Prabodhanm Weekly

Pages

Search

2021 സെപ്റ്റംബര്‍ 17

3218

1443 സഫര്‍ 10

സമസ്ത കാമ്പയിന്‍ ഒരു തുടക്കമാവട്ടെ

കെ.സി ജലീല്‍, പുളിക്കല്‍

നിരീശ്വരത്വം, മതരാഹിത്യം, യുക്തിവാദം, കമ്യൂണിസം തുടങ്ങിയവ ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണെന്നും മുസ്‌ലിംകള്‍ ഇത്തരം അപകടങ്ങളെപ്പറ്റി ബോധവാന്മാരാകണമെന്നും സമുദായാംഗങ്ങള്‍ ഇത്തരം വിപത്തുകളിലകപ്പെട്ടുപോകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും സമുദായത്തെ ഉദ്‌ബോധിപ്പിക്കാനും ബോധവത്കരിക്കാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സുന്നി മഹല്ല് ഫെഡറേഷന്റെ കീഴില്‍ മൂന്ന് മാസത്തെ കാമ്പയിന്‍ നടത്തുകയാണല്ലോ. എന്നാല്‍ ഇത് മുസ്‌ലിം ലീഗിനു വേണ്ടി സമസ്ത നടത്തുന്ന രാഷ്ട്രീയ കാമ്പയിനാണെന്നാണ് ചിലരുടെ ആരോപണം. സമസ്ത മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ ഉപഗ്രഹമാണെന്നാണവരുടെ വാദം. സമസ്തയുടെ അനുയായികളില്‍ ബഹുഭൂരിഭാഗവും ലീഗനുഭാവികളോ പ്രവര്‍ത്തകരോ ആണെന്നത് ശരിതന്നെ. എന്നാല്‍ ഇക്കാരണത്താല്‍ സമസ്തയെ മുസ്‌ലിം ലീഗിന്റെ ഉപഗ്രഹമായി കാണാന്‍ കഴിയില്ല. സ്വന്തമായ നിലപാടും ദിനപത്രവുമെല്ലാമുണ്ട് ഇന്നവര്‍ക്ക്. രാഷ്ട്രീയ കാര്യങ്ങളിലും മറ്റും വിവേചനബുദ്ധിയോടെ പ്രതികരിക്കാന്‍ കഴിവുള്ള പക്വതയുള്ള നേതൃത്വവും സമസ്തക്കുണ്ട്. ലീഗുകാരല്ലാത്തവരും സമസ്തയിലുണ്ട്. ഇസ്‌ലാമിനും വിശുദ്ധ ഖുര്‍ആനിനും പ്രവാചകനുമെതിരെ യുക്തിവാദികളും നിരീശ്വര-നിര്‍മതവാദികളും കടന്നാക്രമണം നടത്തുകയും നിര്‍മത ഭൗതിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വ്യക്തികളെ ആദര്‍ശശൂന്യരാക്കി വശത്താക്കാന്‍ ആസൂത്രിത നീക്കം നടത്തുകയും ചെയ്യുന്ന ഈ ഘട്ടത്തില്‍, കേരളത്തിലെ ഏറ്റവും വലിയ മുസ്‌ലിം സംഘടനയായ സമസ്ത പ്രസ്തുത വിഷയത്തില്‍ സമുദായത്തെ ബോധവത്കരിക്കാന്‍ കാമ്പയിന്‍ നടത്തുന്നതിനെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യമായി കാണുന്നതിലാണ് സങ്കുചിതത്വമുള്ളത്.
നിരീശ്വര-നിര്‍മത ഭൗതിക പ്രസ്ഥാനങ്ങളില്‍ മുസ്‌ലിം സമുദായാംഗങ്ങള്‍ പെട്ടുപോകുന്നതിന്റെ കാരണങ്ങള്‍ മനസ്സിലാക്കി യഥാര്‍ഥ പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. ഭൗതിക ദര്‍ശനങ്ങളെ നേരിടാനുള്ള വൈജ്ഞാനിക പിന്‍ബലം നമ്മുടെ മദ്‌റസകളില്‍നിന്നും മറ്റു ഇസ്‌ലാമിക സ്ഥാപനങ്ങളില്‍നിന്നും പുതുതലമുറകള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന കാര്യവും കൂട്ടത്തില്‍ ചര്‍ച്ച ചെയ്യണം. മലയാളി മുസ്‌ലിംകളുടെ ഏറ്റവും വലിയ ബഹുജന സംഘടനയായ സമസ്ത തന്നെയാണ് ഇതിനെക്കുറിച്ച് കാര്യമായും പഠിക്കേണ്ടത്. ലഹരി വസ്തുക്കള്‍ക്ക് അടിപ്പെടുന്നവരും ഇവയുടെ വിതരണക്കാരും മാഫിയാ സംഘങ്ങളും, അനുബന്ധ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരും സമൂഹത്തില്‍ വളരുകയാണ്. കുലീന കുടുംബങ്ങളിലെ യുവതീയുവാക്കള്‍ വരെ തങ്ങളുടെ ആദര്‍ശവും സംസ്‌കാരവും വിസ്മരിച്ച് വേലിചാടുകയാണ്. തലമുറകളെ വളര്‍ത്തിയെടുക്കാനുതകുന്ന വിദ്യാഭ്യാസം രക്ഷിതാക്കള്‍ക്ക് നല്‍കിയിട്ടുണ്ടോ? സമസ്തയും മറ്റുള്ളവരും ഇതെല്ലാം പഠിച്ചു പരിഹാരം കാണണം.
വിപുലമായ പദ്ധതികളാവിഷ്‌കരിച്ച് ബഹുജന വിദ്യാഭ്യാസത്തിനും ബോധവല്‍ക്കരണത്തിനും കുടുംബ സംസ്‌കരണത്തിനുമൊക്കെയുള്ള തുടക്കമാകട്ടെ  ഈ ത്രൈമാസ കാമ്പയിന്‍ എന്നാശംസിക്കുന്നു.  


മാപ്പിള കലാ അക്കാദമി പുരസ്‌കാരം

സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി പുരസ്‌കാരത്തിനുള്ള പുസ്തകങ്ങള്‍ ക്ഷണിച്ചു. 2020 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മാപ്പിളപ്പാട്ട്, മാപ്പിള സാഹിത്യം, മാപ്പിള കലകള്‍ എന്നിവയെ സംബന്ധിച്ച കൃതികളാണ് സമര്‍പ്പിക്കേണ്ടത്.
ഗ്രന്ഥകര്‍ത്താക്കള്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ പ്രസാധകര്‍ക്കോ പുരസ്‌കാരത്തിനായി പുസ്തകങ്ങള്‍ അയക്കാം. മൂന്നു കോപ്പികള്‍ അയക്കണം. അവസാന തീയതി ഒക്‌ടോബര്‍ 15. വിലാസം: സെക്രട്ടറി, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി പി.ഒ, മലപ്പുറം ജില്ല- 673638. ഫോണ്‍ 0483-2711432.
അവാര്‍ഡ് തുകയും സാക്ഷ്യപത്രവും കീര്‍ത്തിമുദ്രയും അടങ്ങുന്ന പുരസ്‌കാരം 2021-ലെ വൈദ്യര്‍ മഹോത്സവത്തില്‍ സമ്മാനിക്കും. 
റസാഖ് പയമ്പ്രോട്ട്, സെക്രട്ടറി, മാപ്പിളകലാ അക്കാദമി
 

'ജീവിത'ത്തെപ്പറ്റി

റംലാ അബ്ദുല്‍ ഖാദര്‍, കരുവമ്പൊയില്‍


ഈയിടെയായി പ്രബോധനം വാരിക കൈയില്‍ കിട്ടുമ്പോള്‍തന്നെ വായിക്കുന്ന ഒന്നാണ് ടി.കെ ഹുസൈന്‍ എഴുതുന്ന അനുഭവക്കുറിപ്പുകള്‍. 'വിശുദ്ധ ഭൂമിയിലേക്കുള്ള തീര്‍ഥാടനങ്ങള്‍' എന്ന ഭാഗം അത്യന്തം ഉദ്വേഗത്തോടെയാണ് വായിച്ചുതീര്‍ത്തത്. 1997-ലെ മിനാ തീപ്പിടിത്തത്തില്‍നിന്ന് ഗ്രൂപ്പ് അംഗങ്ങള്‍ അത്ഭുതകരമായി രക്ഷപ്പെട്ടത് ഉള്‍ക്കിടിലത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ. അതേവര്‍ഷം എന്റെ ഭര്‍ത്താവ് കെ. അബ്ദുല്‍ ഖാദര്‍ ഗവണ്‍മെന്റ് ഗ്രൂപ്പില്‍ ഹജ്ജ് യാത്രയില്‍ ഉണ്ടായിരുന്നു. താമസസ്ഥലത്തുള്ള ടെന്റിന് തന്നെ തീപിടിച്ചപ്പോള്‍ കൈയില്‍ കിട്ടിയതുമെടുത്ത് കിലോമീറ്ററുകളോളം റോഡിലൂടെ നടന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നീട് അറഫാ സംഗമം കഴിഞ്ഞ ശേഷമാണ് കൂടെയുള്ളവരെ കാണാന്‍ കഴിഞ്ഞത്. ആരിഫലി സാഹിബിന്റെയും ഹുസൈന്‍ സാഹിബിന്റെയും നേതൃത്വത്തില്‍ 2000-ാമാണ്ടിലെ ഹജ്ജില്‍ പങ്കെടുക്കാന്‍ എനിക്കും ഭാഗ്യം ലഭിച്ചു. സ്തുത്യര്‍ഹമായ സേവനം ചെയ്തിരുന്ന നേതൃത്വത്തെയും വളന്റിയര്‍മാരെയും ഇപ്പോഴും ഓര്‍ക്കുന്നു. അന്ന് ക്ലാസ്സുകള്‍ എടുത്തിരുന്ന റഹീം പാലാറയെ പരാമര്‍ശിച്ചുകണ്ടില്ല. വളന്റിയര്‍മാരായി സേവനം ചെയ്തിരുന്ന ഓമശ്ശേരി സുബൈര്‍ മാസ്റ്റര്‍, കൊടുവള്ളി പി.സി മുനീര്‍ എന്നിവരെയും സ്മരിക്കാന്‍ ഈ അവസരം വിനിയോഗിക്കട്ടെ. അതുപോലെ ഡോക്ടര്‍മാരായ അബ്ദുല്ല മണിമ, അബ്ദുല്ല വയനാട് എന്നിവരെയും വിസ്മരിക്കാന്‍ പറ്റില്ല.


സോളിഡാരിറ്റി 
വെട്ടിയ പുതുവഴികള്‍

കെ. മുസ്തഫാ കമാല്‍, മുന്നിയൂര്‍

'ആത്മാഭിമാനത്തോടെ  യുവാക്കള്‍ക്കൊപ്പം  പോരാട്ട വീഥിയിലുണ്ടാകും,' എന്ന തലക്കെട്ടില്‍   നഹാസ് മാളയുടെ അഭിമുഖം (ലക്കം 3210) വായിച്ചു. ഇസ്‌ലാമിക ഭൂമികയില്‍നിന്ന് രാഷ്ട്രീയ സമരങ്ങളെ  എങ്ങനെ വളര്‍ത്തിക്കൊണ്ടുവരാം എന്നതിന്റെ ഉദാഹരണം കൂടിയാണ് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്്. മനുഷ്യന്റെ ജീവല്‍ പ്രശ്‌നങ്ങള്‍ക്കു മേല്‍ അധികാരിവര്‍ഗങ്ങള്‍ വരിഞ്ഞുമുറുക്കുന്ന ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയാന്‍  ദൈവനിരാസത്തിലൂന്നിയ പ്രസ്ഥാനങ്ങളിലൂടെ മാത്രം ശ്രമം നടത്തുന്നവരെ കണ്ടു ശീലിച്ച ഇരകള്‍ക്കും വേട്ടക്കാര്‍ക്കും മുമ്പില്‍ ഇസ്‌ലാമിന്റെ മൂല്യങ്ങളില്‍ ഊന്നിയ പോരാട്ടമുഖങ്ങളുടെ പുത്തന്‍  അധ്യയങ്ങള്‍ തുന്നിച്ചേര്‍ത്ത  മുന്നേറ്റമാണ് സോളിഡാരിറ്റി.
പാരമ്പര്യ 'മത', 'മതേതര' വൃത്തങ്ങള്‍ ആദ്യം അന്ധാളിച്ചെങ്കിലും, സമരത്തോട് ഇരകള്‍ വല്ലാതെ  ഐക്യപ്പെടുന്നത് കണ്ടപ്പോള്‍ തികഞ്ഞ അസഹിഷ്ണുതയാണ് അവര്‍ പ്രകടിപ്പിച്ചത്. നേരെത്തേതന്നെ മതസാമൂഹികതയെ  ഉള്‍ക്കൊള്ളാന്‍ ശീലിക്കാത്ത  നല്ലൊരു വിഭാഗം പൊതു സമൂഹവും അല്‍പം ഭയപ്പാടോടെയാണ് സോളിഡാരിറ്റിയുടെ പ്രവര്‍ത്തനങ്ങളെയും സമരങ്ങളെയും തുടക്കത്തില്‍ നോക്കിക്കണ്ടത്. സാമൂഹികതയെ ഉള്‍ക്കൊള്ളാത്ത മതവിഭാഗങ്ങളുടെ ആശങ്ക  ഇല്ലാതാകുന്നതും മെല്ലെമെല്ലെ അവരും അവരുടേതായ പരിമിതിയില്‍ നിന്നു കൊണ്ട്  പൊതുയിടങ്ങളില്‍  സാന്നിധ്യമറിയിക്കുന്നതുമാണ് പിന്നീട് കണ്ടത്.
സോളിഡാരിറ്റിയുടെ ഈ സമരമുഖങ്ങള്‍ക്ക് പതിനേഴാണ്ട് മാത്രമല്ല പ്രായം. അതിനു  മുമ്പേ  എസ്.ഐ.ഒ എന്ന യുവജന-വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ  നാള്‍വഴികളും സമര അധ്യയങ്ങളും ഇതില്‍ കണ്ണിചേര്‍ക്കേണ്ടതുണ്ട്. 1982  ഒക്‌ടോബര്‍ 9-ന്  അഖിലേന്ത്യാ തലത്തില്‍ രൂപംകൊണ്ട എസ്.ഐ.ഒ തീര്‍ത്ത സമര മുഖങ്ങളും ശ്രദ്ധേയമാണ്. കേരളത്തില്‍  ആണവ നിലയം സ്ഥാപിക്കാന്‍  1991-ലെ ഇടതു സര്‍ക്കാര്‍ നീക്കം തുടങ്ങിയപ്പോള്‍ അതിനെ ചെറുത്തു തോല്‍പിച്ചതില്‍ എസ്.ഐ.ഒവിനുള്ള പങ്ക്  അനിഷേധ്യമാണ്.
വികസ്വരമായ ഒരു സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥയില്‍  സമരങ്ങള്‍  മാത്രം  പരിഹരമാവില്ല. സമരത്തോടൊപ്പം  ജനപക്ഷ വികസന നയങ്ങളും മുന്നോട്ടുവെക്കേണ്ടതുണ്ട്.  അവിടെ നിന്നാണ്  വിദ്യാര്‍ഥി-യുവജന  കൂട്ടായ്മയില്‍നിന്ന്  യുവാക്കള്‍ക്ക് മാത്രമായി സോളിഡാരിറ്റിയുടെ രംഗപ്രവേശം. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളുടെ  ഇംഗിതത്തിന് അനുസൃതമായി കുഞ്ചിരാമക്കളി ശീലിച്ച  അവരുടെ  യുവജന പ്രസ്ഥാനങ്ങള്‍ക്കു മുന്നില്‍ സോളിഡാരിറ്റി വെട്ടിത്തെളിച്ച പുതിയ സമര-സേവന പ്രവര്‍ത്തനങ്ങള്‍ ഇന്നും ഉജ്ജ്വല മാതൃകയായി നിലകൊള്ളുന്നത് പ്രത്യേക പഠനം തന്നെ ആവശ്യപ്പെടുന്നുണ്ട്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 10-15
ടി.കെ ഉബൈദ്‌

ഹദീസ്‌

രോഗാദി ദുരിതങ്ങളില്‍നിന്ന് പാഠം പഠിക്കാത്തവര്‍
അബ്ദുല്ലത്വീഫ് കൊടുവള്ളി