റാബിഅ സയ്ഫി, നീതി കിട്ടും വരെ പോരാട്ടം
ഇനിയുള്ള കാലം അഫ്ഗാനിസ്താനിലെ സ്ത്രീകള്‍ക്ക് എന്ത് സംഭവിക്കും എന്ന ഉത്കണ്ഠ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും നിരന്തരം പങ്കുവെക്കുന്നതില്‍ ഒട്ടും അസ്വാഭാവികതയില്ല. താലിബാന്‍ ഭരണത്തിന്റെ ഒന്നാം ഊഴത്തില്‍ സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വന്ന യാതനകള്‍ വെച്ചായിരിക്കും അവര്‍ താലിബാന്റെ രണ്ടാം ഊഴത്തെയും അളക്കുക. അയല്‍നാടുകളിലെ സ്ത്രീകള്‍ക്ക് എന്തു സംഭവിക്കുന്നു എന്നതിനേക്കാളേറെ നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്ക് എന്ത് സംഭവിക്കുന്നുവെന്ന കാര്യത്തിലല്ലേ മീഡിയക്ക് കൂടുതല്‍ ജാഗ്രതയും വെപ്രാളവും വേണ്ടത്? രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍, അധികാരികളുടെ കണ്‍മുന്നില്‍ റാബിഅ സയ്ഫി എന്ന ഇരുപത്തിയൊന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയാവുകയും കൊല്ലപ്പെടുകയും മൃതദേഹം അതിബീഭത്സമായ രീതിയില്‍ വികൃതമാക്കപ്പെടുകയും ചെയ്തിട്ടും അഫ്ഗാന്‍ സ്ത്രീകളെ പ്രതി കരഞ്ഞുകൊണ്ടേയിരിക്കുന്ന നമ്മുടെ മുഖ്യധാരാ മീഡിയ ആ വാര്‍ത്ത പോലും കൊടുത്തില്ല. സോഷ്യല്‍ മീഡിയയില്‍ മാത്രമാണ് ഇപ്പോഴും അതു സംബന്ധമായ വാര്‍ത്തകളും വിശകലനങ്ങളും വരുന്നത്. നിര്‍ഭയ കേസ് നമ്മുടെ മുന്നിലുണ്ട്. ഒമ്പത് വര്‍ഷം മുമ്പ് ജ്യോതി സിംഗ് എന്ന ഇരുപത്തിയൊന്നുകാരി അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്തപ്പോള്‍ രാജ്യത്തെ അത് അക്ഷരാര്‍ഥത്തില്‍ പിടിച്ചുകുലുക്കി. മീഡിയ അതിന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചു. സ്ത്രീ സുരക്ഷക്കു വേണ്ടി പുതിയ നിയമങ്ങള്‍ വരെ ഭരണകൂടം കൊണ്ടുവന്നു. നിര്‍ഭയ സംഭവത്തേക്കാള്‍ ബീഭത്സമാണ് റാബിഅ സംഭവം. റാബിഅയുടെ ഒരു ബന്ധു വെളിപ്പെടുത്തിയതു പ്രകാരം, കത്തികൊണ്ട് കുത്തിക്കീറിയതിന്റെ അമ്പതോളം മുറിവുകളുണ്ടത്രെ മൃതശരീരത്തില്‍. തല ഏറക്കുറെ അറുത്തെടുത്ത നിലയിലാണ്. സ്തനങ്ങള്‍ മുറിച്ചു മാറ്റിയിരിക്കുന്നു. വായും കൈപ്പത്തികളും ഗുഹ്യാവയവങ്ങളും കുത്തിക്കീറിയിരിക്കുന്നു. ഇതു സംബന്ധമായി കൂടുതലറിയാന്‍ ഇന്റര്‍നെറ്റ് പരതിയാല്‍ മുഖ്യധാരാ മാധ്യമങ്ങളെയൊന്നും നിങ്ങള്‍ കാണുകയില്ല. ചാനലുകളില്‍ ഒരു അന്തിച്ചര്‍ച്ചയും നടക്കുന്നില്ല. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇതു സംബന്ധമായി ഒരക്ഷരം ഇതുവരെ ഉരിയാടിയിട്ടില്ല.
ദല്‍ഹിയിലെ ലജ്പത് നഗര്‍ ഡി.എമ്മില്‍ (ഡിസ്ട്രിക് മജിസ്‌ട്രേറ്റ് ) ഡിഫന്‍സ് ഓഫീസറാണ് കൂട്ടബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത റാബിഅ സയ്ഫി. കേസ് ഒതുക്കാനും വഴിതിരിച്ചുവിടാനുമുള്ള രഹസ്യ നീക്കങ്ങളാണ് ആ സ്ഥാപനം നടത്തുന്നത് എന്നാണ് ബന്ധുക്കളും സാമൂഹിക പ്രവര്‍ത്തകരും ആരോപിക്കുന്നത്. റാബിഅയുടെ ഭര്‍ത്താവാണെന്ന പേരില്‍ നിസാമുദ്ദീന്‍ എന്നൊരാളെ പോലീസ് എഴുന്നള്ളിച്ചു കൊണ്ടുവരുന്നുണ്ട്. താനാണ് കൊലപാതകം നടത്തിയത് എന്ന് അയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ടത്രെ. ഇങ്ങനെയൊരു വിവാഹം നടന്നതായി ബന്ധുക്കള്‍ക്കു പോലും അറിയില്ല! ആരെയൊക്കെയോ സംരക്ഷിക്കാനാണ് റാബിഅ ജോലി ചെയ്ത സ്ഥാപനവും അധികാരികളും ശ്രമിക്കുന്നതെന്ന് വ്യക്തം. അത്തരം കള്ളക്കളികള്‍ തുറന്നു കാണിക്കേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കുണ്ട്. പക്ഷേ ആ വാര്‍ത്ത തന്നെ തമസ്‌കരിച്ചുകൊണ്ട് ഈ കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും കാരണക്കാരായവരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യധാരാ മാധ്യമങ്ങളുടേതെന്ന് പറയേണ്ടി വന്നിരിക്കുന്നു. നടുക്കമുളവാക്കുന്നതാണ് മീഡിയയുടെ ഈ മൗനം.
നിര്‍ഭയ കേസിനു ശേഷം കര്‍ക്കശമായ സ്ത്രീ സുരക്ഷാ നിയമങ്ങള്‍ കൊണ്ടുവന്നെങ്കിലും സ്ത്രീകള്‍ക്കെതിരിലുള്ള അതിക്രമങ്ങളില്‍ നടപടിയെടുക്കുന്നതില്‍ ഭരണകൂടങ്ങള്‍ക്ക് ഒട്ടും ശുഷ്‌കാന്തിയുണ്ടായിരുന്നില്ല. ഒരു എട്ടു വയസ്സുകാരി കശ്മീരില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടപ്പോള്‍ ആ നീചകൃത്യം ചെയ്തവര്‍ക്കു വേണ്ടി കുഴലൂതാനും റാലികള്‍ നടത്താനും ഇവിടെ ആളുകളുണ്ടായി. തുടര്‍ന്ന് നിരവധി ദലിത് പെണ്‍കുട്ടികള്‍ക്കും ഇതേ ദുര്യോഗമുണ്ടായി. അപ്പോഴും മീഡിയയില്‍ കാര്യമായ ഒച്ചപ്പാടും ബഹളവുമൊന്നുമുണ്ടായില്ല. പക്ഷേ അപ്രധാനമായിട്ടെങ്കിലും അവ വാര്‍ത്ത നല്‍കിയിരുന്നു. പക്ഷേ ഇപ്പോള്‍ ഇത്തരം ബീഭത്സ സംഭവങ്ങളുടെ വാര്‍ത്ത തന്നെ നല്‍കേണ്ടതില്ല എന്ന തീര്‍പ്പിലെത്തിയിരിക്കുകയാണ് മീഡിയ. സെലക്ടീവായി പ്രതികരിച്ചാല്‍ മതി എന്നാണവരുടെ തീരുമാനമെങ്കില്‍ വളരെ ആപല്‍ക്കരമാണത്. പ്രമുഖ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റാ സെറ്റല്‍വാദ് ഈയിടെ ഒരു വെബിനാറില്‍ ചൂണ്ടിക്കാട്ടിയതു പോലെ, ഇന്ത്യയിലെ സ്ത്രീകള്‍ മൊത്തത്തില്‍ ധാരാളം ദുരിതങ്ങളിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ഒരു വിഭാഗം സ്ത്രീകള്‍ പ്രത്യേകം ടാര്‍ഗറ്റ് ചെയ്യപ്പെടുന്നുണ്ട്. 'സുള്ളി ഡീലുകള്‍' ആണ് അതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മീഡിയക്ക് അതൊരു വിഷയമേ ആയിരുന്നില്ലല്ലോ. മീഡിയ മനപ്പൂര്‍വം സൃഷ്ടിക്കുന്ന ഈ സംഘവിസ്മൃതിക്കെതിരെ മനുഷ്യാവകാശ കൂട്ടായ്മകളും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളും ജാഗ്രതയോടെ രംഗത്തിറങ്ങേണ്ടിയിരിക്കുന്നു.
Comments