Prabodhanm Weekly

Pages

Search

2021 സെപ്റ്റംബര്‍ 17

3218

1443 സഫര്‍ 10

കറാമത്ത് വിവാദങ്ങളും വസ്തുതകളും

കെ. ഇല്‍യാസ് മൗലവി

മറ്റേതു രംഗവും പോലെ ആത്മീയ മേഖലയും എന്നും ചൂഷണത്തിന് വിധേയമായിരുന്നു. ആത്മീയ വേഷം കെട്ടിക്കഴിഞ്ഞാല്‍ പൊതുജനത്തെ ഏത് വഞ്ചനയിലും അകപ്പെടുത്താനാവുമെന്ന് ആത്മീയ ചൂഷകര്‍ നേരത്തേ മനസ്സിലാക്കിയിരുന്നു. ഇസ്‌ലാമിന്റെ പേരില്‍ തന്നെ ഇസ്‌ലാം വിരുദ്ധ സംഘടനകള്‍ ഉണ്ടാകാനും ആത്മീയനായകരുടെ വേഷത്തിലും സ്വഭാവത്തിലും വ്യാജന്മാര്‍ പ്രത്യക്ഷപ്പെടാനും ഇത് നിമിത്തമായി. ശൈഖും ത്വരീഖത്തുമെല്ലാം  കച്ചവടവല്‍ക്കരിക്കപ്പെടുന്നതും മുരീദുകളെ തേടി ശൈഖുമാര്‍ അലഞ്ഞുനടക്കുന്നതുമൊക്കെ ആത്മീയതയോടുള്ള മുസ്‌ലിംകളുടെ പ്രതിപത്തി മുതലെടുത്തുകൊണ്ടായിരുന്നു. വ്യാജോക്തികള്‍ക്കിടയില്‍ യഥാര്‍ഥ ആത്മീയത തിരിച്ചറിയാതെ പോവുകയോ പാടേ നിഷേധിക്കപ്പെടുകയോ ചെയ്യുന്ന അവസ്ഥ വരെ സംജാതമായി. വലിയ്യ്, കറാമത്ത്, വിലായത്ത് എന്നിവയെക്കുറിച്ച് ശരിയായ ധാരണ ഉണ്ടായിക്കഴിഞ്ഞാല്‍ വളരെയേറെ ചൂഷണങ്ങളില്‍നിന്ന് ജനത്തിന് മോചനം നേടാന്‍ കഴിയും.

ആരാണ് വലിയ്യ്?

ഔലിയാഅ് എന്നത് വലിയ്യ് എന്ന അറബി പദത്തിന്റെ ബഹുവചനമാണ്. മലയാളത്തില്‍ പൊതുവെ ഔലിയാഅ് ഏകവചനം പോലെയാണ് ഉപയോഗിക്കപ്പെട്ടു കാണുന്നത്. 'വലിയ്യി'ന് സഅ്ദുദ്ദീന്‍ അത്തഫ്താസാനി നല്‍കിയ നിര്‍വചനം ഇങ്ങനെ: 
الْوَلِيُّ هُوَ الْعَارِفُ بِاللَّهِ وَصِفَاتِهِ بِحَسَبِ مَا يُمْكِنُ، الْمُوَاظِبُ عَلَى الطَّاعَاتِ، الْمُجْتَنِبُ عَنْ الْمَعَاصِي، الْمُعْرِضُ عَنِ الِانْهِمَاكِ فِي اللَّذَّاتِ وَالشَّهَوَاتِ.-شَرْحُ الْعَقَائِدِ: 136. .

(അല്ലാഹുവിനെക്കുറിച്ചും അവന്റെ ഗുണങ്ങളെക്കുറിച്ചും പരമാവധി പരിജ്ഞാനം നേടുകയും നന്മ ശീലമാക്കുകയും തിന്മ വര്‍ജിക്കുകയും ആസക്തികളില്‍നിന്നും ആസ്വാദനങ്ങളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുകയും ചെയ്തവനാണ് വലിയ്യ്- ശറഹുല്‍ അഖാഇദ്, പേജ്: 136). 
'അല്ലാഹുവിനെക്കുറിച്ച് വിജ്ഞനും അവനെ അനുസരിക്കുന്നതില്‍ ദത്തശ്രദ്ധനും അവന് ഇബാദത്ത് ചെയ്യുന്നതില്‍ ആത്മാര്‍ഥതയുള്ളവനുമാണ് അല്ലാഹുവിന്റെ വലിയ്യ്' എന്ന്  ഫത്ഹുല്‍ ബാരിയില്‍ (6021) കാണാം.
ഇതേ നിര്‍വചനം മറ്റു ഗ്രന്ഥങ്ങളിലും വന്നിട്ടുണ്ട്. ഇമാം ഫഖ്‌റുദ്ദീനുര്‍റാസി (റ) പറയുന്നു:  ''പ്രമാണത്തിന്റെ അടിത്തറയുള്ള ശരിയായ  വിശ്വാസം കൈക്കൊള്ളുകയും ശരീഅത്തിന് അനുസൃതമായി സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവനാണ് അല്ലാഹുവിന്റെ വലിയ്യ്'' (യൂനുസ് അധ്യായത്തിലെ 63-ാം സൂക്തത്തിന്റെ വ്യാഖ്യാനം).
ഇമാം റാസി തുടരുന്നു: ''വലിയ്യ് എന്നാല്‍ അടുത്തവന്‍ എന്നാണ് അര്‍ഥം. സല്‍ക്കര്‍മങ്ങളും നിഷ്‌കളങ്ക പ്രവര്‍ത്തനങ്ങളും വര്‍ധിപ്പിക്കുക മൂലം ഒരാള്‍ അല്ലാഹുവുമായി അടുക്കുകയും കാരുണ്യവും ഔദാര്യവും വഴി അല്ലാഹു അടിമയിലേക്ക് ഇങ്ങോട്ട് അടുക്കുകയും ചെയ്താല്‍ അവിടെ വിലായത്ത് പദവി ഉടലെടുക്കുന്നു'' (തഫ്‌സീര്‍ റാസി, യൂനുസ് അധ്യായം 62-63). 
ആരില്‍നിന്നെങ്കിലും അസാധാരണമായി വല്ലതും സംഭവിച്ചാല്‍ അത് അയാള്‍ അല്ലാഹുവിന്റെ ഔലിയാക്കളില്‍ പെട്ടവനാണെന്നതിന്റെ തെളിവാണെന്ന ധാരണ പൊതുജനങ്ങളില്‍ മൂടുറച്ചിട്ടുണ്ട്. അത് തെറ്റാണ്.  ജ്യോത്സ്യന്‍, ജാലവിദ്യക്കാരന്‍, സന്യാസി എന്നിവരില്‍നിന്നൊക്കെ അസാധാരണ സംഭവങ്ങളുണ്ടായെന്നു വരും.  അതിനാല്‍ അസാധാരണ സംഭവങ്ങളെ ഔലിയാക്കളുടെ വിലായത്തിന് തെളിവായി കാണുന്നവര്‍ക്ക് ഒരു വിഭജനരേഖ ആവശ്യമാണ്. ഇതിനെപ്പറ്റി പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളതില്‍ ഏറ്റവും സ്വീകാരയോഗ്യമായിട്ടുള്ളത് ഇതാണ്; 'ആരില്‍നിന്നാണോ അസാധാരണ സംഭവമുണ്ടായത്, അയാളെ നിരീക്ഷിച്ചുകൊണ്ടിരിക്കുക.  ശരീഅത്തിന്റെ നിര്‍ദേശങ്ങളും നിരോധങ്ങളും മുറുകെപ്പിടിക്കുന്നവനാണ് അയാളെങ്കില്‍ അതയാളുടെ വിലായത്തിന്റെ അടയാളമാണ്, മറിച്ചാണെങ്കില്‍ അയാള്‍ അല്ലാഹുവിന്റെ ഔലിയാക്കളില്‍ പെട്ടവനല്ല ' (ഫത്ഹുല്‍ ബാരി: 3777).
'ഒരു മനുഷ്യന്‍ വെള്ളത്തിന്റെ ഉപരിഭാഗത്തിലൂടെ സഞ്ചരിക്കുകയും വായുവിലൂടെ പറക്കുകയും ചെയ്യുന്നത് നിങ്ങള്‍ കണ്ടാലും അയാള്‍ വലിയ്യാണെന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കുന്നത്; പരിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാത്തില്‍ അയാളുടെ കാര്യങ്ങള്‍ പരിശോധിക്കുന്നതുവരെ' എന്ന് ഇമാം ശാഫിഈ പറഞ്ഞിട്ടുണ്ട് (തഫ്‌സീര്‍ ഇബ്‌നു കസീര്‍).
ഇബ്‌നുഹജറുല്‍ ഹൈത്തമി (റ) എഴുതുന്നു:
''വലിയ്യിന് കറാമത്ത് നല്‍കപ്പെടുന്നത് അദ്ദേഹം നബി(സ)യെ അനുധാവനം ചെയ്യുമ്പോഴാണ്; ശ്രേഷ്ഠത, ആദരണീയത എന്നീ ഗുണങ്ങള്‍ ഉണ്ടാകുമ്പോഴാണ്. നബിചര്യ പിന്തുടരാന്‍ ഉദ്‌ബോധിപ്പിക്കുകയും എല്ലാതരം ബിദ്അത്തുകളില്‍നിന്നും ഒഴിവാകുകയും ശരീഅത്തില്‍നിന്ന് തെറ്റാതിരിക്കുകയും ചെയ്യുമ്പോഴാണ് കറാമത്തിന്റെ യാഥാര്‍ഥ്യം വെളിവാകുക'' (അല്‍ ഫതാവല്‍ ഹദീസിയ്യ).
'കറാമത്ത് പ്രകടമാകുന്ന ഔലിയാക്കള്‍ക്ക് മറ്റുള്ളവരേക്കാള്‍ ശ്രേഷ്ഠതയുണ്ടോ' എന്ന് ഹൈത്തമിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞു: ''കറാമത്ത് വെളിവാക്കുന്നവര്‍ക്ക് മറ്റുള്ളവരേക്കാള്‍ ശ്രേഷ്ഠതയുണ്ടെന്ന് നിരുപാധികം പറയാന്‍ പാടില്ല'' (അല്‍ഫതാവല്‍ ഹദീസിയ്യ) 
ഇമാം അബുല്‍ഖാസിം അല്‍ ഖുശൈരി (റ) നല്‍കുന്ന വിശദീകരണം ശ്രദ്ധേയമാണ്: ''വലിയ്യിന്  രണ്ടര്‍ഥമുണ്ട്; ഒന്ന്, തന്റെ സര്‍വ കാര്യങ്ങളും  അല്ലാഹുവിനെ ഏല്‍പ്പിച്ചവര്‍. ഒരു നിമിഷത്തിലും സ്വശരീരത്തെക്കുറിച്ചുപോലും അവര്‍ ചിന്തിക്കുകയില്ല. അത്തരക്കാരുടെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു. സല്‍ക്കര്‍മിയെ അല്ലാഹു ഏറ്റെടുക്കുമെന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്. രണ്ട്, അല്ലാഹുവിനുള്ള ഇബാദത്തില്‍ മുഴുകുകയും ദോഷങ്ങളുമായി ബന്ധപ്പെടാതെ അവനെ അനുസരിക്കുകയും ചെയ്യുന്നവര്‍'' (രിസാലത്തുല്‍ ഖുശൈരിയ്യഃ പേജ്: 117).
ഈ രണ്ടു വിശേഷണങ്ങളും വലിയ്യിന് അനിവാര്യമാണെന്ന് അബുല്‍ഖാസിം വിശദീകരിക്കുന്നു. വിലായത്തിലേക്കുള്ള വഴി, മേല്‍ വിവരണത്തില്‍ നിന്ന് വ്യക്തമാകുന്നു. കഠിനമായ തപസ്യയിലൂടെ, ആരാധനാനിമഗ്നമായ ജീവിതത്തിലൂടെ സര്‍വസ്വവും അല്ലാഹുവില്‍ സമര്‍പ്പിക്കുകയും ഭൗതികതയുടെ പ്രലോഭനങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും മുഴുവന്‍ പാപങ്ങളും വര്‍ജിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമേ വിലായത്ത് പ്രാപിക്കാന്‍ സാധിക്കുകയുള്ളൂ.
അല്ലാഹുവിനെ അടുത്തറിയുന്നവനാണ് വലിയ്യ്. ആരാധനകള്‍ വഴി അവന്റെ സാമീപ്യം കരസ്ഥമാക്കുകയാണ് ഈ അടുപ്പം ഉണ്ടാക്കിയെടുക്കാനുള്ള മാര്‍ഗം. അതല്ലാതെ വിലായത്തിലേക്ക് കുറുക്കുവഴികളൊന്നുമില്ല. ശരീഅത്തിന്റെ നിയമങ്ങള്‍ പാലിക്കുന്നതില്‍ അതീവ ശ്രദ്ധാലുവായിരിക്കും വലിയ്യ്. ആ നിയമങ്ങള്‍ എത്ര നിസ്സാരമാണെങ്കില്‍ പോലും അത് പരിഗണിക്കാത്തവന്‍ വിലായത്തിലെത്തുകയില്ല. 
അബൂ അലി അദ്ദഖാഖി(റ)ല്‍നിന്ന് ശൈഖ് അബുല്‍ഖാസിം ഉദ്ധരിക്കുന്ന ഒരു സംഭവം:

سَمِعْتُ الْأُسْتَاذَ أَبَا عَلِيٍّ الدَّقَّاقَ رَحِمَهُ اللَّهُ، قَصَدَ أَبُو يَزِيدَ الْبِسْطَامِيِّ بَعْضَ مَنْ وُصِفَ بِالْوِلَايَةِ، فَلَمَّا وَافَى مَسْجِدَهُ قَعَدَ يَنْتَظِر خُرُوجَهُ، فَخَرَجَ الرَّجُلُ، وَتَنَخَّمَ فِي الْمَسْجِدِ، فَانْصَرَفَ أَبُو يَزِيدَ وَلَمْ يُسَلِّمْ عَلَيْهِ. وَقَالَ: هَذَا رَجُلٌ غَيْرُ مَأْمُونٍ عَلَى أَدَبٍ مِنْ آدَابِ الشَّرِيعَةِ، فَكَيْفَ يَكُونُ أَمِيناً عَلَى أَسْرَارِ الْحَقِّ؟!.-الرِّسَالَةُ الْقُشَيْرِيَّةُ: 117.
 

''വിലായത്തു കൊണ്ട് പ്രസിദ്ധനായ ഒരാളെ കാണാന്‍ അബൂ യസീദില്‍ ബിസ്ത്വാമി തീരുമാനിച്ചു. അദ്ദേഹം പ്രസ്തുത വ്യക്തിയുടെ പള്ളിയിലെത്തി അദ്ദേഹത്തിന്റെ ആഗമനവും കാത്തിരിപ്പായി.  പള്ളിയില്‍ തുപ്പിക്കൊണ്ടാണ് അയാള്‍ വന്നത്. ഉടനെ അബൂയസീദ് അദ്ദേഹത്തോട് സലാം പോലും പറയാതെ തിരിച്ചുപോന്നു. ശരീഅത്തിന്റെ നിയമങ്ങള്‍ പാലിക്കുന്നതില്‍ വിശ്വസ്തത കാണിക്കാത്ത ഇയാള്‍ അല്ലാഹുവിന്റെ രഹസ്യങ്ങളുടെ (അസ്‌റാര്‍) കാര്യത്തില്‍ എങ്ങനെ വിശ്വസ്തനാകുമെന്ന് അബൂയസീദ്  ചോദിച്ചു'' (രിസാലതുല്‍ ഖുശൈരിയ്യഃ, പേ. 117).
ഒരാള്‍ അല്ലാഹുവിന്റെ 'വലിയ്യ്' ആകാന്‍ രണ്ട് ഉപാധികളാണ് ഖുര്‍ആന്‍ നിര്‍ണയിച്ചിരിക്കുന്നത്;  ഈമാനും തഖ്‌വയും. ഇവയില്‍ ഏതെങ്കിലും ഒന്ന് പൂര്‍ത്തീകരിച്ചിട്ടില്ലാത്തവന്‍ വലിയ്യല്ല. മറ്റൊരുവിധം പറഞ്ഞാല്‍ ഈ രണ്ട് ഉപാധികള്‍ പാലിച്ച ഏതൊരാളും വലിയ്യാണ്. അല്ലാഹു പറയുന്നു: ''അറിയുക,  അല്ലാഹുവിന്റെ ഉറ്റവരാരും പേടിക്കേണ്ടതില്ല. ദുഃഖിക്കേണ്ടതുമില്ല. സത്യവിശ്വാസം സ്വീകരിച്ചവരും സൂക്ഷ്മത പാലിക്കുന്നവരുമാണവര്‍'' (യൂനുസ്: 62,63).
അല്ലാഹുവിനെക്കുറിച്ചും അവന്റെ ഗുണങ്ങളെക്കുറിച്ചും പരമാവധി പരിജ്ഞാനം നേടുക, സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതില്‍ നിഷ്ഠ പുലര്‍ത്തുക, പാപം വര്‍ജിക്കുക, ദേഹേഛക്ക് അടിപ്പെടാതെ സൂക്ഷിക്കുക,  നിഷ്‌കളങ്കത പുലര്‍ത്തുക, ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, വിശ്വാസവും കര്‍മവും രൂപപ്പെടുത്തുന്നത് പ്രമാണത്തെ അടിസ്ഥാനപ്പെടുത്തിയാവുക. ഇത്രയും കാര്യങ്ങള്‍ ഒത്തുവന്നെങ്കിലേ  വലിയ്യാവൂ എന്നാണ് മേലുദ്ധരണികള്‍ വ്യക്തമാക്കുന്നത്.

വലിയ്യിന്റെ സ്ഥാനം

വലിയ്യ് എത്രമേല്‍ ഉയര്‍ന്നാലും പ്രവാചകന്റെ സ്ഥാനത്തെത്തുകയില്ല. പ്രവാചകനെ പിന്തുടരാനും ശരീഅത്തിനൊത്ത് ജീവിതം ചിട്ടപ്പെടുത്താനും അയാള്‍ ബാധ്യസ്ഥനാണ്. 
''വലിയ്യ് പ്രവാചകന്മാരുടെ സ്ഥാനത്തെത്തുകയില്ല. കാരണം, പ്രവാചകന്മാര്‍ പാപസുരക്ഷിതരാണല്ലോ. ജീവിതാന്ത്യം അശുഭമായി കലാശിച്ചേക്കുമോ എന്ന് അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. ദിവ്യബോധനവും മലക്കിന്റെ ദര്‍ശനവും കൊണ്ട് അവര്‍ ആദരിക്കപ്പെട്ടിരിക്കുന്നു. ദൈവികനിയമം പ്രബോധനം ചെയ്യാനും മനുഷ്യനെ മാര്‍ഗദര്‍ശനം ചെയ്യാനും ആജ്ഞാപിക്കപ്പെട്ടവരാണവര്‍. ഇവയാകട്ടെ വലിയ്യുമാരുടെ മുഴുവന്‍ പൂര്‍ണതകളും കൈവരിച്ച ശേഷമാണു താനും'' (ശറഹുല്‍ അഖാഇദ്). 
ശരീഅത്ത് നിയമം ബാധകമല്ലാത്ത അവസ്ഥ വലിയ്യിന് ഉണ്ടാവുകയില്ല. വലിയ്യ് മുഅ്മിനായിത്തന്നെ മരിക്കും എന്ന് ഉറപ്പിക്കുക സാധ്യമല്ല. അയാള്‍ക്ക് വഹ്‌യ് ലഭിക്കുന്നില്ല, മലക്കിനെ കാണുന്നില്ല, പ്രബോധന പ്രവര്‍ത്തനത്തിന് അയാള്‍ക്ക് നേരിട്ട് കല്‍പനയില്ല.  പ്രവാചകന്മാരുടെ സ്ഥാനത്തേക്ക് ഉയരാനാവാത്ത വലിയ്യിന് പ്രവാചകന്മാര്‍ക്ക് സാധിക്കാത്ത കാര്യം സാധ്യമാവുകയില്ലെന്ന് പറയേണ്ടതില്ലല്ലോ.

കറാമത്ത്

വലിയ്യുമായി ബന്ധപ്പെടുത്തി പറയുന്ന ഒന്നാണ് 'കറാമത്ത്.' വലിയ്യ് പോലെതന്നെ തെറ്റായി മനസ്സിലാക്കപ്പെട്ട പദം കൂടിയാണിത്. അല്ലാഹുവിന്റെ വലിയ്യ് അല്ലാഹുവിന്റെ ദീന്‍ അനുസരിച്ച് ജീവിക്കുന്നവനാണല്ലോ. ആ അര്‍ഥത്തില്‍ സത്യവിശ്വാസികള്‍ മുഴുവന്‍ അല്ലാഹുവിന്റെ വലിയ്യുകളാണ് എന്ന് ഖുര്‍ആനില്‍നിന്ന് ഗ്രഹിക്കാം. എന്നാല്‍ പാമരജനങ്ങള്‍ അല്ലാഹുവില്‍നിന്ന് പല അസാധാരണ കഴിവുകള്‍ നേടിയവരും അദൃശ്യകാര്യങ്ങള്‍ അറിയുന്നവരുമാണ് വലിയ്യുകള്‍ എന്നാണ് കരുതിപ്പോരുന്നത്. എന്നിട്ട് അവരോട് പ്രാര്‍ഥിക്കുകയോ അവര്‍ക്ക് നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിക്കുകയോ ചെയ്യുന്നു. അതിന് ന്യായമായി പറയുന്നത്, ഈ വലിയ്യുകളായി കണക്കാക്കിപ്പോരുന്നവര്‍ക്ക് അമാനുഷിക കഴിവുകള്‍ ഉണ്ട് എന്നാണ്. ഈ അമാനുഷിക കഴിവുകളെ 'കറാമത്ത്' എന്ന് അവര്‍ വിശേഷിപ്പിച്ചു. ഒടുവില്‍ എന്ത് ചെപ്പടിവിദ്യ കണ്ടാലും അത് കറാമത്താണെന്ന് പറയുന്ന സ്ഥിതിയിലേക്ക് മുസ്ലിം ജനസാമാന്യത്തിന്റെ വിശ്വാസം വ്യതിചലിച്ചുപോയി. 'കറാമത്ത്'  എന്ന പദത്തിന്റെ യഥാര്‍ഥ അര്‍ഥവും ഉദ്ദേശ്യവും ബോധ്യപ്പെട്ടാല്‍ മാത്രമേ ഈ വിശ്വാസവൈകല്യത്തില്‍നിന്നും മോചിതരാകാന്‍ സാധിക്കുകയുള്ളൂ.
ആദരവ്, ബഹുമാനം എന്നൊക്കെയാണ് 'കറാമത്ത്' എന്ന പദത്തിനര്‍ഥം. ഒരു സത്യവിശ്വാസി മുഖേന അല്ലാഹു വെളിപ്പെടുത്തുന്ന അത്ഭുത സംഭവത്തിനാണ് സാങ്കേതികമായി 'കറാമത്ത്' എന്ന് പറയുന്നത്.  സജ്ജനങ്ങളായ ദാസന്മാരെ അല്ലാഹു ചില സന്ദര്‍ഭങ്ങളില്‍ അസാധാരണമായ നിലയില്‍ സഹായിച്ചേക്കാം. ഇങ്ങനെ ലഭിക്കുന്ന സഹായങ്ങള്‍ക്ക് കറാമത്ത് എന്ന് പറയുന്നു. ഖുര്‍ആനിലോ ഹദീസിലോ ഈ അര്‍ഥത്തില്‍ കറാമത്ത് എന്ന പദം പ്രയോഗിച്ചതായി കാണുകയില്ല. എന്നാല്‍ സത്യവിശ്വാസികളായ ചിലര്‍ക്ക് ലഭിച്ച അനുഗ്രഹങ്ങളെപ്പറ്റിയും ദൈവികമായ പ്രത്യേക സഹായങ്ങളെപ്പറ്റിയും പരാമര്‍ശമുണ്ട്. ഈസാ നബിയുടെ മാതാവ് മര്‍യമിന് മിഹ്റാബില്‍ ആഹാരം എത്തിയതിനെപ്പറ്റി അത് അല്ലാഹുവിന്റെ അടുക്കല്‍നിന്നാണ് എന്ന് അവര്‍ പറഞ്ഞതായി ഖുര്‍ആന്‍ (ആലുഇംറാന്‍ 37) പറയുന്നു.  ഇത് അവര്‍ക്ക് ലഭിച്ച കറാമത്തായി/ദൈവികമായ ബഹുമതിയായി മുസ്ലിംലോകം അംഗീകരിക്കുന്നു. 
ആരാണ് വലിയ്യ് എന്ന് വിശദീകരിച്ച ശേഷം ഇമാം തഫ്താസാനി പറയുന്നു: 'അദ്ദേഹത്തിന്റെ കറാമത്ത് എന്നു പറഞ്ഞാല്‍ പ്രവാചകനാണെന്ന അവകാശവാദമൊന്നും ഇല്ലാതെ അദ്ദേഹത്തില്‍നിന്ന് അസാധാരണ സംഭവം വെളിപ്പെടുക എന്നതാണ്' (ശറഹുല്‍ അഖാഇദ്). 'അദ്ദേഹത്തില്‍നിന്ന്' എന്ന് പറഞ്ഞതില്‍നിന്ന്, നേരത്തേ വിശദീകരിച്ച എല്ലാ ഗുണവിശേഷങ്ങളും ഒത്തുചേര്‍ന്ന വലിയ്യാണ് ഉദ്ദേശ്യം. അപ്പോള്‍  അല്ലാത്തവരില്‍നിന്നും അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ അതിന് കറാമത്ത് എന്നു പറയില്ലെന്ന് മനസ്സിലായി. അത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടണ്ടണ്ടണ്ടെങ്കില്‍ അത് അത്ഭുതസിദ്ധികള്‍ മാത്രമാണ്. അവ പല തരമുണ്ട്. ശറഹുല്‍ അഖാഇദിന്റെ വ്യാഖ്യാനത്തില്‍ അത് വിശദീകരിക്കുന്നത് കാണുക:

അസാധാരണ സംഭവങ്ങള്‍ ഏഴു തരം

1. മുഅ്ജിസത്ത് അഥവാ അമ്പിയാക്കളില്‍നിന്നുണ്ടാകുന്ന അസാധാരണ സംഭവം. 
2. കറാമത്ത് അഥവാ ഔലിയാക്കളില്‍നിന്നുണ്ടാകുന്ന അസാധാരണ സംഭവം.
3. മഊനത്ത് അഥവാ വലിയ്യുമല്ല,  അതേസമയം തെമ്മാടിയുമല്ല; അത്തരത്തിലുള്ള സാധാരണ വിശ്വാസികളില്‍നിന്നും ഉണ്ടാകുന്നവ.
4. ഇര്‍ഹാസ്വ: പ്രവാചകത്വ ലബ്ധിക്കു മുമ്പ് പ്രവാചകന്മാരില്‍നിന്ന് ഉണ്ടാകുന്നവ.
5. ഇസ്തിദ്‌റാജ്: പരസ്യമായി ദോഷം ചെയ്യുന്ന അവിശ്വാസിയില്‍നിന്ന് തന്റെ ലക്ഷ്യത്തിന് അനുയോജ്യമായി ഉണ്ടാകുന്ന അത്ഭുത സംഭവം. ക്രമേണ അവനെ നരകത്തിലേക്ക് നയിക്കുന്നതിനാലാണ് ഇതിന് 'ഇസ്തിദ്‌റാജ്' എന്ന പേരു വന്നത്. 
6. ഇആനത്ത്: തെമ്മാടിയായ അവിശ്വാസിയില്‍നിന്ന് തന്റെ ലക്ഷ്യത്തിന് എതിരായി സംഭവിക്കുന്നവ. 
7. സിഹ്‌റ് (മാരണം): പിശാചിന്റെ സഹായത്തോടെ ചില പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ചെയ്യുക.
അപ്പോള്‍ അത്ഭുത സംഭവങ്ങള്‍ ഏതു തെമ്മാടിയില്‍നിന്നും ഉണ്ടാവാം എന്നു മനസ്സിലായി. അവ ഒരാള്‍ ഉന്നതനാണ് എന്നതിന്റെ മാനദണ്ഡമല്ല. ശക്തമായ യോഗാസനങ്ങള്‍ നിത്യമായി നടത്തുന്ന വ്യക്തിയില്‍ അവിശ്വാസിയാണെങ്കില്‍ പോലും അസാധാരണ സംഭവങ്ങള്‍ കാണാനായേക്കും. വിശ്വാസം കുറഞ്ഞ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ഇതൊരു വന്‍ പരീക്ഷണമാണ്. അവര്‍ വഴിപിഴക്കാനും വിശ്വാസത്തില്‍ ഇടര്‍ച്ച വരാനും ഇതു കാരണമായേക്കും.
സൂറത്തുല്‍ കഹ്ഫ് പന്ത്രണ്ടാം ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി ഇക്കാര്യം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ആള്‍ദൈവങ്ങളും പിശാചുസേവകരും ദിനംപ്രതി വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ഓരോ മുസ്‌ലിമും ഇതൊക്കെ മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. യഥാര്‍ഥത്തില്‍ കറാമത്ത് സജ്ജനങ്ങള്‍ക്ക് ദൈവികമായി ലഭിക്കുന്ന ഒരു ആദരവാണ്. ആ പദത്തിന്റെ അര്‍ഥം തന്നെ ആദരവ് എന്നാണല്ലോ. സാത്വികനായ ഒരു വ്യക്തിക്ക് അല്ലാഹുവില്‍നിന്ന് അസാധാരണമായി എന്തെങ്കിലും ലഭിച്ചാല്‍ അതയാള്‍ വെളിപ്പെടുത്തുകയില്ല, അഥവാ വെളിപ്പെട്ടാല്‍ തന്നെ അത് തന്റെ വകയാണെന്നോ തന്റെ കഴിവുമൂലം കിട്ടിയതാണെന്നോ അദ്ദേഹം ഒരിക്കലും അവകാശപ്പെടുകയില്ല. അത് തുടര്‍ന്നും നിലനില്‍ക്കുമെന്നും അത് തനിക്ക് ഇഷ്ടാനുസാരം ഉപയോഗിക്കാമെന്നും മറ്റുള്ളവര്‍ക്ക് നല്‍കാമെന്നും അയാള്‍ വിശ്വസിക്കുകയില്ല. അങ്ങനെ സാധ്യവുമല്ല.
തനിക്ക് എന്തെങ്കിലും സിദ്ധികളുണ്ട് എന്ന് വാദിക്കുന്നവരും അതുമൂലം കാശുണ്ടാക്കാന്‍ ശ്രമിക്കുന്നവരും തീര്‍ത്തും വ്യാജന്മാരാണെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. അങ്ങനെ വാദിക്കുന്നവര്‍ക്ക് യഥാര്‍ഥത്തില്‍ ഒരു സിദ്ധിയും ഇല്ലതന്നെ. നബി(സ)യുടെ സ്വഹാബത്തോ സച്ചരിതരായ മറ്റു മുന്‍ഗാമികളോ ഇങ്ങനെ സിദ്ധന്മാരായി വാദിച്ചതിന് യാതൊരു മാതൃകയുമില്ല. അവര്‍ ജീവിച്ചിരിക്കുമ്പോഴോ മരിച്ച ശേഷമോ സമൂഹം അവരെ ആ രൂപത്തില്‍ കണ്ട് പ്രാര്‍ഥിക്കുകയോ ബറകത്ത് തേടുകയോ ബറകത്തെടുക്കുകയോ ചെയ്തതായി ഒരു രേഖയിലുമില്ല. 
അല്ലാഹുവിനെ ഭയപ്പെട്ടു ജീവിക്കുന്ന വലിയ്യുകള്‍ക്ക്  അല്ലാഹു നല്‍കുന്ന ആദരവാണ് കറാമത്ത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അല്ലാഹുവിന്റെ വലിയ്യുകളിലൂടെ അല്ലാഹു നടപ്പാക്കുന്ന അസാധാരണ സംഭവമാണ് കറാമത്ത്.   കറാമത്ത് പ്രാവര്‍ത്തികമാക്കുന്നത് അല്ലാഹുവാണ്. പ്രവാചകന്മാര്‍ ഉദ്ദേശിക്കുമ്പോഴെല്ലാം മുഅ്ജിസത്തുകള്‍ പ്രകടമാകാത്തതു പോലെ തന്നെ  വലിയ്യുകള്‍ ഉദ്ദേശിക്കുന്ന സന്ദര്‍ഭങ്ങളില്‍ കറാമത്തും പ്രകടമാകുന്നതല്ല.
അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുന്ന വലിയ്യുകള്‍ക്ക് അല്ലാഹു നല്‍കുന്ന ആദരവാണല്ലോ കറാമത്ത്. അതോടൊപ്പം ചിലപ്പോള്‍ അവന്റെ വിശ്വാസത്തിന് ബലം നല്‍കാനും അല്ലെങ്കില്‍ അവനുള്‍ക്കൊണ്ടത് സത്യമാണെന്ന് ബോധ്യപ്പെടുത്താനും കറാമത്ത് പ്രകടമായേക്കും. കറാമത്ത് ഉണ്ടാവുക എന്നത് വിലായത്തിന്റെ നിബന്ധന(ശര്‍ത്വ്)യൊന്നുമല്ല. വലിയ്യായ എല്ലാ വ്യക്തികള്‍ക്കും കറാമത്ത് ഉണ്ടാകണമെന്നുമില്ല. നുബുവ്വത്തും രിസാലത്തും ഒരാളില്‍ ഉണ്ടായാല്‍ പിന്നീട് അത് അദ്ദേഹത്തില്‍നിന്ന് നീങ്ങിപ്പോവുകയില്ല. എന്നാല്‍ വിലായത്ത് അങ്ങനെയല്ല; അത് അവനില്‍നിന്ന് ഇല്ലാതാകാം.
വലിയ്യിന് പ്രവാചകന്റെ സ്ഥാനം ഇല്ലാത്ത പോലെ കറാമത്തിന് മുഅ്ജിസത്തിന്റെ പ്രാധാന്യവുമില്ല. ഇമാം അബ്ദുല്‍ ഖാഹിര്‍ അല്‍ ബഗ്ദാദി എഴുതുന്നു:

وَقَالُوا: يَجُوزُ ظُهُورُ الْكَرَامَاتِ عَلَى الْأَوْلِيَاءِ وَجَعَلُوهَا دَلَالَةً عَلَى الصِّدْقِ فِي أَحْوَالِهِمْ، كَمَا كَانَتْ مُعْجِزَاتُ الْأَنْبِيَاءِ دَلَالَةً عَلَى صِدْقهمْ فِي دَعَاوِيهِمْ. وَقَالُوا: عَلَى صَاحِبِ الْمُعْجِزَةٍ إظْهَارُهَا وَالتَّحَدِّي بِهَا، وَصَاحِبُ الْكَرَامَاتِ لَا يَتَحَدَّى بِهَا غَيْرَهُ، وَرُبَّمَا كَتْمَهَا. وَصَاحِبُ الْعَاقِبَةِ، وَصَاحِب الْكَرَامَةِ لَا يَأْمَنُ تَغَيُّرَ عَاقِبَتِهِ.-الْفَرْقُ بَيْنَ الْفِرَقِ: ٣٤٤

(അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിലെ പണ്ഡിതന്മാര്‍ പറഞ്ഞു: ഔലിയാക്കള്‍ക്ക് കറാമത്തുകള്‍ വെളിപ്പെടാവുന്നതാണ്. മുഅ്ജിസത്ത് പ്രവാചകന്മാരുടെ സത്യസന്ധതക്കുള്ള തെളിവാണല്ലോ. അതുപോലെ കറാമത്ത് ഔലിയാക്കളുടെ സത്യാവസ്ഥക്കുള്ള തെളിവായിട്ടാണ് അവര്‍ കാണുന്നത്. അവര്‍ പറഞ്ഞു;  പ്രവാചകന് മുഅ്ജിസത്ത് പരസ്യപ്പെടുത്തുകയും അതുകൊണ്ട് വെല്ലുവിളിക്കുകയും വേണം. എന്നാല്‍,  വലിയ്യ് കറാമത്ത് കൊണ്ട് വെല്ലുവിളിക്കുന്നില്ല. ചിലപ്പോള്‍ അയാള്‍ അത് ഗോപ്യമാക്കിവെച്ചെന്നും വരാം. പ്രവാചകന്‍ ശുഭാന്ത്യം ഉറപ്പുള്ളവനാണ്.  വലിയ്യിന്റെ ജീവിതാന്ത്യം വ്യത്യാസപ്പെട്ടുകൂടെന്നില്ല- അല്‍ ഫര്‍ഖു ബൈനല്‍ ഫിറഖ്: 244). 
ഏതു അസാധാരണ സംഭവവും കറാമത്താവുന്നില്ല. ഈമാനും തഖ്‌വയുമുള്ള ആളില്‍നിന്ന്  വെളിപ്പെടുന്നവ മാത്രമേ കറാമത്തായി ഗണിക്കാന്‍ പറ്റൂ.   പ്രവാചകത്വവും വിലായത്തും ലഭിച്ചതിനു ശേഷം വെളിപ്പെടുന്ന സംഭവങ്ങള്‍ക്കേ മുഅ്ജിസത്തെന്നും കറാമത്തെന്നും പറയുകയുള്ളൂ.  അതിനു മുമ്പ് വെളിപ്പെടുന്ന സംഭവങ്ങള്‍ മുഅ്ജിസത്തോ കറാമത്തോ ആവുകയില്ല. അത്തരം സംഭവങ്ങള്‍ ആ ആള്‍ക്ക് ഭാവിയിലുണ്ടാകാന്‍ പോകുന്ന നന്മയെ സൂചിപ്പിക്കുന്നതോ മറ്റുള്ളവര്‍ക്ക് ഗുണപാഠം നല്‍കുന്നതോ അവരുടെ നിരപരാധിത്വം തെളിയിക്കുന്നതോ ഒക്കെയാവാം. അതുകൊണ്ടുതന്നെ അവയെ മുഅ്ജിസത്ത് എന്നോ കറാമത്ത് എന്നോ പറയാറുമില്ല. മറിച്ച് മഊനത്ത് എന്നോ മഗൂസത്ത് എന്നോ ആണ് അത്തരം സംഭവങ്ങള്‍ക്കുള്ള പേര്. 
വാളെടുത്തവരെല്ലാം വെളിച്ചപ്പാടല്ലാത്ത പോലെ അസാധാരണ സംഭവങ്ങളുണ്ടായവരെല്ലാം വലിയ്യാവുകയില്ല. ഇസ്‌ലാമിന്റെ നിര്‍ദേശങ്ങള്‍ പരമാവധി പാലിക്കുന്നവരേ വലിയ്യാവൂ. മുഅ്ജിസത്ത് പ്രവാചകന്മാരുടെ കഴിവല്ലാത്തതുപോലെ കറാമത്ത് മഹാന്മാരുടെയും കഴിവല്ല. അവരിലൂടെ അല്ലാഹു വെളിപ്പെടുത്തുന്ന കാര്യം മാത്രമാണത്.  മനുഷ്യ കഴിവില്‍പെട്ട കാര്യങ്ങളുണ്ട്, അവന്റെ കഴിവിനതീതമായ കാര്യങ്ങളുമുണ്ട്. മനുഷ്യന്റെ കഴിവില്‍ പെട്ട കാര്യങ്ങള്‍ക്ക് അവന്റെ ബാഹ്യാവയവങ്ങള്‍ കുറ്റമറ്റതും സാഹചര്യം അനുകൂലവുമാവേണ്ടതുണ്ട്.  പ്രാര്‍ഥന കൊണ്ട് സാധാരണ കാര്യങ്ങള്‍ കിട്ടാമെന്നല്ലാതെ കിട്ടണമെന്നില്ല. അല്ലാഹുവിന്റെ മാത്രം തീരുമാനത്തിനു വിധേയമാണത്. അതുകൊണ്ടുതന്നെ മരണാനന്തരം മഹാന്മാര്‍ക്ക് അറ്റമില്ലാത്ത കഴിവുണ്ടാകുമെന്ന വാദം ശിര്‍ക്കും ശിര്‍ക്കിനെ ന്യായീകരിക്കലുമാണ്. കഴിവുകള്‍ അല്ലാഹു നല്‍കുന്നതാണ് എന്ന് വിശ്വസിച്ചതുകൊണ്ടു മാത്രം അത് ശിര്‍ക്കല്ലാതാവുന്നില്ല.
ഭൗതികേതരമാര്‍ഗേണ മറ്റുള്ളവരെ സഹായിക്കാന്‍ അല്ലാഹു മഹാന്മാര്‍ക്ക് കഴിവ് നല്‍കുമെന്നും ആ കഴിവാണ് മുഅ്ജിസത്തും കറാമത്തുമെന്നും അതുവഴി അവര്‍ ഉപകാരവും ഉപദ്രവവും ചെയ്യുമെന്നുമുള്ള വാദത്തിന് ഖുര്‍ആനിന്റെയോ സുന്നത്തിന്റെയോ പൂര്‍വസൂരികളുടെ അഭിപ്രായത്തിന്റെയോ പിന്‍ബലമില്ല (ഇസ്തിഗാസ ഇസ്‌ലാമിക വീക്ഷണത്തില്‍: 71, ഇ.എന്‍ ഇബ്‌റാഹീം). 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 10-15
ടി.കെ ഉബൈദ്‌

ഹദീസ്‌

രോഗാദി ദുരിതങ്ങളില്‍നിന്ന് പാഠം പഠിക്കാത്തവര്‍
അബ്ദുല്ലത്വീഫ് കൊടുവള്ളി