Prabodhanm Weekly

Pages

Search

2021 സെപ്റ്റംബര്‍ 17

3218

1443 സഫര്‍ 10

ആ ഉമ്മയും പോയി

ജി.കെ എടത്തനാട്ടുകര

2021 ആഗസ്റ്റ് 9-ന് ഭാര്യയുടെ ഉമ്മ (ഫാത്വിമക്കുട്ടി) അല്ലാഹുവിങ്കലേക്ക് യാത്രയായി. മധുരവും കയ്പ്പും നിറഞ്ഞ ഒരുപാട് അനുഭവങ്ങളുമായി, ഒരുപക്ഷേ ഒരു പെണ്‍ജീവിതത്തില്‍ നിര്‍വഹിക്കാവുന്നതിലപ്പുറം കാര്യങ്ങള്‍ നിര്‍വഹിച്ചുകൊണ്ടാണ് ഉമ്മ വിടപറഞ്ഞത്.
ഒരു പെണ്ണും അഞ്ച് ആണുങ്ങളുമായി ആറ് മക്കളുടെ മാതാവായിരുന്നു അവര്‍. മൂത്ത മകളാണ് ഫസീല. ആണ്‍മക്കളായ മുഹമ്മദ് ശബീര്‍, ഇഖ്ബാല്‍, ശംസുദ്ദീന്‍ എന്നിവര്‍ വിദേശത്താണ്. മുഹ്‌സിന്‍, ഡോ. ലുഖ്മാനുല്‍ ഹകീം എന്നിവരാണ് നാട്ടിലുള്ളത്. ജഫ്‌ല ഹമീദുദ്ദീന്‍, ഫൗസിയ, സൗദാബി, ശഹീദ, ഡോ. ലുബ്‌ന എന്നിവര്‍ മരുമക്കളാണ്. റുഖിയ (ഫാറൂഖ് കോളേജ്) അനിയത്തിയാണ്.    
ഉമ്മ സജീവ ഇസ്‌ലാമിക പ്രവര്‍ത്തകയായിരുന്നു. വേറെ സാധ്യതകളുണ്ടായിട്ടും, എന്നെപ്പോലുള്ള ഒരാളെക്കൊണ്ട് ഏക മകളെ വിവാഹം കഴിപ്പിച്ചതില്‍നിന്ന് അവരുടെ 'സ്പിരിറ്റ് ' വായിച്ചെടുക്കാനാവും. കൊണ്ടോട്ടിയിലും പരിസരങ്ങളിലും ഓടിനടന്ന് ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ഒരു കാലം അവര്‍ക്കുണ്ടായിരുന്നു. സ്ത്രീകളെ വിളിച്ചുചേര്‍ത്ത് ദീനീ ക്ലാസ്സുകള്‍ സംഘടിപ്പിക്കല്‍ ഉമ്മക്ക്  ഹരമായിരുന്നു.
നീറാട് വലിയപറമ്പ് റോഡ് ഭാഗത്ത് താമസിക്കുന്ന  കാലത്ത്, ഒരു ഓണത്തോടനുബന്ധിച്ചോ മറ്റോ പരിസര പ്രദേശങ്ങളിലുള്ള സ്ത്രീകളെ വീട്ടില്‍ വിളിച്ചുചേര്‍ത്ത് പരിപാടി നടത്തിയത് ഇന്നും ഓര്‍ക്കുന്നു. അയല്‍വാസികള്‍ക്ക് ദീനിന്റെ സന്ദേശമെത്തിച്ചില്ലെങ്കില്‍ അല്ലാഹുവിന്റെ മുന്നില്‍ കുറ്റക്കാരിയാവുകയില്ലേ എന്ന തോന്നല്‍ അതിനൊരു കാരണമായിരുന്നു. എന്റെ അമ്മക്ക് ശഹാദത്ത് കലിമ ചൊല്ലിക്കൊടുക്കുമ്പോള്‍ ഉമ്മയുടെ സാന്നിധ്യമുണ്ടായിരുന്നു. ജ്യേഷ്ഠന്‍ ഖുര്‍ആന്‍ പഠിക്കാന്‍ സന്നദ്ധമായ സാഹചര്യത്തില്‍ തഫ്ഹീമുല്‍ ഖുര്‍ആനിന്റെ ആറാം വാള്യം എടത്തനാട്ടുകരയില്‍ പോയി ജ്യേഷ്ഠനു നല്‍കിയത് ഉമ്മയും ഭാര്യയുമാണ്.
ഇസ്‌ലാമിക പ്രസ്ഥാന നേതാക്കളുമായുള്ള ബന്ധം നിലനിര്‍ത്താനും ഉമ്മ ശ്രദ്ധിച്ചിരുന്നു. പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബും അബ്ദുല്‍ അഹദ് തങ്ങളുമായിരുന്നു ഉമ്മയുടെ മാതൃകാ നേതാക്കള്‍. അവരെപ്പറ്റി പലപ്പോഴും പറയാറുണ്ട്. സിദ്ദീഖ് ഹസന്‍ സാഹിബ് കേരള ഹല്‍ഖാ അമീര്‍ എന്ന നിലക്കുള്ള തിരക്കുകള്‍ക്കിടയിലും ഉമ്മയുടെ ക്ഷണം സ്വീകരിച്ച് പല തവണ വീട്ടില്‍ വന്നിട്ടുണ്ട്. മൂത്ത മകന്‍ മുഹമ്മദ് ശബീര്‍, അബ്ദുല്‍ അഹദ് തങ്ങളുടെ പേരക്കുട്ടിയെ വിവാഹം കഴിച്ചതോടെ തങ്ങളുമായി കുടുംബ ബന്ധം സ്ഥാപിതമായി.
മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ ഉമ്മ അസാധാരണമായ ശ്രദ്ധയാണ് പുലര്‍ത്തിയത്. ഒരുപാട് പ്രയാസങ്ങള്‍ക്കിടയിലും ഇസ്‌ലാമിക സ്ഥാപനങ്ങളില്‍ മക്കളെ പഠിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഉമ്മയുടെ ഉപ്പയില്‍നിന്നുണ്ടായ പ്രചോദനം ഇതിലെല്ലാം കാണാം. ഉമ്മയുടെ ഉപ്പ സജീവ ഇസ്‌ലാമിക പ്രവര്‍ത്തകനായിരുന്നു. മൗലാനാ മൗദൂദി സാഹിബിനെ നേരിട്ട് കണ്ടത് അഭിമാനത്തോടെ പറയുന്ന, ഇസ്‌ലാമിക പ്രസ്ഥാന മാര്‍ഗത്തില്‍ ജീവിതം സമര്‍പിച്ച അദ്ദേഹത്തിന്റെ സ്വാധീനം ഉമ്മയിലും കുടുംബത്തിലും ഉണ്ടായിരുന്നു. 
ഉപ്പ (കളത്തിങ്ങല്‍ മുഹമ്മദലി) കുറേക്കാലം ഗള്‍ഫിലായിരുന്നതിനാല്‍ മക്കളുടെ എല്ലാ കാര്യങ്ങളും ഉമ്മക്ക് ശ്രദ്ധിക്കേണ്ടിവന്നു. ഉപ്പയുടെ അസാന്നിധ്യം കാരണം, ആറു മക്കളെയും പോറ്റിവളര്‍ത്തുന്നതിനിടയില്‍ ഉമ്മക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. 
പാവപ്പെട്ട പലരെയും ആരുമറിയാതെ ഉമ്മ സഹായിച്ചിരുന്നു. കുറേ കഷ്ടപ്പെട്ടതുകൊണ്ടായിരിക്കാം കഷ്ടപ്പെടുന്നവരിലേക്ക്, ആരുമറിയാതെ, ഉമ്മ ഒരു കൈ നീട്ടിപ്പിടിച്ചത്.
രോഗിയായി കിടന്ന് മറ്റുള്ളവരുടെ പരിചരണം ഉമ്മ ആഗ്രഹിച്ചിരുന്നില്ല. മറ്റുള്ളവര്‍ക്ക് രോഗം വരുമ്പോള്‍ പരിചരിക്കാനായിരുന്നു ഉമ്മക്കിഷ്ടം. അതുകൊണ്ടുതന്നെയാവാം അസുഖക്കാരിയാക്കി കൂടുതല്‍ കിടത്താതെ, 66-ാം വയസ്സില്‍ തന്നെ കാരുണ്യവാനായ നാഥന്‍ ഉമ്മയെ കൂട്ടിക്കൊണ്ടുപോയത്. മറ്റുള്ളവര്‍ക്കു വേണ്ടി ഒരുപാട് കഷ്ടപ്പെട്ട ഉമ്മ, ആരെയും കഷ്ടപ്പെടുത്താതെയാണ്  പോയത്.
      

എ.എം നസീം ഉസ്മാന്‍ ആലുവ

പ്രകൃതിസ്‌നേഹിയും സാഹിത്യകാരനും കൂടിയായ  എടവനക്കാട് കിഴക്കേ വീട്ടില്‍ ഡോ. കെ.കെ  ഉസ്മാന്റെ പത്‌നി എ.എം നസീം ഉസ്മാന്‍ കഴിഞ്ഞ ആഗസ്റ്റ് 24-ന്  അല്ലാഹുവിലേക്ക് യാത്രയായി. ഏതാï് ഇരുപത് വര്‍ഷക്കാലത്തോളം അമേരിക്കയില്‍ ഡോക്ടറായി സേവനം ചെയ്ത ശേഷം 1983-ല്‍ തിരിച്ചെത്തിയ ഉസ്മാന്‍ ആലുവയില്‍  സ്വന്തമായി ക്ലിനിക്ക് നടത്തിവരികയാണ്. അന്നുമുതല്‍ സാമൂഹിക-സമുദായിക-സാംസ്‌കാരിക മേഖലകളില്‍  ഡോക്ടറും പത്‌നിയും തങ്ങളുടേതായ സേവനങ്ങള്‍ ചെയ്തുകൊïിരുന്നു. 1994-ല്‍ ആലുവ ഫ്രൈഡേ ക്ലബ് മുന്‍കൈയെടുത്ത് ആലുവ മുസ്‌ലിം വിമന്‍സ് അസോസിയേഷന്‍ രൂപീകരിച്ചതു മുതല്‍ മരണം വരെ നസീം ഉസ്മാന്‍ ആയിരുന്നു അതിന്റെ ഖജാഞ്ചി. സ്ത്രീകള്‍ക്കു വേïി ഇതിന്റെ കീഴില്‍  പൊതുയോഗങ്ങളും സെമിനാറുകളും ഖുര്‍ആന്‍ ക്ലാസുകളും സംഘടിപ്പിക്കുന്നതിലും സേവന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിലും മറ്റു ഭാരവാഹികളോടോപ്പം നസീം ഉസ്മാനും മുന്‍നിരയില്‍ ഉïായിരുന്നു. അവരുടെ നേതൃപാടവം എടുത്തു പറയേïതു തന്നെയാണ്.
മക്കള്‍: നസ്‌നീന്‍, യാസിര്‍, ഇസ്മിറ. മരുമക്കള്‍: അംജദ് സിദ്ദീഖ്, ഡോ: മീഹാസ് റീമ.


 കെ.ഇ ഫിറോസ് എടവനക്കാട് 

എം. സുലൈമാന്‍ കൂറ്റമ്പാറ

കൂറ്റമ്പാറയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അമരക്കാരനും പ്രസ്ഥാനത്തെ ജനകീയമാക്കുന്നതില്‍ മുന്നില്‍ നിന്ന വ്യക്തിത്വവുമായിരുന്നു ഈയിടെ അന്തരിച്ച സുലൈമാന്‍ സാഹിബ്. കൂറ്റമ്പാറ പൂക്കോട്ടുംപാടം പ്രദേശങ്ങളിലെ പള്ളി-മദ്‌റസകള്‍ക്ക് നേതൃത്വം കൊടുക്കുന്ന അല്‍ഹുദാ ഇസ്‌ലാമിക് ട്രസ്റ്റിന്റെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. ലാളിത്യം, സൂക്ഷ്മത, കരുതല്‍, നര്‍മം എന്നീ ഗുണങ്ങളാല്‍ സമ്പന്നമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കൂറ്റമ്പാറയിലെ തന്റെ കച്ചവടം കേവലം ജീവിതോപാധി എന്നതിനപ്പുറം, ജനസേവനത്തിനും സാമൂഹിക ബന്ധങ്ങള്‍ക്കുമുള്ള മാര്‍ഗമായാണ് അദ്ദേഹം കണ്ടിരുന്നത്. ആ കച്ചവടം ജമാഅത്ത് നമസ്‌കാരങ്ങള്‍ക്കും കുടുംബ-രോഗ സന്ദര്‍ശനങ്ങള്‍ക്കും പ്രസ്ഥാന പരിപാടികള്‍ക്കും തടസ്സമായിരുന്നില്ല. മൊബൈലും ഗൂഗ്ള്‍ മാപ്പും ഇല്ലാതിരുന്ന കാലത്ത് കൂറ്റമ്പാറ വന്നെത്തുന്നവര്‍ക്ക് ആശ്രയവും അത്താണിയുമായിരുന്നു അദ്ദേഹത്തിന്റെ 'തണല്‍' ബേക്കറി.
രാത്രി വൈകിയും അവിടെ എത്തുന്നവര്‍ക്ക് മെഴുകുതിരി നല്‍കാന്‍ അവസാന ബസ് വരെ തന്റെ കടയടക്കാതെ അദ്ദേഹം അവരെ കാത്തിരിക്കുമായിരുന്നു. റിലീഫ് കിറ്റുകള്‍ പരിചിതമല്ലാതിരുന്ന ആ കാലത്ത് കടയില്‍ വില്‍ക്കാന്‍ കൊണ്ടുവരുന്ന നോട്ട്ബുക്കും പേനയും പെന്‍സിലും ബോക്‌സും അടങ്ങിയ കിറ്റ് അര്‍ഹരുടെ വീട്ടില്‍ എത്തുമായിരുന്നു. അതിശയിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സൗഹൃദവലയം. എല്ലാ മതക്കാര്‍ക്കും ജാതിക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും പ്രായക്കാര്‍ക്കും അതില്‍ ഒരുപോലെ ഇടമുണ്ടായിരുന്നു. സ്വന്തം മക്കളുടെ പഠനകാര്യത്തിലും അദ്ദേഹം വലിയ ശ്രദ്ധ പുലര്‍ത്തി. ഏക മകന്‍ സാബിഖ് ശാന്തപുരം അല്‍ജാമിഅ കോളേജില്‍നിന്ന് ഡിഗ്രി പൂര്‍ത്തീകരിക്കുകയും പിന്നീട് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് നേടുകയും ചെയ്തു.
അദ്ദേഹത്തിന്റെ വിയോഗം കൂറ്റമ്പാറയിലെ പ്രസ്ഥാനത്തെ സംബന്ധിച്ചേടത്തോളം വലിയൊരു നഷ്ടം തന്നെയാണ്.

വി.പി മുജീബുര്‍റഹ്മാന്‍, കൂറ്റമ്പാറ


അബ്ദുല്‍ഖാദര്‍ സാര്‍

ജമാഅത്തെ ഇസ്‌ലാമി കായംകുളം ഏരിയ വൈസ് പ്രസിഡന്റ്, മുന്‍ ഇലിപ്പക്കുളം ഹല്‍ഖാ നാസിം, പ്രദേശത്തെ ജനസേവന കേന്ദ്രമായ മാനവീയത്തിന്റെ സാരഥി, മഹല്ല് ഭരണസമിതിയംഗം എന്നീ നിലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തിത്വമായിരുന്നു അബ്ദുല്‍ഖാദര്‍ സാര്‍ (63). എറണാകുളം ജില്ലയിലെ വാരപ്പെട്ടി ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന അബ്ദുല്‍ഖാദര്‍ സാര്‍ ജോലിയാവശ്യാര്‍ഥമാണ് ഈ പ്രദേശത്ത് എത്തിച്ചേര്‍ന്നത്. ഇലിപ്പക്കുളം നഗരൂര്‍ കുടുംബത്തില്‍നിന്ന് വിവാഹം കഴിച്ച് അദ്ദേഹം ഇവിടെത്തന്നെ താമസമാക്കി.
ജീവിത വഴിത്താരയില്‍ ഇടപെട്ട ഒരാളുമായും മുഷിഞ്ഞ് സംസാരിക്കാന്‍ അബ്ദുല്‍ ഖാദര്‍ സാറിന് കഴിയുമായിരുന്നില്ല. ജമാഅത്തെ ഇസ്‌ലാമിയുമായി അഭിപ്രായവ്യത്യാസമുള്ള സംഘങ്ങളിലെ വ്യക്തികളുമായും നല്ല അടുപ്പം നിലനിര്‍ത്തി. പരമ്പരാഗത രീതികള്‍ പിന്തുടരുന്ന  ഇലിപ്പക്കുളം മഹല്ലിന്റെ  ഭാരവാഹിയായും ഉപദേശക സമിതി അംഗമായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു എന്നത് അദ്ദേഹത്തിന്റെ സ്വീകാര്യതയുടെ  മാനദണ്ഡമാണ്. നല്ല ഒരു കര്‍ഷകനുമായിരുന്നു അദ്ദേഹം.
കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടും ഏറെ വൈകിയും ജനാസ നമസ്‌കരിക്കാന്‍ ധാരാളമാളുകള്‍ ഇലിപ്പക്കുളം ജമാഅത്ത് പള്ളിയില്‍ വന്നുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ സഹധര്‍മിണി സുഹ്‌റ ബീവി ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തനരംഗത്ത് അദ്ദേഹത്തിന് തുണയായിരുന്നു.

അഡ്വ. എം.ത്വാഹ, ഹരിപ്പാട് 

കോയാമുട്ടി ആക്ക

പാലക്കാട് ജില്ലയില്‍ ചെര്‍പ്പുളശ്ശേരി ഏരിയയിലെ നെല്ലായയിലെ ആദ്യകാല ഇസ്‌ലാമിക പ്രവര്‍ത്തകരിലെ കാരണവരായ കോയാമുട്ടി സാഹിബ് (87) അല്ലാഹുവിലേക്ക് യാത്രയായി.
താഴ്മയോടെ കുറച്ച് മാത്രം സംസാരിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. ഏതു പ്രതികൂല കാലാവസ്ഥയിലും, പ്രായാധിക്യത്താല്‍ അസുഖം വന്ന് നടക്കാന്‍ കഴിയാതെയാവുന്നതു വരെ കുടയും പിടിച്ച് പള്ളിയിലേക്ക് നടന്നുവരുന്ന ചിത്രമാണ് മനസ്സിലുള്ളത്. ടൈലര്‍ ജോലിയായിരുന്നു അദ്ദേഹത്തിന്റെ ഉപജീവനമാര്‍ഗം. അങ്ങാടിയിലെ ടൈലര്‍ ഷോപ്പ് വര്‍ഷങ്ങള്‍ക്കു മുമ്പേ ഉപേക്ഷിച്ചെങ്കിലും തുന്നല്‍ ജോലി അദ്ദേഹം അടുത്തകാലം വരെ തുടര്‍ന്നു. ഒരു വീഴ്ചയെ തുടര്‍ന്ന് തുടയെല്ലിന് ഓപ്പറേഷന് തയാറെടുക്കവെയാണ് ബി.പി കുറഞ്ഞ് അദ്ദേഹം പെട്ടെന്ന് മരണപ്പെട്ടത്.
നല്ല വായനാപ്രിയനായിരുന്നു. പ്രസ്ഥാനത്തില്‍ എത്തിപ്പെട്ടതിനെക്കുറിച്ച് അദ്ദേഹം ഒരിക്കല്‍ പറഞ്ഞത് കൗതുകമുണര്‍ത്തി: പാലക്കാട്ടേക്ക് പോകുന്ന രാഷ്ട്രീയ പദയാത്രയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ സഹപ്രവര്‍ത്തകനായ മുജാഹിദ് സുഹൃത്തിനോട് അദ്ദേഹം ചോദിച്ചു; 'നമ്മുടെ ഈ പ്രവര്‍ത്തനത്തിന് നാളെ നമുക്ക് പ്രതിഫലം ലഭിക്കുമോ?' സുഹൃത്തിന്റെ മറുപടി: 'എങ്കില്‍ നീ ജമാഅത്തുകാരനായിക്കോ, അവരുടെ ജീവിതം തന്നെ ഇബാദത്താണ്.' ഇതദ്ദേഹത്തിന് ഇസ്‌ലാമിക പ്രസ്ഥാനത്തെ പഠിക്കാന്‍ പ്രേരണയായി. ഏകമകന്‍ ഫാറൂഖ് ഇസ്‌ലാമിക പ്രവര്‍ത്തകനാണ്.

വി.പി ജഅ്ഫര്‍ പേങ്ങാട്ടിരി
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 10-15
ടി.കെ ഉബൈദ്‌

ഹദീസ്‌

രോഗാദി ദുരിതങ്ങളില്‍നിന്ന് പാഠം പഠിക്കാത്തവര്‍
അബ്ദുല്ലത്വീഫ് കൊടുവള്ളി