ഘട്ടത്തിലും ആശയപരമായി ചേര്‍ന്നുകൊണ്ടായിരുന്നില്ല. ഒരു പ്രത്യേക ചരിത്ര സന്ധിയില്‍ സമുദായ നേതൃത്വത്തിന് ആധുനികതയുടെ കോളോണിയല്‍ ഉപാധികളെ ഭാഗികമായെങ്കിലും പിന്തുടരേണ്ടിവന്നു എന്നതു മാത്രമാണ് വസ്തുത.
തിരിച്ചുവരവിന്റെ പാതകള്‍
അഞ്ച് നൂറ്റാണ്ട് നീണ്ട അധിനിവേശവിരുദ്ധ പോരാട്ടങ്ങള്‍ മുസ്‌ലിം സമൂഹത്തില്‍ നവോത്ഥാന ആഭിമുഖ്യവും പ്രബുദ്ധതയും സാമൂഹിക അവബോധവും സ്വത്വബോധവും മതപരമായ ഉണര്‍വും സംഘാടന ശേഷിയുമെല്ലാം സൃഷ്ടിച്ചെങ്കിലും ഭൗതികാര്‍ഥത്തില്‍ അവര്‍ തകര്‍ന്നടിഞ്ഞു. ഇതര സമുദായങ്ങള്‍ അധിനിവേശ ഭരണകൂടത്തോട് നേരിട്ടുള്ള ഏറ്റുമുട്ടലിന് അത്യപൂര്‍വ ഘട്ടങ്ങളിലേ ഇറങ്ങിയിട്ടുള്ളൂ.
ഭരണകൂടത്തില്‍നിന്നുള്ള സര്‍വ ആനുകൂല്യങ്ങളുടെയും ഗുണഭോക്താക്കളായി അവര്‍ മാറുകയും വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളില്‍ അവരുടെ കുതിച്ചുചാട്ടത്തിന് അത് കാരണമാവുകയും ചെയ്തു. ഇതായിരുന്നില്ല മാപ്പിളമാരുടെ സ്ഥിതി. മലബാറിന്റെ ഗ്രാമഗ്രാമാന്തരങ്ങളില്‍ ചെറുതും വലുതുമായ കര്‍ഷക സമരങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടക്കുന്ന ഘട്ടമായിരുന്നു അത്. ആ ഘട്ടത്തില്‍ ആധുനിക വിദ്യാഭ്യാസം പോലുള്ള തികച്ചും സര്‍ഗാത്മകവും നിര്‍മാണാത്മകവുമായ രംഗങ്ങളില്‍ ഊന്നല്‍ കൊടുക്കാന്‍ സാധിക്കാതിരിക്കുക സ്വാഭാവികം.
ഈ ഘട്ടത്തിലാണ് ഒരു കൂട്ടം ധിഷണാശാലികളായ പണ്ഡിതന്മാരുടെയും മറ്റും നേതൃത്വത്തില്‍ മതനവീകരണത്തിനും സമുദായ ഉദ്ധാരണത്തിനുമുള്ള ശ്രമങ്ങള്‍ നടക്കുന്നത്. മുസ്‌ലിം പരിസരത്തുനിന്ന് അറബിമലയാളത്തിലും മലയാളത്തിലും ഇറങ്ങിയ പത്രമാസികകള്‍ അതില്‍ വലിയ പങ്കു വഹിക്കുകയുണ്ടായി. സംഘടനാ താല്‍പര്യങ്ങള്‍ക്കപ്പുറത്ത് സമുദായത്തിന്റെ പൊതുവായ പുരോഗതിയും വളര്‍ച്ചയും അവയുടെ മുഖ്യപ്രചാരണ വിഷയമായി.
1921-ലെ മലബാര്‍ സമരാനന്തരം മുസ്‌ലിം സമൂഹം നടത്തിയ ഏറ്റവും ക്രിയാത്മകമായ ഇടപെടലായിരുന്നു 1922 -ല്‍ രൂപംകൊണ്ട കേരള മുസ്‌ലിം ഐക്യസംഘം. മലബാര്‍ സമരത്തെ തുടര്‍ന്ന് രാഷ്ട്രീയ അഭയം തേടി കൊടുങ്ങല്ലൂരിലെത്തിയ ഒരു കൂട്ടം പണ്ഡിതരുടെ നായകത്വത്തിലാണ് സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. മാപ്പിള സമൂഹത്തെ എല്ലാ അര്‍ഥത്തിലും സമുദ്ധരിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്കാണ് അവര്‍ നേതൃത്വം നല്‍കിയത്.
ആധുനിക വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ ഐക്യസംഘം മുന്‍കൈയെടുത്തു. ധാരാളം പള്ളികള്‍ അവരുടെ മുന്‍കൈയില്‍ സ്ഥാപിച്ചു. നവോത്ഥാന ആശയങ്ങള്‍ പ്രചരിപ്പിക്കാനായി പത്രമാസികകള്‍ തുടങ്ങി. 1924 മേയില്‍ ആലുവയില്‍ നടന്ന മുസ്‌ലിം ഐക്യസംഘത്തിന്റെ രണ്ടാം വാര്‍ഷികസമ്മേളനത്തിലാണ് കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരിക്കപ്പെടുന്നത്.
തങ്ങളുടേതായ ആശയപരിസരത്തുനിന്നുകൊണ്ടുള്ള മതവിശ്വാസത്തെ കലര്‍പ്പുകളില്‍നിന്ന് ശുദ്ധീകരിക്കല്‍, ആധുനിക വിദ്യാഭ്യാസത്തിനുള്ള പ്രേരണ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കല്‍, സ്ത്രീവിദ്യാഭ്യാസത്തിനുള്ള പ്രേരണ, അറബി മലയാളത്തില്‍നിന്ന് മാനക മലയാളത്തിലേക്ക് സമുദായത്തെ നയിക്കല്‍, മതവിദ്യാഭ്യാസത്തിന് ശാസ്ത്രീയ സംവിധാനവും കരിക്കുലവും ഏര്‍പ്പെടുത്തല്‍, രാഷ്ട്രീയവും സാമൂഹികവുമായ പ്രാതിനിധ്യത്തിനും സംഘാടനത്തിനും പ്രേരിപ്പിക്കല്‍ എന്നിങ്ങനെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെയുള്ള കാലങ്ങളില്‍ സമുദായ നേതൃത്വം ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളെ ചുരുക്കിയെഴുതാം. സ്വാതന്ത്ര്യത്തിനു ശേഷം 1948-ല്‍ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകവും 1950-ല്‍ കേരള നദ്‌വത്തുല്‍ മുജാഹിദീനും സമസ്തക്കു കീഴില്‍ 1954-ല്‍ സുന്നി യുവജന സംഘവും രൂപവത്കരിക്കപ്പെട്ടു. പുരോഗമന വിദ്യാഭ്യാസ പ്രചാരണ പ്രസ്ഥാനം എന്ന നിലയില്‍ 1964-ല്‍ മുസ്‌ലിം എജുക്കേഷനല്‍ സൊസൈറ്റിയും 1980-ല്‍ മുസ്‌ലിം സര്‍വീസ് സൊസൈറ്റിയും രൂപംകൊണ്ടു. ഈ കാലയളവില്‍ തന്നെയാണ് വിവിധ മത സംഘടനകള്‍ വിദ്യാര്‍ഥി, യുവജന സംഘടനകളും മറ്റു പോഷക വിഭാഗങ്ങളും ഉണ്ടാക്കുന്നത്. വ്യത്യസ്ത ഗ്രൂപ്പുകളായി ചിതറിയെങ്കിലും മുസ്‌ലിം സമുദായത്തെ വ്യവസ്ഥാപിതവത്കരിക്കുന്നതില്‍ ഈ സംഘടനകളെല്ലാം തന്നെ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. സംഘടനകള്‍ തമ്മിലെ കിടമത്സരം വലിയ അപകടങ്ങള്‍ വിളിച്ചുവരുത്തിയിട്ടുണ്ടെങ്കിലും ആത്യന്തികമായി അവ സമുദായത്തിന് ഏറെ ഗുണം ചെയ്തു എന്നു വേണം വിലയിരുത്താന്‍; പ്രത്യേകിച്ചും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍.
ആധുനിക വിദ്യാഭ്യാസത്തോട് പല കാരണങ്ങളാല്‍ പുറംതിരിഞ്ഞുനിന്നിരുന്ന സമസ്ത പതിയെ നിലപാട് പുതുക്കുകയും ഭൗതിക വിദ്യാഭ്യാസം അജണ്ടയില്‍ ഉള്‍പ്പെടുത്തുകയും ആ ദിശയില്‍ ബഹുദൂരം സഞ്ചരിക്കുകയും ചെയ്തു. മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ പ്രാതിനിധ്യം, പ്രത്യേകിച്ചും സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളെ പോലുള്ളവരുടെ സാന്നിധ്യം സമസ്തയുടെ പരിവര്‍ത്തനത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ സാന്നിധ്യത്തോട് ചേര്‍ന്നുനിന്നാണ് മുജാഹിദ് പ്രസ്ഥാനവും വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും സമദൂരം പാലിച്ച ജമാഅത്തെ ഇസ്‌ലാമി വിദ്യാഭ്യാസ രംഗത്തും മാധ്യമരംഗത്തും നിര്‍ണായക കാല്‍വെപ്പുകള്‍ നടത്തി. കേരളത്തില്‍ ഇസ്‌ലാമിക ഉന്നത വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ക്ക് ഇടം ആദ്യമായി നല്‍കുന്നത് ജമാഅത്തെ ഇസ്‌ലാമി ആണ്. കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ കോളജില്‍ പെണ്‍കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാന്‍ മദ്‌റസത്തുല്‍ ബനാത്ത് തൊള്ളായിരത്തി അറുപതുകളില്‍ കെ.സി. അബ്ദുല്ല മൗലവിയുടെ നേതൃത്വത്തില്‍ സ്ഥാപിതമായി. മത വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള പഠന രീതിയായിരുന്നു എല്ലാ മുസ്‌ലിം സംഘടനകളും അക്കാലം വരെ നടത്തിവന്നിരുന്നത്. കേരളീയ മുസ്‌ലിം സമൂഹത്തിന് മത -ഭൗതിക വിദ്യാഭ്യാസ സമന്വയത്തിന്റെ ആദ്യ മാതൃക കാഴ്ചവെക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയും കെ.സി അബ്ദുല്ല മൗലവിയുമാണ്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ബിരുദവും മതപഠനവും സമം ചേര്‍ത്ത ആര്‍ട്‌സ് ആന്റ് ഇസ്‌ലാമിക് കോഴ്‌സ് -എ.ഐ.സി 1972-ല്‍ ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയയില്‍ ആരംഭിച്ചു. ജമാഅത്തെ ഇസ്‌ലാമിക്ക് കീഴിലുള്ള ധാരാളം സ്ഥാപനങ്ങള്‍ ഈ മാതൃക പിന്തുടര്‍ന്നു. ഈ സമ്പ്രദായം പിന്നീട് മറ്റു മുസ്‌ലിം സംഘടനകളും ഏറ്റെടുത്തു.
രാഷ്ട്രീയ രംഗത്തേക്കുള്ള
തിരിച്ചുവരവ്
കേരളീയ മുസ്‌ലിം സമൂഹത്തിന്റെ അതിജീവനത്തില്‍ രാഷ്ട്രീയ സംഘാടനത്തിന് വലിയ പങ്കുണ്ട്. 1921-നെ തുടര്‍ന്ന് രാഷ്ട്രീയമായി കൂടി ഒറ്റപ്പെട്ട മാപ്പിള സമുദായത്തെ തിരിച്ചുകൊണ്ടുവരുന്നതില്‍ മുഖ്യ പങ്കുവഹിച്ച വ്യക്തിത്വമാണ് മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ്. 1923-ല്‍ ജയില്‍മോചിതനായി തിരിച്ചുവന്ന ശേഷം അദ്ദേഹം നടത്തിയ ഇടപെടലുകള്‍ മാപ്പിള സമൂഹത്തിന് വലിയ ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കുന്നതായിരുന്നു. മുസ്‌ലിം ജനസാമാന്യത്തെ പൊതുജീവിതത്തിലേക്കും രാഷ്ട്രീയത്തിലേക്കും തിരിച്ചുനടത്തുക എന്ന വലിയ യത്‌നം അദ്ദേഹം ഏറ്റെടുത്തു. ഈ ലക്ഷ്യവുമായാണ് 1924-ല്‍ അദ്ദേഹം കോഴിക്കോട് ആസ്ഥാനമായി 'അല്‍ അമീന്‍' പത്രം തുടങ്ങിയത്.
ഇ. മൊയ്തു മൗലവിയെ പോലുള്ളവര്‍ അദ്ദേഹത്തിന്റെ വലംകൈ ആയി പ്രവര്‍ത്തിച്ചു. അനാഥ സംരക്ഷണം ഉള്‍പ്പെടെ സാമൂഹിക പരിഷ്‌കരണ രംഗത്ത് നിസ്തുല സംഭാവനകള്‍ അദ്ദേഹം അര്‍പ്പിക്കുകയുണ്ടായി. ഇത്തരത്തിലുള്ള ഇടപെടലുകളേക്കാള്‍ പ്രധാനമായിരുന്നു മാപ്പിള സമൂഹത്തിന്റെ അന്തസ്സും അഭിമാനവും സംരക്ഷിക്കാന്‍ അദ്ദേഹം നടത്തിയ യത്‌നങ്ങള്‍. ഹിച്ച്‌കോക്ക് സ്മാരകത്തിനെതിരായ പോരാട്ടം ഉദാഹരണം. സ്മാരകം ഉണ്ടാക്കാന്‍ തീരുമാനിച്ചതു മുതല്‍ അദ്ദേഹം അതിനെതിരെ രംഗത്തു വന്നു. അന്തമാനില്‍ മാപ്പിള തടവുകാരെ കുടുംബങ്ങള്‍ക്കൊപ്പം താമസിപ്പിക്കാനുള്ള ബ്രിട്ടീഷുകാരുടെ മാപ്പിള കോളനൈസേഷന്‍ സ്‌കീമിനെതിരെ തുറന്ന പോരാട്ടം അദ്ദേഹം നടത്തുകയുണ്ടായി. മുസ്‌ലിം സമൂഹത്തിന് അദ്ദേഹത്തിലുള്ള വിശ്വാസം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയുണ്ടായി. 1930-ലെ നിയമലംഘനത്തില്‍ അടക്കം മുസ്‌ലിം സമൂഹം ധാരാളമായി പങ്കെടുത്തത് അദ്ദേഹത്തിലുള്ള വിശ്വാസം കൊണ്ടായിരുന്നു. മുസ്‌ലിം ഐക്യസംഘത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന കെ.എം. സീതി സാഹിബിന്റെ നേതൃത്വത്തില്‍ 1935-ഓടെ മുസ്‌ലിംലീഗും കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ദ്രുതഗതിയിലായിരുന്നു ലീഗിന്റെ വളര്‍ച്ച.
മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പുകളിലും മദിരാശി അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും മുസ്‌ലിം ലീഗ് വലിയ മുന്നേറ്റം നടത്തി. കേരള രൂപവത്കരണത്തോടെ മുസ്‌ലിം ലീഗ് നിര്‍ണായക രാഷ്ട്രീയ ശക്തിയായി വളര്‍ന്നു. 1967-ല്‍ സപ്തകക്ഷി മുന്നണിയില്‍ ഭരണപങ്കാളിത്തം കൂടി നേടിയതോടെ മുസ്‌ലിം ലീഗിന്റെ സമുദായത്തിനകത്തെ സ്വാധീനശക്തി വര്‍ധിച്ചു.
പ്രവാസവും മുസ്‌ലിം സമൂഹവും
മുസ്‌ലിം അതിജീവനത്തില്‍ മേല്‍പറഞ്ഞ സാഹചര്യങ്ങളോളമോ അതിലേറെയോ പങ്കുവഹിച്ച പ്രതിഭാസമാണ് ഗള്‍ഫ് നാടുകളിലേക്ക് തൊഴില്‍ തേടിയുള്ള മലയാളി മുസ്‌ലിമിന്റെ കുടിയേറ്റം. 2018-ലെ കണക്കനുസരിച്ച് കേരളത്തിലെ മൊത്തം പ്രവാസികളുടെ 43 ശതമാനവും മുസ്‌ലിംകളാണ്. 33 ശതമാനം മുസ്‌ലിം വീടുകളിലും ഒരു പ്രവാസിയെങ്കിലുമുണ്ട്. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ജില്ല മലപ്പുറമാണ്. കേരളത്തിലെ മൊത്തം പ്രവാസികളുടെ 89.2 ശതമാനവും ഗള്‍ഫ് രാഷ്ട്രങ്ങളിലാണ്. വിദേശമലയാളികള്‍ പ്രതിവര്‍ഷം നാട്ടിലേക്കയക്കുന്ന പണം 900 ബില്യന്‍ രൂപ വരും. ഇതില്‍ 21 ശതമാനവും മലപ്പുറം ജില്ല വഴിയാണ്. കേരളത്തിന്റെ ഒരു വര്‍ഷത്തെ മൊത്തം വരുമാനത്തിന്റെ 35 ശതമാനം വരുമിത്. അഥവാ, 1950-കള്‍ തുടങ്ങിയ ഇത്തരം പലായനങ്ങള്‍ കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ സര്‍വതോമുഖ വളര്‍ച്ചക്കിടയാക്കി എന്നു മാത്രമല്ല, കേരളത്തിന്റെ സമ്പദ്ഘടനയെ തന്നെ താങ്ങിനിര്‍ത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു.13
മാറിമാറി വന്ന ഭരണകൂടങ്ങള്‍ വികസന വിഷയത്തിലും വിഭവ വിതരണത്തിലും ക്രൂരമായ വിവേചനം കാണിച്ചിട്ടുപോലും മാനവ വിഭവശേഷിയിലും ജീവിത നിലവാരത്തിലും മലബാര്‍ പ്രദേശം ഉയര്‍ന്നുനില്‍ക്കുന്നതിന്റെ കാരണം പ്രവാസമാണ്. പ്രവാസമടക്കം മേല്‍പറഞ്ഞ കാരണങ്ങള്‍ക്കെല്ലാം പുറമെ കേരളത്തിന്റെ പൊതുവായുള്ള രാഷ്ട്രീയ പ്രബുദ്ധത, മതനിരപേക്ഷ പാരമ്പര്യം, സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസ സമ്പ്രദായം, ഭൂപരിഷ്‌കരണം, മുസ്‌ലിം ലീഗിന്റെ അധികാര പങ്കാളിത്തം, സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി അനേകം കാര്യങ്ങള്‍ മുസ്‌ലിം അതിജീവനത്തില്‍ പങ്കുവഹിച്ചിട്ടുണ്ട്. എങ്ങനെ നോക്കിയാലും കേരളീയ മുസ്‌ലിം സാമൂഹികാവസ്ഥയെ 1921-നു മുമ്പും ശേഷവും എന്ന നിലയില്‍ വര്‍ഗീകരിക്കാവുന്നതാണ്. മലബാര്‍ സമരാനന്തരമുണ്ടായ സങ്കീര്‍ണതകളില്‍നിന്നും സന്ദിഗ്ധതകളില്‍നിന്നും കുതിച്ചുചാടാനുള്ള വെമ്പല്‍ ഈ സമുദായത്തിനുണ്ടായിരുന്നു. നിരന്തരവും ബോധപൂര്‍വവുമായ ശ്രമങ്ങള്‍ സമുദായത്തിനകത്തുനിന്നു തന്നെ ആ ദിശയില്‍ ഉണ്ടാവുകകൂടി ചെയ്തപ്പോള്‍ കേരളീയ മുസ്‌ലിം സമൂഹത്തിന്റെ അതിജീവനം ഏറക്കുറെ പൂര്‍ണമായി.
ആയതിനാല്‍ 1921-നെ കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ആധുനികതയിലേക്കുള്ള കുതിച്ചുപായലിന്റെയും മുസ്‌ലിം സമുദായത്തിന്റെ അതിജീവനത്തിന്റെയും ചരിത്രസന്ദര്‍ഭമായി നിസ്സംശയം വിലയിരുത്താം.
അടിക്കുറിപ്പ്
1. മണ്‍സൂണ്‍ ഇസ്‌ലാം, സെബാസ്റ്റ്യന്‍ ആര്‍. പ്രാംഗെ, വിവ: പി.ടി തോമസ് കാര്‍ത്തികപുരം, അഥര്‍ ബുക്‌സ് കോഴിക്കോട്, പേജ് -90.
2. മാപ്പിള മുസ്‌ലിംകള്‍, റോളണ്ട്. ഇ. മില്ലര്‍, വിവ: തോമസ് കാര്‍ത്തികപുരം, അഥര്‍ ബുക്‌സ് കോഴിക്കോട്, പേജ് -85.
3. മലബാര്‍ കലാപം. ചരിത്രരേഖകള്‍, ആര്‍.കെ ബിജുരാജ്, ഒലീവ് ബുക്‌സ് കോഴിക്കോട്, പേജ് -191.
4. മലബാര്‍ കലാപം, കെ. മാധവന്‍ നായര്‍, മാതൃഭൂമി ബുക്‌സ് കോഴിക്കോട്, പേജ് - 263.
5. മാപ്പിള മുസ്‌ലിംകള്‍, പേജ് -149.
6. മലബാര്‍ കലാപം. ചരിത്രരേഖകള്‍, പേജ് -240
7. മാപ്പിള മുസ്‌ലിംകള്‍, പേജ് -153.
8. മലബാര്‍ കലാപത്തിന്റെ വാമൊഴി പാരമ്പര്യം. കെ.ടി ഷംസാദ് ഹുസൈന്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം. പേജ് -378, പേജ് 130.
9,10. A History of the Malabar Reblellion, Hitchcock, R.H. 1921, printed by the superintendent, Govenment Press, Madras. P-101, P-259.
11. ആംഗ്ലോ-മാപ്പിള യുദ്ധം, എ.കെ. കോടൂര്‍, മഹ്ബൂബ് ബുക്‌സ്, മലപ്പുറം,പേജ് - 233
12. മലബാര്‍ മാന്വല്‍, വില്യം ലോഗന്‍, വിവ: ടി.വി. കൃഷ്ണന്‍, മാതൃഭൂമി ബുക്‌സ്, കോഴിക്കോട്, പേജ് - 153.
13. Emigration and Remittances: New Evidences from the Kerala Migration Survey,2018. S. Irudaya Rajan, K.C. Zachariah, Centre for Development Studies, Kerala, published in January 2019.
Comments