തന്മയത്വമുള്ള ആവിഷ്‌കാരങ്ങള്‍
1990-ലായിരുന്നു 'തനിമ' കലാസാഹിത്യവേദിയുടെ രൂപീകരണം. രണ്ടുമൂന്ന് വ്യക്തികളാണ് അതിന് ബീജാവാപം നല്‍കിയത്. തുടക്കത്തില്‍ തനിമയെ ശക്തിപ്പെടുത്തിയത് അഹ്മദ് കൊടിയത്തൂര്‍, എം.സി.എ നാസര്‍ എന്നിവരായിരുന്നു. പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബ് അമീറായതിനുശേഷം, തനിമയെ സജീവമാക്കാന്‍ തീരുമാനിച്ചു. വ്യവസ്ഥാപിത രൂപമില്ലാതിരുന്ന തനിമയെ പുനഃസംഘടിപ്പിക്കണമെന്ന ആലോചന 2002-ലാണ് വരുന്നത്. സിദ്ദീഖ് ഹസന്‍ സാഹിബ് ഹിറാ സെന്ററില്‍ യോഗം വിളിച്ചു. സലാം കൊടിയത്തൂര്‍, ഇസ്മഈല്‍ പെരിമ്പലം, ഇഖ്ബാല്‍ എടയൂര്‍, നജീബ് കുറ്റിപ്പുറം, അക്ബര്‍ വാണിയമ്പലം, റഹീം പാലാറ, സഈദ് തൃശൂര്‍, റഹ്മാന്‍ മുന്നൂര്, പി.എ.എം ഹനീഫ്, ടി.കെ ഹുസൈന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കടുത്തു. സിദ്ദീഖ് ഹസന്‍ സാഹിബാണ് ആമുഖഭാഷണം നിര്‍വഹിച്ചത്. ടി.കെ അബ്ദുല്ല സാഹിബ് യോഗത്തില്‍ മുഖ്യാതിഥിയായിരുന്നു. ഹിറയില്‍ ചേര്‍ന്ന യോഗത്തോടെ തനിമക്ക് പ്രാഥമിക ഘടന വന്നു. സലാം കൊടിയത്തൂര്‍ തനിമയുടെ ഡയറക്ടറായും ഇഖ്ബാല്‍ എടയൂര്‍ ജന. സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. പിന്നെയും രണ്ടുവര്‍ഷം കഴിഞ്ഞാണ് തനിമക്ക് രക്ഷാധികാരി ഉണ്ടാവുന്നത്. തനിമയുടെ ആദ്യത്തെ രക്ഷാധികാരിയായി ജമാഅത്ത് എന്നെ ചുമതലപ്പെടുത്തി. 2015 വരെ അത് തുടര്‍ന്നു. നിലവില്‍ ടി. മുഹമ്മദ് വേളമാണ് തനിമയുടെ രക്ഷാധികാരി.
തനിമ പതിയെപ്പതിയെ ശക്തിപ്പെട്ടു. 2000-ല്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിഷയമായിരുന്നു ഭീകരവാദം. ആ വിഷയത്തില്‍ പി.എ.എം ഹനീഫിന്റെ തിരക്കഥയെ ആധാരമാക്കി തെരുവുനാടകങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. യേശുക്രിസ്ത്രുവിനെ ഖുര്‍ആനുമായി ബന്ധപ്പെടുത്തി ക്രിസ്മസ് ദിനത്തില്‍ 'ജീവന്‍' ടെലിവിഷനില്‍ 'തിരുപ്പിറവി' എന്ന പേരില്‍ പരിപാടി ടെലികാസ്റ്റ് ചെയ്തു. ചാനല്‍ പരിപാടികള്‍ നടത്താനും തനിമ മുന്‍കൈയെടുത്തു. അതില്‍പെട്ട ഒന്നായിരുന്നു 'പ്രകാശരേഖ' എന്ന പേരില്‍ റമദാനില്‍ പത്തുദിവസം നീണ്ടുനിന്ന പരിപാടി. ജമാല്‍ കൊച്ചങ്ങാടി തിരക്കഥ എഴുതിയ പ്രവാചകനെക്കുറിച്ചുള്ള വിഷ്വല്‍ സി.ഡി ഇറക്കിയതും അക്കാലത്താണ്.
നജീബ് കുറ്റിപ്പുറം തനിമയുടെ ഡയറക്ടറായിരുന്ന കാലത്ത്, മള്‍ട്ടിമീഡിയയിലെ ഇസ്‌ലാമിക പ്രവര്‍ത്തകരുടെ കുറവ് നികത്താന്‍ അഞ്ച് കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തനിമ തീരുമാനിക്കുകയുണ്ടായി. അവരെ മള്‍ട്ടിമീഡിയാ രംഗത്ത് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു. 'വധു' എന്ന പേരില്‍ ടെലിഫിലിം തനിമ പുറത്തിറക്കി. ഏഷ്യാനെറ്റില്‍ രണ്ട് എപ്പിസോഡുകളിലായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ജമാഅത്തിന്റെ ആദ്യത്തെ സിനിമയെന്ന് അതിനെ വിശേഷിപ്പിക്കാം. ഉര്‍ദു നോവലിസ്റ്റായ ഇബ്‌നുഫരീദിന്റെ നോവലാണ് 'ചോട്ടി ബഹു.' അതിനെ ആധാരമാക്കിയാണ് റഹ്മാന്‍ മുന്നൂര് 'വധു' ആവിഷ്‌കരിച്ചത്. 2005-ലാണ് 'വധു'വിന്റെ നിര്‍മാണം. നിര്‍മാണസമയത്ത് വിദ്യാര്‍ഥിയായിരുന്ന സകരിയ്യ അതില്‍ പങ്ക് ചേര്‍ന്നിരുന്നു. പില്‍ക്കാലത്ത് 'സുഡാനി ഫ്രം നൈജീരിയ' സംവിധാനം ചെയ്യുന്നതിന് 'വധു' പ്രചോദനമായിട്ടുണ്ടെന്ന് സകരിയ്യ പറയുകയുണ്ടായി. സിനിമാ സംവിധാനത്തില്‍ പരിശീലനം നല്‍കുന്നതിന് ചേന്ദമംഗല്ലൂരില്‍ ദ്വിദിന ചലച്ചിത്ര ശില്‍പ്പശാല സംഘടിപ്പിച്ചിരുന്നു. പ്രശസ്ത സിനിമാ നിരൂപകന്‍ ജോണ്‍പോളാണ് ക്യാമ്പ് നിയന്ത്രിച്ചത്. ഖുര്‍ആനിലെ വിഷയങ്ങള്‍ പ്രമേയമാക്കി തനിമ നടത്തിയ ചിത്രരചനാ മത്സരം ശ്രദ്ധേയമായി. ഇരുപത്തിയഞ്ചോളം മികച്ച ചിത്രങ്ങളാണ് എന്‍ട്രിയായി ലഭിച്ചത്. കര്‍ണാടകയിലെ കവി പി.എസ് പുണിഞ്ചിത്തായയാണ് ചിത്രങ്ങള്‍ മൂല്യനിര്‍ണയം നടത്തിയത്. പ്രസ്തുത ചിത്രങ്ങള്‍ ഇപ്പോഴും പ്രദര്‍ശിപ്പിക്കാറുണ്ട്.
2011-ല്‍, തനിമക്ക് വ്യവസ്ഥാപിത സംഘടനാ രൂപം വേണമെന്ന ആലോചന വന്നു. അങ്ങനെയാണ് സൊസൈറ്റി ആക്ട് പ്രകാരമുള്ള വേദിയാക്കി തനിമയെ മാറ്റാനുള്ള തീരുമാനമുണ്ടാവുന്നത്. അതിനുവേണ്ടി വിവിധ ജില്ലകളില്‍നിന്ന് പ്രതിനിധികളെ വിളിച്ചുചേര്‍ത്ത് 2011 മാര്‍ച്ച് 6-ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ പ്രഥമ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചു. ദക്ഷിണേന്ത്യയിലെ പ്രമുഖ എഴുത്തുകാരന്‍ തോപ്പില്‍ മീരാനായിരുന്നു സമ്മേളനം ഉദ്ഘാടനം ചെയ്തത്. തനിമയുടെ ബുള്ളറ്റിന്‍ കല്‍പറ്റ നാരായണന്‍ പ്രകാശനം ചെയ്തു. നജീബ് കുറ്റിപ്പുറമായിരുന്നു വേദി നിയന്ത്രിച്ചത്. സമ്മേളനദിവസം ചേര്‍ന്ന സമാന്തര സെഷനുകള്‍ പുതുമയുള്ളതായിരുന്നു. 'വൈക്കം മുഹമ്മദ് ബഷീര്‍' വേദിയില്‍ 'ഉത്തരാധുനികത മലയാള സാഹിത്യത്തോട് എന്തു ചെയ്തു?' എന്ന ശീര്‍ഷകത്തിലുള്ള സാഹിത്യസംവാദവും 'മുസ്തഫാ അക്കാദ്' വേദിയില്‍ അബ്ദുല്ലത്വീഫ് സലീസര്‍ സംവിധാനം ചെയ്ത 'ഗസ്സാലി ദി ആല്‍കെമിസ്റ്റ് ഓഫ് ഹാപ്പിനെസ്സ്' എന്ന സിനിമയുടെ പ്രദര്‍ശനവും 'എസ്.കെ പൊറ്റക്കാട്' വേദിയില്‍ 'മലയാള സിനിമ കലയോ കച്ചവടമോ?' എന്ന വിഷയത്തിലുള്ള പൊതുസംവാദവും നടന്നു. തനിമയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദം അയ്യൂബിന്റെയും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഫൈസല്‍ കൊച്ചിയുടെയും പേരുകള്‍ സമാപനസമ്മേളനത്തില്‍ അമീര്‍ ടി. ആരിഫലി പ്രഖ്യാപിച്ചു. സിനിമാ-സീരിയല്‍ സംവിധാനം, അഭിനയം, തിരക്കഥ എന്നീ രംഗങ്ങളില്‍ കഴിവ് തെളിയിച്ച പ്രതിഭയാണ് ആദം അയ്യൂബ്.
ശേഷം, വയനാട് ചേര്‍ന്ന സ്റ്റേറ്റ് കൗണ്‍സിലിന്റെ ത്രിദിന ക്യാമ്പില്‍ 11 അംഗങ്ങളുള്ള പുതിയ സംസ്ഥാന സമിതി നിലവില്‍വന്നു. സമിതി ചേര്‍ന്ന് ഏകവര്‍ഷ പരിപാടിക്ക് രൂപം നല്‍കി. ഫൈസല്‍ കൊച്ചി ലീവെടുത്ത് ഖത്തറില്‍ പോയപ്പോള്‍, ഡോ. ജമീല്‍ അഹ്മദായിരുന്നു ജന. സെക്രട്ടറി. തനിമയെ സജീവമായ കലാസാഹിത്യവേദിയാക്കാനും മറ്റുള്ളവര്‍ക്ക് പ്രചോദനമേകാനും രക്ഷാധികാരിയെന്ന നിലയില്‍ ഈയുള്ളവന് സാധിച്ചുവെന്നാണ് വിശ്വാസം. കവികള്‍, കഥാകൃത്തുക്കള്‍, നോവലിസ്റ്റുകള്‍ എന്നിങ്ങനെ കലാസാഹിത്യരംഗത്തുള്ളവരുമായി പരിചയപ്പെടാനും ബന്ധങ്ങള്‍ പുതുക്കാനും സാധിച്ചത് സന്തോഷകരമാണ്.
വ്യത്യസ്തമായ പരിപാടികളാണ് തനിമ കലാസാഹിത്യവേദിയുടെ കീഴില്‍ നടന്നുവരുന്നത്. വര്‍ഷംതോറും തനിമ മികച്ച കൃതികള്‍ക്ക് പുരസ്‌കാരം നല്‍കുന്നു. കലാ, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളിലെ ഏതെങ്കിലും ഒരു മേഖല തെരഞ്ഞെടുത്തുകൊണ്ടാണ് പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നത്. 2009-ലാണ് പുരസ്‌കാരത്തിന് തുടക്കം. തിരക്കഥ, കഥാസമാഹാരം, കവിതാസമാഹാരം, നോവല്‍, നാടകസമാഹാരം, വൈജ്ഞാനിക സാഹിത്യം, ആത്മീയ സാഹിത്യം, ബാലസാഹിത്യം, കേരളചരിത്രപഠനം, ജീവചരിത്രം എന്നീ രംഗങ്ങളിലാണ് ഇതുവരെ പുരസ്‌കാരങ്ങള്‍ നല്‍കിയത്. ഡോ. കെ.ടി ജലീല്‍, ഡോ. ബി. ബാലചന്ദ്രന്‍ എന്നിവര്‍ ഈ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
തനിമയെ ശക്തിപ്പെടുത്തുന്നതില്‍ മുന്നില്‍ നിന്നത് സഹപ്രവര്‍ത്തകരാണ്. നേരത്തേ നാഥനിലേക്ക് തിരിച്ച റഹ്മാന്‍ മുന്നൂരിനെ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. എന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണ് അദ്ദേഹം. ഗാനരചന, ടെലിഫിലിം, തിരക്കഥ തുടങ്ങിയവയില്‍ തിളങ്ങി മുന്നൂര്. തനിമക്ക് ഒരു നയരേഖ ഉണ്ടാക്കിയിരുന്നു. ഖുര്‍ആനിലും സുന്നത്തിലും ഊന്നിക്കൊണ്ടുള്ളതായിരുന്നു അത്. അതുണ്ടാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചത് മുന്നൂര് തന്നെ. എല്ലാറ്റിനും അദ്ദേഹം മുന്നിലുണ്ടാവും. അതേസമയം, താനല്ല ഇതൊന്നും ചെയ്തതെന്ന വിനയമായിരിക്കും അദ്ദേഹത്തിന്. ഈ ബഹുമുഖ പ്രതിഭ 2018 ഒക്‌ടോബര്‍ 18-ന് ഇഹലോകവാസം വെടിഞ്ഞു. തനിമയെ സജീവമാക്കി നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന വ്യക്തിയാണ് 2009 ഏപ്രിലില്‍ തനിമയുടെ ചാര്‍ജ് ഏല്‍പ്പിക്കപ്പെടുകയും നിലവില്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി തുടരുകയും ചെയ്യുന്ന സലീം കുരിക്കളകത്ത്. സലീം സര്‍ഗാത്മക സാഹിത്യരംഗത്ത് ശ്രദ്ധേയനാണ്. പൂര്‍ണ ബുക്‌സ് അദ്ദേഹത്തിന്റെ കഥാസമാഹാരമായ 'മെസ്സപ്പൊട്ടേമിയ' പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സിനിമാരംഗത്തെ താരങ്ങളെ സംഘടിപ്പിച്ച് തനിമ എറണാകുളത്ത് നടത്തിയ ഇഫ്ത്വാര്‍ സംഗമം ഓര്‍മ വരികയാണ്. ആമുഖത്തിനു ശേഷം പരിചയപ്പെടലും സൗഹൃദസംസാരവും നടന്നു. തനിമ ഞങ്ങള്‍ക്ക് അംഗീകാരം തരാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് തോന്നുന്നുവെന്ന് ചില താരങ്ങള്‍ തമാശ പറഞ്ഞു. പിന്നീട്, ഗൗരവ ചര്‍ച്ചയിലേക്ക് നീങ്ങി. മരിച്ചുപോയ കൊച്ചിന്‍ ഹനീഫ വിമര്‍ശനാത്മകമായാണ് ഇഫ്ത്വാര്‍ സംഗമത്തെ സമീപിച്ചത്. അദ്ദേഹം ചോദിച്ചു: 'ഞങ്ങള്‍ ഹറാം ചെയ്യുന്നവരായിട്ടായിരുന്നല്ലോ മുസ്‌ലിംസംഘടനകള്‍ മനസ്സിലാക്കിയിരുന്നത്. എന്നുമുതലാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് ഹലാലായത്?' വി.എ കബീര്‍ സാഹിബ് സംഗമത്തില്‍ സംസാരിച്ചിരുന്നു. ജോര്‍ദാന്‍, ഈജിപ്ത്, സിറിയ, ഫലസ്ത്വീന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ ശ്രദ്ധേയമായ സിനിമകളെയും നിര്‍മാതാക്കളെയും അഭിനേതാക്കളെയും അദ്ദേഹം പരിചയപ്പെടുത്തി. തുര്‍ക്കിയില്‍നിന്നും ഇറാനില്‍നിന്നും വന്നുകൊണ്ടിരിക്കുന്ന ലോകോത്തര സിനിമകളെ കുറിച്ചും സംസാരിച്ചു. പതിറ്റാണ്ടുകള്‍ക്കുമുമ്പ് അറേബ്യന്‍ മുസ്‌ലിം രാജസദസ്സുകളില്‍ നടന്ന അഭിനയവും മറ്റും സോദാഹരണം വിവരിച്ചപ്പോള്‍, സിനിമക്ക് മുസ്‌ലിം സമുദായത്തില്‍ സ്ഥാനമുണ്ടോയെന്ന സംശയത്തിന് പരിസമാപ്തിയായി.
തനിമയെ ജനകീയമാക്കുന്നതില്‍ വലിയ പങ്കാണ് 2012 ഡിസംബര്‍ 21-ല്‍ തുടങ്ങിയ സാംസ്‌കാരികസഞ്ചാരം നിര്‍വഹിച്ചത്. സഞ്ചാരം മൂന്നു ഘട്ടങ്ങളിലാണ് നടന്നത്. ഒന്ന്, കാസര്‍കോട് മൊഗ്രാല്‍ മുതല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ വയലാലില്‍ വരെ. രണ്ട്, തിരൂര്‍ തുഞ്ചന്‍പറമ്പ് മുതല്‍ തൃശൂരിലെ നീര്‍മാതള ചുവടുവരെ. മൂന്ന്, ചരിത്രം കപ്പലിറങ്ങിയ മട്ടാഞ്ചേരിയില്‍നിന്ന് തിരുവനന്തപുരം വെങ്ങാനൂരിലെ അയ്യങ്കാളി സ്മൃതിമണ്ഡപം വരെ. കാല്‍പന്തുകളിയുടെയും പാട്ടിന്റെയും നാടായ മൊഗ്രാലിലെ പാട്ടുഗ്രാമത്തിലായിരുന്നു തനിമ അബ്ദുല്ല എന്ന വിളിപ്പേരുള്ള അബ്ദുല്ലയുടെ നേതൃത്വത്തില്‍ ഉദ്ഘാടനം. ഉദ്ഘാടന സെഷനില്‍ നടന്ന ഏഴു മുതല്‍ 70 വയസ്സ് വരെയുള്ളവരുടെ ഗാനങ്ങള്‍ ശരീരവും മനസ്സുമറിഞ്ഞ് ആസ്വദിച്ചു. മഞ്ചേശ്വരം പോലീസ് സ്റ്റേഷനടുത്തുള്ള ഗവണ്‍മെന്റ് വെല്‍ഫെയര്‍ ലോവര്‍ പ്രൈമറി സ്‌കൂളില്‍ പ്രിയതമ അധ്യാപികയായിരിക്കെ യാത്രചെയ്യുന്ന തൊട്ടടുത്ത സ്ഥലമായിരുന്നു മൊഗ്രാല്‍. പക്ഷേ, മൊഗ്രാല്‍ കാല്‍പന്തിന്റെ നാടാണെന്നോ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പാട്ടുപാടുന്ന നാടാണെന്നോ പക്ഷിപ്പാട്ടിന്റെ നാടാണെന്നോ എനിക്കറിയില്ലായിരുന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ തറവാട്ടുമുറ്റത്താണ് ആ സഞ്ചാരം അവസാനിച്ചത്. പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ കലക്ടര്‍ മോഹനന്‍ നിര്‍വഹിച്ചു. കല്‍പറ്റ നാരായണന്‍ ബഷീര്‍ സാഹിത്യസ്മൃതി നടത്തി. ഫാബി ബഷീറുമായി കുടുംബസൗഹൃദം പങ്കിട്ടു.
രണ്ടാംഘട്ടത്തില്‍ നടന്ന സഞ്ചാരത്തില്‍ മനസ്സില്‍ കുറിച്ചിട്ട രണ്ടിടങ്ങളുണ്ട്. എടയൂര്‍ എന്ന ചരിത്രഭൂമിയും അങ്ങാടിപ്പുറത്തെ ഞെരളത്ത് കലാഗ്രാമവും. കലയും ആത്മീയതയും ഒന്നായ ഇടങ്ങള്‍. അബ്ദുല്ലക്കുട്ടി മാസ്റ്ററുടെ വീട്ടില്‍നിന്ന് പ്രാതല്‍ കഴിച്ച് എടയൂര്‍ ഇസ്‌ലാമിക് റസിഡന്‍ഷ്യല്‍ സ്‌കൂളി(ഐ.ആര്‍.എസ്)ലെ ഓഡിറ്റോറിയത്തിലേക്ക് നടന്നു. സ്‌കൂള്‍മുറ്റം സഞ്ചാരത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരുന്നു. വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ അംഗങ്ങള്‍ ആനയിക്കപ്പെട്ടു. നിറസദസ്സ്. വേദിയില്‍ ആ നാടിന്റെ ചരിത്രത്തില്‍ ഇടംനേടിയവര്‍. വന്ദ്യവയോധികരായ പത്തിലധികം നല്ല മനുഷ്യരെയാണ് തനിമ എടയൂരില്‍ ആദരിച്ചത്.
ഐ.ആര്‍.എസ് സ്ഥാപനത്തിന്റെയും പൂക്കാട്ടിരി ഗ്രാമത്തിന്റെയും ചരിത്രത്തില്‍ ഏഴു പതിറ്റാണ്ടു കാലത്തെ നിറസാന്നിധ്യമായ അബ്ദുല്‍ അഹദ് തങ്ങള്‍ പ്രത്യേകം ശ്രദ്ധ പിടിച്ചുപറ്റി. ശാരീരിക അവശതകളുണ്ടായിട്ടും തങ്ങള്‍ കൃത്യസമയത്ത് ഓഡിറ്റോറിയത്തില്‍ എത്തി. ഐ.ആര്‍.എസ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പിതാവ്, ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രസൂക്ഷിപ്പുകാരന്‍, സംശയനിവാരണത്തിനുള്ള അവലംബം, സൗമ്യതയുടെ ഉറവിടം ഇതൊക്കെയാണ് അബ്ദുല്‍ അഹദ് തങ്ങള്‍. അദ്ദേഹത്തെ ആദരിക്കാന്‍ എഴുന്നേറ്റപ്പോള്‍ 24 വര്‍ഷത്തെ ഒന്നിച്ചുള്ള പ്രവര്‍ത്തനകാലത്തെ ഒരായിരം ഓര്‍മകളാണ് ഓടിയെത്തിയത്. പൊള്ളുന്ന വെയിലില്‍ കലാപരിപാടികള്‍ ആസ്വദിക്കുകയാണ് തങ്ങള്‍. ഒരു വിവാഹവേളയില്‍ കുട്ടികളോടൊപ്പം യു.കെ അബൂസഹ്‌ലയുടെ 'ഭൗതികബിംബത്തെ പൂവിട്ടുപൂജിച്ച് നാടുമുടിഞ്ഞല്ലോ' എന്നു തുടങ്ങുന്ന ഗാനം മധുരമായി പാടിയ അഹദ് തങ്ങളെന്ന ഗായകനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ഡോക്യുമെന്ററി ഫിലിമില്‍ ഇരുകൈകളും വിഹായസ്സിലേക്കുയര്‍ത്തി പ്രാര്‍ഥിക്കുന്ന രംഗവും മനസ്സില്‍ തെളിഞ്ഞുവന്നു.
ഞെരളത്ത് രാമപൊതുവാളിന്റെ മകന്‍ ഹരിഗോവിന്ദന്റെ കലാഗ്രാമത്തില്‍ സഞ്ചാരം എത്തിയത് പിറ്റേദിവസം ഉച്ചക്ക് പന്ത്രണ്ടിനാണ്. സോപാനസംഗീതത്തിന്റെ ഉപാസകന്‍ ഞെരളത്തിന്റെ ആശ്രമം 'സഞ്ചാര'ത്തെ ആദരവോടെയാണ് എതിരേറ്റത്. ഹരിഗോവിന്ദന്‍ അന്നു പറഞ്ഞതിങ്ങനെ: 'തപസ്യയുടെ സ്റ്റേജിലാണ് പാട്ടിനു തുടക്കമിടുന്നത്. അന്ന് തപസ്യയുടെ രാഷ്ട്രീയമൊന്നും അറിയില്ല. പിന്നെ ഞാന്‍ എല്ലാവരും വിളിക്കുന്ന വേദിയില്‍ പാടാന്‍ തുടങ്ങി. സമൂഹത്തെ നോക്കിക്കാണാന്‍ തുടങ്ങിയപ്പോള്‍, കമ്യൂണിസ്റ്റുകാരാണ് ശരിയെന്ന് തോന്നി. നായര്‍ സ്ത്രീയുടെ മകനായതുകൊണ്ട് അമ്പലത്തില്‍ പാടാനാവില്ലെന്ന് മനസ്സിലാക്കിയപ്പോള്‍, അമ്പലത്തിന്റെ രീതികളെ വിമര്‍ശിച്ചു. കമ്യൂണിസ്റ്റുകാര്‍ എന്നെ പിന്തുണച്ചു. ക്ഷണിക്കുന്ന ഇടങ്ങളിലൊക്കെ ഹൃദ്യമധുരമായി പാടി. അവസാനം സി.പി.എമ്മുമായി അകലേണ്ടിവന്നു. ഇപ്പോള്‍ എനിക്കു ഒരു പക്ഷമേയുള്ളൂ, കലയുടെ പക്ഷം.' കേരള കലാമണ്ഡലത്തില്‍ കഥകളിയോടൊപ്പം കോല്‍ക്കളിയും ദഫ്മുട്ടും പഠിപ്പിക്കപ്പെടേണ്ടതാണെന്ന ആവശ്യം സാംസ്‌കാരിക സഞ്ചാരം സര്‍ക്കാറിന് നല്‍കുന്ന പ്രമേയത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഹരിഗോവിന്ദന്‍ ആവശ്യപ്പെട്ടു. മോയിന്‍കുട്ടി വൈദ്യരുടെ പ്രശസ്തമായ 'താമരപ്പൂങ്കാവനത്തില്‍ താമസിക്കുന്നോളേ' എന്നു തുടങ്ങുന്ന മാപ്പിളപ്പാട്ട്, സോപാനസംഗീത ശൈലിയില്‍ ഹരിഗോവിന്ദന്‍ പാടിയത് പുതിയ അനുഭവമായി. ഞെരളത്തിന്റെ ആശ്രമത്തില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ സാംസ്‌കാരിക സഞ്ചാരം മുദ്രണംചെയ്ത തൊപ്പി ചൂണ്ടി ഹരിഗോവിന്ദന്‍ പറഞ്ഞു: 'സഞ്ചാരത്തിന്റെ ഓര്‍മക്ക് ഈ തൊപ്പി കൂടി ആശ്രമത്തില്‍ വെച്ചോട്ടെ'. ഞാന്‍ സന്തോഷത്തോടെ തലയിലെ തൊപ്പിയൂരി ഹരിഗോവിന്ദന് കൈമാറി.
സാംസ്‌കാരിക സഞ്ചാരത്തിന്റെ മൂന്നാംഘട്ട യാത്രയില്‍ മുഴുസമയം പങ്കുചേരാന്‍ കൃത്യാന്തര ബാഹുല്യങ്ങള്‍ക്കിടയില്‍ സാധിച്ചില്ല. എങ്കിലും, സമാപന പരിപാടിക്ക് കോഴിക്കോട്ടുനിന്ന് രാവിലെ പതിനൊന്ന് മണിക്ക് ട്രെയ്‌നില്‍ കായംകുളത്തേക്ക് തിരിച്ചു. രാത്രി എട്ടു മണിക്കു ശേഷം സമാപന ചടങ്ങിലെത്തിയത് സംഘാടകര്‍ക്ക് ആവേശം പകര്‍ന്നു. എനിക്കാവട്ടെ ആത്മനിര്‍വൃതിയും. പരിപാടിയില്‍ സംസാരിക്കുകയും കലാപരിപാടികള്‍ ഏറെ വൈകുവോളം ആസ്വദിക്കുകയും ചെയ്തു.
മൂന്നു ഘട്ടങ്ങളിലായി നടന്ന സാംസ്‌കാരികസഞ്ചാരത്തിലൂടെ, സാമൂഹികസാംസ്‌കാരിക രംഗത്തെ 1200 പേര്‍ക്ക് തനിമ കലാസാഹിത്യവേദി ആദരവുകള്‍ നല്‍കി. 1500-ലേറേ പേരെ അനുസ്മരിച്ചു. അവഗണിക്കപ്പെട്ട കലാകാരന്മാരെ അവരുടെ ഗ്രാമങ്ങളിലും ഭവനങ്ങളിലും ചെന്നാണ് ആദരിച്ചതും അനുസ്മരിച്ചതും. സാംസ്‌കാരിക സഞ്ചാരങ്ങളുടെ റിപ്പോര്‍ട്ടും ആദരവും അനുസ്മരണവും തുന്നിച്ചേര്‍ത്ത് സുവനീര്‍ പുറത്തിറക്കണമെന്ന സ്വപ്‌നം സഫലമാക്കാതെയാണ് തനിമയോട് വേര്‍പിരിയേണ്ടി വന്നതെന്ന ദുഃഖം ബാക്കിനില്‍ക്കുന്നു.
(തുടരും)
Comments