സ്വഫര്‍ മാസം ദുശ്ശകുനമാണോ?
സ്വഫറിലെ ഒടുവിലത്തെ ബുധനാഴ്ച നഹ്‌സാണെന്ന് നബി (സ) പറഞ്ഞതായും, എല്ലാ വര്‍ഷവും സ്വഫര്‍ മാസം ഒടുവിലെ ബുധനാഴ്ച മൂന്നു ലക്ഷത്തി ഇരുപതിനായിരം ആപത്തുകള്‍ ഇറങ്ങുമെന്നും, അതിനാല്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ആ ദിനത്തില്‍ ആരെങ്കിലും നാലു റക്അത്ത് നമസ്‌കരിക്കുകയും എല്ലാ റക്അത്തിലും ഫാതിഹക്കു ശേഷം സൂറത്തുല്‍ കൗസര്‍ പതിനേഴ് തവണയും സൂറത്തുല്‍ ഇഖ്‌ലാസ്വ് അഞ്ചു തവണയും സൂറത്തുല്‍ ഫലഖ്, സൂറത്തുന്നാസ് എന്നിവ ഓരോ തവണയും ഓതിയ ശേഷം സലാം വീട്ടി ഒരു പ്രത്യേക പ്രാര്‍ഥന ചൊല്ലുകയും ചെയ്താല്‍ എല്ലാ ആപത്തുകളില്‍നിന്നും അല്ലാഹു അവനെ സംരക്ഷിക്കുന്നതാണെന്നും പിന്നെ ആ വര്‍ഷം ആപത്തൊന്നും അവന് വരില്ലെന്നുമൊക്കെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്താണ് വസ്തുത?
ഖത്വീബുല്‍ ബഗ്ദാദി ഇബ്‌നു അബ്ബാസിന്റേതായി ഈ അര്‍ഥത്തിലുള്ള ഒരു ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. 'സ്വഫറിലെ അവസാനത്തെ ബുധന്‍ വിട്ടൊഴിയാത്ത നഹ്‌സിന്റെ ദിവസമാകുന്നു' - ഇതാണ് ഹദീസ്. ഇത് കള്ള ഹദീസാണ്. ഇമാം ഇബ്‌നുല്‍ ജൗസി കള്ള ഹദീസുകള്‍ സമാഹരിച്ച് രചിച്ച 'അല്‍ മൗദൂആത്ത്' എന്ന ഗ്രന്ഥത്തില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല പ്രാര്‍ഥനക്ക് ഉത്തരം കിട്ടുന്ന ദിവസമായി പോലും ബുധനാഴ്ചയെ ചില സ്വഹാബിമാര്‍ പരിചയപ്പെടുത്തിയിട്ടുണ്ട്.
അബ്ദുറഹ്മാനുബ്‌നു കഅ്ബില്‍നിന്ന് നിവേദനം: ജാബിറുബ്‌നു അബ്ദില്ലാഹ് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്; 'ഈ പള്ളിയില്‍ വെച്ച് അഥവാ മസ്ജിദുല്‍ ഫത്ഹില്‍ വെച്ച് നബി (സ) തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ബുധനാഴ്ചയും പ്രാര്‍ഥിക്കുകയുണ്ടായി. അങ്ങനെ രണ്ടു നമസ്‌കാരങ്ങള്‍ക്കിടയില്‍ ബുധനാഴ്ചയാണ് അദ്ദേഹത്തിന് ഉത്തരം ലഭിച്ചത്. എനിക്ക് പ്രധാനപ്പെട്ടതും കടുപ്പമുള്ളതുമായ ഏത് പ്രയാസം ഉണ്ടായാലും ആ സമയം തന്നെ തെരെഞ്ഞെടുക്കാന്‍ ഞാന്‍ ശ്രദ്ധിക്കും. അങ്ങനെ ബുധനാഴ്ച രണ്ടു നമസ്‌കാരങ്ങള്‍ക്കിടയിലുള്ള ആ സമയത്തു തന്നെ ഞാന്‍ പ്രാര്‍ഥിക്കും. അങ്ങനെ ചെയ്തിട്ട് ഒരിക്കലും ഉത്തരം ലഭിക്കാതിരുന്നതായിട്ട് കണ്ടിട്ടില്ല' (ബുഖാരി, അല്‍അദബുല്‍ മുഫ്‌റദ്: 704). വസ്തുത ഇതായിരിക്കെയാണ് യാതൊരടിസ്ഥാനവുമില്ലാതെ കേവലം കള്ള ഹദീസ് വച്ച് ബുധനാഴ്ചയെ ശകുന ദിവസമാക്കുന്നത്!
ശനിയാഴ്ചയും ബുധനാഴ്ചയും കൊമ്പുവെക്കുന്നതിനെയും രോമം നീക്കുന്നതിനെയും പറ്റി ചോദിച്ചപ്പോള്‍ ഇമാം മാലിക് പറഞ്ഞു: 'ഒരു കുഴപ്പവുമില്ല, ഞാന്‍ കൊമ്പുവെക്കാത്ത ഒരു ദിവസവുമില്ല. അതുപോലെ കൊമ്പുവെക്കാനോ രോമം നീക്കാനോ കല്യാണത്തിനോ യാത്ര ചെയ്യാനോ, എന്തിനാവട്ടെ ഏതു ദിവസവും വീട്ടില്‍നിന്ന് ഇറങ്ങുന്നതോ യാത്ര ചെയ്യുന്നതോ ഒന്നും തന്നെ അനഭിലഷണീയമായി ഞാന്‍ കാണുന്നില്ല' (മുവത്വയുടെ ശറഹായ മുന്‍തഖാ: 1039).
ഇമാം ഇബ്‌നു റജബ് പറയുന്നു: 'സ്വഫര്‍ മാസം പോലെ ഏതെങ്കിലും ചില പ്രത്യേക സമയം ശകുനമായി കാണുന്നത് ശരിയല്ല. കാരണം സമയം മുഴുവന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണ്. മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ അതിലാണ് സംഭവിക്കുന്നത്. അതിനാല്‍ ഏതൊരു സമയവും സത്യവിശ്വാസി അല്ലാഹുവിന്റെ അനുശാസനകള്‍ നടപ്പാക്കുന്നതിനായി വിനിയോഗിച്ചാല്‍ അത് അവനെ സംബന്ധിച്ചേടത്തോളം അനുഗൃഹീത സമയമാണ്. എന്നാല്‍ ഏതൊരു സമയം ഒരാള്‍ അല്ലാഹുവിനെ ധിക്കരിക്കുന്നതിനായി വിനിയോഗിക്കുന്നുവോ അത് അവനെ സംബന്ധിച്ചേടത്തോളം അവലക്ഷണം പിടിച്ച സമയമാണ്. ദുശ്ശകുനമുള്ളത് യഥാര്‍ഥത്തില്‍ ദൈവധിക്കാരത്തിലാണ്' (ലത്വാഇഫുല്‍ മആരിഫ്).
സ്വഫര്‍ മാസത്തിലെ അവസാനത്തെ ബുധനാഴ്ചയാണ് നബി(സ)ക്ക് രോഗം ബാധിച്ചത് എന്നതിനാല്‍ അന്നത്തെ ദിവസം മഹാ മോശമാണത്രെ. എങ്കില്‍ നബി (സ) വഫാത്തായ റബീഉല്‍ അവ്വല്‍ രണ്ടാം തിങ്കളാഴ്ച അതിനേക്കാള്‍ മോശമാകണ്ടേ? സ്വഫര്‍ മാസത്തിലെ അവസാന ബുധനാഴ്ച എന്തെങ്കിലും ആചാരങ്ങള്‍ നിര്‍ദേശിച്ചതായി ആധികാരികതയുള്ള ഒരു ഇമാമും പഠിപ്പിച്ചിട്ടില്ല. അവരൊന്നും പഠിപ്പിക്കാത്ത ദിക്‌റുകളും നമസ്‌കാരങ്ങളും പ്രചരിപ്പിക്കുന്നത് ശരിയല്ല. പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പണ്ഡിതന്മാര്‍ പഠിപ്പിച്ചതാണ് നാം കണക്കിലെടുക്കേണ്ടത്. പ്രമാണമില്ലാതെ ആരെങ്കിലും പറഞ്ഞത് എവിടെ നിന്നെങ്കിലും പെറുക്കിയെടുത്ത് പ്രചരിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ഒട്ടും ശരിയല്ല. അത് പരിശുദ്ധ ദീനുല്‍ ഇസ്‌ലാമിനെ വികലമാക്കലാണ്, അതിലില്ലാത്തത് കൂട്ടിച്ചേര്‍ക്കലാണ്, കുറ്റകരമാണ്.
എന്താണ് നഹ്‌സ്?
അതിന് വല്ല അടിസ്ഥാനവുമു@ോ?
'സഅ്ദ്' എന്നതിന്റെ എതിര്‍ശബ്ദമാണ് 'നഹ്സ്.' ബറകത്തുള്ളത്, ഗുണമുള്ളത് എന്നെല്ലാമാണ് സഅ്ദ് എന്നതുകൊണ്ടുള്ള വിവക്ഷ. ബറകത്തില്ലാത്തത്, ഗുണം പിടിക്കാത്തത് എന്നിങ്ങനെ നഹ്സ് എന്ന പദത്തെ പരിഭാഷപ്പെടുത്താം. എല്ലാ ദിവസവും സമയവും തുല്യമല്ലെന്നും ചില കാര്യങ്ങള്‍ക്ക് ചില സമയങ്ങള്‍ പ്രത്യേകം യോജിച്ചതാണെന്നും ചില കാര്യങ്ങള്‍ക്ക് ചില സമയങ്ങള്‍ യോജിച്ചതല്ലെന്നും ഇസ്ലാമിക അധ്യാപനങ്ങളില്‍നിന്ന് വ്യക്തമാവുന്നുണ്ട്. ഉദാഹരണമായി പ്രഭാതവേള എല്ലാ കാര്യങ്ങള്‍ക്കും വളരെ അനുഗൃഹീതമാണ്.
സഖറുല്‍ ഗാമിദി(റ)യില്‍നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു: 'അല്ലാഹുവേ, എന്റെ സമുഹത്തിന് അവര്‍ പുലര്‍കാലത്ത് ചെയ്യുന്ന കാര്യങ്ങളില്‍ അനുഗ്രഹം ചൊരിയേണമേ.' സഖ്‌റുല്‍ ഗാമിദി തുടരുന്നു: 'നബി ശത്രുക്കളെ നേരിടാനോ മറ്റോ വേണ്ടി ഒരു ചെറുസംഘത്തെയോ, അല്ലെങ്കില്‍ സൈന്യത്തെയോ നിയോഗിക്കുകയാണെങ്കില്‍ അതിരാവിലെത്തന്നെ നിയോഗിക്കുമായിരുന്നു.' സഖ്ര്‍ (റ) കച്ചവടക്കാരനായിരുന്നു. അദ്ദേഹം കച്ചവടച്ചരക്കുകളുമായി ആളുകളെ പറഞ്ഞയച്ചിരുന്നത് കാലത്തു തന്നെയായിരുന്നു. അങ്ങനെ അദ്ദേഹം ധനികനായിത്തീരുകയും, അദ്ദേഹത്തിന്റെ സമ്പത്ത് വര്‍ധിക്കുകയും ചെയ്തു (തിര്‍മിദി: 1256).
ചില പ്രത്യേക ദിവസങ്ങള്‍ 'നഹ്‌സു'ള്ള (അശുഭകരമായ) ദിവസങ്ങളാണെന്ന ഒരു വിശ്വാസം എങ്ങനെയോ പലരിലും കടന്നുകൂടിയിട്ടുണ്ട്. ആ ദിവസങ്ങള്‍ അപകടം പിടിച്ചവയാണെന്നും അതുകൊണ്ട് ആ ദിവസങ്ങളില്‍ യാത്ര, വിവാഹം പോലുള്ളതൊന്നും നിര്‍വഹിക്കുന്നത് നന്നല്ലെന്നുമാണ് അവരുടെ ധാരണ. ചില പഞ്ചാംഗങ്ങളില്‍ ആ ദിവസങ്ങള്‍ ഏതെല്ലാമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്യാറുണ്ട്. ഇസ്‌ലാമില്‍ ഇതിനൊന്നും യാതൊരു അടിസ്ഥാനവുമില്ല. ഒരു വ്യക്തിയെയോ, ഒരു സമൂഹത്തെയോ സംബന്ധിച്ചേടത്തോളം ഒരു ദിവസം പല അനിഷ്ട സംഭവങ്ങളും ഉണ്ടായെന്നുവരാം. അതേ ദിവസം തന്നെ മറ്റൊരു കൂട്ടര്‍ക്ക് വളരെ സന്തോഷകരമായ അനുഭവങ്ങളും ഉണ്ടായെന്നും വരും. ചില പ്രത്യേക ദിവസങ്ങളില്‍ എല്ലാവര്‍ക്കും പൊതുവില്‍ അനിഷ്ടസംഭവങ്ങള്‍/ആപത്തുകള്‍ സംഭവിക്കുകയില്ല. ഇനി ഏതെങ്കിലും ദിവസം ഒരു പൊതു ആപത്ത് സംഭവിച്ചുവെന്നു വെക്കുക. അത് ആ ദിവസം കാരണമായി സംഭവിക്കുന്നതല്ലല്ലോ. ശകുനം നോക്കല്‍, മുഹൂര്‍ത്തം നോക്കല്‍ മുതലായതെല്ലാം ഹദീസുകളില്‍ കര്‍ശനമായി നിരോധിച്ചിട്ടുള്ളതാണ്.
'നഹ്‌സ്' വിഷയകമായി ശാഫിഈ മദ്ഹബിന്റെ
നിലപാട് എന്താണ്?
ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതന്‍ ഇമാം ഇബ്നുഹജറുല്‍ ഹൈതമിയോട് നഹ്സിനെ പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: നഹ്‌സിനെപ്പറ്റി ചോദിക്കുന്നവരെ അവഗണിക്കുകയാണ് വേണ്ടത്. അവര്‍ ചെയ്യുന്നതിന്റെ പോഴത്തവും മോശത്തരവും വ്യക്തമാക്കിക്കൊടുത്തുകൊണ്ടാണ് അവര്‍ക്ക് മറുപടി പറയേണ്ടത്. അതൊക്കെ ജൂതന്മാരുടെ ഏര്‍പ്പാടാണെന്നും തങ്ങളുടെ സ്രഷ്ടാവും പടച്ചവനുമായ അല്ലാഹുവില്‍ തവക്കുലാക്കിയ മുസ്‌ലിംകളുടെ സ്വഭാവമല്ല അതെന്നും വ്യക്തമാക്കിക്കൊടുക്കണം. മന്‍ഖൂത്വത്ത് (വരയും കുറിയും) എന്ന പേരില്‍ അറിയപ്പെടുന്ന ചില ദിവസങ്ങളും മറ്റും അലി(റ)യില്‍നിന്ന് ഉദ്ധരിക്കപ്പെടുന്നത് ബാത്വിലും കള്ളവും അടിസ്ഥാനരഹിതവുമാണ്. അതിനാല്‍ അത് സംബന്ധമായി ജാഗ്രത പുലര്‍ത്തുക' (അല്‍ ഫതാവല്‍ ഹദീസിയ്യ: 23).
രാശി നോക്കി ശുഭാശുഭ ദിനങ്ങളെ നിര്‍ണയിക്കുന്നവരില്‍ അധികവും ഈ വിശ്വാസക്കാരാണ്. ഈ നിലക്ക് നഹ്സ് ആചരിക്കുന്നവരെക്കുറിച്ചാണ് അത് ജൂതരുടെ പ്രവൃത്തിയാണെന്ന് ഇമാം ഇബ്നു ഹജര്‍ പറഞ്ഞത്.
ഏതു തരത്തിലുള്ള ദുശ്ശകുനം നോക്കലും ഇതില്‍പെടുന്നതാണ്. കറുത്ത പൂച്ച മുന്നിലൂടെ ഓടുന്നതും, പ്രഭാതത്തില്‍ കാലിക്കൊട്ടയോ കാലിച്ചാക്കോ കാണുന്നതും, ചീവീട് കരയുന്നതും അശുഭമാണെന്ന് കരുതുന്നതും രാവിലെ കടയില്‍വന്ന് ആരെങ്കിലും കടം വാങ്ങിയാല്‍ ആ ദിവസം മുഴുവനും കടം തന്നെയായിരിക്കുമെന്നും യാത്രയില്‍ ഒരാള്‍ വാഹനത്തില്‍നിന്ന് ഇടക്കു വെച്ച് ഇറങ്ങിയാല്‍ അത് ദുശ്ശകുനമാണെന്ന് വിശ്വസിക്കുന്നതുമെല്ലാം ഈ ഇനത്തില്‍ പെടുന്നു.
Comments