വെല്ലുവിളി നേരിടുന്ന മുസ്‌ലിം ജനത
135 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ 20 കോടിയില്‍പരം മുസ്‌ലിംകള്‍ അധിവസിക്കുന്നു. പാകിസ്താനിലെ മുസ്‌ലിം ജനസംഖ്യയോളം എത്തുമിത്. ഏത് മത-ജാതി സമുദായത്തിനും ഉണ്ടാകാവുന്ന ചില പ്രശ്‌നങ്ങള്‍ സ്വാഭാവികമായും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കും ഉണ്ട്. വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും സംവരണം, പ്രത്യേക നിയോജക മണ്ഡലം, സ്വന്തം ഭാഷയുടെ സംരക്ഷണം മുതലായവ. ഈ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കലാണ് മുസ്‌ലിംകളുടെ പ്രശ്‌നമെന്ന് ധരിക്കുന്നവരാണ് സമുദായത്തിലെ മഹാഭൂരിപക്ഷം. നേതൃതലത്തില്‍ പോലും അങ്ങനെയാണെന്ന് തോന്നിപ്പോകുന്നു.
എന്നാല്‍ വര്‍ത്തമാനകാല ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന, ഒരുപക്ഷേ സംഭവിച്ചുകഴിഞ്ഞ കാലികമായ ഒരു മാറ്റം മിക്കവരുടെയും പരിഗണനയിലോ പരിചിന്തനത്തിലോ ഇല്ലെന്ന് സംശയിച്ചുപോകുന്നു. സത്യത്തില്‍ ഉപരിസൂചിതമായ പ്രശ്‌നങ്ങളെയെല്ലാം അപ്രസക്തമാക്കുന്ന ഒരു പ്രതിസന്ധിയാണ് രാജ്യത്തെ മുസ്‌ലിംകള്‍ ഇപ്പോള്‍ നേരിടുന്നത്. 'അസ്തിത്വ പ്രതിസന്ധി' എന്നേ അതിനെ വിശേഷിപ്പിക്കാനാവൂ. റേഷന്‍ കിറ്റിനു പോലും അവശ്യമായ പൗരത്വരേഖ മുസ്‌ലിംകളുടെ കാര്യത്തില്‍ ഇന്നൊരു ചോദ്യചിഹ്നമാണ് (സി.എ.എ, എന്‍.പി.ആര്‍, എന്‍.ആര്‍.സി ചര്‍ച്ച ഓര്‍ക്കുക). 'വസ്ത്രം കണ്ടാലറിയാം' എന്ന് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതോര്‍ക്കുമല്ലോ. വസ്ത്രം കണ്ടാല്‍ മാത്രമല്ല, പേര് പറഞ്ഞാലും മുസ്‌ലിംകള്‍ക്ക് ജീവന് ഭീഷണിയുള്ള ഒരവസ്ഥയാണ് ഇന്നുള്ളത്. അതിന് പാകത്തില്‍ രാജ്യത്തിന്റെ സാഹചര്യം മാറിയിരിക്കുന്നു. മാറ്റിയെടുക്കുന്നതില്‍ സംഘ് പരിവാര്‍ ശക്തികള്‍ വലിയ അളവില്‍ വിജയിച്ചിരിക്കുന്നു. മറ്റൊരുവിധം പറഞ്ഞാല്‍ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് ഒരു രണ്ടാം വിഭജനമാണ്. ഇന്ത്യാ-പാക് വിഭജനം മതപരവും ഭൂമിശാസ്ത്രപരവും ആയിരുന്നെങ്കില്‍, ഇപ്പോഴത്തേത് വംശീയ വിഭജനമാണ് എന്നേ വ്യത്യാസമുള്ളൂ (കോവിഡ് കാലത്ത് പ്രത്യക്ഷത്തില്‍ ഇത് ചര്‍ച്ചയാക്കാത്തത് തന്ത്രപരമായ സമീപനം മാത്രം). ഭൂരിപക്ഷ-ന്യൂനപക്ഷ വിഭജനം, അഥവാ ഹിന്ദു-മുസ്‌ലിം എന്നൊരു ദ്വന്ദാത്മക വിഭജനമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കൂടുതല്‍ വല്ലതും വേണ്ടതുണ്ടെങ്കില്‍ 'പുല്‍വാമ' പോലുള്ള ചില്ലറ കൈക്രിയ പുറത്തെടുത്താല്‍ മതി. ഇതുമൂലമുള്ള രാഷ്ട്രീയ നേട്ടമാകട്ടെ, അപാരമാണ്. തുടര്‍ച്ചയായ രണ്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ നിലവിലെ ഭരണകക്ഷി വിജയിച്ചുകഴിഞ്ഞു. സന്ദര്‍ഭോചിതം പുറത്തെടുക്കാവുന്ന ഇതുപോലുള്ള വരായുധങ്ങള്‍ സദാ കൈയിലിരിപ്പുണ്ട്. കൂട്ടിന് പത്ര മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും സോഷ്യല്‍ മീഡിയയുമൊക്കെ സര്‍വായുധസജ്ജം!
ഇത്രയും എഴുതിയതിന്റെ ഉള്ളടക്കവും ഉള്‍പ്പൊരുളും സമുദായം ഉള്‍ക്കൊണ്ടിട്ടുണ്ടോ? നേതൃത്വത്തില്‍ പോലും അതുണ്ടായോ? ഇല്ലെന്നു തോന്നിപ്പോകുന്നു. വസ്തുതകള്‍ വിലയിരുത്തുമ്പോള്‍ അങ്ങനെ തോന്നാനേ നിര്‍വാഹമുള്ളൂ. ഒരു അകക്കണ്ണിന്റെ കുറവും ഉള്‍ക്കാഴ്ച്ചയുടെ അഭാവവും സര്‍വത്ര പ്രകടമാണ്.
ജൈവപ്രകൃതത്തിന്റെ സ്വാഭാവികത
മഹാപ്രളയം, ഭൂകമ്പം, കൊടുങ്കാറ്റ്, കാട്ടുതീ മുതലായ പ്രകൃതികോപങ്ങള്‍ ഉണ്ടാകുമ്പോള്‍ പരസ്പരം വൈരം മറന്ന് സമസ്ത ജീവജാലങ്ങളും വല്ല രക്ഷാതുരുത്തിലും ഒത്തുചേരുന്നു. പാമ്പും കീരിയും കടുവയും കലമാനുമൊക്കെ അവിടെ അഹിംസാമൂര്‍ത്തികള്‍! ആരും ആരെയും ആക്രമിക്കുന്നില്ല, ആരും ആരുടെയും ശത്രുവല്ല. ഇതാണ് പ്രകൃതിയുടെ പ്രകൃതം. ഈ പ്രകൃതിതത്ത്വം മുസ്‌ലിംകള്‍ക്ക് മാത്രം ബാധകമല്ലെന്നുണ്ടോ? അഥവാ, ഇവ്വിധമൊരു പൊതുവിപത്ത് വന്നു ഭവിച്ചതിനെക്കുറിച്ച് അവരിപ്പോഴും ബോധവാന്മാരല്ലെന്നോ? അങ്ങനെ തോന്നിപ്പോകുന്നതില്‍ ഖേദമുണ്ട്. സംഘടനാ പക്ഷപാതം അല്‍പം മായപ്പെട്ടുവെന്നത് സന്തോഷകരം തന്നെ. എന്നാല്‍ സംഘടനകള്‍ സ്വന്തം നിലക്ക് രൂപപ്പെടുത്തുന്ന സംവിധാനങ്ങളല്ല, പ്രവാചകന്‍ തിരുമേനി രൂപകല്‍പന ചെയ്ത ദീനും ഉമ്മത്തുമാണ് അടിസ്ഥാനം എന്ന ബോധം സമുദായത്തില്‍ ഇനിയും വളര്‍ന്നു വന്നിട്ടില്ല. തങ്ങള്‍ ഒരു പൊതുവിപത്തിന്റെ നടുക്കയത്തിലാണെന്നും; ഭിന്നതക്ക് ന്യായം ചമയ്ക്കലല്ല, പരസ്പരം ചേര്‍ത്തു പിടിക്കലാണ് സന്ദര്‍ഭത്തിന്റെ താല്‍പര്യമെന്നും അവര്‍ തിരിച്ചറിയേണ്ടതായിട്ടുണ്ട്. ദീനും ഈമാനും അല്ലാഹുവും റസൂലും അതാണ് ആവശ്യപ്പെടുന്നത്.
ചരിത്രത്തില്‍നിന്നൊരു പാഠം
മൂന്നര സഹസ്രാബ്ദങ്ങള്‍ക്കപ്പുറത്തുള്ള ഒരു ചരിത്രസന്ധിയിലേക്കാണ് നാമിപ്പോള്‍ വാതില്‍ തുറക്കുന്നത്. നമ്മുടെ ചര്‍ച്ചാ വിഷയവുമായി അതിന് ആഴത്തിലുള്ള സാദൃശ്യമുണ്ട്. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് അതില്‍നിന്ന് ഒട്ടേറെ പഠിക്കാനും പകര്‍ത്താനും ഉണ്ട്. വിശുദ്ധ ഖുര്‍ആന്‍ സവിസ്തരം പ്രതിപാദിച്ച സംഭവബഹുലമായ ആ നീണ്ട ചരിത്രത്തില്‍നിന്നും വിഷയവുമായി ബന്ധപ്പെട്ട അവശ്യഭാഗങ്ങള്‍ മാത്രമേ ഇവിടെ സൂചിപ്പിക്കുന്നുള്ളൂ (വിശദാംശങ്ങള്‍ വേണ്ടവര്‍ക്ക് ഖുര്‍ആനോ വിവര്‍ത്തനങ്ങളോ പരിശോധിക്കാവുന്നതാണ്).
ഇസ്രാഈല്‍ സമൂഹം
വിശുദ്ധ ഖുര്‍ആന്‍ പേരെടുത്തു പറഞ്ഞ അഞ്ച് പ്രവാചക കുലപതികളില്‍പെട്ട മൂസാ നബി(അ)യുടെ ഇസ്രാഈല്‍ സമുദായത്തിന്റെ അവസ്ഥയെയാണ് നേരത്തേ സൂചിപ്പിച്ച ചരിത്രസന്ധി കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു മുസ്‌ലിം സമൂഹത്തിന് ബനൂ ഇസ്രാഈല്‍ എന്ന പേര് വന്നതുകൊണ്ട് അവ്യക്തതയോ ആശയക്കുഴപ്പമോ തോന്നേണ്ടതില്ല. ഇബ്‌റാഹീം നബി(അ)യുടെ പൗത്രന്‍ യഅ്ഖൂബ് നബി(അ)യുടെ വിളിപ്പേരാണ് ഇസ്രാഈല്‍.1 മലബാറിലെയും മലപ്പുറത്തെയും മുസ്‌ലിംകളെ മാപ്പിളമാര്‍ എന്ന് വിളിക്കുന്നതു പോലെയാണ് 'ബനൂ ഇസ്രാഈല്‍' എന്ന പ്രയോഗം.
ഇന്ത്യന്‍ മുസ്‌ലിംകളെ പോലെത്തന്നെ ഒരു പാരമ്പര്യ മുസ്‌ലിം സമൂഹമായിരുന്നു ബനൂ ഇസ്രാഈല്‍. ഒരു പാരമ്പര്യ സമൂഹത്തില്‍ ഉണ്ടാകാവുന്ന എല്ലാ ജീര്‍ണതകളും ജടിലതകളും അവരില്‍ ഉണ്ടായിരുന്നു. അതിലൊട്ടും അസംഭവ്യതയോ അസാധാരണത്വമോ തോന്നേണ്ടതില്ല. ഏതൊരു സ്വേഛാധിപത്യ-വംശാധിപത്യ ഭരണത്തിനടിപ്പെട്ട സമൂഹത്തിലും അതൊക്കെ സംഭവിക്കാവുന്നതേയുള്ളൂ. ഭരണാധികാരികള്‍ ഒരു രാജ്യത്തിലെ അന്തസ്സുള്ള ജനസമൂഹങ്ങളെ അടിച്ചൊതുക്കി തരംതാഴ്ത്തുന്നതിനെപ്പറ്റി വിശുദ്ധ ഖുര്‍ആനില്‍ തന്നെ വ്യക്തമായ പരാമര്‍ശം ഉള്ളതാണ് (അന്നംല്: 34).
വീഴ്ചകളില്‍ വിട്ടുവീഴ്ച
ഒരുപാട് തെറ്റുകുറ്റങ്ങള്‍ ഇസ്രാഈല്യരില്‍നിന്ന് ഉണ്ടായെങ്കിലും അതെല്ലാം വിട്ടുവീഴ്ച ചെയ്യുന്ന ഒരു നിലപാടാണ് അവരുടെ കാര്യത്തില്‍ (ചില പ്രത്യേക കേസുകളില്‍ ശിക്ഷാ നടപടികള്‍ ഉണ്ടായിരുന്നെങ്കിലും) അല്ലാഹുവിങ്കല്‍നിന്നുണ്ടായത്. ആ വിട്ടുവീഴ്ച്ചക്ക് നിദാനമായ ഒരു വലിയ ശരിയും അവര്‍ ചെയ്തിട്ടുണ്ട് എന്നതാവാം അതിനു കാരണം. ഫറവോന്‍ എന്ന മര്‍ദക ഭരണാധികാരിയുടെ ഹിറ്റ്‌ലറിസത്തിനു കീഴില്‍ ഒരുപാടൊരുപാട് അവര്‍ സഹിച്ചു എന്നതു തന്നെയാണ് ആ വലിയ ശരി. അതെല്ലാം ഖുര്‍ആന്‍ ഒതുക്കി ചുരുക്കി പറഞ്ഞിരിക്കുന്നതാണ് 'ബിമാ സ്വബറൂ' എന്ന വചനം. ആ വലിയ ശരിയുടെ പേരില്‍ അല്ലാഹു അവരെ ചേര്‍ത്തുപിടിച്ചു. അവരുടെ മേല്‍ കാരുണ്യാനുഗ്രങ്ങള്‍ വര്‍ഷിക്കുകയും ചെയ്തു. അനുഗൃഹീതമായ ഫലസ്ത്വീന്‍ ഭൂഭാഗങ്ങള്‍ അവര്‍ക്ക് ഉടമപ്പെടുത്തിക്കൊടുത്തു എന്നതാണ് ആ അനുഗ്രഹ വര്‍ഷം (അല്‍ അഅ്‌റാഫ്: 137).
മതവംശീയ ഭിന്നതയെ പീഡനോപാധി ആക്കുന്ന ഭരണതന്ത്രം ഫറവോന്‍ ഇസ്രാഈല്യരില്‍ പ്രയോഗിച്ചു (അല്‍ ഖസ്വസ്വ്: 4). അതുപോലെ ഇന്ത്യന്‍ ഭരണവര്‍ഗവും മതവംശീയ ഭിന്നതകളെ പീഡനോപാധിയാക്കുന്നതിന്റെ അനുഭവസാക്ഷ്യങ്ങള്‍ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.
ചര്‍ച്ചാ സമാഹരണം
നമ്മള്‍ ഇതുവരെ ചര്‍ച്ച ചെയ്തതിന്റെ മര്‍മവും ധര്‍മവും മുഖ്യവിഷയമായി മുന്നില്‍ വരേണ്ടതുണ്ട്. അങ്ങനെ വരാതെ പോകുന്നത് ശ്രദ്ധിക്കേണ്ടതാണ്. എല്ലാ നിലയിലും, മതപരമായി പോലും പിന്നാക്കാവസ്ഥയായിരുന്ന ബനൂ ഇസ്രാഈലിനെ അല്ലാഹു കൈയൊഴിഞ്ഞില്ല എന്നതാണ് നമ്മുടെ ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന കാതലായ വസ്തുത. എന്നല്ല അവരുടെ സംസ്‌കരണവും സംരക്ഷണവും മുന്‍നിര്‍ത്തി അല്ലാഹു മൂസാ നബിക്ക് ഇരട്ട ദൗത്യം കല്‍പിച്ചരുളുകയാണ് ചെയ്തത്. ഫിര്‍ഔന് ദീനിന്റെ സന്ദേശം എത്തിക്കുകയെന്ന മൗലിക ദൗത്യത്തിനു പുറമെ ബനൂ ഇസ്രാഈലിന്റെ വിമോചനം എന്നതായിരുന്നു ആ രണ്ടാമത്തെ ദൗത്യം. അധികച്ചുമതല എന്നും പറയാം. ഒരു പാരമ്പര്യ പിന്നാക്ക മുസ്‌ലിം സമൂഹത്തെ അവരുടെ വീഴ്ചകളുടെ പേരില്‍ എഴുതിത്തള്ളുകയെന്നതല്ല അല്ലാഹുവിന്റെ നടപടിക്രമമെന്ന് ഈ ചരിത്രാനുഭവം നമുക്ക് പഠിപ്പിച്ചുതരുന്നു. അസ്തിത്വ പ്രതിസന്ധി നേരിടുന്ന ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കും ഇതില്‍ വലിയ പ്രത്യാശക്ക് വകയുണ്ട്. ഒട്ടേറെ വീഴ്ചകള്‍ ഉണ്ടെങ്കിലും നമ്മളും ഒരുപാട് സഹിക്കുന്നവരാണ്. ആ സഹനസന്നദ്ധതയുടെ പേരില്‍ നമ്മോടും അല്ലാഹു കൃപ കാണിച്ചേക്കാം. നമ്മുടെ വീഴ്ചകളും അവന്‍ നമുക്ക് പൊറുത്തുതന്നേക്കാം. എന്നു കരുതി തെറ്റുകുറ്റങ്ങളില്‍ അലംഭാവം വന്നുകൂടാ. അതിനായി നമുക്ക് പ്രാര്‍ഥിക്കാം.
ഒരു ദിവ്യവചനത്തിലാവട്ടെ ഈ കുറിപ്പിന്റെ സമാപനം. സത്യവിശ്യാസികളുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ച വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു സമാപിപ്പിക്കുന്നത് ഇങ്ങനെ: 'ഇന്നല്ലാഹ യുഹ്‌യില്‍ അര്‍ദ ബഅ്ദ മൗത്തിഹാ' - ഈ ഭൂമിയെ അതിന്റെ നിര്‍ജീവാവസ്ഥക്കു ശേഷം അല്ലാഹു പുനരുജ്ജീവിപ്പിക്കുക തന്നെ ചെയ്യും (അല്‍ ഹദീദ്: 17).
വേദക്കാരുടെ അബദ്ധങ്ങള്‍ പരാമര്‍ശിച്ച ശേഷം സമാനമായ പരിണതികള്‍ വരുന്നതിനെതിരെ മുസ്‌ലിംകളെ താക്കീതു ചെയ്തുകൊണ്ട് 'വരണ്ട ഭൂമിയെ' ജീവിപ്പിക്കുന്ന പോലെ അവരുടെ മരവിച്ച ഹൃദയങ്ങളെ അല്ലാഹു ജീവസ്സുറ്റതാക്കുമെന്ന പ്രത്യാശ കൂടി പ്രകൃതവചനം ഉള്‍ക്കൊള്ളുന്നതായി സയ്യിദ് ഖുത്ബ് 'ഫീ ദിലാലില്‍ ഖുര്‍ആനി'ല്‍ ചൂണ്ടിക്കാട്ടുന്നു (മലയാള വിവര്‍ത്തനം 6/359).
അടിക്കുറിപ്പ്
1. 'പാദാന്‍ആരാമില്‍നിന്ന് പോന്നപ്പോള്‍ ദൈവം യാക്കോബിനു വീണ്ടും പ്രത്യക്ഷപ്പെട്ട് അവനെ അനുഗ്രഹിച്ചു. ദൈവം അവനോട് അരുളിച്ചെയ്തു. യാക്കോബ് എന്നാണ് നിന്റെ പേര്. എന്നാല്‍ ഇനി മേലില്‍ യാക്കോബ് എന്നല്ല ഇസ്രയേല്‍ എന്നായിരിക്കും നീ വിളിക്കപ്പെടുക. അതിനാല്‍ അവന്‍ ഇസ്രയേല്‍ എന്ന് വിളിക്കപ്പെട്ടു' (ബൈബിള്‍ ഉല്‍പ്പത്തി 35: 9,10).
Comments